മുരളി കണ്ണമ്പിള്ളിയുടെ പ്രസക്തി

അടിയന്തരാവസ്ഥകാലത്ത് നക്‌സല്‍ പ്രസ്ഥാനത്തിലെത്തുകയും ഇന്നുവരെ ഏറെക്കുറെ ഒളിവില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത മുരളി കണ്ണമ്പിള്ളിയുടെ ചരിത്രപരമായ സംഭാവന അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. അതേകുറിച്ച് പുറംലോകത്തിന്  കാര്യമായി അറിയാത്തതും കാരണമാകാം. മാത്രമല്ല രാഷ്ട്രീയ – സൈദ്ധാന്തിക നിലപാടുകളില്ല, റൊമാന്റിക് വിപ്ലവ വായാടിത്തങ്ങളിലാണല്ലോ നമുക്ക് പൊതുവില്‍ താല്‍പ്പര്യം. രാഷ്ട്രീയമാറ്റത്തിനുള്ള ഒറ്റമൂലിയായി വര്‍ഗ്ഗസമരത്തെ കാണുന്ന പരമ്പരാഗത മാര്‍ക്‌സിസ്റ്റ് സമീപനത്തില്‍ നിന്ന് വ്യതിചലിച്ച്, വര്‍ഗ്ഗത്തേക്കാള്‍ രൂക്ഷമായ ചൂഷണരൂപമായി ജാതി നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തെ കുറിച്ചും ജാതീയ ചൂഷണത്തിനെതിരെ പട നയിച്ച അംബേദ്കറെ കുറിച്ചും […]

muraliഅടിയന്തരാവസ്ഥകാലത്ത് നക്‌സല്‍ പ്രസ്ഥാനത്തിലെത്തുകയും ഇന്നുവരെ ഏറെക്കുറെ ഒളിവില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത മുരളി കണ്ണമ്പിള്ളിയുടെ ചരിത്രപരമായ സംഭാവന അധികമാരും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. അതേകുറിച്ച് പുറംലോകത്തിന്  കാര്യമായി അറിയാത്തതും കാരണമാകാം. മാത്രമല്ല രാഷ്ട്രീയ – സൈദ്ധാന്തിക നിലപാടുകളില്ല, റൊമാന്റിക് വിപ്ലവ വായാടിത്തങ്ങളിലാണല്ലോ നമുക്ക് പൊതുവില്‍ താല്‍പ്പര്യം.
രാഷ്ട്രീയമാറ്റത്തിനുള്ള ഒറ്റമൂലിയായി വര്‍ഗ്ഗസമരത്തെ കാണുന്ന പരമ്പരാഗത മാര്‍ക്‌സിസ്റ്റ് സമീപനത്തില്‍ നിന്ന് വ്യതിചലിച്ച്, വര്‍ഗ്ഗത്തേക്കാള്‍ രൂക്ഷമായ ചൂഷണരൂപമായി ജാതി നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തെ കുറിച്ചും ജാതീയ ചൂഷണത്തിനെതിരെ പട നയിച്ച അംബേദ്കറെ കുറിച്ചും ഗൗരവമായി ഒരു കമ്യൂണിസ്റ്റ് ഗ്രൂപ്പ് പഠിക്കാന്‍ തയ്യാറായപ്പോള്‍ അതിനു നേതൃത്വം കൊടുത്തത് മുരളിയായിരുന്നു. കെ വേണുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സി ആര്‍ സി സിപിഐ എംഎല്‍ ആയിരുന്നു 1980കളവസാനം ഈ വിഷയം സവിശേഷമായി പഠിക്കേണ്ടതാണെന്ന നിലപാടിലെത്തിയത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ചരിത്രത്തിലെ പ്രധാന സംഭവം തന്നെയായിരുന്നു അത്. ജാതി – ലിംഗപരമായ ചൂഷണങ്ങള്‍ വര്‍ഗ്ഗസമരത്തിലൂടെ മാത്രം പരിഹരിക്കാനാവില്ല എന്നും ആ മേഖലകളില്‍ സവിശേഷമായ സമരരൂപങ്ങള്‍ പടുത്തുയര്‍ത്തേണ്ടതുണ്ടെന്നുമുള്ള നിലപാടില്‍ പാര്‍ട്ടിയെത്തുന്നതങ്ങനെയാണ്. ആദിവാസി നേതാവ് കെ എം സലിംകുമാറിന്റെ നേതൃത്വത്തില്‍ അധസ്ഥിത നവോത്ഥാനമുന്നണിയും മറുവശത്ത് സ്ത്രീവിമോചന സംഘടനയായ മാനുഷിയും രൂപം കൊണ്ടത് അതിന്റെ തുടര്‍ച്ചയായിരുന്നു.  ഫ്രാക്ഷന്‍ ഉണ്ടാക്കി ബഹുജന സംഘടനകളെ നിയന്ത്രിക്കുന്ന കമ്യൂണിസ്റ്റ് നയം ഈ സംഘടനകളില്‍ നടപ്പാക്കരുതെന്നും തീരുമാനിച്ചു.
കോട്ടയവും മറ്റും കേന്ദ്രീകരിച്ച് ദളിത് വിഭാഗങ്ങളിലെ ബുദ്ധിജീവികളും വയനാട്ടില്‍ നിന്ന് ആദിവാസി നേതാവ് സി കെ ജാനുവുമൊക്കെ ഉയര്‍ന്നു വന്നുകൊണ്ടിരുന്ന സാഹചര്യത്തില്‍ തന്നെയായിരുന്നു ഒരു എം എല്‍ ഗ്രൂപ്പില്‍ നിന്ന് ഇത്തരമൊരു ചരിത്രപരമായ തീരുമാനം പുറത്തുവന്നത്. അതിനു നേതൃത്വം കൊടുത്തു എന്നതാണ് മുരളിയുടെ ഏറ്റവും പ്രധാന സംഭാവന. പിന്നീട് കേരളത്തില്‍ സജീവമായ ദളിത്, ആദിവാസി, സ്ത്രീ മുന്നേറ്റങ്ങളില്‍ ഈ തീരുമാനത്തിനും സ്വാധീനമുണ്ട്. പല മുന്‍ നക്‌സലൈറ്റുകളും ഈ മേഖലകളിലെ സജീവപ്രവര്‍ത്തകരുമായല്ലോ. അതേസമയം പിന്നീട് ഈ നിലപാടില്‍ നിന്ന് മുരളി പുറകോട്ടുപോയി എന്നത് വേറെ കാര്യം. വര്‍്ഗ്ഗസമരത്തിന്റേയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റേയും നെടുനായകത്വം തള്ളിക്കളയാന്‍ അദ്ദേഹം തയ്യാറായില്ല. അങ്ങനെയാണ് എം ഗീതാനന്ദനും മറ്റും മുരളിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ജാനുവിനൊപ്പം ചേര്‍ന്ന് ഗോത്രമഹാസഭ രൂപീകരിക്കുകയും മുരളിയും കൂട്ടരും കൂടുതല്‍ തീവ്രമായ നിലപാടുകളിലെത്തി സിപിഐ നക്‌സല്‍ബാരി രൂപീകരിക്കുന്നതും പിന്നീട് മാവോയിസ്റ്റില്‍ ലയിക്കുന്നതും. ഇപ്പാള്‍ തങ്ങളുടെ പരിപൂര്‍ണ്ണമായ നിയന്ത്രണത്തിലാണെറിച്ചുങ്കിലും സിപിഎം പോലും സിപിഎം പോലും ആദിവാസി – ദളിത് സംഘടനകള്‍ക്ക് രൂപം കൊടുത്തല്ലോ. അംബേദ്കറെ കുറിച്ച് ഗൗരവപരമായി പറയാന്‍ ഒരു സിപിഎം സെക്രട്ടറിയും തയ്യാറായി. യെച്ചൂരി തന്നെ.
നക്‌സല്‍ – മാവോയിസ്റ്റ് വിഭാഗങ്ങള്‍ക്ക് വളരെ ഉയര്‍ന്ന സൈദ്ധാന്തികനെയാണ് താല്‍ക്കാലികമായിട്ടാണെങ്കിലും നഷ്ടപ്പെട്ടത്. സിആര്‍സിയുടെ പ്രസിദ്ധീകരണായ മാസ് ലൈനും ആഗോളതലത്തില്‍ മാവോയിസ്റ്റ് വിഭാഗങ്ങളുടെ കൂട്ടായ്മയായ റെവല്യൂഷണറി ഇന്ഞറര്‍ നാഷണല്‍ മൂവ്‌മെന്റിന്റെ പ്രസിദ്ധീകരണമായ എ വേള്‍ഡ് ടു വിനും എഡിറ്റ് ചെയ്തത് ഇദ്ദേഹമായിരുന്നു. നേപ്പാള്‍ മാവോയിസ്റ്റ് നേതാവ് പ്രചണ്ഡയുടെ അടുത്ത സുഹൃത്തായിരുന്നു. കാര്യമായി പൊതുപരിപാടികളില്‍ പങ്കെടുത്തിട്ടില്ലെങ്കിലും ബാബറി മസ്ജിദ് തകര്‍ക്കുന്നതിനുമുമ്പ് തൃശൂരില്‍ നടന്ന സവര്‍ണ്ണ ഫാസിസ്റ്റ് വിരുദ്ധ കണ്‍വെന്‍ഷനില്‍ മണ്ഡല്‍ – കാശ്മീര്‍ – മസ്ജിദ് പ്രശ്‌നങ്ങളും ഇന്ത്യന്‍ രാഷ്ട്രീയവും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. ഉദ്ഘാടനം ചെയ്തതാകട്ടെ സച്ചിദാനന്ദനും. പിന്നീട് സാഹിത്യ അക്കാദമിയില്‍ അംബ്ദകറുടെ സംഭാവനകളെ കുറിച്ചും ഇദ്ദേഹം ചര്‍ച്ച നയിച്ചിരുന്നു.കേരളത്തിന്റെ ഭൂമി – ജാതി വിഷയങ്ങളും ഇദ്ദേഹം പഠനവിഷയമാക്കി. അതുമായി ബന്ധപ്പെട്ടഴുതിയ ഭൂമി – ജാതി – ബന്ധനം എന്ന പുസ്തകം ശ്രദ്ധേയമാണ്. അജിത് എന്നപേരില്‍ മാതൃഭൂമിയിലും മറ്റും നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. പ്രധാന വിഷയങ്ങളില്‍ പ്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ക്ലാസ്സുകള്‍ എടുത്തിരുന്നതും മുരളിയായിരുന്നു. ചൈനീസ് – കിഴക്കന്‍ യൂറോപ്പ് സംഭവവികാസങ്ങളെ തുടര്‍ന്ന്, കെ വേണു ജനാധിപത്യനിലപാടിലേക്ക് മടങ്ങുന്ന നിലപാട് അവതരിപ്പിച്ചപ്പോള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്ത്ില്‍ നടന്ന ആശയസമരം പഴയ പ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.
അടിയന്തരാവസ്ഥകാലത്ത് മുരളിയെ കുറിച്ചുള്ള പോലീസിന്റെ ചോദ്യങ്ങളും മര്‍ദ്ദനങ്ങളുമായിരുന്നു രാജന്റെ മരണത്തിനു കാരണമായത്. അവസാനകാലത്ത് തന്റെ ആഗ്രഹപ്രകാരം മുരളി വന്ന് സംസാരിച്ചതിനെ കുറിച്ച് രാജന്റെ പിതാവ് ഈച്ചരവാരിയര്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഫോട്ടോ പോലും കൈവശമില്ലാതിരുന്നിട്ടും പോലീസിന് മുരളിയെ പിടികൂടാന്‍ കഴിഞ്ഞത് മാത്രം ദുരൂഹമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply