മസ്തിഷ്‌ക്കമരണങ്ങള്‍ സംശയത്തിന്റെ നിഴലില്‍

അവയവദാനവുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനിവാസന്‍ ചില സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിനു നേരെ സംഘടിതമായ അക്രമണമാണ് നടന്നത്. എന്നാല്‍ ശ്രീനിവാസന്‍ ഉന്നയിച്ച സംശയങ്ങള്‍ക്കു പ്രസക്തിയുണ്ടെന്നുതന്നെയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വാഹനാപകടങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും കേരളത്തില്‍ പുതിയതല്ല. എന്നാല്‍ മസ്തിഷ്‌കമരണത്തെ കുറിച്ച് ഇത്രയധികം വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങി അധികകാലമായിട്ടില്ല. 2012 മുതലാണ് കേരളത്തില്‍ മസ്തിഷ്‌ക മരണങ്ങള്‍ ഏറിത്തുടങ്ങിയത്. ഇതിനകം ഏകദേശം 236 മസ്തിഷ്‌ക മരണങ്ങള്‍ നടന്നതായാണ് കണക്കുകള്‍. അവയവമാറ്റ ശസ്ത്രക്രിയകള്‍ വ്യാപകമായതോടെയാണ് മസ്തിഷ്‌കമരണങ്ങളും ഏറിയതെന്നാണ് […]

download

അവയവദാനവുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനിവാസന്‍ ചില സംശയങ്ങള്‍ ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിനു നേരെ സംഘടിതമായ അക്രമണമാണ് നടന്നത്. എന്നാല്‍ ശ്രീനിവാസന്‍ ഉന്നയിച്ച സംശയങ്ങള്‍ക്കു പ്രസക്തിയുണ്ടെന്നുതന്നെയാണ് ഇതുമായി ബന്ധപ്പെട്ട പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
വാഹനാപകടങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളും കേരളത്തില്‍ പുതിയതല്ല. എന്നാല്‍ മസ്തിഷ്‌കമരണത്തെ കുറിച്ച് ഇത്രയധികം വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങി അധികകാലമായിട്ടില്ല. 2012 മുതലാണ് കേരളത്തില്‍ മസ്തിഷ്‌ക മരണങ്ങള്‍ ഏറിത്തുടങ്ങിയത്. ഇതിനകം ഏകദേശം 236 മസ്തിഷ്‌ക മരണങ്ങള്‍ നടന്നതായാണ് കണക്കുകള്‍. അവയവമാറ്റ ശസ്ത്രക്രിയകള്‍ വ്യാപകമായതോടെയാണ് മസ്തിഷ്‌കമരണങ്ങളും ഏറിയതെന്നാണ് ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നമ്മുടെ അലോപ്പതി വൈദ്യശാഖയിലുള്ളവര്‍ കണ്ണില്‍ ചോരയില്ലാത്ത കച്ചവടക്കാരായി മാറിയ അവസരത്തില്‍ ഇതിനെ സംശയത്തോടെ മാത്രമേ നോക്കി കാണാനാകൂ. എത്രയോ കിഡ്‌നി കച്ചവടങ്ങളള്‍ നടന്ന നാടാണ് നമ്മുടേതെന്നു മറക്കരുത്. മസ്തിഷ്‌ക മരണങ്ങള്‍ വന്‍ അവയവ കച്ചവടങ്ങള്‍ക്കു വഴിവെക്കുന്നുവെന്നാണ് അന്വേഷണങ്ങള്‍ വ്യക്തമാകുന്നത്. ഓരോ മസ്തിഷ്‌ക മരണത്തില്‍ നിന്നും ചുരുങ്ങിയത് 50 ലക്ഷത്തിലധികം രൂപയുടെ കച്ചവടമാണ് കേരളത്തില്‍ നടക്കുന്നത്. സ്വാഭാവികമായും അതെല്ലാം നടക്കുന്നത് പണത്തിനു മുന്നില്‍ ഒരുതരത്തിലുള്ള മൂല്യങ്ങള്‍ക്കും സ്ഥാനമില്ലാത്ത സ്വകാര്യ ആശുപത്രികളെ കേന്ദ്രീകരിച്ചാണ്. ഈ കച്ചവടങ്ങളത്രയും.
കേരളത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ നടന്ന നാലു മസ്തിഷ്‌ക മരണങ്ങളെക്കുറിച്ചും അതിന്റെ തുടര്‍ച്ചയായി നടന്ന അവയവ കച്ചവടങ്ങളെക്കുറിച്ചും മൈമോ ലൈവ് എന്ന ഇ മെയില്‍ പ്രസിദ്ധീകരണം നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്ന കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. മൂന്ന് മാസം മുന്‍പ് മരിച്ച വിശാല്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഹൃദയം തൃശൂര്‍ പട്ടിക്കാട് സ്വദേശിനി സന്ധ്യക്കും, കിഡ്‌നികള്‍ പനവൂര്‍ സ്വദേശി ഫക്രുദ്ധീന്, വിതുര സ്വദേശി രാജേഷ് എന്നിവര്‍ക്കുമാണ് ദാനം ചെയ്തത്. നെടുമങ്ങാട് സ്വദേശി പ്രിയയാണ് കരള്‍ സ്വീകരിച്ചത്. ഇതില്‍ ഹൃദയം വാങ്ങിയ സന്ധ്യ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ചികിത്സക്കായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് 30 ലക്ഷം രൂപയായിരുന്നു. വിശാലിന്റെ കിഡ്‌നി സ്വീകരിച്ചവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ആയിരുന്നു ചികിത്സയ്ക്കായി സമീപിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്കോരോരുത്തര്‍ക്കും ഒന്നര ലക്ഷം രൂപയോളമേ ചെലവ് വന്നുള്ളൂ. വിശാലിന്റെ കരള്‍ സ്വീകരിച്ച പ്രിയ ചികിത്സ തേടിയത് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ്. പ്രിയക്ക് വന്ന ചികിത്സാ ചെലവ് 20 ലക്ഷം രൂപയായിരുന്നു. അതായത് ദാനമായി നല്‍കിയ വിശാലിന്റെ അവയവങ്ങള്‍ക്കായി സ്വീകര്‍ത്താക്കള്‍ക്ക് വിവിധ ആശുപത്രികളില്‍ ചെലവഴിക്കേണ്ടി വന്നത് ആകെ മൊത്തം 53 ലക്ഷം രൂപ.
ഇതുപോലെതന്നെയാണ് മറ്റു മസ്തിഷ്‌കമരണങ്ങളുടേയും അവസ്ഥ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയും എസ്എഫ്‌ഐ സജീവ പ്രവര്‍ത്തകനുമായ 21കാരന്‍ അനന്ദിന്റേതാണ് അടുത്ത മസ്തിഷ്‌ക മരണം. ആനന്ദിന്റെ അവയവങ്ങള്‍ മാറ്റിവെച്ചതുവഴി കിംസ് ആശുപത്രി നേടിയത് 34 ലക്ഷം രൂപ.
മണ്ണാറശ്ശാല സ്വദേശി വിഷ്ണുവിനാണ് (25) അടുത്ത മസ്തിഷ്‌ക മരണം സംഭവിച്ചത്. വിഷ്ണുവിന്റെ അവയവങ്ങള്‍ക്കെല്ലാം കൂടി വിവിധ ആശുപത്രികളില്‍ ചെലവായത് 99.5 ലക്ഷം രൂപയോളമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മസ്തിഷ്‌കമരണം സംഭവിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിയായ ശരത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്തതിലൂടെ ആശുപത്രികള്‍ നേടിയത് 62 ലക്ഷം രൂപയാണത്രെ. അതായത് ഈ നാല് മസ്തിഷ്‌ക മരണങ്ങളിലൂടെ ആശുപത്രികള്‍ക്ക് ലഭിച്ചത് 248 ലക്ഷത്തോളം രൂപ !!!
കേരളത്തില്‍ അവയവങ്ങള്‍ ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ രൂപം നല്‍കിയ മൃതസഞ്ജീവനി എന്ന സംവിധാനത്തില്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യണം. ഏതു ആശുപത്രിയിലും മസ്തിഷ്‌ക മരണം സംഭവിച്ചാലും മൃതസഞ്ജീവനിയില്‍ ആദ്യം അറിയിക്കും. പിന്നീട് അവയവങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആവശ്യക്കാര്‍ക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ വീതിച്ചു നല്‍കും. മസ്തിഷ്‌ക മരണം സംഭവിച്ച ആശുപത്രിയില്‍ അവയവങ്ങള്‍ക്കായി ആരെങ്കിലും കാത്തിരിപ്പുണ്ടെങ്കില്‍ അവര്‍ക്കായിരിക്കും മുന്‍ഗണന. അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ സ്വാഭാവികമായും ലക്ഷങ്ങള്‍ ചെലവഴിക്കാനും തയ്യാറാണ്. അപ്പോഴാണ് ജീവനുപോലും വില കല്‍പ്പിക്കാത്ത കച്ചവടം നടക്കുന്നുണ്ടോ എന്നു സംശയിക്കാന്‍. അപകടത്തില്‍ പരിക്കേറ്റ രോഗിയെ രക്ഷിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമം നടക്കുമോ എന്ന സംശയം ന്യായമാണ്. എത്തിക്‌സിനു യാതൊരു വിലയും കല്‍പ്പിക്കാത്ത നമ്മുടെ ആശുപത്രികളും ഡോക്ടര്‍മാരും മസ്തിഷ്‌കമരണം സംഭവിച്ചു എ്ന്നു പ്രഖ്യാപിച്ചാല്‍ അതു ശരിയാണോ എന്നും സംശയിക്കുന്നതില്‍ തെറ്റില്ല. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് യാതൊരു ഓഡിറ്റിംഗിനും വിധേയമാക്കുന്നില്ലത്രെ. ചികിത്സിക്കുന്ന ഡോക്ടറുടെ ധാര്‍മികതയെ ആശ്രയിച്ചിരിക്കും അപകടം സംഭവിച്ച വ്യക്തിയുടെ ജീവിക്കാനുള്ള സാധ്യത എന്നര്‍ത്ഥം. അപകടം പറ്റിയ വ്യക്തി അബോധാവസ്ഥയിലും ബന്ധുക്കള്‍ ഡോക്ടര്‍ പറയുന്നത് കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരുമായി മാറുന്നു. പിന്നീട് അവയവദാനത്തെ കുറിച്ച് ബന്ധുക്കളോട് പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭൂരിഭാഗം പേരും അതനുസരിക്കുന്നു. ഈ സാഹചര്യം കര്‍ശന പരിശോധനയ്ക്കും നിയമത്തിനും വിധേയമാക്കുകയാണ് വേണ്ടത്. അതിന് പുതിയ നിയമ നിര്‍മാണം കൊണ്ടുവരണം.
ഇനി ഇതിന്റെ മറുവശം. അവയവമാറ്റം കൊട്ടിഘോഷിക്കപ്പെടുമ്പോഴും അവയവങ്ങള്‍ സ്വീകരിച്ചവരുടെ തുടര്‍കാല ജീവിതം ആരറിയുന്നു? ഇത്രയും പണം കൊടുത്തിട്ടും വെള്ള പേപ്പറില്‍ രോഗിയുടെ ജീവനും ജീവിതത്തിനും എന്ത് സംഭവിച്ചാലും കുഴപ്പം ഇല്ല എന്ന് ബന്ധുക്കള്‍ ഒപ്പിട്ടുകൊടുക്കണം. അങ്ങനെ തങ്ങളുടെ ഭാഗം ആശുപത്രികളും ഡോക്ടര്‍മാരും സുരക്ഷിതമാക്കുന്നു. അതോടൊപ്പം മരണം വരെ എല്ലാമാസവും പിതനായിരകണക്കിനു രൂപയുടെ മരുന്നു കഴിക്കേണ്ട അവസ്ഥയാണ് അവരുടേത്. മിക്കവര്‍ക്കും തൊഴിലിനു പോകാനും ബുദ്ധിമുട്ടാകും. ചുരുക്കത്തില്‍ സമ്പന്നരാണെങ്കില്‍ കൂടി കുടുംബം തകരുമെന്നര്‍ത്ഥം. സാധാരണക്കാരുടെ കാര്യം പറയാനില്ലല്ലോ.
അവയവദാനങ്ങള്‍ വേണ്ട എന്നല്ല അര്‍ത്ഥമാക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ പുരോഗതി ഉപയോഗിക്കപ്പെടണം. തല പോലും മാറ്റിവെക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. അതുമാകാം. എന്നാല്‍ ഈ പുരോഗതിയെല്ലാം ഉപയോഗിക്കുന്നത് വിരലിലെണ്ണാവുന്നവരുടെ കണ്ണില്‍ ചോരയില്ലാത്ത കൊള്ളക്കാകരുത്. എത്രയോ ലക്ഷങ്ങളാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് വേതനം നല്‍കുന്നത്. അതാദ്യം അവസാനിപ്പിക്കണം. വൈദ്യശാസ്ത്രത്തിലെ ഇത്തരത്തിലുള്ള പുതിയ സംഭാവനകള്‍ ആദ്യകാലത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മാത്രം ലഭ്യമാക്കണം. ആ നിലയിലേക്ക് അവയെ ഉയര്‍ത്തണം. വളരെ കര്‍ക്കശമായ നിലപാടുകളാണ് ഗവണ്മന്റ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്. ജീവന്‍ കൈവെച്ചു കളിക്കാന്‍ ആരേയും അനുവദിക്കാതിരിക്കാനുള്ള ഉത്തരവാദിത്തം ജനകീയ സര്‍ക്കാരിന്റേതാണല്ലോ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply