മലയാളത്തിന്റെ പേരിലിതാ ഒരു അശ്ലീലം

ശിവകുമാര്‍ ആര്‍ പി ഇപ്പോള്‍ കുറെയധികം പുസ്തകങ്ങള്‍ മലയാളത്തില്‍ വായിക്കാമെന്നായിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ നോബല്‍ സാഹിത്യ ജേതാക്കളുടെ പുസ്തകങ്ങള്‍ അധികം കാലതാമസമില്ലാതെ മലയാളത്തിലാണ് വായിച്ചത്. നോവലും കഥകളും മാത്രമല്ല ആത്മകഥകളും മാത്രമല്ല ലേഖനങ്ങള്‍ പോലും. പാട്രിക് മോദിയാനോയുടെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു കിട്ടാന്‍ വലിയ പാടാണെന്നായിരുന്നു ആദ്യത്തെ സ്തുതിഗീതം. ഗ്രീന്‍ ബുക്‌സ് അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ പുസ്തകങ്ങളും വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. പുതിയ വകകളും. ഇതിനു മുന്‍പ് ഇതേ ഗാനം കേട്ടത് ലെ ക്ലെസിയോയുടെ കാര്യത്തിലായിരുന്നു. അലക്‌സിയേവിച്ച് […]

sssssശിവകുമാര്‍ ആര്‍ പി

ഇപ്പോള്‍ കുറെയധികം പുസ്തകങ്ങള്‍ മലയാളത്തില്‍ വായിക്കാമെന്നായിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തെ നോബല്‍ സാഹിത്യ ജേതാക്കളുടെ പുസ്തകങ്ങള്‍ അധികം കാലതാമസമില്ലാതെ മലയാളത്തിലാണ് വായിച്ചത്. നോവലും കഥകളും മാത്രമല്ല ആത്മകഥകളും മാത്രമല്ല ലേഖനങ്ങള്‍ പോലും. പാട്രിക് മോദിയാനോയുടെ പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു കിട്ടാന്‍ വലിയ പാടാണെന്നായിരുന്നു ആദ്യത്തെ സ്തുതിഗീതം. ഗ്രീന്‍ ബുക്‌സ് അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ പുസ്തകങ്ങളും വിവര്‍ത്തനം ചെയ്തു പ്രസിദ്ധീകരിച്ചു. പുതിയ വകകളും. ഇതിനു മുന്‍പ് ഇതേ ഗാനം കേട്ടത് ലെ ക്ലെസിയോയുടെ കാര്യത്തിലായിരുന്നു. അലക്‌സിയേവിച്ച് സ്വെറ്റ്ലാനയുടെ ‘യുദ്ധമുഖത്തെ സ്ത്രീപോരാളികള്‍’ (The Unwomanly Face of War) ബുക്കറും മറ്റു ക്ലാസിക്കുകളും വേറെ. ബൊളോനോയും പെസ്സോവയും മലയാളം സംസാരിക്കുന്നുണ്ട്. പൗലോ കൊയ്ലയ്‌ക്കൊപ്പം അമിഷ് ത്രിപാഠിയും ചേതന്‍ ഭഗത്തും മലയാളം പതിപ്പുകള്‍ ഇറക്കുന്നുണ്ട്. കാലവും തരവും നോക്കാതെ റെച്ചല്‍ കാഴ്‌സണും റിച്ചാര്‍ഡ് ഡോക്കിന്‍സും ഒന്നിച്ചിരിക്കുന്നുണ്ട് ഷെല്‍ഫില്‍.. അഫ്ഘാനിസ്താനില്‍നിന്നും പാകിസ്താനില്‍ നിന്നും ഇറാക്കില്‍ നിന്നും എഴുത്തുകാരെ മലയാളികള്‍ കൂട്ടിക്കൊണ്ടു വരുന്നുണ്ട്. മലയാളി വാര്‍ന്നു വീണ കൊളോണിയല്‍ ചട്ടക്കൂട്, നിരന്തരം ഇംഗ്ലീഷ് വാചകങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് അവനവന്റെ പ്രാദേശിക ചിന്തനകളിലേക്ക് ലോകഎഴുത്തുകാരെ കൂട്ടിക്കൊണ്ടു വന്നു നിര്‍ത്തുന്ന പരിപാടിക്കുമാത്രം ഒരു കുറവും ഉണ്ടായിട്ടില്ല. അടുത്തകാലത്ത് കോഴിക്കോട് സര്‍വകലാശാലം പ്രബന്ധങ്ങളുടെ എഴുത്തു രീതി തിരിച്ചിട്ടു. സൈറ്റേഷനുകള്‍ ആദ്യം മലയാള പുസ്തകങ്ങളുടെ എന്നാക്കി, താഴെ ഇംഗ്ലീഷും. അതല്ല നടപ്പു രീതി. കാരണം, ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെ ആധികാരികതയുണ്ടോ മലയാളത്തുങ്ങള്‍ക്ക് എന്നതാണ്. പക്ഷേ രീതിശാസ്ത്രം തിരിഞ്ഞത് അങ്ങനെ ആലോചിച്ചല്ല, മലയാളത്തില്‍ വേണ്ട പുസ്തകങ്ങളില്ലാത്തിടത്ത് ഇംഗ്ലീഷ് എന്ന മട്ടിലാണ്. അതാണ് ശരിയും.. ആസാമിലെ ജനസംഖ്യ കേരളത്തിലും താഴെയാണ്.. ആസാമീസ് സംസാരിക്കുന്നത് ഏകദേശം പകുതി ജനങ്ങളും എങ്കിലും അവിടത്തെ പിള്ളാര്‍ക്ക് നീറ്റ് അവരുടെ ഭാഷയിലെഴുതാം. ( അതു വലിയ കാര്യമായിട്ടല്ല..) അതേ സമയം 96 % മലയാളം സംസാരിക്കുന്ന മൂന്നേകാല്‍ കോടി ജനതയുടെ ഹയര്‍ സെക്കന്ററി പിള്ളാര്‍ക്ക് , വേണമെന്നുള്ളവര്‍ക്ക്, അവരുടെ ഭാഷയില്‍ അഖിലേന്ത്യാ പരീക്ഷ എഴുതാന്‍ കഴിയാതെ പോകുന്നതിന്റെ കാരണം, അവരുടെ പഠന മാധ്യമം, ഹയര്‍ സെക്കന്ററി തലത്തില്‍ ഇംഗ്ലീഷാകുന്നു എന്ന ഒറ്റ കാരണത്താലാണ്. ( പി. പവിത്രന്‍)
മലയാളം സര്‍വകലാശാല പുറപ്പെട്ടു വരുമ്പോഴുണ്ടായിരുന്ന ഒരു അഭിമാനം മലയാളിയെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷിന്റെ ദല്ലാളിത്തം അവസാനിച്ച് ലോകഭാഷകളുമായി -അതുവഴി പ്രവഹിക്കുന്ന വിജ്ഞാനങ്ങളുമായി – മലയാളത്തിനു നേരിട്ടൊരു ഇടനാഴി ഉണ്ടാവുക എന്നതായിരുന്നു. അതല്ല നടന്നത്. എം എ ആട്ടക്കഥയ്ക്കും എം എ മോഹിനിയാട്ടത്തിനുമായി ഒരു സര്‍വകലാശാല ആവശ്യമില്ല. പകരം ശാസ്ത്രവിജ്ഞാനങ്ങളുള്‍പ്പടെ നേരെ ഇങ്ങോട്ടു വരണം. തിരിച്ച് നില നില്‍ക്കുന്ന അവസ്ഥ, മലയാളിയുടെ സ്വകീയവും തനതുമായ പ്രാദേശിക ജ്ഞാനം പോലും ഇംഗ്ലീഷിലാക്കി സമര്‍പ്പിച്ചാലേ ഒരു എം ഫില്‍ തീസിസുപോലും നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍നിന്നു കിട്ടൂ എന്ന അവസ്ഥയാണുള്ളത്. അതു പറ്റാത്തതുകൊണ്ട് ഗവേഷണം കളഞ്ഞിട്ടു പോയ ഒരു പാടാളുകളുണ്ട്. എന്തായാലും വിഷമിച്ചിട്ടു കാര്യമില്ല. ചില മാറ്റങ്ങള്‍ അവിടവിടെയായി നടക്കുന്നു. കാര്യവട്ടം ക്യാമ്പസിലെ ഓറിയന്റല്‍ സ്റ്റഡീസില്‍ (ആ പേരില്‍ത്തന്നെയുണ്ട് തമാശ, ഏതു ഭൂഭാഗത്തിന്റെ ഓറിയന്റ്? ) നടത്തി വരുന്ന അര്‍ദ്ധവാര്‍ഷിക സെമിനാറുകളില്‍ ശാസ്ത്രവും മാനവിക വിഷയങ്ങളുമുള്‍പ്പടെ എല്ലാ വിഷയത്തിലുമുള്ള പേപ്പറുകള്‍ അവതരിപ്പിക്കുന്നുണ്ട്, ഒറ്റ നിബന്ധനമാത്രം അവ മലയാളത്തിലായിരിക്കണം. ഫലം അദ്ഭുതാവഹമാണ്. മലയാള ഐക്യവേദിയുടെ ഘടകമായ വിദ്യാര്‍ത്ഥി ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ സമാനമായ സെമിനാറുകള്‍ സംഘടിപ്പിക്കുന്നുണ്ട്, തെങ്ങിനെപ്പറ്റിയുള്ള ഏറ്റവും പുതിയ ഗവേഷണ ഫലങ്ങള്‍ അതിന്റെ ഉപയോക്താവായ തെങ്ങുകര്‍ഷകന്‍ ഒരിക്കലും കാണാനിടയില്ലാതെ ഇംഗ്ലീഷിലെഴുതി കാര്‍ഷിക സര്‍വകലാശാലയുടെ ഷെല്‍ഫില്‍ സൂക്ഷിച്ചിട്ടെന്താണെന്ന് കുറച്ചു പേരെങ്കിലും ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിന്റെ ഫലമായിട്ടാണ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ഗവേഷകര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ വിശദീകരിക്കാന്‍ ശ്രമിച്ചു തുടങ്ങുന്നത്..
അതൊരു വശം. മലയാളത്തിന്റെ മഹത്വവും അന്തസ്സും പാരമ്പര്യവുമൊക്കെ കുഞ്ഞു മനസ്സില്‍ പകരണമെന്ന് വിചാരിച്ചായിരിക്കും പള്ളിക്കൂടം എന്ന സ്ഥാപനം തിരുവനതപുരത്തൊരിടത്ത് സ്ഥാപിതമായിരിക്കുന്നത്. മലയാളത്തിലെ മണ്‍മറഞ്ഞ അക്കങ്ങള്‍ ഉള്‍പ്പടെ, മണ്ണിലെഴുത്തും സ്ലേറ്റെഴുത്തും ഉള്‍പ്പടെ, പ്ലാവില തൊപ്പിയും കൊച്ചങ്ങാ വണ്ടിയും ഉള്‍പ്പടെ കേരളത്തിന്റെ കളഞ്ഞുപോയ ഭംഗികള്‍ വീണ്ടെടുക്കാനുള്ള ശ്രമമാണവിടെ നടക്കുന്നതെന്ന് ഇടയ്ക്കും മുറയ്ക്കും വാര്‍ത്തകള്‍ കാണാം. അതൊന്നുമല്ല, മലയാളം എന്നു പറഞ്ഞ് അര്‍ത്ഥമാക്കേണ്ടത്, എന്നാലും സൈദ്ധാന്തികമായി എത്ര ഒച്ച ഉയര്‍ത്തിയാലും ചില കാല്പനിക ഗൃഹാതുര ഭംഗികള്‍ മാത്രമേ ഭൂരിപക്ഷത്തിന്റെയും കാതുകളില്‍ തറയ്ക്കൂ.. അവിടെനിന്ന് പിന്നെ ബോധവത്കരണ പ്രക്രിയ ആരംഭിക്കട്ടെ.. അതുകൊണ്ട് മഷിത്തണ്ടുകൊണ്ടു സ്ലേറ്റു തുടച്ചെഴുതാന്‍ നിര്‍ബന്ധിക്കപ്പെടുന്ന കുട്ടി ഇന്നത്തെ നിലക്ക് ഒരു അസ്വസ്ഥതയാണെങ്കിലും ഒരു കൗതുകമെന്ന നിലയ്ക്ക് അവന്‍/അവള്‍ അതു പരിചയപ്പെടുന്നതിനെ എതിര്‍ക്കേണ്ടതില്ല.. പ്രസിദ്ധരൊക്കെ മലയാളം പള്ളിക്കൂടം സന്ദര്‍ശിക്കുന്നുണ്ട്, കുട്ടികളോട് സംസാരിക്കുന്നുണ്ട്. കുട്ടികളെ സംബന്ധിച്ചിടത്തോളം ആ അനുഭവങ്ങള്‍ ചില്ലറക്കാര്യമല്ല. അതിനവസരമുണ്ടാക്കുന്നത് സ്‌കൂളിന്റെ വേറിട്ട ( ഭാഷാ – സംസ്‌കാര സംബന്ധിയായ) അസ്തിത്വമാണ്. അത്രയും കൊള്ളാം.
പക്ഷേ ഇപ്പറഞ്ഞതിന്റെ ഒരു ഭയാനകമായ വെര്‍ഷന്‍ ഇന്നത്തെ പത്രത്തിലുണ്ട്. സ്‌കൂളു സന്ദര്‍ശിക്കാനെത്തിയ മന്ത്രിക്ക് ഓലക്കുടയും പിടിച്ച് ഒരു കുട്ടി. താലപ്പൊലിയും ഗജവീരന്മാരുടെ സേവയും അശ്ലീലമാണെങ്കില്‍ ഇത് അതിന്റെയിരട്ടി അശ്ലീലമാണ്. കേരളത്തിലെ ഗതകാല സൗകര്യങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കുന്നതുപോലെയല്ല, അതിനെ വര്‍ത്തമാനകാലത്തിലേക്ക് ആനയിക്കുന്നത്. മന്ത്രിക്കു മുന്നില്‍ താലപ്പൊലിയെടുത്തുനില്‍ക്കുന്നത് ഫ്യൂഡല്‍ ഭൂതകാലത്തിന്റെ എച്ചിലും നിരുപാധികമായ ദാസ്യത്തിന്റെ പ്രഖ്യാപനവുമാണെങ്കില്‍ അദ്ദേഹത്തിനു വെയിലുകൊള്ളാതെ പിള്ളാരെക്കൊണ്ട് ഓലക്കുട പിടിപ്പിക്കുന്നത് അതേ മനോഭാവത്തിന്റെ കൊട്ടിക്കേറി പ്രകടനമാണ്. ഉള്‍ക്കാഴ്ചയില്ലായ്മയാണ് അതിന്റെ പിന്നില്‍. ഇത്തരം വകകളാണ് ഭാഷയുടെ ( ഭാഷാസമൂഹത്തിന്റെ തന്നെ) ആധുനികീകരണത്തിന്റെ മുഖ്യശത്രു എന്നുംകൂടി മനസ്സിലാക്കേണ്ടതുണ്ട്..
എല്ലാം ഒരേ പാളത്തിലൂടെ ഓടുന്ന വണ്ടികളല്ല.

ഫേസ് ബുക്ക് പോസ്റ്റ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: malayali | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply