മുരളി കണ്ണമ്പിള്ളി നിരാഹാരം നടത്തുമ്പോള്‍

സാമൂഹ്യമാറ്റത്തിന് സായുധസമരമെന്ന ആശയം ഉയര്‍ത്തിപിടിക്കുന്ന മാവോയിസ്റ്റുകളുടെ സൈദ്ധാന്തികന്‍ മുരളി കണ്ണമ്പിള്ളി തടവില്‍ നിരാഹാരസമരം നടത്തുന്നതില്‍ വൈരുദ്ധ്യമുണ്ടകാം. എന്നാല്‍ അന്യായമായി അനശ്ചിതമായി നീളുന്ന അദ്ദേഹത്തിന്റെ തടവിന് അന്ത്യമുണ്ടായേ തീരു. വൈകിയാണെങ്കിലും ഈ വിഷയം സജീവമായി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഹാവഡ് സര്‍വകലാശാല പ്രഫസറും പ്രമുഖ ചിന്തകനുമായ നോംചോസ്‌കിയടക്കം നിരവധി പ്രമുഖര്‍ മുരളിക്കു പിന്തുണയുമായി രംഗത്തുവന്നുകഴിഞ്ഞു. വിചാരണ തടവുകാരനായി പൂനെയിലെ സാസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലുളള മുരളിക്ക് മതിയായ ചികിത്സ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കേസുകളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യം നല്‍കണമെന്നും […]

mmm

സാമൂഹ്യമാറ്റത്തിന് സായുധസമരമെന്ന ആശയം ഉയര്‍ത്തിപിടിക്കുന്ന മാവോയിസ്റ്റുകളുടെ സൈദ്ധാന്തികന്‍ മുരളി കണ്ണമ്പിള്ളി തടവില്‍ നിരാഹാരസമരം നടത്തുന്നതില്‍ വൈരുദ്ധ്യമുണ്ടകാം. എന്നാല്‍ അന്യായമായി അനശ്ചിതമായി നീളുന്ന അദ്ദേഹത്തിന്റെ തടവിന് അന്ത്യമുണ്ടായേ തീരു. വൈകിയാണെങ്കിലും ഈ വിഷയം സജീവമായി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. ഹാവഡ് സര്‍വകലാശാല പ്രഫസറും പ്രമുഖ ചിന്തകനുമായ നോംചോസ്‌കിയടക്കം നിരവധി പ്രമുഖര്‍ മുരളിക്കു പിന്തുണയുമായി രംഗത്തുവന്നുകഴിഞ്ഞു. വിചാരണ തടവുകാരനായി പൂനെയിലെ സാസൂണ്‍ ആശുപത്രിയില്‍ ചികിത്സയിലുളള മുരളിക്ക് മതിയായ ചികിത്സ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കേസുകളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യം നല്‍കണമെന്നും നോംചോസ്‌കി ആവശ്യപ്പെട്ടു. കണ്ണമ്പള്ളി മുരളിക്ക് മതിയായ ചികിത്സയും നീതിയും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന തയ്യാറാക്കിയ പ്രസ്താവനയില്‍ വളരെ സന്തോഷത്തോട് കൂടിയാണ് താന്‍ ഒപ്പിടുന്നതെന്നും നോംചോസ്‌കി വ്യക്തമാക്കി. ഹൃദയരോഗ ബാധിതനായ, 62 വയസ് കഴിഞ്ഞ കണ്ണമ്പള്ളി മുരളിക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഉടനടി തയ്യാറാകണമെന്ന് ഇക്കോണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ ഡെപ്യൂട്ടി എഡിറ്ററായ ബെര്‍ണാഡ് ഡിമെല്ലോയും ഐഐടി പ്രൊഫസറായ ആനന്ദ് തെല്‍തുംഡെയും ആവശ്യപ്പെട്ടു. മീനകന്ദസ്വാമി, കെ വേണു, ബി ആര്‍ പി ഭാസ്‌കര്‍ തുടങ്ങി നിരവധി പേര്‍ ഇക്കാര്യമുന്നയിച്ച് രംഗത്തുവന്നുകഴിഞ്ഞു.
പൂനയില്‍ ആശുപത്രിയില്‍ കണ്ണമ്പിള്ളി മുരളിയെ സഹായിക്കാനും പരിചരിക്കാനുമായി സര്‍ക്കാര്‍ ഇതുവരെ ആരെയും അനുവദിച്ചിട്ടില്ല. ഈ വിഷയത്തില്‍ ജയില്‍ അധികൃതര്‍ ഉടന്‍ വേണ്ട നടപടികള്‍ കൈക്കൊളളണമെന്ന് ആവശ്യപ്പെട്ടാണ് മുരളി നിരാഹാര സമരം ആരംഭിക്കുന്നത്.
2015 മേയ് മാസത്തിലാണ് മുരളിയെ പൂനെയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ അടക്കമുളള നിയമങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസമാണ് പൂനെയിലെ സാസൂണ്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയരോഗ ബാധിതനായിരുന്ന കണ്ണമ്പിള്ളി മുരളി നേരത്തെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.
ഒരാള്‍ മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുമ്പോഴാണ് മുരളിയുടെ ജയില്‍ ജീവിതം അനശ്ചിതമായി നീളുന്നത്. മാവോവാദിയാണെന്ന കാരണത്താല്‍ മാത്രം ഒരാളെ കസ്റ്റഡിയില്‍ വെക്കാനാകില്ല എന്നും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമേ തടവിലാക്കാന്‍ സാധിക്കൂവെന്നുമാണ് കോടതി പറഞ്ഞത്. മുരളിക്കെതിരെ അത്തരത്തില്‍ ഒരു കേസുമില്ലെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതാണ്. ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്റെ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്നായിരുന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിരീക്ഷിച്ചത്. അതേസമയം, ഈ സ്വാതന്ത്ര്യം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കു വഴിമാറുമ്പോള്‍ രാജ്യത്തിന്റെ നിയമം ഉപയോഗിച്ചു തടയാമെന്നും കോടതി ചൂണ്ടികാട്ടിയിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന നിയമവുമായി സംഘട്ടനത്തിലേര്‍പ്പെടുന്നുവെങ്കില്‍ മാവോവാദികളെ കടിഞ്ഞാണിടേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, സംരക്ഷകരാകേണ്ട സര്‍ക്കാര്‍ സംഹാരം നടത്തുന്നവരുടെ വേഷമണിഞ്ഞ് മൃഗങ്ങളെ വേട്ടയാടുന്നപോലെ മാവോവാദി വേട്ട നടത്തുകയാണ് ചെയ്യുന്നതെന്നും കോടതി മാസങ്ങള്‍ക്കുമമ്പെ ചൂണ്ടിക്കാട്ടി. നിലനില്‍ക്കുന്ന നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ മാത്രമേ അത് നിയമവിരുദ്ധ പ്രവര്‍ത്തനമാകൂ. 2014 മേയ് 20ന് വയനാട്ടില്‍ വെച്ച് തണ്ടര്‍ബോട്ട് ശ്യാം ബാലകൃഷ്ണന്‍ എന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തകേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഒരു മനുഷ്യന്റെ താല്‍പര്യത്തിനനുസരിച്ച് ചിന്തിക്കുകയും മനസ്സിലാക്കുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം അവന്റെ സ്വാഭാവിക അവകാശമാണെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. മാവോയിസ്റ്റാണെന്നാരോപിച്ചാല്‍ ആരേയും നിയമവിരുദ്ധമായി തുറുങ്കിലടക്കാമെന്ന അവസ്ഥക്കുള്ള മറുപടിയായിരുന്നു സത്യത്തില്‍ കോടതിവിധി. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത് കുറ്റകരമല്ല എന്നും നിമയവിരുദ്ധവും അക്രമവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതാണ് കുറ്റകരം എന്നും നേരത്തെ ഒരു സുപ്രി കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ നിരോധിത സംഘടനയില്‍ പ്രവര്‍ത്തിക്കുകയോ വിശ്വസിക്കുകയോ സഹായിക്കുകയോ ചെയ്താല്‍ പോലും, അല്ലെങ്കില്‍ അങ്ങനെ ആരോപിച്ചാല്‍ പോലും യു എ പി എ ചുമത്തുന്ന അവസ്ഥയാണുള്ളത്. വിധിയുടെ അന്തസത്തയനുസരിച്ച് മുരളി കണ്ണമ്പിള്ളിയെ തടവില്‍ വെക്കുന്നതില്‍ ഒരര്‍ത്ഥവുമില്ല. അദ്ദേഹം ഒരു നിയമവിരുദ്ധ പ്രവര്‍ത്തനത്തിലും പങ്കെടുത്തതായി റിപ്പോര്‍ട്ടില്ല. മാവോയിസ്റ്റ് ആശയങ്ങളുള്ള ഏതാനും ഇ മെയിലുകള്‍ അയച്ചു എന്നതുമാത്രമാണ് ആരോപിക്കപ്പെട്ട കുറ്റം. കൃത്രിമമായി ആധാര്‍ രേഖയുണ്ടാക്കിയെന്നും കേസുണ്ടത്രെ…
വാസ്തവത്തില്‍ അടിയന്തരാവസ്ഥകാലത്ത് നക്‌സല്‍ പ്രസ്ഥാനത്തിലെത്തുകയും എന്നും ഏറെക്കുറെ ഒളിവില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത മുരളി കണ്ണമ്പിള്ളിയുടെ ചരിത്രപരമായ സംഭാവന അധികമാര്‍ക്കും അറിയില്ല. രാഷ്ട്രീയമാറ്റത്തിനുള്ള ഒറ്റമൂലിയായി വര്‍ഗ്ഗസമരത്തെ കാണുന്ന പരമ്പരാഗത മാര്‍ക്‌സിസ്റ്റ് സമീപനത്തില്‍ നിന്ന് വ്യതിചലിച്ച്, വര്‍ഗ്ഗത്തേക്കാള്‍ രൂക്ഷമായ ചൂഷണരൂപമായി ജാതി നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തെ കുറിച്ചും ജാതീയ ചൂഷണത്തിനെതിരെ പട നയിച്ച അംബേദ്കറെ കുറിച്ചും ഗൗരവമായി ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് പഠിക്കാന്‍ തയ്യാറായപ്പോള്‍ അതിനു നേതൃത്വം കൊടുത്തത് മുരളിയായിരുന്നു. കെ വേണുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സി ആര്‍ സി സിപിഐ എംഎല്‍ ആയിരുന്നു 1980കളവസാനം ഈ വിഷയം സവിശേഷമായി പഠിക്കേണ്ടതാണെന്ന നിലപാടിലെത്തിയത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ചരിത്രത്തിലെ പ്രധാന സംഭവം തന്നെയായിരുന്നു അത്. ജാതി – ലിംഗപരമായ ചൂഷണങ്ങള്‍ വര്‍ഗ്ഗസമരത്തിലൂടെ മാത്രം പരിഹരിക്കാനാവില്ല എന്നും ആ മേഖലകളില്‍ സവിശേഷമായ സമരരൂപങ്ങള്‍ പടുത്തുയര്‍ത്തേണ്ടതുണ്ടെന്നുമുള്ള നിലപാടില്‍ പാര്‍ട്ടിയെത്തുന്നതങ്ങനെയാണ്. ആദിവാസി നേതാവ് കെ എം സലിംകുമാറിന്റെ നേതൃത്വത്തില്‍ അധസ്ഥിത നവോത്ഥാനമുന്നണിയും മറുവശത്ത് സ്ത്രീവിമോചന സംഘടനയായ മാനുഷിയും രൂപം കൊണ്ടത് അതിന്റെ തുടര്‍ച്ചയായിരുന്നു. ഫ്രാക്ഷന്‍ ഉണ്ടാക്കി ബഹുജന സംഘടനകളെ നിയന്ത്രിക്കുന്ന കമ്യൂണിസ്റ്റ് നയം ഈ സംഘടനകളില്‍ നടപ്പാക്കരുതെന്നും തീരുമാനിച്ചു. കോട്ടയവും മറ്റും കേന്ദ്രീകരിച്ച് ദളിത് വിഭാഗങ്ങളിലെ ബുദ്ധിജീവികളും വയനാട്ടില്‍ നിന്ന് ആദിവാസി നേതാവ് സി കെ ജാനുവുമൊക്കെ ഉയര്‍ന്നു വന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ തന്നെയായിരുന്നു ഒരു എം എല്‍ ഗ്രൂപ്പില്‍ നിന്ന് ഇത്തരമൊരു ചരിത്രപരമായ തീരുമാനം പുറത്തുവന്നത്. അതിനു നേതൃത്വം കൊടുത്തു എന്നതാണ് മുരളിയുടെ ഏറ്റവും പ്രധാന സംഭാവന. പിന്നീട് കേരളത്തില്‍ സജീവമായ ദളിത്, ആദിവാസി, സ്ത്രീ മുന്നേറ്റങ്ങളില്‍ ഈ തീരുമാനത്തിനും സ്വാധീനമുണ്ട്. പല മുന്‍ നക്‌സലൈറ്റുകളും ഈ മേഖലകളിലെ സജീവപ്രവര്‍ത്തകരുമായല്ലോ. അതേസമയം പിന്നീട് ഈ നിലപാടില്‍ നിന്ന് മുരളി പുറകോട്ടുപോയി എന്നത് വേറെ കാര്യം. വര്‍്ഗ്ഗസമരത്തിന്റേയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും നെടുനായകത്വം തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറായില്ല. അങ്ങനെയാണ് എം ഗീതാനന്ദനും മറ്റും മുരളിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ജാനുവിനൊപ്പം ചേര്‍ന്ന് ഗോത്രമഹാസഭ രൂപീകരിക്കുകയും മുരളിയും കൂട്ടരും കൂടുതല്‍ തീവ്രമായ നിലപാടുകളിലെത്തി സിപിഐ നക്‌സല്‍ബാരി രൂപീകരിക്കുന്നതും പിന്നീട് മാവോയിസ്റ്റില്‍ ലയിക്കുന്നതും. ഇപ്പാള്‍ തങ്ങളുടെ പരിപൂര്‍ണ്ണമായ നിയന്ത്രണത്തിലാണെങ്കിലും സിപിഎം പോലും ആദിവാസി – ദളിത് സംഘടനകള്‍ക്ക് രൂപം കൊടുത്തല്ലോ. അംബേദ്കറെ കുറിച്ച് ഗൗരവപരമായി പറയാന്‍ സിപിഎം സെക്രട്ടറി യെച്ചൂരിയും തയ്യാറായി. കേരളത്തിന്റെ ഭൂമി – ജാതി വിഷയങ്ങളും ഇദ്ദേഹം പഠനവിഷയമാക്കി. അതുമായി ബന്ധപ്പെട്ടഴുതിയ ഭൂമി- ജാതി – ബന്ധനം എന്ന പുസ്തകം ശ്രദ്ധേയമാണ്. അജിത് എന്നപേരില്‍ മാതൃഭൂമിയിലും മറ്റും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
എന്തായാലും സേസിന്റെ നടപടികള്‍ വേഗത്തിലാക്കി നിയമമനുശാസിക്കുന്ന അവകാശങ്ങള്‍ മുരളിക്കു ലഭ്യമാക്കണം. കൂടാതെ രോഗാവസ്ഥയിലുള്ള അദ്ദേഹത്തിന് ചികിത്സയും സഹായവും നല്‍കണം. അതൊന്നും ചെയ്യുന്നില്ലെങ്കില്‍ നമ്മുടെ ജനാധിപത്യം എത്ര കപടമാണെന്ന മാവോയിസ്റ്റുകളുടെ വിമര്‍ശനം യാഥാര്‍ത്ഥ്യമാകുകയാണ് ചെയ്യുക…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply