മദ്യനിരോധനവും സക്കറിയയും

കേരളത്തിലെ എഴുത്തുകാരില്‍ അപ്രിയമായ സത്യങ്ങള്‍ വിളിച്ചു പറയാനുള്ള ആര്‍ജ്ജവവും ധീരതയുമുള്ളവര്‍ വളരെ കുറച്ച്‌ പേരേയുള്ളു. അതില്‍ പ്രമുഖനാണ്‌ സക്കറിയ. എന്നാല്‍ മദ്യവുമായി ബന്ധപ്പെട്ട്‌ സക്കറിയ കേരളകൗമുദിയില്‍ എഴുതിയ കുറിപ്പില്‍ ആ ആര്‍ജ്ജവത്തില്‍ ഇടിവു വന്നിട്ടുണ്ട്‌ എന്നു പറയാതെ വയ്യ. തീര്‍ച്ചയായും സ്‌കകറിയ പറയുന്ന ഒരു പാട്‌ കാര്യങ്ങള്‍ സത്യമാണ്‌. മനുഷ്യസംസ്‌കാരം തുടങ്ങിയപ്പോള്‍ മുതല്‍ മദ്യം മനുഷ്യന്റെ കൂടെയുണ്ട്‌, സംസ്‌കാരസമ്പന്നമായ ഒരു ലോകരാഷ്ട്രത്തിലും ഇത്‌ നികൃഷ്ട വസ്‌തുവായി കാണുന്നില്ല, അത്‌ താത്‌കാലികമായ സമ്മര്‍ദ്ദ വിമോചനം നല്‍കുന്നു, ആളുകളെ ഉള്ളുതുറക്കാനും […]

zakkariaകേരളത്തിലെ എഴുത്തുകാരില്‍ അപ്രിയമായ സത്യങ്ങള്‍ വിളിച്ചു പറയാനുള്ള ആര്‍ജ്ജവവും ധീരതയുമുള്ളവര്‍ വളരെ കുറച്ച്‌ പേരേയുള്ളു. അതില്‍ പ്രമുഖനാണ്‌ സക്കറിയ. എന്നാല്‍ മദ്യവുമായി ബന്ധപ്പെട്ട്‌ സക്കറിയ കേരളകൗമുദിയില്‍ എഴുതിയ കുറിപ്പില്‍ ആ ആര്‍ജ്ജവത്തില്‍ ഇടിവു വന്നിട്ടുണ്ട്‌ എന്നു പറയാതെ വയ്യ.
തീര്‍ച്ചയായും സ്‌കകറിയ പറയുന്ന ഒരു പാട്‌ കാര്യങ്ങള്‍ സത്യമാണ്‌. മനുഷ്യസംസ്‌കാരം തുടങ്ങിയപ്പോള്‍ മുതല്‍ മദ്യം മനുഷ്യന്റെ കൂടെയുണ്ട്‌, സംസ്‌കാരസമ്പന്നമായ ഒരു ലോകരാഷ്ട്രത്തിലും ഇത്‌ നികൃഷ്ട വസ്‌തുവായി കാണുന്നില്ല, അത്‌ താത്‌കാലികമായ സമ്മര്‍ദ്ദ വിമോചനം നല്‍കുന്നു, ആളുകളെ ഉള്ളുതുറക്കാനും സംവദിക്കാനും സൗഹാര്‍ദ്ദപരമായി പെരുമാറാനും പ്രേരിപ്പിക്കുന്നു അഹന്തയെ അയയ്‌ക്കുന്നു, എന്നിങ്ങനെ പോകുന്നു ആ ശരികള്‍. പിന്നെ ഇത്തരം സമൂഹങ്ങളും നമ്മുളുമായുള്ള വ്യത്യാസവും സക്കറിയ ചൂണ്ടികാട്ടന്നു. അവിടങ്ങളില്‍ ലഭിക്കുന്നത്‌ ആരോഗ്യപരമായ ഗുണനിലവാരത്തില്‍ യാതൊരു ഒത്തുതീര്‍പ്പുമില്ലാത്തതും ഓരോ മദ്യത്തിനും ആവശ്യമായ അസംസ്‌കൃത പദാര്‍ത്ഥങ്ങളില്‍ നിന്ന്‌ തന്നെ ഉത്‌പാദിപ്പിക്കുന്നതുമായ ശുദ്ധമദ്യമാണ്‌, ഇവിടെ വ്യാജമദ്യമാണ്‌ എന്നതാണത്‌. വന്‍ വിലകൊടുത്ത്‌ വാങ്ങുന്ന പല മദ്യങ്ങളില്‍ പോലും താഴ്‌ന്ന ഗ്രേഡിലുള്ള ചാരായമാണ്‌ ഉപയോഗിക്കുന്നത്‌. ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ ഈ ഗുണനിലവാര പ്രശ്‌നം പരിശോധിക്കാന്‍ സര്‍ക്കാരിന്‌ താത്‌പര്യമില്ല. കാരണം അത്ര ഭീമമായ തുകകളാണ്‌ ഈ കച്ചവടത്തില്‍ കൈമാറപ്പെടുന്നത്‌. മലയാളിക്ക്‌ ഇന്ന്‌ ഉണ്ട്‌ എന്ന്‌ പറയപ്പെടുന്ന മദ്യാസക്തിയുടെ പിന്നില്‍ കാലാകാലങ്ങളായി ഭരണകൂടങ്ങള്‍ നല്‍കി പോരുന്ന തരംതാഴ്‌ന്ന, ഗുണനിലവാരം പുലര്‍ത്താത്ത, വ്യാജന്‌ തുല്യമായ നാലാംകിട മദ്യമാണെന്നും നല്ല മദ്യം ഒരിക്കലും ഉപഭോക്താവിനെ അതിരുകവിഞ്ഞ ആസക്തിയിലേക്ക്‌ തള്ളിയിടില്ല എന്നും സ്‌കകറിയ ശരിയായി ചൂണ്ടികാട്ടുന്നു. കഴിഞ്ഞില്ല, ഇവിടെ മദ്യം സാമ്പത്തിക മാഫിയയുടെ ചൊല്‍പ്പടിയിലുള്ള വഞ്ചനാ സാമ്രാജ്യമാണെന്നും മദ്യത്തെ ഒരു കള്ളനാണയമായി ഉപയോഗിച്ച്‌ അഴിമതിയുടെ ഒരു പൈശാചിക സാമ്രാജ്യം സൃഷ്ടിച്ചിരിക്കുകയാണെന്നും സക്കറിയ പറയുന്നു. കേരള സംസ്‌കാരത്തിന്റെ സമ്പത്തുകളിലൊന്നായ കള്ളിനെ അവര്‍ പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ എന്നന്നേക്കുമായി തകര്‍ത്തുകളഞ്ഞതിന്റെ ഉദാഹരണവും നമ്മുടെ കണ്‍മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു.
ഇത്രയും കൃത്യമായി പറയുന്ന സക്കറിയ കേരളത്തിലെ പൗരന്മാര്‍ എന്ത്‌ തിന്നണം, എന്ത്‌ കുടിക്കണം എന്ന മനുഷ്യാവകാശത്തെയാണ്‌ ഒരു ഫാസിസ്റ്റ്‌ നിയമനിര്‍മ്മാണത്തിലൂടെ യു.ഡി.എഫ്‌ ചവിട്ടിമെതിച്ചിരിക്കുന്നതെന്നു പറയുമ്പോള്‍ യോജിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. സക്കറിയ പറയുന്ന പോലെ കോണ്‍ഗ്രസിലെ രണ്ട്‌ നേതാക്കള്‍ തമ്മിലുള്ള അധികാരപോരിന്റെ ഭാഗമാണ്‌ ഈ നിരോധനമെങ്കിലും ഇന്നോളെ നമ്മെ ചൂഷണം ചെയ്യുന്ന മദ്യമാഫിയക്കത്‌ ഒരു ഷോക്‌ ട്രീറ്റ്‌മെന്റ്‌ എങ്കിലും ആകട്ടെ. കേരള ംമദ്യനിരോധനത്തിലേക്ക്‌ എന്ന രീതിയിലുള്ള യാഥാര്‍ത്ഥ്യങ്ങള്‍ക്ക്‌ നിരക്കാത്ത അവകാശവാദങ്ങള്‍ തള്ളുക. മറിച്ച്‌ ഈയവസരം മറ്റുചില സാധ്യതകള്‍ക്കായി ഉപയോഗിക്കുകയല്ലേ വേണ്ടത്‌. എന്തായാലും ബിവറേജുകള്‍ പടിപടിയായേ നിര്‍ത്തലാക്കൂ എന്നതിനാല്‍ മോശം മദ്യമാണെങ്കിലും അത്‌ കുറെ കാലം കൂടി ലഭിക്കും. അതേസമയം നമ്മുടെ പോക്കറ്റ്‌ നശിപ്പിക്കുന്നതും ആണുങ്ങള്‍ക്കുമാത്രം പൊതുവില്‍ ആശ്വാസം (അങ്ങനെയുണ്ടെങ്കില്‍…) നല്‍കുന്നതുമായ ബാറുകള്‍ പൂട്ടട്ടെ. മോശമായ മദ്യം മാത്രമല്ല, വളരെ മോശമായ ഭക്ഷണവുമാണ്‌ വന്‍തുകക്ക്‌ ഇവര്‍ നല്‍കുന്നതെന്ന്‌ മറക്കരുത്‌. ആ പണത്തിന്റെ വിഹിതം പറ്റുന്നവര്‍ ആരെല്ലാമെന്ന്‌ സക്കറിയക്കുമറിയാമല്ലോ.
മറ്റൊന്ന്‌ കൂട്ടില്‍ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള കള്ളുവ്യവസായത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ്‌. നല്ല കള്ള്‌, മാന്യമായ അന്തരീക്ഷത്തില്‍ ലഭ്യമാക്കാനുള്ള സമരമാണ്‌ നടത്തേണ്ടത്‌. അതിന്റെ മെച്ചം അബ്‌കാരികള്‍ക്കല്ല, കേരകര്‍ഷകര്‍ക്കാകാനുമായി ശബ്ദമുയര്‍ത്തണം. കേരളത്തിലെ കര്‍ഷകര്‍ക്കുള്ള സുവര്‍ണ്ണാനവസരമായി ഇതിനെ മാറ്റണം.
തീര്‍ച്ചയായും വ്യാജമദ്യമുണ്ടാകും. ഇപ്പോഴും ബാറുകളിലേത്‌ വ്യാജനാണെന്ന്‌ സക്കറിയ തന്നെ പറഞ്ഞല്ലോ. അത്‌ കൂടുതല്‍ പുറത്തുവരും. അതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന്‌ ഔപചാരികമായി നമുക്ക്‌ പറയാം. നടക്കാനെളുപ്പമല്ല. എന്നാല്‍ പലരും പറയുന്ന പോലെ ഈ നീക്കം പരാജയപ്പെട്ടാല്‍ ഭാവിയില്‍ അതു തിരുത്തുന്നതില്‍ തെറ്റൊന്നുമില്ല. അപ്പോള്‍ ഈ മാഫിയകളെ ഒഴിവാക്കുന്ന ഒരു മദ്യനയമാകാമല്ലോ – അതിനുള്ള രാഷ്ട്രീ ആര്‍ജ്ജവം അന്നു ഭരിക്കുന്നവര്‍ക്കുണ്ടെങ്കില്‍…
ചുരുക്കത്തില്‍ ഈ നീക്കത്തെ മദ്യനിരോധനത്തിനുള്ള നീക്കമായി കാണുന്നതാണ്‌ തെറ്റ്‌ – അങ്ങനെ ആരവകാശപ്പെട്ടാലും. മറിച്ച്‌ സക്കറിയ തന്നെ പറയുന്ന പോലെ നമ്മുടെ പോക്കറ്റ്‌ കൊള്ളയടക്കുകയും മദ്യത്തിന്റെ ഒരു ഗുണവും നല്‍കാതിരിക്കുന്ന മദ്യമാഫിയക്കെതിരായ നീക്കമായി കണ്ടാല്‍മതി – അങ്ങനെ സര്‍ക്കാര്‍ പോലും അവകാശപ്പെടുന്നില്ലെങ്കിലും. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply