മാണി മാറി നില്‍ക്കണം

യുഡിഎഫ് ആടിയുലയുകയാണ്. ഭരണത്തിന്റെ ആരംഭം മുതലെ ആരംഭിച്ച അഴിമതിയാരോപ ണങ്ങള്‍ ഇപ്പോള്‍ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. കൃത്യമായ തെളിവുണ്ടോ എന്നൊക്കെ ചോദിക്കാം. നിയമത്തിനു മുന്നില്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. എന്നാല്‍ ജനങ്ങളുടെ മുന്നില്‍ വളരെ മോശപ്പെട്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രതിപക്ഷവും നിരവധി പ്രശ്‌നങ്ങളില്‍ പെട്ടു കിടക്കുന്നതിനാല്‍ ഭരണമങ്ങനെ മുന്നോട്ടുപോകുന്നു. യുഡിഎഫിലെ ഏറ്റവും സീനിയറായ ഒരു നേതാവാണ് മറ്റൊരു സീനിയര്‍ നേതാവിനെതിരെ കോടികളുടെ അഴിമതി ആരോപിക്കുന്നത്. പിള്ളക്കു തന്നോടുള്ള വൈരാഗ്യമാണ് കാരണമെന്നാണ് മാണിയുടെ പ്രതികരണം. ശരിയാകാം. എങ്കില്‍ ഇത്രയും മോശമായ അവസ്ഥയിലേക്ക് […]

mmയുഡിഎഫ് ആടിയുലയുകയാണ്. ഭരണത്തിന്റെ ആരംഭം മുതലെ ആരംഭിച്ച അഴിമതിയാരോപ ണങ്ങള്‍ ഇപ്പോള്‍ ഉച്ചസ്ഥായിയിലെത്തിയിരിക്കുന്നു. കൃത്യമായ തെളിവുണ്ടോ എന്നൊക്കെ ചോദിക്കാം. നിയമത്തിനു മുന്നില്‍ ചിലപ്പോള്‍ രക്ഷപ്പെട്ടേക്കാം. എന്നാല്‍ ജനങ്ങളുടെ മുന്നില്‍ വളരെ മോശപ്പെട്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രതിപക്ഷവും നിരവധി പ്രശ്‌നങ്ങളില്‍ പെട്ടു കിടക്കുന്നതിനാല്‍ ഭരണമങ്ങനെ മുന്നോട്ടുപോകുന്നു.
യുഡിഎഫിലെ ഏറ്റവും സീനിയറായ ഒരു നേതാവാണ് മറ്റൊരു സീനിയര്‍ നേതാവിനെതിരെ കോടികളുടെ അഴിമതി ആരോപിക്കുന്നത്. പിള്ളക്കു തന്നോടുള്ള വൈരാഗ്യമാണ് കാരണമെന്നാണ് മാണിയുടെ പ്രതികരണം. ശരിയാകാം. എങ്കില്‍ ഇത്രയും മോശമായ അവസ്ഥയിലേക്ക് സര്‍ക്കാരിനെ തള്ളിവിട്ട പിള്ള യെയും കൂട്ടരേയും മുന്നണിയില്‍ നിന്ന്് പുറത്താക്കണം. മാണി മറ്റുപലരില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിക്കുന്ന പിള്ള, അദ്ദേഹത്തിനെതിരെ സി.ബി. ഐ. അന്വേഷണം ആവശ്യപ്പെടണമെന്നും വക്കീലിനെ താന്‍ ഏര്‍പ്പാടാക്കിത്തരാമെന്നും ബിജുരമേശിനോട് പറയുന്നു. മറുവശത്ത് മറ്റൊരു തമാശ, താന്‍ പരസ്യമായി കെ.എം. മാണിക്കനുകൂലമായി പറയുമെന്നും അത് കാര്യമാക്കേണ്ടെന്നും പിസി ജോര്‍ജ് ബിജുവിനോട് പറയുന്നു. പിന്നീട് മാധ്യമങ്ങളോട് നേതാവിനെ രക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും ജോര്‍ജ് കൂട്ടിചേര്‍ക്കുന്നു.
മാണിക്കെതിരെ ബാര്‍ കോഴ കേസില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ ഈ ഫോണ്‍ സംഭാഷണങ്ങള്‍ വരണമെന്നില്ല. മാത്രമല്ല ഇവയ്ക്ക് നിയമപരമായ നിലനില്‍പ്പ് ഉണ്ടാകണമെന്നുമില്ല. എന്നാല്‍ സംഭാഷണം സത്യമാണെന്ന് ഇരുവരും വെളിപ്പെടുത്തിയ സ്ഥിതിക്ക് മുന്നണി നടപടിയെടുക്കാതിരിക്കുന്നതെങ്ങിനെ?  അല്ലെങ്കില്‍ അവ വിശ്വസിക്കേണ്ടിവരും. എന്തായാലും ഈ സംഭാഷണങ്ങള്‍ പുറത്തുവന്നപ്പോള്‍ തന്നെ മുതിര്‍ന്ന പല കോണ്‍ഗ്രസ് നേതാക്കളും ഈയാവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചിട്ടുണ്ട.്  മുഖ്യമന്ത്രി പതിവുപോലെ ഉരുണ്ടുകളിക്കുന്നു.  അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ള അഴിമതിയെക്കുറിച്ച് സംസാരിക്കുന്നതിലെ അപഹാസ്യത നിലനില്‍ക്കുമ്പോഴും അദ്ദേഹം പറയുന്നവ മുഴുവന്‍ തള്ളാനാകുമോ എന്ന ചോദ്യം പ്രസക്തമാണ്. കോണ്‍ഗ്രസിലെ നാലു മന്ത്രിമാരുടെ സംരക്ഷണം തനിക്കുണ്ടെന്നു പിന്നീട് ടിവി ചാനലിലെ ചര്‍ച്ചയില്‍ ബിജു വെളിപ്പെടുത്തി.
മുന്നണിയിലെ ഒരു മുതിര്‍ന്ന മന്ത്രി കോടികള്‍ കോഴ വാങ്ങിയെന്ന് അതേ മുന്നണിയിലെ മുതിര്‍ന്ന നേതാവ് തുറന്നടിക്കുന്ന സംഭാഷണം പുറത്തുവന്നതോടെ യു.ഡി.എഫ്. അങ്കലാപ്പിലായി. ആരോപണങ്ങളെ അംഗീകരിക്കുന്ന മട്ടില്‍ ജോര്‍ജ് നടത്തിയ പ്രതികരണങ്ങള്‍ വെളിച്ചത്തായതു കേരളാ കോണ്‍ഗ്രസിനെയും അമ്പരപ്പിച്ചു. ജോര്‍ജിനു സ്വയം വിശദീകരിക്കേണ്ട സാഹചര്യവുമുണ്ടായി. ഇതോടെ ബാര്‍ കോഴ വെറും ആക്ഷേപം എന്ന നിലയില്‍ തള്ളിക്കളയാന്‍ കഴിയാത്ത സ്ഥിതിയിലാണ് യു.ഡി.എഫ്. ബിജു രമേശ് ഉന്നയിച്ചതിനേക്കാള്‍ ഗുരുതരമായ കാര്യങ്ങളാണു പിള്ള പറഞ്ഞത്. ബില്ല് മാറിക്കൊടുക്കാനായി അരിമില്ലുകാരില്‍നിന്നു മാണി രണ്ടു കോടി രൂപ വിലപേശി വാങ്ങിയെന്നും തെരഞ്ഞെടുപ്പുകാലത്ത് സ്വര്‍ണക്കടക്കാരില്‍നിന്നു തെരഞ്ഞെടുപ്പുകാലത്ത് 19 കോടി വാങ്ങിയെന്നും അദ്ദേഹം പറയുന്നു.
പണപ്പിരിവിനെക്കുറിച്ച് ഗണേഷിനൊപ്പം താന്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ പരാതിപ്പെട്ടിരുന്നുവെന്ന് ബാലകൃഷ്ണപിള്ള വെളിപ്പെടുത്തുന്നു. എന്നാല്‍ ആരോപണമുയര്‍ന്നശേഷം താന്‍ പിള്ളയെ കണ്ടിട്ടില്ലെന്നും അദ്ദേഹം തന്നോട് ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ജനം എന്തു വിശ്വസിക്കണം?
ബിജുരമേശ് പറയുന്ന വിഷയങ്ങള്‍ എന്തായാലും വ്യക്തമല്ല. മന്ത്രി മാണിക്ക് പണം കൊണ്ടുപോയി കൊടുത്തുവെന്ന് ബിജു രമേശ് പറഞ്ഞ നാലുപേരില്‍ രണ്ടുപേര്‍  പണം നല്‍കിയില്ലെന്നാണ് മൊഴി നല്‍കിയത്. മറ്റ് രണ്ടുപേരുടെയും മൊഴിയും ഈ രീതിയില്‍ തന്നെയായിരിക്കുമെന്നറിയുന്നു.  പണം നല്‍കിയതായി മൊഴിയുണ്ടെങ്കിലേ കേസ് നിലനില്‍ക്കൂ. കേസ് ഇല്ലാതാകുന്നത് ബിജുവിന്റെ വിശ്വാസ്യതയെ ബാധിക്കും. ഇതാണ് ആരോപണം വന്നശേഷമുള്ള ഫോണ്‍ സംഭാഷണങ്ങള്‍ അദ്ദേഹം പുറത്തുവിട്ടത്. ഒരുപക്ഷെ മദ്യനയത്തില്‍ മാറ്റം വന്നതിനാല്‍ ബാറുടമകള്‍ പിന്മാറിയതാകാം.
എന്തായാലും കാര്യസാദ്ധ്യത്തിന് കോടികള്‍ കൊടുത്തു എന്നവകാശപ്പെട്ട് ഇപ്പോള്‍ നല്ലപിള്ള ചമയുന്ന ബിജുരമേശ് പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ വിശ്വസിക്കേണ്ടതില്ല. മാത്രല്ല കൈക്കൂലി കൊടുക്കുന്നതും കുറ്റമാണ്. അപ്പോഴും ഭരണകര്‍ത്താക്കള്‍ അഴിമതി വിമുക്തരായേ പറ്റൂ. ശക്തമായ അഴിമതിയാരോപണങ്ങള്‍ വന്നാല്‍ അധികാരത്തില്‍ നിന്നു മാറി നിന്ന് നിരപരാധിത്വം തെളിയിക്കുന്ന പഴയ ധാര്‍മ്മികത അവര് പ്രകടിപ്പിക്കണം. നേരിയ ഭൂരിപക്ഷം മാത്രമുള്ള സര്‍ക്കാരിനു പ്രബല ഘടകകക്ഷിയുടെ നേതാവായ മാണിയോടു മാറിനില്‍ക്കാന്‍ പറയാനാകില്ല. മുന്നണിയുടെ പ്രതിച്ഛായയെ കരുതി അദ്ദേഹം സ്വയം തീരുമാനമെടുക്കട്ടെ എന്ന നിലയിലാണു കോണ്‍ഗ്രസ് നേതാക്കള്‍.അതുമനസ്സിലാക്കുകയാണ് മാണി ചെയ്യേണ്ടത്. അല്ലെങ്കില്‍ നാശം സംഭവിക്കുക ജനാധിപത്യസംവിധാനത്തിനു തന്നെയായിരിക്കും. ചുരുങ്ങിയപക്ഷം മാണിയെങ്കിലും മാറിനില്ക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മാണി മാറി നില്‍ക്കണം

  1. Avatar for Critic Editor

    Harisankar Kalavoor

    കേന്ദ്രത്തിലെ കോണ്ഗ്രസ് അഴിമതികളുടെ ഭാരം താങ്ങാനാവാതെ വീണുടഞ്ഞു. കേരളത്തിലെ കൊണ്ഗ്രസ്സിനും ഇപ്പോൾ അതെ ഗതി ആയോ? ഒരനുഭവം കൊണ്ടൊന്നും ഇവർ പഠിക്കില്ലേ? ജനങ്ങൾ വിഡ്ഢികൾ അല്ല…

Leave a Reply