മദ്യപന്റെ മാനിഫെസ്റ്റോ

ഗിരീഷ് ജനാര്‍ദ്ദനന്‍ മാധ്യമപ്രവര്‍ത്തകനായ ഗിരീഷ് ജനാര്‍ദ്ദനന്‍ രചിച്ച മദ്യപന്റെ മാനിഫെസ്റ്റോ എന്ന പുസ്തകത്തിലെ ഒരു ഭാഗം. മരണസംഖ്യ രണ്ടു ഡസന്‍ കവിയുമെന്ന സൂചനകളുമായി കുറ്റിപ്പുറം വിഷമദ്യ ദുരന്തത്തിന്റെ വാര്‍ത്തകള്‍ ആവര്‍ത്തിച്ചുപെയ്ത രാത്രിയില്‍, ഒന്‍പതടിക്കാന്‍ രണ്ടു നിമിഷം ബാക്കിനില്‍ക്കേ പള്ളുരുത്തി ബിവറേജസിന്റെ നീണ്ട ക്യൂവില്‍നിന്നും ഞാന്‍ നിഷ്‌കാസിതനായി. ഗേറ്റുകടക്കാനായ ആറേഴു ഭാഗ്യവാന്‍മാരെ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു. കൊണ്ടുചെല്ലാമെന്നേറ്റ ഒരു ലിറ്റര്‍ വൈറ്റ് മിസ്ചിഫ് ബ്രാണ്ടിയും കാത്തിരുന്ന സുഹൃദ്‌സംഘത്തെ വിളിച്ചുപറഞ്ഞു ബിവറേജസ് പൂട്ടി നിങ്ങള് തോപ്പുംപടിക്കു വാ. […]

MMMഗിരീഷ് ജനാര്‍ദ്ദനന്‍

മാധ്യമപ്രവര്‍ത്തകനായ ഗിരീഷ് ജനാര്‍ദ്ദനന്‍ രചിച്ച മദ്യപന്റെ മാനിഫെസ്റ്റോ എന്ന പുസ്തകത്തിലെ ഒരു ഭാഗം.

മരണസംഖ്യ രണ്ടു ഡസന്‍ കവിയുമെന്ന സൂചനകളുമായി കുറ്റിപ്പുറം വിഷമദ്യ ദുരന്തത്തിന്റെ വാര്‍ത്തകള്‍ ആവര്‍ത്തിച്ചുപെയ്ത രാത്രിയില്‍, ഒന്‍പതടിക്കാന്‍ രണ്ടു നിമിഷം ബാക്കിനില്‍ക്കേ പള്ളുരുത്തി ബിവറേജസിന്റെ നീണ്ട ക്യൂവില്‍നിന്നും ഞാന്‍ നിഷ്‌കാസിതനായി. ഗേറ്റുകടക്കാനായ ആറേഴു ഭാഗ്യവാന്‍മാരെ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവരെ പൊലീസ് വിരട്ടിയോടിക്കുകയായിരുന്നു.
കൊണ്ടുചെല്ലാമെന്നേറ്റ ഒരു ലിറ്റര്‍ വൈറ്റ് മിസ്ചിഫ് ബ്രാണ്ടിയും കാത്തിരുന്ന സുഹൃദ്‌സംഘത്തെ വിളിച്ചുപറഞ്ഞു ബിവറേജസ് പൂട്ടി നിങ്ങള് തോപ്പുംപടിക്കു വാ.
അമൃത് ബാറിന്റെ റൂഫില്‍ ഞങ്ങളാറു പേര്‍ ഒത്തുകൂടിയ ആ ഭീകരരാത്രിയില്‍, ഒന്നാം റൗണ്ട് ഒഴിച്ചുകഴിഞ്ഞതും സ്വന്തം പാനപാത്രത്തില്‍ നടുവിരല്‍ തൊട്ട് നാടകകൃത്ത് കെ.ജെ. ലിന്നസ് മൂന്നുവട്ടം തര്‍പ്പണം ചെയ്തു സമര്‍പ്പയാമി സമര്‍പ്പയാമി, സമര്‍പ്പയാമി…
ഇതെന്താ പതിവില്ലാത്തൊരു പിതൃതര്‍പ്പണം?
അതൊന്നുമല്ല. മീതേലുള്ള  ആള്‍ക്കഹോള്‍ കളഞ്ഞതാ…അവന്‍ വിശദീകരിച്ചു; മീഥൈല്‍ ആള്‍ക്കഹോള്‍!
കുറ്റിപ്പുറം വിഷമദ്യ ദുരന്തത്തിലെ വില്ലന്‍ മീഥൈല്‍ ആള്‍ക്കഹോളാണെന്ന് അതിനകം സൂചനകള്‍  വന്നു കഴിഞ്ഞിരുന്നു. സന്ദര്‍ഭോചിതമായ ഫലിതം! ബില്ലുവന്നപ്പോള്‍ ഫലിതരസം മാഞ്ഞ് ശോകരസമായി; 1800 രൂപ. ഓരോരുത്തരുടെയും ഷെയര്‍ മുന്നൂറ് രൂപ. എല്ലായ്‌പ്പോഴും അറുന്നൂറ് രൂപയിലൊതുങ്ങുന്നതാണ് ഞങ്ങളാറു ചങ്ങാതിമാരുടെ സംഗമങ്ങള്‍. ബിവറേജസില്‍നിന്നും നാന്നൂറ് രൂപയ്ക്ക് ഒരു ലിറ്റര്‍ വൈറ്റ് മിസ്ചീഫ്  ബ്രാണ്ടി. തട്ടുകടയില്‍ നിന്ന്  ഇരുന്നൂറ് രൂപയ്ക്ക് ടച്ചിംഗ്‌സ്. ഓരോരുത്തരും നൂറു രൂപ ഷെയറിട്ടാല്‍  കുശാലാകുന്ന മിതമദ്യപാനം!
ബാറില്‍ നിന്നിറങ്ങുമ്പോള്‍  ആര്‍ടിസ്റ്റ് ടി.കെ. അനില്‍ ക്ഷുഭിതനായി.  നീയൊരുത്തന്‍ കാരണം ഇന്ന് മുന്നൂറു രൂപ പോയികിട്ടി.
എനിക്കും കോപം വന്നു നീയാ പോലീസുകാരെ പോയി ചീത്ത വിളിക്ക് … അവരാണ് കാരണം.
ബാറുകാരുടെ  പാരിതോഷികം പറ്റുന്ന ലോക്കല്‍ പൊലീസ് കൃത്യം ഒന്‍പതുമണി രാത്രിയില്‍ ബീവറേജസ് പൂട്ടിക്കുന്നത് നാട്ടുനടപ്പ്. ബീവറേജസ് ക്യൂവില്‍നിന്ന് പുറന്തള്ളപ്പെടുന്നവരൊക്കെ ഏറ്റവും അടുത്ത ബാറില്‍ച്ചെന്ന് ഇരട്ടി പണം മുടക്കി മദ്യപിക്കുമെന്നത് അതിന്റെ ഫലശ്രുതി. ബാറുകാര്‍ക്ക് കുടിയനെ കൂട്ടിക്കൊടുക്കുന്ന ലോക്കല്‍ പൊലീസിന്റെ അതേ മനോഭാവമായിരുന്നു 2011 മേയ്മാസത്തില്‍ അധികാരമേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്. ചുമതലയേറ്റയുടന്‍, മുന്നേ തുറക്കാനിരുന്ന പതിമൂന്ന് ബീവറേജസ് ഷോപ്പുകള്‍ ഒറ്റയടിക്കു റദ്ദുചെയ്തും അപേക്ഷിച്ച ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുമെന്ന് സൂചിപ്പിച്ചും എക്‌സൈസ് മന്ത്രി കെ. ബാബു അതു വിളംബരപ്പെടുത്തി. കെ.എം. മാണിയുടെ കന്നി ബജറ്റാവട്ടെ  മദ്യത്തിന്‍മേലുള്ള ഒരു ശതമാനം സെസ് ആറു ശതമാനമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ബീവറേജസും, കണ്‍സ്യൂമര്‍ ഫെഡും മദ്യവ്യാപാരത്തിലെ പൊതുമേഖലയാണ്. അവിടെ അക്കാലത്ത് 180 മില്ലി ലിറ്ററിന്റെ ഒരു ക്വാര്‍ട്ടര്‍ ഹണിബീ ബ്രാന്‍ഡി 85 രൂപയ്ക്ക് കിട്ടുമായിരുന്നു. ബാര്‍ സ്വകാര്യമേഖലയാണ്. അവിടെ അതേ ഹണിബീ 180 മില്ലിയടിക്കാന്‍ പെഗ്‌റേറ്റ്  വച്ച് 144 രൂപ കൊടുക്കേണ്ടിയിരുന്നു. 59 രൂപ കൂടുതല്‍! ആദായം മോഹിച്ച് ബീവറേജസും കണ്‍സ്യൂമര്‍ ഫെഡും തേടിപ്പോയവനൊക്കെ പക്ഷേ, നിരാശയായിരുന്നു ഫലം.  രണ്ടിനുംകൂടി കേരളത്തിലാകെ 383 ഷോപ്പുകളേയുള്ളൂ.  ബാറുകളാകട്ടെ 734 എണ്ണവും. ഏതാണ്ട് ഇരട്ടിയോളം. ബീവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറച്ചതിനു പിന്നാലെ, അവയുടെ പ്രവൃത്തി സമയം വെട്ടിച്ചുരുക്കാന്‍ പോകുന്നതായും കെ. ബാബുവിന്റെ പ്രഖ്യാപനമുണ്ടായി. മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി ഇല്ലായ്മ ചെയ്യുമെന്ന ഭാവത്തിലായിരുന്നു ഭവാന്റെ പ്രഖ്യാപനങ്ങളൊക്കെയും.
മദ്യത്തിന്മേല്‍ വര്‍ധിപ്പിച്ച അഞ്ചു ശതമാനം ചുങ്കത്തിന് സാമൂഹ്യ സുരക്ഷാസെസ് എന്നായിരുന്നു ഓമനപ്പേര്. കുടിയനുമേല്‍ അധികനികുതി ചുമത്തി സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന അധാര്‍മികത. ഇതൊക്കെയും മദ്യത്തിന്റെ ഉപഭോഗം നിരുത്സാഹപ്പെടുത്താനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ധീരസഞ്ചാരങ്ങളായി വാഴ്ത്തപ്പെട്ടു. അഞ്ചുശതമാനം അധിക നികുതിയിലൂടെ അന്ന് കാല്‍ക്കുപ്പിയിന്മേല്‍ ശരാശരി ആറു രൂപയുടെ വര്‍ദ്ധനയാണുണ്ടായത്. കേള്‍ക്കുമ്പോള്‍ നിസ്സാരം. കമ്പനി വിലയുടെ 680 ശതമാനം വരെ ലാഭം പിടുങ്ങിയാണ് സര്‍ക്കാര്‍ ഓരോ കുപ്പിയും നാളതുവരെ വിറ്റുകൊണ്ടിരുന്നതെന്നറിയുമ്പോഴാണ് പിന്നീടുള്ള ഓരോ വിലവര്‍ധനയും ഭീകരമായനുഭവപ്പെടുക. പകലന്തിയോളം ഉഴന്നു തളരുന്ന തൊഴിലാളിവര്‍ഗ്ഗം ഇതൊന്നുമറിയാതെ ബിവറേജസ് കൗണ്ടറില്‍ കൈകടത്തി ചോദിക്കും; ഒരു അറുപതിന്റെ ക്വാര്‍ട്ടര്‍…
ഓള്‍ഡ്‌പോര്‍ട്ടും ഓള്‍ഡ്കാസ്‌കും  ഓക്‌വാറ്റും മെന്‍സ്‌ക്ലബുമൊക്കെയാണ് ഈ അറുപതിന്റെ ക്വാര്‍ട്ടര്‍. വിലകുറഞ്ഞ ബ്രാന്‍ഡുകള്‍. ഇവ കെയ്‌സൊന്നിന് ഡിസ്റ്റിലറിക്കാര്‍ ബീവറേജസിന് നല്‍കിയിരുന്നത് വെറും 422 രൂപയ്ക്കായിരുന്നു. അവരത് വിറ്റിരുന്നത് 2880 രൂപയ്ക്ക്. ലാഭം 2458 രൂപ. ഒരു കേയ്‌സെന്നാല്‍ ഒന്‍പത് ലിറ്ററാണ്. 48 ക്വാര്‍ട്ടര്‍ ബോട്ടിലുകള്‍. അതായത് ഒരു ബോട്ടിലിന്റെ കമ്പനി വില വെറും എട്ടു രൂപ എഴുപത്തിയൊമ്പതുപൈസ. പലതരം നികുതികളും മാര്‍ജിനുമൊക്കെയായി 51 രൂപ 21 പൈസ പിടുങ്ങി ബീവറേജസ് അത് അറുപതു രൂപയ്ക്ക് കച്ചവടം ചെയ്തു.
ഇടത്തരക്കാരുടെ ഇഷ്ട ബ്രാന്‍ഡായ ഗോള്‍ഡ് നെപ്പോളിയന്‍ അക്കാലത്ത് കേയ്‌സൊന്നിന് 629.85 രൂപയ്ക്കായിരുന്നു ഇംപീരിയല്‍ ഡിസ്റ്റിലറീസ് ബിവറേജസിനു കൊടുത്തുകൊണ്ടിരുന്നത്. അവരത് വിറ്റത് 4320 രൂപയ്ക്ക്. ലാഭം 3690.15 രൂപ. അതായത് ഒരു ഫുള്‍ബോട്ടില്‍ ഗോള്‍ഡ് നെപ്പോളിയന്റെ കമ്പനി വില 52 രൂപ 49  പൈസ. 307 രൂപ 51 പൈസ ലാഭമെടുത്ത് ബിവറേജസ് അത് 360 രൂപയ്ക്ക് വിറ്റു. (പട്ടിക കാണുക) ഈ പകല്‍ക്കൊള്ള പോരാഞ്ഞാണ് സാമൂഹ്യ സുരക്ഷാസെസ് എന്ന മുഖംമൂടിയിട്ട് മാണിസാറ് തീവെട്ടിക്കൊള്ളയുമായി വന്നത്.
മദ്യപര്‍ ഒക്കെയും സഹിക്കും. കൊള്ളക്കാര്‍ സുവിശേഷ പ്രസംഗം കൂടി നടത്തിയാലോ? മദ്യത്തില്‍ നിന്നുള്ള വരുമാനം തന്റെ സര്‍ക്കാര്‍ വലിയ നേട്ടമായി കരുതുന്നില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഉദീരണം. മുന്‍ സര്‍ക്കാരില്‍ ഡോ. തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിനേക്കാള്‍ തന്റെ ബജറ്റില്‍ 880 കോടി രൂപ അധിക റവന്യൂ വരവ് സങ്കല്പിച്ച മാണിസാര്‍ അതില്‍ 327 കോടിയും കണ്ടെത്തിയത് മദ്യത്തിന്മേല്‍ ഏര്‍പ്പെടുത്തിയ അധികനികുതിയില്‍ നിന്നായിരുന്നു എന്നോര്‍ക്കണം. തുള്ളി കുടിക്കാതെയും മനുഷ്യന്‍ വാളുവച്ചു പോകില്ലേ…
ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്നാണ് പ്രമാണം. അടിയുറച്ച ആന്റണി കോണ്‍ഗ്രസുകാരനാണ് കെ. ബാബു. മദ്യകേരളത്തിന്റെ തിരക്കഥ മാറ്റിയെഴുതിക്കൊണ്ട് 1996-ല്‍ ചാരായ നിരോധനം നടപ്പാക്കുമ്പോള്‍ എ.കെ. ആന്റണി എന്തൊക്കെ വ്യാമോഹങ്ങളാണോ ഉച്ചരിച്ചത് അതൊക്കെത്തന്നെ അക്കാലത്ത് ശിഷ്യനും ആവര്‍ത്തിച്ചു. സമ്പൂര്‍ണ മദ്യനിരോധനത്തിലേയ്ക്കുള്ള ആദ്യ ചുവട്. സ്ത്രീ സമൂഹത്തിന്റെ കണ്ണീരൊപ്പല്‍. മണ്ണാങ്കട്ട!

മദ്യപന്റെ മാനിഫെസ്റ്റോ നവംബര്‍ ആറിന് 5 മണിക്ക് സാഹിത്യ അക്കാദമിയില്‍ വെച്ച് സംവിധായകന്‍ ലാല്‍ ജോസ് പ്രകാശനം ചെയ്യും. മൂന്നു മണിക്ക് മദ്യപരുടെ ഉപഭോക്തൃ അവകാശം, മദ്യവും കേരള സംസ്‌കാരവും എന്നീ വിഷയങ്ങളില്‍ സംവാദം നടക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply