മാര്‍ക്‌സിന്റെ പരിമിതികളും ലെനിന്റെ ജനാധിപത്യവിരുദ്ധതയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും

എം.ജി.എസ് നാരായണന്‍ ഏറ്റവും സര്‍ഗ്ഗാത്മകമായി സമൂഹത്തേയും ചരിത്രത്തേയും വ്യാഖ്യാനിച്ചത് ആരെന്ന ചോദ്യത്തിന് മറുപടി ഒന്നുമാത്രം. കാറല്‍ മാര്‍ക്‌സ്. എന്നാല്‍ ആ സമൂഹവും ചരിത്രവും യൂറോപ്പിന്റേതുമാത്രമായിരുന്നു എന്ന യാഥാര്‍ത്ഥ്യം മറന്നതാണ് കമ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷക്കാര്‍ക്കും പറ്റിയ ഏറ്റവും വലിയ തെറ്റ്. ഇന്നും ആ തെറ്റ് തുടരുകയാണ്. ലോകചിന്തയെ ഏറ്റവും സ്വാധീനിച്ചത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്നെയായിരുന്നു എന്നതില്‍ സംശയമില്ല. എ്ന്നാല്‍ അതിശയോക്തിപരമായ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളുമാണ് അതില്‍ കൂടുതല്‍. തൊഴിലാളിവര്‍ഗ്ഗം നഷ്ടപ്പെടാനൊന്നുമില്ലാത്തവര്‍ എന്ന വാചകം തന്നെ ശരിയല്ല. ആപേക്ഷികമായിരിക്കുമെങ്കിലും നഷ്ടപ്പെടാന്‍ എന്തെങ്കിലുമുള്ളവരാണ് എല്ലാവരും. […]

mgsഎം.ജി.എസ് നാരായണന്‍

ഏറ്റവും സര്‍ഗ്ഗാത്മകമായി സമൂഹത്തേയും ചരിത്രത്തേയും വ്യാഖ്യാനിച്ചത് ആരെന്ന ചോദ്യത്തിന് മറുപടി ഒന്നുമാത്രം. കാറല്‍ മാര്‍ക്‌സ്. എന്നാല്‍ ആ സമൂഹവും ചരിത്രവും യൂറോപ്പിന്റേതുമാത്രമായിരുന്നു എന്ന യാഥാര്‍ത്ഥ്യം മറന്നതാണ് കമ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷക്കാര്‍ക്കും പറ്റിയ ഏറ്റവും വലിയ തെറ്റ്. ഇന്നും ആ തെറ്റ് തുടരുകയാണ്.
ലോകചിന്തയെ ഏറ്റവും സ്വാധീനിച്ചത് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ തന്നെയായിരുന്നു എന്നതില്‍ സംശയമില്ല. എ്ന്നാല്‍ അതിശയോക്തിപരമായ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളുമാണ് അതില്‍ കൂടുതല്‍. തൊഴിലാളിവര്‍ഗ്ഗം നഷ്ടപ്പെടാനൊന്നുമില്ലാത്തവര്‍ എന്ന വാചകം തന്നെ ശരിയല്ല. ആപേക്ഷികമായിരിക്കുമെങ്കിലും നഷ്ടപ്പെടാന്‍ എന്തെങ്കിലുമുള്ളവരാണ് എല്ലാവരും. ചൈനയെ കുറിച്ചോ ഇന്ത്യയെ കുറിച്ചോ ആസ്‌ത്രേലിയയെ കുറിച്ചോ ആഫ്രിക്കയെ കുറിച്ചോ മാര്‍ക്‌സിന് കാര്യമായെന്തെങ്കിലും അറിയാമായിരുന്നു എന്നതിന് തെളിവില്ല. പടിഞ്ഞാറന്‍ യൂറോപ്പ് മാത്രമായിരുന്നു മാര്‍ക്‌സിന്റെ ലോകം. അതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അന്ന് അത്രക്ക് സൗകര്യങ്ങളേയുണ്ടായിരുന്നുള്ളു. മാര്‍ക്‌സിന്റെ ചിന്തകളെ ആഗോളവും ശാശ്വതവുമായി കണ്ടവരാണ് കുറ്റക്കാര്‍.
ആര്‍ക്കിയോളജിയോ സൈക്കോളജിയോ മറ്റനേകം വിജ്ഞാനശാഖകളോ പുരോഗമിക്കാത്ത കാലമായിരുന്നു മാര്‍ക്‌സിന്റേത്. അതിന്റെ പരിമിതിയൊക്കെ അ്‌ദ്ദേഹത്തില്‍ കാണാം. അപ്പോഴും അന്നോളമുണ്ടായിട്ടുള്ള ചിന്തകരില്‍ ഏറെ മുന്നിലായിരുന്നു അദ്ദേഹം. രാജാക്കന്മാര്‍ക്കും ഉന്നതകുലജാതര്‍ക്കും മാത്രമല്ല, സാമാന്യജനതക്കും ചരിത്രനിര്‍മ്മിതിയില്‍ പങ്കുണ്ട് എന്നതാണ് മാര്‍ക്‌സിന്റെ ഏറ്റവും സംഭാവന. സാമാന്യജനതയാണ് യഥാര്‍ത്ഥ ചരിത്ര നിര്‍മ്മാതാക്കള്‍. അപ്പോഴും നേരത്തെ സൂചിപ്പിച്ച പരിമിതികള്‍ കാണാതിരിക്കാനാവില്ല.
സായുധവിപ്ലവത്തെ കുറിച്ചുള്ള മാര്‍ക്‌സിന്റെ നിലപാടുകളും നോക്കൂ. രാജാക്കന്മാര്‍ പരസ്പരം യുദ്ധം ചെയ്ത ചരിത്രത്തിനു മുന്നില്‍ നിന്നാണ് അദ്ദേഹം സായുധമായ വര്‍ഗ്ഗസമര സിദ്ധാന്തം ആവിഷ്‌കരിച്ചത്. ജനാധിപത്യത്തെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അക്കാലത്ത് പാര്‍ലമെന്ററി ജനാധിപത്യം എന്ന സങ്കല്പം പോലും ജനിച്ചിട്ടില്ല. ഗാന്ധി ജനിച്ചിട്ടില്ല. അഹിംസാ സമരം ലോകത്തിന് അന്യമായിരുന്നു. ലോകത്താകമാനമുള്ള തൊഴിലാളിവര്‍ഗവിപ്ലവമായിരുന്നു മാര്‍ക്‌സ് സ്പ്‌നം കണ്ടത്. അതില്‍ ദേശീയതക്കുപോലും സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ ലെനിന്റെ കാലമാകുമ്പോഴേക്കും വര്‍ഗത്തിനു പകരം പാര്‍ട്ടിയായി എല്ലാം. അതാകട്ടെ സോഷ്യലിസത്തിന്റെ പേരില്‍ ഏറ്റവും ഭീകരനായ ഫാസിസ്റ്റായി. സോഷ്യലിസത്തിന്റെ മറവിലായിരുന്നു ഹിറ്റ്‌ലറും ഫാസിസം നടപ്പാക്കിയത്. ഹിറ്റ്‌ലറും സോഷ്യലിസമെന്ന വാക്കുപയോഗിച്ചിരുന്നു. അതിനാല്‍ സ്റ്റാലിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അതിനെല്ലാം പക്ഷെ അടിത്തറയിട്ടത് ലെനിനാണ്. മാര്‍ക്‌സ് ഒരു പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചിരുന്നതേയില്ല. തൊഴിലാളിവര്‍ഗ്ഗ സാര്‍വ്വദേശീയതയായിരുന്നു അദ്ദേഹത്തിന്റേത്. ലെനിനാകട്ടെ അതിനുപകരം പാര്‍ട്ടിയെ വച്ചു. ഇതോടെ ലോകവിപ്ലവമെന്ന മാര്‍ക്‌സിന്റെ പ്രവചനംതന്നെ തന്നെ തെറ്റി. ദേശീയതയെ മറികടക്കുന്നതാവും വിപ്ലവമെന്ന മാര്‍ക്‌സിന്റെ സങ്കല്‍പം പരാജയപ്പെട്ടതോടെ ശക്തമായത് ദേശീയതയിലൂന്നിയ ഫാസിസവും നാസിസവുമായിരുന്നു.
ജനാധിപത്യത്തെ കുറിച്ച് അറിയാതിരുന്ന കാലത്താണ് മാര്‍ക്‌സ് ജീവിച്ചിരുന്നതെങ്കില്‍ ഇന്നത്തെ മാര്‍ക്‌സിസ്റ്റുകളും ജനാധിപത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ല. അതാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. കേരളത്തില്‍ ഇതേറെ പ്രകടമാണ്. പാര്‍ട്ടിക്ക് അനഭിമതരായവരെ ഉന്മൂലനം ചെയ്യുന്ന പാരമ്പര്യം ലെനിന്റെ കാലം മുതല്‍ക്കെ ഉണ്ടായിരുന്നു. ആ പാരമ്പര്യമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇവിടെയും നടപ്പാക്കുന്നത്. എക്കാലത്തും രണ്ടോ മൂന്നോ പേരടങ്ങുന്ന രഹസ്യസംഘമാണ് ഇതു നടപ്പാക്കിയിരുന്നത്. ലെനിന്‍, സ്റ്റാലിന്‍ എന്നിവരടങ്ങുന്ന മൂവര്‍സംഘമായിരുന്നു വിപ്ലവാനന്തര സോവിയറ്റ് യൂണിയനിലെ അവസാനവാക്ക്. പ്രതിവിപ്ലവം ഉണ്ടാകുമെന്ന് ഭയപ്പെട്ട അധികാരികള്‍ എതിരാളികളെയും കൂടെനില്‍ക്കുന്നവരേയും രഹസ്യമായി നിരീക്ഷിക്കുകയും വധിക്കുകയും ചെയ്യുന്നത് സോഷ്യലിസത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെട്ടു. എന്നാല്‍ ആരാണ് കൊന്നതെന്ന് ആരും അറിഞ്ഞില്ല. പാര്‍ട്ടിക്ക് അതില്‍ ഒരു പങ്കുമില്ലെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. സത്യത്തില്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ അക്കാര്യത്തില്‍ അജ്ഞര്‍ തന്നെയായിരുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ കൊന്നൊടുക്കാനും കുറ്റം മറ്റുള്ളവരുടെ മേല്‍ ചുമത്താനും ഒരു സീക്രട്ട് കമ്മിറ്റി ലെനിന്റെ കാലത്തുണ്ടായിരുന്നു. ഇപ്പോഴും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതു തുടരുന്നു. ഇവിടെ ടി.പി.ചന്ദ്രശേഖരന്‍ വധമടക്കമുള്ളവ അപ്രകാരം നടപ്പാക്കിയിട്ടുള്ളതാണ്. ഇവിടേയും മൂവര്‍ സംഘമായിരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ടിപി വധത്തില്‍ പങ്കില്ലെന്ന് മറ്റു നേതാക്കള്‍ പറയുന്നത് ശരിയാണ്. കാരണം അവര്‍ക്കതേ കുറിച്ചറിയില്ല.
മാര്‍ക്‌സിന്റെ പ്രവാചകസ്വഭാവത്തേയും വിമര്‍ശിക്കാതിരിക്കാനാവില്ല. മാനവചരിത്രത്തെ ഘട്ടങ്ങളായി തിരിച്ച മാര്‍ക്‌സ് പ്രവാചകനെപോലെ വരുംകാല ഘട്ടങ്ങളും പ്രവചിച്ചു. അതെല്ലാം അണികള്‍ അതേപോലെ വിശ്വസിച്ചു. റഷ്യന്‍ വിപ്ലവം പോലും നടന്നത് മാര്‍ക്‌സ് പ്രവചിച്ചപോലെയല്ല നടന്നതെന്നതുപോലും വിസ്മരിക്കപ്പെട്ടു. ആഗോളദേശീയതയാണ് മാര്‍ക്‌സ് സ്വപ്‌നം കണ്ടകില്‍ ഉണ്ടായത് ദേശീയതയുടെ പേരിലുള്ള ലോകയുദ്ധങ്ങളായിരുന്നു.
തൊഴിലാളിവര്‍ഗ്ഗവിപ്ലവത്തെ കമ്യൂണിസ്റ്റ് വിപ്ലവമാക്കുകയാണ് ലെനിന്‍ ചെയ്തത്. മാര്‍ക്‌സ് പറഞ്ഞപോലെ വ്യവസായിക വിപ്ലവം നടന്ന രാജ്യമായിരുന്നില്ലല്ലോ റഷ്യ. അതിനാല്‍തന്നെ തൊഴിലാളിവര്‍ഗ്ഗവും ശക്തമായിരുന്നില്ല. മദ്ധ്യവര്‍ഗ്ഗത്തിനും വിപ്ലവശക്തിയാകാന്‍ കഴിയുെമന്നായിരുന്നു ലെനിന്‍ അതിനു കണ്ട മറുപടി. അവരെ ഉള്‍ക്കൊള്ളിക്കാനാണ് പാര്‍ട്ടിയുണ്ടാക്കിയത്. പിന്നീട് ബോള്‍ ഷേവിക് പാര്‍ട്ടി സംവിധാനത്തിലൂടെ അധികാരം നേതൃത്വത്തില്‍ കേന്ദ്രീകരിക്കുകയായിരുന്നു. മറ്റുപാര്‍ട്ടികള്‍ക്കു പ്രവര്‍ത്തിക്കാനനുവദിക്കാതെ തെരഞ്ഞെടുപ്പു നടത്തുന്ന അപഹാസ്യമായ രീതിയിലേക്കുപോലും അതു പിന്നീടുമാറി. സത്യത്തില്‍ സ്റ്റാലിനെ സൃഷ്ടിച്ചത് ലെനിന്‍ തന്നെയായിരുന്നു. സത്യത്തില്‍ മാര്‍ക്‌സും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി കടലും കടലാണ്ടിയും പോലെയുള്ള ബന്ധമേയുള്ളു. സോണിയ, ഗാന്ധിയുടെ പേരുപയോഗിക്കുന്നപോലെയാണത്. ഏറ്റവും അധപതിച്ച കോണ്‍ഗ്രസ്സിനും ഫാസിസത്തിന്റെ മൂര്‍ത്തീഭാവമായി മാറുന്ന ബിജെപിക്കും ബദലാകാന്‍ ഈ സംവിധാനത്തിന് ഒരിക്കലും കഴിയുകയുമില്ല.

(വയലാ വാസുദേവന്‍ പിള്ളയുടെ എഴുപതാം ജന്മദിനത്തിന്റെ ഭാഗമായി സംഗീതനാടക അക്കാദമി ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഇടതുചിന്ത അപര്യാപ്തതകള്‍, ബദലുകള്‍ എന്ന വിഷയത്തില്‍ ടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply