മലയാളി സമൂഹം കൊലയാളി സമൂഹമാകുന്നോ?

എന്താണ് കേരളത്തില്‍ നടക്കുന്നത്? ദുര്‍ബ്ബലരായ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. കുട്ടികളും വൃദ്ധരും ദളിതരും ട്രാന്‍സ്‌ജെന്ററുകളും ആദിവാസികളും വൃദ്ധരുമൊക്കെ ആക്രമിക്കപ്പെടാത്ത ദിവസങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. പ്രബുദ്ധതയുടേയും സാക്ഷരതയുടേയുമൊക്കെ പേരു പറഞ്ഞ് അഹങ്കരിക്കുന്ന നമുക്ക് അതൊക്കെ ഒരു ദിവസത്തെ വാര്‍ത്ത മാത്രമായി മാറുന്നു. ഇക്കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ സം്സ്ഥാനത്തു നടന്ന ഏതാനും സംഭവങ്ങള്‍ മാത്രം നോക്കുക. തിരുവല്ലയിലും തൃശൂരിലും പ്രണയത്തിന്റെ പേരില്‍ രണ്ടു പെണ്‍കുട്ടികളെ കൊന്നുകളഞ്ഞു, കരുനാഗപ്പള്ളിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ടുകൊന്നു, തൊടുപുഴയില്‍ […]

dd

എന്താണ് കേരളത്തില്‍ നടക്കുന്നത്? ദുര്‍ബ്ബലരായ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. കുട്ടികളും വൃദ്ധരും ദളിതരും ട്രാന്‍സ്‌ജെന്ററുകളും ആദിവാസികളും വൃദ്ധരുമൊക്കെ ആക്രമിക്കപ്പെടാത്ത ദിവസങ്ങള്‍ ഇല്ല എന്നുതന്നെ പറയാം. പ്രബുദ്ധതയുടേയും സാക്ഷരതയുടേയുമൊക്കെ പേരു പറഞ്ഞ് അഹങ്കരിക്കുന്ന നമുക്ക് അതൊക്കെ ഒരു ദിവസത്തെ വാര്‍ത്ത മാത്രമായി മാറുന്നു.
ഇക്കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടയില്‍ സം്സ്ഥാനത്തു നടന്ന ഏതാനും സംഭവങ്ങള്‍ മാത്രം നോക്കുക. തിരുവല്ലയിലും തൃശൂരിലും പ്രണയത്തിന്റെ പേരില്‍ രണ്ടു പെണ്‍കുട്ടികളെ കൊന്നുകളഞ്ഞു, കരുനാഗപ്പള്ളിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ടുകൊന്നു, തൊടുപുഴയില്‍ ഏഴുവയസ്സുകാരനെ മാതാവിന്റെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു, കോഴിക്കോട് ട്രാന്‍സ്‌ജെന്ററെ കൊലപ്പെടുത്തി, തിരുവനന്തപുരം നഗരത്തില്‍ ഗുണ്ടകളുടെ കുടിപ്പക കൊലകള്‍ തുടരുന്നു. ഈ സംഭവങ്ങളിലെ പ്രതികളില്‍ ഭൂരിഭാഗവും വിദ്യാസമ്പന്നരാണെന്നത് നമ്മുടെ സാക്ഷരതയെ പോലും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു.
മലയാളികള്‍ ഒന്നടങ്കം നൊമ്പരപ്പെട്ടു എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന സംഭവമാണ് തൊടുപുഴയില്‍ നടന്നത്. നൊമ്പരപ്പെട്ടോ എന്ന് പറയാനാകില്ല. കാരണം നൊമ്പരപ്പെട്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലല്ലോ. ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളുണ്ടാകുമല്ലോ. സ്വാഭാവികമായും ആര്‍ക്കുമുണ്ടാകുന്ന ഒരു വിഷമം മാത്രം. ആ കുരുന്നിനെ കൊലപ്പെടുത്തിയ അരുണ്‍ ആനന്ദ് ഒരു ക്രിമിനലായിരുന്നു. പത്തോളം കേസുകളില്‍ പ്രതി. വിളിപ്പേര് കോബ്ര. സംഭവത്തില്‍ ദുരൂഹമായ പലതുമുണ്ട്. ആ കുഞ്ഞിന്റെ പിതാവിന്റേയും മാതാവിന്റേയും വീട്ടുകാര്‍ സമ്പന്നരാണ്, അമ്മ വിദ്യാസമ്പന്നയാണ്, എന്നിട്ടും എങ്ങനെ അച്ഛന്‍ മരിച്ച് ഇത്രപെട്ടെന്ന് ഇയാള്‍ അവരുടെ രക്ഷാകര്‍ത്താവായി എത്തി എന്നതാണത്. തീര്‍ച്ചയായും അതില്‍ അസ്വാഭാവികതയുണ്ട്. കുട്ടിയെ അയാള്‍ ലൈംഗികമായും പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്. അതേസമയം കുട്ടിയുടെ അമ്മയെ ഭീകരമായ രീതിയില്‍ കടന്നാക്രമിക്കുന്ന നമ്മുടെ ശൈലിയും ശരിയല്ല. എന്നും അതങ്ങനെയാണ്. ദുര്‍ബ്ബലരെ കടന്നാക്രമിക്കുന്നതാണ് നമ്മുടെ ശീലം.
സാമൂഹ്യനീതിയെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചുമൊക്കെ ഏറെ ചര്‍ച്ച ചെയ്യുന്ന കാലമാണല്ലോ ഇത്. എന്നാല്‍ ആരവങ്ങള്‍ക്കിടയില്‍ സ്വന്തം ശബ്ദം ഉയര്‍ത്താന്‍ കഴിയാത്ത നിരവധി വിഭാഗങ്ങളുണ്ട്. അവരില്‍ മുഖ്യമാണ് കുട്ടികള്‍. കുട്ടികളെ ഏറ്റവും കരുതലോടെ നോക്കുന്നവരാണ് മലയാളികള്‍ എന്നത് കാപട്യമാണ്. കുട്ടികള്‍ ഏറ്റവും പീഡിപ്പിക്കപ്പെടുന്ന സമൂഹമാണ് നമ്മുടേത്. അതില്‍ കൂടുതലും സ്വന്തം വസതികളിലും. അവയാകട്ടെ വളരെ കുറച്ച് മാത്രമേ പുറത്തുവരൂ. എല്ലാം വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങും. ഈ കേസില്‍ തന്നെ ക്രൂരമര്‍ദ്ദനത്തിന്റെ ഫലമായി ആശുപത്രിയിലെത്തിയതിനാലും ഡോക്ടര്‍മാര്‍ സംശയം റിപ്പോര്‍ട്ട് ചെയ്തതതിനാലുമാണ് കാര്യങ്ങള്‍ പുറത്തുവന്നത്. സമീപകാലത്ത് ബാലാവകാശ നിയമങ്ങളെല്ലാം കര്‍ക്കശമാക്കിയിട്ടുണ്ട് എന്നത് ശരി. എന്നാല്‍ നിയമത്തിന്റെ മുന്നിലേക്ക് പല സംഭവങ്ങളും എത്തുന്നില്ല എന്നുമാത്രം.
സ്ത്രീസാക്ഷരതയേയും ലിംഗനീതിയേയും കുറിച്ച് ഏറെ വാചാലമായ കേരളത്തില്‍ സ്ത്രീപീഡനങ്ങള്‍ സ്ഥിരം സംഭവമാണ്. സാമൂഹ്യജീവിതത്തിന്റെ എല്ലാ മേഖലയിലും നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന്റെ ഉല്‍പ്പന്നം തന്നെയാണത്. ബാലപീഡനം പോലെ സ്ത്രീപീഡനങ്ങള്‍ക്കെതിരേയും നിരവധി നിയമങ്ങള്‍ ഉണ്ടെങ്കിലും പീഡനസംഭവങ്ങള്‍ കൂടുകതന്നെയാണെന്നാണ് കണക്കുകള്‍. അവ.ിലേറ്റവും ഭീകരമായ സംഭവങ്ങളാണ് തൃശൂരിലും തിരുവല്ലയിലും നടന്നത്. കാമുകന്മാരാണ് ഇരുസ്ഥലത്തും കിരാതമായ കൊലകള്‍ നടത്തിയതെന്നാണ് വിവരം. ഇടക്ക് പെണ്‍കുട്ടികള്‍ പിന്മാറിയതാണത്രെ കാരണം. ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിച്ചാലും വേര്‍പിരിയാന്‍ നിയമമനുവദിക്കുന്ന നാട്ടിലാണ് ഏതാനും മാസത്തേയോ വര്‍ഷത്തിന്റേയോ ബന്ധത്തിന്റെ പേരില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ജീവനേക്കാള്‍ സ്‌നേഹിച്ചവരെ വഞ്ചിക്കുന്നു എന്ന പേരില്‍ ഈ കൊലകളെ ന്യായീകരിച്ചവരും കേരളത്തിലുണ്ട്. ജീവനുതുല്ല്യം സ്‌നേഹിച്ചവരെ കത്തിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്നല്ലേ ചോദിക്കേണ്ടത്? പ്രണയിച്ചില്ലെങ്കില്‍ കാമുകന്‍ കൊല്ലും, സ്‌നേഹിച്ചാല്‍ വീട്ടുകാരോ സദാചാരപോലീസോ കൊല്ലുമെന്ന അവസ്ഥയാണ് സംസ്ഥാനത്തു നിലനില്‍ക്കുന്നത്.
കരുനാഗപ്പള്ളിയില്‍ നടന്ന സംഭവമാകട്ടെ കേരളത്തില്‍ കാര്യമായി കേള്‍ക്കാത്ത വിധത്തിലുള്ളതാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും മാതാവും ചേര്‍ന്ന് യുവതിയെ ദിവസങ്ങളോളം പട്ടിണിക്കിട്ടു കൊന്നുവെന്നാണ് കേസ്. ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി നിമോണിയ ബാധിച്ചായിരുന്നു മരണം. മരിക്കുമ്പോള്‍ അവരുടെ ഭാരം 20 കിലോ ആയിരുന്നത്രെ. രാജ്യത്തിന്റെ പല ഭാഗത്തും സ്ത്രീധനത്തിന്റെ പേരില്‍ കൊലകള്‍ നടക്കുമ്പോള്‍ ഇതു കേരളമാണെന്ന് പറയുന്നവരാണല്ലോ നമ്മള്‍. എന്നാല്‍ നിയമവിരുദ്ധമായ സ്ത്രീധനം നല്‍കാനും കൊടുക്കാനും ഒട്ടും മോശമല്ല നമ്മള്‍ എന്ന് നാട്ടിലെ ഏതു കല്ല്യാണം പരിശോധിച്ചാലും കാണാം. പച്ചയായ കച്ചവടങ്ങള്‍ തന്നെയാണ് നമ്മുടെ മിക്ക വിവാഹങ്ങളും. സത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളും കൊലകളും കുറവല്ല. അത്തരത്തിലുള്ള ഒന്നുതന്നെയാണ് അതിനീചമായ രീതിയില്‍ കരുനാഗപ്പിള്ളിയില്‍ നടന്നത്. പതിവുപോലെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ആയുസ്സും 2 ദിവസം മാത്രം.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ചും നിരന്തരമായി ചര്‍ച്ച ചെയ്യുന്ന പ്രബുദ്ധരാണ് നാം. അടുത്തകാലം വരെ കേരളീയസമൂഹത്തില്‍ ദൃശ്യരാകാന്‍ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലായിരുന്നു ട്രാന്‍സ് സമൂഹം. അവരില്‍ ഭൂരിഭാഗവും അയല്‍ സംസ്ഥാനങ്ങളിലാണ് ജീവിച്ചിരുന്നത്. മറ്റെല്ലാവര്‍ക്കുമെന്ന പോലെ, സ്വന്തം വ്യക്തിത്വം നിലനിര്‍ത്തി കേരളത്തില്‍ മനുഷ്യരായി ജീവിക്കാനുള്ള അവകാശം തങ്ങള്‍ക്കുമുണ്ടെന്നു പ്രഖ്യാപിച്ച് ഇവര്‍ കേരളീയസമൂഹത്തില്‍ ദൃശ്യരാകാന്‍ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. അതിനായി ജീവന്‍ പണയം വെച്ചുള്ള പോരാട്ടമാണ് അവര്‍ നടത്തുന്നത്. പലരും കൊലചെയ്യപ്പെട്ടു. പലരും ആത്മഹത്യയിലഭയം തേടി. പലര്‍ക്കും പോലീസില്‍ നിന്നും സദാചാരപോലീസില്‍ നിന്നുമെല്ലാം മര്‍ദ്ദനമേറ്റു. കള്ളക്കേസുകളില്‍ തുറുങ്കിലടക്കപ്പെട്ടു. ചെറിയ മാറ്റങ്ങളോടെയാണെങ്കിലും ഇപ്പോളും ആ അവസ്ഥ തുടരുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കോഴിക്കോട് നടന്ന ശാലുവിന്റെ കൊലപാതകം. ട്രാന്‍സ്‌ജെന്റര്‍ നയം ആദ്യം പ്രഖ്യാപിച്ചു എന്നവകാശപ്പെടുന്ന സംസ്ഥാനത്താണ് ഇന്ന് അവര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമണം നടക്കുന്നത്. തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ദളിതര്‍, ആദിവാസികള്‍, വൃദ്ധര്‍ തുടങ്ങിയ ദുര്‍ബ്ബവിഭാഗങ്ങള്‍ അക്രമിക്കപ്പെടുന്ന സംഭവങ്ങളും വര്‍ദ്ധിക്കുന്നു.
തെരഞ്ഞെടുപ്പുവാര്‍ത്തകളില്‍ മുങ്ങിപോകുന്ന, പോയ ദിവസങ്ങളിലെ പ്രധാന വാര്‍ത്തയായിരുന്നു തിരുവന്തപുരത്ത് തുടരുന്ന ഗുണ്ടാകൊലകള്‍. നേരത്തെ എറണാകുളത്തും തൃശൂരുമായിരുന്നു ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നത്. വന്‍തോതിലുള്ള മയക്കുമരുന്ന് വ്യാപാരമാണ് ഈ കൊലകള്‍ക്ക് പുറകിലെന്നാണ് പോലീസ് നിഗമനം. മദ്യവുമായി ബന്ധപ്പെട്ട് നമ്മുടെ രാഷ്ട്രീയമുന്നണികള്‍ നടത്തിയ കള്ളക്കളികളുടെ ഫലമാണ് സംസ്ഥാനത്ത് മയക്കുമരുന്നു വ്യാപാരം വര്‍ദ്ധിച്ചത്. ഇന്ന് വലിയൊരു വിഭാഗം ചെറുപ്പക്കാര്‍ അതിനടിമകളായിരിക്കുന്നു. വന്‍മാഫിയകളാണ് നഗരങ്ങളില്‍ വളരുന്നത്.
ഈ കുറിപ്പെഴുതുമ്പാള്‍ രണ്ടു വാര്‍ത്തകളണ് പുറത്തുവരുന്നത്. എടപ്പാളില്‍ നാടോടി പെണ്‍കുട്ടിയെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ക്രൂരമായി മര്‍ദ്ദിച്ച തസംഭവവും തിരുവനന്തപുരത്ത് ഒരു കൊലപാതകം കൂടി നടന്നതുമാണത്. ഇതാണ് ഇന്നത്തെ കേരളം. കേരളത്തിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കെന്നു പറഞ്ഞ് മൂന്നു മുന്നണികളുടെ വോട്ടുപിടുത്തം തെരുവുകളില്‍ പൊടിപൊടിക്കുമ്പോഴാണ് ഈ സംഭവങ്ങളും അരങ്ങേറുന്നത് എന്നതാണ് വൈരുദ്ധ്യം. കക്ഷിരാഷ്ട്രീയകൊലകള്‍ വ്യാപകമാകുമ്പോള്‍ എന്തുകൊണ്ട് തങ്ങള്‍ക്കും കൊലയാളികളും കുറ്റവാളികളുമായിക്കൂട എന്നു സാധാരണക്കാര്‍ പോലും ചിന്തിച്ചു തുടങ്ങിയതാണോ കേരളീയസമൂഹം കൊലയാളിസമൂഹമായി മാറുന്നത് എന്നാരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവാത്ത രീതിയിലാണ് കേരളം മുന്നോട്ടുപോകുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply