മലയാളി എഴുത്തുകാര്‍ ഈ മാതൃക പിന്തുടരുമോ?

കന്നഡ സാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദി എഴുത്തുകാരനായ ഉദയ് പ്രകാശ് സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കാനെടുത്ത തീരുമാനം ഏറെ സ്വാഗതാര്‍ഹമാണ്. അദ്ദേഹത്തിനു പുറകെ ആറു പ്രമുഖ കന്നഡ എഴുത്തുകാരും ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ ഏറെ പ്രതിഷേധിച്ച കേരളത്തിലെ എഴുത്തുകാര്‍ ഈ മാതൃക പിന്തുടരുമോ? ഒന്നാമതായി സാമൂഹ്യ പ്രതിബദ്ധതയുണ്ടെന്ന് വിശ്വസിക്കുന്ന എഴുത്തുകാര്‍ സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുതന്നെ ശരിയാണോ? അടുത്തയിടെ പ്രശസ്തമാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പുരസ്‌കാരം […]

z

കന്നഡ സാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹിന്ദി എഴുത്തുകാരനായ ഉദയ് പ്രകാശ് സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്‍കാനെടുത്ത തീരുമാനം ഏറെ സ്വാഗതാര്‍ഹമാണ്. അദ്ദേഹത്തിനു പുറകെ ആറു പ്രമുഖ കന്നഡ എഴുത്തുകാരും ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നു. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ ഏറെ പ്രതിഷേധിച്ച കേരളത്തിലെ എഴുത്തുകാര്‍ ഈ മാതൃക പിന്തുടരുമോ?
ഒന്നാമതായി സാമൂഹ്യ പ്രതിബദ്ധതയുണ്ടെന്ന് വിശ്വസിക്കുന്ന എഴുത്തുകാര്‍ സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുതന്നെ ശരിയാണോ? അടുത്തയിടെ പ്രശസ്തമാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ് മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പുരസ്‌കാരം വാങ്ങുന്നതിനെ കുറിച്ച് പറഞ്ഞത് എഴുത്തുകാര്‍ക്കും ബാധകമാണ്. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ പുറമെ നിന്നുള്ള ഓഡിറ്ററായതിനാല്‍ അത് ഉചിതമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
മനുഷ്യസമൂഹത്തിന്റെ ചരിത്രമെന്നു പറയുന്നത് വ്യക്തിയും സമൂഹവും തമ്മിലുള്ള ഐക്യത്തിന്റേയും സമരത്തിന്റേയും ചരിത്രമാണല്ലോ. ഒറ്റ വ്യക്തി മാത്രമേ ഉള്ളു എങ്കില്‍ അവിടെ പ്രശ്‌നമൊന്നുമില്ലല്ലോ. ഭരണകൂടത്തിന്റെ ആവശ്യവുമില്ല. ഒന്നില്‍ കൂടുതല്‍ വ്യക്തികളായാല്‍ അതിനൊരു സാമൂഹ്യ സ്വഭാവമായി. അതനുസരിച്ച് ചില ചട്ടങ്ങളും നിയന്ത്രണങ്ങളും ആവശ്യമായി. വ്യക്തിയുടേയും സമൂഹത്തിന്റേയും സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കാന്‍ ഭരണകൂടത്തിന്റെ ആവശ്യവുമായി. ഭരണകൂടം കൊഴിയുമെന്ന സങ്കല്‍പ്പമൊക്കെ ഉട്ടോപ്യമാത്രം. ചെയ്യാവുന്നത് ഈ ഭരണകൂടത്തെ പരമാവധി സുതാര്യവും ജനാധിപത്യപരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തി്ല്‍ ഏറ്റവും കുറവ് ഇടപെടുന്നതുമാക്കി തീര്‍ക്കുക എന്നതാണ്. ഈ സംഘര്‍ഷത്തില്‍ ഭരണകൂടത്തെ ശക്തമാക്കാന്‍ ആധിപത്യശക്തികള്‍ എന്നും ശ്രമിക്കും. അതിനു വിപരീതമായി ജനകീയശക്തികളും. ഇതില്‍ ജനകീയപക്ഷത്തു നില്‍ക്കേണ്ടവരാണ് മാധ്യമപ്രവര്‍ത്തകരും സാമൂഹ്യബോധമുള്ള എഴുത്തുകാരും കലാകാരന്മാരും മറ്റും. അവര്‍ കൊടി പിടിച്ച് സമരത്തിനിറങ്ങണമെന്നല്ല പറയുന്നത്. അങ്ങനെ ഇറങ്ങുന്നതും ശരിയാണെന്നു പറയാനാകില്ല. കാരണം അങ്ങനെ ഇറങ്ങി ആ കൊടിയുടെ അവകാശികള്‍ അധികാരത്തിലെത്തിയാലും ഈ പ്രതിഭാസം തുടര്‍ന്നുകൊണ്ടെയിരിക്കും. അതിനാലാണ് യഥാര്‍ഥ എഴുത്തുകാരനോ മാധ്യമപ്രവര്‍ത്തകനോ ഒരു പാര്‍ട്ടിയുടേയും പക്ഷം പിടിക്കാനാവാത്തത്. അവരെന്നും ജനകീയ പ്രതിപക്ഷത്തായിരിക്കും. അപ്പോള്‍ ഭരണകൂടത്തില്‍ നിന്ന് സ്വീകരിക്കുന്ന പുരസ്‌കാരങ്ങളുടെ റോള്‍ എന്തായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളു. അതൊരു ധൃതരാഷ്ട്രാലിംഗനമല്ലാതെ മറ്റൊന്നല്ല.
തീര്‍ച്ചയായും ജനപക്ഷത്തുനില്‍ക്കുന്ന മറ്റെല്ലാവരേയും പോലെ എഴുത്തുകാരുടേയും സ്വതന്ത്രചിന്തകരുടേയുമെല്ലാം യാത്ര കല്ലിലും മുള്ളിലും ചവിട്ടിയായിരിക്കും. അതിന്റെ ഉദാഹരണങ്ങളാണ് മുകളില്‍ സൂചിപ്പിച്ച മൂന്നു കൊലകളും. ബംഗ്ലാദേശിലെ ബ്ലോഗര്‍മാര്‍ കൊല ചെയ്യപ്പെട്ടതിനു സമാനമാണ് ഈ സംഭവങ്ങള്‍.
തീര്‍ച്ചയായും ഇന്ന് സ്വതന്ത്രചിന്തക്കും എഴുത്തുകാര്‍ക്കുമെതിരെ ആയുധമോങ്ങുന്നവരില്‍ മുഖ്യം മതതീവ്രവാദികള്‍ തന്നെ. ചെറിയ ഇടവേളകളുണ്ടാകാമെങ്കിലും ചരിത്രത്തില്‍ ഇടക്കിടെ ഇതാവര്‍ത്തിക്കുന്നുണ്ട്. സ്വതന്ത്രചിന്തകരും എഴുത്തുകാരും ശാസ്ത്രജ്ഞരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളുമൊക്കെ എന്നും ഇത്തരത്തില്‍ അക്രമിക്കപ്പെട്ടിട്ടുണഅട്. ഇന്ന് ആഗോളതലത്തില്‍ മുല്ലിം തീവ്രവാദികളും ഇന്ത്യയില്‍ ഹൈന്ദവതീവ്രവാദികളുമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. മതം വിമര്‍ശനാതീതമാണെന്നാണ് ഇവര്‍ കരുതുന്നത്. അങ്ങനെ വിമര്‍ശിക്കുന്നവരെ കൊന്നുകളയാനവകാശമുണ്ടെന്നും. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണെന്നു പോലും ഇക്കൂട്ടര്‍ മറക്കുന്നു.
കര്‍ണ്ണാടക യൂണിവേഴ്‌സിറ്റിയില്‍ മുന്‍ വൈസ് ചാന്‍സലറായിരുന്ന കല്‍ബര്‍ഗ്ി മികച്ച പ്രഭാഷകനും ചിന്തകനും സാമൂഹ്യപരിഷ്‌കര്‍ത്താവായ എഴു്തതുകാരനുമായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടെടുത്ത അദ്ദേഹം അവക്കെതിരായ പോരാട്ടങ്ങളില്‍ മുന്നിലുണ്ടായിരുന്നു. അദ്ദേഹം ഏറ്റവും എതിര്‍ത്തത് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ പോലും നിലനില്‍ക്കുന്ന അടിയാളജാതിക്കാരായ സ്ത്രീകളെക്കൊണ്ട് ചെയ്യിക്കുന്ന നഗ്‌നപൂജയായിരുന്നു. കര്‍ണ്ണാടകയില്‍ സവര്‍ണ്ണാധിപത്യം നിലനില്‍ക്കുന്ന പലയിടത്തും ഇത്തരം അനാചാരങ്ങളും ദളിത് പീഡനങ്ങളും ഇപ്പോഴും നടക്കുന്നു എന്നതാണ് വാസ്തവം. അതുപോലും സഹിക്കാനാവാത്തവരാണ് ഈ കൊലക്കു പുറകിലെന്ന് വ്യക്തം.
അന്ധവിശ്വാസങ്ങളെ എതിര്‍ക്കുകയും കാലഹരണപ്പെട്ട മതാചാരങ്ങളെ വിമര്‍ശിക്കുകയും ചെയ്തതിനാണ് മഹാരാഷ്ട്രയില്‍ നരേന്ദ്ര ദബോല്‍ക്കറും(20 ആഗസ്ത് 2013), ഗോവിന്ദ് പന്‍സാരെ(20 ഫിബ്രുവരി 2015) കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയില്‍ അന്ധവിശ്വാസ – അനാചാര നിരോധന നിയമം പാസ്സാക്കാന്‍ മുന്‍കൈ എടുത്തതായിരുന്നു ധബോല്‍ക്കര്‍ ചെയ്ത തെറ്റ്. 2003 ജൂലായിലാണ് ദബോല്‍ക്കര്‍ ബില്ലിന്റെ കരട് തയ്യാറാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ബില്‍ അംഗീകാരത്തിനായി കേന്ദ്രത്തിനയച്ചുകൊടുത്തു. അപ്പോള്‍തന്നെ അന്ധവിശ്വാസത്തിന്റേയും മന്ത്രവാദത്തിന്റേയും മറ്റും നിര്‍വ്വചനങ്ങളെ ചൊല്ലി പല അഭിപ്രായ ഭിന്നതകളും ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് യുക്തിവാദിനേതാവ് ശ്യാം മാനവ് ബില്ലിനെ പുതുക്കിയെഴുതുകയും 2005ല്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്തു.
അതിനിടയില്‍ പല മതാധിഷ്ഠിത സംഘടനകളും ബില്ലിനെതിരെ രംഗത്തിറങ്ങി. ആത്മീയതയെ അംഗീകരിക്കാത്ത ബില്‍ വൈദേശിക സ്വാധീനത്തിലാണ് തയ്യാറാക്കിയതെന്നും അത് ആരാധനാസ്വാതന്ത്ര്യത്തെ തടയുന്നു എന്നുമായിരുന്നു പ്രധാന ആരോപണം. ഏതു ഹിന്ദു ആചാരത്തേയും അന്ധവിശ്വാസമായി വ്യാഖ്യാനിക്കാന്‍ ബില്‍ ഇടയാക്കും എന്നാരോപിച്ച് ഹിന്ദു ജനജാഗ്രതി സമിതിയും ആര്‍്്ട്ട് ഓഫ് ലീവിംഗ് ഫൗണ്ടേഷനും മറ്റും തെരുവിലിറങ്ങി. പ്രക്ഷോഭങ്ങള്‍ തുടര്‍ന്നതോടെ ബില്‍ പുറത്തെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
അതിനിടെ ദബോല്‍ക്കറും കൂട്ടരും ബില്ലിനായി ശക്തമായി രംഗത്തെത്തി. ഇക്കാര്യമുന്നയിച്ച് 2011 ഏപ്രില്‍ ഏഴിന് മുംബൈയില്‍ ഒരു വന്‍ റാലി നടന്നു. ആയിടക്കുതന്നെ മഹാരാഷ്ട്രയില്‍ സ്വത്തിനായി ഒരു കുഞ്ഞിനെ ബലി കൊടുത്ത സംഭവമുണ്ടായി. അതുണ്ടാക്കിയ കോലാഹലത്തെ തുടര്‍ന്ന് ബില്‍ പാസ്സാക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആ പ്രഖ്യാപനവും കടലാസിലൊതുങ്ങി. തുടര്‍ന്ന് ദബോല്‍ക്കറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. അതിനിടയിലാണ് 2013 ആഗസ്റ്റ് 21ന് രാവിലെ നടക്കാനിറങ്ങിയ ദബോല്‍ക്കര്‍ വെടിയേറ്റു മരിച്ചത്. തുടര്‍ന്നുണ്ടായ ജനവികാരം തിരിച്ചരിഞ്ഞ് ബില്‍, ഓര്‍ഡിനന്‍സാക്കി പുറത്തിറക്കാമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 24നുതന്നെ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചു. അതിനായി ധബോല്‍ക്കറുടെ ജീവന്‍ കൊടുക്കേണ്ടിവന്നു എന്നുമാത്രം.
സി പി ഐ നേതാവായിരുന്ന പന്‍സാരയേയും വധിക്കുന്നത് സമാനമായ സാഹചര്യത്തില്‍ തന്നെ. നാഥുറാം ഗോഡ്‌സെയെ മഹത്!വല്‍കരിക്കുക, ശിവാജിയെ ഹിന്ദുമത സംരക്ഷകനായ മുസ്‌ലിം വിരുദ്ധനായി കാണുക – ഇതുരണ്ടും പന്‍സാരെ യുക്തികൊണ്ടും ചരിത്ര വസ്തുതകള്‍കൊണ്ടും ഖണ്ഡിക്കുകയായിരുന്നു.. സത്യത്തില്‍ നാഥുറാം ഗോഡ്‌സെ ഗാന്ധിക്കെതിരെ ചൂണ്ടിയ തോക്കുതന്നെയാണ് അവസാനം കല്‍ബുര്‍ഗ്ഗിക്കുനേരേയും നീണ്ടത്. ഇപ്പോഴിതാ കര്‍ണ്ണാടകത്തില്‍ തന്നെ യുക്തിവാദിയും, സ്വതന്ത്ര്യചിന്തകനും എഴുത്തുകാരനുമായ ഭഗവാനും വധഭീഷണി. ”മൂന്നുപേരെ ഞങ്ങള്‍ തീര്‍ത്തു, അടുത്തത് നിങ്ങളുടെ ഊഴമാണ്. എത്ര പൊലീസ് സംരക്ഷണം ഉണ്ടെങ്കിലും അതൊന്നും നിങ്ങളെ രക്ഷിക്കുവാന്‍ പോകുന്നില്ല. നിങ്ങളുടെ സമയം അവസാനിച്ചു. ദിവസങ്ങളെണ്ണിക്കോളു” എന്നിങ്ങനെ എഴുതിയ കത്താണ് ഭഗവാന് ലഭിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ മൈസൂരില്‍ ഭഗവദ്ഗീതയെക്കുറിച്ച് നടന്ന ഭഗവാന്റെ പ്രഭാഷണത്തിനിടെ ഹിന്ദുത്വവാദികള്‍ നേരത്തെ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. ഭഗവദ്ഗീതയെ ആക്ഷേപിച്ചെന്നാരോപിച്ച് ഭഗവാനെതിരെ ട്വിറ്ററില്‍ വധഭീഷണി മുഴക്കിയ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകനെ പൊലീസ് ദക്ഷിണ കന്നഡയില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്നു വ്യക്തം. തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ നിന്ന് ആത്മഹത്യ ചെയ്ത് അധികകാലമായില്ലല്ലോ.
ഒരു വശത്ത് ചരിത്ര – വിദ്യാഭ്യാസ – സാസ്‌കാരിക സ്ഥാപനങ്ങള്‍ കാവിവല്‍ക്കരിക്കാന്‍ ശക്തമായ നീക്കങ്ങള്‍ നടക്കുകയാണ്. ഐ സി എച്ച് ആരിലും നാഷണല്‍ ബുക് ട്രസ്റ്റിലും പൂന ഫിലിം ഇന്‍സ്റ്റിട്യൂട്ടിലുമൊക്കെ നടന്നത് മറ്റൊന്നുമല്ല. ചരിത്രം മാറ്റിയെഴുതുന്നു. വിദ്യാഭ്യാസ മേഖലയില്‍ സിലബസുകള്‍ മാറ്റുന്നു. ഇ്ത്തരത്തില്‍ പുതുതലമുറയെ സാംസ്‌കാരികമായി അടിമപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് മറുവശത്ത് പ്രതിരോധിക്കുന്നവരെ ശാരീരികമായി പോലും ഇല്ലായ്മ ചെയ്യുന്നത്. കേരളത്തിലിതാ രാമായണത്തെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതിന് ഡോ എം എം ബഷീറിനെതിരേയും ഭീഷണിയുയര്‍ന്നു. ഭീഷണിയെതുടര്‍ന്ന് മാതൃഭൂമിയില്‍ അദ്ദേഹത്തിന്റെ പരമ്പര ഇടക്കുവെച്ചു നിര്‍ത്തുകയായിരുന്നു. കേരളത്തില്‍ മുസ്ലിം തീവ്രവാദികള്‍ കൊലപ്പെടുത്തിയ ചേകന്നൂര്‍ മൗലവിയേയും ഈയവസരത്തില്‍ സ്മരിക്കാവുന്നതാണ്.
ഈ കൊലകളേക്കാള്‍ ആശങ്ക ഈ കേസുകളില്‍ ഇതുവരെ ഒരുനടപടിയുമുണ്ടായില്ല എന്നതാണ്. അതിനര്‍ത്ഥ കൊലയാളികള്‍ക്ക് ഭരണത്തിന്റെ പിന്തുണയുണ്ട് എന്നുതന്നെയാണ്. ജനാധിപത്യത്തില്‍ ആരും വിമര്‍ശനാതീതരല്ല എന്ന യാഥാര്‍ത്ഥ്യമാണ് വിസ്മരിക്കപ്പെടുന്നത്. എന്‍ എസ് മാധവന്‍ ചൂണ്ടികാട്ടിയപോലെ ഒരുകാലത്ത് ഇന്ത്യയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ തമ്മില്‍ പോരാടിയിരുന്നത് വാക്‌സംവാദങ്ങളിലൂടെയായിരുന്നു. തികച്ചും രക്തരഹിതമായ, കൃത്യമായ നിയമങ്ങളുള്ള തര്‍ക്കങ്ങള്‍. ശങ്കരാചാര്യര്‍ വടക്കേയിന്ത്യയിലെ ബുദ്ധമതക്കാരുടെ ആധിപത്യം ഇല്ലാതാക്കിയത് ഈ മാര്‍ഗത്തിലൂടെയാണ്. എന്നാല്‍ ചോദ്യം ചെയ്താല്‍ തന്നെ തകര്‍ന്നു പോകുന്നതാണ് വിശ്വാസങ്ങള്‍ എന്നു കരുതുന്നവരാണ് ഇത്തരം കൊലപാതകങ്ങള്‍ക്കു പുറകില്‍. മതത്തെ രാഷ്ട്രീയാധികാരത്തിനായി ഉപയോഗിക്കാമെന്ന അവസ്ഥ വന്നതോടെ കാര്യങ്ങള്‍ ഏറ്റവും മോശമായി. കൊലയാളികളെ സംരക്ഷിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ മനുഷ്യസ്‌നേഹിയായ എഴുത്തുകാരന് ഭരണകൂടത്തിന്റെ പുരസ്‌കാരം കെട്ടിപിടിച്ചിരിക്കാന്‍ കഴിയുമോ? അവിടെയാണ് ഉദയ് പ്രകാശിന്റെ തീരുമാനം പ്രസക്തമാകുന്നത്. അഭിപ്രായം പ്രകടിപ്പിക്കുന്നത് അത്യന്തം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാലഘട്ടത്തിലാണ് ജീവിക്കുന്നതെങ്കിലും മൗനിയായി തുടരുന്നത് ദുഷ്‌കരമാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഉദയ് പ്രകാശ് വ്യക്തമാക്കി. ചെറുകഥാ സമാഹാരത്തിനാണ് 2010 11 നുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഉദയ് പ്രകാശിന് ലഭിച്ചത്. തുടര്‍ന്നാണ് കല്‍ബുര്‍ഗി വധത്തിലെ കേസ് അന്വേഷിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ കന്നഡ എഴുത്തുകാരും രംഗത്തെത്തിയിരിക്കുന്നത്.
തീര്‍ച്ചയായും ഈ സംഭവങ്ങളലി്# കേരളത്തിലും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നവരുടെ ഭാഗത്തുനിന്നും സ്വതന്ത്ര നിലപാടെടുക്കുന്നവരുടെ ഭാഗത്തുനിന്നുമാണ് ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. സംസ്ഥാനത്തെ വിവിധഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികളും നടന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ തങ്ങള്‍ സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നു എന്ന പ്രഖ്യാപനം ഒരു ഒരെഴുത്തുകാരനില്‍ നിന്നുപോലും ഉണ്ടായിട്ടില്ല. കരീപ്പുഴ ശ്രീകുമാറിന് കുറെയെങ്കിലും ശക്തമായി പ്രതികരിച്ചത്. എന്നാല്‍ ഭരണൂടത്തിന്റെ പുരസ്‌കാരങ്ങള്‍ വേണ്ട എന്ന പ്രഖ്യാപനമാണ് എഴുത്തുകാരില്‍ നിന്ന് കാലം പ്രതീക്ഷിക്കുന്നത്. എഴുത്തുകാര്‍ ആരുടെപക്ഷത്ത് എന്ന ചോദ്യം തന്നെയാണ് വീണ്ടും ഉയരുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply