മാതാ അമൃതാനന്ദമയിക്ക് ഒരു തുറന്ന കത്ത്

അമ്മയെന്ന് വലിയൊരുവിഭാഗം ഭക്തരാല്‍ വിശേഷിക്കപ്പെടുന്ന ഒരാളാണല്ലോ അങ്ങ്. ചിലര്‍ ആള്‍ദൈവം എന്ന് വിശേഷിപ്പിക്കുന്നു എങ്കിലും അവര്‍ എത്രയോ കുറവ്. അമ്മമാരും അവരുടെ ആലിംഗനങ്ങളും നഷ്ടപ്പെടുന്ന ഒരു സമൂഹത്തില്‍ താങ്കള്‍ സ്വീകാര്യയാകുന്നത് സ്വാഭാവികം. വിശ്വാസം, അതല്ലെ എല്ലാം. വിശ്വാസത്തെ താങ്കള്‍ ചൂഷണം ചെയ്യുന്നു എന്നാണല്ലോ ആരോപണം. അതില്‍ അത്ഭുതപ്പെടാനെന്തുണ്ട്? നമ്മുടെ ഡോക്ടര്‍മാരും അധ്യാപകരും രാഷ്ട്രീയ നേതാക്കളുമെല്ലാം ചെയ്യുന്നത് അതുതന്നെയാണല്ലോ. രോഗി തന്നിലര്‍പ്പിച്ച വിശ്വാസത്തെ എത്ര ഭയാനകനായാണ് നമ്മുടെ മിക്ക ഡോക്ടര്‍മാരും ചൂഷണം ചെയ്യുന്നത്. അതുപോലെ തന്നെ വിദ്യാര്‍ത്ഥികളെ അധ്യാപകരും […]

amma-hugging1

അമ്മയെന്ന് വലിയൊരുവിഭാഗം ഭക്തരാല്‍ വിശേഷിക്കപ്പെടുന്ന ഒരാളാണല്ലോ അങ്ങ്. ചിലര്‍ ആള്‍ദൈവം എന്ന് വിശേഷിപ്പിക്കുന്നു എങ്കിലും അവര്‍ എത്രയോ കുറവ്. അമ്മമാരും അവരുടെ ആലിംഗനങ്ങളും നഷ്ടപ്പെടുന്ന ഒരു സമൂഹത്തില്‍ താങ്കള്‍ സ്വീകാര്യയാകുന്നത് സ്വാഭാവികം. വിശ്വാസം, അതല്ലെ എല്ലാം. വിശ്വാസത്തെ താങ്കള്‍ ചൂഷണം ചെയ്യുന്നു എന്നാണല്ലോ ആരോപണം. അതില്‍ അത്ഭുതപ്പെടാനെന്തുണ്ട്? നമ്മുടെ ഡോക്ടര്‍മാരും അധ്യാപകരും രാഷ്ട്രീയ നേതാക്കളുമെല്ലാം ചെയ്യുന്നത് അതുതന്നെയാണല്ലോ. രോഗി തന്നിലര്‍പ്പിച്ച വിശ്വാസത്തെ എത്ര ഭയാനകനായാണ് നമ്മുടെ മിക്ക ഡോക്ടര്‍മാരും ചൂഷണം ചെയ്യുന്നത്. അതുപോലെ തന്നെ വിദ്യാര്‍ത്ഥികളെ അധ്യാപകരും അണികളെ രാഷ്ട്രീയ നേതാക്കളും കക്ഷികളെ വക്കീലന്മാരും വായനക്കാരെയും പ്രേക്ഷകരേയും മാധ്യമങ്ങളും… ഈ ലിസ്റ്റ് ഏറെ നീട്ടാം. ചിലര്‍ അതില്‍ കോര്‍പ്പറേറ്റുകളാകുന്നു എന്നുമാത്രം.
ഈ കുറിപ്പെഴുതാനുള്ള പ്രധാനകാരണം കഴിഞ്ഞ ദിവസം അപൂര്‍വ്വം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണ്. തൃശൂരില്‍ അയ്യന്തോളില്‍ താങ്കളുടെ ഭജന നടക്കുന്നയിടത്ത് മാനസിക വിഭ്രാന്തി കാണിച്ച ഒരു സ്ത്രീയെ താങ്കളുടെ വളണ്ടിയര്‍മാരും പോലീസും പിടികൂടുകയും കോടതിയില്‍ ഹാജരാക്കി മാനസികാരോഗാശുപത്രിയിലാക്കുകയും ചെയ്തു എന്ന സംഭവമാണ്. മാനസിക അസ്വാസ്ഥ്യമുള്ളവരാണ് പലപ്പോഴും ശാന്തിതേടി താങ്കളെ പോലുള്ളവരുടെ അടുത്തെത്തുക. അവരെ കയ്യോടെ പോലീസിനേയും കോടതിയേയും മാനസികാശുപത്രിയേയും ഏല്‍പ്പിക്കുകയാണോ വേണ്ടത്? അങ്ങനെ ചെയ്തതിന്റെ ഫലമായാണല്ലോ സത്‌നാംസിംഗും വര്‍ഷങ്ങള്‍ക്കുമുമ്പ് നാരായണന്‍കുട്ടിയും മറ്റും കൊല്ലപ്പെട്ടത്. ഇപ്പോഴും അതു തുടരുന്നു.
വിശ്വാസവഞ്ചന എന്നത് ധാര്‍മ്മികമായി മാത്രമല്ല, നിയമപരമായി പോലും കുറ്റമല്ലേ? പരസ്യങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ലെങ്കില്‍ ഉപഭോക്താവിന് നിയമനടപടിയെടുക്കാന്‍ പോലും അവകാശമുള്ള കാലമാണിത്. അത്തരമൊരു കാലത്താണ് താങ്കളെ വിശ്വസിച്ചുവന്നവരെ പോലീസിലേല്‍പ്പിക്കുന്നത്. ഒരു അമ്മ അതുചെയ്യാമോ? കഴിഞ്ഞ ദിവസം തന്നെ താങ്കളുടെ അടുത്ത് മാര്‍ അപ്രേം, ജില്ലാ കളകട്ര്‍ എം എസ് ജയ, ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരും വന്നിരുന്നല്ലോ. താങ്കള്‍ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കണമെന്ന് മാര്‍ അപ്രേം പറഞ്ഞു. ഇവരേക്കാളൊക്കെ താങ്കളുടെ സാന്ത്വനം അനിവാര്യമായിരുന്നു ആ സ്ത്രീക്ക്. കഷ്ടപ്പെടുന്നവരുടെ വേദന അകറ്റാനുള്ള യജ്ഞമാക്കി നമ്മുടെ ജീവിതത്തെ മാറ്റണമെന്ന് താങ്കള്‍ പ്രസംഗിച്ചതിനു തൊട്ടുപുറകെയായിരുന്നു ഈ സംഭവം.
തീര്‍ച്ചയായും ഈ വാര്‍ത്ത മിക്ക മാധ്യമങ്ങളിലും വന്നില്ല. അത് സ്വാഭാവികം. ഇതേപരിപാടിയുടെ വന്‍ പരസ്യങ്ങളായിരുന്നല്ലോ മാധ്യമങ്ങളില്‍ വന്നിരുന്നത്. അടുത്തയിടെ താങ്കളുടെ ആശ്രമവുമായി ബന്ധപ്പെട്ടുവന്ന വിവാദങ്ങളും മിക്കവാറും മാധ്യമങ്ങള്‍ പൂഴ്ത്തിയിരുന്നല്ലോ. അറിയാനുള്ള അവകാശമാണ് അവിടെ തടയപ്പെട്ടത്. അതിനന്താ? അമൃതാ ആശുപത്രിയിലെ സാന്ത്വന പരിരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ 26ന് മാധ്യമങ്ങളില്‍ വന്ന പരസ്യത്തിനു മൊത്തം നല്‍കിയത് ഒരു കോടിയാണെന്നാണ് കേള്‍ക്കുന്നത്. അവിടെതീരുന്നു മാധ്യമസ്വാതന്ത്ര്യം. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി താങ്കളെ വാനോളം പുകഴ്ത്തി. എന്തിനേറെ, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പോലും താങ്കള്‍ക്കെതിരായ ആരോപണങ്ങള്‍ വിശ്വസിക്കന്നില്ല എന്നു പറഞ്ഞു. ആശ്രമത്തില്‍ താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന ഗെയില്‍ ട്രെഡ്‌ വെലിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ താങ്കളുടെ മഠത്തിനെതിരെ കേസെടുക്കാത്തത്‌ കോടതിയലക്ഷ്യമാണെന്ന്‌ ചൂണ്ടിക്കാണിച്ച്‌ നല്‍കിയ ഹര്‍ജി കേസെടുക്കാന്‍ ആവശ്യമായ തെളിവില്ലെന്ന്‌ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയതിനെതുടര്‍ന്ന്‌ തള്ളുകയും ചെയ്‌തു. 20 വര്‍ഷം മുമ്പ്‌ നടന്ന സംഭവത്തില്‍ ഇപ്പോള്‍ കേസെടുക്കാനാവില്ലെന്നാണ്‌ കോടതി പറയുന്നത്‌. ഇതിനേക്കാള്‍ പഴക്കമുള്ള എത്രയോ സംഭവങ്ങളില്‍ കേസെടുത്തിരിക്കുന്നു. എന്നാല്‍ ജഡ്‌ജിമാര്‍പോലും താങ്കളുടെ ഭക്തരാകുമ്പോള്‍ അതുപ്രതീക്ഷിക്കാനാവില്ലല്ലോ.  അതേസമയം താങ്കളുടെ സൗമ്യരായ അനുയായികള്‍ ചില മാധ്യമങ്ങളുടെ വാഹനങ്ങള്‍ക്കും ഡിസി ബുക്‌സിനും സന്ദീപാനന്ദസ്വാമിക്കുമെതിരായി അക്രമങ്ങള്‍ നടത്തി. ഇപ്പോള്‍ ഫേസ് ബുക്കിനെതിരെയാണ് താങ്കള്‍ സംസാരിക്കുന്നത്. അവസാന പ്രഭാഷണത്തിലും അതാവര്‍ത്തിച്ചു. അതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം.
ആള്‍ദൈവങ്ങള്‍ ഉയര്‍ന്നുവരുന്ന ഒരു സാമൂഹ്യ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഈ കുറിപ്പെഴുതുന്നത്. എന്നാല്‍ നൈതികതയും നിയമവുമെല്ലാം മറികടക്കുകയും വിശ്വാസിച്ചെത്തുന്നവരോടുപോലും നീതിപുലര്‍ത്താതിരിക്കുകയും എതിരഭിപ്രായം പറയുന്നവരെ കടന്നാക്രമിക്കുകയും ചെയ്യുന്നതിനുള്ള അവകാശം എങ്ങനെ ലഭിച്ചെന്നു മാത്രം മനസ്സിലാകുന്നില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply