മാസാചരണങ്ങളല്ല, ചര്‍ച്ചകളും സംവാദങ്ങളുമാണ് വേണ്ടത്

ഡോ.അസീസ് തരുവണ വയനാടന്‍ രാമായണം, എത്രയെത്ര രാമായണങ്ങള്‍ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവും രാമായണത്തിന്റെ വാമൊഴി രൂപങ്ങളില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫാറൂഖ് കോളേജ് മലയാള വിഭാഗം മേധാവി ഡോ.അസീസ് തരുവണയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം ചോദ്യം: രാമായണത്തിന്റെ വ്യത്യസ്ത പാഠരൂപങ്ങളെപ്പറ്റി പഠനം നടത്തിയ ഗവേഷകനാണല്ലോ താങ്കള്‍. സി.പി.എം കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്? ഉത്തരം: കര്‍ക്കിടക മാസത്തെ രാമായണ മാസമായി ആചരിക്കുവാന്‍ തുടങ്ങിയിട്ട് ഏറെ കാലമൊന്നുമായിട്ടില്ല..ഹിന്ദുമഹാസഭയുടെ ഒരു സമ്മേളന തീരുമാനമായിരുന്നു രാമായണ മാസാചരണമെന്ന് ഒ.രാജഗോപാലിന്റെ […]

rrrr

ഡോ.അസീസ് തരുവണ

വയനാടന്‍ രാമായണം, എത്രയെത്ര രാമായണങ്ങള്‍ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവും രാമായണത്തിന്റെ വാമൊഴി രൂപങ്ങളില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫാറൂഖ് കോളേജ് മലയാള വിഭാഗം മേധാവി ഡോ.അസീസ് തരുവണയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗം

ചോദ്യം: രാമായണത്തിന്റെ വ്യത്യസ്ത പാഠരൂപങ്ങളെപ്പറ്റി പഠനം നടത്തിയ ഗവേഷകനാണല്ലോ താങ്കള്‍. സി.പി.എം കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ്?
ഉത്തരം: കര്‍ക്കിടക മാസത്തെ രാമായണ മാസമായി ആചരിക്കുവാന്‍ തുടങ്ങിയിട്ട് ഏറെ കാലമൊന്നുമായിട്ടില്ല..ഹിന്ദുമഹാസഭയുടെ ഒരു സമ്മേളന തീരുമാനമായിരുന്നു രാമായണ മാസാചരണമെന്ന് ഒ.രാജഗോപാലിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. അതിനാല്‍ ഹിന്ദുമഹാസഭയുടെ ഒരു സമ്മേളനതീരുമാനത്തെ സി.പി.എം പോലുള്ള ഒരു പ്രത്യയശാസ്ത്ര പാര്‍ട്ടി അപ്പടി സ്വീകരിക്കില്ലെന്ന് ഞാന്‍ കരുതുന്നു. എന്നു മാത്രമല്ല, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം നേരിട്ട് രാമായണ മാസാചരണം നടത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ചതായും കണ്ടു. അതേസമയം സംസ്‌കൃത സംഘം നടത്തുന്ന രാമായണ മാസാചരണത്തെപ്പറ്റി കോടിയേരി സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്. സംസ്‌കൃത സംഘത്തിന് പാര്‍ട്ടിയുടെ ഒരു ഘടക സ്ഥാനമില്ലെങ്കിലും പാര്‍ട്ടിയുടെ പിന്തുണ ആ സംഘടനയ്ക്ക് ഉണ്ടെന്നാണ് മനസിലാക്കാനാവുന്നത് – സംസ്‌കൃത സംഘത്തെപ്പറ്റി വിശദ വിവരങ്ങള്‍ ലഭ്യമല്ലാത്തതു കൊണ്ടും അവര്‍ നടത്താനിരിക്കുന്ന പരിപാടികളെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലും അഭിപ്രായങ്ങള്‍ പറയുവാന്‍ പരിമിതിയുണ്ട്.
അതേ സമയം, ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ -സംഘപരിവാര്‍ വളരെ ആസൂത്രിതമായി രാമായണത്തെയും ഹൈന്ദവമിത്തുകളയും തങ്ങളുടെ സങ്കുചിത രാഷ്ടീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ദുരുപയോഗം ചെയ്യുന്നതിനെതിരെ നിതാന്ത ജാഗ്രത പാലിക്കുവാനും അതിനെതിരെ ആശയസമരങ്ങള്‍ നടത്തുവാനും സി.പി.എം അടക്കമുള്ള മതേതര പ്രസ്ഥാനങ്ങള്‍ക്ക് ചരിത്രപരമായ ബാധ്യതയുണ്ട്. സി.പി.എമ്മിന്റെ സാംസ്‌ക്കാരിക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘം പതിറ്റാണ്ടുകള്‍ക്കു മുമ്പേ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനുമായും മറ്റും രാമായണത്തെ ആസ്പദമാക്കി ആശയ സംവാദങ്ങള്‍ നടത്തിയതായി അറിയാം. രാമായണ മടക്കമുള്ള ഇന്ത്യന്‍ മിഥോളജിയെ ആഴത്തില്‍ പ0ന വിധേയമാക്കിയ ഡി.ഡി. കൊസാംബി മുതല്‍ നിരവധി ഇടതു പക്ഷ ചരിത്ര ഗവേഷകരുണ്ട്. നിര്‍ഭാഗ്യവശാല്‍ അത്തരം പഠനങ്ങളും ചര്‍ച്ചകളും സംവാദങ്ങളും വേണ്ട രീതിയില്‍ ഇന്നു നടക്കുന്നില്ല എന്നതാണ് ഖേദകരം.
അടിസ്ഥാനപരമായ ചോദ്യം ഇതാണ്: മഹത്തായ സാഹിത്യഗ്രന്ഥങ്ങളായ രാമായണ മഹാഭാരതാദികളെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിട്ടു കൊടുക്കേണ്ടതുണ്ടോ എന്നതാണ്. രാമായണ മഹാഭാരതാദികള്‍ ലോകസാഹിത്യത്തിലെ അനശ്വര ക്ലാസ്സിക്കുകളാണ്. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, തായ്‌ലാന്റ്, ചൈന, വിയറ്റ്‌നാം ,ജപ്പാന്‍, ഭൂട്ടാന്‍ തുടങ്ങി നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന വടവൃക്ഷമാണ് രാമായണ സാഹിത്യം. ഹൈന്ദവ, ബൗദ്ധ, ജൈന, മുസ്ലിം, ദലിത്, ആദിവാസി, സ്ത്രീ പാഠരൂപങ്ങളുള്ള ഏഷ്യന്‍ സാഹിത്യമാണ് രാമായണം. അതിനെ സങ്കുചിത – വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്നതിനെ ചെറുത്തു തോല്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. സി.പി.എം.അതിനു നേതൃത്വം നല്‍കുകയാണെങ്കില്‍ അത് അങ്ങേയറ്റം ശ്ലാഘനീയമാണ്.
ചോദ്യം : രാമായണ പാഠ രൂപങ്ങളെ സംഘപരിവാര്‍ ഉപയോഗപ്പെടുത്തുന്നതിനെ എവ്വിധമാണ് സി.പി.എം അടക്കമുള്ള മതേതര പ്രസ്ഥാനങ്ങള്‍ക്ക് ചെറുക്കുവാനാവുക?
ഉത്തരം: സംഘപരിവാര്‍ ഉയര്‍ത്തി കാട്ടുന്നത് രാമായണത്തിന്റെ ഏക പാഠ രൂപമാണ്. രാമായണത്തിന്റെ ബഹുസ്വര പാഠരൂപങ്ങളെ അവര്‍ നിരാകരിക്കുന്നു. രാമായണമാകട്ടെ ഒരിക്കലും ഏകശിലാരൂപത്തിലല്ല നിലകൊണ്ടിട്ടുള്ളത്. സംഘപരിവാര്‍ ഉയര്‍ത്തി കാട്ടുന്ന വാല്‍മീകി രാമായണം പോലും ഏകപാഠ രൂപത്തിലല്ല ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ഗൗഡീയം, ദക്ഷിണാത്യം, പശ്ചിമോത്തരീയം എന്നിങ്ങളെ മൂന്ന് പാഠരൂപങ്ങള്‍ വാല്‍മീകി രാമായണത്തിനു ഇന്ത്യയില്‍ ലഭ്യമാണ്. മൂന്ന് തരം ടെക്സ്റ്റുകള്‍. ഇതില്‍ ദാക്ഷിണാത്യ പാഠത്തിലും ഗൗഡീയ പാഠത്തിലും ശ്ലോകങ്ങളുടെ എണ്ണത്തിന്റെ മൂന്നിലൊന്നു മാത്രമേ ഒരേ പാഠരൂപത്തില്‍ വരുന്നുള്ളു എന്ന് മൂന്ന് പാഠ രൂപങ്ങളും പ0ന വിധേയമാക്കിയ രാമായണ പണ്ഡിതനായ എച്ച്.യാക്കോബി വ്യക്തമാക്കിയിട്ടുണ്ട്. വാല്‍മീകിയെ പോലെ കുറഞ്ഞത് 19 മഹര്‍ഷിമാരെങ്കിലും രാമായണങ്ങള്‍ രചിച്ചിട്ടുണ്ട്.ശ്രീരാമദാസഗൗഡര്‍ തന്റെ ‘ഹിന്ദുത്വം’ കൃതിയില്‍ മഹര്‍ഷിമാരാല്‍ വിരചിതമായ 19 രാമായണങ്ങളെപ്പറ്റിയും അവയിലെ ഇതിവൃത്തത്തെക്കുറി ച്ചും വിശദമായി പറയുന്നുണ്ട്. ഈ 19 രാമായണങ്ങളും 19 തരമാണ്. രാമകഥയുടെ വ്യത്യസ്ത വേര്‍ഷനുകളാണ് അവ അവതരിപ്പിക്കുന്നത്. രാമായണ പണ്ഡിതനായ എച്ച് ഡി. സംഘാലിയയുടെ അഭിപ്രായത്തില്‍, രാമായണത്തിന്റെ കഥാതന്തു മധ്യ പ്രദേശിലെ രണ്ട് ഗോത്രങ്ങള്‍ക്കിടയില്‍ നടന്ന കഥയാണ്. വാല്‍മീകിക്കു മുമ്പേ പ്രചാരത്തിലുണ്ടായിരുന്ന ഈ നാടോടിക്കഥയെ വാല്‍മീകിയടക്കമുള്ള മഹര്‍ഷിമാര്‍ കലക്ട് ചെയ്യുകയായിരുന്നു. ഈസോപ്പ് കഥകള്‍ പോലെ, പഞ്ചതന്ത്രം കഥകള്‍ പോലെ പ്രചരിച്ചവയാണ് ആദിയില്‍ രാമകഥയും. ഭക്തിപ്രസ്ഥാനമാണ് രാമനെ ദൈവമാക്കിയുയര്‍ത്തിയത്.
വാല്മീകി രാമായണം പോലെ ബൗദ്ധര്‍ക്ക് ബൗദ്ധ അനാമകം ജാതകവും ബൗദ്ധ ദശരഥ ജാതകവുമുണ്ട്. ജൈനര്‍ക്ക് വിമലാ സുരി രചിച്ച പളമച രീയമുണ്ട്.വല്‍ മീകി രാമായണം സംസ്‌കൃതത്തിലും ബൗദ്ധരാമായണങ്ങള്‍ പാലീ ഭാഷയിലും ജൈന രാമായണ മായ പഉമചരീയം പ്രാകൃതത്തിലുമാണ് രചിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ രാമായണത്തെ കേവല സംസ്‌കൃത സാഹിത്യമായി അടയാളപ്പെടുത്തുന്നതും ശരിയല്ല,. ഇന്തോനേഷ്യയിലും മലേഷ്യയിലും ഫിലിപ്പൈന്‍സിലുമുള്ള രാമകഥാ പാഠങ്ങളില്‍ ഇസ്‌ലാമിക മുദ്രകള്‍ പതിഞ്ഞതായി കാണാം. ഇന്തോനേഷ്യയിലെ ഹിക്കായത്ത് സെരീരാം എന്ന രാമായണ ഗ്രന്ഥത്തില്‍ രാമനും രാവണനും പ്രാര്‍ഥിക്കുന്നത് അല്ലാഹുവിനോടാണ്. ആദം നബി, മുഹമ്മദ് നബി, ജിബ്രീല്‍, ഖലീഫാ അലി എന്നിവരും ഹിക്കായത്തില്‍ കഥാപാത്രങ്ങളായി കടന്നു വരുന്നു. തീര്‍ച്ചയായും രാമായണത്തിന്റെ ബഹുരൂപങ്ങള്‍ കൊണ്ട് ഏകശിലാവാദത്തെ ചെറുക്കുവാനാകും.
ചോദ്യം: അയോധ്യവിഷയത്തെ ആളിക്കത്തിച്ചാണ് ബിജെപി ഇന്ത്യയില്‍ വളര്‍ന്ന്, അധികാരത്തിലെത്തിയത് എന്നതൊരു വസ്തുതയാണ്.ഇത്തരം മിത്തുകളെ എങ്ങനെ പ്രതിരോധിക്കുവാനാകും?
ഉത്തരം: നമുക്ക് ഒറ്റ രാമായണമല്ലുള്ളത്. അനേകം രാമായണങ്ങളാണ്. രാമജന്മഭൂമിയായി പരിവാര്‍ വാദിക്കുന്ന ഫൈസാബാദില്‍ മാത്രമല്ല അയോധ്യയുള്ളത് എന്ന കാര്യം മറക്കരുത്. ബൗദ്ധരുടെ ബൗദ്ധ ദശരഥ ജാതകമെന്ന കൃതി പ്രകാരം ദശരഥമഹാ രാജാവിന്റെ രാജധാനി അയോധ്യയല്ല വാരാണസിയാണ്. തായ്‌ലാണ്ടില്‍ ‘ അയൂധ്യ’ എന്ന സ്ഥലമുണ്ട്. അതിനാല്‍ ഇത്തരത്തില്‍ ഒട്ടേറെ അയോധ്യകള്‍ ഉള്ളപ്പോള്‍ ഒന്നു മാത്രം ശരിയെന്നു നാം എങ്ങനെ പറയും? രാമനും സീതയും തമ്മിലുള്ള ബന്ധം പോലും ഒരേ വിധമല്ല വിവിധ രാമായണങ്ങള്‍ അവതരിപ്പിക്കുന്നത് . ബൗദ്ധ ദശരഥ ജാതകമെന്ന കൃതി പ്രകാരം സീത രാമന്റെ പെങ്ങളാണ്. നിരവധി രാമായണങ്ങള്‍ പ്രകാരം സീത രാവണപുത്രിയാണ്. തുര്‍ക്കിസ്ഥാനിലെ ഖോത്താനില്‍ പ്രചാരത്തിലുള്ള രാമകഥയനുസരിച്ച് രാമന്റെയും ലക്ഷ്മണന്റെയും ഭാര്യയാണ് സീത. ആ പ്രദേശത്ത് നിലനില്‍ക്കുന്ന ബഹുഭര്‍തൃത്വ സമ്പ്രദായത്തെ അവര്‍ ന്യായീകരിക്കുന്നത് ഈ ബഹുഭര്‍തൃത്വ കഥയെ കൂട്ടുപിടിച്ചാണ്. ഇത്തരത്തിലുള്ള നിരവധി പാഠ രൂപങ്ങളിലൂടെയാണ് രാമായണം നിലനില്‍ക്കുന്നത്. ഇതിനെ എങ്ങനെ ഏകശിലാരൂപമാക്കും ? മിത്തുകളെ ഡീ കണ്‍സ്ട്രക്റ്റു ചെയ്തു വായിക്കലാണ് ഇന്ന് പ്രധാനമെന്നു ഞാന്‍ കരുതുന്നു.
ചോദ്യം: സിപിഎം നടത്തുന്ന രാമായണ മാസാചരണം വര്‍ഗീയ ശക്തികള്‍ ഉപയോഗപ്പെടുത്തുവാനുള്ള സാധ്യതകള്‍ തള്ളിക്കളയുവാനാകുമോ?
ഉത്തരം: സിപിഎമ്മിന്റെ ഇവ്വിഷയത്തിലുള്ള ഉദ്ദേശ ശുദ്ധിയില്‍ സംശയാലുവല്ല ഞാന്‍. രാമായണാദികളെ വര്‍ഗീയ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നതിനെതിരെയുള്ള ബോധവത്കരണ മാ ണ് സംസ്‌കൃത സംഘം നടത്തുന്ന പരിപാടിയിലൂടെ സിപിഎം ഉദ്ദേശിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. തീര്‍ച്ചയായും സ്വാഗതാര്‍ഹമായ കാര്യമാണിത്. രാമായണത്തിന്റെ ബഹുസ്വരതയെ ഉയര്‍ത്തി കാണിച്ചും ഏകശിലാ വാദങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടി യുമാകണം പരിപാടികള്‍.ഏറെ അവധാനതയോടെ പരിപാടികള്‍ പ്ലാന്‍ ചെയ്തില്ലെങ്കില്‍ വര്‍ഗീയ ശക്തികള്‍ ഹൈജാക്ക് ചെയ്യുവാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇന്ത്യന്‍ മിഥോളജിയെ വര്‍ഗീയ ശക്തികള്‍ക്ക് വിട്ടുകൊടുക്കാതിരിക്കലാണ് ഇന്ന് പ്രധാനം.. ചുരുക്കത്തില്‍, മാസാചരണങ്ങളല്ല, ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുവാനാണ് സിപിഎം മുന്‍കൈ എടുക്കേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply