മദ്യം : സര്‍ക്കാര്‍ ചെയ്യേണ്ടത്.

മദ്യനയം സുപ്രിംകോടതി അംഗീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് സര്‍ക്കാര്‍. യുഡിഎഫിലെ നിരവധി പ്രമുഖര്‍ തിരിച്ചൊരു വിധിയാണ് ആഗ്രഹിച്ചിരുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ സര്‍ക്കാരിന് ഈ വിധി ആശ്വാസകരം തന്നെ. പക്ഷെ വിവേകപൂര്‍ണ്ണമായ നടപടികള്‍ സ്വീകരിക്കാനാണ് ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവേണ്ടത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തിനാണ് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മദ്യനയത്തെ ചോദ്യംചെയ്ത് ബാറുടമകള്‍ നല്‍കിയ ഒരുകൂട്ടം ഹരജികള്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ഘട്ടങ്ങളായി മദ്യ ഉപയോഗം കുറച്ച് […]

bar

മദ്യനയം സുപ്രിംകോടതി അംഗീകരിച്ചതിന്റെ ആഹ്ലാദത്തിലാണ് സര്‍ക്കാര്‍. യുഡിഎഫിലെ നിരവധി പ്രമുഖര്‍ തിരിച്ചൊരു വിധിയാണ് ആഗ്രഹിച്ചിരുന്നതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ സര്‍ക്കാരിന് ഈ വിധി ആശ്വാസകരം തന്നെ. പക്ഷെ വിവേകപൂര്‍ണ്ണമായ നടപടികള്‍ സ്വീകരിക്കാനാണ് ഇനിയെങ്കിലും സര്‍ക്കാര്‍ തയ്യാറാവേണ്ടത്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തിനാണ് സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. സര്‍ക്കാര്‍ മദ്യനയത്തെ ചോദ്യംചെയ്ത് ബാറുടമകള്‍ നല്‍കിയ ഒരുകൂട്ടം ഹരജികള്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. ഘട്ടങ്ങളായി മദ്യ ഉപയോഗം കുറച്ച് മദ്യനിരോധത്തിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണ് ലൈസന്‍സ് പരിമിതപ്പെടുത്തിയതെന്ന വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്. അത് തങ്ങളുടെ പ്രകടനപത്രികയുടെ ഭാഗമായിരുന്നു എന്നും സര്‍ക്കാര്‍ വാദിച്ചു. വിനോദ സഞ്ചാര വികസനം കണക്കിലെടുത്താണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. മദ്യവില്‍പ്പന മൗലികാവകാശമല്ലാത്തതിനാല്‍ വിവേചനത്തിന്റെ പ്രശ്‌നമില്ലെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ നിലപാടാണ് സുപ്രീംകോടതി അംഗീകരിച്ചത്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്നായിരുന്നു ബാര്‍ ഉടമകളുടെ പ്രധാന വാദം. ബിവറേജസ് വില്‍പനശാലകള്‍ വഴി മദ്യം വില്‍ക്കുന്നുവെന്നിരിക്കെ, മദ്യലഭ്യത കുറക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നും ബാറുടമകള്‍ കോടതിയില്‍ വാദിച്ചു.
കേരളത്തിലെ ബാറുകള്‍ ഏറ്റവും വലിയ കൊള്ളയടി കേന്ദ്രങ്ങളാണെന്നതില്‍ ംസശയമില്ല. ജനങ്ങളുടെ നന്മയെ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ അവയെ നിയന്ത്രിക്കണം. വേണ്ടിവന്നാല്‍ അടച്ചുപൂട്ടണം. എന്നാല്‍ മദ്യനിരോധനത്തെ ഒരു സദാചാരവിഷയമായി കണ്ട് അതിനായുള്ള ഘട്ടങ്ങള്‍ എന്ന നിലപാട് ശുദ്ധഭോഷ്‌കാണ്. മദ്യനിരോധനമായാലും മദ്യവര്‍ജ്ജനമായാലും നടക്കാന്‍ പോകുന്ന കാര്യമല്ല. മദ്യം മൗലികാവകാശമല്ലായിരിക്കാം. എന്നാല്‍ ഏതെങ്കിലും രീതിയിലുള്ള ലഹരിയില്ലാത്ത കാലം ചരിത്രത്തില്‍ ഉണ്ടായിരുന്നെന്നു കരുതാനാവില്ല. മദ്യലഭ്യ കുറയുമ്പോള്‍ മയക്കുമരുന്ന് കൂടുന്നു. ലഹരിയില്ലാതാകാന്‍ മനുഷ്യനില്ലാതാകണം. മറിച്ച് ഇല്ലാതാകേണ്ടത് മദ്യവുമായി ബന്ധപ്പെട്ട ചൂഷണങ്ങളും ദുരിതങ്ങളും മാഫിയവല്‍ക്കരണങ്ങളുമാണ്. ബാര്‍ വ്യവസായവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ അഴിമതിയും നടക്കുന്നത്. ഗാന്ധി ശിഷ്യന്മാരും ഗുരുശിഷ്യന്മാരും മാര്‍ക്‌സിന്റെ ശിഷ്യന്മാരുമൊക്കെ അതില്‍ വീഴുന്നതില്‍ അത്ഭുതപ്പെടാനില്ല. ആത്യന്തികമായി അവയൊഴുകുന്നത് മദ്യപാനികളയുടെ പോക്കറ്റില്‍ നിന്നും. അതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങുന്നത് സ്ത്രീകളും. അതിനാല്‍ തന്നെ സ്ത്രീപക്ഷത്തുനില്‍ക്കുന്ന ഒരാളെ സംബന്ധിച്ച് അമിതമായ മദ്യപാനം അംഗീകരിക്കാനാകില്ല.
സത്യത്തില്‍ ഇതെല്ലാം നിയന്ത്രിക്കാന്‍ ജനാധിപത്യ സര്‍ക്കാരിനു ബാധ്യതയുണ്ട്. ആ അര്‍ത്ഥത്തില്‍ മദ്യത്തിലൂടെ ചൂഷകരായി മാറുന്ന വിഭാഗത്തെ നിയന്ത്രിക്കേണ്ടതുതന്നെ. അതാണ് സത്യത്തില്‍ ഈ നയത്തിന്റേയും വിധിയുടേയും പ്രസക്തി. ഈ ദിശയില്‍ ഇനി ഫൈവ് സ്റ്റാറും നിരോധിക്കേണ്ടതാണ്. ആവശ്യക്കാര്‍ മദ്യം ബീവറേജില്‍ നിന്ന് വാങ്ങട്ടെ. വിദേശികള്‍ക്കും അതാകാം. ഒരു നാട്ടില്‍ ചെന്നാല്‍ അവിടത്തെ ജീവിതമാണ് ടൂറിസ്റ്റുകള്‍ സ്വീകരിക്കേണ്ടത്. അതാണ് യാത്രകളുടെ ലക്ഷ്യംതന്നെ. തമിഴ് നാട്ടില്‍ കാണുന്നപോലെ ബീവറേജുകളോട് ചേര്‍ന്ന് ചെറിയ ഭക്ഷണസൗകര്യങ്ങളോടെ ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യം ഇവിടേയും ഉണ്ടാക്കുന്നത് നന്നായിരിക്കും. വൃത്തിയും മാന്യവുമായ സജ്ജീകരണമായിരിക്കണമന്നുമാത്രം. അതുവഴി കോടികളുടെ ചൂഷണവും തട്ടിപ്പുമാണ് ഇല്ലാതാകുക. നേരത്തെ ഇവിടേയും അതുണ്ടായിരുന്നു.
മദ്യക്കച്ചവടം മോശമായ ഒന്നാണെന്ന് പറയാനാകില്ല. ഏതു കച്ചവടത്തിലും ലാഭം വേണം. അതാണ് കച്ചവടക്കാരന്റെ ജീവിതമാര്‍ഗ്ഗം. എന്നാല്‍ ലാഭത്തിനും ഒരു പരിധിയുണ്ട.് അതു കൊള്ളയാകരുത്. മദ്യത്തിന്റേയും അതുമായി ബന്ധപ്പെട്ട് ബാറുകളിലെ ഭക്ഷണത്തിന്റേയും കാര്യത്തില്‍ അതു കൊള്ളയാണ് അതാണല്ലോ കോടികള്‍ കൈക്കൂലി കൊടുക്കാന്‍ ഉടമകള്‍ക്ക് കഴിയ.ുന്നതും കൈക്കൂലി കൊടുക്കുന്നതും കുറ്റമാണെന്നത് മറച്ചുവെച്ച് അവരെ വീരശൂരപരാക്രമികളായി മാധ്യമങ്ങള്‍ കൊണ്ടുനടക്കുന്നതും. പുതിയ വിധി വഴി അതുവഴി സാധാരണക്കാരന്റെ പോക്കറ്റില്‍ ബാക്കി പണമുണ്ടാകുമെന്നു കരുതാം. കുടുംബങ്ങളുടെ അവസ്ഥ മെച്ചപ്പെടും. ഇപ്പോള്‍തന്നെ അതു മെച്ചപ്പെട്ടിട്ടുണ്ട്. ഇനിയും പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകുന്നത് ഉചിതമായിരിക്കില്ല.
അതേസമയം തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ പുനരധിവാസം അതിവേഗതയില്‍ നടപ്പാക്കണം. മറ്റേതൊരു മേഖലയേയും പോലെയല്ല ഈ മേഖല. കോടി്കകണക്കിനു രൂപയാണല്ലോ സര്‍ക്കാരിനു വരുമാനം. അതില്‍ നിന്ന് ചെറിയ ഒരു ഭാഗം മതി ഭംഗിയായി പുനരധിവാസം നടപ്പാക്കാന്‍. അക്കാര്യത്തില്‍ അടിയന്തിരശ്രദ്ധ പതിയണം.
വളരെ പ്രധാനപ്പെട്ട ഒരു പ്രഖ്യാപനം മദ്യനയത്തിലുണ്ടായിരുന്നു. നമ്മുടെ സ്വന്തം കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുമെന്നതാണ്. അതേകുറിച്ച് വിധിയിലെന്തെങ്കിലും ഉണ്ടോ എന്നറിയില്ല. സത്യത്തില്‍ അതിലൂടെയാണ് വിദേശികളെ ആകര്‍ഷിക്കേണ്ടത്. ഒരാള്‍ യാത്രക്കുപോകുന്നത് ഓരോ നാട്ടിലേയും വ്യത്യസ്ഥതകള്‍ മനസ്സിലാക്കാനാണ്. കള്ളും നീരയും കരിക്കുമൊക്കെ വിനോദസഞ്ചാരവ്യവസായത്തിന്റെ അവിഭാജ്യഘടകമാക്കാന്‍ കഴിയും. ആദ്യമായി അവക്ക് നാം മാന്യത നല്‍കണം. മാന്യമായി, വൃത്തിയോടെയുള്ള വിപണന കേന്ദ്രങ്ങള്‍ തയ്യാറാക്കണം. ആര്‍ക്കും അവിടെ ചെന്നിരിക്കാന്‍ കഴിയുന്ന സാഹചര്യം വേണം. ഇപ്പോള്‍ അടച്ചുപൂട്ടിയ ബാറുകളില്‍ പലതും കള്ളുഷാപ്പുകളായി മാറ്റാവുന്നതാണ്. തൊഴില്‍ പോകുന്നവര്‍ക്കും കേരകര്‍ഷകര്‍ക്കും സംസ്ഥാനത്തിന്റെ സമ്പദ് ഘടനക്കും അതു നല്‍കുന്ന സംഭാവന ചില്ലറയായിരിക്കില്ല. തീര്‍ച്ചയായും അബ്കാരികളില്‍ നിന്ന് മോചിപ്പിച്ച് പരമാധികാരം കര്‍ഷകന് നല്‍കണം. ആ ദിശയിലുള്ള ചിന്ത ഗൗരവമായി എടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ റഫറണ്ടം നടത്തുന്നതും നന്നായിരിക്കും. കൊള്ളക്കാരില്‍ നിന്ന് മദ്യത്തെ മോചിപ്പിക്കണമെന്ന് സാരം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply