മലയാളികള്‍ തോറ്റ ജനത….

കെ ജി സുബ്രഹ്മണ്യദാസ് 1982ല്‍ 24-ാം വയസ്സില്‍ ജീവിതമവസാനിപ്പിച്ച കെ ജി സുബ്രഹ്മണ്യദാസ് അതിനുള്ളില്‍ തന്നെ നിരവധി സാമൂഹ്യ ഇടപെടലുകള്‍ നടത്തി. മൂന്നു വര്‍ഷത്തോളം സി പി ഐ എം എല്‍ പ്രവര്‍ത്തകനായിരുന്ന ദാസ് അന്നു കെ വേണുവും സച്ചിദാനന്ദനുമടക്കമുള്ളവരോട് നടത്തിയ സംവാദങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മലയാളികള്‍ തോറ്റ ജനതയാണെന്നു കുറിച്ചാണ് ദാസ് ആത്മഹത്യം ചെയ്തത്. 24 വയസ്സിനുള്ളില്‍ ദാസ് എഴുതിയ ലേഖനങ്ങളും കുറിപ്പുകളും കത്തുകളുമടങ്ങിയ സൂബ്രഹ്മണ്യ ദാസ് ഇന്നും എന്ന പുസ്തകം ഇന്നലെ തൃശൂരില്‍ വെച്ച് […]

Untitled-1 copy
കെ ജി സുബ്രഹ്മണ്യദാസ്

1982ല്‍ 24-ാം വയസ്സില്‍ ജീവിതമവസാനിപ്പിച്ച കെ ജി സുബ്രഹ്മണ്യദാസ് അതിനുള്ളില്‍ തന്നെ നിരവധി സാമൂഹ്യ ഇടപെടലുകള്‍ നടത്തി. മൂന്നു വര്‍ഷത്തോളം സി പി ഐ എം എല്‍ പ്രവര്‍ത്തകനായിരുന്ന ദാസ് അന്നു കെ വേണുവും സച്ചിദാനന്ദനുമടക്കമുള്ളവരോട് നടത്തിയ സംവാദങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. മലയാളികള്‍ തോറ്റ ജനതയാണെന്നു കുറിച്ചാണ് ദാസ് ആത്മഹത്യം ചെയ്തത്. 24 വയസ്സിനുള്ളില്‍ ദാസ് എഴുതിയ ലേഖനങ്ങളും കുറിപ്പുകളും കത്തുകളുമടങ്ങിയ സൂബ്രഹ്മണ്യ ദാസ് ഇന്നും എന്ന പുസ്തകം ഇന്നലെ തൃശൂരില്‍ വെച്ച് പ്രകാശിതമായി. ദാസിന്റെ അടുത്ത സുഹൃത്തായിരുന്ന പി കെ അശോക് കുമാര്‍ എഡിറ്റ് ചെയ്ത പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് പത്തനം തിട്ടയിലെ പ്രസക്തി ബുക് ഹൗസ് ആണ്. കേരളത്തില്‍ ഫ്യൂഡല്‍ വിരുദ്ധ സമരത്തിനു നേതൃത്വം നല്‍കിയ ശ്രീനാരായണ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേരിടുന്ന അപചയത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇന്നും പ്രസക്തമായതിനാല്‍ പുസ്തകത്തില്‍ നിന്നെടുത്തു ചേര്‍ക്കുന്നത്.
ശ്രീനാരായണഗുരുവിനെപോലുള്ളവരും വിവിധ സാമുദായിക രാഷ്ട്രീയ സംഘടനകളും അക്കാലത്തെ സാമൂഹ്യവിപ്ലവത്തില്‍ പ്രായോഗികമായി വളരെ പുരോഗമനപരമായ പങ്ക് വഹിച്ചിരുന്നപ്പോള്‍തന്നെ അവരുടെ സൈദ്ധാന്തിക അടിത്തറയും വിപ്ലവകരമായ പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യം പ്രകടമായിത്തന്നെ നിന്നിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ഏതാനും ദശകങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു അവരുടെ വിപ്ലവപ്രവര്‍ത്തനങ്ങള്‍. താല്‍ക്കാലിക നേട്ടങ്ങളോടെ കൂടുതല്‍ പ്രകടമായി തീര്‍ന്ന സൈദ്ധാന്തികമായ അപാകതകള്‍ അവയെ ക്രമേണ പിന്തിരിപ്പന്‍ ശക്തികളുടെ ഭാഗമാക്കി മാറ്റി. ഇതിനെത്തുടര്‍ന്നു ഫ്യൂഡല്‍ വിരുദ്ധ സമരത്തിനുണ്ടായ മരവിപ്പിനെ അതിജീവിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടികളെ പോലുള്ള പുരോഗമന സംഘടനകളാണ്……. സാമ്പത്തിക സമരവാദത്തിലും അതിന്റെ താല്‍ക്കാലിക നേട്ടങ്ങളിലും ലക്ഷ്യം വെക്കുന്ന യാന്ത്രിക ഭൗതിക വാദമായിരുന്നു അവരുടെ സൈദ്ധാന്തികാടിത്തറ. സാമൂഹ്യ ജീവിതത്തെ മുന്നോട്ടു നയിക്കുന്നതിനുള്ള വിശാലമായ ഒരു കാഴ്ചപ്പാടിന്റെ അഭാവത്തില്‍ ഫ്യൂഡല്‍ വിരുദ്ധ സമരം പൂര്‍ത്തീകരിക്കപ്പെട്ട 1970കളോടെ ഈ സംഘടനകളുടെ പുരോഗമനപരമായ പങ്ക് അസ്തമിക്കുകയും ചെയ്തു.
ഫ്യൂഡല്‍ വിരുദ്ധ സമരങ്ങളുടെ ആദ്യഘട്ടത്തില്‍ താല്‍ക്കാലികമായെങ്കിലും പുരോഗമനപരമായ പങ്ക് നിര്‍വ്വഹിച്ചിരുന്ന ആശയങ്ങള്‍ ഇപ്പോള്‍ ഫാസിസ്റ്റ് ശക്തികളുടെ ഊന്നുവടികളായി മാറുന്നു. ഫ്യൂഡല്‍ വ്യവസ്ഥയിലധിഷഠിതമായ മൂല്യങ്ങളെ പുനപ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസ് പോലുള്ള ഫാസിസ്റ്റ് ശക്തികള്‍ ഇന്ന് കേരളത്തിലെ നിര്‍ണ്ണായക ശക്തിയായി മാറിയിരിക്കുന്നു. ഈ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ദേശീയ നവോത്ഥാനത്തിനു നേതൃത്വം നല്‍കിയ ആശയങ്ങള്‍ തന്നെയാണ് പുതിയ രൂപത്തില്‍ അവരുടെ സൈദ്ധാന്തികാടിത്തറയായി നിലകൊള്ളുന്നത്.
അതേസമയം ഫ്യൂഡല്‍ വിരുദ്ധ സമരത്തിന്റെ നേട്ടങ്ങളെ സാ്ര്രമാജ്യത്വ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി സുദൃഢീകരിക്കാനും അങ്ങനെ സാമ്രാജ്യത്വങ്ങളുടെ വിശ്വസ്ത ദല്ലാളുമാരായി തീരാനും ശ്രമിക്കുന്ന മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെ പോലുള്ള പുരോഗമന ശക്തികള്‍ യാന്ത്രിക വാദത്തിലധിഷ്ഠിതമായ തങ്ങളുടെ പഴയ ആശയങ്ങളെ സോഷ്യല്‍ ഫാസിസത്തിന്റെ ശക്തമായ അടിത്തറയാക്കി മാറ്റിയിരിക്കുന്നു. കേരളത്തിലെ സമകാലിക സാമൂഹ്യ ജീവിതത്തിന്റെ മുഖ്യ നേതൃത്വ ധാരകളായി നിലനില്‍ക്കുന്ന പരസ്പര വിരുദ്ധമായ ഈ ഫാസിസ്റ്റ് പ്രവണതകള്‍ തന്നെയാണ് ഇന്നത്തെ ആര്‍ എസ് എസ് – മാര്‍ക്‌സിസ്റ്റ് സംഘട്ടനങ്ങളുടെ അടിസ്ഥാന കാരണം.
സമൂഹത്തെ മുന്നോട്ടു നയിക്കാനാവശ്യമായ വിപ്ലവപരമായ രാഷ്ട്രീയ കാഴ്ചപ്പാടിന്റേയും മറ്റു മൂല്യങ്ങളുടേയും അഭാവത്തില്‍ സാമൂഹ്യ അപചയത്തിന്റേതായ ഒരു ഘട്ടത്തിലൂടെയാണ് ഇന്ന് കേരളം കടന്നുപോകുന്നത്. ഈ സാമൂഹിക അപചയ ഘട്ടമാണ് ഫാസിസ്റ്റ് ശക്തികളുടെ വളക്കൂറുള്ള മണ്ണായി മാറുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “മലയാളികള്‍ തോറ്റ ജനത….

  1. …എന്റമ്മോ…!എന്തൊരു യാന്ത്രികവരട്ടു ഭാഷ! അന്ന് തികച്ചും സ്വാഭാവികമായി തോന്നിയിരുന്നു ഈ ഭാഷയെന്നോര്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുന്നു. ഈ ഭാഷയിലുള്ള എത്ര ലേഖനങ്ങള്‍,ലഘുലേഖകള്‍,നോട്ടീസുകള്‍ എന്നിവയൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിച്ചു ആവേശം കൊണ്ടിരിക്കുന്നു,അന്ന്.ഇപ്പോള്‍ ഒരു മറുഭാഷ കേള്‍ക്കുന്ന പ്രതീതി.
    ഈ ഭാഷ മാത്രം വായില്‍ വരുന്ന മുന്‍സഖാക്കളെ അപൂര്‍വമായെങ്കിലും കണ്ടുമുട്ടുമ്പോള്‍ ഗൃഹാതുരത്വം കലര്‍ന്ന ഒരു സങ്കടം വന്നെന്നില്‍ നിറയാറുണ്ട്.ആ സങ്കടമാണ് ദാസിന്റെ ഈ ലേഖനഭാഗം പകരുന്നത്.

Leave a Reply