മുസ്‌ലിങ്ങള്‍ക്കെന്തിന് മുഖ്യധാര?

എ.പി.കുഞ്ഞാമു മത ശാസനകളുടെ ഭാഗമെന്ന നിലയില്‍ ആധുനിക വിദ്യാഭ്യാസത്തെ നിരാകരിക്കുകയും എഴുത്ത്, വായന തുടങ്ങിയ സംവേദനോപാധികള്‍ക്കെതിരെ മുഖംതിരിഞ്ഞ് നില്‍ക്കുകയും ചെയ്തവരാണ് കേരളത്തിലെ മുസ്‌ലിം സമൂഹം. ആ നിലപാടിന്ന് കൊളോണിയല്‍ വിരുദ്ധ സ്വഭാവവും അറിവിനെക്കുറിച്ചുള്ള സ്വന്തമായ അളവുകോലുകളുമൊക്കെ കാരണമായി ഭവിച്ചിരിക്കാം. എന്നാല്‍, ഇതേ മുസ്‌ലിം സമൂഹം തന്നെയാണ് ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ദിനപത്രങ്ങള്‍ നടത്തുന്നത് എന്നതൊരു വൈരുദ്ധ്യമാണ്. വാരികകളും ദൈ്വവാരികകളും മാസികകളും മറ്റുമായി നിരവധി പ്രസിദ്ധീകരണങ്ങളും അവര്‍ക്കുണ്ട്. ന്യൂനപക്ഷമെന്ന നിലയില്‍ സ്വന്തം പ്രശ്‌നങ്ങളെ, പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ സംഭവപരമ്പരകളുടെ […]

karat-pinaഎ.പി.കുഞ്ഞാമു

മത ശാസനകളുടെ ഭാഗമെന്ന നിലയില്‍ ആധുനിക വിദ്യാഭ്യാസത്തെ നിരാകരിക്കുകയും എഴുത്ത്, വായന തുടങ്ങിയ സംവേദനോപാധികള്‍ക്കെതിരെ മുഖംതിരിഞ്ഞ് നില്‍ക്കുകയും ചെയ്തവരാണ് കേരളത്തിലെ മുസ്‌ലിം സമൂഹം. ആ നിലപാടിന്ന് കൊളോണിയല്‍ വിരുദ്ധ സ്വഭാവവും അറിവിനെക്കുറിച്ചുള്ള സ്വന്തമായ അളവുകോലുകളുമൊക്കെ കാരണമായി ഭവിച്ചിരിക്കാം. എന്നാല്‍, ഇതേ മുസ്‌ലിം സമൂഹം തന്നെയാണ് ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ദിനപത്രങ്ങള്‍ നടത്തുന്നത് എന്നതൊരു വൈരുദ്ധ്യമാണ്. വാരികകളും ദൈ്വവാരികകളും മാസികകളും മറ്റുമായി നിരവധി പ്രസിദ്ധീകരണങ്ങളും അവര്‍ക്കുണ്ട്. ന്യൂനപക്ഷമെന്ന നിലയില്‍ സ്വന്തം പ്രശ്‌നങ്ങളെ, പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ സംഭവപരമ്പരകളുടെ പശ്ചാത്തലത്തില്‍, മൗലികവും അഗാധവുമായ ഉള്‍ക്കാഴ്ചയോടെ വിശകലനം ചെയ്യാനുള്ള ശ്രമം മിക്ക പ്രസിദ്ധീകരണങ്ങളിലുമുണ്ട്. ഈ ആശയ പരിസരത്തിലേക്കാണ് ‘ന്യൂനപക്ഷ വിഷയങ്ങള്‍ ഇടതു മതേതര പ്ലാറ്റ്‌ഫോമില്‍ ന്യായാന്യായ മാനദണ്ഡങ്ങളില്‍ മാറ്റുരച്ച് സത്യസന്ധമായി അവതരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി’ (മുഖ്യപത്രാധിപര്‍ ഡോ.കെ.ടി.ജലീലിന്റെ ആമുഖക്കുറിപ്പ്) ‘മുഖ്യധാര’ എന്ന ത്രൈമാസികയുടെ അവതാരം.
മാസികയുടെ പേരും, ആമുഖക്കുറിപ്പിലെ അവകാശ വാദങ്ങളും മാസികയില്‍ അച്ചടിച്ചുവന്ന ലേഖനങ്ങളുമെല്ലാം വായനക്കാരെ ബോധ്യപ്പെടുത്തുന്നത്, മുസ്‌ലിം ജന സാമാന്യത്തെ ഇടതുപക്ഷ ധാരയിലേക്ക് (അതാണല്ലോ മാസികയുടെ സംഘാടകരായ സി.പി.എമ്മിന്റെ സങ്കല്പത്തിലെ മുഖ്യധാര) ആകര്‍ഷിക്കുന്നതിനുള്ള ഒരു ചൂണ്ടല്‍ക്കൊളുത്തിന്റെ സാന്നിധ്യത്തെപ്പറ്റിയാണ്. എ.കെ.ജി., ഡോ.കെ.എന്‍.പണിക്കര്‍, ഡോ.ബി.ഇക്ബാല്‍, ഒരു തെരഞ്ഞെടുപ്പില്‍ സി.പി.എം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ഹുസൈന്‍ രണ്ടത്താണി എന്നു തുടങ്ങി ഇടതു മുന്നണിയില്‍ പ്രവേശനം കാത്തുകഴിയുന്ന ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി പ്രൊഫ.എ.പി.അബ്ദുല്‍ വഹാബ് വരെയുള്ളവരാണ് ലേഖകര്‍. മാസികയുടെ പ്രകാശനച്ചടങ്ങ് തീര്‍ത്തും ഇടതുമുന്നണിയുടെ രാഷ്ട്രീയ പരിപാടിയായിരുന്നു.
മത-സാമുദായിക ചിന്തയുടെ ഇടുക്കുതൊഴുത്തില്‍ കിടന്നു വീര്‍പ്പുമുട്ടുന്ന മുസ്‌ലിം ജന സാമാന്യത്തെ, ഇടതുചിന്തയുടെ വിശാല ഭൂമികയിലേക്ക് ആട്ടിത്തെളിക്കാനുള്ള കഠിന പരിശ്രമത്തിലപ്പുറം യാതൊന്നും സി.പി.എമ്മിന്റെ അജണ്ടയിലില്ലെന്ന് വ്യക്തം. മുസ്‌ലിം സമൂഹത്തിന്റെ അന്തക്ഷോഭങ്ങളോ, ദേശീയവും അന്തര്‍ദേശീയവുമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസ്തുതസമൂഹം, കടന്നുപോകുന്ന പ്രതിസന്ധിയോ വിശകലനം ചെയ്യാനല്ല മാസിക ശ്രമിക്കുന്നത്; അതായത് സാമുദായിക സംഘടനകള്‍ കാലംതെറ്റാതെ പുറത്തിറക്കുന്ന വാര്‍പ്പുമാതൃകാ പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കങ്ങളില്‍ കാണാവുന്ന വിശകലനങ്ങളുടെ മൗലികത പോലും കാര്യഗൗരവത്തിന്റെ മുഖാവരണത്തോടെ പുറത്തിറങ്ങുന്ന ഈ ത്രൈമാസികയിലെ ലേഖനങ്ങള്‍ക്കില്ല.
ഒറ്റനോട്ടത്തില്‍ കനപ്പെട്ട പ്രസിദ്ധീകരണമാണിതെന്ന് തോന്നാം. ലേഔട്ടും മറ്റും അങ്ങനെ ധ്വനിപ്പിക്കുന്നു. പക്ഷേ നിരവധി തവണ, പറഞ്ഞും കേട്ടും മടുത്ത മുസ്‌ലിം സമുദായത്തിന്റെ കൊളോണിയല്‍ വിരുദ്ധ – ഇടതുപക്ഷോന്മുഖ സമീപനവായ്ത്താരിയും മലബാര്‍ കലാപത്തിന്റെ മതേതര സ്വഭാവം വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുന്ന രചനകളും മറ്റുമേയുള്ളൂ മാസികയില്‍. മുഖക്കുറിപ്പില്‍ അവകാശപ്പെട്ട ‘ഇതര പ്രസിദ്ധീകരണങ്ങളില്‍നിന്നുള്ള വിശേഷവല്‍ക്കരണം’ അടയാളപ്പെടുത്തുന്ന യാതൊന്നും ഇല്ല.
ഇങ്ങനെയൊരു പ്രസിദ്ധീകരണം പുറത്തുവരുമ്പോള്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ജീവിതത്തെ സ്വാധീനിക്കുന്ന ഏത് ആശയപരിസരത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത് എന്നാലോചിക്കണം. മുഖ്യധാരയിലേക്ക് അവരെ കൈപിടിച്ച് കൂട്ടിക്കൊണ്ടു വരുന്നു എന്നു പറയുന്നത് വഴി പരികല്പിക്കപ്പെടുന്നത് കേരളീയ സമൂഹത്തില്‍ രണ്ടു ധാരകളുണ്ടെന്നാണ്. ന്യൂനപക്ഷങ്ങള്‍ കൂടി അടങ്ങിയതാണോ മുഖ്യധാര അതോ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന മറ്റൊരു ധാരയുണ്ട് എന്നോ?
ഈ ത്രൈമാസികം മുസ്‌ലിംകളില്‍ നിന്ന് വേറിട്ടുനിന്ന് അവര്‍ക്ക് വഴി കാണിക്കുകയാണ്, അവരുടേതായി നിലനില്‍ക്കുകയല്ല ചെയ്യുന്നത്. അതായത് ഒരു ചില്ലു ജാലകംപോലെ അത് വര്‍ത്തിക്കുന്നു. മുഖ്യധാരയെന്ന ചില്ലുജാലകത്തിലൂടെ ഇടതുപക്ഷം മുസ്‌ലിം രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങള്‍ കാണുന്നു; കാണാന്‍ സഹായിക്കുന്നതോടൊപ്പം ഈ ജാലകം, ഇരുകൂട്ടര്‍ക്കുമിടയില്‍ ഒരു തടസ്സം വലിച്ചിടുകയും ചെയ്യുന്നുണ്ട്. പ്രസ്തുത തടസ്സം തട്ടിമാറ്റി, അവര്‍ക്കൊപ്പം നീങ്ങാന്‍ ഇടതുപക്ഷ രാഷ്ട്രീയം തയ്യാറല്ല. അതുകൊണ്ട് തന്നെ മുഖ്യധാര നിറവേറ്റുന്നത് പ്രായോഗിക രാഷ്ട്രീയത്തിന്റെ പരിമിത ദൗത്യങ്ങള്‍ മാത്രം ആയിരിക്കുമെന്ന് തീര്‍ച്ച. അത്തരം ചൂണ്ടല്‍ക്കൊളുത്തുകള്‍ മാത്രമേ മുഖ്യധാര എന്ന പ്രസിദ്ധീകരണം മുസ്‌ലിം സമുദായത്തിന് നല്‍കുന്നുള്ളൂ. പക്ഷേ പോയിക്കൊത്താന്‍ മീനിനെ കൊതിപ്പിക്കുന്ന രുചിയും ഗന്ധവും അവയില്‍ കമ്മി. മാര്‍ക്‌സിസ്റ്റ് സംവാദം, ദര്‍ശനം തുടങ്ങിയ പേരുകളില്‍ സി.പി.എം. പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്നു. താത്വിക പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുന്ന അതേ രൂപമാതൃകയിലാണ് ‘മുഖ്യധാര’യുടെ വരവ്. രൂപത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് മാത്രമല്ല ഉള്ളടക്കത്തിലും ലക്ഷ്യബോധത്തിലും പാര്‍ട്ടിക്ക് എത്രത്തോളം മാറ്റം വന്നു എന്നും മുഖ്യധാര ദ്യോതിപ്പിക്കുന്നു. സംവാദത്തിനല്ല മുഖ്യധാര ഊന്നല്‍ നല്‍കുന്നത്. ആശയ സംഘര്‍ഷത്തിനുപകരം അഭിപ്രായ സമന്വയമാണ് തങ്ങള്‍ക്കാവശ്യമെന്ന പറച്ചിലിലൂടെ, മുസ്‌ലിം ന്യൂനപക്ഷത്തെ എവിടേക്കെത്തിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവോ അവിടേക്ക് തന്നെ അവര്‍ എത്തണമെന്നാണ് പത്രാധിപര്‍ കൃത്യമായി ശഠിക്കുന്നത്. ഈ ശാഠ്യം വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകളായി മുസ്‌ലിം സമൂഹത്തെ മാറ്റിയെടുക്കാനുള്ള തന്ത്രങ്ങളിലൊന്നു മാത്രമാണ്. പ്രായോഗിക രാഷ്ട്രീയത്തിലെ ഒരു അടവുനയം മാത്രം. അത്രത്തോളം പോകാനുള്ള കാഴ്ചശക്തി മാത്രമേ ഇന്ന് സി.പി.എമ്മിനുള്ളൂ. അവര്‍ക്ക് ടോര്‍ച്ചടിച്ചു കൊടുക്കുന്ന ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കും അങ്ങനെയൊരു വിഭവ പരിമിതിയുണ്ട്. ഈ പരിമിതിയുടെ സാക്ഷ്യപത്രമെന്ന നിലയില്‍ ഗൗരവപ്പെട്ട പത്രപ്രവര്‍ത്തനത്തിന്റെ ഒരു കാരിക്കേച്ചര്‍ രൂപമായി നില്‌ക്കേണ്ടി വരുന്നു എന്നതാണ് ‘മുഖ്യധാര’യുടെ ദുര്‍വ്വിധി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply