ഭൂരഹിതര്‍ക്ക് ഒരുതുണ്ട് ഭൂമി ലഭിക്കില്ല – ‘ഫഌറ്റ്/ പാര്‍പ്പിട സമുച്ചയ’ പദ്ധതി വന്‍ കോളനിവല്‍ക്കരണം.

സന്തോഷ്‌കുമാര്‍ കേരളത്തിലെ ഒരു ലക്ഷം ഭവനരഹിതര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ‘ഫ്‌ലാറ്റ് / പാര്‍പ്പിടം’ നിര്‍മ്മിച്ച് നല്‍കുമെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെക്കുറെ മാധ്യമങ്ങളും പൊതുജനങ്ങളും ആഘോഷിച്ച ഒരു പ്രഖ്യാപനം കൂടിയാണിത്. എന്നാല്‍ ഈ പാര്‍പ്പിട പദ്ധതിയുടെ യാഥാര്‍ഥ്യങ്ങളിലേക്ക് കടന്നാല്‍ കേരളത്തില്‍ ഭൂപരിഷ്‌ക്കരണാനന്തരം നടന്ന കോളനിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണിതെന്ന് കാണാന്‍ കഴിയും. കേരളത്തിലെ 26193 ദളിത് കോളനികളും 14000 ആദിവാസി കോളനികളും 10000 ല്‍ അധികം തോട്ടംലയങ്ങളും അഞ്ഞൂറോളം മത്സ്യത്തോഴിലാളി കോളനികളും മറ്റ് പിന്നോക്ക കോളനികളും […]

fffസന്തോഷ്‌കുമാര്‍

കേരളത്തിലെ ഒരു ലക്ഷം ഭവനരഹിതര്‍ക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ‘ഫ്‌ലാറ്റ് / പാര്‍പ്പിടം’ നിര്‍മ്മിച്ച് നല്‍കുമെന്നാണ് കേരള ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏറെക്കുറെ മാധ്യമങ്ങളും പൊതുജനങ്ങളും ആഘോഷിച്ച ഒരു പ്രഖ്യാപനം കൂടിയാണിത്. എന്നാല്‍ ഈ പാര്‍പ്പിട പദ്ധതിയുടെ യാഥാര്‍ഥ്യങ്ങളിലേക്ക് കടന്നാല്‍ കേരളത്തില്‍ ഭൂപരിഷ്‌ക്കരണാനന്തരം നടന്ന കോളനിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയാണിതെന്ന് കാണാന്‍ കഴിയും. കേരളത്തിലെ 26193 ദളിത് കോളനികളും 14000 ആദിവാസി കോളനികളും 10000 ല്‍ അധികം തോട്ടംലയങ്ങളും അഞ്ഞൂറോളം മത്സ്യത്തോഴിലാളി കോളനികളും മറ്റ് പിന്നോക്ക കോളനികളും ഈ ജനതയുടെ എല്ലാത്തരം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക പുറംന്തള്ളലിനും കാരണമായി എന്ന സാമൂഹിക യാഥാര്‍ഥ്യം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ വീണ്ടും കോളനികള്‍ സൃഷ്ടിക്കുന്നത്. ഈ പുതുകോളനി പദ്ധതികള്‍ക്ക് ‘ഫ്‌ലാറ്റെന്നോ’ ‘പാര്‍പ്പിട സമുച്ചയ’മെന്നോ ഓമന പേരിട്ടതുകൊണ്ട് മാത്രം അത് രൂപപ്പെടുത്തുന്ന സാമൂഹിക പാര്‍ശ്വവല്‍ക്കരണം ഇല്ലാതാക്കാന്‍ കഴിയില്ല.
കേരളത്തില്‍ ഔദ്യോഗികമായി 4,72,000 ലക്ഷം കുടുംബങ്ങള്‍ ഭാവനരഹിതരായി കഴിയുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഈ അഞ്ച് ലക്ഷത്തോളം ഭവനരഹിതര്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ ‘ഫ്‌ലാറ്റ് / പാര്‍പ്പിട സമുച്ചയം’ നിര്‍മ്മിച്ച് നല്‍കാനാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. അതിന്റെ തുടക്കം എന്ന നിലയിലാണ് ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള തുക ബഡ്ജക്റ്റില്‍ വകയിരുത്തിയിരിക്കുന്നത്. ഭവനരഹിതരുടെ എണ്ണമനുസരിച്ച് ഒരു താലൂക്കില്‍ /പഞ്ചായത്തില്‍ നൂറ് കുടുംബങ്ങളെ ഒന്നിച്ച് പുനരധിവസിപ്പിക്കുവാന്‍ കഴിയുന്ന ചുരുങ്ങിയത് ഒരു ‘ഫ്‌ലാറ്റ് / പാര്‍പ്പിട സമുച്ചയ’മാണ് സര്‍ക്കാര്‍ ലക്ഷ്യം. ഓരോ ഫ്‌ലാറ്റിന്റെയും വിസ്തീര്‍ണ്ണം 327 സ്‌ക്വയര്‍ ഫീറ്റ് മാത്രമാണ്. അതായത് അച്ഛനും അമ്മയും രണ്ടോ മൂന്നോ മക്കളും പിന്നെ വൃദ്ധ മാതാപിതാക്കളും അടങ്ങുന്ന ഒരു ശരാശരി കുടുംബം മരണം വരെ കഴിയേണ്ടിവരുന്നത് 327 സ്‌ക്വയര്‍ ഫീറ്റ് മാത്രം വരുന്ന ഈ ഫ്‌ലാറ്റില്‍ ആണ് ! ഈ കുടുംബങ്ങളിലെ അടുത്ത പുതുതലമുറ കുടുംബങ്ങള്‍ എവിടെ താമസിക്കും ? എവിടെ വീട് വെക്കും ? ഭൂരഹിതരും ഭവനരഹിതരും അവരുടെ സാമൂഹിക അരക്ഷിതത്വവും ഒരുകാലവും തീരില്ലെന്ന് ചുരുക്കം . സ്റ്റേറ്റ് ആഗ്രഹിക്കുന്നതും അത് തന്നെയാണ്. നിരാലംബരായ, നിസ്സഹായരായ, എന്നും കൈനീട്ടുന്ന ജനങ്ങള്‍.
Affordable housing scheme എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പ്രകാരം 15 20 വര്‍ഷത്തേക്ക് ഈ ഫ്‌ലാറ്റോ/ വീടോ വാടകയ്‌ക്കോ വില്പനയ്‌ക്കോ സാധ്യമല്ല. കേരളത്തിലെ ആദിവാസികള്‍ക്കും, ദളിതര്‍ക്കും, മത്സ്യത്തോഴിലാളികള്‍ക്കും, ഇതര പിന്നോക്ക ജനങ്ങള്‍ക്കും 327 സ്‌ക്വയര്‍ ഫീറ്റ് വീട് മതിയാകുമെന്നും അതാണ് Affordable എന്നും അല്ലെങ്കില്‍ ‘അവര്‍ക്ക്’ അത്രേം മതി എന്ന് നിശ്ചയിക്കുന്ന ഈ ബോധം തന്നെയല്ലെ വംശീയത. വീട് ഉള്‍പ്പടെയുള്ള വസ്തുവിന്റെ മൂല്യം എന്ന് പറയുന്നത് അതിന്റെ ക്രയവിക്രയ മൂല്യമാണ്. ഇതിനെയാണ് സര്‍ക്കാര്‍ നിഷേധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ജനതയുടെ സാമ്പത്തികമായ ആവശ്യങ്ങളെ നിറവേറ്റുവാന്‍ ഈ ഫ്‌ലാറ്റ്/ വീട് ഉപകരിക്കില്ല. മാത്രവുമല്ല ഈ ‘വീട്’ അവരുടെ സ്വന്തവുമല്ല. ലോണ്‍ കണക്കെ ഒരു നിശ്ചിത തുക 15 20 വര്‍ഷം കൊണ്ട് തിരിച്ച് അടക്കുന്നവര്‍ക്ക് മാത്രമെ ഇത് സ്വന്തമായി ലഭിക്കുകയുള്ളു. ചുരുക്കത്തില്‍ ആ ഫ്‌ലാറ്റ്/വീട്ടില്‍ താമസിക്കാം എന്നതിനപ്പുറം ഈ ജനസാമാന്യത്തിന് ഇതില്‍ യാതൊരു അവകാശങ്ങളും ഇല്ല.
LIFE (Livelihood, Inclusion, Financial Empowerment) എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരം ഭൂമിയും പാര്‍പ്പിടവും ഇല്ലാത്ത കുടുംബങ്ങളെയാണ് ആദ്യം പരിഗണിക്കുക. സ്വാഭാവികമായും എല്ലാ ഭൂരഹിതരും ഭാവന രഹിതരും ആയിരിക്കുമല്ലോ. ചുരുക്കത്തില്‍ കേരളത്തിലെ ഭൂരഹിതരായ രണ്ടര ലക്ഷം കുടുംബങ്ങള്‍ക്കായിരിക്കും ആദ്യം ഈ പദ്ധതി പ്രകാരം ഫ്‌ലാറ്റ്/ വീട് ലഭിക്കുക. ഇവിടെയാണ് സ്റ്റേറ്റിന്റെ ചതി ഒളിഞ്ഞിരിക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കേണ്ട, പകരം ഫ്‌ലാറ്റ് നല്‍കിയാല്‍ മതിയാകും. കേരളത്തലെ ആദിവാസികളും ദളിതരും മത്സ്യത്തോഴിലാളികളും തോട്ടംതൊഴിലാളികലും ഇതര പിന്നോക്ക ജനങ്ങളും പതിറ്റാണ്ടുകളായി ഭൂമിക്കുവേണ്ടിയുള്ള സമരത്തിലാണ്. ഭൂഉടമസ്ഥത സ്വപ്നം ക ണ്ട് ജീവത്യാഗം ചെയ്ത ജനത ഭൂപരിഷ്‌കരണാനന്തരം തങ്ങള്‍ അഞ്ചും പത്തും സെന്റും ‘മിച്ച ഭൂമിയിലേക്കും’ കോളനികളിലേക്കും ആട്ടിപ്പായിക്കപ്പെട്ടുവെന്ന രാഷ്ട്രീയ ബോധ്യത്തില്‍ നിന്നാണ് മുത്തങ്ങയും, ചെങ്ങറയും അരിപ്പയും, നില്‍പ് സമരവുമെല്ലാം രൂപപ്പെടുന്നത്. സമര പോരാട്ടങ്ങളിലൂടെ ഭൂമിക്കായി നിരവധി കരാറുകള്‍ ഉണ്ടാകുന്നത്. അത് കേവലം ഭൂമിക്കുവേണ്ടി മാത്രമായിരുന്നില്ല. എന്നാല്‍ ഇതിന്റെയെല്ലാം അന്തസത്തയെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. കേരളത്തിലെ ഭൂരഹിതര്‍ക്ക് ഒരുതുണ്ട് ഭൂമി പോലും നല്‍കാതെ അവരെല്ലാം ഫ്‌ലാറ്റ് / പാര്‍പ്പിട സമുച്ചയം എന്ന പുതുകോളനിയിലേക്ക് തള്ളിമാറ്റുക വഴി ഭൂരഹിതര്‍ക്ക് ‘വിഭവാധികാരതത്തിനും സാമൂഹിക നീതിക്കും ഭൂമി’ എന്ന മര്‍മ്മപ്രധാനമായ ആവശ്യത്തില്‍ നിന്ന് സ്റ്റേറ്റ് ഗൂഢതന്ത്രത്തിലൂടെ രക്ഷപ്പെട്ടിരിക്കുന്നു. ടാറ്റ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ വ്യാജ ആധാരത്തിലൂടെയും നിയമവിരുദ്ധമായും കൈവശം വെയ്ക്കുന്ന 5 ലക്ഷത്തിലധികം വരുന്ന തോട്ടം ഭൂമി നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന ഡോ. രാജമാണിക്യം റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പറയുന്നതും അതിനെതിരെ പ്രക്ഷോഭം നടത്തുന്നതും കേരളത്തിലെ ഭൂരഹിതരാണ്. അവര്‍ക്ക് ഫ്‌ലാറ്റ് കിട്ടി ഭൂരഹിതരല്ലാതെയായാല്‍ പിന്നെ എന്ത് ഭൂപ്രശ്‌നം ? ചുരുക്കത്തില്‍ സ്വകാര്യ കുത്തകളുടെയും കോര്‍പറേറ്റുകളുടെയും ഒരു സെന്റ് ഭൂമി പോലും സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വരില്ല.ടാറ്റ ഹാരിസണ്‍ ഉള്‍പ്പടെയുള്ള കുത്തകള്‍ അഞ്ച് ലക്ഷത്തിലധികം ഭൂമി കയ്യടക്കി വെച്ചിട്ടുണ്ടെന്നും ഇത് ഏറ്റെടുക്കണമെന്നും ആറോളം കമ്മീഷന്‍ റിപ്പോര്‍ട്ടുകളും ഹൈക്കോടതി വിധിയും സുപ്രീം കോടതി വിധിയും സര്‍ക്കാരിന്റെ മുന്പിലുണ്ട്. ഭൂരഹിതര്‍ ഇല്ലാടാകുന്നതോട് കൂടി ഭൂമി ഏറ്റെടുക്കല്‍ എന്ന രാഷ്ട്രീയ ആവശ്യത്തില്‍ നിന്ന് രക്ഷപെടാം എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ചുരുക്കത്തില്‍ അടിസ്ഥാന ജനതയുടെ പരിതാപകരമായ സാമൂഹികാവസ്ഥ അതേപടി തുടരുകയും അധീശ്വത്വ സമൂഹങ്ങള്‍ക്ക് തങ്ങളുടെ അധികാരങ്ങള്‍ ഒരു കോട്ടവും തട്ടാതെ ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്യും . ജാതിയുടെ ഘടനാപരമായ അധികാര ബന്ധങ്ങളാല്‍ ഭൂമിയും വിഭവാധികാരങ്ങളും നഷ്ടപ്പെട്ട് സാമൂഹിക രാഷ്ട്രീയാധികാരത്തിന് പുറത്ത് നില്‍ക്കേണ്ടിവന്നവര്‍ അതിനെ മറികടക്കാന്‍ ഭൂ ഉടമസ്ഥതയും വിഭവങ്ങളുടെ തുല്യമായ പുനര്‍വിതരണവും ആവശ്യപ്പെടുമ്പോള്‍ അവരെ വീണ്ടും കോളനിവല്‍ക്കരിക്കുന്നത് ഈ ജനതയെ എക്കാലവും സാമൂഹിക രാഷ്ട്രീയ അധികാരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുക വരേണ്യബോധമാണ് സര്‍ക്കാര്‍ ‘ഫഌറ്റ്/പാര്‍പ്പിട സമുച്ചയ പദ്ധതി’യിലൂടെ നടപ്പിലാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply