ഭൂമിയുടെ നിലവിളി കൂടിയാണ് കര്‍ഷകന്റെ നിലവിളി

അമൃത് ലാല്‍ ഇന്ത്യയിലെമ്പാടും കര്‍ഷകര്‍ സമരത്തിന്റെ പാതയിലാണ്. മേയ്, ജൂണ്‍ മാസക്കാലത്ത് വേനല്‍ കടുത്തപ്പോള്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും മധ്യപ്രദേശിലെ മണ്ഡ്‌സോര്‍ ഭാഗത്തും കര്‍ഷകര്‍ പ്രക്ഷോഭം തുടങ്ങി. മഹാരാഷ്ട്രയിലെ ചന്തകളില്‍ കാര്‍ഷിക വിളകള്‍ എത്താതായി. നഗരങ്ങളില്‍ ധാന്യങ്ങളും പച്ചക്കറികളും ഇല്ലാതായതോടെ സംസ്ഥാന സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തയ്യാറായി. മണ്ഡ്‌സോറില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കുപോക്കുകള്‍ക്കൊന്നും തയ്യാറായില്ല. പ്രക്ഷോഭകര്‍ വഴിതടയലും മറ്റുമായി നീങ്ങിയതോടെ കര്‍ഷകരും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. പോലീസ് നടപടി വെടിവയ്പില്‍ കലാശിച്ചു: ആറു പേരെങ്കിലും […]

FFഅമൃത് ലാല്‍

ഇന്ത്യയിലെമ്പാടും കര്‍ഷകര്‍ സമരത്തിന്റെ പാതയിലാണ്. മേയ്, ജൂണ്‍ മാസക്കാലത്ത് വേനല്‍ കടുത്തപ്പോള്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും മധ്യപ്രദേശിലെ മണ്ഡ്‌സോര്‍ ഭാഗത്തും കര്‍ഷകര്‍ പ്രക്ഷോഭം തുടങ്ങി. മഹാരാഷ്ട്രയിലെ ചന്തകളില്‍ കാര്‍ഷിക വിളകള്‍ എത്താതായി. നഗരങ്ങളില്‍ ധാന്യങ്ങളും പച്ചക്കറികളും ഇല്ലാതായതോടെ സംസ്ഥാന സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് തയ്യാറായി. മണ്ഡ്‌സോറില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കുപോക്കുകള്‍ക്കൊന്നും തയ്യാറായില്ല. പ്രക്ഷോഭകര്‍ വഴിതടയലും മറ്റുമായി നീങ്ങിയതോടെ കര്‍ഷകരും സര്‍ക്കാരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. പോലീസ് നടപടി വെടിവയ്പില്‍ കലാശിച്ചു: ആറു പേരെങ്കിലും കൊല്ലപ്പെട്ടു. രാഷ്ട്രീയക്കാര്‍ ഭോപ്പാലില്‍ നിന്നും ദില്ലിയില്‍ നിന്നുമൊക്കെ മധ്യപ്രദേശില്‍ എത്തിയപ്പോഴാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. രണ്ടിടത്തും കര്‍ഷകരുടെ പ്രധാന ആവശ്യം കടവായ്പകള്‍ എഴുതിത്തള്ളണമെന്നതായിരുന്നു. ഒരേ പ്രശ്‌നം തന്നെയാണ് രണ്ടിടത്തും കര്‍ഷകരെ കടക്കെണിയിലേക്ക് തള്ളിയിട്ടത്. രണ്ടുവര്‍ഷത്തെ വരള്‍ച്ചക്കു ശേഷം കഴിഞ്ഞ കൊല്ലം കിട്ടിയ നല്ല മഴയില്‍ വിളവ് മികച്ചതായി. പയറുവര്‍ഗ്ഗങ്ങളും ഉള്ളിയും നാണ്യവിളകളുടെ ഗണത്തില്‍പ്പെടുന്ന ഉത്പന്നങ്ങളും ചന്തയില്‍ കുമിഞ്ഞു കൂടിയതോടെ വില കുത്തനെ ഇടിഞ്ഞു. ഇവ കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രേരിപ്പിച്ച സര്‍ക്കാരുകള്‍ വില പിടിച്ചുനിര്‍ത്താനോ അവ സംഭരിക്കാനോ ഒന്നും ചെയ്തില്ല. മാത്രമല്ല ഉപഭോക്താവിന് പ്രയോജനമുണ്ടാകട്ടെ എന്നു കരുതി ഈ ഉത്പന്നങ്ങള്‍ ധാരാളമായി ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. ആഭ്യന്തര വിപണിയില്‍ വിലപിടിച്ചു നിര്‍ത്താന്‍ ഈ വിളകളില്‍ പലതിന്റേയും കയറ്റുമതിയുടെ മേല്‍ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. മാര്‍ക്കറ്റിന്റെ കയറ്റിയിറക്കങ്ങളോട് ചടുലമായി പ്രതികരിക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ വീഴ്ചയാണ് മഹാരാഷ്ട്രയിലേയും മധ്യപ്രദേശിലേയും കാര്‍ഷിക രംഗത്തെ തകര്‍ച്ച എന്നു വിലയിരുത്തുന്നവരുണ്ട്. ഉപഭോക്താവിനെ കര്‍ഷകനു മുകളില്‍ പ്രതിഷ്ഠിച്ചു കൊണ്ട് വിപണിയില്‍ ഇടപെടുന്ന സര്‍ക്കാരുകളുടെ നെറികേടെന്നോ പിടിപ്പുകേടെന്നോ കൂടി നമുക്ക് ഈ വിലത്തകര്‍ച്ചയെ സാമാന്യമായി വിശദീകരിക്കാം.
എന്നാല്‍, ഈ നയവൈകല്യങ്ങള്‍ക്കുപരിയായി ഇത്തവണ വിപണിയെത്തന്നെ തകര്‍ത്തത് നോട്ട്ബന്ദിയാണ് എന്ന വാദം പ്രബലമാണ്. എന്റെ സഹപ്രവര്‍ത്തകനും കൃഷിവിപണി വിദഗ്ദ്ധനുമായ ഹരീഷ് ദാമോദരന്‍ പറയുന്നത് നോട്ട്ബന്ദി കാര്‍ഷിക വിപണിയില്‍ നിന്നും പണത്തെ- ക്യാഷ് എന്ന അര്‍ത്ഥത്തില്‍- ഊറ്റിയെടുത്തു എന്നാണ്. ഉത്പാദകനേയും വിപണിയേയും ബന്ധിപ്പിക്കുന്ന ഇടനിലക്കാരുടെ കൈയ്യില്‍ പണം ഇല്ലാതായതോടെ വിപണി തകര്‍ന്നു. ചരക്ക് എടുക്കാന്‍ പണമില്ലാതെയായി, ആളുമില്ലാതെയായി. സാധനം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ വില കുത്തനെ വീണു. ഹരീഷിന്റെ വിശകലനത്തെ സാധൂകരിക്കുന്നതായിരുന്നു മിക്കവാറും ധനകാര്യ വിരുദ്ധരുടേയും നിഗമനം. മോദി സര്‍ക്കാര്‍ സ്വാഭാവികമായും ഈ വാദത്തെ അംഗീകരിക്കുന്നില്ല. സംസ്ഥാന സര്‍ക്കാറുകള്‍ കടബാധ്യത എഴുതിത്തള്ളാന്‍ തയ്യാറായപ്പോള്‍ പണം അവര്‍ തന്നെ കണ്ടെത്തിക്കൊള്ളണമെന്നു പറഞ്ഞു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആയിരക്കണക്കിന് കോടി വരുന്ന ധനബാധ്യത സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താങ്ങാനാവില്ല എന്ന് ധനകാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നടപടിയുടെ സാമ്പത്തിക- സാമൂഹ്യ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരിക്കും എന്നതില്‍ സംശയം വേണോ?
മധ്യപ്രദേശിലേയും മഹാരാഷ്ട്രത്തിലേയും പ്രതിസന്ധിക്കു മുമ്പ് തന്നെ തമിഴ്‌നാട്ടില്‍ സ്ഥിതി ദയനീയമായിക്കഴിഞ്ഞിരുന്നു. മഴയും നല്ല വിളവുമാണ് കര്‍ഷകരെ പടിഞ്ഞാറന്‍ ഇന്ത്യയില്‍ ചതിച്ചതെങ്കില്‍ വരള്‍ച്ചയാണ് തമിഴ് കര്‍ഷകന്റെ നടുവൊടിച്ചത്. നൂറില്‍പരം കര്‍ഷകര്‍ കടബാധ്യത കാരണം കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്തുവെന്ന് കര്‍ഷക സംഘടനകള്‍ പറയുമ്പോള്‍ അവര്‍ പതിനേഴു പേര്‍ മാത്രമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടത്. കാവേരി തടത്തിലും മറ്റും രൂക്ഷമായി. കാര്‍ഷിക തകര്‍ച്ചയിലും നോട്ട്ബന്ദി വലിയൊരു ഘടകമാണ് എന്ന് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
നിലമൊരുക്കലിന്റേയും വിതയുടേയും നടീലിന്റേയും കാലത്ത് ബാങ്കുകളില്‍ പണമില്ലാതായതോടെ കര്‍ഷകര്‍ വട്ടിപ്പലിശക്കാരുടെ പിടിയിലായി എന്നും ജയലളിതയുടെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട് നിശ്ചലമായിരുന്ന ഭരണ സംവിധാനം കര്‍ഷകരെ അവഗണിച്ചു എന്നുമാണ് ആക്ടിവിസ്റ്റുകളുടെ ശരിയായ വിമര്‍ശനം. ദില്ലിയിലും മറ്റും തമിഴ് കാര്‍ഷിക കൂട്ടായ്മകള്‍ നടത്തിയ സമരത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായി അവഗണിച്ചു. ഏതായാലും കടമെഴുതിത്തള്ളാമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റിട്ടുണ്ട്.
ഈ റൗണ്ടിലെ കടമെഴുതിത്തള്ളല്‍ രാഷ്ട്രീയത്തിന് തുടക്കമിട്ടത് പ്രധാനമന്ത്രി തന്നെയാണ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് കാലത്ത് ഫുള്‍ടൈം പ്രചാരകനായിരുന്ന മോദി നല്‍കിയ കടബാധ്യത എഴുതിത്തള്ളല്‍ വാഗ്ദാനം ഭരണമേറ്റെടുത്ത ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പിലാക്കി. അതിന്റെ ചുവടു പിടിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ കര്‍ഷകര്‍ കാര്‍ഷിക കടം എഴുതിത്തള്ളണമെന്ന ആവശ്യം ഉന്നയിച്ചത്. കാര്‍ഷികവായ്പാ രാഷ്ട്രീയം ഇന്ത്യയില്‍ പുതിയ കാര്യമല്ല. ആദ്യകാല കാര്‍ഷിക പ്രക്ഷോഭങ്ങള്‍ മുതല്‍ ഉയര്‍ന്നു വന്നിട്ടുള്ളതാണ് ദുരിതത്തില്‍ ഏര്‍പ്പെടുന്ന കര്‍ഷകനെ സഹായിക്കാന്‍ വായ്പാ നടപടികള്‍ ലഘൂകരിക്കുക, കടം എഴുതിത്തള്ളുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍. ആ ആവശ്യങ്ങളില്‍ മിക്കവാറും സന്ദര്‍ഭങ്ങളിലും നൈതികമായ ഒരു ശരിയുണ്ട് താനും. നാട്ടുകാരെ തീറ്റി പോറ്റേണ്ടുന്ന കടമ പേറുന്ന കര്‍ഷകര്‍ക്കു മേല്‍ സര്‍ക്കാറുകള്‍ വലിയ സമ്മര്‍ദ്ദം ചെലുത്താറുണ്ട്. കൊളോണിയല്‍ ഭരണത്തിനു കീഴിലും മറ്റും ആഗോള വിപണിയെ ലക്ഷ്യമിട്ട് കച്ചവട താല്‍പര്യങ്ങളോടെയാണ് ഭരണസംവിധാനം കര്‍ഷകരെ ഭരിച്ചിരുന്നതെങ്കില്‍ ഉപഭോക്താവിനു വേണ്ടിയാണ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ഭരണാധികാരികള്‍ സംസാരിച്ചത്. ഇതിനു പുറമേ ആഗോള മാര്‍ക്കറ്റുമായി കച്ചവട ഇടപാടുകളുള്ളവരുടെ സ്വാധീനവും സര്‍ക്കാരിന്റെ നയ സമീപനങ്ങളില്‍ സ്വാധീനം ചെലുത്താറുണ്ട്. കര്‍ഷകരുടെ ആത്മഹത്യയെ പറ്റിയുള്ള തന്റെ പഠനത്തില്‍ (ടവമറീം ുെമരല:െ ടൗശരശറല െമിറ വേല ജൃലറശരമാലി േീള ൃൗൃമഹ കിറശമ) എ.ആര്‍.വാസവി കര്‍ഷകനെ കുടക്കിയിരിക്കുന്ന നൂലാമാലകളെ കുറിച്ച് ദീര്‍ഘമായി പറയുന്നുണ്ട്. പ്രധാനമായി അവര്‍ എടുത്തു പറയുന്നത് 1991 ലെ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ കാര്‍ഷിക രംഗത്തുണ്ടാക്കിയ മാറ്റങ്ങള്‍ കാര്‍ഷിക രംഗത്തെ എക്കാലത്തേക്കാളും കൂടുതല്‍ കലുഷിതമാക്കി എന്നാണ് 91 മുമ്പ് പഞ്ചവത്സര പദ്ധതികളില്‍ കാര്‍ഷിക രംഗത്തെ ഭൂമി പ്രശ്‌നം, ജനപ്പെരുപ്പം എന്നിവയെ മുന്‍നിര്‍ത്തി നയ രൂപീകരണത്തിനു സാധ്യത കണ്ടിരുന്നു. ഹരിത വിപ്ലവത്തിലാകട്ടെ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, വിത്ത്, വളം, ടെക്‌നോളജി സബ്‌സിഡികള്‍, എക്‌സ്‌ടെന്‍ഷന്‍ സര്‍വീസുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. ’91 നു ശേഷം ഇവ അവഗണിക്കപ്പെടുകയും വിപണിക്ക് കൃഷിയെ കീഴ്‌പ്പെടുത്തുകയും ചെയ്തു. വിപണിയുടെ ആകര്‍ഷണത്തില്‍ പെട്ട് പലരും പരമ്പരാഗത രീതികള്‍ കൈവെടിഞ്ഞ് പുത്തന്‍ നാണ്യവിളകളിലേക്കും പൂര്‍ണ്ണമായും ഏകവിള കൃഷിയിലേക്കും നീങ്ങി. വാസവിയുടെ ഭാഷയില്‍. ”The new market oriented agricultural regime, building on the establishment of the green revolution, is promoted through a parade of capital technology, and new inputs to agricultural For whom these stand as routes to a new future, a marked shift from the life of privation of their ancestors.’
ഫലത്തില്‍ സംഭവിച്ചത് സമ്പദ്ഘടനയിലെ മറ്റ് മേഖലകളില്‍ ഗണ്യമായ വേതന വളര്‍ച്ചയുണ്ടായപ്പോള്‍ കാര്‍ഷിക രംഗത്ത് തത്തുല്യമായ പുരോഗതിയൊന്നും ഉണ്ടായില്ല എന്നാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനം പിന്‍വാങ്ങിയതോടെ ചിലവ് വര്‍ദ്ധിക്കുകയും ചെയ്തു. ഒരര്‍ത്ഥത്തില്‍ ഹരിതവിപ്ലവം വളര്‍ത്തിയ കൃഷി മുതലാളിത്തത്തിന്റെ പ്രതിസന്ധിയാണ് ഇപ്പോള്‍ നമ്മുടെ മുന്നില്‍ അനാവരണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കടബാധ്യത എഴുതിത്തള്ളുന്നതുകൊണ്ടോ, ബി.ടി. പോലുള്ള സാങ്കേതിക ഇന്‍പുട്ടുകള്‍ കൊണ്ടോ, വില വര്‍ദ്ധനകൊണ്ടോ പരിഹരിക്കാവുന്നതാവണമെന്നില്ല ഈ പ്രതിസന്ധി. നാണ്യവിളകള്‍ക്കും ധാന്യങ്ങള്‍ക്കുമൊക്കെ ആഗോള വിപണിയില്‍ വലിയ വില ലഭിച്ചിരുന്ന കഴിഞ്ഞ പതിറ്റാണ്ടില്‍ പോലും കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞില്ല എന്നത് ഈ വസ്തുതയ്ക്കാണ് അടിവരയിടുന്നത്. കാര്‍ഷിക രംഗം നേരിടുന്ന പ്രതിസന്ധിക്ക് – പാരിസ്ഥിതികവും സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങള്‍ ഉണ്ട്. പരിഹരിക്കാന്‍ മുതലാളിത്ത രീതിയിലുള്ള കൃഷിയുടെ മാനദണ്ഡം തന്നെ പുനഃപരിശോധിക്കേണ്ടിയിരിക്കുന്നു. പക്ഷേ പ്രതിസന്ധിക്കു പരിഹാര ക്രിയയായി നിര്‍ദ്ദേശിക്കപ്പെട്ടു പോരുന്ന കാര്യങ്ങള്‍ മറ്റ് ചിലതാണ്. ഒന്ന്. കാര്‍ഷിക സമ്പദ്ഘടനയില്‍ നിന്നും ആളുകളെ മറ്റ് തൊഴില്‍ മേഖലകളിലേക്ക് മാറ്റുക. കൃത്യമായി പറഞ്ഞാല്‍ കര്‍ഷകരുടെ എണ്ണം കുറയ്ക്കുക. ഈ വാദത്തിന്റെ സാമ്പത്തിക ലോജിക് ലളിതമാണ്. ദേശീയ സമ്പദ് ഉത്പാദനത്തിന്റെ (ഏഉജ) യുടെ 17 ശതമാനം മാത്രമാണ് കൃഷിയില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ അമ്പതു ശതമാനത്തിനു മുകളില്‍ തൊഴിലാളികള്‍ ഏര്‍പ്പെടുന്നു. ചെറുകിട കര്‍ഷകരും ഭൂരഹിത തൊഴിലാളികളുമാണ് ഇവരില്‍ ഭൂരിപക്ഷം കാര്‍ഷികവൃത്തിയില്‍ ഒരുപാട് ഭൂമിയുള്ള കുറച്ച് കൃഷിക്കാര്‍ ”മെച്ചപ്പെട്ട” വിത്തിനങ്ങളും വളവും ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയിലേര്‍പ്പെടുന്ന ഒരു കിനാശ്ശേരിയാണ് ഭരണ സംവിധാനം ഇന്ത്യയില്‍ ആവശ്യപ്പെടുന്നത്. കൃഷിയില്‍ നിന്നും കുടിയിറക്കപ്പെടുന്ന ഈ മനുഷ്യരെല്ലാം എന്തു തൊഴിലെടുക്കും? പ്രത്യേകിച്ച് വ്യവസായ രംഗത്തും മറ്റും യന്ത്രവല്‍ക്കരണം വ്യാപകമാക്കുന്ന ഇക്കാലത്ത് താരതമ്യേന വൈദഗ്ദ്ധ്യം കുറഞ്ഞ നിര്‍മ്മാണമേഖലയിലേക്കും സര്‍വ്വീസ് സെക്ടറിലെ താഴ്ന്ന ജോലികളിലേക്കും ഈ മനുഷ്യരെയൊക്കെ മാറ്റാം എന്നൊരു വാദം. കാരണങ്ങളെന്തെയാലും കാര്‍ഷിക രംഗത്തെ പ്രതിസന്ധി രാഷ്ട്രീയ രംഗത്തെ ഇളക്കിമറിച്ചിരിക്കുന്നു. കര്‍ഷക കൂട്ടായ്മകളുടെ പുതിയ രാഷ്ട്രീയം എന്നൊരു കാഴ്ചപ്പാട് പല രാഷ്ട്രീയ നിരീക്ഷകരും മുമ്പോട്ട് വയ്ക്കുകയാണ്. പല കിസാന്‍ സംഘടനകള്‍ ഒന്നിച്ചുള്ള പ്രക്ഷോഭം ജൂലൈ 6 ന് തുടങ്ങാനിരിക്കുകയാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്തും കര്‍ഷകര്‍ ക്ഷുബ്ദ്ധരാണ് എന്നത് ഒരു ”കിസാന്‍ പൊളിറ്റിക്‌സിന്” കാരണമാകാനിടയുണ്ടോ?
ഇന്ത്യയില്‍ കര്‍ഷക രാഷ്ട്രീയത്തിന് വലിയൊരു ചരിത്രമുണ്ട്. ഞായറാഴ്ച കോണ്‍ഗ്രസ്സ് പൊതുജന പ്രസ്ഥാനമായതു തന്നെ കര്‍ഷകര്‍ മൂലമാണ്. ചമ്പാരനിലെ കര്‍ഷക പ്രക്ഷോഭം ഗാന്ധി ഏറ്റെടുക്കുന്നതോടെയാണ് കോണ്‍ഗ്രസ്സ് ഒരു ബഹുജന പ്രസ്ഥാനമായത് എന്ന് കാണാവുന്നതാണ്. ബര്‍ദോളിയിലും ഖേദയിലും ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ ശതാബ്ദിയാണ് ഇക്കൊല്ലം.
ആദ്യത്തെ കര്‍ഷക സംഘം രൂപം കൊണ്ടത് 1929 ലാണ്- സ്വാമി സഹജാനന്ദ സരസ്വതിയുടെ നേതൃത്വത്തില്‍ ബീഹാര്‍ പ്രൊവിന്‍ഷ്യല്‍ കിസാന്‍ സഭ. എന്‍ ജി രംഗയുടേയും മറ്റും നേതൃത്വത്തില്‍ തെക്കേയിന്ത്യയിലും കര്‍ഷകര്‍ സംഘടിച്ചു തുടങ്ങി. 1936 ലാണ് ആള്‍ ഇന്ത്യാ കിസാന്‍ സഭ രൂപം കൊള്ളുന്നത്. ഗാന്ധിയന്മാരും സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റുകാരും ഉള്‍പ്പെട്ട അഖിലേന്ത്യാ കിസാന്‍ സഭ 1936 ല്‍ തന്നെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അക്കമിട്ടു നിരത്തി കിസാന്‍ മാനിഫെസ്റ്റോ പുറത്തിറക്കി. കിസാന്‍സഭക്ക് അതിന്റെ ഐക്യമുന്നണി രാഷ്ട്രീയം അധികനാള്‍ തുടരാന്‍ കഴിഞ്ഞില്ല. കാര്‍ഷിക വ്യവസ്ഥയിലെ ശ്രേണീകൃതമായ തൊഴില്‍-ഉടമ വിഭജനങ്ങള്‍ ഉള്‍ക്കൊള്ളുന്ന വൈരുദ്ധ്യങ്ങള്‍ പുറത്തുവന്നു എന്നതാണ് കാരണം. ചെറുകിട കര്‍ഷകരും മറ്റും കോണ്‍ഗ്രസ്സില്‍ തുടര്‍ന്നപ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് നീങ്ങി. തെലുങ്കാനയും തേഭാഗയുമൊക്കെ കര്‍ഷക സമരങ്ങളായിരുന്നുവല്ലോ!
സ്വാതന്ത്ര്യാനന്തര കര്‍ഷക സമരങ്ങളുടെ സ്വഭാവത്തിലും നേതൃത്വത്തിലും കര്‍ഷക സമരങ്ങളുടെ സ്വഭാവത്തിലും നേതൃത്വത്തിലും അവയോടുള്ള ഭരണകൂടത്തിന്റെ സമീപനത്തിലും വ്യത്യാസം വന്നു. ഭൂവുടമകളായ കര്‍ഷകര്‍ പൊതുവില്‍ കോണ്‍ഗ്രസ്സിന് ഒപ്പം നിന്നപ്പോള്‍ കര്‍ഷകത്തൊഴിലാളികള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലും മറ്റുമായി നെഹ്‌റുവിയന്‍ കൃഷിക്കാരുടെ അഭിവൃദ്ധിക്ക് പിന്‍തുടര്‍ന്നത് പടിഞ്ഞാറന്‍ ലോകത്തില്‍ നിന്നും ലഭിച്ച പാഠങ്ങളാണ്. വന്‍ അണക്കെട്ടുകള്‍ കേന്ദ്രീകരിച്ചു കൊണ്ട് ജലസേചനം വ്യാപകമാക്കുക, വിളവ് വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം നടപ്പിലാക്കുക- ഇങ്ങനെ പോയി നെഹ്‌റു സര്‍ക്കാരിന്റെ കാര്‍ഷിക നയം. ഭൂപരിഷ്‌ക്കരണം ചര്‍ച്ചയില്‍ നിന്നുവെങ്കിലും അത് ഭാഗികമായി മാത്രമാണ് നടപ്പിലാക്കപ്പെട്ടത്. കാര്‍ഷിക വ്യവസ്ഥയില്‍ നിലനിന്നുപോന്ന ജാതി അസമത്വങ്ങള്‍ – ഇത് നിലനിന്നു പോന്നതിന് ഒരു പ്രധാന കാരണം ദളിതരും മറ്റും ഭൂരഹിതര്‍ കൂടിയായിരുന്നതാണല്ലോ- നേരിടാന്‍ ഈ നയങ്ങള്‍ ഒട്ടും തന്നെ പര്യാപ്തമായിരുന്നില്ല. ചുരുക്കത്തില്‍ 50 കളിലെ സര്‍ക്കാര്‍ നയങ്ങള്‍ പ്രധാനമായും വന്‍കിട കര്‍ഷകരേയും ചെറിയ അളവില്‍ ചെറുകിട കര്‍ഷകനേയും സഹായിക്കുക മാത്രമാണ് ചെയ്തത്. ഇത് കാര്‍ഷിക മേഖലയിലെ വൈരുദ്ധ്യങ്ങള്‍ രൂക്ഷമാക്കുകയും ചെയ്തു. ഈ വൈരുദ്ധ്യങ്ങളും കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ പുതിയൊരു ഉപരിവര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയും കര്‍ഷക രാഷ്ട്രീയത്തെ ഗണ്യമായി സ്വാധീനിച്ചു.
വടക്കേയിന്ത്യന്‍ ചരണ്‍സിംഗിനെപോലെയുള്ള കര്‍ഷക നേതാക്കളും പഞ്ചാബില്‍ അകാലികളും മഹാരാഷ്ട്രയില്‍ കര്‍ഷകരായ മറാത്തകളുടെ സ്വാധീനത്തിലായ കോണ്‍ഗ്രസ്സും നേതൃത്വത്തില്‍ വന്ന ഗുജറാത്ത് കോണ്‍ഗ്രസ്സും ആന്ധ്രയില്‍ റെഡ്ഡി നേതൃത്വത്തില്‍ കോണ്‍ഗ്രസ്സുമൊക്കെ കര്‍ഷക സമ്പദ്ഘടനയിലെ മാറ്റങ്ങള്‍ പ്രതിഫലിച്ചു. കര്‍ഷക-കര്‍ഷക തൊഴിലാളി സംഘട്ടനങ്ങള്‍ അറുപതുകളില്‍ വ്യാപകമായി. ഈ സംഘട്ടനങ്ങള്‍ക്ക് സ്വാഭാവികമായി ജാതീയമായ ഒരു വേര്‍തിരിവുമുണ്ട്. ഉദാഹരണത്തിന് തമിഴ്‌നാട്ടിലെ കീഴ്‌വെണ്‍മണിയില്‍ 58 കര്‍ഷകത്തൊഴിലാളികളെ ഒരു ഭൂവുടമ ചുട്ടുകൊന്നു. ഈ 58 പേരും ദളിതരായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്‍ സ്വാധീനമുണ്ടായിരുന്ന നാഗപ്പട്ടണം മേഖലയിലായിരുന്നു കീഴ്‌വെണ്‍മണി. കമ്യൂണിസ്റ്റുകാര്‍ കീഴ്‌വെണ്‍മണിയെ ആ രക്തസാക്ഷികളുടെ കര്‍ഷകത്തൊഴിലാളി സ്വത്വത്തെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ വിടുതലൈ ചിറുത്തൈകള്‍ ഉള്‍പ്പെടെയുള്ള ദളിത് സംഘടനകള്‍ അവരുടെ ദളിത് സ്വത്വത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇത് ഒറ്റപ്പെട്ട ഉദാഹരണമല്ല. ഇന്ത്യയിലെ കര്‍ഷകമരാഷ്ട്രീയത്തിന്റെ ഇന്നും നിലനില്‍ക്കുന്ന ഒരു ഭൂപ്രശ്‌നത്തിലെ ജാതിയെ ക്രിയാത്മകമായി അഭിമുഖീകരിക്കാന്‍ കഴിയുന്നില്ല എന്നതാണ്.
ഹരിതരാഷ്ട്ര വിപ്ലവാനന്തരം ഉയര്‍ന്നുവന്ന പുതു രാഷ്ട്രീയ നേതൃത്വങ്ങളും ഈ പ്രശ്‌നത്തെ നേരിടാന്‍ തയ്യാറായിരുന്നില്ല. അംബേദ്കറെറ്റ് രാഷ്ട്രീയവും പ്രാഥമികമായി ഉയര്‍ത്തിയത് പ്രതിനിധാനത്തിന്റേയും മറ്റും ചോദ്യങ്ങളായിരുന്നു. ബി.എസ്.പി പോലും ദളിത് പ്രശ്‌നത്തെ ഒരു ഭൂപ്രശ്‌നം കൂടിയായി കണ്ടിരുന്നില്ലല്ലോ! എണ്‍പതുകളിലും തൊണ്ണൂറുകളിലും കാര്‍ഷികരംഗം പ്രക്ഷുദ്ധമായപ്പോള്‍ ഉയര്‍ന്നു വന്നതും വിപണി സംബന്ധിയായ പ്രശ്‌നങ്ങളായിരുന്നു. മഹേന്ദ്രസിംഗ് ടിക്കായത്തും ശരദ് ജോഷിയും നഞ്ചുണ്ടസ്വാമിയും ഉയര്‍ത്തിയതും കര്‍ഷകരും വിപണിയും തമ്മിലുള്ള പ്രശ്‌നമാണ്. കാര്‍ഷികരംഗത്തെ വാണിജ്യവല്‍കരണത്തിന്റേയും വിഭവ ചൂഷണത്തിന്റേയും പ്രശ്‌നങ്ങള്‍ എണ്‍പതുകളില്‍ തന്നെ തമിഴ്‌നാട്ടില്‍ ഉയര്‍ന്നു വന്നിരുന്നു. കര്‍ഷക ജാതിയായ പണിയരുടെ സംഘടനയായ പട്ടാള മക്കള്‍ കക്ഷി ഒരു കര്‍ഷക കൂട്ടായ്മ ആയിട്ടാണ് തുടങ്ങിയത്. പില്‍ക്കാലത്ത് പി.എം.കെ. രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു സംവരണമായി മാറി. കര്‍ഷക പ്രശ്‌നത്തെ സമഗ്രമായി കാണുന്നതിന്റെ മുന്നോടിയെന്നോണം പി.എം.കെ വിടുതലൈ ചിറുത്തൈകളുമായി രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയുള്ള ഒരു രാഷ്ട്രീയ സഖ്യത്തിലുപരിയായി കാര്‍ഷിക സമ്പദ് ഘടനയില്‍ തകര്‍ച്ചക്ക് കാരണമായ ഭൂ-ജാതി ബന്ധത്തെ അഭിമുഖീകരിക്കാന്‍ രണ്ടു കൂട്ടര്‍ക്കും കഴിഞ്ഞില്ല. മാത്രമല്ല അത് അഭിമുഖീകരിക്കേണ്ടി വന്ന അവസരങ്ങളില്‍ കര്‍ഷക സ്വത്വത്തെയല്ല ജാതിസ്വത്വത്തെയാണ് അവര്‍ തങ്ങളുടെ രാഷ്ട്രീയ സ്വത്വമായി തിരഞ്ഞെടുത്തത്. ഈ പാറ്റേണ്‍ നമുക്ക് മഹാരാഷ്ട്രയിലെ മറാട്ട പ്രക്ഷോഭത്തിലും ഗുജറാത്തിലെ പാട്ടീദാര്‍ സമരത്തിലും ഹര്യാന-ഉത്തര്‍പ്രദേശില്‍ ജാട്ട് സമരങ്ങളിലും കാണാം.
മണ്ഡ്‌സോറിനെ കേന്ദ്രീകരിച്ചുള്ള കര്‍ഷക രാഷ്ട്രീയവും വിപണി മുന്‍നിര്‍ത്തിയാണ് സമര രംഗത്തുള്ളത്. തൊഴിലാളി-ഭൂവുടമ വൈരുദ്ധ്യത്തെ മറികടക്കാനോ ഭാഷ-ജാതി സ്വത്വങ്ങള്‍ക്കുപരിയായി ഭൂമിയുടെ രാഷ്ട്രീയം സംസാരിക്കാനോ അവര്‍ക്ക് കെല്‍പ്പുണ്ട് എന്നു തോന്നുന്നില്ല. എന്തിന്, ഭൂമിയുടെ നിവവിളി കൂടിയാണ് കര്‍ഷകന്റെ നിലവിളിയാകുന്നത് എന്നു പറഞ്ഞു വയ്ക്കാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. നഗരവല്‍ക്കരണവും കോര്‍പ്പറേറ്റ് മുതലാളിത്തവും അവയ്ക്ക് കുടപിടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയവും അന്യാധീനപ്പെടുത്തുന്ന ചെറുകിട കര്‍ഷകനേയും കര്‍ഷകത്തൊഴിലാളിയേയും ഇവര്‍ എങ്ങിനെയാണ് ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ പോകുന്നത്? അത് സാധിക്കാത്ത പക്ഷം ഒരു സമ്മര്‍ദ്ദഗ്രൂപ്പ് എന്നതിനപ്പുറം എന്ത് രാഷ്ട്രീയ സ്വത്വമാണ് ഇവര്‍ക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കുക?

പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply