മുതലമട : ക്വാറികള്‍ക്കെതിരായ സമരം ശക്തമാകുന്നു.

പരിസ്ഥിതിക്കും ജനങ്ങളുടെ ജീവനും ഭീഷണിയായി മാറുകയും കാര്‍ഷികമേഖലയെ തകര്‍ക്കുകയും ചെയ്യുന്ന അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കതിരായ മുതലമട നിവാസികളുടെ സമരം ശക്തമാകുന്നു. ക്വാറികള്‍ നിര്‍ത്താനാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ അനശ്ചിത കാല നിരാഹാരസമരത്തിലാണ് നാട്ടുകാര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. ക്വാറികള്‍ പൂട്ടാനുള്ള ആവശ്യത്തിനുനേരം മുഖം തിരിക്കുന്ന പാര്‍ട്ടികളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് 1500ഓളം പേര്‍ ലോകസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ഈ മേഖലയിലെ പല ക്വാറികള്‍ക്കെതിരെയും തദ്ദേശീയര്‍ വര്‍ഷങ്ങളായിതന്നെ പല രീതിയിലും സമരങ്ങള്‍ നടത്തിയിരുന്നു. […]

images1പരിസ്ഥിതിക്കും ജനങ്ങളുടെ ജീവനും ഭീഷണിയായി മാറുകയും കാര്‍ഷികമേഖലയെ തകര്‍ക്കുകയും ചെയ്യുന്ന അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കതിരായ മുതലമട നിവാസികളുടെ സമരം ശക്തമാകുന്നു. ക്വാറികള്‍ നിര്‍ത്താനാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ അനശ്ചിത കാല നിരാഹാരസമരത്തിലാണ് നാട്ടുകാര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. ക്വാറികള്‍ പൂട്ടാനുള്ള ആവശ്യത്തിനുനേരം മുഖം തിരിക്കുന്ന പാര്‍ട്ടികളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് 1500ഓളം പേര്‍ ലോകസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

ഈ മേഖലയിലെ പല ക്വാറികള്‍ക്കെതിരെയും തദ്ദേശീയര്‍ വര്‍ഷങ്ങളായിതന്നെ പല രീതിയിലും സമരങ്ങള്‍ നടത്തിയിരുന്നു. ആ സമരങ്ങള്‍ക്കാണ് ഇപ്പോള്‍ ഏകരൂപം വന്നിരിക്കുന്നത്. മുതലമടയിലെ ഇരുപത്തിയഞ്ചോളം അനധികൃത ക്വാറികളും അടച്ചുപൂട്ടണമെന്നും ലൈസന്‍സ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഇപ്പോഴത്തെ സമരം. 13 വര്‍ഷമായി ഖനനം നടക്കുന്ന മൂച്ചംകുണ്ടിലെ ഫൈവ്സ്റ്റാര്‍ മെറ്റല്‍സിനെതിരെയാണ് പ്രധാനമായും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിരിക്കുന്നത്.
പാലക്കാട് ജില്ലയിലെ കാര്‍ഷികമേഖലയുടെ പ്രധാന ജലസ്രോതസ്സായ ചുള്ളിയാര്‍ ഡാമിന് സമീപത്തുള്ള രണ്ട് വാര്‍ഡുകളിലായാണ് ഈ ക്വാറികള്‍ മിക്കതും സ്ഥിതി ചെയ്യുന്നത്. ചുള്ളിയാര്‍പ്പുഴ വറ്റിവരളുന്നതിന് ഇതു കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. ചുള്ളിയാര്‍ ഡാമിന്റെ ആയക്കെട്ട് പരിധിയിലുള്ള നെല്‍കൃഷി വെള്ളം കിട്ടാതെ ഉണങ്ങിപ്പോകുന്ന അവസ്ഥയാണിപ്പോള്‍. ഡാമിന് ഭീഷണിയാകുംവിധത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തിവെക്കണമെന്ന് 2010ല്‍ ഡാം സുരക്ഷാ അതോറിറ്റി ജില്ലാഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, അതിപ്പോഴും നടപ്പായിട്ടില്ല.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം ഇ.എസ്.എ മേഖല ഒന്നില്‍ ഉള്‍പ്പെടുത്തിയിരുന്ന ചിറ്റൂര്‍ താലൂക്കിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരവും മുതലമട ഒന്നും രണ്ടും വില്ലേജുകള്‍ ഇ.എസ്.എയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഇടയ്ക്കിടെ ഉണ്ടാകാറുള്ള പ്രദേശമാണിത്. 1977ല്‍ ഇവിടെയുണ്ടായ വലിയ മലയിടിച്ചിലില്‍ 22 പേര്‍ മരിച്ചിരുന്നു. 1900 ഫെബ്രുവരി 8ന് ചിറ്റൂരിനടുത്ത് ഭൂകമ്പമാപിനിയില്‍ ആറ് രേഖപ്പെടുത്തി അതിശക്തമായ ഭൂകമ്പമുണ്ടായി. ഒരു ഭൂകമ്പം നടന്ന സ്ഥലത്ത് 100-130 വര്‍ഷത്തിനിടയില്‍ ഭൂകമ്പം വീണ്ടും ആവര്‍ത്തിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 2000-ത്തിന് ശേഷവും ചെറിയ തോതിലുള്ള ഭൂകമ്പങ്ങള്‍ പാലക്കാടിന്റെ കിഴക്കന്‍ മേഖലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ക്വാറികള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ശക്തമായതിനെത്തുടര്‍ന്ന് 2013 ഡിസംബര്‍ ആറിന് പാലക്കാട് ജില്ലാ കളക്ടര്‍ ഈ മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മിക്ക ക്വാറികളും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ വിശദമായി പഠിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ചിറ്റൂര്‍ തഹസില്‍ദാരെ കളക്ടര്‍ ചുമതലപ്പെടുത്തി. ക്വാറികള്‍ക്കെതിരായ റിപ്പോര്‍ട്ടായിരുന്നു തഹസീല്‍ദാര്‍ നല്‍കിയത്. മുതലമട പഞ്ചായത്തിലെ ഖനനപ്രവര്‍ത്തനങ്ങള്‍ നിരോധിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂച്ചംകുണ്ടിലെ ഫൈവ്സ്റ്റാര്‍ മെറ്റല്‍സിന്റെ രണ്ട് ക്വാറികളും ചെമ്മണാംപതിയിലെ എ വണ്‍ സാന്‍ഡ്‌സും മേച്ചിറയിലെ തോംസണ്‍ മെറ്റല്‍സും അനുമതി ലഭിച്ചതിന്റെ പരിധി ലംഘിച്ച് വന്‍തോതില്‍ ഖനനം നടത്തിയതായി തഹസീല്‍ദാര്‍ കണ്ടെത്തി. മേഖലയിലെ മിക്ക ക്വാറികളും ജിയോളജി വകുപ്പിന്റെ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ഖനനം നടത്തുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അനുമതിയുള്ളതിനേക്കാള്‍ എത്രയോ കൂടുതല്‍ താഴ്ചയിലും വിസ്തൃതിയിലുമാണ് ഖനനം നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. തുടര്‍ന്ന് കളക്ടര്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഇരുപത് ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. പിന്നാലെ ജിയോളജി വകുപ്പും രംഗത്തെത്തി. അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തില്‍ ജിയോളജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമപഞ്ചായത്ത്, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ 2014 ജനുവരി 3ന് മുതലമടയിലെ 12 ക്വാറികളില്‍ നേരിട്ട് പരിശോധന നടത്തി. ക്വാറികള്‍ കാരണമുണ്ടാകുന്ന ജലശോഷണവും കാര്‍ഷിക വിളകളിലുണ്ടാകുന്ന കുറവും വീടുകള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളും പാറപ്പൊടി സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും അന്വേഷണം സംഘം വിലയിരുത്തി. എന്നാല്‍ അതിനിടയില്‍ ക്വാറി മാഫിയ ഉന്നത തലങ്ങളില്‍ പിടി മുറുക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. അനുമതിപത്രങ്ങളില്‍ പറയുന്ന വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാക്കാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ കളക്ടര്‍ അനുമതി നല്‍കിയത് അതിന്റഎ ഭാഗമാണെന്നും അവര്‍ പറയുന്നു. ആദിവാസി-ദളിത് വിഭാഗത്തില്‍പ്പെട്ട ദരിദ്രരായവര്‍ താമസിക്കുന്ന വെള്ളാരങ്കടവ്, മേച്ചിറ, ഫിഷറീസ്, ഐ.ബി, കുണ്ടലക്കുളമ്പ് കോളനികള്‍ക്ക് മുന്നിലൂടെയാണ് കിഴക്കന്‍ ക്വാറികളില്‍ നിന്നുള്ള ലോറികളുടെ മരണപ്പാച്ചില്‍ വീണ്ടും ആരംഭിച്ചു. തുടര്‍ന്നാണ് നാട്ടുകാര്‍ വീണ്ടും സമരരംഗത്തെത്തിയത്. ഖനനം നിര്‍ത്തി വെക്കാന്‍ എഡിഎം ഉത്തരവിട്ടെങ്കിലും പോലീസ് സംരക്ഷണത്തിനുള്ള കോടതി വിധി സമ്പാദിച്ചുകൊണ്ട്, ക്വാറികള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ഫെബ്രുവരി 21ന് നാട്ടുകാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനുനേരെ പോലീസ് ബലപ്രയോഗം നടത്തുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ അനശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകരായ യാമിനി പരമേശ്വരന്‍, സുരേഷ് നാരായണന്‍ എന്നിവര്‍ സംവിധാനം ചെയ്ത, പ്രോലിറ്റേറിയന്‍ ഫ്രെയിംസിന്റെ ‘ഊരു കവര്‍ന്നു… ഉയിരും’ എന്ന ഡോക്യുമെന്ററി കഴിഞ്ഞ ദിവസം സമരപന്തലില്‍ പ്രദര്‍ശിപ്പിച്ചത് നാട്ടുകാരുടെ സമരാവേശം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply