മതേതരത്വത്തിന്റെ ആത്മാവ് ആക്രമിക്കപ്പെടുന്നു

മണിക് സര്‍ക്കാര്‍ ദൂരദര്‍ശനും ആകാശവാണിയും സംപ്രേഷണം ചെയ്യാന്‍ വിസമ്മതിച്ച, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം: ത്രിപുരയിലെ ജനങ്ങളെ, സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായവരുടെ സ്മരണയ്ക്കു മുന്നില്‍ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു. നമുക്കിടയില്‍ ഇപ്പോഴുമുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും എന്റെ സ്‌നേഹാന്വേഷണങ്ങള്‍. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക എന്നത് വെറുമൊരു ചടങ്ങല്ല. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഈ ദിനത്തോടുള്ള വലിയ വൈകാരിക […]

manikമണിക് സര്‍ക്കാര്‍

ദൂരദര്‍ശനും ആകാശവാണിയും സംപ്രേഷണം ചെയ്യാന്‍ വിസമ്മതിച്ച, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം:

ത്രിപുരയിലെ ജനങ്ങളെ,

സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഞാന്‍ നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായവരുടെ സ്മരണയ്ക്കു മുന്നില്‍ ഞാന്‍ പ്രണാമം അര്‍പ്പിക്കുന്നു. നമുക്കിടയില്‍ ഇപ്പോഴുമുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും എന്റെ സ്‌നേഹാന്വേഷണങ്ങള്‍.

സ്വാതന്ത്ര്യ ദിനം ആഘോഷിക്കുക എന്നത് വെറുമൊരു ചടങ്ങല്ല. ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്തും നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഈ ദിനത്തോടുള്ള വലിയ വൈകാരിക അടുപ്പം കൊണ്ടും അത് ദേശീയമായ ഒരു ആത്മപരിശോധനയ്ക്കുള്ള അവസരമായിത്തന്നെ കരുതേണ്ടതാണ്.

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ നമുക്കു മുന്നില്‍ ചില പ്രസക്തവും പ്രാധാന്യമുള്ളതും സമകാലികവുമായ പ്രശ്‌നങ്ങളുണ്ട്.

നാനാത്വത്തില്‍ ഏകത്വം എന്നത് ഇന്ത്യയുടെ പൈതൃകമാണ്. ഇന്ത്യയെ ഒരൊറ്റ രാജ്യമായി നിലനിര്‍ത്തിയത് മതേതരത്വത്തിന്റെ മഹത്തായ മൂല്യങ്ങളാണ്. എന്നാല്‍ ഇന്ന് മതേതരത്വത്തിന്റെ ആത്മാവ് ആക്രമിക്കപ്പെടുന്നു. സമൂഹത്തില്‍ അനഭിലഷണീയമായ സങ്കീര്‍ണതയും വേര്‍തിരിവും സൃഷ്ടിക്കാന്‍ ഗൂഢാലോചനകളും ശ്രമങ്ങളും നടക്കുന്നു. മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ നമ്മുടെ ദേശീയ ബോധത്തെ കീഴടക്കാന്‍ ഗൂഢാലോചനയും ശ്രമവും നടക്കുന്നു. ഇന്ത്യയെ ഒരു പ്രത്യേക മത രാജ്യമാക്കി മാറ്റാമെന്ന ഭ്രമം കുത്തിവച്ചും പശുസംരക്ഷണത്തിന്റെയുമൊക്കെ പേരിലാണ് ഇത്. ഇതിന്റെയൊക്കെ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍നിന്നുള്ളവരും ദലിതുകളും രൂക്ഷമായി ആക്രമിക്കപ്പെടുന്നു. അവരുടെ സുരക്ഷിതത്വ ബോധം ചഞ്ചലമായിരിക്കുന്നു. അവരുടെ ജീവിതം വിപത്തിലായിരിക്കുന്നു. ഇത്തരം അവിശുദ്ധ പ്രവണതകള്‍ അനുവദിക്കാനോ വച്ചുപൊറുപ്പിക്കാനോ ആവില്ല. സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ലക്ഷ്യങ്ങള്‍ക്കും സ്വ്പനങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും എതിരാണ് ഈ നശീകരണ ശ്രമങ്ങള്‍.

സ്വാതന്ത്ര്യ സമരവുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലാത്തവരുടെ, അതിനെ അട്ടിമറിക്കാന്‍ ശ്രമിച്ചവരുടെ, നിഷ്ഠൂരരും ചൂഷകരും കരുണയില്ലാത്തവരുമായ ബ്രിട്ടിഷുകാരുടെ പാദസേവ ചെയ്തവരുടെ അനുയായികള്‍ ഇപ്പോള്‍ പുതിയ പേരിലും രൂപത്തിലും രംഗത്തുവന്ന് ഇന്ത്യയുടെ അഖണ്ഡതയുടെ അടിവേരു തകര്‍ക്കുകയാണ്. രാജ്യസ്‌നേഹമുള്ള എല്ലാ ഇന്ത്യക്കാരും രാജ്യത്തിന്റെ ഐക്യം കാത്തസൂക്ഷിക്കാമെന്നും വേര്‍തിരിവുണ്ടാക്കുന്ന ഗൂഢാലോചനകളെയും ആക്രമണങ്ങളെയും പ്രതിരോധിക്കാമന്നുമുളള പ്രതിജ്ഞയെടുക്കുകയാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ ചെയ്യേണ്ടത്. ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും സുരക്ഷ ഉറപ്പുവരുത്താനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും നാം കിണഞ്ഞുശ്രമിക്കേണ്ടതുണ്ട്.

ഇന്ന് ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വിടവ് അതിവേഗം വര്‍ധിച്ചുവരികയാണ്. രാജ്യത്തിന്റെ വിപുലമായ വിഭവങ്ങളും സമ്പത്തും ചുരുക്കം ആളുകളിലേക്കു കേന്ദ്രീകരിക്കുകയാണ്. ജനങ്ങളില്‍ വലിയ പങ്കും ദാരിദ്ര്യത്തിന്റെ ദുരിതം അനുഭവിക്കുന്നു. മനുഷ്യത്വമില്ലാത്ത ചൂഷണത്തിന്റെ ഇരകളാണ് അവര്‍. അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും തൊഴില്‍ സുരക്ഷിതത്വും നിഷേധിക്കപ്പെടുന്നു. സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമാണിത്. ദേശീയ തലത്തിലുള്ള നയങ്ങളാണ് ഈയവസ്ഥയ്ക്ക് ഉത്തരവാദികള്‍. ജനവിരുദ്ധമായ ഈ നയങ്ങള്‍ മാറ്റുക തന്നെ വേണം. വാക്കുകള്‍ കൊണ്ടു മാത്രം അതു കൈവരിക്കാനാവില്ല. അവശരും ദുരിതം അനുഭവിക്കുന്നവരുമായ ഇന്ത്യക്കാര്‍ ഉണരേണ്ടതുണ്ട്, അവര്‍ ശബ്ദമുയര്‍ത്തേണ്ടതുണ്ട്, നിര്‍ഭയമായി പോരാടേണ്ടതുണ്ട്, മറ്റൊന്നും നോക്കാതെ ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്. ഇന്ത്യക്കാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും താത്പര്യങ്ങളെ സംരക്ഷിക്കുന്ന ബദല്‍ നയം ഉണ്ടാവുക തന്നെ വേണം. അതു യാഥാര്‍ഥ്യമാക്കാനുള്ള സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ മുന്നേറ്റത്തിനായി ഒന്നിച്ചുനില്‍ക്കുക എന്ന പ്രതിജ്ഞയാണ് ്അവശരും ദുരിതമനുഭവിക്കുന്നവരുമായ ഇന്ത്യക്കാര്‍ ഈ സ്വാതന്ത്ര്യ ദിനത്തില്‍ എടുക്കേണ്ടത്.

പെരുകിവരുന്ന തൊഴിലില്ലായ്മ വിഷാദത്തിന്റെയും നൈരാശ്യത്തിന്റെതുമായ ബോധം ദേശീയമായിതന്നെ ഉണ്ടാക്കിയിട്ടുണ്ട്. ഒരു വശത്ത് ലക്ഷങ്ങള്‍ക്കു തൊഴില്‍ നഷ്ടപ്പെടുന്നു, മറുവശത്ത് കോടിക്കണക്കിനു തൊഴില്‍രഹിതര്‍ തൊഴിലിനായി കാത്തുനില്‍ക്കുന്നു. തൊഴില്‍ അവര്‍ക്കൊരു മരുപ്പച്ചയാവുകയാണ്. ചെറിയൊരു വിഭാഗം കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ സഹായിക്കുന്ന ദേശീയ സാമ്പത്തിക നയം മാറ്റാതെ, രാജ്യത്തെ സാധാരണക്കാരുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കാതെ ഭീമാകാരമായ ഈ പ്രശ്‌നത്തെ പരിഹരിക്കാനാവില്ല. അതുകൊണ്ട് നശീകരണസ്വഭാവമുള്ള ഈ നയങ്ങള്‍ തിരുത്തിക്കുന്നതിനുള്ള പ്രക്ഷോഭത്തിനു തുടക്കമിടുക എന്ന പ്രതിജ്ഞയാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാര്‍ഥികളും യുവാക്കളും തൊഴിലാളികളും എടുക്കേണ്ടത്.

പരിമിതികളില്‍നിന്നുകൊണ്ടുതന്നെ, കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കു വിരുദ്ധമായി സമസ്ത മേഖലകളിലും ജനക്ഷേമം ലാക്കാക്കിയുള്ള നയങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. ഇതു തികച്ചും വ്യത്യസ്തവും ബദലുമായ പാതയാണ്. ത്രിപുരയിലെ ജനതയെ മാത്രമല്ല, രാജ്യത്തെമ്പാടുമുള്ള കീഴാള ജനതയെ ആകര്‍ഷിക്കാന്‍ ഈ പാതയ്ക്കായിട്ടുണ്ട്. ഇത് ഇവിടത്തെ പിന്തിരിപ്പന്‍ ശക്തികള്‍ക്കു സഹിക്കാനാവുന്നതല്ല. അതുകൊണ്ട് ഇവിടത്തെ ശാന്തിയും സാഹോദര്യവും ഐക്യവും ഇല്ലാതാക്കാന്‍ നിരന്തരമായി ഗൂഢാലോചനകള്‍ നടക്കുകയാണ്. അതോടൊപ്പം തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും ശ്രമങ്ങള്‍ നടക്കുന്നു. ഇതിനെയെല്ലാം നേരിട്ട് നമ്മള്‍ ഈ പിന്തിരിപ്പന്‍ ശക്തികളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍, നേരായി ചിന്തിക്കുന്ന, സമാധാനം ആഗ്രഹിക്കുന്ന, വികസനം ആഗ്രഹിക്കുന്ന ജനങ്ങള്‍ നശീകരണ ശക്തികള്‍ക്കെതിരായ മുന്നോട്ടുവരുമെന്നും ഒരുമിച്ചു നില്‍ക്കുമെന്ന പ്രതിജ്ഞയാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ എടുക്കേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply