മദനി – തീരാത്ത ദുരിതപര്‍വ്വം

സരിതയും ബാറും മാവോയിസവുമൊക്കെയായി നമ്മുടെ രാഷ്ട്രീയവും മാധ്യമങ്ങളും അരങ്ങുതകര്‍ക്കുമ്പോഴാണ് ഇടക്കിടെ ബാംഗ്ലൂരില്‍ നിന്ന് വാര്‍ത്തവരുന്നത്. നേരത്തെ അത് എപ്പോഴും മദനിക്കു വീണ്ടും ജാമ്യം നിഷേധിച്ചു എന്നായിരുന്നു. എന്നാല്‍ അടുത്തയിടെ ചെറിയ മാറ്റമുണ്ട്. മദനിക്ക് ജാമ്യം നീട്ടിക്കിട്ടി എന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. പക്ഷെ എന്തായാലും വാര്‍ത്തകള്‍ക്ക് ഒരു ദിവസത്തെ ആയുസ്സുമാത്രം. കേരള കണ്ട ഏറ്റവും വലിയ മനുഷ്യാവകാശലംഘനം അനന്തമായി നീളുകയാണ്. ഇതാ വീണ്ടും ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് നല്‍കിയിരിക്കുന്നു. മഅ്ദനിക്ക് കേരളത്തിലേക്ക് വരാനും […]

madani

സരിതയും ബാറും മാവോയിസവുമൊക്കെയായി നമ്മുടെ രാഷ്ട്രീയവും മാധ്യമങ്ങളും അരങ്ങുതകര്‍ക്കുമ്പോഴാണ് ഇടക്കിടെ ബാംഗ്ലൂരില്‍ നിന്ന് വാര്‍ത്തവരുന്നത്. നേരത്തെ അത് എപ്പോഴും മദനിക്കു വീണ്ടും ജാമ്യം നിഷേധിച്ചു എന്നായിരുന്നു. എന്നാല്‍ അടുത്തയിടെ ചെറിയ മാറ്റമുണ്ട്. മദനിക്ക് ജാമ്യം നീട്ടിക്കിട്ടി എന്നാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. പക്ഷെ എന്തായാലും വാര്‍ത്തകള്‍ക്ക് ഒരു ദിവസത്തെ ആയുസ്സുമാത്രം. കേരള കണ്ട ഏറ്റവും വലിയ മനുഷ്യാവകാശലംഘനം അനന്തമായി നീളുകയാണ്.
ഇതാ വീണ്ടും ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിയുടെ ജാമ്യ വ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് നല്‍കിയിരിക്കുന്നു. മഅ്ദനിക്ക് കേരളത്തിലേക്ക് വരാനും സുപ്രീംകോടതിയുടെ അനുമതി ലഭിച്ചു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സയില്‍ കഴിയുന്ന ഉമ്മയെയും പക്ഷാഘാതം മൂലം തളര്‍ന്ന ബാപ്പയേയും കാണാനാണ് അനുമതി. കേരളത്തില്‍ മഅദനിക്ക് സുരക്ഷ ഒരുക്കേണ്ടത് കര്‍ണാടക പോലീസാണെന്നും കോടതി നിര്‍ദ്ദേശിച്ചു.
അഞ്ച് ദിവസം കേരളത്തില്‍ തങ്ങാന്‍ മഅ്ദനിക്ക് കോടതി അനുമതി നല്‍കിയത്. അത്രയും നന്ന്. അതിനേക്കാള്‍ പ്രധാനം മറ്റൊന്നാണ്. കേസിന്റെ വിചാരണ നീളുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു എന്നതാണത്. വിചാരണ രണ്ട് വര്‍ഷം നീളുമെന്നാണ്് കര്‍ണാടകം സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. അതംഗീകരിക്കാന്‍ സാധിക്കിെല്ലന്ന് സുപ്രീംകോടതി വ്യക്തമാക്കി. നാലു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. മാത്രമല്ല കേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റിയത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മഅ്ദനി കേരളത്തില്‍ തങ്ങുന്ന ദിവസങ്ങളില്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി.
കോയമ്പത്തൂര്‍ ജയിലിലെ 10 വര്‍ഷത്തെ തടവിനുശേഷമാണ് നിരപരാധിയെന്നു കണ്ട് മദനിയെ വിട്ടയച്ചത്. ബാംഗ്ലൂരില്‍ ആ ചരിത്രം ആവര്‍ത്തിക്കുകയാണെന്നു തന്നെ കരുതാം. ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഏറ്റവും നല്ലകാലമാണ് മദനിക്ക് നഷ്ടപ്പെട്ടത്. ആര്‍ക്കൊക്കെയോ വേണ്ടി മദനിയെ രക്തസാക്ഷിയാക്കുകയാണെന്നു വ്യക്തം. ഒപ്പം പലര്‍ക്കുമുള്ള രാഷ്ട്രീയഭീഷണി ഒഴിവാക്കുകയും. കേരളത്തിലെ ഇരുമുന്നണികളും ബിജെപിയും ഈ മനുഷ്യാവകാശലംഘനത്തില്‍ പങ്കാളികളാണ്.
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിയെ തടവിലാക്കാനും തീവ്രവാദിയാക്കി ആജീവനാന്തം തുറങ്കിലടക്കാനുമുള്ള ശ്രമങ്ങളാണ് തുടക്കം മുതലേ ഉമ്ടായത്. കേസില്‍ മഅദനിക്കെതിരെ നിരവധി തെളിവുകളുണ്ടെന്നാണ് കര്‍ണാടക സര്‍ക്കാറിന്റെ വാദം. ലഷ്‌കര്‍ ഭീകരന്‍ തടയന്റെവിട നസീറിന്റെ മൊഴി, കുടകിലെ തൊഴിലാളികളുടെ മൊഴി, തീവ്രവാദബന്ധം എന്നിങ്ങനെ നീളുന്നു അത്. എന്നാല്‍ ഇത്രയേറെ തെളിവുകളും സാക്ഷികളുമുണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ അദ്ദേഹത്തിനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ സാധിക്കാതിരുന്നത് എന്ന ചോദ്യം ബാക്കിയാണ്.
ബാംഗ്ലൂര്‍ സ്‌ഫോടനത്തിനായി കുടകിലെ ഇഞ്ചിത്തോട്ടത്തിലെ ക്യാമ്പില്‍ നടന്ന ഗൂഢാലോചനയില്‍ മഅദനി പങ്കെടുത്തെന്നാണ് അന്വേഷണ സംഘം ഉന്നയിക്കുന്ന വാദം. എന്നാല്‍ ആ കേസുമായി മഅദനിയെ നേരിട്ട് ബന്ധിപ്പിക്കുന്ന യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ല. 2007 ആഗസ്റ്റ് ഒന്നിന് കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിങ്ങിയ മഅദനിക്ക് ബി കാറ്റഗറി സുരക്ഷയേര്‍പ്പെടുത്തിയിരുന്നുവെന്നതാണ്. കടുത്ത നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. രണ്ട് ഗണ്‍മാന്‍മാര്‍ എപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാവും. മഅദനി താമസിക്കുന്ന സ്ഥലത്ത് സായുധരായ അഞ്ച് പോലീസുകാരുണ്ടാവും. ഓരോ ദിവസവും പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചും സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കുറിച്ചും തലേന്ന് തന്നെ വിവരം നല്‍കണം. ഇത് തിരുവനന്തപുരത്തെ ഐ.ബി ഹെഡ്ക്വാട്ടേഴ്‌സിലേക്ക് സന്ദേശം അയച്ചിരിക്കണം. മഅദനി സഞ്ചരിക്കുന്ന വാഹനത്തില്‍ പോലും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാവണം. ഇത്രയും കനത്ത സുരക്ഷയ്ക്കിടയില്‍ മഅദനി എങ്ങനെയാണ് ആരുമറിയാതെ കുടകിലെത്തിയത് എന്ന ചോദ്യത്തിന് ഇതുവരേയും മറുപടി ലഭിച്ചിട്ടില്ല.
കടുത്ത പ്രമേഹരോഗത്താല്‍ കാഴ്ച ശക്തിപോലും ഭാഗികമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് മദനി. കാര്യക്ഷമമായ ചികിത്സ ലഭ്യമായില്ലെന്നു മഅദനിയും കുടുംബാംഗങ്ങളും ആക്ഷേപം ഉന്നയിച്ചിരുന്നു. കേരളത്തില്‍ ചികിത്സ എന്ന ആവശ്യം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതേസമയം എന്തുകൊണ്ട് 5 വര്‍ഷമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ തയ്യാറാകുന്നില്ല എന്ന ചോദ്യത്തിനു ഇനിയും തൃപ്തികരമായ ഉത്തരമില്ല. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുകളില്‍ കുറ്റാരോപിതനായി വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന മദനി കേരളത്തിലെത്തിയശേഷം തന്റെ മുന്‍കാല ചെയ്തികളില്‍ സമൂഹത്തോട് ക്ഷമ ചോദിച്ചിരുന്നു. ഇതിനിടെയാണു ബംഗളുരു സ്‌ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടക സര്‍ക്കാര്‍ മഅദനിയെ അന്‍വാര്‍ശേരിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. തീര്‍ച്ചയായും ഇത് കെട്ടിച്ചമച്ചതാണെന്നു വിശ്വസിക്കാനാണ് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുക. അതുമായി ബന്ധപ്പെട്ട് ഏതാനും തെളിവുകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക ഷാഹിനക്കെതിരേയും കേസെടുക്കുകയാണ് കര്‍ണ്ണാടകസര്‍ക്കാര്‍ ചെയ്തതെന്നും മറക്കാറായിട്ടില്ല. കര്‍ണ്ണാടകത്തിലെ ഭരണം മാറിയാല്‍ നിലപാടില്‍ മാറ്റം വരുമെന്ന പ്രതീക്ഷയും അസ്ഥാനത്താകുകയായിരുന്നു. മഅദനി 57 കേസുകളില്‍ പ്രതിയാണെന്നും സ്ഥിരം കുറ്റവാളിയാണെന്നും തീവ്രവാദ ബന്ധമുണ്ടെന്നുമെന്നുമുള്ള പതിവുപല്ലവിയിലാണ് സര്‍ക്കാര്‍. കൂടാതെ ഡോക്ടര്‍മാരെല്ലാം സ്ഥിരീകരിക്കുന്ന മദനിയുടെ അസുഖം പച്ചക്കള്ളമാണെന്നും സര്‍ക്കാര്‍ പറയുന്നു.
മദനിയുടെ മോചനത്തിനായി കര്‍ണ്ണാടക സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കളും പ്രതിപക്ഷനേതാക്കളും പറഞ്ഞിരുന്നു. മുസ്ലിം ലീഗടക്കം നിരവധി സംഘടനകളും കര്‍ണ്ണാടകയോട് ഈ അവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരു ഗുണവുമുണ്ടായില്ല. മദനിക്കു നിഷേധിക്കപ്പെടുന്നത് പ്രാഥമികമായ മനുഷ്യാവകാശമാണ്.. ഇപ്പോഴത്തെ വിധിയില്‍ അമിതമായി ആശ്വാസം കൊള്ളാതെ അതിനായി ശബ്ദമുയര്‍ത്തുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യവാദികളും ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply