മാതൃഭാഷാവാദം മൗലികവാദപരമാകരുത്.

കഴിഞ്ഞ ദിവസം – ഫെബ്രുവരി 21 – ലോകമാതൃഭാഷാ ദിനമായിരുന്നു. പതിവുപോലെ പല പത്രങ്ങളും മാതൃഭാഷാ സംരക്ഷണത്തിനായി രംഗത്തിറങ്ങി. പി എസ് സി പരീക്ഷകളെല്ലാം മലയാളത്തിലും എഴുതാനവസരം വേണമെന്നും മലയാളത്തെ രക്ഷിക്കാനാവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ടും ഐക്യമലയാളപ്രസ്ഥാനം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. തികച്ചും യാദൃഛികമായിട്ടാകാം കേരളത്തിലെത്തിയ ദളിത് ചിന്തകന്‍ കാഞ്ചെ ഐലയ്യ പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഭൂമി നേടിയെടുക്കുന്നതില്‍ മാത്രം ഒതുങ്ങേണ്ടതല്ല ദലിത്, ആദിവാസി വിമോചന സമരം. ഗുണനിലവാരമുള്ള […]

lll

കഴിഞ്ഞ ദിവസം – ഫെബ്രുവരി 21 – ലോകമാതൃഭാഷാ ദിനമായിരുന്നു. പതിവുപോലെ പല പത്രങ്ങളും മാതൃഭാഷാ സംരക്ഷണത്തിനായി രംഗത്തിറങ്ങി. പി എസ് സി പരീക്ഷകളെല്ലാം മലയാളത്തിലും എഴുതാനവസരം വേണമെന്നും മലയാളത്തെ രക്ഷിക്കാനാവശ്യമായ നടപടി വേണമെന്നാവശ്യപ്പെട്ടും ഐക്യമലയാളപ്രസ്ഥാനം സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. തികച്ചും യാദൃഛികമായിട്ടാകാം കേരളത്തിലെത്തിയ ദളിത് ചിന്തകന്‍ കാഞ്ചെ ഐലയ്യ പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘ദലിതര്‍ക്കും ആദിവാസികള്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഭൂമി നേടിയെടുക്കുന്നതില്‍ മാത്രം ഒതുങ്ങേണ്ടതല്ല ദലിത്, ആദിവാസി വിമോചന സമരം. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി അവര്‍ പോരാടണം. ഇംഗ്ലീഷ് വിദ്യാഭ്യാസം വരേണ്യവര്‍ഗത്തിന് മാത്രം പ്രാപ്യമായാല്‍ പോരാ. ആദിവാസികള്‍ക്കും ദലിതര്‍ക്കും പ്രൈമറിതലം മുതല്‍ സര്‍ക്കാര്‍ ഇംഗ്ലീഷ് വിദ്യാഭ്യാസവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നല്‍കണം. അവരെ ദേശീയ, അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇതിലൂടെ മാത്രമെ കഴിയൂ.’
ലോകത്തുള്ള ഏഴായിരത്തോളം ഭാഷകളില്‍ പകുതിയോളം നാമാവശേഷമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ലോകത്തിലെ മാതൃഭാഷകള്‍ പ്രത്യേകിച്ച് ന്യൂനപക്ഷത്തിന്റെ ഭാഷകള്‍ അംഗീകരിക്കുന്നതിനും പ്രയോഗക്ഷമമാക്കുന്നതിനുമായി 2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി 21 ലോകമാതൃഭാഷാദിനമായി യുനസ്‌കോ ആചരിക്കുന്നത്. ബംഗ്ലാദേശില്‍ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാനദിനത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21ന്‌ബെംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിക്ഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശില്‍ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്. 2008നെ ലോക ഭാഷാവര്‍ഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുകയായിരുന്നു.
തീര്‍ച്ചയായും ലോകമാതൃഭാഷാചരണത്തിനു പ്രസക്തിയുണ്ട്. എല്ലാ മേഖലകളിലുമുള്ള വൈവിധ്യങ്ങളും ദുര്‍ബ്ബലവിഭാഗങ്ങളും തുടച്ചുമാറ്റപ്പെടുകയും ആധിപത്യശക്തികള്‍ മാത്രം അതിജീവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പീഡിതവിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നത് ജനാധിപത്യത്തിന്റെ ആദ്യപാഠമാണ്. അതിനാല്‍തന്നെ തകരുന്ന ഭാഷകളെ സംരക്ഷിക്കാനുള്ള പോരാട്ടം അനിവാര്യമാണ്. മാതൃഭാഷയിലൂടെയാണ് ഒരു സമൂഹത്തില്‍ അടിസ്ഥാന വികസനവും സൂക്ഷ്മ ജനാധിപത്യവും പുലരുകയുള്ളൂ. ഭാഷ സ്വാതന്ത്ര്യത്തിന്റെയും പുരോഗതിയുടെയും ദശീയതയുടേയും അടിത്തറയാണ്. അത്തരമൊരു സാഹചര്യത്തില്‍ കേരളത്തില്‍ ഒരു സര്‍ക്കാര്‍ ജോലി കിട്ടണമെങ്കില്‍ എല്ലാ വിഷയങ്ങള്‍ക്കും ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം എന്ന അവസ്ഥ മാറേണ്ടതാണ്. ഐ.എ.എസ്.പരീക്ഷ മലയാളത്തിലെഴുതാം. എന്നാല്‍ സെക്രട്ടറിയേറ്റ് ഗുമസ്തനാകാനുള്ള പി.എസ്.സി.പരീക്ഷയില്‍ ഇംഗ്ലീഷ് മാത്രമേ പറ്റൂ എന്ന വൈരൂദ്ധ്യവും നിലവിലുണ്ട്. അക്കാരണങ്ങളാല്‍ ഈ ആവശ്യമുന്നയിച്ചുള്ള സെക്രട്ടറിയേറ്റ് മാര്‍ച്ച് പിന്തുണക്കപ്പെടണം. കോടതിയിലും മലയാളമുപയോഗിക്കാന്‍ കഴിയണം. എന്നാല്‍ മാതൃഭാഷാ മാധ്യമത്തില്‍ പഠിച്ചവര്‍ക്ക് അതതു ഭാഷാപ്രദേശങ്ങളില്‍ സര്‍ക്കാര്‍ തൊഴില്‍ ലഭിക്കുന്നതിന് നിശ്ചിതശതമാനം മാര്‍ക്കിളവ് നല്‍കണം, അധ്യയന മാധ്യമം പൂര്‍ണ്ണമായും മലയാളമാകണം തുടങ്ങിയ ആവശ്യങ്ങള്‍ മൗലികവാദപരമാണെന്നു പറയാതെ വയ്യ. കാരണം ഒരു വശത്ത് രാഷ്ട്രീയപരമായ അതിര്‍വരമ്പുകള്‍ ശക്തമാണെങ്കിലും മറുവശത്ത് അവ തകരുകയുമാണ്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ മലയാളികളും പെടും. ഇന്ന് കേരളവും ആ ദിശയിലാണ്. ലക്ഷകണക്കിനു ഇതരസംസഥാനതൊഴിലാളികളാണല്ലോ ഇവിടെ ഉപജീവനം നടത്തുന്നത്. തൊഴില# – വിദ്യാഭ്യാസമേഖലകളിലെല്ലാം ഭാഷാപരമായ വിവേചനം തകരുകയാണ വേണ്ടത്. അത് വിദേശഭാഷയുടെ പേരിലായാലും മാതൃഭാഷയുടെ പേരിലായാലും. എല്ലാ പി.എസ്.സി.പരീക്ഷകളുടെയും ചോദ്യങ്ങള്‍ മലയാളത്തിലുംകൂടി ലഭ്യമാക്കുക, മാതൃഭാഷാവകാശം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ക്ക് ഇത് എതിരല്ല താനും.
അധ്യയനമാധ്യമം പൂര്‍ണ്ണമായും മലയാളമാക്കുക എന്ന പൊതുവില്‍ പിന്തുണക്കപ്പെടുന്ന മുദ്രാവാക്യവും മൗലികവാദപരമാണെന്നു പറയാതെ വയ്യ. ഈ മുദ്രാവാക്യമുയര്‍ത്തുന്നവരില്‍ ഭൂരിഭാഗവും സ്വന്തം മക്കളെ പഠിപ്പിക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണെന്നത് അവിടെനില്‍ക്കട്ടെ. തങ്ങളുടെ ഭാവിയെ കുറിച്ചുള്ള ഭയമാണ് പത്രങ്ങളെ മലയാളത്തിനായി അമിതമായി രംഗത്തിറങ്ങാന്‍ പ്രചോദിപ്പിക്കുന്നത് എന്നതും വ്യക്തം. സത്യത്തില്‍ മലയാളികള്‍ക്ക് മലയാളം മീഡിയത്തില്‍ പഠിക്കാനുള്ള അവസരം വേണ്ടുവോളമുണ്ടല്ലോ. കുട്ടികളില്ലാതെ അത്തരം സ്‌കൂളുകള്‍ നിലനില്‍പ്പിന്റെ ഭീഷണിയിലാണ്. ഇംഗ്ലീഷ് മീഡിയം ആരംഭിച്ചാണ് പല സര്‍ക്കാര്‍ സ്‌കൂളുകളും നിലനില്‍ക്കുന്നത്. മക്കള്‍ മലയാളം പഠിക്കേണ്ട, ഇംഗ്ലീഷാണ് പഠിക്കേണ്ടത് എന്നത് മലയാളികള്‍ പൊതുവിലെടുത്ത തീരുമാനമായിരുന്നില്ലേ..? പ്രത്യകിച്ച് പ്രബുദ്ധരെന്ന കാറ്റഗറിയില്‍ വരുന്നവര്‍ കക്ഷിരാഷ്ട്രീയ ജാതി മത വ്യത്യാസമില്ലാതെ ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു അത്. അവരില്‍ ബുദ്ധിജീവികളും എഴുത്തുകാരും മലയാളം അധ്യാപകരും രാഷ്ട്രീയനേതാക്കളും മന്ത്രിമാരുമൊക്കെ ഉള്‍പ്പെടുന്നു. സ്വാഭാവികമായും അവരില്‍ ദളിതരും ആദിവാസികളും കുറവായിരുന്നു.
ആധുനികകാലത്തെ ഉന്നതപഠനത്തിലും തൊഴില്‍ സാധ്യതകളിലും ഇംഗ്ലീഷിനു വലിയ പ്രാധാന്യമുണ്ട്. ഗൃഹാതുരത്വത്തിന്റേയോ ഭാഷാമൗലികവാദത്തിന്റേയോ പേരില്‍ അതു മറക്കരുത്. ജനാധിപത്യപരവും ബഹുസ്വരവുമാണ് എല്ലാ സമൂഹങ്ങളും. പരസ്പരം കൊണ്ടും കൊടുത്തും ഭാഷകള്‍ വളരും. തളരും. ഒരു ഭാഷയും അടിച്ചേല്‍പ്പിക്കരുത്. ചില ഭാഷകള്‍ ചിലപ്പോള്‍ തളരും. മരിക്കും. കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെങ്കിലും സ്വാഭാവികമായ മരണങ്ങള്‍ അംഗീകരിക്കാതിരിക്കാനാവില്ലല്ലോ. അവിടെ ഭാഷാമൗലികവാദപരമായ നിലപാടുകള്‍ അപ്രസക്തമാകും. നിരവധി ഭാഷകള്‍ സംസാരിക്കുന്ന കോസ്മോ പൊളിറ്റന്‍ സംസ്‌കാരത്തേക്കാണ് കേരളം നീങ്ങുന്നത്. അതത്ര മോശപ്പെട്ട കാര്യമല്ല. അങ്ങോട്ടുപഠിപ്പിക്കുക മാത്രമല്ല, ഇങ്ങോട്ടു പഠിക്കാനും നാം തയ്യാറാവണം. ഭാഷാപരമായ തുല്ല്യതയാണ് ആവശ്യം. പ്രായോഗികമായി പറയുമ്പോള്‍ ചെറിയ ക്ലാസുകളിലെ ശാസ്ത്രപഠനം മാതൃഭാഷയില്‍ തന്നെ ആകുന്നതാണ് നല്ലത്. അതേസമയം ഉന്നതവിദ്യാഭ്യാസം കൂടി മാതൃഭാഷയില്‍ തന്നെ നടക്കണം എന്നത് തീരെ പ്രായോഗികതയില്ലാത്ത ഒരു ആഗ്രഹമാണ്. നമ്മുടെ മാതൃഭാഷയായ മലയാളം സംസാരിക്കുന്നത് കഷ്ടിച്ച് നാലുകോടി ജനങ്ങളാണ്. ലോകജനസംഖ്യയുടെ അര ശതമാനമേ ഉള്ളൂ നമ്മള്‍. കേരളം എന്ന വളരെ ചെറിയൊരു പ്രദേശത്താണ് നമ്മള്‍ കഴി!ഞ്ഞുകൂടുന്നത്. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇത് നമ്മുടെ വലിയൊരു പരിമിതി തന്നെയാണ്. പലതും പറഞ്ഞുഫലിപ്പിക്കാനാവാതെ നമ്മുടെ കൊച്ചുഭാഷ കിടന്ന് കിതയ്ക്കുകയേ ഉള്ളൂ. ശാസ്ത്രം എന്നത് ഇന്നുവരെയുള്ള അറിവുകളുടെ സഞ്ചയമാണ്. അത് ഇപ്പോത്തന്നെ അതിവിശാലമാണ്. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്നതുമാണ്. അത് കൈകാര്യം ചെയ്യാനുള്ളത്രയും വലിപ്പമുള്ള പദസഞ്ചയം നമ്മുടെ ഭാഷയ്ക്ക് ഇല്ല. അക്കാദമികതലത്തില്‍ ശാസ്ത്രം പഠിക്കുന്ന ഒരാളുടെ മുന്നിലെ പ്രധാനവഴി ശാസ്ത്രഗവേഷണമാണ്. മലയാളം എന്ന ഭാഷയിലോ കേരളമെന്ന പ്രദേശത്തോ ഒതുങ്ങിനിന്ന് ഇത് സാധിച്ചെടുക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്. പഠിക്കുന്ന വിഷയത്തില്‍ ഒരു സംശയം വന്നാല്‍ നിങ്ങള്‍ ഇക്കാലത്ത് അതേപ്പറ്റി അന്വേഷിക്കുന്നത് ഇന്റര്‍നെറ്റിലായിരിക്കും. അവിടെ മലയാളത്തിലുള്ള സെര്‍ച്ചിങ് കാര്യമായ പ്രയോജനം ചെയ്യില്ല എന്നുറപ്പാണ്. പറഞ്ഞുവന്നത്, ശാസ്ത്രപഠനത്തിലെങ്കിലും മലയാളിക്ക് മാതൃഭാഷ പര്യാപ്തമാകില്ല. മറ്റുമേഖലകളും കാര്യമായി വ്യത്യസ്ഥമല്ല. നമ്മുടെ തൊഴില്‍ സാധ്യതകള്‍ കൂടുതലും പുറത്തായതിനാല്‍തന്നെ പലപ്പോഴും അറിയുന്നതുപോലും പറയാനാകാതെ പുറംതള്ളപ്പെടുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് കാഞ്ചൈ ഐലയ്യുടെ വാക്കുകളുടെ പ്രസക്തി. ഉന്നതകുലജാതരെല്ലാം ഇംഗ്ലീഷില്‍ തന്നെ പഠിക്കുന്നു എന്നും ഇപ്പോള്‍ ദളിതര്‍ക്ക് ഉന്നതപഠനത്തിനായുളള സാധ്യതകള്‍ കൂടിവരുമ്പോള്‍ മാതൃഭാഷക്കായുള്ള കോലാഹലം തങ്ങള്‍ക്ക് പ്രതികൂലമാണെന്ന അദ്ദേഹത്തിന്റെ വാദം തള്ളിക്കളയാനാവില്ല. മാത്രമല്ല ഇവരുന്നയിക്കുന്ന മാതൃഭാഷയൊന്നുമല്ല ഭൂരിഭാഗം ദളിതരുടേയും ആദിവാസികളുടേയും മാതൃഭാഷ. മാതൃഭാഷാ അധ്യയനം പോലുള്ള പൊതുവിദ്യാഭ്യാസ മൂല്യങ്ങളുടെ ആദര്‍ശഭാരം അടിസ്ഥാന ജനവിഭാഗങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. ഇളയ്യ പറയുന്നത് ദളിത് ആദിവാസികളും പിന്നോക്ക വിഭാഗങ്ങളും മിനിമം സി ബി എസ് ഇ സ്‌കൂളില്‍ പഠിക്കട്ടേ എന്നാണ്. അതിനോട് തന്നെയാണ് ശരി. ആ സമുദായങ്ങള്‍ക്ക് കാത്തു നില്‍ക്കാന്‍ സമയമില്ല. അവര്‍ക്ക് അതിജീവനത്തിന് (വ്യക്തിപരമായും, സാമൂഹികപരമായും) ഓരോ ദിവസത്തെ സമയം പോലും വളരെ പ്രധാനം ആണ്. അവരില്‍ നിന്ന് എത്രയും വേഗം ബുദ്ധിജീവികളും, പ്രൊഫഷണലുകളും ഉണ്ടാകേണ്ടതുണ്ട്. അതിനു ഇംഗ്ലീഷ് പഠനം അനിവാര്യമാണ്. കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. തീര്‍ച്ചയായും മാതൃഭാഷകള്‍ സംരക്ഷിക്കപ്പെടണം. എന്നലത് മൗലികവാദപരമാകരുത് എന്നു മാത്രമാണ് ഈ കുറിപ്പില്‍ പറയാനുദ്ദേശിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply