മൂന്നാറിന്റെ തുടര്‍ചലനങ്ങള്‍

ലോകം മുഴുവന്‍ ശ്രദ്ധിച്ച മൂന്നാറിലെ നീലക്കുറിഞ്ഞി വിപ്ലവത്തിന്റെ തുടര്‍ചലനങ്ങള്‍ സജീവമായിരിക്കുകയാണല്ലോ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ തോട്ടം തൊഴിലാളികള്‍ മൂന്നാര്‍ മാതൃകയില്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായങ്ങളാണ് അങ്ങനെ രചിക്കപ്പെടുന്നത്. സാമൂഹ്യ രാഷ്ട്രീയരംഗത്തും തൊഴിലാളിവര്‍ഗ്ഗമേഖലകളിലുമെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെന്ന് അഹങ്കരിക്കുന്നവരെ നോക്കുകുത്തികളായി നിര്‍ത്തി മുന്നേറിയ മൂന്നാര്‍ സമരവും തുടര്‍സമരങ്ങളും അവരിലുണ്ടാക്കിയ അസഹിഷ്ണത ഇനിയും അവസാനിച്ചിട്ടില്ല. സിഐടിയു നേതാവ് സഹദേവന്റേയും ഐ എന്‍ ടി യു സി നേതാവ് ചന്ദ്രശേഖരന്റേയുമെല്ലാം പ്രസ്താവനകള്‍ ഒറ്റപ്പെട്ടവയല്ല. മറ്റുള്ളവരുടെ ഉള്ളിലിരിപ്പുതന്നെയാണ്. […]

nnn

ലോകം മുഴുവന്‍ ശ്രദ്ധിച്ച മൂന്നാറിലെ നീലക്കുറിഞ്ഞി വിപ്ലവത്തിന്റെ തുടര്‍ചലനങ്ങള്‍ സജീവമായിരിക്കുകയാണല്ലോ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ തോട്ടം തൊഴിലാളികള്‍ മൂന്നാര്‍ മാതൃകയില്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന അധ്യായങ്ങളാണ് അങ്ങനെ രചിക്കപ്പെടുന്നത്.
സാമൂഹ്യ രാഷ്ട്രീയരംഗത്തും തൊഴിലാളിവര്‍ഗ്ഗമേഖലകളിലുമെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെന്ന് അഹങ്കരിക്കുന്നവരെ നോക്കുകുത്തികളായി നിര്‍ത്തി മുന്നേറിയ മൂന്നാര്‍ സമരവും തുടര്‍സമരങ്ങളും അവരിലുണ്ടാക്കിയ അസഹിഷ്ണത ഇനിയും അവസാനിച്ചിട്ടില്ല. സിഐടിയു നേതാവ് സഹദേവന്റേയും ഐ എന്‍ ടി യു സി നേതാവ് ചന്ദ്രശേഖരന്റേയുമെല്ലാം പ്രസ്താവനകള്‍ ഒറ്റപ്പെട്ടവയല്ല. മറ്റുള്ളവരുടെ ഉള്ളിലിരിപ്പുതന്നെയാണ്. സമരത്തിനു പുറകിലെ തമിഴ് സാന്നിധ്യത്തെ കുറിച്ചുള്ള അന്വഷണങ്ങള്‍ തുടരുകയാണ്. തമിഴ് സാന്നിധ്യമുണ്ടെങ്കില്‍ തന്നെ എന്താണ് തകരാറെന്ന് ഇവരൊന്നും പറയുന്നുമില്ല. മലയാളി തൊഴിലാളികള്‍ എവിടെയെങ്കിലും ചൂഷണം ചെയ്യപ്പെടുന്നു എങ്കില്‍ സ്വാഭാവികമായും നമ്മളും ഇടപെടേണ്ടതല്ലേ?
കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയം ശ്രീകൃഷ്ണനും വെള്ളാപ്പള്ളിക്കും ചുറ്റും നിരങ്ങുമ്പോഴാണ് പാവപ്പെട്ട ഈ തമിഴ് സ്ത്രീകള്‍ ഐതിഹാസികമായ സമരചരിത്രം രചിച്ചത്. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ എം.എല്‍.എയുടെ നേരേപോലും ചെരിപ്പുയര്‍ത്തിയത്. തങ്ങള്‍ ഇടപെട്ടില്ലെങ്കിലും ചരിത്രം അവസാനിക്കില്ല എന്ന തിരിച്ചറിവ് ലഭിച്ചിരിക്കുന്നത് രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതൃത്വങ്ങള്‍ക്കു മാത്രമല്ല, ചരിത്രം രചിക്കുന്നത് തങ്ങളാണെന്നു ധരിച്ചിരിക്കുന്ന പുരുഷന്മാര്‍ക്കു കൂടിയാണ്. അതുകൊണ്ടൊക്കെ തന്നെയാവണം ഇപ്പോള്‍ സമരം നടക്കുന്ന മേഖലകളിലേക്ക് തങ്ങളുടെ കൊടിയുമായവര്‍ ഓടിയെത്തുകയാണ്.
20 ശതമാനം ബോണസും ദിവസക്കൂലി 500 രൂപയും ആവശ്യപ്പെട്ടാണ് പല തോട്ടങ്ങളിലും സമരങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ സൂര്യനെല്ലി എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തേക്ക് കടന്നു. പന്നിയാര്‍, പൂപ്പാറ, ആനയിറങ്കല്‍ ഡിവിഷനിലെ തൊഴിലാളികളും സമരം തുടങ്ങിയിട്ടുണ്ട്. അപ്പര്‍ സൂര്യനെല്ലി ഡിവിഷനിലുള്ള ഫാക്ടറിക്കു മുമ്പിലാണ് സൂര്യനെല്ലി എസ്‌റ്റേറ്റുകാരുടെ സമരം. കമ്പനിയുടെ പന്നിയാര്‍ ഓഫീസിനു മുമ്പിലാണ് മറ്റു ഡിവിഷന്‍കാര്‍ സമരം നടത്തുന്നത്. സമരക്കാരുമായി പ്ലാന്റേഷന്‍ ലേബര്‍ കമ്മീഷണര്‍ കെ.ബിജു 22ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. മൂന്നാറിലേതുപോലെ ട്രേഡ് യൂണിയനുകളോ നേതാക്കന്‍മാരോ ഇല്ലാതെ മൂന്നാറിലെ അതേ മുദ്രാവാക്യങ്ങളോടെയാണ് സൂര്യനെല്ലിയിലെ സമരം. ട്രേഡ് യൂണിയനുകളുടെ പിന്തുണയുണ്ട്. എന്നാല്‍ പന്നിയാറിലെ സമരം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ്. എങ്കിലും സമരക്കാരില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്.
പത്തനംതിട്ട ജില്ലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ മാനേജ്‌മെന്റിന് തൊഴിലാളികള്‍ നോട്ടീസ് നല്‍കി. കോന്നി കല്ലേലി, കുമ്പഴ, ളാഹ തോട്ടങ്ങളിലെ തൊഴിലാളികളാണ് ബോണസ്, ശമ്പളവര്‍ധന ആവശ്യം ഉന്നയിച്ചത്. ഇതോടൊപ്പം താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, അര്‍ഹതയുള്ള ആശ്രിതരെ താല്‍ക്കാലിക തൊഴിലാളികളായി നിയമിക്കുക, ലയങ്ങളുടെ പണികള്‍ പൂര്‍ത്തിയാക്കുക, ഒഴിവുകളില്‍ നിയമനം നടത്തുക, റീപ്ലാന്റിങ് കാലാകാലം നടത്തുക എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്. സിഐടിയുവാണ് സമരരംഗത്തിറങ്ങിയിട്ടുള്ളത്. കണ്ണൂരിലെ ആറളം ഫാമിലും സമരകാഹളം ഉയര്‍ന്നു കഴിഞ്ഞു.
വര്‍ഷങ്ങള്‍ക്കുശേഷമാണ് തോട്ടം മേഖലയില്‍ ഇത്തരമൊരു ഉണര്‍വ്വുണ്ടായിരിക്കുന്നത്. 1958ല്‍ നടന്ന സമരത്തില്‍ ഇരുപതിനായിരത്തോളം തൊഴിലാളികള്‍ പങ്കെടുത്തു. മൂന്നുമാസം നീണ്ടുനിന്ന പ്രക്ഷോഭത്തിന്റെ അവസാനം തൊഴിലാളികള്‍ സമരനേതൃത്വത്തിന്റെ ശാസനകളെ മറികടന്നുകൊണ്ട് കത്തിയും കുറുവടികളും മറ്റുമേന്തി മുതലാളിമാരെയും കങ്കാണിമാരെയും നേരിടുകയായിരുന്നു. നടത്തിയ വെടിവെപ്പില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. തുടര്‍ന്ന് വര്‍ഷങ്ങളോളം പതിവുചടങ്ങുകളായിരുന്നു ഇവിടത്തെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം. തൊഴിലാളികളുടെ ജീവിതം നരകതുല്ല്യമായി തുടര്‍ന്നു. ട്രേഡ് യൂണിയന്‍ നേതാക്കളാകട്ടെ തടിച്ചുകൊഴുത്തു. തൊഴിലാളികള്‍ ബഹുഭൂരിഭാഗവും തമിഴ് സ്ത്രീകളായതിനാല്‍ ചൂഷണം അനന്തമായി തുടരാമെന്നായിരുന്നു തോട്ടമുടമകളും തൊഴിലാളി നേതാക്കളും ഭരണകൂടവും കരുതിയത്. ആ ധാരണക്കാണ് ഇപ്പോള്‍ കനത്ത തിരിച്ചടിയേറ്റത്. തൊഴില്‍യൂനിയന്‍, തൊഴില്‍ വകുപ്പധികൃതര്‍, തൊഴില്‍ ഉടമ എന്നിവര്‍ ചേര്‍ന്നുണ്ടാക്കുന്ന കരാറുകള്‍ തങ്ങളംഗീകരിക്കില്ല എന്ന തൊഴിലാളികളുടെ പ്രഖ്യാപനവും അവരുടെ ഉറക്കം കെടുത്തുന്നു. ഈ പോക്കുപോയാല്‍ കൂലിക്കൂടുതലിനും ബോണസിനും വേണ്ടി സമരംചെയ്യുന്ന തൊഴിലാളികള്‍ നാളെ തോട്ടങ്ങളില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുമെന്ന ആശങ്കയാണ് അവരെ ഞെട്ടിക്കുന്നു. ടാറ്റക്ക് ഇടുക്കി ജില്ലയിലുള്ള 50,000 ഏക്കറിലധികം തേയിലത്തോട്ടത്തിന്റെ ഉടമസ്ഥത നിയമവിരുദ്ധമാണെന്ന് കേരള സര്‍ക്കാര്‍ തന്നെ കോടതിയില്‍ ബോധിപ്പിച്ചുകഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യകിച്ചും.
സമീപകാലത്ത് കേരളത്തില്‍ അസംഘടിത മേഖലയില്‍ നടക്കുന്ന പോരാട്ടങ്ങള്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണല്ലോ. കല്ല്യാണിനു മുന്നില്‍ നടന്ന ഇരിപ്പുസമരത്തെ പ്രസ്ഥാനങ്ങള്‍ അവഗണിച്ചു. എന്നിട്ടും സമരം വിജയിച്ചതിനെ തുടര്‍ന്ന് സീമീസിലെ സമരത്തില്‍ അവരോടിയെത്തി. മുത്തങ്ങ സമരത്തിനു ശേഷം ആദിവാസി മേഖലയിലും ചങ്ങറക്കുശേഷം പട്ടികജാതി മേഖലയിലംു സിപിഎം സംഘടനയുണ്ടാക്കി. എത്രയോ പരിസ്ഥിതി സമരങ്ങള്‍ക്കുശേഷമാണ് അക്കാര്യത്തിലും ചില സംഘടനകള്‍ ശ്രദ്ധിക്കാന്‍ തയ്യാറായത്. സ്ത്രീപീഡനങ്ങളുടെ കാര്യവും വ്യത്യസ്ഥമല്ല. സദാചാരപോലീസിങ്ങിനെതിരെ ചുംബനസമരം നടന്നപ്പോള്‍ അക്കാര്യത്തിലും ചിലര്‍ നിലപാടെടുത്തു. ഇത്തരത്തില്‍ സിവില്‍ സമൂഹത്തില്‍ നിന്നുയര്‍ന്നുവരുന്ന പോരാട്ടങ്ങള്‍ക്കു പുറകില്‍ ഇഴയുകയാണ് നമ്മുടെ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍. തോട്ടം മേഖല സംഘടിതമാണെങ്കിലും അസംഘടിതമേഖലകളിലുള്ളവരേക്കാള്‍ മോശമായ അവസ്ഥയിലാണ് തോട്ടം മേഖലയില്‍ എന്നതാണ് ഒരു പ്രധാന വ്യത്യാസം. സംരക്ഷകരെന്നു കരുതിയവര്‍ തന്നെ ചൂഷണത്തിനു ചൂട്ടുകത്തിക്കുന്നു എന്ന തികഞ്ഞ ബോധ്യത്തോടെയാണ് തൊഴിലാളികള്‍ രംഗത്തിറങ്ങിയത്. അതുണ്ടാക്കിയ ഞെട്ടലില്‍ നിന്നു മുക്തരാകാത്തതിനാലാണ് പല നേതാക്കളുടെ നാവില്‍ നിന്നും ഉള്ളിലിരിപ്പു പുറത്തുവരുന്നത്. അസഹിഷ്ണുത മാറ്റിവെച്ച് യാഥാര്‍ത്ഥ്യമംഗീകരിക്കാനാണ് ഈ നേതാക്കള്‍ ആദ്യം തയ്യാറാകേണ്ടത്.

വാല്‍ക്കഷ്ണം.
കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നതിലെ അമര്‍ഷം കൊണ്ടാണെങ്കിലും ഐ എന്‍ ടി യു സി നേതാവ് ചന്ദ്രശേഖര്‍ ഒരു കാര്യം പറഞ്ഞത് ചര്‍ച്ച ചെയ്യേണ്ടതുതന്നെയാണ്. തോട്ടം മേഖലയിലെ ചൂഷണമെന്ന് ഘോരഘോരം ഉരുവിടുന് മാധ്യമപ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിന്റേയും അവസ്ഥ അവരേക്കാള്‍ മോശമാണ് എന്നതാണത്. ശരിയാണ്. ചന്ദ്രശേഖര്‍ എങ്ങനെ വ്യാഖ്യാനിച്ചാലും ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന സാമൂഹ്യ ഉത്തരവാദിത്തം മാധ്യമങ്ങള്‍ നിര്‍വ്വഹിച്ച കാഴ്ചയാണ് കേരളം കണ്ടത്. പക്ഷെ ആ മാധ്യമപ്രവര്‍ത്തകരുടെ
അവസ്ഥ മഹാകഷ്ടം തന്നെയാണ്. വളരെ മോശം വേതനമാണ് ഭൂരിഭാഗത്തിനും. തൊഴില്‍ സമയമാകട്ടെ വളരെ കൂടുതലും. ഭേദപ്പെട്ട വേതനമുള്ള സ്ഥാപനങ്ങളിലോ അടിമത്ത.ം. അന്യായമായ പുറത്താക്കലും സ്ഥലം മാറ്റലുകളും തുടരുമ്പോള്‍ യൂണിയന്‍ പോലും നിസ്സഹായര്‍. ഏറ്റവും ദയനീയമായ അവസ്ഥ ഇക്കാര്യങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലവതരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എന്നതാണ്. എന്തായാലും അക്കാര്യത്തില്‍ ചന്ദ്രശേഖരനും മറ്റു നേതാക്കളും ഇടപെടുമെന്ന് കരുതാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply