മാതൃഭാഷാ ആഘോഷം മൗലികവാദം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളപഠനം നിര്‍ബന്ധിതമാക്കിയുള്ള ഓര്‍ഡിനന്‍സിനെ ഗംഭീരമായൊരു സംഭവമായി ആഘോഷിക്കുന്നതു കാണുമ്പോള്‍ തമാശയാണ് തോന്നുന്നത്. മലയാളികള്‍ക്ക് മാതൃഭാഷ പഠിക്കാന്‍ അവസരം ലഭിച്ചെന്ന രീതിയിലാണ് ആഘോഷം. മാതൃഭാഷ പഠിക്കാനുള്ള മനുഷ്യാവകാശം മലയാളിക്കു നേടിത്തന്ന പിണറായി വിജയന് നന്ദി എന്നാണ് പ്രശ്‌സ്ത എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍ പറയുന്നത്. ഇതുകേട്ടാല്‍ തോന്നുക മലയാളികള്‍ക്ക് മലയാളം പഠിക്കാനുള്ള അവകാശം ഇല്ലായിരുന്നു എന്നല്ലേ..? എന്നാണ് അതിന് അവസരമില്ലാതിരുന്നതാവോ..!!! സംസ്ഥാനത്തെവിടേയും മലയാളം മീഡിയം സ്‌കൂളുകള്‍ സുലഭമാണ്. കുട്ടികളില്ലാതെ അത്തരം സ്‌കൂളുകള്‍ നിലനില്‍പ്പിന്റെ ഭീഷണിയിലാണ്. മക്കള്‍ മലയാളം […]

mmm

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളപഠനം നിര്‍ബന്ധിതമാക്കിയുള്ള ഓര്‍ഡിനന്‍സിനെ ഗംഭീരമായൊരു സംഭവമായി ആഘോഷിക്കുന്നതു കാണുമ്പോള്‍ തമാശയാണ് തോന്നുന്നത്. മലയാളികള്‍ക്ക് മാതൃഭാഷ പഠിക്കാന്‍ അവസരം ലഭിച്ചെന്ന രീതിയിലാണ് ആഘോഷം. മാതൃഭാഷ പഠിക്കാനുള്ള മനുഷ്യാവകാശം മലയാളിക്കു നേടിത്തന്ന പിണറായി വിജയന് നന്ദി എന്നാണ് പ്രശ്‌സ്ത എഴുത്തുകാരന്‍ അശോകന്‍ ചെരുവില്‍ പറയുന്നത്. ഇതുകേട്ടാല്‍ തോന്നുക മലയാളികള്‍ക്ക് മലയാളം പഠിക്കാനുള്ള അവകാശം ഇല്ലായിരുന്നു എന്നല്ലേ..? എന്നാണ് അതിന് അവസരമില്ലാതിരുന്നതാവോ..!!! സംസ്ഥാനത്തെവിടേയും മലയാളം മീഡിയം സ്‌കൂളുകള്‍ സുലഭമാണ്. കുട്ടികളില്ലാതെ അത്തരം സ്‌കൂളുകള്‍ നിലനില്‍പ്പിന്റെ ഭീഷണിയിലാണ്. മക്കള്‍ മലയാളം പഠിക്കേണ്ട, ഇംഗ്ലീഷാണ് പഠിക്കേണ്ടത് എന്നത് മലയാളികള്‍ പൊതുവിലെടുത്ത തീരുമാനമായിരുന്നില്ലേ..? പ്രത്യകിച്ച് പ്രബുദ്ധരെന്ന കാറ്റഗറിയില്‍ വരുന്നവര്‍ കക്ഷിരാഷ്ട്രീയ ജാതി മത വ്യത്യാസമില്ലാതെ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അത്. അവരില്‍ ബുദ്ധിജീവികളും എഴുത്തുകാരും മലയാളം അധ്യാപകരും രാഷ്ട്രീയനേതാക്കളും മന്ത്രിമാരുമൊക്കെ ഉള്‍പ്പെടുന്നു. സ്വാഭാവികമായും അവരില്‍ ദളിതരും ആദിവാസികളും കുറവായിരുന്നു. ഈ യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം മറന്നാണ് ഈ ആഘോഷം.
സ്വകാര്യ, സര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ 10ാംതരംവരെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിയുള്ളതാണ് ഓര്‍ഡിനന്‍സ്. കൂടാതെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ വിലക്ക് ഏര്‍പ്പെടുത്താന്‍ പാടില്ല എന്നുമുണ്ട്. സത്യത്തില്‍ കുട്ടികള്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ രോമാഞ്ചം കൊള്ളുന്നത് അധ്യാപകരേക്കാള്‍ രക്ഷാകര്‍ത്താക്കളാണ്. കഴിഞ്ഞില്ല. ആധുനികകാലത്തെ ഉന്നതപഠനത്തിലും തൊഴില്‍ സാധ്യതകളിലും ഇംഗ്ലീഷ് സംസാരത്തിന് വലിയ പ്രാധാന്യമുണ്ട്. ഗൃഹാതുരത്വത്തിന്റേയോ ഭാഷാമൗലികവാദത്തിന്റേയോ പേരില്‍ അതു മറക്കരുത്. അപ്പോഴും നിര്‍ബന്ധിതമായി ഇംഗ്ലീഷ് അടിച്ചല്‍പ്പിക്കുന്നത് തെറ്റാണ്. മലയാളവും അങ്ങനെതന്നെ.
കേരള വിദ്യാഭ്യാസ നിയമ പ്രകാരം ഇനി അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമായിരിക്കും. തീര്‍ച്ചയായും നല്ല തീരുമാനമാണത്. പക്ഷെ അതില്‍ ഒരപാകത വ്യക്തമാണ്. മാതൃഭാഷയെന്നും മലയാളമെന്നും ഒരേ അര്‍ത്ഥത്തില്‍ മാറി മാറി ഉപയോഗിക്കുന്നതാണത്. കേരളീയരുടെ മാതൃഭാഷയാണ് മലയാളം എന്ന ധ്വനി അതില്‍ പ്രകടമാണ്. അത് തെറ്റാണ്. മലയാളികളുടെ മാതൃഭാഷ മാത്രമാണ് മലയാളം. കേരളീയര്‍ മുഴുവന്‍ മലയാളികളല്ല. ഒരു പ്രദേശത്തിനും ഒരു മാതൃഭാഷ ഉണ്ടാകുക അസാധ്യമാണ്. ഭൂരിപക്ഷത്തിന്റെ ഭാഷയുണ്ടാകാം. ഇന്ത്യയുടെ മാതൃഭാഷ ഹിന്ദിയാണെന്നു പറയുന്നപോലെ അസംബന്ധമാണ് കേരളത്തിന്റെ മാതൃഭാഷ മലയാളമാണെന്ന വാദം. ഭാഷാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ രൂപീകരണം നടന്നതെന്നതുശരി. എന്നാലത് ഭൂരിപക്ഷം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. കേരളത്തില്‍ എത്രയോ ആദിവാസി, ദളിത് ഭാഷകള്‍ നിലവിലുണ്ട്. എത്രയെത്ര ഭാഷാ ന്യൂനപക്ഷങ്ങളാണ് ഇവിടെ ജീവിക്കുന്നത്. കൂടാതെ ഇങ്ങോട്ടു കുടിയേറുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണവും അനുദിനം വര്‍ദ്ധിക്കുന്നു. അവരുടെ മാതൃഭാഷ മലയാളമാണോ? പരോക്ഷമായും പ്രത്യക്ഷമായും ഹിന്ദിയും ഇംഗ്ലീഷും അടിച്ചേല്‍പ്പിക്കുന്നത് മലയാളത്തെ എങ്ങനെ ബാധിക്കുന്നുവോ, അതുപോലെതന്നെയാണ് മലയാളത്തിന്റെ അടിച്ചേല്‍പ്പിക്കല്‍ ഇവിടത്തെ ന്യൂനപക്ഷ ഭാഷകളേയും ബാധിക്കുന്നതെന്നത് അര്‍ഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കാന്‍ അവരും തയ്യാറാകുന്നില്ല. പലപ്പോഴും തൊഴില്‍ നഷ്ടപ്പെടുമോ എന്ന മലയാളം അധ്യാപകരുടെ ഭയത്തില്‍ നിന്നാണ് അമിതമായ മലയാളവാദം ഉയരുന്നത്. സര്‍ക്കുലേഷന്‍ കുറയുമോ എന്ന ഭയമാണ് പത്രങ്ങള്‍ ഇത് അമിതമായി ആഘോഷിക്കുന്നതിനു കാരണം. മറ്റു മാതൃഭാഷകളുള്ളവരെ ഓര്‍ഡിനന്‍സ് കാര്യമായി പരിഗണിക്കുന്നതേയില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും കേരളത്തില്‍ വന്ന് പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ക്ക് അതത് ക്ലാസുകളിലെ പാഠ്യപദ്ധതി പ്രകാരം മലയാളം പഠിക്കാന്‍ സാധ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ 10ാംതരം മലയാള ഭാഷാ പരീക്ഷയില്‍നിന്ന് ഒഴിവാക്കുമെന്നു പറയുന്നുണ്ട്. ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായുള്ള സ്‌കൂളുകളില്‍ മലയാളം പഠിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് അതിനാവശ്യമായ സൗകര്യവും ചെയ്തുകൊടുക്കുംമെന്നും. എന്നാല്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയ, മറ്റു ഭാഷകള്‍ മാതൃഭാഷകളാക്കിയവരെ പറ്റി കാര്യമായ പരാമര്‍ശമില്ല.
ഒന്നുംതന്നെ സനാതനമില്ല, മാറ്റത്തിന് അതീതമല്ല. അ്‌പ്പോഴും ഭാഷയ്ക്ക് അതിജീവിക്കാന്‍ കഴിവില്ലെങ്കില്‍ അതു മരിക്കട്ടെ, അതു സ്വാഭാവികമല്ലേ എന്ന നിലപാട് ശരിയല്ല. ഭാഷാമരണവും ഭാഷയെ കൊല്ലലും രണ്ടാണ്. അതേസമയം ലോകം കൈവിരലിലൊതുങ്ങുകയും തൊഴിലിടങ്ങള്‍ക്ക് പരിധികളില്ലാതാകുകയും ചെയ്യുന്ന സമകാലികാവസ്ഥയെ അഭിമുഖീകരിക്കാന്‍ ഭാഷക്കു കഴിയേണ്ടതുണ്ട്. അതിനുപകരം മലയാളം ശ്രേഷ്ഠമാണെന്നു പറഞ്ഞിട്ടോ താല്‍പ്പര്യമില്ലാത്തവരെ നിര്‍ബന്ധമായി പഠിപ്പിച്ചിട്ടോ എഴുത്തച്ഛനെ കുറിച്ച് വാചാലരായിട്ടോ കാര്യമില്ല. ആധുനിക കാലത്തിനും സാങ്കേതിക വിദ്യക്കും വഴങ്ങുന്ന വിധത്തില്‍ ഭാഷയെ പരുവപ്പെടുത്താന്‍ കഴിയണം. ഒപ്പം മറ്റേതു മൗലികവാദത്തേയും പോലെ ഭാഷാ മൗലികവാദത്തേയും കയ്യൊഴിയണം.
2011 മെയ് 6 നാണ് സംസ്ഥാനത്ത് ഒന്നാം ഭാഷാ ഉത്തരവ് പുറത്തിറങ്ങിയത്. അതിലെ പ്രധാന കാര്യങ്ങള്‍ ഇവയാണ്:
1) പൊതുവിദ്യാലയങ്ങളില്‍ പത്താംതരം വരെ എല്ലാ വിദ്യാര്‍ത്ഥികളും ആഴ്ചയില്‍ 3 പിരീഡെങ്കിലും മലയാളം നിര്‍ബന്ധമായി പഠിച്ചിരിക്കണം
2) മലയാളം തീരെയില്ലാത്ത ഓറിയന്റല്‍ സ്‌കൂളുകളില്‍ ആഴ്ചയില്‍ 3 പിരീഡ് മലയാളം പഠിപ്പിക്കണം
3) സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളില്‍ പത്താംതരം വരെ 3 പിരീഡെങ്കിലും മലയാളം പഠിപ്പിക്കണം
4) കേരളത്തിലെ എല്ലാഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും മലയാളം പഠിക്കാനുള്ള അവസരം വേണം
5) കേരളത്തിലെ എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും മലയാളം പഠിക്കാനുള്ള അവസരം വേണം
6) ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളില്‍ മലയാള മാധ്യമത്തില്‍ പരീക്ഷയെഴുതാന്‍ ഉദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനു സഹായകമായ വിധത്തില്‍ ശാസ്ത്ര വിഷയങ്ങളിലുള്‍പ്പെടെ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കണം.
ഇങ്ങനെ പോകുന്ന ഉത്തരവിലെ നിര്‍ദ്ദേശങ്ങളിലൊന്നും ഇപ്പോഴും നടപ്പായിട്ടില്ല. അതിനിടയിലാണ് പുതിയ ഓര്‍ഡിനന്‍സ് ഇറങ്ങുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും മറക്കാന്‍ പാടില്ലാത്ത മറ്റൊന്നുണ്ട്. ജനാധിപത്യപരവും ബഹുസ്വരവുമാണ് എല്ലാ സമൂഹങ്ങളും. അല്ലെങ്കില്‍ അങ്ങനെയാകണം. അവിടെ ഭാഷകള്‍ പരസ്പരം ഇടകലരാത്ത ദ്രാവകങ്ങളല്ല. കാലത്തിന്റെ മാറ്റങ്ങള്‍ ഭാഷകളിലും പ്രതിഫലിക്കും. പരസ്പരം കൊണ്ടും കൊടുത്തും അവ വളരും. ചില ഭാഷകള്‍ ചിലപ്പോള്‍ തളരും. മരിക്കും. കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെങ്കിലും സ്വാഭാവികമായ മരണങ്ങള്‍ അംഗീകരിക്കാതിരിക്കാനാവില്ലല്ലോ. അവിടെ ഭാഷാമൗലികവാദപരമായ നിലപാടുകള്‍ അപ്രസക്തമാകും. നിരവധി ഭാഷകള്‍ സംസാരിക്കുന്ന കോസ്‌മോ പൊളിറ്റന്‍ സംസ്‌കാരത്തേക്കാണ് കേരളം നീങ്ങുന്നത്. അതത്ര മോശപ്പെട്ട കാര്യമല്ല. അങ്ങോട്ടുപഠിപ്പിക്കുക മാത്രമല്ല, ഇങ്ങോട്ടു പഠിക്കാനും നാം തയ്യാറാവണം. ഭാഷാപരമായ തുല്ല്യതയാണ് ആവശ്യം. അതംഗീകരിച്ചാണ് ഭരണകൂടം കേരളത്തിലെ വിവിധ മാതൃഭാഷകളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കേണ്ടത്. ആ നിലപാടില്‍ പരിശോധിക്കുമ്പോള്‍ ഈ ആഘോഷത്തിന് വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply