ഭാംഗറില്‍ നടക്കുന്നത്

കെ എന്‍ രാമചന്ദ്രന്‍ / ഐ ഗോപിനാഥ് നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ അഖിലേന്താനേതാവിനെ നിയമവിരുദ്ധമായി പോലീസ് തന്നെ തട്ടിക്കൊണ്ടുപോകുക.. കണ്ണുകെട്ടി അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്യുക.. കയ്യിലെ പണവും ഫോണും പിടിച്ചെടുത്ത് ട്രെയിന്‍ കയറ്റിവിടുക.. അതാണ് കഴിഞ്ഞ 22ന് ബംഗാളില്‍ സംഭവിച്ചത്. സമകാലിക ചരിത്രത്തില്‍ നിന്നു പോലും പാഠം പഠിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തയ്യാറല്ല എന്നര്‍ത്ഥം. ദശകങ്ങളോളം ബംഗാളിനെ ഉരുക്കുമുഷ്ടിയില്‍ പിടിച്ചുനിര്‍ത്തിയ സിപിഎം ഇന്നവിടെ ഒന്നുമല്ലാതായതിന് കാരണം സിംഗൂരും നന്ദിഗ്രാമുമാണെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം. വികസനത്തിന്റെ പേരുപറഞ്ഞ് […]

struggle

കെ എന്‍ രാമചന്ദ്രന്‍ / ഐ ഗോപിനാഥ്

നിയമവിധേയമായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയുടെ അഖിലേന്താനേതാവിനെ നിയമവിരുദ്ധമായി പോലീസ് തന്നെ തട്ടിക്കൊണ്ടുപോകുക.. കണ്ണുകെട്ടി അജ്ഞാതകേന്ദ്രത്തില്‍ ചോദ്യം ചെയ്യുക.. കയ്യിലെ പണവും ഫോണും പിടിച്ചെടുത്ത് ട്രെയിന്‍ കയറ്റിവിടുക.. അതാണ് കഴിഞ്ഞ 22ന് ബംഗാളില്‍ സംഭവിച്ചത്. സമകാലിക ചരിത്രത്തില്‍ നിന്നു പോലും പാഠം പഠിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തയ്യാറല്ല എന്നര്‍ത്ഥം. ദശകങ്ങളോളം ബംഗാളിനെ ഉരുക്കുമുഷ്ടിയില്‍ പിടിച്ചുനിര്‍ത്തിയ സിപിഎം ഇന്നവിടെ ഒന്നുമല്ലാതായതിന് കാരണം സിംഗൂരും നന്ദിഗ്രാമുമാണെന്ന് ഏതു കൊച്ചുകുട്ടിക്കുമറിയാം. വികസനത്തിന്റെ പേരുപറഞ്ഞ് കര്‍ഷകരുടെ ഫലഭൂയിഷ്ടമായ ഭൂമി തട്ടിയെടുക്കാനുള്ള തീരുമാനത്തിനെതിരെ നടന്ന ഐതിഹാസികമായ പോരാട്ടത്തെ ഗുണ്ടകളേയും പോലീസിനേയും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ച സിപിഎമ്മിന് ജനം മറുപടി നല്‍കിയത് ബാലറ്റിലൂടെയായിരുന്നു. ആ പോരാട്ടങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് അധികാരത്തിലെത്തിയ മമതയിതാ ഭാംഗറില്‍ ആവര്‍ത്തിക്കുന്നത് അതേ ചരിത്രം. അവിടെ 16 ഏക്കര്‍ കൃഷിഭൂമി സ്ഥാപിക്കാന്‍ പോകുന്ന വന്‍കിട പവര്‍ ഗ്രിഡും സപ്ലേ ലൈനുകളും ബാധിക്കാന്‍ പോകുന്നത് നൂറോളം ഗ്രാമങ്ങളെയാണ്. പദ്ധതിക്കെതിരെ ജനങ്ങള്‍ സിംഗൂരിനേയും നന്ദിഗ്രാമിനേയും അനുസ്മരിപ്പിക്കവിധം ശക്തമായ പോരാട്ടത്തിലാണ്. ജനകീയ സമരത്തില്‍ സജീവമായ സിപഐ എം എല്‍ റെഡ് സ്റ്റാര്‍ അഖിലേന്ത്യാ സെക്രട്ടറി കെ എന്‍ രാമചന്ദ്രനെയാണ് ജനുവരി 22ന് കല്‍ക്കട്ടിയില്‍ വെച്ച് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ടുപോയത്. തന്റെ അനുഭവങ്ങളെ കുറിച്ചും ഭാംഗറില്‍ നടക്കുന്ന ജനകീയ സമരത്തെ കുറിച്ചും കെ എന്‍ സംസാരിക്കുന്നു.

എന്താണ് ഭാംഗറിലെ ഇന്നത്തെ അവസ്ഥ? സിംഗൂരിലേയും നന്ദിഗ്രാമിലേയും പോരാട്ടങ്ങളുമായി ഭാംഗറിനെ താരതമ്യപ്പെടുത്തുന്നതെന്തുകൊണ്ടാണ്?

അന്നത്തെ നന്ദിഗ്രാമിലേയും സിംഗൂരിലേയും സ്ഥിതിഗതികളേക്കാള്‍ എത്രയോ ഭയാനകവും ഗുരുതരവുമാണ് ഭാംഗറിലെ അവസ്ഥ. അതേസമയം സമരത്തിന്റെ കാരണങ്ങളിലും സ്വഭാവത്തിലും സാദൃശ്യമുണ്ട്. വികസനമെന്ന് ഭരണകൂടം വിശേഷിപ്പിക്കുന്ന പദ്ധതികള്‍ക്കായി ഫലഭൂയിഷ്ടമായ കൃഷിഭൂമി പിടിച്ചെടുക്കുന്നതിനെതിരെയാണ് ഈ സമരങ്ങളെല്ലാം തന്നെ. ഭാംഗറില്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷനുവേണ്ടിയാണ് കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്കോ എതിര്‍പ്പിനോ ഒരു പരിഗണനയും കൊടുക്കാതെ കൃഷിഭൂമി ബലമായി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. മൂന്നു പൂ കൃഷിചെയ്യുന്ന ഫലഭൂയിഷ്ടമായ ഭൂമിയാണ് വികസനത്തിന്റെ പേരില്‍ നശിപ്പിക്കുന്നത്. കര്‍ഷകരുടെ സമ്മതമോ ഏതെങ്കിലും വിധത്തിലുള്ള നഷ്ടപരിഹാരമോ നല്‍കാതെയാണ് ഈ നടപടി. നിരവധി കുളങ്ങള്‍, മത്സ്യകൃഷി, പച്ചക്കറികള്‍ തുടങ്ങിയ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ കൃഷിഭൂമി. ഇവിടത്തെ മഹാഭൂരിപക്ഷവും ചെറുകിട കര്‍ഷകരാണ്. അവരിലാകട്ടെ 95 ശതമാനും മുസ്ലിം വിഭാഗത്തില്‍ പെട്ടവര്‍. സച്ചാര്‍ കമ്മീഷന്‍ പറയുന്ന പോലെ ബംഗാളിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങള്‍. അവരുടെ അന്നമാണ് സര്‍ക്കാര്‍ തട്ടിയെടുക്കുന്നത്.

പദ്ധതിക്കെതിരായുള്ള സമരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?

14 ഗ്രാമങ്ങളിലെ 10 ലക്ഷത്തോളം വരുന്ന ജനങ്ങളാണ് സമരരംഗത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ ഇവരുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 22ന് 15000ത്തോളം പേരാണ് രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്തത്. അന്നും തങ്ങള്‍ ചര്‍ച്ചക്കു തയ്യാറാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ ഇതുവരേയും അതിനു തയ്യാറായിട്ടില്ലെന്നു മാത്രമല്ല, മുന്‍സര്‍ക്കാരിനെപോലെ ജനകീയപ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് ശക്തമായിട്ടുള്ളത്. അതേതുടര്‍ന്നാണ് ജനുവരി 11ന് ഒരു ലക്ഷത്തോളം പേര്‍ റോഡുകള്‍ ഉപരോധിച്ചത്. കര്‍ഷകരല്ലാത്തവരടക്കും മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായാണ് സമരത്തില്‍ അണി നിരന്നിട്ടുള്ളത്. അക്ഷരാര്‍ത്ഥത്തില്‍ ജനകീയസമരം തന്നെയാണിത്. നാടിന്റെ എല്ലാ ഭാഗത്തും ജനകീയസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. “ഭൂമിയും ജീവിതവും പരിസ്ഥിതിയു സംരക്ഷിക്കാനുള്ള സമിതി“ എന്നാണ് ഈ സമിതികള്‍ക്ക് പേര്‍ കൊടുത്തിരിക്കുന്നത്. ഞങ്ങളുടെ പാര്‍ട്ടി സഖാക്കള്‍ ഈ സമിതികളില്‍ വളരെ സജീവമാണ്.

എങ്ങനെയാണ് സര്‍ക്കാര്‍ സമരത്തെ നേരിടുന്നത്?

സ്ഥലം എം എല്‍ എയും മന്ത്രിയുമായ രാജാ മുള്ളയാണ് സമരത്തെ തകര്‍ക്കാന്‍ മുന്‍ നിരയിലുള്ളത്. നേരത്തെ ഇയാള്‍ സിപിഎം നേതാവും റവന്യൂ മന്ത്രിയുമായിരുന്നു. സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ സംഭവിച്ചപോലെ ഗുണ്ടകളാണ് പോലീസിനൊപ്പം ജനങ്ങളെ അടിച്ചമര്‍ത്താന്‍ രംഗത്തിറങ്ങിയിറക്കുന്നത്.

പവര്‍ഗ്രിഡിന്റെ പ്രോജക്ടിന്റെ സ്വഭാവമെന്താണ്?

ഇന്ത്യന്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷനുവേണ്ടി മൂന്നു വന്‍കിട ടവറുകളാണ് സര്‍ക്കാരിന്റെ പദ്ധതിയിലുള്ളത്. 15 ഏക്കര്‍ ഭൂമിയിലാണ് സ്‌റ്റേഷന്‍ സ്ഥാപിക്കു്‌നനത്. അതുമായി ബന്ധപ്പെട്ട് 22000 കെവിയുടെ മൂന്നു ലൈനുകളാണ് 100 കണക്കിനു ഗ്രാമങ്ങളിലൂടെ കടന്നുപോകുന്നത്. 440 – 220 കെ വി പവര്‍ ഗ്രിഡ് ലൈനിന് 953 കി മി നീളമുണ്ട്. ഇതില്‍ 480 കിമി ബംഗാളിലും ബാക്കി ബീഹാറിലുമാണ്. 1200 കോടിയാണ് പദ്ധതിയുടെ ചിലവ്. റോഡുകളുടെ വശങ്ങളിലൂടെയാണ് ഇവ കടന്നുപോകുക എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സംഭവിക്കുന്നത് അതല്ല. ജനനിബിഡമായ ഗ്രാമങ്ങളിലൂടേയും കൃഷിയിടങ്ങളിലൂടേയുമാണ് ഇവ കടന്നു പോകുക.

എന്താണ് ഇതുയര്‍ത്തുന്ന പ്രധാന ഭീഷണി?

കര്‍ഷകരുടെ ഭൂമി നഷ്ടപ്പെടുന്നതു മാത്രമല്ല പ്രശ്‌നം. വളരെയധികം പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇതു സൃഷ്ടിക്കുന്നു. ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സള്‍ഫര്‍ ഹെക്‌സാ ഫ്‌ളൂറൈഡ് എന്ന വാതകത്തിന്റെ ആഗോളതാപന സാധ്യത കാര്‍ബണ്‍ ഡയോക്‌സൈഡിന്റേതിനേക്കാള്‍ 23900 മടങ്ങാണ്. പ്രതിവര്‍ഷം 10000 ടണ്‍ സള്‍ഫര്‍ ഹെക്‌സാ ഫ്‌ളൂറൈഡാണ് ഉല്‍പ്പാദിപ്പിക്കപ്പെടുക. അതിശക്തമായ വൈദ്യുത കാന്തിക പ്രേരണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ വേറെ. മനുഷ്യരേയും മൃഗങ്ങളേയും സസ്യങ്ങളേയുമെല്ലാം അത് ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഈ പദ്ധതിയെ എങ്ങനെയാണ് കാണുന്നത്?

തികച്ചും ജനദ്രോഹവും നിയമവിരുദ്ധവുമായ ഈ നടപടിക്ക് എല്ലാ പാര്‍ട്ടികളും കൂട്ടുനില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റേയും നയമിതാണ് എന്നതിനാല്‍ ബിജെപി മൗനമാണ്. നേരത്തെ ഈ മേഖലയിലെ ഏറ്റവും വലിയ പാര്‍ട്ടിയായിരുന്ന സിപിഎമ്മും അനങ്ങുന്നില്ല. സത്യത്തില്‍ അവര്‍ ഉള്ളില്‍ സന്തോഷിക്കുകയാണ്. കോണ്‍ഗ്രസ്സിനുമില്ലല്ലോ മറ്റൊരു വികസന കാഴ്ചപ്പാട്. എന്തിനേറെ സിപിഐ എം എല്‍ ലിബറേഷന്‍, എസ് യു സി ഐ പോലുള്ള പാര്‍ട്ടികള്‍ പോലും സിപിഎമ്മിനൊപ്പമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് വലിയ ശക്തിയൊന്നുമല്ലെങ്കിലും ജനങ്ങള്‍ ഞങ്ങളെ സമീപിച്ചത്. ഞങ്ങളീ വിഷയത്തില്‍ എടുത്തുചാടുകയായിരുന്നില്ല. നിരവധി വിദഗ്ധരും ശാസ്ത്രജ്ഞരുമൊക്കെയായി ചര്‍ച്ച ചെയ്താണ് ജനങ്ങളുടെ ആവശ്യം ന്യായമാണെന്ന നിഗമനത്തില്‍ ഞങ്ങളെത്തിയത്. അങ്ങനെയാണ് ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് ജനങ്ങള്‍ സമരരംഗത്തിറങ്ങിയത്. എന്നാല്‍ ജനങ്ങളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാതെ ഗുണ്ടകളേയും പോലീസിനേയും ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. റോഡുകള്‍ ബ്ലോക്ക് ചെയ്തുള്ള വന്‍ജനമുന്നേറ്റത്തിനുശേഷവും അതേ വഞ്ചന ആവര്‍ത്തിക്കുകയായിരുന്നു.

സ്ഥലത്തെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?

ഇക്കഴിഞ്ഞ 15-ാം തിയതിക്കുശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളായി. സമിതി നേതാക്കളായ 11 പേരെ ആദ്യം അറസ്റ്റ് ചെയ്തു. 16-ാം തിയതി ഗുണ്ടകളും പോലീസും ചേര്‍ന്ന് സമരമേഖലകളില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടു. അതിനെതിരെ 17ന് പതിനായിരത്തോളം പേര്‍ പ്രകടനം നടത്തി. ആ പ്രകടനത്തിനുനേരെ പോലീസ് യൂണിഫോമിട്ട ഗുണ്ടകള്‍ അക്രമമഴിച്ചുവിട്ടു. സ്വാഭാവികമായും ജനങ്ങള്‍ ചെറുക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ മരിക്കുകയായിരുന്നു. മൊഫിജ്ജുല്‍ ഖാനും ആലം മൊല്ലയും. ഒരാള്‍ വിദ്യാര്‍ത്ഥിയും ഒരാള്‍ യുവകര്‍ഷകനും. സ്വാഭാവികമായും ജനങ്ങള്‍ പ്രകോപിതരായി. ഗുണ്ടകളെല്ലാം ഓടി രക്ഷപ്പെട്ടു. ഗ്രാമങ്ങളിലേക്കുള്ള വഴികളെല്ലാം ജനങ്ങള്‍ അടച്ചു. എല്ലായിടത്തും വളണ്ടിയര്‍മാരെ കാവല്‍ നിര്‍ത്തി. 14 ഗ്രാമങ്ങള്‍ പരിപൂര്‍ണ്ണമായി ജനങ്ങളുടെ നിയന്ത്രണത്തിലായി. 18-ാം തിയതി സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രതിഷേധദിനമാചരിച്ചു. കൊല്‍ക്കത്തയില്‍ പതിനായിരങ്ങള്‍ മാര്‍ച്ച് നടത്തി. വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും ബുദ്ധിജീവികളും എഴുത്തുകാരുമെല്ലാം രംഗത്തിറങ്ങി. വിവിധവിഭാഗം ജനങ്ങള്‍ ഉള്‍പ്പെടുന്ന സമരസഹായസമിതികളും രൂപീകൃതമായി. മറുവശത്ത് പോലീസും ഗുണ്ടകളുമായി 1000-1500 ഓളം പേരാണ് പ്രദേശത്ത് സംഘടിച്ചിട്ടുള്ളത്. എപ്പോള്‍ വേണമെങ്കിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

താങ്കള്‍ക്കുണ്ടായ അനുഭവം വിവരിക്കാമോ?

ഇത്തരമൊരു സാഹചര്യത്തിലാണ് 24-ാം തിയതി ഞങ്ങളുടെ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഡെല്‍ഹിയില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കൊല്‍ക്കത്ത റെയില്‍വേ സ്‌റ്റേഷനിലെത്തിയ എന്നെ ആറംഗസംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നവകാശപ്പെട്ട അവര്‍ കണ്ണുകള്‍ മൂടിക്കെട്ടിയാണ് കാറില്‍ കൊണ്ടുപോയത്. വിനോദ് എന്ന പേരുള്ള ഒരു മലയാളി ഉദ്യോഗസ്ഥനായിരുന്നു എന്നെ ചോദ്യം ചെയ്തത്. സമരവേദിയിലേക്കുപോകാതെ എത്രയും വേഗം ഡെല്‍ഹിക്കു തിരിച്ചുപോകാനായിരുന്നു അവരുടെ ആവശ്യം. നിയമവിരുദ്ധമായ ആ ആവശ്യം അംഗീകരിക്കാന്‍ ഞാന്‍ തയ്യാറായില്ല. 24 മണിക്കൂറിനു ശേഷം 23ന് അവര്‍ എന്നെ ബലമായി ട്രെയിനില്‍ കയറ്റി വിടുകയായിരുന്നു. കയ്യിലുണ്ടായിരുന്ന 3000 രൂപയും മൊബൈല്‍ ഫോണും അവര്‍ വാങ്ങി വെക്കുകയും ചെയ്തു. അഞ്ചുപൈസയില്ലാതെയാണ് ഞാന്‍ ഡെല്‍ഹിയിലെത്തിയത്. ഞാനില്ലെങ്കിലും പാര്‍ട്ടിയുടെ പല നേതാക്കളും സ്ഥലത്തെത്തി. പിന്നീട് അവരില്‍ പലരേയും കസ്റ്റഡിയിലെടുത്തു. കേന്ദ്രകമ്മിറ്റിയംഗവും, അകഞണഛ മഹിളാ സംഘടനയുടെ സംസ്ഥാന കമ്മിറ്റിയംഗവുമായ ശര്‍മ്മിഷ്ഠ ചൗധരിയെ കല്‍ക്കത്തയില്‍ നിന്ന് പോലീസ് അറസ്റ്റ്‌ചെയ്തു. നന്ദിഗ്രാം, സിംഗൂര്‍ കര്‍ഷക സമരങ്ങള്‍ക്കെതരെ സിപിഎം സ്വീകരിച്ച അതേ നിലപാടാണ് ഭാംഗറില്‍ മമതയും സ്വീകരിക്കുന്നതെന്നു വ്യക്തം. സിപിഎമ്മിനു ജനങ്ങള്‍ നല്‍കിയ ശിക്ഷയില്‍ നിന്ന് പാഠം പഠിക്കാന്‍ തൃണമൂലിനു കഴിയുന്നില്ല എന്നതാണ് സഹതാപകരം. സിപിഎം നടത്തിയ ഗുണ്ടായിസം തന്നെയാണിവരും ആവര്‍ത്തിക്കുന്നത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന അവിടെനിന്ന് 6 തവണയാണ അവര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇന്ന് അവിടെ അവരുടെ സാന്നിധ്യം പോലുമില്ല. അതെങ്കിലും തൃണമൂല്‍ ഓര്‍ക്കുന്നില്ല. പക്ഷെ അതെല്ലാം അവഗണിച്ച് പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള ജനങ്ങളുടെ പ്രക്ഷോഭം വ്യാപിക്കുകയാണ്. സമീപജില്ലകളിലെല്ലാം പ്രക്ഷോഭം വ്യാപിക്കുകയാണ്. ഇനിയെങ്കിലും പ്രശ്‌നപരിഹാരത്തിനു തയ്യാറായില്ലെങ്കില്‍ പൂര്‍ണ്ണമായ നാശത്തിലേക്കാണ് ടി എം സിയുടെ പോക്കെന്നതില്‍ സംശയമില്ല.

മാധ്യമം ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂവില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply