മതവും ദേശീയതയും

എം ജി എസ് നാരായണന്‍ ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കുന്നതാണ് ദേശീയബോധം. സ്വാഭാവികമായും അതു ശക്തമാകാന്‍ ഒരു ശത്രു ആവശ്യമാണ്. ഇന്ത്യയിലത് ബ്രിട്ടനായിരുന്നു. വാസ്തവത്തില്‍ ബ്രിട്ടനാണ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഏകീകരിച്ച് ഒന്നാക്കിയത്. സ്വാതന്ത്ര്യസമരകാലത്ത് ഈ ദേശീയബോധമാണ് അവര്‍ക്കെതിരെതന്നെ ശക്തിയായി പ്രവര്‍ത്തിച്ചത്. അതിനെല്ലാം മുമ്പെ ഇന്ത്യന്‍ ദേശീയത ഉണ്ടായിരുന്നു എന്നൊക്കെയുള്ള അവകാശവാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. ഹൈന്ദവവാദികളാണ് പൊതുവില്‍ അത്തരമൊരു വാദമുന്നയിക്കുന്നത്. ഹിന്ദു എന്ന പദത്തിന് ആദ്യകാലത്ത് മതവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. സിന്ധുനദിക്കിപ്പുറമുള്ളവരെയായിരുന്നു അങ്ങനെ വിളിച്ചിരുന്നത്. ബ്രിട്ടീഷുകാരടക്കം […]

mgsഎം ജി എസ് നാരായണന്‍

ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വിഭാഗം ജനങ്ങളെ ഒന്നിപ്പിക്കുന്നതാണ് ദേശീയബോധം. സ്വാഭാവികമായും അതു ശക്തമാകാന്‍ ഒരു ശത്രു ആവശ്യമാണ്. ഇന്ത്യയിലത് ബ്രിട്ടനായിരുന്നു. വാസ്തവത്തില്‍ ബ്രിട്ടനാണ് ചരിത്രത്തിലാദ്യമായി ഇന്ത്യയെ ഏകീകരിച്ച് ഒന്നാക്കിയത്. സ്വാതന്ത്ര്യസമരകാലത്ത് ഈ ദേശീയബോധമാണ് അവര്‍ക്കെതിരെതന്നെ ശക്തിയായി പ്രവര്‍ത്തിച്ചത്. അതിനെല്ലാം മുമ്പെ ഇന്ത്യന്‍ ദേശീയത ഉണ്ടായിരുന്നു എന്നൊക്കെയുള്ള അവകാശവാദം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല.
ഹൈന്ദവവാദികളാണ് പൊതുവില്‍ അത്തരമൊരു വാദമുന്നയിക്കുന്നത്. ഹിന്ദു എന്ന പദത്തിന് ആദ്യകാലത്ത് മതവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. സിന്ധുനദിക്കിപ്പുറമുള്ളവരെയായിരുന്നു അങ്ങനെ വിളിച്ചിരുന്നത്. ബ്രിട്ടീഷുകാരടക്കം പുറത്തുനിന്ന് വന്നവര്‍ക്കാകട്ടെ കൃസ്തു, മുസ്ലിം മതങ്ങളെ നല്ല പരിചയമായിരുന്നു. ബുദ്ധ, ജൈനമതങ്ങളെ ഇവിടെ പരിചയപ്പെടുകയും ചെയ്തു. ബാക്കിയുള്ളവരെയൊക്കെ അവര്‍ ഹിന്ദുക്കളെന്നു വിളിക്കാനാരംഭിച്ചു. അവരില്‍ വര്‍ണ്ണവ്യവസ്ഥയില്‍ ഉള്‍പ്പെടാത്തവരേയും ഉള്‍പ്പെടുത്താന്‍ ശ്രമമുണ്ടായി.
തീര്‍ച്ചയായും ഹിന്ദുമതത്തിന് മറ്റു മതങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്ഥതയുണ്ടായിരുന്നു. മറ്റുമതങ്ങള്‍ക്കുള്ള പോലെ പ്രവാചകരോ പുണ്യഗ്രന്ഥങ്ങളോ ഉണ്ടായിരുന്നില്ല. ഭഗവത്ഗീതപോലും പുണ്യഗ്രന്ഥമല്ല. ഉണ്ടായിരുന്നത് ചില അവതാരങ്ങളും വേദങ്ങളുമായിരുന്നു. മറ്റു മതങ്ങളെപോലെ ഏകദൈവവിശ്വാസികളുമല്ലല്ലോ ഹിന്ദുക്കള്‍. മറ്റുള്ളവര്‍ക്ക് വിഗ്രഹാരാധന നിഷിധമായിരുന്നു എന്നാല്‍ ഹിന്ദുക്കള്‍ക്ക് എത്രയോ ദൈവങ്ങള്‍..!! എത്രയോ വിഗ്രഹങ്ങള്‍..!! അതോടൊപ്പം ഏറ്റവും ഭയാനകമായ ജാതി വ്യവസ്ഥയുമുണ്ടായിരുന്നു. വേദങ്ങള്‍ പഠിക്കാനും ഉരുവിടാനുമുള്ള അവകാശം ബ്രാഹ്മണര്‍ക്കു മാത്രമായിരുന്നു. മറ്റുള്ളവര്‍ അത് പഠിക്കാതിരിക്കാന്‍ വാമൊഴി വഴിയാണ് പകര്‍ന്നു നല്‍കിയിരുന്നത്. സത്യത്തില്‍ ഇങ്ങനെ പകര്‍ന്നു കൊടുക്കുന്നതും ചൊല്ലുന്നതുമൊക്കെ വെറും ചടങ്ങുകള്‍ മാത്രമായിരുന്നു. ആര്‍ക്കും തന്നെ ആ ശ്ലോഘങ്ങളുടെ അര്‍ത്ഥം പോലും അറിഞ്ഞിരുന്നില്ല. 19-ാം നൂറ്റാണ്ടില്‍ പാശ്ചാത്യരായ ചിലര്‍ ബംഗാളിലെ വൈദികരായ ചിലര്‍ക്ക് കൈക്കൂലി കൊടുത്ത് ഈ വേദങ്ങള്‍ പകര്‍ത്തിയെടുത്തു. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് വളരെയധികം പാടുപെട്ട് അവക്കെല്ലാം അര്‍ത്ഥം കണ്ടെത്തി പുസ്തകരൂപത്തിലാക്കി. അങ്ങനെ വിദേശികളാണ് വേദങ്ങള്‍ക്ക് പുസ്തകരൂപം നല്‍കിയത് എന്നതാണ് കൗതുകകരം.
മതങ്ങള്‍ക്ക് ദേശീയതയുടെ അടിസ്ഥാനമാകാന്‍ കഴിയുമോ? ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ദേശീയത ഒരു ദേശത്തെ കേന്ദ്രമാക്കിയ വികാരമാണെങ്കില്‍ മതം ഒരു വിശ്വാസ സംഹിതയാണ്. അതിനു സാര്‍വ്വദേശീയ സ്വഭാവമാണുള്ളത്. ലോകത്തെവിടെയായാലും കൃസ്ത്യാനി കൃസ്ത്യാനിയും മുസ്ലിം മുസ്ലിമുമാണല്ലോ. അത്തരമൊരു സാഹചര്യത്തിലാണ് ഇവിടെ ഹിന്ദുത്വത്തെ കുറിച്ചും ദേശീയതയെ കുറിച്ചുമൊക്കെയുള്ള വാദങ്ങള്‍ ശക്തമാകുന്നത്. ഹിന്ദുവും ഹിന്ദുത്വവും ഒന്നല്ല. സങ്കുചിതമായ രാഷ്ട്രീയലക്ഷ്യങ്ങളോടെ ഉണ്ടാക്കിയെടുക്കുന്ന ഒന്നാണ് ഹിന്ദുത്വം. അതിന്റെ ഭാഗമായാണ് അടുത്തയിടെ ശക്തമായ ദേശീയഗാന വിവാദങ്ങളേയും വിലയിരുത്തേണ്ടത്. ആദ്യകാലത്ത് ദേശീയഗാനമായി അംഗീകരിക്കപ്പെട്ടിരുന്ന വന്ദേമാതരം ദുര്‍ഗ്ഗാദേവിയുടെ സ്തുതി തന്നെയായിരുന്നു. അതിനാലാണ് മതേതരമായ ജനഗണമനയിലേക്ക് മാറുന്നത്. എന്നാലതാകട്ടെ ബ്രിട്ടീഷ് രാജകുമാരനായിരുന്ന ജോര്‍ജ്ജ് അഞ്ചാമന്റെ സ്തുതിയാണെന്ന വിമര്‍ശനം അന്നേയുണ്ട്. അത് പൂര്‍ണ്ണമായി തള്ളാനുമാകില്ല. ടാഗോറിനെ ഒരു ദേശീയവാദിയെന്നു പറയാനുമാകില്ലല്ലോ.
വാസ്തവത്തില്‍ മതേതരത്വമെന്നു പറയുന്നത് യൂറോപ്യന്‍ സന്തതിയാണെന്നു പറയാനാകില്ല. ഇന്ത്യയില്‍ ഒരു കാലത്ത് മതം തന്നെ ഇല്ലാതിരുന്നതിനാല്‍ അധികാരത്തില്‍ ്അതിനു കാരണവുമുണ്ടായിരുന്നില്ല. എന്നാല്‍ നേരത്തെ പറഞ്ഞപോലെ ജാതിയുണ്ടായിരുന്നു. ജാതിവ്യവസ്ഥയാകട്ടെ അടിമത്തത്തേക്കാള്‍ കഠിനമായിരുന്നു. പണം കൊടുത്താല്‍ അടിമത്തത്തില്‍ നിന്ന് മോചനം സാധ്യമായിരുന്നു. എന്നാല്‍ ജാതിയില്‍ നിന്നൊരു മോചനം അസാധ്യമാണ്. ജാതിക്കെതിരെ പല പോരാട്ടങ്ങളും നടന്നു. എന്നാല്‍ മതത്തെ ദേശീയതയാക്കുകയും അതിനെ ഊതിവീര്‍പ്പിക്കുയും ചെയ്യുന്ന ഇപ്പോഴത്തെ പ്രവണത ആശാസ്യമല്ല. തിയറ്ററുകൡ പോലും ദേശീയഗാനം നിര്‍ബന്ധമാക്കുന്ന കോടതിവിധിയൊക്കെ അത്തരം പ്രവണതയുടെ ഭാഗമാണ്. മാത്രമല്ല ദേശീയത എന്നത് ശാശ്വതമായ ഒന്നല്ല. ദേശത്തിന്റെ അതിര്‍ത്തി മാറിക്കൊണ്ടിരിക്കുകയാണല്ലോ. ഒരു കാലത്ത് പാക്കിസ്ഥാനും ബംഗ്ലാദേശുമൊക്കെ ഇന്ത്യയുടെ ഭാഗമായിരുന്നല്ലോ. ഇപ്പോഴോ? നാളെ എന്താകുമെന്ന് ആര്‍ക്കറിയാം? ഒരുപക്ഷെ ഇന്ത്യയില്‍ ഒരു ദ്രാവിഡസ്ഥാന്‍ ഉണ്ടാകില്ല എന്നു പറയാനാകുമോ?
ഇനി രാജ്യമില്ലാതെപോലും ദേശീയതയുണ്ടാകാമെന്നും ചരിത്രത്തില്‍ ഉദാഹരണങ്ങളില്ലേ? യഹൂദര്‍ തന്നെ. രാജ്യമില്ലാതെ എത്രയോ കാലം യഹൂദദേശീയത നിലനിന്നു? മാര്‍ക്‌സും ഫ്രോയ്ഡും ഐന്‍സ്റ്റീനുമെല്ലാം യഹൂദരായിരുന്നല്ലോ. കേരളത്തില്‍ പോലും എത്രയോ യഹൂദരുണ്ടായിരുന്നു. പിന്നീട് ഇസ്രായേല്‍ രാഷ്ട്രം രൂപീകരിച്ചപ്പോഴല്ലേ അവരെല്ലാം തിരിച്ചുപോയത്. ഇത്തരത്തില്‍ ചരിത്രത്തില്‍ നിന്നുള്ള പാഠങ്ങളൊന്നും പഠിക്കാത്തവരാണ് ഇന്ന് ദേശീയതയെ കുറിച്ച് അനാവശ്യമായ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത്.

(ജനഗണമന എന്നപേരില്‍ പാഠഭേദം, കോഴിക്കോട് സംഘടിപ്പിച്ച ദേശീയതയെ കുറിച്ചുള്ള 5 ദിവസത്തെ പ്രഭാഷണപരമ്പരയില്‍ മൂന്നാം ദിവസത്തില്‍ നിന്ന്….)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply