മാണിയോ പിണറായിയോ?

കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെ എം മാണിയുടെ കേരളമുഖ്യമന്ത്രിയാകുക എന്ന ചിരകാലാഭിലാഷം സാക്ഷാല്‍ക്കരിക്കപ്പെടുമോ? ആ ദിശയിലാണ് കാര്യങ്ങളുടെ പോക്കെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരെങ്കിലും കരുതുന്നു. യുഡിഎഫ് നേതാക്കളുടെ ചങ്കിടിപ്പ് കൂടുന്നു. എല്‍ഡിഎഫ് നേതാക്കള്‍ മാണിക്കായി ചുവന്ന പരവതാനി വിരിച്ചും മൂന്നു ലോകസഭാ സീറ്റുകള്‍ നീട്ടിയും കാത്തിരിക്കുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മലയോരകര്ഷകരുടെ ആശങ്ക പരിഹരിക്കുന്ന രീതിയില്‍ രണ്ട് ദിവസത്തിനകം കരട് വിജ്ഞാപനം ഇറക്കിയിട്ടില്ലെങ്കില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കുമെന്ന് കെ.എം.മാണി മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ […]

x

കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ കെ എം മാണിയുടെ കേരളമുഖ്യമന്ത്രിയാകുക എന്ന ചിരകാലാഭിലാഷം സാക്ഷാല്‍ക്കരിക്കപ്പെടുമോ? ആ ദിശയിലാണ് കാര്യങ്ങളുടെ പോക്കെന്ന് ഒരു വിഭാഗം രാഷ്ട്രീയ നിരീക്ഷകരെങ്കിലും കരുതുന്നു. യുഡിഎഫ് നേതാക്കളുടെ ചങ്കിടിപ്പ് കൂടുന്നു. എല്‍ഡിഎഫ് നേതാക്കള്‍ മാണിക്കായി ചുവന്ന പരവതാനി വിരിച്ചും മൂന്നു ലോകസഭാ സീറ്റുകള്‍ നീട്ടിയും കാത്തിരിക്കുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ മലയോരകര്ഷകരുടെ ആശങ്ക പരിഹരിക്കുന്ന രീതിയില്‍ രണ്ട് ദിവസത്തിനകം കരട് വിജ്ഞാപനം ഇറക്കിയിട്ടില്ലെങ്കില്‍ മന്ത്രിസഭയില്‍നിന്ന് രാജിവെക്കുമെന്ന് കെ.എം.മാണി മുഖ്യമന്ത്രിയെ അറിയിച്ചു കഴിഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി വ്യാഴാഴ്ച വൈകിട്ട് ആറിന് യോഗം ചേരും. ഓഫിസ് മെമ്മോറാണ്ടത്തിന് പകരം കരട് വിജ്ഞാപനം ഇറക്കിയില്ലെങ്കില്‍ രാജിവെക്കുമെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പാര്‍ട്ടി അധ്യക്ഷന് കത്ത് നല്‍കി. കേന്ദ്ര സര്‍ക്കാറിനോടുള്ള പ്രതിഷേധ സൂചകമായി മന്ത്രി പി.ജെ. ജോസഫ് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു. അഥവാ മാണി അയഞ്ഞാലും ജോസഫ് അയയാന്‍ ഇടയില്ല. പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ഹൈകമാണ്ടിനെ അറിയിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ഡല്‍ഹിക്ക് പോവും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് നേതൃത്വത്തിനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി, മന്ത്രി വീരപ്പ മൊയ്‌ലി എന്നിവരുമായി ഉമ്മന്‍ ചാണ്ടി നിരന്തരം ബന്ധ പ്പെടുന്നുണ്ട്. കെപിസിസി പ്രസിഡന്റ് വി എം സുധീരനും പ്രശ്‌നത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. ഓഫിസ് മെമ്മോറാണ്ടം പര്യാപ്തമല്ല എന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ സ്ഥിതിക്ക് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ഇനിയൊരു കരട് വിജ്ഞാപനം ഇറങ്ങുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്്.
എല്‍ഡിഎഫ് ആകട്ടെ മാണിയുടെ തീരുമാനം അറിയുന്നതിനായി സീറ്റു ചര്‍ച്ച നീട്ടികൊണ്ടു പോവുകയാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം സീറ്റുകള്‍ മാണിക്ക് നല്‍കാന്‍ എല്‍.ഡി.എഫ് ഒരുക്കമാണ്. കെ.എം മാണി എല്‍ഡിഎഫിനുമുന്നില്‍ മുഖം തിരിച്ചിട്ടില്ല. മറിച്ച് വ്യാഴാഴ്ച വൈകൂന്നേരം വരെ കാത്തിരിക്കാനാണ് ആവശ്യപ്പെട്ടത്.

അതേസമയം മാണി മറുകണ്ടം ചാടിയാല്‍ ലോകസഭാതിരഞ്ഞെടുപ്പിനേക്കാള്‍ കേരളരാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് മുഖ്യമായി വരിക. മാണി വന്നാല്‍ പുതിയ സര്‍ക്കാര്‍ ഉണ്ടാക്കണോ അതോ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തണോ എന്നാണ് എല്‍ഡിഎഫിന്റെ ചിന്ത. മാണി ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയുണ്ടാക്കാന്‍ എല്‍ഡിഎഫ് തയ്യാറാകുമെന്നുറപ്പ്. അതേസമയം അങ്ങനെവന്നാല്‍ അതിനുവേണ്ടിയാണോ തങ്ങള്‍ യുഡിഎഫ് വിട്ടതെന്ന ആരോപണം ഉണ്ടാകുമെന്ന് മാണിക്ക് ഭയമുണ്ട്. മാത്രമല്ല, അത്തരത്തില്‍ ഒരു മന്ത്രിസഭ വന്നാലും കേന്ദ്രത്തിനെ കൊണ്ടി തീരുമാനം മാറ്റിക്കാന്‍ കഴിയുമോ എന്ന ഭയവുമുണ്ട്. കോണ്‍ഗ്രസ്സ് പ്രതിപക്ഷത്തായാല്‍ പിന്നെ ഒന്നും നടക്കില്ലെന്നും അപ്പോല്‍ ഉണ്ടാകുന്ന പ്രതിസന്ധി ഇതിനേക്കാള്‍ രൂക്ഷമാകുമെന്നും മാണിക്കറിയാം. ഇക്കാരണങ്ങളാല്‍ മുഖ്യമന്ത്രിപദം വേണ്ട എന്നു മാണി പറയാനുമിടയുണ്ട്. അപ്പോള്‍ മന്ത്രിസഭ രൂപീകരിക്കണോ എന്ന ചോദ്യമായിരിക്കും സിപിഎമ്മിനു മുന്നിലുണ്ടാകുക. ഇരുമുന്നണികളും തീരുമാനമെടുക്കാന്‍ വിഷമിക്കുന്ന സന്ദര്‍ഡഭമായിരിക്കും അത്. കാരണം നിയമസഭാ തിരഞ്ഞെടുപ്പുവന്നാല്‍ എന്താണു സംഭവിക്കുക എന്ന് ഇരു കൂട്ടര്‍ക്കും ഉറപ്പില്ല എന്നതുതന്നെ. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകൂടി നടത്തുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ല. അതിനാലവര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ തയ്യാറാകുമായിരിക്കും. അപ്പോഴും ഗുരുതരമായ വിഷയം ഉയര്‍ന്നുവരും. ആര് മുഖ്യമന്ത്രിയാകും എന്നതുതന്നെയാണത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ വി.എസ് അച്ചുതാനന്ദനാണ് മുഖ്യമന്ത്രി ആകേണ്ടത്. അതനുവദിച്ചാല്‍ ഇപ്പോഴത്തേക്കാള്‍ മോശമായ അവസ്ഥയായിരിക്കും പാര്‍ട്ടിക്കുണ്ടാകുക എന്ന് സിപിഎമ്മിനറിയാം. അതിനാല്‍ മാണിയെതന്നെ മുഖ്യമന്ത്രിയാക്കാനായിരിക്കും പിണറായിയുടെ നീക്കം. അല്ലെങ്കില്‍ പിണറായിയോ കോടിയേരിയോ ആ സ്ഥാനത്തെത്തും. വിഎസിനെ ഒഴിവാക്കാന്‍ കേന്ദ്രനേതൃത്വം സമ്മതിക്കാനാണിട. മിക്കവാറും പിണറായി തന്നെ അതേറ്റെടുത്ത് കോടിയേരിയെ പാര്‍ട്ടി സെക്രട്ടറിയാക്കാനാണിട. കാരണം ഇനിയും പിണറായിക്ക് സെക്രട്ടറിയാകാന്‍ കഴിയില്ല എന്നതുതന്നെ. പിന്നീട് അനുയോജ്യമായ അവസരത്തില്‍ തിരഞ്ഞെടുപ്പുനടത്തി തന്റെ സ്ഥാനം ഭദ്രമാക്കാനായിരിക്കും പിണറായിയുടെ ശ്രമം. കേരളത്തില്‍ ഇപ്പോള്‍ അധികാരത്തിലെത്തിയാല്‍ പാര്‍ട്ടി നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും നേതൃത്വം കരുതുന്നു. ടിപി വധവുമായുണ്ടാകാന്‍ പോകുന്ന പ്രശ്‌നങ്ങള്‍തന്നെ അതില്‍ മുഖ്യം. മറുവശത്ത് കെഎം മാണിയുടെ മകന്‍ ജോസ്.കെ. മാണിയെ ലോകസഭയിലെത്തിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കാകുകയും ചെയ്യും.

ഇത്തരമൊരു നീക്കത്തോടെ കേരള കോണ്‍ഗ്രസ്സിനകത്തെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. ഇടുക്കി സീറ്റു നല്‍കുക വഴി പിജെ ജോസഫിനെ മെരുക്കാനാകും. ഇതൊക്കെയാണെങ്കിലും പള്ളി ഇക്കാര്യം അനുവദിക്കുമോ എന്ന ഭയം ബാക്കി. എന്നാല്‍ കസ്തൂരിയെ പറ്റി പറഞ്ഞ് ആ അനുമതി നേടാനാകുമെന്നാണ് അവരുടെ കണക്കു കൂട്ടല്‍.
ചുരുക്കത്തില്‍ കേരളത്തില്‍ ഒരു അധികാരമാറ്റത്തിനു സാധ്യതയേറിയിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസ്സിലും അതിന്റെ അലയൊലി ഉണ്ടാകും. വിഎം സുധീരന്‍ കരുത്തനാകുമെന്നതാണ് അതില്‍ പ്രധാനം. സ്വന്തം സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിയുന്നതോടെ സുധീരന്റെ ശക്തി വര്‍ദ്ധിക്കും. പ്രതിപക്ഷ നേതാവാകുന്ന ഉമ്മന്‍ ചാണ്ടിയും എംഎല്‍എ മാത്രമാകുന്ന ചെന്നിത്തലയും ദുര്‍ബ്ബലരാകുമെന്നുറപ്പ്. അതാണ് ഇരുവരേയും ഏറ്റവും പേടിപ്പിക്കുന്നത്. അതിനാല്‍തന്നെ കേന്ദ്രത്തില്‍ അതിശക്തമായ സമ്മര്‍ദ്ദത്തിലാണ് ഇരുവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply