ഭിന്നലൈംഗികത : അവസാനിപ്പിക്കണം മലയാളിയുടെ ഇരട്ടത്താപ്പ്

ഏതു വിഷയമെടുത്താലും ഇരട്ടത്താപ്പിനുടമകളാണല്ലോ പൊതുവില്‍ മലയാളികള്‍. തങ്ങള്‍ പുരോഗമനവാദികളും പ്രബുദ്ധരുമാമെന്ന മിഥ്യാധാരണ നിലനിര്‍ത്തണം, അതേസമയം ജീവിതത്തില്‍ അതുമായി ഒരു പുലബന്ധം പോലും ഉണ്ടായിരിക്കുകയുമില്ല. സാമൂഹ്യജീവിതത്തിലെ ഏതുവിഷയമെടുത്താലും ഈ കാപട്യം പ്രകടമാണ്. ഭിന്നലൈംഗികവിഭാഗങ്ങളോടുള്ള നിലപാടും വ്യത്യസ്ഥമല്ല. ഇന്ത്യയിലാദ്യമായി ഒരു ഭിന്നലിംഗനയം പ്രഖ്യാപിച്ചത് കേരളത്തിലാണെന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍ ഇപ്പോഴും ഭിന്നലൈംഗികവിഭാഗങ്ങളോട് ഏറ്റവും കൂടുതല്‍ വിവേചനം നിലനില്‍ക്കുന്നതും പീഡനങ്ങള്‍ അരങ്ങേറുന്നതും കേരളത്തില്‍ തന്നെ. പോലീസ് സ്‌റ്റേഷനിലേക്ക് പരാതി പറയാന്‍ ചെന്ന ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങളെ അകാരണമായി മര്‍ദ്ദിച്ചതും തുറുങ്കിലടച്ചതും നാം കണ്ടു. […]

xy

ഏതു വിഷയമെടുത്താലും ഇരട്ടത്താപ്പിനുടമകളാണല്ലോ പൊതുവില്‍ മലയാളികള്‍. തങ്ങള്‍ പുരോഗമനവാദികളും പ്രബുദ്ധരുമാമെന്ന മിഥ്യാധാരണ നിലനിര്‍ത്തണം, അതേസമയം ജീവിതത്തില്‍ അതുമായി ഒരു പുലബന്ധം പോലും ഉണ്ടായിരിക്കുകയുമില്ല. സാമൂഹ്യജീവിതത്തിലെ ഏതുവിഷയമെടുത്താലും ഈ കാപട്യം പ്രകടമാണ്. ഭിന്നലൈംഗികവിഭാഗങ്ങളോടുള്ള നിലപാടും വ്യത്യസ്ഥമല്ല.
ഇന്ത്യയിലാദ്യമായി ഒരു ഭിന്നലിംഗനയം പ്രഖ്യാപിച്ചത് കേരളത്തിലാണെന്നത് യാഥാര്‍ത്ഥ്യം തന്നെ. എന്നാല്‍ ഇപ്പോഴും ഭിന്നലൈംഗികവിഭാഗങ്ങളോട് ഏറ്റവും കൂടുതല്‍ വിവേചനം നിലനില്‍ക്കുന്നതും പീഡനങ്ങള്‍ അരങ്ങേറുന്നതും കേരളത്തില്‍ തന്നെ. പോലീസ് സ്‌റ്റേഷനിലേക്ക് പരാതി പറയാന്‍ ചെന്ന ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങളെ അകാരണമായി മര്‍ദ്ദിച്ചതും തുറുങ്കിലടച്ചതും നാം കണ്ടു. പിന്നീടവര്‍ക്ക് മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്യുന്നു. പെന്‍ഷന്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പിന്നോക്കമെന്ന് നാം ആരോപിക്കുന്ന പല സംസ്ഥാനങ്ങളിലും ലൈംഗികന്യൂനപക്ഷങ്ങള്‍ എത്രയോ ഉയര്‍ന്ന പദവിയിലെത്തിയിട്ടും കേരളത്തില്‍ സ്ഥിതി വ്യത്യസ്ഥമാകാന്‍ കാരണം ഈ ഇരട്ടത്താപ്പല്ലാതെ മറ്റൊന്നല്ല.
പ്രഖ്യാപിക്കപ്പെട്ട ഭിന്നലൈംഗികനയത്തില്‍ തന്നെ ഈ ഇരട്ടത്താപ്പ് പ്രകടമാണല്ലോ. അടിസ്ഥാനപരമായി ഈ നയം ജെന്‍ഡറിനെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. ലൈംഗികതയെ ഒഴിവാക്കുന്നു. അതുവഴി അത് ലൈംഗിക സ്വയംനിര്‍ണ്ണയാവകാശമെന്ന യുഎന്‍ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണ്. 1995ലെ കെയ്‌റോ സമ്മേളനത്തിലൂടെയാണ് ലിംഗനീതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആഗോളതലത്തില്‍ സജീവമായത്. പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ ആരോഗ്യപ്രശ്‌നവും മറ്റുമാണ് അന്ന് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ലൈംഗികമായ അവകാശങ്ങള്‍ അന്നത്തെ അജണ്ടയില്‍ കാര്യമായി ഇടംപിടിച്ചിരുന്നില്ല. പ്രത്യൂല്‍പ്പാദനത്തിനുമാത്രമായാണ് പൊതുവില്‍ ലൈംഗികതയെ കണ്ടിരുന്നത് എന്നതായിരുന്നു അതിനുള്ള പ്രധാന കാരണം. ഇന്ന് പക്ഷെ െൈലംഗിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് യു എന്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ അതിവിടെ വിസ്മരിക്കപ്പെടുന്നു.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ സംബന്ധിച്ച് കുറെയേറെ ഗുണകരമായ വശങ്ങള്‍ നയത്തിലുണ്ടെന്നത് ശരിതന്നെ. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റം നടത്തിയവരെ മാത്രമെ അത് പരിഗണിക്കുന്നുള്ളു. അതും ട്രാന്‍സ് വിമന്‍ എന്നു പറയുന്ന പുരുഷന്‍ സ്ത്രീയായി മാറിയവരെയാണ് മുഖ്യമായും പരിഗണിക്കുന്നത്. മറിച്ചുള്ളവരെ ഈ നയം അവഗണിക്കുന്നു. ട്രാന്‍സ് മെന്‍ ഒരു ശതമാനമേ വരൂ എന്നാണ് കാരണമായി പറയുന്നത്. ആ കണക്കു തന്നെ ശരിയല്ല. അവര്‍ക്കിപ്പോഴും പുറത്തുവരാനാകുന്നില്ല എന്നതാണ് സത്യം. അതുവരേയും സ്ത്രീയായി ‘അടങ്ങിയൊതുങ്ങി’ കഴിഞ്ഞവര്‍ ഒരു സുപ്രഭാതത്തില്‍ പുരുഷനായി പുറത്തിറങ്ങി നടക്കുന്നത് മലയാളിസമൂഹത്തിനു കഴിയുമോ..? സമൂഹത്തിന്റെ ഈ നിലപാടുതന്നെയാണ് നയത്തിലും പ്രകടമായിരിക്കുന്നത്.
സത്യത്തില്‍ ട്രാന്‍സ് വിമന്‍ വിഭാഗങ്ങളെ കേരളീയസമൂഹം ഒരു പരിധി വരെ അംഗീകരിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്നു പറയുന്നതിലും ഒരു കാപട്യമില്ലേ..? അവരെ സമൂഹത്തിന്റെ ഭാഗമായി കണ്ട്, തുല്ല്യതയോടെയുള്ള സമീപനമാണോ മലയാളികളുടേത്? അല്ല. മറിച്ച് അവരെ നാമിപ്പോഴും നിര്‍ത്തുന്നത് അപരരായിതന്നെ. അപരരായ അവര്‍ തെരുവിലാര്‍ത്തുവിളിക്കട്ടെ, ചുംബിക്കട്ടെ, എന്തു വേഷവും ധരിക്കട്ടെ, പ്രൈഡ് മാര്‍ച്ച് നടത്തട്ടെ, ‘സദാചാരവിരുദ്ധ’മായ എന്തും ചെയ്യട്ടെ. അതു നടക്കണം. കാരണം അവ ചൂണ്ടികാട്ടി നമുക്ക് നമ്മുടെ ‘സദാചാരം’ സംരക്ഷിക്കാം. അല്ലെങ്കില്‍ ട്രാന്‍ഡസ്‌ജെന്റര്‍ വിഭാഗങ്ങളുടെ പ്രൈഡ് മാര്‍ച്ചും മറ്റും സഹിഷ്ണുതയോടെ കാണുന്ന മലയാളിസമൂഹം ‘മുഖ്യധാര’യിലുള്ളവര്‍ തെരുവിലിറങ്ങി ചുംബനസമരം നടത്തിയപ്പോള്‍ പ്രതികരിച്ചതെങ്ങിനെയായിരുന്നു? ആ പ്രതികരണത്തില്‍ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമുണ്ടായിരുന്നോ? എല്‍ ജി ബി ടി എന്നൊക്കെ പറയുമ്പോള്‍ ലെസ്ബിയന്‍സിനോടും ഗേ വിഭാഗങ്ങളോടും ബൈസെക്ഷ്വല്‍ വിഭാഗങ്ങളോടും മറ്റും ഇപ്പോഴും നമ്മുടെ സമീപനമെന്താണ്? വിവേചനം നിലനിര്‍ത്തുന്ന ഭരണഘടനയുടെ 377ാം വകുപ്പ് ഇപ്പോഴും നിലനില്‍ക്കുകയാണല്ലോ. ഇവരോടുള്ള പൊതുസമൂഹത്തിന്റെ നിലപാടുതന്നെയല്ലേ നയത്തിലും പ്രകടമായിരിക്കുന്നത് അവരെയൊന്നും അഭിസംബോധനചെയ്യാന്‍ പൊതുസമൂഹമോ ട്രാന്‍സ്‌ജെന്റര്‍ നയമോ ഐസക്കിന്റെ ബജറ്റോ തയ്യാറാണോ? വേണ്ട, അണുകുടുംബത്തില്‍ നിന്നു കുതറിയുള്ള സ്ത്രീപുരുഷ ബന്ധമോ വിവാഹപൂര്‍വ്വ ബന്ധങ്ങളോ ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയുന്നുണ്ടോ.? പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് ഒന്നിച്ചു യാത്രചെയ്യാനോ എവിടെയെങ്കിലും മുറിയെടുത്ത് താമസിക്കാനോ ജീവിക്കാനോ കഴിയുമോ? സദാചാരപോലീസിന്റെ കഴുകന്‍ കണ്ണുകളും സിസി ടിവി ക്യാമറകളും നമ്മെ എവിടേയും വലയം ചെയ്തിരിക്കുകയല്ലേ..? ഈ കാപട്യത്തിനിടയില്‍ ട്രോന്‍സ് വിമന്‍ വിഭാഗങ്ങളോടുള്ള സമീപനം മാറുന്നു എന്ന അവകാശവാദവും അവരില്‍ ചിലരെ സെലിബ്രേറ്റികളാക്കുന്നതും വാരികകളില്‍ മുഖചിത്രങ്ങളും പംക്തികളും വരുന്നതുമെല്ലാം സ്വാഗതം ചെയ്യാമെങ്കിലും അമിതാഹ്ലാദത്തില്‍ ഒരര്‍ത്ഥവുമില്ല.
തീര്‍ച്ചയായും മനുഷ്യരായി ജീവിക്കാനുള്ള ഭിന്നലിംഗക്കാരുടെ പോരാട്ടങ്ങല്‍ വലിയൊരു നാഴികകല്ലാണ് ഈ നയപ്രഖ്യാപനം. ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങളുടെ പഠനം ഉറപ്പുവരുത്തുക, അതിനായി അധ്യാപകരേയും മറ്റു ബന്ധപ്പെട്ടവരേയും സജ്ജരാക്കുക, ഇവരുടെ ഒന്നിച്ചുതാമസിക്കാനുള്ള അവകാശത്തേയും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശത്തേയും അംഗീകരിക്കുക, പൊതുസ്ഥലങ്ങളില്‍ പ്രത്യക ടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക, എല്ലാ അപേക്ഷാഫോമുകളിലും ഇവരുടെ കോളം ഉറപ്പുവരുത്തുക, ഐഡി കാര്‍ഡുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു രേഖപ്പെടുത്തുക, ഇവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനായി കമ്മീഷന്‍ രൂപവല്‍ക്കരിക്കുക തുടങ്ങി പല നിര്‍ദ്ദേശങ്ങളും നയത്തിലുണ്ട്. എന്നാല്‍ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശത്തെ കുറിച്ച് പറയുന്നില്ല. മാത്രമല്ല, ഇവരര്‍ഹിക്കുന്നത് സഹതാപമല്ല, അവകാശമാണ് എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ മനുഷ്യാവകാശങ്ങളും ഭിന്നലിംഗക്കാര്‍ക്കും ലഭ്യമാകണം. നിയമപരമായിതന്നെ വിവേചനം അവസാനിപ്പിക്കണം. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമം പോലെ, സ്ത്രീപീഡനങ്ങള്‍ക്കെതിരായ നിയമങ്ങള്‍പോലെ കര്‍ശനമായ നിയമങ്ങളിലൂടെ ഇവര്‍ക്കെതിരായ കടന്നാക്രമണങ്ങളും തടയണം. അതുപോലെ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ അവകാശമായി അംഗീകരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കണം.
ഇന്റര്‍ സെക്‌സ് ആയി പിറക്കുന്ന കുഞ്ഞുങ്ങളുടെ കാര്യവും വളരെ പ്രധാനമാണ്. ഇപ്പോള്‍ ഡോക്ടര്‍മാരും രക്ഷാകര്‍ത്താക്കളുമാണ് അവരെന്താകണമെന്ന് തീരുമാനിക്കുന്നത്. അത് മാറണം. വളരുന്നതിനനുസരിച്ച് അക്കാര്യം തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുതന്നെ നല്‍കണം. അതുവരെ അവരെ മറ്റുള്ളവരെപോലെ തന്നെ തുല്ല്യരായി കണക്കാക്കണം. അത് ബാലാവകാശത്തിന്റെ ഭാഗമാകണം.
കേരളത്തെ ഔദ്യോഗികമായിത്തന്നെ എല്‍ ജി ബി ടി സൗഹൃദ സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് പുതിയ സര്‍ക്കാര്‍ തയ്യാറാകാണ്ടേത.് അതിന്റെ ഭാഗമായി സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിനു കീഴില്‍ ലൈംഗിക ന്യൂനപക്ഷ ബോര്‍ഡും അതിക്രമങ്ങള്‍ക്കെതിരെ സാമൂഹികവും വൈകാരികവും നിയമപരവുമായ പരിരക്ഷ ഉറപ്പു വരുത്തുതിനായി ഹെല്‍പ്പ്‌ലൈന്‍ സേവനങ്ങളും അടിയന്തിര ഘട്ടങ്ങളില്‍ താല്‍ക്കാലിക താമസത്തിനായുള്ള പുനരധിവാസ കേന്ദ്രങ്ങളും നടപ്പിലാക്കണം.
ഒപ്പം ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസം ലഭിക്കുന്നതിന് ലൈംഗികത, ലിംഗഭേദങ്ങള്‍ എിവയെക്കുറിച്ചുള്ള അറിവുകള്‍ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ ജീവശാസ്ത്ര പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം. ബലാല്‍സംഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഇവരെ പരാമര്‍ശിക്കുന്നതേയില്ല എന്നതും പ്രധാനമാണ്. ട്രാന്‍സ്ജന്റര്‍ വിഭാഗത്തില്‍പ്പെട്ടവരെ സീരിയലുകളിലും സിനിമകളിലും ഉള്‍പ്പെടെ മോശമായി ചിത്രീകരിക്കുന്നത് കുറ്റമാക്കുന്ന നിയമം കൊണ്ടുവരണം. എല്ലാറ്റിനുമുപരിയായി ഇന്നത്തെ അവസ്ഥയില്‍ ജനപ്രതിനിധികളായി ഇവര്‍ തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത കുറവായതിനാല്‍ ജനപ്രതിനിധി സഭകളില്‍ ഇവരുടെ പ്രതിനിധികളെ നോമിനേറ്റ് ചെയ്യുകയും വേണം. അത്തരത്തിലുള്ള ആത്മാര്‍ത്ഥമായ നടപടികളിലൂടെ ഈ വിഷയത്തിലെ ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കണം. അതിന് സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply