മലപ്പുറത്തെ പെണ്ണുങ്ങളുടെ ഫുട്‌ബോള്‍ കാഴ്ചകള്‍

ഷംന ഷെറിന്‍ മലപ്പുറത്തു ജനിച്ചു വളര്‍ന്ന പെണ്ണുങ്ങളുടെ ഫുട്‌ബോള്‍ കാഴ്ചകള്‍ ഇതിനു മുന്‍പ് എവിടെയെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. വിശേഷിച്ചും ‘മാപ്ലപെണ്ണുങ്ങളുടേത് ‘. (ഫുട്‌ബോളിനെക്കുറിച്ചെഴുതിയതിന്റെ പേരില്‍ ഞാന്‍ ഫേക്ക് ഐ ഡി ആണെന്ന് ഒരു പ്രശസ്ത മത പണ്ഡിതന്‍ പറഞ്ഞിരുന്നു.മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇതിനെക്കുറിച്ചൊക്കെ സംസാരിക്കാമോ എന്നുള്ള ‘ആശങ്ക’യാണ് അദ്ദേഹം പ്രകടിപ്പിച്ചത് ! ഓരോ വേള്‍ഡ് കപ്പ് കാലങ്ങളിലും മലപ്പുറത്തേക്കുറിച്ചു ദിനപത്രങ്ങളിലും വേള്‍ഡ് കപ്പ് സപ്പ്‌ളിമെന്റുകളിലും ഇവിടെ വന്നു ഒരു ദിവസം പോലും ഉണ്ടുറങ്ങിയിട്ടില്ലാത്ത, അന്യ ജില്ലാ റിപ്പോര്‍ട്ടര്‍ മാര്‍ […]

mmഷംന ഷെറിന്‍

മലപ്പുറത്തു ജനിച്ചു വളര്‍ന്ന പെണ്ണുങ്ങളുടെ ഫുട്‌ബോള്‍ കാഴ്ചകള്‍ ഇതിനു മുന്‍പ് എവിടെയെങ്കിലും അടയാളപ്പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. വിശേഷിച്ചും ‘മാപ്ലപെണ്ണുങ്ങളുടേത് ‘. (ഫുട്‌ബോളിനെക്കുറിച്ചെഴുതിയതിന്റെ പേരില്‍ ഞാന്‍ ഫേക്ക് ഐ ഡി ആണെന്ന് ഒരു പ്രശസ്ത മത പണ്ഡിതന്‍ പറഞ്ഞിരുന്നു.മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഇതിനെക്കുറിച്ചൊക്കെ സംസാരിക്കാമോ എന്നുള്ള ‘ആശങ്ക’യാണ് അദ്ദേഹം പ്രകടിപ്പിച്ചത് !
ഓരോ വേള്‍ഡ് കപ്പ് കാലങ്ങളിലും മലപ്പുറത്തേക്കുറിച്ചു ദിനപത്രങ്ങളിലും വേള്‍ഡ് കപ്പ് സപ്പ്‌ളിമെന്റുകളിലും ഇവിടെ വന്നു ഒരു ദിവസം പോലും ഉണ്ടുറങ്ങിയിട്ടില്ലാത്ത, അന്യ ജില്ലാ റിപ്പോര്‍ട്ടര്‍ മാര്‍ ‘തള്ളുന്നത് ‘ വായിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. ഫ്‌ളക്‌സുകളുടെയും കട്ട് ഔട്ടുകളുടെയും പള്ളികളിലെ ജേഴ്സികളുടെയും എണ്ണം മാത്രം പറഞ്ഞു ഉപരിതലത്തില്‍ കൂടി കടന്നു പോകുന്ന ഈ നാടിന്റെ ആത്മാവില്ലാത്ത ആര്‍ട്ടിഫിഷ്യല്‍ കുറിപ്പുകള്‍. ആ രീതിയില്‍ നിന്ന് പൂര്‍ണമായും മാറി നിന്നു കൊണ്ടു തന്നെയാണ് എഴുതിയിട്ടുള്ളത്
പന്തുരുട്ടാന്‍ ബൂട്ടു കെട്ടുന്ന കാലുകള്‍ ചവിട്ടിയിറങ്ങുന്ന ഓരോ പടികള്‍ക്കു മീതെയും ഒരു പ്രാര്‍ത്ഥനാമുറിയില്‍ എന്റെ കുട്ടി ജയിച്ചു വരണേ എന്ന നേര്‍ച്ചയുണ്ടാകും,ഓരോ അയയിലും ഉണങ്ങാന്‍ വിരിച്ചിട്ട വസ്ത്രങ്ങളുടെ കൂട്ടത്തില്‍ ഒരു ജേഴ്സിയെങ്കിലും നിവര്‍ന്നു കിടക്കും എന്നെഴുതിയത് പണ്ടത്തെ കളിക്കാരനായ മൂത്താപ്പക്ക് വേണ്ടി വല്ലിമ്മ ഉഴിഞ്ഞിട്ട പൈസയുടെ കിലുക്കമോര്‍ത്തിട്ടു തന്നെയാണ്. പാടം നനയ്ക്കാന്‍ ഏല്‍പ്പിച്ചിടത്തു നിന്ന് രായ്ക്കുരാമാനം കിട്ടിയ ബസ് കേറി അരീക്കോട്ടേക്ക് സെവന്‍സ് കാണാന്‍ പോയ മൂത്താപ്പനെ തല്ലാന്‍ ചൂരല് മിനുക്കി കാത്തു നിന്ന വല്ലിപ്പ, പിന്നില്‍ തിരുപ്പിടിച്ച ഫുട്‌ബോള്‍ കണ്ടതും ദേഷ്യമെല്ലാം ഉരുകി ‘ഇയ്യ് പന്തളിക്കാനാ പോയത്. പറഞ്ഞൂടെ ‘ എന്ന് പറഞ്ഞു കൊണ്ട് ചേര്‍ത്തു പിടിച്ചതുമെല്ലാം കലര്‍പ്പില്ലാത്ത ഓര്‍മകള്‍ മാത്രമാണ്.
‘ഫുട്ബാളിന്റെ മക്കയെന്ന് ‘ചരിത്രകാരന്മാര്‍ സ്‌നേഹ പൂര്‍വ്വം വിളിക്കുന്ന നാട്.
റമദാന്‍ സമയത്ത് വേള്‍ഡ് കപ്പ് എത്തുമ്പോള്‍ യുവാക്കള്‍ ദീന്‍ മറന്നു പോകുന്നു എന്നു പ്രസംഗിച്ച മൗലവിയുടെ പള്ളിമുറ്റത്തു പിറ്റേ ദിവസം ‘ഉസ്താദ് എന്തു പറഞ്ഞാലും മെസ്സി ഗോളടിക്കും ‘എന്ന് കൂളായി ഫ്‌ലെക്‌സ് കെട്ടിത്തൂക്കി മറുപടി കൊടുത്ത യുവാക്കളുടെയും ബ്രസീല്‍ എന്നൊരു രാജ്യമുണ്ടെന്നോ അവിടുത്തെ കളിക്കാരനാണ് റൊണാള്‍ഡോ എന്നോ അറിയാതെ, അയാളടിച്ച ഒരൊറ്റ ഗോള്‍ കണ്ടിഷ്ടപ്പെട്ട് 2002 വേള്‍ഡ് കപ്പ് ഫൈനല്‍ നടക്കുമ്പോള്‍ ‘അടി മോനേ റൊണാള്‍ഡോ ഗോള്‍ ‘ എന്ന് അടുക്കളയില്‍ നിന്നോടിക്കിതച്ചെത്തി ആര്‍പ്പു വിളിച്ച ചെട്ടിപ്പടിയിലെ റഹ്മത്തയെപ്പോലുള്ള ഒരായിരം പെണ്ണുങ്ങളുടെ നാട്. സോക്‌സ് വാങ്ങാന്‍ കാശില്ലാതെ പോയിട്ട് സ്‌കൂള്‍ മാസ്റ്ററായിരുന്ന ഉപ്പയുടെ നീളന്‍ കുപ്പായകയ്യ് മുറിച്ചു ഒരു വശം തുന്നി കാലുറയുണ്ടാക്കിയതിന് പൊതിരെ തല്ലു മേടിച്ച,വളര്‍ന്നു വലിയ കളിക്കാരനായി പ്രായമിത്ര പിന്നിട്ടിട്ടും ജീവിതത്തില്‍ അന്നു തൊട്ടിന്നു വരെ അണിഞ്ഞ ഓരോ ജേഴ്സിയും ബൂട്ടും തേച്ചു മിനുക്കി സൂക്ഷിച്ചു വെക്കുന്ന സൂപ്പര്‍ സ്റ്റുഡിയോ അഷ്‌റഫ്ക്കയെപ്പോലുള്ള ഫുട്‌ബോള്‍ പ്രേമം തലയ്ക്കു പിടിച്ചവരുടെയും സുഡാനി ഫ്രം നൈജീരിയയിലെ മജീദ് എന്ന കഥാപാത്രത്തിനു ജീവന്‍ കൊടുത്ത വളാഞ്ചേരിയിലെ ഡാനിയേപ്പോലുള്ളവരുടെയും നന്മയുള്ള നാട്.
.’ഈ മൊല്ലാക്കമാരൊക്കെ വയളിന് എത്ര കായി കൊടുക്കണം..ന്നട്ട് ഞമ്മളെ ദീന്‍ പഠിപ്പിക്ക. ഫ്‌ലെക്‌സ് അടിക്കാന്‍ കായി ചോയ്ച്ചു വന്നാല്‍ ഇഞ്ഞും കൊടുക്കും. ആരാ ചോയ്ക്ക്യ. ഒന്നു കാണണല്ലോ ‘ എന്ന് മുഖം ചുമപ്പിച്ചു പറയുന്ന മലപ്പുറത്തെ സെവന്‍സ് രാജാക്കന്മാരായ സൂപ്പര്‍ സ്റ്റുഡിയോ ക്ലബിന്റെ എല്ലാമെല്ലാമായ ആ മനുഷ്യന്‍ ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെയ്ക്കുമ്പോള്‍ എനിക്കൊരു സിനിമ കണ്ട പ്രതീതിയായിരുന്നു.
‘ഇങ്ങളൊക്കെ വിചാരിക്കണ മായിരി അല്ല, ആ സുടു നെ ആ ഇമ്മാര് സ്‌നേഹിക്കണത് ഓന്‍ പന്തളിക്കാരന്‍ ആയോണ്ടാ. അല്ലെങ്കില്‍ സില്‍മ നടനായാലും ആരും മൈന്റെയ്യൂല ‘ എന്ന് അശ്റഫ്ക്ക പറഞ്ഞപ്പോള്‍ ഇവിടത്തുകാരിയായ ഞാന്‍ പോലും അത്ഭുതപ്പെട്ടു പോയി.
‘മല്യളം തെന്നെ അറീല. ന്നാട്ടല്ലേ ഇംഗ്ലീഷ് ‘എന്ന് പറഞ്ഞു ചിരിപ്പിച്ച രാമന്‍ നായരെ മറ്റൊരു സിനിമയിലേക്ക് ക്ഷണിച്ചപ്പോള്‍ മൂപ്പര് പറഞ്ഞത് ‘പന്ത് സില്‍മേല്‍ വീണപ്പോ ഞമ്മളും വീണ്. അല്ലാണ്ടെ ഞമ്മക്കിപ്പോ സില്‍മാ പ്രന്തൊന്നും ല്ല്യ. സില്‍മന്റെ വണ്ടി വളാഞ്ചേരിക്കൂടി പോവ്വാണെങ്കില്‍ വിളിചോണ്ടി. കേറിക്കൊണ്ട് ന്ന് പറയാന്‍ പറഞ്ഞാലേ ‘ എന്ന് കൂസലില്ലാതെ മറുപടി കൊടുക്കുന്ന ഈ മനുഷ്യര്‍ക്ക് സിനിമയില്‍ അഭിനയിക്കുമ്പോഴും സെവന്‍സ് വിട്ട് ലെവന്‍സ് കളിക്കുമ്പോഴും കിട്ടുന്ന പേരോ പ്രശസ്തിയോ ഒന്നും അറിഞ്ഞുകൂടാ.
‘പൈസ ണ്ടാക്കാന്‍ അല്ലല്ലോ കളിക്കണത്. കളിക്കാനല്ലേ പൈസ ണ്ടാക്കണത് ‘എന്നു പറയുന്ന മനുഷ്യരുടെ ജനുവിനിറ്റി ആണ് ക്രിക്കറ്റ് ജ്വരം ബാധിച്ചു ഇന്ത്യക്കാര്‍ കാല്പന്തിനെ മറന്നു പോയ കാലത്തും ഈ പാടത്തും പറമ്പിലും പന്തുരുട്ടിച്ചത്. ഒരു തുണ്ട് ഭൂമി കിട്ടിയാല്‍ രണ്ടറ്റത്തും ഓരോ ഗോള്‍ പോസ്റ്റ് നാട്ടി നിന്നു തിരിയുന്നിടമെല്ലാം സെവന്‍സ് വേദികളാക്കിയവരാണ്.
വിവാഹത്തിന്റ അന്നു പോലും മാച്ചുണ്ടെന്ന് പറഞ്ഞു പുറപ്പെട്ടു പോയ ഷറഫലി മാരുടെയും സ്വതസിദ്ധമായ പാടവവും പ്രതിഭയും ഉണ്ടായിട്ടും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോയത് കൊണ്ടു മാത്രം അരീക്കോട്ടെ മണല്‍ത്തിട്ടകളില്‍ അമര്‍ന്നു പോയ യുവാക്കളുടെയും നാട്.
ഇതിനു പിന്നിലൊരു ചരിത്രമുണ്ടെന്നും കേരളത്തില്‍ കാല്പന്തിന്റെ ചരിത്രം തുടങ്ങുന്നത് നിലമ്പൂര്‍ പട്ടാളക്യാമ്പില്‍ നിന്നാണെന്നും അറിയാത്തവരല്ല അന്യ ജില്ലക്കാര്‍. എന്നിട്ടും ഓ ഞങ്ങളുടെ നാട്ടിലുമുണ്ടല്ലോ ഫുട്‌ബോള്‍ എന്നു പറയിപ്പിക്കുന്നത് നാലു വര്‍ഷത്തിലൊരിക്കല്‍ മാത്രം ഇവിടെയുള്ള പത്ര മാസികകള്‍ ഒരു കോളം വാര്‍ത്തയില്‍ ഒതുക്കുന്ന കേവലം ഫ്ളെക്സും കട്ടൗട്ടും ജേഴ്സികളും ഉള്ള മലപ്പുറത്തിന്റെ ചിത്രം മനസില്‍ പതിഞ്ഞു പോയത് കൊണ്ടാണ്.അവരുടെ ജീവിതത്തിന്റെ ഗ്രൗണ്ടിലേക്ക്, യെല്‍ലോ കാര്‍ഡ് കിട്ടി തളര്‍ന്ന കാലുകളും ശരീരവും അതിനേക്കാള്‍ തളര്‍ന്ന മനസുമായി കളം വിടേണ്ടി വന്ന,അര്‍ദ്ധ ബോധാവസ്ഥയില്‍ കിടക്കുമ്പോഴും മാധവിക്കുട്ടിയുടെ നെയ്പ്പായസത്തിലെ കഥാപാത്രത്തെ പോലെ സെവന്‍സ് എന്നും ഫുട്‌ബോള്‍ എന്നും ഉരുവിട്ടു കൊണ്ടവസാനം റെഡ് കാര്‍ഡ് കിട്ടി എവിടെയും അടയാളപ്പെടുത്താതെ മണ്മറഞ്ഞു പോയ ഞങ്ങളുടെ കരണവന്മാരില്‍ ഒരാളെക്കുറിച്ചു പോലും എഴുതാഞ്ഞതു കൊണ്ടാണ്
മദ്രസയിലേക്ക് തല്ലിയോടിക്കുന്ന പോലെ അതിരാവിലെ മക്കളെ ഗ്രൗണ്ടിലേക്ക് തല്ലിയോടിക്കുന്ന, ഗോള്‍ അടിക്കാതെ വന്നാല്‍ കണക്കിന് തെറി കേള്‍ക്കുന്ന അരീക്കോട് പോലൊരു സ്ഥലവും വേള്‍ഡ് കപ്പ് കണക്കാക്കി ലീവെടുത്തു നാ ട്ടിലെത്തുന്ന,
പ്രവാസികളും, ടീം തോറ്റിട്ടു ബെറ്റ് പാലിക്കാന്‍ ട്രാഫിക്കില്‍ ഒറ്റക്കാലില്‍ നിന്ന പയ്യനും,13 ജില്ലകളും കണ്ണൂരിലെ സംസ്ഥാന കലോത്സവത്തിന് ചിലങ്ക കെട്ടി വടക്കോട്ടു പോയിട്ടും അതെ സമയം ബൂട്ടു കെട്ടി മലപ്പുറത്തിന്റെ കലയായ ഫുട്‌ബോള്‍ കളിക്കാന്‍ കേരളത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ മാര്‍ അത്തനേഷ്യന്‍സ് ട്രോഫി വാങ്ങാന്‍, തെക്കോട്ടു പോയ സ്‌കൂളുകളും മറ്റെവിടെയെങ്കിലും ഉണ്ടാകും എന്ന് കരുതുന്നില്ല.
ലോകമറിഞ്ഞ ഷറഫലിയും അനസും ആസിഫ് സഹീറും മാത്രമല്ല,പാടത്തു വെറും കാലു കൊണ്ട് തുടങ്ങി അവിടെ തന്നെ തീര്‍ന്നു പോയ അനേകം കളിക്കാര്‍ ഉണ്ട്. ഫുട്‌ബോള്‍ ഡോക്യുമെന്ററി ചെയ്യാന്‍ മലപ്പുറത്തെത്തിയ മധു ജനാര്‍ധനന്ന് പോലും ഈ എണ്ണം തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നാണ് പറഞ്ഞത്. ഇവിടെ ഇനിയേതു കായികരൂപം പിറവിയെടുത്താലും ക്രിക്കറ്റ് ജ്വരം ബാധിച്ചാലും ഒരു പന്തും അതു തട്ടാന്‍ രണ്ടു കാലുകളും ഉള്ളിടത്തോളം കാലം പുല്‍മൈതാനത്തിലായാലും പാടത്തായാലും പറമ്പിലായാലും മലപ്പുറം കളിച്ചു കൊണ്ടേയിരിക്കും. മലപ്പുറം അസീസിന്റെയും ഇരുമ്പന്‍ മൊയ്തീന്‍കുട്ടിയുടെയും കാദറിന്റെയും മുഹമ്മദാലിയുടെയും ആത്മാക്കള്‍ ഭൂഗോളം കയ്യിലൊതുക്കുന്ന ഈ കാല്പന്തുമായി മലപ്പുറത്തെ കളിപ്പിച്ചു കൊണ്ടേയിയിരിക്കും ക്യാപ്റ്റന്‍ സിനിമ ഷൂട്ടിന് ശേഷം ജയസൂര്യ പറഞ്ഞതു പോലെ ‘കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം ആണെങ്കില്‍ ഫുട്‌ബോളിന്റെ തലസ്ഥാനം മലപ്പുറമാണ്’ ! (ഫേസ് ബുക്ക് പോസ്റ്റ്)

ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം ഈ ലക്കം സമകാലിക മലയാളം ഫുട്‌ബോള്‍ പതിപ്പില്‍ (സോക്കര്‍ )

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Sports | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply