മഹാരാജാസിലെ നീതിനിഷേധം

സ്വയംഭരണ കോളേജായി അംഗീകാരം ലഭിച്ച എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 22 വയസ്സ് കഴിഞ്ഞു എന്ന നിയമവിധേയമല്ലാത്ത കാരണം പറഞ്ഞ് മൂന്ന് ദലിത് വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് പിന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുന്നു. കേരള സര്‍ക്കാരിന്റേയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും നിയന്ത്രണത്തിലും നിയമങ്ങള്‍ക്കനുസരിച്ചും പ്രവര്‍ത്തിക്കേണ്ട മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളും അദ്ധ്യാപകരും കേരള സര്‍ക്കാരിന്റെയും എം.ജി. യൂണിവേഴ്‌സിറ്റിയുടെയും നിര്‍ദ്ദേശങ്ങളും നിയമങ്ങളും ലംഘിക്കുന്ന നിയമവിരുദ്ധ ശക്തിയായി സ്വയം അവരോധിച്ചിരിക്കുകയാണ് ഇതിലൂടെ. പ്രായപരിധി ബാധകമോ? മഹാരാജാസ് കോളേജിന് സ്വയംഭരണ പദവി […]

mmm

സ്വയംഭരണ കോളേജായി അംഗീകാരം ലഭിച്ച എറണാകുളം മഹാരാജാസ് കോളേജില്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 22 വയസ്സ് കഴിഞ്ഞു എന്ന നിയമവിധേയമല്ലാത്ത കാരണം പറഞ്ഞ് മൂന്ന് ദലിത് വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് പിന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നിഷേധിച്ചിരിക്കുന്നു. കേരള സര്‍ക്കാരിന്റേയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും നിയന്ത്രണത്തിലും നിയമങ്ങള്‍ക്കനുസരിച്ചും പ്രവര്‍ത്തിക്കേണ്ട മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളും അദ്ധ്യാപകരും കേരള സര്‍ക്കാരിന്റെയും എം.ജി. യൂണിവേഴ്‌സിറ്റിയുടെയും നിര്‍ദ്ദേശങ്ങളും നിയമങ്ങളും ലംഘിക്കുന്ന നിയമവിരുദ്ധ ശക്തിയായി സ്വയം അവരോധിച്ചിരിക്കുകയാണ് ഇതിലൂടെ.

പ്രായപരിധി ബാധകമോ?
മഹാരാജാസ് കോളേജിന് സ്വയംഭരണ പദവി നല്‍കിയതിനെ തുടര്‍ന്ന് മഹാരാജാസ്‌കോളേജ് സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഭൂരിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥി സംഘടനകളും പ്രൊഫ. എം.കെ. സാനു മാസ്റ്റര്‍ ഉള്‍പ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണരുമടങ്ങുന്ന സംഘം അമ്പതിലേറെ ദിവസം മഹാരാജാസിനു മുന്‍പില്‍ സമരം ചെയ്തത് കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായതാണ്. ഈ സമരം കേരള സര്‍ക്കാര്‍ 0107215, 04072015 , 05072015 തീയതികളില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹയര്‍ എഡ്യൂക്കേഷന്‍) ഡോ.കെ.എം. എബ്രഹാമിന്റെ മുറിയില്‍ വച്ച് നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിലാവുന്നത്. ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അംഗീകരിക്കപ്പെട്ട വ്യവസ്ഥകളില്‍ എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
c. With regard to Student Admission
1. The basic eligibltiy criteria for Student admission will be the same as Prescribed by the Mahatma Gandhi Universtiy for the same course.
അതായത് എം.ജി. യൂണിവേഴ്‌സിറ്റി നിഷ്‌കര്‍ഷിച്ച അടിസ്ഥാന യോഗ്യതയാണ് മഹാരാജാസ് കോളേജിലെ പ്രവേശനത്തിനും ബാധകം.
201516 അദ്ധ്യയന വര്‍ഷത്തേക്കുള്ള അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി എം.ജി. യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച പ്രൊസ്‌പെക്റ്റസ് നമുക്ക് www.mgu.ac.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്. പ്രസ്തുത പ്രോസ്‌പെക്റ്റസിന്റെ അഞ്ചാം അദ്ധ്യായം Eligibiltiy for Admission എന്നാണ്. പ്ലസ് ടൂ പരീക്ഷയോ തത്തുല്യമായ കോഴ്‌സോ പാസ്സായിരിക്കണമെന്നു മാത്രമാണ് എം.ജി. യൂണിവേഴ്‌സിറ്റിയുടെ നിര്‍ദ്ദേശം. അല്ലാതെ പ്രായപരിധി സംബന്ധിച്ച യാതൊരു നിര്‍ദ്ദേശവും ഇല്ല.
ഇനി സ്വയംഭരണ കോളേജായി പ്രഖ്യാപിക്കപ്പെട്ട മഹാരാജാസ് കോളേജ് 22 വയസ്സ് പ്രായപരിധി നിശ്ചയിച്ചാണ് ബിരുദ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചതെങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ 22 വയസ്സ് പിന്നിട്ട അപേക്ഷകരുടെ അപേക്ഷകള്‍ സ്വീകരിക്കപ്പെടില്ലെന്നുറപ്പ്. കമ്പ്യൂട്ടര്‍ തന്നെ ഇവരുടെ അപേക്ഷകള്‍ തിരസ്‌കരിച്ചേനെ!
എന്നാല്‍ 1989 ഏപ്രില്‍ 17 ജനന തീയതിയായ സ്വാതി സംഗീത് വി.യു എന്ന വിദ്യാര്‍ത്ഥിയുടെ അപേക്ഷ 1506288 എന്ന നമ്പറായും 1989 മെയ് 4 ജനനതീയതിയായ സേതു കൃഷ്ണന്‍ എന്‍.ആര്‍. ന്റെ അപേക്ഷ 1506288 എന്ന നമ്പറായും 1992 മാര്‍ച്ച് 28 ജനനതീയതിയായ സനല്‍ വി.എസ് ന്റെ അപേക്ഷ 1504440 നമ്പറായും 1991 ഏപ്രില്‍ 10 ജനനതീയതിയായ ജോബിന്‍ പി. ജോസിന്റെ അപേക്ഷ 1500682 നമ്പറായും അപേക്ഷ ഫീസ് ഇവര്‍ അടക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മഹാരാജാസ് കോളേജ് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും തുടര്‍ന്നുള്ള Allotment ഇവരുടെ പേരുകള്‍ വന്നതിനെ തുടര്‍ന്നാണ് രക്ഷകര്‍ത്താക്കളുമായി ഇവര്‍ പ്രവേശനത്തിനായി മഹാരാജാസ് കോളേജിലെത്തുന്നത്. അവിടെവച്ചാണ് പ്രായപരിധി പിന്നിട്ടു എന്ന കാരണം പറഞ്ഞ് കോളേജ് അധികൃതര്‍ ഇവരെ മടക്കി അയക്കുന്നത്. എം.ജി. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സെന്റ് അക്വീനാസ് കോളേജിലടക്കം ബിരുദ കോഴ്‌സിന് ലഭിച്ച പ്രവേശനം റദ്ദാക്കിയാണിവര്‍ മഹാരാജാസില്‍ പ്രവേശനത്തിനായി എത്തിയത്. ഫലമോ ഇപ്പോള്‍ എവിടെയും പഠിക്കാനാവാത്ത അവസ്ഥ.

പ്രവേശന നിഷേധത്തിനു പിന്നില്‍?
അറിവില്‍ നിന്നും അക്ഷരങ്ങളില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയ അധസ്ഥിത ജനവിഭാഗങ്ങള്‍ക്ക് അക്ഷരാഭ്യാസത്തിനും പള്ളിക്കൂട പ്രവേശനത്തിനും ഒരു നൂറ്റാണ്ട് മുമ്പ് മഹാത്മ അയ്യന്‍കാളി നടത്തിയ കാര്‍ഷിക വേലമുടക്ക് സമരത്തിലൂടെയാണ് സാദ്ധ്യതയായത്. ഇതിലൂടെയാണ് ഇന്ത്യന്‍ രാഷ്ട്പതിയായ ശ്രീ.കെ.ആര്‍. നാരായണനും സുപ്രീം കോടതി ചീഫ് ജസ്റ്റീസായ ശ്രീ.കെ.ജി ബാലകൃഷ്ണനേയും സംഭാവന ചെയ്യാന്‍ ഈ സമുദായത്തിനായത്.
1845ല്‍ ഇംഗ്ലീഷ് എലിമെന്ററി സ്‌കൂളായി ആരംഭിക്കുകതയും 1874 ല്‍ കോളേജായി മാറുകയും ചെയ്ത എറണാകുളം മഹാരാജാസ് കോളേജില്‍ അവര്‍ണ സമുദായങ്ങള്‍ക്ക് പ്രവേശനം നല്കി തുടങ്ങുന്നത് പണ്ഡിറ്റ് കെ.പി. കറുപ്പനടക്കമുള്ളവരുടെ പ്രയത്‌നഫലമായി 1914 മുതല്‍ക്കാണ്.
അധസ്ഥിതര്‍ ആധുനിക വിദ്യാഭ്യാസം സിദ്ധിക്കേണ്ടവരല്ലെന്നും ഇവരില്‍ നിന്നും ഇനി ഒരു കെ.ആര്‍. നാരായണനോ കെ.ജി. ബാലകൃഷ്ണനോ ഉണ്ടാകരുതെനന്നുമുള്ള ചിന്തയാണ് മഹാരാജാസ് കോളേജില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിലൂടെ ദൃശ്യമാകുന്നത്. ഇത് കേരളമെമ്പാടും പകര്‍ത്താനുള്ള പടപ്പുറപ്പാട് അണിയറയില്‍ അരങ്ങേറുമ്പോള്‍ അതിനെ മുളയിലേനുള്ളാന്‍ സാക്ഷരകേരളം സന്നദ്ധമാകണം.
സ്വയംഭരണത്തിന്റെ മറവില്‍ അക്കാദമിക് കോഓര്‍ഡിനേറ്റര്‍ ഡോ: ലിയാഖത്ത് അലിയുടെ കളിപ്പാവയായി മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാളും സംഘവും മാറിയതിന്റെ പരിണിതഫലമാണ് ഈ സമരത്തിന് ഹേതു. സ്വയംഭരണകോളേജുകളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന അനവധി പഠനങ്ങള്‍ National Institute of Educational Planning and Administration (NIEPA) പോലുള്ള ഏജന്‍സികള്‍ നടത്തിയിട്ടുണ്ട്. ഏതാനും കോളേജുകള്‍ നല്ല പ്രകടനം കാഴ്‌വെച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം കോളേജുകള്‍ക്കും പ്രതീക്ഷിച്ചവിധം അക്കാദമിക മികവ് കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ആ പഠനങ്ങള്‍ കണ്ടെത്തുന്നത്. മാത്രമല്ല ഈ കോളേജുകളില്‍ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിട്ടുണ്ടെന്നും ഈ പഠനങ്ങല്‍ വെളിപ്പെടുത്തുന്നു.
കൊടൈക്കനാല്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: ഫ്രാന്‍സിസ് സുന്ദര്‍രാജ് നടത്തിയ പഠനത്തെത്തുടര്‍ന്ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഈ സാഹചര്യത്തെ വസ്തുനിഷ്ഠമായി ഇങ്ങനെ സംഗ്രഹിക്കുന്നു. ‘ഈ പുതിയ പരീക്ഷണം ചില നന്‍മകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അത് പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിട്ടില്ല’. സ്വയംഭരണ കോളേജുകള്‍ പരാജയമാകുവാനുള്ള കാരണങ്ങള്‍ അദ്ദേഹം നിരത്തുന്നുണ്ട്. അതില്‍ പ്രധാനമായി അദ്ദേഹം പറയുന്ന രണ്ടുകാര്യങ്ങള്‍ ഇവയാണ്.
1. പല കോളേജുകളിലും ഗുണനിലവാരവും മാനദണ്ഡവും പാലിക്കുന്നതിലുള്ള പ്രതിബദ്ധത കാണപ്പെടുന്നില്ല. പക്ഷപാതിത്വം, ബലിയാടാക്കല്‍, സ്വാതന്ത്രയത്തിന്റെയും അവകാശങ്ങളുടെയും ദുരുപയോഗം, വ്യാജരേഖയുണ്ടാക്കല്‍ രാഷ്ട്രീയവല്‍ക്കരണം തുടങ്ങിയ സങ്കടകരങ്ങളായ കാര്യങ്ങളാണ് ചില കോളേജുകളില്‍ നിലനില്‍ക്കുന്ന ധാര്‍മ്മിക വീഴ്ചകള്‍.
2. ബുദ്ധിജീവി നാട്യമുള്ള അദ്ധ്യാപക അഹന്തയെ താലോലിക്കുന്നതായി മാറി സ്വയംഭരണാവകാശം

മഹാരാജാസില്‍ നടന്നതും നടക്കുന്നതും
മഹാരാജാസ് കോളേജില്‍ ബിരുദപ്രവേശനത്തിന് 22 വയസ് പ്രായപരിധി നിശ്ചയിക്കുകയും അത് പ്രോസ്‌പെക്ടസിലും ഓണ്‍ലൈന്‍ അപേക്ഷയുടെ പോര്‍ട്ടല്‍ തയ്യാറാക്കിയതിലും ഉള്‍പ്പെടുത്താതിരുന്നതും പിന്നീട് റാങ്ക് ലിസ്റ്റില്‍ 22 വയസ്സ് പിന്നിട്ടവര്‍ ഉള്‍പ്പെടുകയും അവര്‍ക്ക് ഓണ്‍ലൈനായിത്തന്നെ അലോട്ട്‌മെന്റ് മെമ്മോ നല്‍കുകയും പിന്നീട് പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ദലിത്പിന്നോക്ക വിദ്യാ4ര്‍ത്ഥികള്‍ പ്രതിഷേധവിമായി രംഗത്തുവന്നപ്പോള്‍ മാത്രം Regulation for under graduate programmers under choice based course -credit -semesters ystem and grading 2015′ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത്. ഈ റെഗുലേഷനാണ് 22 വയസ്സ് പ്രായപരിധി നിശ്ചയിച്ചതായി പറയുന്നത്. മഹാരാജാസ് കോളേജിനോടൊപ്പം സ്വയംഭരണ കോളേജായി പ്രഖ്യാപിക്കപ്പെട്ട് എറണാകുളം സെന്റ് തേരേസാസ് കോളേജുപോലും ബിരുദ പ്രവേശനത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നത് നാം തിരിച്ചറിയണം. ബിരുദ പ്രവേശനത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടുള്ള കേരളത്തിലെ ഏക കോളേജായി മഹാരാജാസ് കോളേജ് സ്വയം അവരോധിക്കപ്പെടുന്നത് ഡോ. ഫ്രാന്‍സിസ് സുന്ദര്‍രാജ് ചൂണ്ടിക്കാണിക്കുന്ന പക്ഷപാതിത്വം, ബലിയാടാക്കല്‍, സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും ദുരുപയോഗം എന്നിവയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പ്രിന്‍സിപ്പാളിന്റെ വാദങ്ങള്‍
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ മാനദണ്ഡം നോക്കാത്തതാണ് ഇപ്പോള്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എന്‍. എല്‍ ബീന പറയുന്ത്. (മാതൃഭൂമി ദിനപത്രം 21.09.2015) മികവിന്റെ കേന്ദ്രം ( ഇലിലേൃ ീള ലഃരലഹഹലിരല) എന്ന് സ്വയം പറയുന്ന മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ സ്ഥാനത്തിരുന്നുകൊണ്ടാണിവര്‍ ഈ വാക്കുകള്‍ പറയുന്നതെന്നോര്‍ക്കണം. മാനദണ്ഡം ആരാണ് നോക്കേണ്ടത്.? പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ത്ഥികളോ, അതോ കോളേജധികൃതര്‍ തയ്യാറാക്കിയ വെബ് പോര്‍ട്ടലോ? മാനദണ്ഡം പാലിക്കാത്ത വിദ്യാര്‍ത്ഥികളുടെ അപേക്ഷ ഓണ്‍ലൈനില്‍ എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നും കോളേജി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ മാനദണ്ഡം പാലിക്കാത്തവര്‍ എങ്ങനെ വന്നു എന്നും ഓണ്‍ലൈനായി ഇവര്‍ക്ക് എങ്ങനെ മഹഹീാേലി ോലാീ ലഭിച്ചു എന്നും പ്രിന്‍സിപ്പാളും അക്കാദമിക് കോഓര്‍ഡിനേറ്ററടക്കമുള്ള സ്വയമഭരണാധികാരികള്‍ എന്തുകൊണ്ട് വ്യക്തമാക്കുന്നില്ല. ?
പ്രായപരിധികൂടുതലുള്ളവരേക്കാള്‍ പ്രവേശനത്തിന് മുന്‍ഗണന നല്‍കേണ്ടത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്ലസ്ടു വിജയിച്ചവര്‍ക്കാണെന്ന വിദഗ്ദാഭിപ്രായത്തിന്റെ വെളിച്ചത്തിലാണ് നിബന്ധന കൊണ്ടുവന്നത്. (മാതൃഭൂമി ദിനപ്പത്രം 21.09.2015) എന്ന പ്രിന്‍സിപ്പാളിന്റെ പ്രസ്താവന ബുദ്ധിജീവിനാട്യമുള്ള അദ്ധ്യാപക അഹന്തയെ താലോലിക്കുന്നതാണ്. വിദഗ്ദന്‍മാര്‍ ആരെന്നും എവിടെയാണവര്‍ അഭിപ്രായപ്പെട്ടതെന്നും സര്‍ക്കാരോ എം.ജി. യൂണിവേഴ്‌സിറ്റിയോ ഇതംഗീകരിച്ചിട്ടുണ്ടോ എന്നും ഇവര്‍ വ്യക്തമാക്കേണ്ടതാണ്. രണ്ടോ, മൂന്നോ നാലോ വയസ്സ് കൂടുതലുള്ള ദലിത് പിന്നോക്കവിദ്യാര്‍ത്ഥികള്‍ ഇരുപത്തിരണ്ടുവയസസുകാരോടൊപ്പമിരുന്നു പഠിച്ചാല്‍, പ്രായം കൂടുതല്‍ ഉള്ളവര്‍ പ്രായം കുറഞ്ഞവരെ ചീത്തയാക്കും എന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. (മാധ്യമം ദിനപത്രം 20.09.2015) മഹാരാജാസ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പാളായ പ്രൊഫ.കെ.എന്‍ ഭരതന്‍ മാസ്റ്റര്‍ അടക്കമുള്ളവരെ അധിക്ഷേപിക്കുകയാണ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എന്‍.എല്‍ ബീന ഇതിലൂടെ ചെയ്തിരിക്കുന്നത്. ഭരതന്‍മാഷ് മഹാരാജാസില്‍ അധ്യാപകനായിരിക്കെ തന്നെ വിദ്യാര്‍ത്ഥിയുമായിരുന്നുവെന്നതും, തന്റെ മക്കളുടെ പ്രായമുള്ള സഹപാഠികളെ ചീത്തയാക്കിയ പാരമ്പര്യം ഭരതന്‍സാറിനോ അതുപോലുള്ളവര്‍ക്കോ ഇല്ലെന്നതാണ് മഹാരാജാസിന്റെ പാരമ്പര്യം ഇവര്‍ ഓര്‍ക്കുന്നത് നന്ന്.
വിദ്യാര്‍ത്ഥി പ്രവേശനം റദ്ദ് ചെയ്തുകൊണ്ടുള്ള രക്ഷപെടല്‍ തന്ത്രം
ദളിത്പിന്നോക്ക വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ആരംഭിക്കുകയും മഹാരാജാസിന്റെ ഈ വര്‍ഷത്തെ ബിരുദപ്രവേശനത്തിലെ അഴിമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിനും, പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട പ്രവേശനം 22 വയസ് പിന്നിട്ടെന്നുപറഞ്ഞ് നിഷേധിച്ചത് സംബന്ധിച്ച് പട്ടികജാതി വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതികള്‍ നല്‍കിയതിനെ തുടര്‍ന്ന് ഈ കേസുകളില്‍ നിന്ന് രക്ഷപെടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് 22 വയസ് പിന്നിട്ട 13 കുട്ടികള്‍ക്ക് നല്‍കിയ ബിരുദ പ്രവേശനം റദ്ദാക്കി, ആ വിദ്യാര്‍ത്ഥികളെയും വഴിയാധാരാമാക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വിചക്ഷണരായി സ്വയം പ്രഖ്യാപിച്ച് നടക്കുന്ന സ്വയംഭരണാധികാരികള്‍. ഈ വര്‍ഷം മറ്റൊരു കോളേജിലും പ്രവേശനം ലഭിക്കാത്ത അവസ്ഥയും ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ ഇവര്‍ ഒരുക്കിയിരിക്കുകയാണ്. ഇതാണോ മഹാരാജാസ് ഉയര്‍ത്തിക്കൊണ്ടുവരുന്ന നീതി? ദലിത് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ബിരുദ പ്രവേശനം ലഭ്യമാക്കാത്തതിനും വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനുമാണ്. അല്ലാതെ കിട്ടിയ വിദ്യാര്‍ത്ഥികളെ പുറത്താക്കാനല്ല.
സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയും, എം.ജി. യൂണിവേഴ്‌സിറ്റിയുടെ നിയമങ്ങളും നഗ്‌നമായി ലംഘിക്കുക മാത്രമല്ല, നിരവധി വര്‍ഷം കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. കെ.വി. തോമസ് എം.പി യുടെ അഭ്യാര്‍ത്ഥന അടക്കം തള്ളിക്കളയുന്ന തന്‍പ്രമാണികളായി മഹാരാജാസ് കോളേജ് അധികൃതര്‍ മാറുമ്പോള്‍ സാക്ഷരകേരളം ഈ സ്വയംഭരണാധികാരികളെ നിലയ്ക്ക് നിര്‍ത്താനും നീതി നടപ്പില്‍ വരുത്തുന്നതിനും തയ്യാറാകാണ്ടേതുണ്ട്. അതിനായി ദലിതപിന്നോക്ക വിദ്യാര്‍ത്ഥികള്‍ മഹാരാജാസിന് മുന്‍പില്‍ നടത്തിവരുന്ന സമരത്തോട് ഐക്യപ്പെടാം. ശക്തിപ്പെടുത്താം.

ഉത്തരകാലം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply