മുന്‍കൂര്‍ ജാമ്യത്തില്‍ തീരുന്നതല്ല ഈ വീഴ്‌ച അപര്‍ണ്ണാ കുറുപ്പ്‌

ഹരികുമാര്‍ മലയാള വാര്‍ത്താ ചാനലുകളിലെ ഭേദപ്പെട്ട വാര്‍ത്താധിഷ്‌ഠിത പരിപാടികളില്‍ ഒന്നാണ്‌ ഞങ്ങള്‍ക്കും പറയാനുണ്ട്‌ എന്നതില്‍ സംശയമില്ല. പരിപാടിയുടെ പേരു സൂചിപ്പിക്കുന്നത്‌ ഇരകള്‍ക്കും പറയാനുണ്ടെന്നും അതിനുള്ള വേദിയായാണിതെന്നുമാണല്ലോ. പലപ്പോഴും ആ പേരിനോട്‌ നീതിപുലര്‍ത്താന്‍ അവതാരക അപര്‍ണാ കുറുപ്പിനു കഴിയാറുണ്ട്‌. എന്നാല്‍ കഴിഞ്ഞ ദ്വസം ആദിവാസി നില്‍പ്പുസമരവുമായി ബന്ധപ്പെട്ട എപ്പിസോഡില്‍ അവര്‍ തീരെ പരാജയപ്പെട്ടു. പരാജയപ്പെട്ടു എന്നുമാത്രമല്ല, ഫലത്തില്‍ പരിപാടി ഇരകള്‍ക്കെതിരായി തീര്‍ന്നു. പരിപാടിയുടെ പരാജയം അപര്‍ണ മനസ്സിലാക്കിയെന്നു വ്യക്തം. അതിന്റെ ഭാഗമായി അവര്‍ എഫ്‌ ബിയില്‍ ഒരു മുന്‍കൂര്‍ […]

aparnaഹരികുമാര്‍

മലയാള വാര്‍ത്താ ചാനലുകളിലെ ഭേദപ്പെട്ട വാര്‍ത്താധിഷ്‌ഠിത പരിപാടികളില്‍ ഒന്നാണ്‌ ഞങ്ങള്‍ക്കും പറയാനുണ്ട്‌ എന്നതില്‍ സംശയമില്ല. പരിപാടിയുടെ പേരു സൂചിപ്പിക്കുന്നത്‌ ഇരകള്‍ക്കും പറയാനുണ്ടെന്നും അതിനുള്ള വേദിയായാണിതെന്നുമാണല്ലോ. പലപ്പോഴും ആ പേരിനോട്‌ നീതിപുലര്‍ത്താന്‍ അവതാരക അപര്‍ണാ കുറുപ്പിനു കഴിയാറുണ്ട്‌. എന്നാല്‍ കഴിഞ്ഞ ദ്വസം ആദിവാസി നില്‍പ്പുസമരവുമായി ബന്ധപ്പെട്ട എപ്പിസോഡില്‍ അവര്‍ തീരെ പരാജയപ്പെട്ടു. പരാജയപ്പെട്ടു എന്നുമാത്രമല്ല, ഫലത്തില്‍ പരിപാടി ഇരകള്‍ക്കെതിരായി തീര്‍ന്നു.
പരിപാടിയുടെ പരാജയം അപര്‍ണ മനസ്സിലാക്കിയെന്നു വ്യക്തം. അതിന്റെ ഭാഗമായി അവര്‍ എഫ്‌ ബിയില്‍ ഒരു മുന്‍കൂര്‍ ജാമ്യവും എടുത്തിട്ടുണ്ട്‌. അങ്ങനെ എഫ്‌ബിയിലെ കുറച്ചുപേരെ ബോധ്യപ്പെടുത്തി എന്തുകാര്യം? മാത്രമല്ല, അപ്പോഴും പരാജയത്തിന്റെ കുറ്റം സമരക്കാരില്‍ ചാര്‍ത്താനാണ്‌ അപര്‍ണ ശ്രമിക്കുന്നത്‌. ഇങ്ങനെയാണ്‌ അവരുടെ കുറിപ്പ്‌.

ഇരിക്കാതെ, കുറച്ചധികം സമയം നില്‍ക്കുക തന്നെ ശ്രമകരമാണ്‌, 40 ദിവസത്തോളമായി നില്‍ക്കുക ഓര്‍ക്കാന്‍ പോലും പ്രയാസം. ഉള്ള്‌ പൊള്ളിക്കുന്ന ആവശ്യങ്ങളുമായി കാലുകള്‍ പൊള്ളിച്ച്‌ നടത്തുന്ന സമരത്തെക്കുറിച്ച്‌ പറയാന്‍, വിശദീകരിക്കാന്‍ സമരപന്തലില്‍ നിന്ന്‌ അവര്‍ തന്നെ നിര്‍ദ്ദേശിച്ച പാനല്‍, സമരത്തില്‍ പങ്കെടുക്കുന്നവര്‍ തന്നെയാണ്‌ ‘ഞങ്ങള്‍ക്കും പറയാനുണ്ടി’ല്‍ എത്തിയത്‌. കേള്‍ക്കേണ്ടത്‌ ഇവര്‍ക്ക്‌ മാത്രം പറയാനുള്ളത്‌ ആകണം എന്ന്‌ വ്യക്തിപരമായി നിര്‍ബന്ധമുള്ളതിനാല്‍ എതിര്‍ഭാഗം പോലും ഒഴിവാക്കി. പക്ഷെ ഇത്ര ശക്തമായ വിഷയത്തിലെ അതീവ ശ്രദ്ധ കിട്ടേണ്ട പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍, അതിഥികള്‍ക്ക്‌ കഴിഞ്ഞില്ലെന്ന്‌ മാത്രമല്ല, പത്തോ പതിഞ്ചോ വരുന്ന മറ്റ്‌ ഓഡിയന്‍സിലെ സാധാരണക്കാരുടെ കണ്ണടച്ചുള്ള ആരോപണങ്ങള്‍ പോലും ശക്തമായി പ്രതിരോധിക്കപ്പെട്ടില്ല. പെങ്ങളുടെ കല്യാണത്തലേന്നായിട്ടുപ്പോലും കൊച്ചിയില്‍ നിന്ന്‌ തിരുവനന്തപുരത്തെത്തി ഷോയില്‍ പങ്കെടുത്ത Jahangeer Abdul Razack Paleri ക്കുപോലും മനസ്സില്‍ കരുതിവച്ച വാദങ്ങളുന്നയിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. അത്യന്തം ശ്രദ്ധ കിട്ടേണ്ട ആവശ്യങ്ങളുടെ സമരം, ശ്രദ്ധിക്കപ്പെടാതെ പോകുന്നതിനു പിന്നില്‍ ആവശ്യങ്ങളുടെ അവ്യക്തതയും നേതൃത്വത്തിലെ ബലഹീനതയുമുണ്ടാകാമെന്ന്‌ sanilpt kalhara pt
പങ്കുവച്ച അഭിപ്രായം കൂടി ചേര്‍ത്തു വയ്‌ക്കുന്നു ഞാന്‍. അതെന്നെ നിരാശപ്പെടുത്തുന്നു. അങ്ങനെ അപ്രസക്തമാകേണ്ടതല്ല ഈ സമരം.

പരിപാടി മുഴുവന്‍ കണ്ട വ്യക്തി എന്ന നിലയില്‍ ഈ വാദം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. പ്രധാനപ്രശ്‌നം അവതാരക കാര്യങ്ങള്‍ വ്യക്തമായി പഠിക്കാത്തതുതന്നെ. ഗോത്രസഭ തന്നെ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ സമരവുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളുമുണ്ട്‌. അപര്‍ണ അതുവായിച്ചോ എന്നറിയല്ല. തീര്‍ച്ചയായും തിരക്കുപിടിച്ച ചാനല്‍ ജീവിതത്തില്‍ അതെളുപ്പമല്ല എന്നറിയാം. മാത്രമല്ല, ആഴത്തിലുള്ള ഒരവലോകനം ഇത്തരം പരിപാടികളുടെ ലക്ഷ്യമല്ല എന്നുമറിയാം. എന്നാലും വെളുക്കാന്‍ തേച്ചത്‌ പാണ്ടാകാന്‍ പാടില്ലല്ലോ.
എത്രയോ വര്‍ഷങ്ങളായി കേരളത്തിലെ നക്‌സലൈറ്റ്‌ പ്രസ്ഥാനത്തിലും പിന്നീട്‌ ദളിത്‌ – ആദിവാസി മേഖലയിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഗീതാനന്ദന്‌ സമരത്തെ കുറിച്ച്‌ വിശദമായി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചില്ല എന്നതാണ്‌ ചര്‍ച്ചയുടെ പരാജയത്തിന്റെ പ്രധാനകാരണം. കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണം, തിരുവിതാംകൂറില്‍നിന്നുള്ള കുടിയേറ്റം എന്നിവയില്‍ നിന്നാരംഭിക്കുന്നു ആദിവാസികളുടെ മണ്ണും ജീവിതവും നഷ്ടപ്പെടല്‍. കാലങ്ങള്‍ക്കുശേഷം സ്വന്തം ചോരയില്‍നിന്നൊരു നേതാവ്‌ – സികെ ജാനു – ഉയര്‍ന്നുവന്നതിനുശേഷമാണ്‌ നഷ്ടപ്പെട്ട ഭൂപ്രശ്‌നം ആദിവാസികള്‍ ശക്തമായി ഉന്നയിക്കുന്നത്‌. അങ്ങനെയാണ്‌ കഴിഞ്ഞ ഒന്നരദശകം ആദിവാസി മുന്നേറ്റങ്ങളുടെ കാലമായത്‌. ആറളവും മുത്തങ്ങയും ചങ്ങറയും അരിപ്പയുമൊക്കെ ഉണ്ടായതങ്ങനെ. ഒപ്പം ആദിവാസികളുടെ ഭരണഘടനാപരമായ സ്വയം നിര്‍ണ്ണയാവകാശവും അവരുന്നയിക്കുന്നു. ഈ സമരങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാനാവശ്യപ്പെട്ടാണ്‌ ഈ നില്‍പ്പുസമരം. ഗൗരവപരമായ ഈ വിഷയം കൃത്യമായി അവതരിക്കാനുള്ള അവസരം ലഭിച്ചില്ല എന്നുമാത്രമല്ല, കാര്യമായ പ്രശ്‌നങ്ങളില്ലാത്ത മേഖലകളില്‍ നിന്നുള്ളവരേയും ഈ മേഖലയില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരേയും ചര്‍ച്ചയില്‍ പങ്കെടുപ്പിച്ച്‌ തുല്ല്യാവസരം നല്‍കുകയും ചെയ്‌തു. എന്തിനേറെ സെക്രട്ടറിയേറ്റിനു പടിക്കല്‍ വഴി നടക്കാനാകാത്ത വിഷയത്തിലേക്കടക്കം ചര്‍ച്ച മാറിപോയി.
ചാനല്‍ ചര്‍ച്ചകളില്‍ അവതാരകരുടെ ഏകാധിപത്യസ്വഭാവം പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്‌. അപ്പോഴും സമയപരിമിതിയും ചര്‍ച്ച മറ്റുവിഷയങ്ങളിലേക്കുമാറി പോകുന്നതും ചൂണ്ടികാട്ടി അവ ന്യായീകരിക്കപ്പെടാറുണ്ട്‌. എന്നാല്‍ ഇവിടെ ചര്‍ച്ച ശരിയായ ദിശയില്‍ നയിക്കാന്‍ അവതാരകക്കായില്ല. അതുമൂലം ആര്‍ക്കും കാര്യമായ പ്രശ്‌നമുണ്ടാകില്ലെങ്കില്‍ അതേകുറിച്ചൊരു അഭിപ്രായ പ്രകടനത്തിനൊരുങ്ങുമായിരുന്നില്ല. എന്നാല്‍ ഒരു ജനത ജീവിതം കൊണ്ടു നടത്തുന്ന ഒരു പോരാട്ടത്തിന്റെ ഗൗരവം ചോര്‍ത്തുന്നതായിപോയി. അതിനാല്‍തന്നെ ഞങ്ങള്‍ക്കും പറയാനുണ്ട്‌ എന്ന പേരിനോട്‌ അത്‌ നീതി പുലര്‍ത്തിയുമില്ല.

ആദിവാസികളുടെ നില്‍പ്പുസമരം – ചരിത്രവും രാഷ്ട്രീയവും – എം ഗീതാനന്ദന്‍
https://thecritic.in/archives/7789 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply