ഭിന്നലിംഗനയം സ്വാഗതാര്‍ഹം, കൂടുതല്‍ അര്‍ത്ഥവത്താക്കണം

ഡോ എ കെ ജയശ്രീ. ഇന്ത്യയിലാദ്യമായി ഭിന്നലിംഗനയം പ്രഖ്യാപിച്ചിരിക്കുന്നത് ഭിന്നലൈംഗികതയുള്ളവരോട് ഏറ്റവും കൂടുതല്‍ വിവേചനം കാണിക്കുന്ന കേരളത്തിലാണെന്നത് ആശ്വാസകരമാണ്. വളരെയധികം ഗുണാത്മകവും നിഷേധാത്മകവുമായ വശങ്ങള്‍ അടങ്ങിയ നയമാണ് സാമൂഹ്യക്ഷേമവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അത് സ്വാഭാവികമാണുതാനും. ഇത്തരമൊരു നയത്തെ ഏറ്റടുത്ത് ചര്‍ച്ചകളിലൂടെ കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്തം ഇനി നമ്മുടേതാണ്. അല്ലാത്തപക്ഷം നയപ്രഖ്യാപനത്തില്‍ മാത്രമായി കാര്യങ്ങള്‍ ഒതുങ്ങും. തീര്‍ച്ചയായും മനുഷ്യരായി ജീവിക്കാനുള്ള ഭിന്നലിംഗക്കാരുടെ പോരാട്ടങ്ങൡ വലിയൊരു നാഴികകല്ലാണ് ഈ നയപ്രഖ്യാപനം. തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരിടം പോലും ലഭിക്കാതിരുന്ന അവസ്ഥയായിരുന്നു അടുത്ത […]

tttഡോ എ കെ ജയശ്രീ.

ഇന്ത്യയിലാദ്യമായി ഭിന്നലിംഗനയം പ്രഖ്യാപിച്ചിരിക്കുന്നത് ഭിന്നലൈംഗികതയുള്ളവരോട് ഏറ്റവും കൂടുതല്‍ വിവേചനം കാണിക്കുന്ന കേരളത്തിലാണെന്നത് ആശ്വാസകരമാണ്. വളരെയധികം ഗുണാത്മകവും നിഷേധാത്മകവുമായ വശങ്ങള്‍ അടങ്ങിയ നയമാണ് സാമൂഹ്യക്ഷേമവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അത് സ്വാഭാവികമാണുതാനും. ഇത്തരമൊരു നയത്തെ ഏറ്റടുത്ത് ചര്‍ച്ചകളിലൂടെ കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്തം ഇനി നമ്മുടേതാണ്. അല്ലാത്തപക്ഷം നയപ്രഖ്യാപനത്തില്‍ മാത്രമായി കാര്യങ്ങള്‍ ഒതുങ്ങും.
തീര്‍ച്ചയായും മനുഷ്യരായി ജീവിക്കാനുള്ള ഭിന്നലിംഗക്കാരുടെ പോരാട്ടങ്ങൡ വലിയൊരു നാഴികകല്ലാണ് ഈ നയപ്രഖ്യാപനം. തങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒരിടം പോലും ലഭിക്കാതിരുന്ന അവസ്ഥയായിരുന്നു അടുത്ത കാലം വരെ നിലനിന്നിരുന്നത്. ജീവിക്കാന്‍ വേണ്ടി സ്വന്തം വീടിനകത്തും പുറത്തും ഓരോ നിമിഷവും പോരാടേണ്ടിയിരുന്ന അവസ്ഥ. രോഗികളായി കാണുന്ന അവസ്ഥ. അതുണ്ടാക്കിയ മാനസിക സംഘര്‍ഷങ്ങള്‍ മറികടക്കാനാവാതെ എത്രയോ പേര്‍ സ്വന്തം ജീവന്‍ അവസാനിപ്പി്ച്ചിരിക്കുന്നു. അവിടെ നിന്ന് കാര്യങ്ങള്‍ ഏറെ മുന്നോട്ടുപോയിരിക്കുന്നു. അപ്പോഴും ഇവരര്‍ഹിക്കുന്നത് സഹതാപമല്ല, അവകാശമാണ് എന്ന വസ്തുത വിസ്മരിക്കപ്പെടുന്നു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന മുഴുവന്‍ മനുഷ്യാവകാശങ്ങളും ഭിന്നലിംഗക്കാര്‍ക്കും ലഭ്യമാകണം. നിയമപരമായിതന്നെ വിവേചനം അവസാനിപ്പിക്കണം. പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാനുള്ള നിയമം പോലെ, സ്ത്രീപീഡനങ്ങള്‍ക്കെതിരായ നിയമങ്ങള്‍പോലെ കര്‍ശനമായ നിയമങ്ങളിലൂടെ ഇവര്‍ക്കെതിരായ കടന്നാക്രമണങ്ങളും തടയണം. നേരത്തെ രാജ്യസഭയില്‍ ഭേദപ്പെട്ട രീതിയില്‍ ബില്ലവതരിപ്പിച്ചിരുന്നു. എന്നാല്‍ ലോകസഭയിലെത്തിയപ്പോള്‍ അതിന്റെ അന്തസത്തയില്‍ ചോര്‍ച്ചയുണ്ടായി. ആ ദിശയില്‍ മുന്നോട്ടുപോകാന്‍ കേരളത്തിലെ ഈ നയം കാരണമാകുമെന്ന് കരുതാം.
1995ലെ കെയ്‌റോ സമ്മേളനത്തിലൂടെയാണ് ലിംഗനീതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആഗോളതലത്തില്‍ സജീവമായത്. പ്രത്യുല്‍പ്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ ആരോഗ്യപ്രശ്‌നവും മറ്റുമാണ് അന്ന് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടത്. ലൈംഗികമായ അവകാശങ്ങള്‍ അന്നത്തെ അജണ്ടയില്‍ കാര്യമായി ഇടംപിടിച്ചിരുന്നില്ല. പ്രത്യൂല്‍പ്പാദനത്തിനുമാത്രമായാണ് പൊതുവില്‍ ലൈംഗികതയെ കണ്ടിരുന്നത് എന്നതായിരുന്നു അതിനുള്ള പ്രധാന കാരണം. ഇന്ന് ലൈംഗിക അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് യു എന്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട നിയമങ്ങളുണ്ടാക്കാന്‍ രാഷ്ട്രങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങള്‍ അതു കൃത്യമായി നടപ്പാക്കുന്നില്ല. എന്തിനേറെ, ഭിന്നലിംഗക്കാര്‍ക്ക് സാധാരണ രോഗങ്ങള്‍ക്കുപോലും ചികിത്സ നിഷേധിക്കുന്ന ഡോക്ടര്‍മാരും ആശുപത്രികളുമൊക്കെ ഇപ്പോഴുമുണ്ട്.
എത്രയോ കാലത്തെ പോരാട്ടങ്ങളുടെ ഭാഗമായിണ് കേരള സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു നയം പ്രഖ്യാപിക്കാന്‍ തയ്യാരായത്. സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാ്്്ക്കുന്ന ഭരണഘടനയുടെ 377-ാം വകുപ്പിനെതിരെയായിരുന്നു കൂടുതല്‍ സമരങ്ങളും നടന്നത്. ആ നിയമം ഇവിടെ നടപ്പാക്കിയ ബ്രിട്ടന്‍ പോലും എത്രയോ കാലം മുമ്പ് അതുപേക്ഷിച്ചു. 2009ല്‍ ദെല്‍ഹി ഹൈക്കോടതി പ്രസ്തുത വകുപ്പ് റദ്ദാക്കിയത് ഒരു വലിയ കാല്‍വെപ്പായിരുന്നു. സമൂഹത്തില്‍ സ്വവര്‍ഗ്ഗലൈംഗികക്കാരെ കുറെയൊക്കെ പ്രത്യക്ഷരാക്കാന്‍ അതിനു കഴിഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ 2013 സുപ്രിംകോടതി വകുപ്പ് പുനസ്ഥാപിച്ചു. മറുവശത്ത് ഭിന്നലിംഗക്കാരെ പിന്നോക്കവിഭാഗങ്ങളായി പരിഗണിച്ച് അവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്ന് 2014ല്‍ സുപ്രിംകോടതിതന്നെ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. അവര്‍ക്ക് വിദ്യാഭ്യാസവും ജോലിയും മറ്റു ക്ഷേമപദ്ധതികളുമെല്ലാം ഉറപ്പുവരുത്തണമെന്നാണ് സുപ്രിം കോടതി നിര്‍ദ്ദേശിച്ചത്. അതനുസരിച്ച് സംസ്ഥാനങ്ങള്‍ നയങ്ങളുണ്ടാക്കണമെന്നും കമ്മീഷന്‍ രൂപീകരിക്കണമെന്നും കോടതി കൂട്ടിചേര്‍ത്തു. അതിന്റെ ഭാഗമായാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്ന ഭിന്നലിംഗനയം.
നേരത്തെ സൂചിപ്പിച്ചപോലെ നിരവധി ഗുണങ്ങളും പോരായ്മകളുമടങ്ങിയതാണ് ഉഈ നയം. അടിസ്ഥാനപരമായി ഈ നയം ജെന്‍ഡറിനെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. ലൈംഗികതയെ ഒഴിവാക്കുന്നു. സ്വവര്‍ഗ്ഗ ലൈംഗിക താല്‍പ്പര്യമുള്ളവര്‍ക്ക് നയം ബാധകമല്ല എന്നു തുറന്നു പറയുന്നു. അത് ലൈംഗിക സ്വയംനിര്‍ണ്ണയാവകാശമെന്ന യുഎന്‍ പ്രഖ്യാപിത നയത്തിനു വിരുദ്ധമാണ്.
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ സംബന്ധിച്ച് കുറെയേറെ ഗുണകരമായ വശങ്ങള്‍ ബില്ലിലുണ്ട.് എന്നാല്‍ ശസ്ത്രക്രിയയിലൂടെ ലിംഗമാറ്റം നടത്തിയവരെ മാത്രമെ അത് പരിഗണിക്കുന്നുള്ളു എന്നത് പരിമിതിയാണ്. അതും ട്രാന്‍സ് വിമന്‍ എന്നു പറയുന്ന പുരുഷന്‍ സ്ത്രീയായി മാറിയവരെയാണ് മുഖ്യമായും പരിഗണിക്കുന്നത്. മറിച്ചുള്ളവരെ അനവഗണിക്കുന്നു. ട്രാന്‍സ് മെന്‍ ഒരു ശതമാനമേ വരൂ എന്നാണ് പറയുന്നത്. ്അത് ശരിയല്ല. അവര്‍ക്കിപ്പോഴും പുറത്തുവരാനാകുന്നില്ല എന്നതാണ് സത്യം. ഇനി ഒരു ശതമാനമായാലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമല്ലോ.
പി്‌ന്നോക്കക്കാരായി പരിഗണിച്ച്് എല്ലാ അവകാശവും നല്‍കണമെന്നത് വളരെ പുരോഗമനപരം തന്നെയാണ്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗത്തിന്റേയും പഠനം സ്‌കൂളില്‍ വെച്ചുതന്നെ തടസ്സപ്പെടുന്ന അവസ്ഥയാണ്. അതു മാറാതെ സംവരണം കൊണ്ട് ഗുണം ചെയ്യില്ല. ഇവരുടെ പഠനം ഉറപ്പുവരുത്താനായി അധ്യാപകരേയും മറ്റു ബന്ധപ്പെട്ടവരേയും സജ്ജരാക്കണം. ഇവരുടെ ഒന്നിച്ചുതാമസിക്കാനുള്ള അവകാശത്തേയും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശത്തേയും കുറിച്ച് നയത്തിലുണ്ട്. അതുപോലെ പൊതുസ്ഥലങ്ങലില്‍ പ്രത്യക ടോയ്‌ലറ്റുകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. അവരുടെ നിയമപരമായ അവകാശങ്ങള്‍ അംഗീകരിക്കാനും നയത്തില്‍ ജാഗ്രതയുണ്ട്. എല്ലാ അപേക്ഷാഫോമുകളിലും ഇവരുടെ കോളം വേണമെന്നും ഐഡി കാര്‍ഡുകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നു രേഖപ്പെടുത്തണെമന്നും നിഷ്‌കര്‍ഷിക്കുന്നു. തമഴ് നാട്ടിലും മറ്റും ഇ്‌പ്പോള്‍തന്നെ ആ സാഹചര്യമുണ്ട്. മറ്റൊരു പ്രധാന വിഷയം വസ്ത്രധാരണവുമായി ബന്ധപ്പെട്ടാണ്. അവരവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം അംഗീകരിക്കപ്പെടണം.
ഇവരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്താനായി കമ്മീഷന്‍ രൂപവല്‍ക്കരിക്കാനും ജസ്റ്റീസ് ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ അവയുടെ അധികാരം നിര്‍വ്വചിക്കപ്പെട്ടിട്ടില്ല. അതനിവാര്യമാണ്. കൂടാതെ ജില്ലാതലങ്ങളില്‍ സ്‌ക്രീനിംഗ് ബോര്‍ഡും ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്ററും സ്ഥാപിക്കണം. അവയുടേയും അധികാരം നിര്‍വ്വചിക്കുന്നില്ല എന്നത് പരിമിതിയാണ്.
ഇവരുടെ ആരോഗ്യവിഷയവുമായി ബന്ധപ്പെട്ട് നയത്തില്‍ കാര്യമായ പരാമര്‍ശങ്ങള്‍ ഇല്ല എന്നു പറയാതെവയ്യ. ലിംഗമാറ്റ ശസ്ത്രക്രിയകള്‍ അവകാശമായി അംഗീകരിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കണം. ഇപ്പോള്‍ ബാഗ്ലൂരിലും മറ്റും രഹസ്യമായാണ് ശസ്ത്രക്രിയകള്‍ നടക്കുന്നത്. അവ പലപ്പോഴും അപകടകരമാണെന്നു മാത്രമല്ല, വളരെ ചിലവേറിയതുമാണ്. ഈ അവസ്ഥ മാറണം.
ഇന്റര്‍ സെക്‌സ് ആയി പിറക്കുന്ന കുഞ്ഞുങ്ങളുടെ കാര്യവും വളരെ പ്രധാനമാണ്. ഇപ്പോള്‍ ഡോക്ടര്‍മാരും രക്ഷാകര്‍ത്താക്കളുമാണ് അവരെന്താകണമെന്ന് തീരുമാനിക്കുന്നത്. അത് മാറണം. വളരുന്നതിനനുസരിച്ച് അക്കാര്യം തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കുതന്നെ നല്‍കണം. അതുവരെ അവരെ മറ്റുള്ളവരെപോലെ തന്നെ തുല്ല്യരായി കണക്കാക്കണം.
പൊതുവില്‍ ഉപയോഗിക്കപ്പെടുന്ന തേഡ് ജെന്റര്‍ എന്ന വാക്കിനെതിരെ ഇവര്‍ക്കിടയില്‍ നിന്ന് പ്രതിഷേധമുണ്ട്. അത്തരത്തില്‍ നമ്പറിട്ട് തങ്ങളെ മൂന്നാംതരക്കാരാക്കേണ്ട എന്ന വാദത്തിനു പ്രസക്തിയുണ്ട്. അതുപോലെ ട്രാന്‍സ്‌ജെന്റര്‍ എന്ന വാക്കുപയോഗിക്കുമ്പോഴും അതിനകത്തെ വൈവിധ്യങ്ങള്‍ അംഗീകരിക്കണം. ജെന്‍ഡറിനൊപ്പം ലൈംഗികതയും നയത്തിലുള്‍പ്പെടുത്തണം.
ഇങ്ങനെയൊക്കെയായാലും ഇതൊരു കാല്‍വെപ്പുതന്നെ എന്നംഗീകരിച്ച്, കൂടുതല്‍ ചര്‍ച്ചകളിലൂടേയും നിര്‍ദ്ദേശങ്ങളിലൂടേയും നയത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കാനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തേണ്ടത്.

ജനനീതി തൃശൂരില്‍ സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply