മലയാളികളെ നിരക്ഷരരാക്കുകയാണ് വേണ്ടത്

പ്രബുദ്ധര്‍, സാക്ഷരര്‍, ഇടതുപക്ഷ ചിന്തക്കാര്‍.. എന്നൊക്കെയാണല്ലോ മലയാളികള്‍ സ്വയം അവകാശപ്പെട്ട് കോള്‍മയിര്‍ കൊള്ളുന്നത്. രാഷ്ട്രീയ പ്രബുദ്ധതയിലും സാംസ്‌കാരികാവബോധത്തിലും സ്ത്രീകളുടെ അവകാശങ്ങളിലുമൊക്കെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് നാം. മറ്റുള്ളവരെല്ലാം അപരിഷ്‌കൃതര്‍… അവകാശവാദങ്ങളുടെ പട്ടിക നീളുന്നു. എന്നാല്‍ ജനസംഖ്യയിലെ പകുതി വരുന്ന ജനവിഭാഗത്തിന് വഴി നടക്കാന്‍ പോലുമുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് നാമിതെല്ലാം കൊട്ടി ഘോഷിക്കുന്നത്. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷമായിട്ടും പകുതി പേര്‍ക്ക് സ്വാതന്ത്ര്യത്തോടെ വഴി നടക്കാനവകാശമില്ലാത്ത ഒരു ജനത എങ്ങനെ പ്രബുദ്ധരാകും എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. […]

college

പ്രബുദ്ധര്‍, സാക്ഷരര്‍, ഇടതുപക്ഷ ചിന്തക്കാര്‍.. എന്നൊക്കെയാണല്ലോ മലയാളികള്‍ സ്വയം അവകാശപ്പെട്ട് കോള്‍മയിര്‍ കൊള്ളുന്നത്. രാഷ്ട്രീയ പ്രബുദ്ധതയിലും സാംസ്‌കാരികാവബോധത്തിലും സ്ത്രീകളുടെ അവകാശങ്ങളിലുമൊക്കെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് നാം. മറ്റുള്ളവരെല്ലാം അപരിഷ്‌കൃതര്‍… അവകാശവാദങ്ങളുടെ പട്ടിക നീളുന്നു. എന്നാല്‍ ജനസംഖ്യയിലെ പകുതി വരുന്ന ജനവിഭാഗത്തിന് വഴി നടക്കാന്‍ പോലുമുള്ള അവകാശം നിഷേധിച്ചുകൊണ്ടാണ് നാമിതെല്ലാം കൊട്ടി ഘോഷിക്കുന്നത്. സ്വാതന്ത്ര്യം കിട്ടി 66 വര്‍ഷമായിട്ടും പകുതി പേര്‍ക്ക് സ്വാതന്ത്ര്യത്തോടെ വഴി നടക്കാനവകാശമില്ലാത്ത ഒരു ജനത എങ്ങനെ പ്രബുദ്ധരാകും എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. സാക്ഷരതകൊണ്ടാണ് നാം പ്രബുദ്ധരായതെങ്കില്‍ മുമ്പൊരിക്കല്‍ പാഠദേദം മാസിക ചൂണ്ടികാണിച്ച പോലെ മലയാളിയെ പൂര്‍ണ്ണമായും നിരക്ഷരരാക്കുകയാണ് വേണ്ടത് എന്ന് പറയേണ്ടിവരും.
കേരളത്തില്‍ സാഹിത്യ സംഗമത്തിനായി എത്തിയ ദക്ഷിണേന്ത്യന്‍ എഴുത്തുകാരികള്‍ കഴിഞ്ഞ ദിവസം പറഞ്ഞ ചില അഭിപ്രായങ്ങളാണ് ഇത്തരമൊരു ചിന്തക്ക് പ്രേരകമായത്. സംസ്‌കാരസമ്പന്നമെന്ന് പുകള്‍ പെറ്റ കേരളത്തില്‍ സമീപകാലത്തു നടക്കുന്ന സംഭവങ്ങള്‍ ഞെട്ടപ്പിക്കുന്നതാണെന്നാണ് അവര്‍ ഒന്നടങ്കം. എവിടേയും കേള്‍ക്കുന്നത് സ്ത്രീഡനത്തിന്റെ കഥകള്‍ മാത്രം. കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ളവര്‍ പീഡിപ്പിക്കപ്പെടുന്നു. പീഡനസംഭവങ്ങളില്‍ മാതാപിതാക്കള്‍ പോലും പ്രതികളാകുന്നു. ഇത്തരമൊരു സാമൂഹിക മാറ്റം തങ്ങള്‍ക്ക് അമ്പരപ്പുളവാക്കുന്നതായി അവര്‍ പറഞ്ഞു. പകല്‍ പോലും പൊതു നിരത്തില്‍ സഞ്ചരിക്കാന്‍ സ്ത്രീകള്‍ ഭയപ്പെടുന്നു. രാത്രിയായാല്‍ സ്ത്രീസാന്നിധ്യം പോലും നിരത്തുകളില്ലില്ല.
തമിഴ്, തെലുങ്ക്, കന്നഡ, തുളു ഭാഷകളില്‍ നിന്നുള്ള എഴുത്തുകാരികളുടേതാണ് ഇത്തരമൊരു പ്രതികരണം. കേരളത്തില്‍ എവിടെപോയാലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെപ്പറ്റിയാണു തങ്ങളോട് ചോദിക്കുന്നതെന്നവര്‍ അത്ഭുതപ്പെട്ടു. സാഹിത്യത്തെ കുറിച്ചൊന്നും ആര്‍ക്കുമറിയണ്ട. സ്ത്രീപീഡനത്തെ കുറിച്ച് ചോദിക്കേണ്ടത് കേരളത്തിലെ പുരുഷന്മാരോടല്ലേ എന്നവര്‍ ചോദിച്ചു. വിദ്യാഭ്യാസരംഗത്ത് ഏറെ മുന്നിലായ കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ ഭേദപ്പെട്ടതാമെന്നാണ് തങ്ങള്‍ കരുതിയത്. എന്തായാലും മറ്റു മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ വളരെ ഭേദമാണെന്നും പല എഴുത്തുകാരികളും പറഞ്ഞു. അക്കാദമിക് വിദ്യാഭ്യാസത്തില്‍ പുറകിലാണെങ്കില്‍ കൂടി.
കേരളത്തിന്റെ സാംസ്‌കാരികമുന്നേറ്റം തങ്ങള്‍ അസൂയയോടെയാണ് നോക്കിയിരുന്നതെന്ന് എഴുത്തുകാരികള്‍ പറഞ്ഞു. കമലാദാസിനേയും സുഗതകുമാരിയേയും പോലുള്ള എഴുത്തുകാരികള്‍ വെറെ എവിടെയുണ്ട്? അവരെ തങ്ങള്‍ അദ്ഭുതത്തോടെയാണു നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തത്. ഇത്രയും വൈവിധ്യവും സമ്പന്നവുമായ സംസ്‌കാരം സ്ത്രീകള്‍ക്കിടയിലുണ്ടായിട്ടും ഇത്തരത്തിലുള്ള എഴുത്തുകാരികള്‍ ഉണ്ടായിട്ടും ഇവിടെ കടുത്ത പുരുഷാധിപത്യമാണു നിലനില്‍ക്കുന്നതെന്നത് ഞെട്ടലുളവാക്കുന്നു.
പാവം ഈ എഴുത്തുകാരികള്‍. കമലാദാസിനേയും സുഗതകുമാരിയേയും പോലുള്ള എഴുത്തുകാരികളെ കേരളത്തിലെ ഭൂരിഭാഗം വരുന്ന പൊതു സമൂഹം എങ്ങനെയാണ് കാണുന്നതെന്ന് അവര്‍ക്കറിയില്ലല്ലോ. ജീവിതം മുഴുവന്‍ അവഹേളിക്കപ്പെട്ടവരായിരുന്നു കമലാദാസ് എന്നോ മരകവിയത്രി എന്നാണ് സുഗതകുമാരിയെ നാം ഇപ്പോഴും വിശേഷിപ്പിക്കുന്നതെന്നോ അവര്‍ക്കറിയില്ലല്ലോ.
ബാംഗ്ലൂരില്‍ നിന്നുള്ള എഴുത്തുകാരി മമത വളരെ പ്രസക്തമായ ഒരു ചോദ്യമാണ് ചോദിച്ചത്. മലയാളികളുടെ വളരെ പ്രധാനപ്പെട്ട ഒരു തൊഴില്‍ കേന്ദ്രമാണല്ലോ ഇന്ന് ബാംഗ്ലൂര്‍. എന്നാല്‍ അവിടെ ജോലി ചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ എന്തേ മലയാളി പുരുഷന്മാര്‍ മടിക്കുന്നു എന്നതാണത്. മലയാളി പെണ്‍കുട്ടികളെ പോലും. ബാംഗ്ലൂരിലെത്തിയാല്‍ പെണ്‍കുട്ടികള്‍ മോശമാകുമെന്നും ആണ്‍കുട്ടികള്‍ക്കൊപ്പം കറങ്ങി നടക്കുമെന്ന ധാരണയാണതിനു കാരണം. താരതമ്യേന എത്രയോ നല്ല ബന്ധമാണ് അവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് ഐടി മേഖലയില്‍. കേരളമാണ് ഇക്കാര്യത്തില്‍ വളരെ മോശമാണെന്ന് തനിക്ക് മനസ്സിലായതെന്നും അവര്‍ കൂട്ടിചേര്‍ത്തു. ആണിനും പെണ്ണിനും സ്വാതന്ത്ര്യത്തോടെ ഇടപെടാനുള്ള അവസരങ്ങള്‍പോലും ഇവിടെയില്ല.
പ്രസക്തമായ മറ്റൊരു വിഷയവും എഴുത്തുകാരികളുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. കേരളത്തില്‍ പൊതുരംഗത്തെ സ്ത്രീകളുടെ സാന്നിധ്യത്തെ കുറിച്ചാണത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീ സംവരണമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇവിടത്തെ സ്ത്രീകള്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ പുറകിലാണെന്ന് പലരും അഭിപ്രായപ്പെട്ടു. എഴുത്തുകാരികളുടെ അവസ്ഥയാകട്ടെ അതിനേക്കാള്‍ മോശമാണെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെ എഴുത്തുകാരികള്‍ സാമൂഹിക വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമ്പോള്‍ കേരളത്തിലെ എഴുത്തുകാരികള്‍ വളരെ മൃദുവായാണു പ്രതികരിക്കുന്നത്. അതും വളരെ കുറച്ചുപേര്‍ മാത്രം. ഇവിടെ ആ ജോലിയൊക്കെ പുരുഷന്മാര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണല്ലോ. അവരുടെ നിഴലുക ള്‍ മാത്രമായി സ്ത്രീകളും. ഈ അവസ്ഥ അവസാനിപ്പിക്കണമെന്നും സ്ത്രീകള്‍ തന്നെ എല്ലാരംഗത്തും സജീവമായി രംഗത്തിറങ്ങമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടികാണിച്ചു. അതിന് എഴുത്തുകാരികള്‍ നേതൃത്വം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply