മുസ്ലിം ബുദ്ധിജീവികള്‍ ആരെയാണ് പേടിക്കുന്നത്?

എ.പി.കുഞ്ഞാമു ഒരു മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനകളിലൊന്നിന്റെ സമ്മേളനം; സംഘടനാനേതാക്കളാണ് പ്രസംഗിക്കുന്നവരെല്ലാം. എല്ലാവരും പ്രസംഗമവസാനിപ്പിക്കുന്നത് ആവേശപൂര്‍വ്വം ജയ്ഹിന്ദ് വിളിച്ചു കൊണ്ടാണ്. പ്രസംഗം ജയ്ഹിന്ദിലവസാനിപ്പിക്കുന്നത് അസാധാരണമൊന്നുമല്ല, എന്നുമാത്രമല്ല സ്വരാജ്യ സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള അവസരവും പ്രകടിപ്പിക്കാനുള്ള രീതിയുമാണത്. പൊടുന്നനെ ഇത്രയധികം ദേശാഭിമാന പ്രചോദിതരായതെന്തേ ഈ മുസ്ലിം ചെറുപ്പക്കാര്‍ എന്ന സംഗതിയാണ് എന്നെ അമ്പരപ്പിച്ചത്. വല്ലാത്ത ഒരു അരക്ഷിത ബോധം അവര്‍ അനുഭവിക്കുന്നതുപോലെ, തങ്ങളുടെ ദേശക്കൂറിന്റെ പരസ്യ പ്രഖ്യാപനം നടത്തുന്നില്ലെങ്കില്‍ തങ്ങള്‍ കുഴപ്പത്തിലാകുമെന്ന ഭീതി അവരെ വേട്ടയാടുന്നതു പോലെ, തങ്ങളെ […]

mmm

എ.പി.കുഞ്ഞാമു

ഒരു മുസ്ലിം രാഷ്ട്രീയ പാര്‍ട്ടിയുടെ പോഷക സംഘടനകളിലൊന്നിന്റെ സമ്മേളനം; സംഘടനാനേതാക്കളാണ് പ്രസംഗിക്കുന്നവരെല്ലാം. എല്ലാവരും പ്രസംഗമവസാനിപ്പിക്കുന്നത് ആവേശപൂര്‍വ്വം ജയ്ഹിന്ദ് വിളിച്ചു കൊണ്ടാണ്. പ്രസംഗം ജയ്ഹിന്ദിലവസാനിപ്പിക്കുന്നത് അസാധാരണമൊന്നുമല്ല, എന്നുമാത്രമല്ല സ്വരാജ്യ സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള അവസരവും പ്രകടിപ്പിക്കാനുള്ള രീതിയുമാണത്. പൊടുന്നനെ ഇത്രയധികം ദേശാഭിമാന പ്രചോദിതരായതെന്തേ ഈ മുസ്ലിം ചെറുപ്പക്കാര്‍ എന്ന സംഗതിയാണ് എന്നെ അമ്പരപ്പിച്ചത്. വല്ലാത്ത ഒരു അരക്ഷിത ബോധം അവര്‍ അനുഭവിക്കുന്നതുപോലെ, തങ്ങളുടെ ദേശക്കൂറിന്റെ പരസ്യ പ്രഖ്യാപനം നടത്തുന്നില്ലെങ്കില്‍ തങ്ങള്‍ കുഴപ്പത്തിലാകുമെന്ന ഭീതി അവരെ വേട്ടയാടുന്നതു പോലെ, തങ്ങളെ ആരോ നിരീക്ഷിക്കുന്നു എന്നോര്‍ത്ത് അവര്‍ ഭയചകിതരായ പോലെ- അവരുടെ ജയ്ഹിന്ദ് വിളി രാജ്യാഭിമാനം തുടിച്ചു നില്‍ക്കുന്ന ആത്മാവിഷ്‌ക്കാരമായല്ല, അറവുമാടിന്റെ ദീന വിലാപമായാണ് എനിക്കനുഭവപ്പെട്ടത്.
ഇത് ഇവിടുത്തെ മുസ്ലിം സമൂഹം അനുഭവിക്കുന്ന ആത്മസംഘര്‍ഷത്തിന്റെ നിദര്‍ശനമല്ലാതെ മറ്റെന്താണ്? തങ്ങള്‍ പുറന്തള്ളപ്പെട്ടു പോകുമെന്നും ജീവിതത്തിന്റെ വെളിമ്പറമ്പുകളില്‍ നിന്ന്, ഏതോ ഇരുണ്ട ലോകത്തേക്ക് അകറ്റപ്പെടുമെന്നും അവര്‍ പേടിക്കുന്നു. മോദി സര്‍ക്കാറിനെയും ഹിന്ദുത്വ ശക്തികളേയും അവര്‍ അത്ര കണ്ടു ഭയപ്പെടുകയാണ്. ഏക സിവില്‍കോഡിതാ തലയ്ക്കു മുകളില്‍, ഏറ്റുമുട്ടല്‍കൊലകളുടെ ഭൂതകാല ചരിത്രമിതാ ഓര്‍മ്മകളില്‍, പാക്കിസ്താന്‍ വിധേയത്വമെന്ന സംശയം ഗൂഡാലോചനകളുടെ രൂപത്തിലിതാ ചുറ്റിലും- തങ്ങള്‍ക്കെതിരെ ഒരു പടയണി രൂപപ്പെടുമെന്നോര്‍ത്ത് അവര്‍ പരിഭ്രാന്തരാകുന്നു. അതിനാല്‍ പേര്‍ത്തും പേര്‍ത്തും ദേശക്കൂറ് തെളിയിക്കാന്‍ അവര്‍ നിര്‍ബ്ബന്ധിതരാവുന്നു. ഈ നിര്‍ബ്ബന്ധിതാവസ്ഥയുടെ പ്രത്യാഘാതമാണോ തുടര്‍ച്ചയായ ജയ്ഹിന്ദ് വിളികള്‍ക്കടിയില്‍ നിന്ന് ആര്‍ത്തനാദമായി പുറത്ത് വന്നത്? ഈയിടെ കശ്മീരിലെ മനുഷ്യാവകാശലംഘനങ്ങളെപ്പറ്റി പ്രസംഗിച്ച ഒരു സാംസ്‌കാരിക പ്രവര്‍ത്തകനോട് അതേ വേദിയില്‍ തന്നെ പ്രസംഗിക്കാനുണ്ടായിരുന്ന ഒരു മുസ്ലിം ബുദ്ധിജീവി പറഞ്ഞുവത്രേ- നിങ്ങള്‍ പറഞ്ഞ കാര്യങ്ങളൊക്കെ ഞാനാണ് പറഞ്ഞിരുന്നതെങ്കില്‍ ഞാനിപ്പോള്‍ യു.എ.പി.എ ചുമത്തപ്പെട്ട് അഴികള്‍ക്കകത്തായേനെ! ഈ ബുദ്ധിജീവിയുടെ വാക്കുകളുടെ അടിസ്ഥാന ശ്രുതിയും ഇതേ മാനസിക സംഘര്‍ഷം തന്നെയല്ലേ? ഇത്രയും വിഷമകരമായ ഒരു ഫിയര്‍ സൈക്കോസിസില്‍, ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷം അകപ്പെട്ടിട്ടുണ്ടെങ്കില്‍ നാനാത്വത്തില്‍ ഏകത്വമെന്ന, നാം കൊട്ടിഘോഷിക്കുന്ന ആശയം എത്ര വലിയ ഭോഷ്‌ക്കാണ്!
മുസ്ലിം സമൂഹം ഇത്തരം പ്രതിസന്ധികളിലൂടെ മുമ്പും കടന്നു പോയിട്ടുണ്ട്. 1992 ല്‍ ബാബ്‌രി മസ്ജിദ് തകര്‍ച്ചക്കു ശേഷം അവരുടെ മാനസികാവസ്ഥ ഭീതിയുടേതായിരുന്നു. ഇക്കണ്ട രീതിയില്‍, ഒരു മതത്തിന്റെ ആരാധനാലയം മറ്റൊരു മതവിഭാഗം ആസൂത്രിതമായി ആലോചിച്ചുറപ്പിച്ച് ശരിയായ മുന്നൊരുക്കത്തോടെ തകര്‍ത്തതിന് ചരിത്രത്തില്‍ മറ്റൊരു ഉദാഹരണമില്ല. ഇതേ ആത്മസംഘര്‍ഷം തന്നെ 2002 ലെ ഗുജറാത്ത് കലാപാനന്തരവും മുസ്ലിംകള്‍ അനുഭവിച്ചു. തങ്ങളുടെ അസ്തിത്വത്തെക്കുറിച്ചുള്ള അതികഠിനമായ ഭീതിയാണ് ഈ രണ്ട് സന്ദര്‍ഭങ്ങളിലും അവരെ പിന്തുടര്‍ന്നത്. പക്ഷേ ഈ രണ്ടു സന്ദര്‍ഭങ്ങളിലും അവരുടെ മനസ്സില്‍ ഇത്രകണ്ട് ഇരുള്‍ പരന്നിട്ടില്ലായിരുന്നു. അതിനു കാരണം ഇന്ത്യന്‍ മതേതരത്വത്തില്‍ അവര്‍ക്കുള്ള വിശ്വാസം തന്നെയായിരുന്നു. ഒന്നര നൂറ്റാണ്ടിന്റെ സെക്കുലര്‍ പാരമ്പര്യമുള്ള കോണ്‍ഗ്രസ്സാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ ഇടതുപക്ഷ- സോഷ്യലിസ്റ്റ് ശക്തികള്‍ മതേതരത്വം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. പ്രതിസന്ധിവേളകളില്‍ ഈ ശക്തികളുടെ കൈത്താങ്ങില്‍ അവര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നു എന്നതാണ് സത്യം. അത്തരമൊരവസ്ഥയല്ല ഇന്നുള്ളത്. ബാബ്‌രിമസ്ജിദിന്റെ തകര്‍ച്ചക്കാലത്ത് അത് ഹിന്ദുത്വത്തിന്റെ സട കുടഞ്ഞെഴുന്നേല്‍ക്കലായി കൊണ്ടാടിയ ഹിന്ദുത്വം അല്ലെങ്കില്‍ ഗുജറാത്തില്‍ മുസ്ലിം ന്യൂനപക്ഷത്തെ കൂട്ടക്കുരുതിക്കിരയാക്കിയതില്‍ ആഹ്ലാദഭരിതമായ ഹിന്ദുത്വം ഗര്‍വ് സെകഹോ, ഹം ഹിന്ദു ഹെയ് എന്ന മുദ്രാവാക്യത്തെ അധികാര സ്ഥാനത്തിരുന്നു കൊണ്ട് പ്രയോഗവല്‍ക്കരിക്കുകയാണ്. മോദിയെ സംബന്ധിച്ചേടത്തോളം ഹൈന്ദവ രാഷ്ട്രീയത്തിന്റെ അക്രമാസക്തമായ തേരോട്ടത്തിനിടയില്‍ ചതഞ്ഞരച്ചു പോകുന്ന ന്യൂനപക്ഷങ്ങള്‍ കാറിന്നടിയില്‍ ആകസ്മികമായി പെട്ടു പോകുന്ന പട്ടിക്കുഞ്ഞുങ്ങള്‍ക്ക് സമമാണ്. ഹിന്ദുത്വരാഷ്ട്രീയം തങ്ങളുടെ സാംസ്‌കാരികമായ അസ്തിത്വം അപ്പാടെ തുടച്ചുമാറ്റുമെന്ന ഭീതിയിലാണ് മുസ്ലിം ന്യൂനപക്ഷം. ഈ അരക്ഷിതബോധത്തിന്റെ പിടിയിലമര്‍ന്ന അവര്‍, അടിയറവു പറഞ്ഞു കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ഞാന്‍ കേട്ട ജയ്ഹിന്ദു വിളികള്‍, നേരത്തെ പറഞ്ഞ മുസ്ലിം ബുദ്ധിജീവിയുടെ ദീന വിലാപം.
മുസ്ലിം ന്യൂനപക്ഷം കൂടുതല്‍ ഉള്‍വലിയുന്ന അവസ്ഥയിലേക്കാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബുള്‍ഡോസര്‍ ആക്രമണം എത്തിച്ചേര്‍ന്നിട്ടുള്ളത്. ടെററിസം പല രൂപങ്ങളിലായാണ് ഇന്ന് ന്യൂനപക്ഷങ്ങളുടെ മേല്‍ കടന്നാക്രമണം നടത്തുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള പെണ്ണിനെ പ്രണയിക്കാനും ഇഷ്ടമുള്ളേടത്ത് താമസിക്കാനും ഇഷ്ടപ്പെട്ട മതാനുഷ്ഠാനങ്ങള്‍ കൊണ്ടു നടക്കാനുമുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്ന ബോധം അവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നു. ഒരേസമയം നാടുകടത്തപ്പെട്ടവരും നാടുവിട്ടു പോന്നവരുമായ സ്ഥിതിയിലെത്തിച്ചേര്‍ന്ന ഈ ആളുകള്‍ മുഖ്യധാരയോട് കലഹിക്കുന്നതില്‍ അതിശയമില്ല. അതുകൊണ്ടാണ് ഏക സിവില്‍ കോഡിനെ ഭയന്ന് അവര്‍ അനിവാര്യമായും മുസ്ലിം സമൂഹത്തില്‍ നടക്കേണ്ട മുസ്ലിം വ്യക്തിനിയമ പരിഷ്‌ക്കരണത്തെ പോലും എതിര്‍ക്കുന്നത്. ലിംഗ വിവേചനത്തിന്റെ വക്താക്കളാവുന്നത്, മുത്തലാഖ് ജന്മാവകാശമാണെന്ന് വാദിക്കുന്നത്. മുസ്ലിംകള്‍ക്കിടയില്‍ സ്വാഭാവികമായും സംഭവിക്കേണ്ട ആധുനികവല്‍ക്കരണത്തെ ഹിന്ദുത്വവാദികളും സെക്കുലറിസ്റ്റുകളും മുസ്ലിംകള്‍ക്കിടയില്‍ തന്നെയുള്ള ലിബറലുകളും തടസ്സപ്പെടുത്തുന്നു എന്നതാണ് മൊത്തത്തില്‍ ഇതുളവാക്കുന്ന പ്രത്യാഘാതം. ശാബാനു വിവാദകാലത്ത് ഇത് നാം കണ്ടതാണ്. ശരീഅത്ത് പരിഷ്‌ക്കരണത്തിനു വേണ്ടി വാദിച്ചിരുന്നവര്‍ പോലും യാഥാസ്ഥിതിക പണ്ഡിത നേതൃത്വത്തിനൊപ്പം അണിനിരന്നു പരിഷ്‌കരണ ശ്രമങ്ങളെ എതിര്‍ത്തു. അതേ ഗത്യന്തരമില്ലായ്മയാണ് നേരത്തെ പറഞ്ഞ മാനസികാവസ്ഥയുടെ മറുവശം.
ഇങ്ങനെയാലോചിക്കുമ്പോള്‍ മുസ്ലിം ന്യൂനപക്ഷം ആത്മഹത്യക്കും കൊലക്കുമിടയിലൂടെയാണ് കടന്നു പോവുന്നത് എന്നത് കേവലമായ ഒരു മെറ്റഫര്‍ മാത്രമല്ലാതായിത്തീരുന്നു. തങ്ങളെ സഹായിക്കാന്‍ ആരാണുള്ളത് എന്നോര്‍ത്ത് വ്യഥിതരാവുന്ന അവരുടെ മുന്‍പില്‍ ഏറെക്കുറെ ശൂന്യതയാണുള്ളത്. പണ്ടും ഇതേ പ്രതിസന്ധിയെ അവര്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഇടതുപക്ഷ- മതേതര ശക്തികളിലായിരുന്നു അവര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നത്. പക്ഷേ ബാബ്‌രിമസ്ജിദ് തകര്‍ന്നു വീഴുമ്പോള്‍ ഒന്നും മിണ്ടാതിരുന്നു കൊണ്ടു കോണ്‍ഗ്രസ്സും പള്ളി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കുമായി പകുത്തു കൊടുക്കാമെന്നോ ചരിത്ര സ്മാരകമാക്കി മാറ്റാമെന്നോ മറ്റോ പറഞ്ഞുകൊണ്ട് ഇടതുപക്ഷ പാര്‍ട്ടികളും മതേതരത്വം കാത്തു സൂക്ഷിച്ചു; ബാബ്‌രിമസ്ജിദ് അതിന്റെ യഥാര്‍ത്ഥ അവകാശികളാരോ, അവര്‍ക്ക് എന്ന് പറയാനുള്ള കരളുറപ്പ് ഇന്ത്യയിലെ മുഖ്യധാരാ മതേതരത്വത്തിന് ഉണ്ടായില്ല. ഈ അനുഭവത്തിന്റെ പൂര്‍വ്വ സ്മൃതികളില്‍ മുസ്ലിം ന്യൂനപക്ഷം ആരിലാണ് വിശ്വാസമര്‍പ്പിക്കേണ്ടത്? ഇടതുപക്ഷ ബുദ്ധിജീവികള്‍ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുണ്ടാവാം, പ്രസ്താവനകളും പ്രസംഗങ്ങളും ഉണ്ടാവാം. പക്ഷേ വോട്ട് ബാങ്ക് രാഷ്ട്രീയം, ധീരമായ നിലപാടെടുക്കാന്‍ ഇന്ത്യന്‍ മതേതരത്വത്തെ പ്രാപ്തമാക്കുമോ?
ഗെറ്റോവൈസേഷന്‍ എന്ന ദുര്‍ദ്ദശയെ അഭിമുഖീകരിച്ചിട്ടില്ലാത്തവരാണ് താരതമ്യേന കേരള മുസ്ലിംകള്‍; അവര്‍ പോലും തങ്ങള്‍ ഭീകരമായ പ്രതിസന്ധിയില്‍ അകപ്പെട്ടുവോ എന്ന് സന്ദേഹിക്കുന്നു. അതിനെ മറികടക്കുവാന്‍ വിചിത്രമായ പരിഹാരമാര്‍ഗങ്ങളാണ് അവര്‍ തേടുന്നത്. ഐ.എസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓരോരുത്തരും മറ്റവരെ ചൂണ്ടിക്കാട്ടുകയാണ്. സലഫിസവും ജമാ അത്തെ ഇസ്ലാമിയുടെ ഇസ്ലാമിക രാഷ്ട്രവാദവും സുന്നീ യാഥാസ്ഥിതികയുമെല്ലാം അതിന്റെ ഭാഗമായി പ്രതിക്കൂട്ടിലാവുന്നു. ഞാനല്ല, മറ്റവനാണ് കുഴപ്പക്കാരന്‍ എന്നാണ് മുസ്ലിം സംഘടനകളുടെ പൊതു നിലപാട്. അപര്‍ണ്ണാ സെന്നിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍ എന്ന ചിത്രത്തില്‍ ഹിന്ദു അക്രമികളില്‍ നിന്നു രക്ഷപ്പെടാന്‍ ജൂതന്‍ പ്രയോഗിക്കുന്ന തന്ത്രമുണ്ടല്ലോ, അത് തന്നെ. ആക്രമികള്‍ യാത്രക്കാരുടെ വസ്ത്രമഴിച്ച് പരിശോധിച്ചാണ് ആളുകള്‍ മുസ്ലിമാണോ എന്ന് തീരുമാനിക്കുന്നത്. സുന്നത്ത് ചെയ്തവരെ പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുന്നു; അതിനിടയില്‍ ജൂതന്‍ മുസ്ലിമിനെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നത്, തന്റെ വസ്ത്രമഴിച്ചു നോക്കിയാല്‍ താനും പിടിക്കപ്പെടുമല്ലോ എന്ന ഭീതി മൂലമാണ്. സ്വയം പിടിക്കപ്പെടാതിരിക്കാന്‍ മറ്റുള്ളവരെ ഒറ്റിക്കൊടുക്കുന്ന മാനസിക നിലയാണ്, മുസ്ലിംസംഘടനകള്‍ക്കുള്ളത്. അത് തുടക്കത്തില്‍ പറഞ്ഞ പേടിയുടെ മറ്റൊരു തരത്തിലുള്ള ആവിഷ്‌കാരമാണ്.
വാല്‍ക്കഷ്ണം : യൗവനം പോരാടാനുള്ളതാണ് എന്നായിരുന്നു കഴിഞ്ഞ കൊല്ലം സോളിഡാരിറ്റിയുടെ മുദ്രാവാക്യം. ഇപ്പോള്‍ അത് മാറ്റി- യൗവനം പാഴാക്കാനുള്ളതല്ല. പോരാട്ടത്തിലൊക്കെ ഏര്‍പ്പെട്ട് വെറുതെ എന്തിന് യൗവനം പാഴാക്കണം, അല്ലേ?

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply