ഭക്ഷ്യ സ്വാശ്രയത്വത്തിനു സമയമായി

ദൈനം ദിനജീവിതത്തിനാവശ്യമായ എല്ലാ കാര്യങ്ങളിലും ഒരു പ്രദേശം സ്വാശ്രയമാകുക എളുപ്പമല്ല. അതിനത്ര നിര്‍ബന്ധം പിടിക്കാനാവുകയുമില്ല. കാരണം ലോകത്തെവിടേയും ഉല്‍പ്പാദിപ്പിക്കുന്ന എന്തും എവിടേയും എത്തുന്ന സാഹചര്യമാണല്ലോ നിലവിലുള്ളത്. ചെയ്യേണ്ടത് അതിലെ ഭീകരമായ ചൂഷണം അവസാനിപ്പിക്കുകയാണ്. അവിടെയാണ് സര്‍ക്കാരുകളുടെ മിടുക്ക് പ്രകടമാകേണ്ടത്. അതേസമയം ഓരോ സമൂഹവും നിര്‍ബന്ധമായും സ്വാശ്രയത്വം നേടേണ്ട ചില മേഖലകളുണ്ട്. സ്വാഭാവികമായും അതില്‍ മുഖ്യം ഭക്ഷ്യമേഖലതന്നെ. കേരളത്തെ സംബന്ധിച്ചു പറയുകയാണെങ്കില്‍ അരി, പച്ചക്കറി, ഇറച്ചി എന്നിവയിലെങ്കിലും സ്വാശ്രയത്വം നേടേണ്ടതുണ്ട്. അതില്ലാത്തതിന്റെ പ്രശ്‌നങ്ങളാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. ഓണം ആസന്നമായ […]

f

ദൈനം ദിനജീവിതത്തിനാവശ്യമായ എല്ലാ കാര്യങ്ങളിലും ഒരു പ്രദേശം സ്വാശ്രയമാകുക എളുപ്പമല്ല. അതിനത്ര നിര്‍ബന്ധം പിടിക്കാനാവുകയുമില്ല. കാരണം ലോകത്തെവിടേയും ഉല്‍പ്പാദിപ്പിക്കുന്ന എന്തും എവിടേയും എത്തുന്ന സാഹചര്യമാണല്ലോ നിലവിലുള്ളത്. ചെയ്യേണ്ടത് അതിലെ ഭീകരമായ ചൂഷണം അവസാനിപ്പിക്കുകയാണ്. അവിടെയാണ് സര്‍ക്കാരുകളുടെ മിടുക്ക് പ്രകടമാകേണ്ടത്.
അതേസമയം ഓരോ സമൂഹവും നിര്‍ബന്ധമായും സ്വാശ്രയത്വം നേടേണ്ട ചില മേഖലകളുണ്ട്. സ്വാഭാവികമായും അതില്‍ മുഖ്യം ഭക്ഷ്യമേഖലതന്നെ. കേരളത്തെ സംബന്ധിച്ചു പറയുകയാണെങ്കില്‍ അരി, പച്ചക്കറി, ഇറച്ചി എന്നിവയിലെങ്കിലും സ്വാശ്രയത്വം നേടേണ്ടതുണ്ട്. അതില്ലാത്തതിന്റെ പ്രശ്‌നങ്ങളാണ് നാമിന്ന് അഭിമുഖീകരിക്കുന്നത്. ഓണം ആസന്നമായ ഈ അവസരമെങ്കിലും ഈ മേഖലയിലെ സ്വാശ്രയത്വത്തെ കുറിച്ച് ചിന്തിക്കാനും നടപടിയെടുക്കാനുമുള്ള നിമിത്തമായി മാറണം.
തമിഴ് നാട്ടില്‍ ലോറി പണിമുടക്കോ കര്‍ഷക പണിമുടക്കോ ഉണ്ടായാല്‍ കേരളം പട്ടിണി കിടക്കുമെന്ന് പണ്ടേ പറയാറുള്ളതാണ്. ഈ ഓണത്തിലെ പ്രധാന ചര്‍ച്ചാവിഷയവും ഇതായിരിക്കുന്നു. തമിഴ് നാട്ടില്‍ നിന്നുവരുന്ന പച്ചക്കറികള്‍ പരിശോധിക്കാനുള്ള തീരുമാനം, ഗോവധനിരോധനത്തിന്റെ പേരില്‍ ആടുമാടുകളെ തടയല്‍, കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ ആന്ധ്രയില്‍ നിന്നുള്ള അരിവരവ് നിലക്കല്‍ എന്നിവയാണ് ഇത്തരമൊരു അവസ്ഥക്കു പ്രധാനകാരണം. ഓണത്തിനാവശ്യമായ പൂക്കള്‍ പോലും പുറത്തുനിന്നു വരുന്ന അവസ്ഥ നിലനില്‍ക്കുന്ന ഒരു സംസ്ഥാനം വാസത്വത്തില്‍ ഇതര്‍ഹിക്കുന്നതുതന്നെ.
ഉല്‍പ്പാദനത്തിനുള്ള സാഹചര്യമില്ലെങ്കില്‍ മറ്റു പ്രദേശങ്ങളെ ആശ്രയിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ അരിയുടേയും പച്ചക്കറിയുടേയും കാര്യത്തില്‍ അതല്ല കാരണമെന്നത് പകല്‍ പോലെ വ്യക്തം. കുറച്ചുകാലമായി നാം പിന്തുടരുന്ന തെറ്റായ നയങ്ങളും പ്രബുദ്ധരെന്നഹങ്കരിക്കുന്ന കേരളീയ സമൂഹത്തിന്റെ പ്രബുദ്ധതയില്ലായ്മയും മിഥ്യാധാരണകളും അഹങ്കാരവുമാണ് ഇത്തരമൊരവസ്ഥ സംജാതമാകാനുള്ള കാരണം.
ഏതാനും ദശകം മുമ്പുവരെ ഇക്കാര്യത്തില്‍ നാം സ്വാശ്രിതരായിരുന്നു. കൊട്ടിഘോഷിച്ചു നടപ്പാക്കിയ വിപ്ലവകരമായ നടപടികള്‍ക്കുശേഷമാണ് അത് നഷ്ടപ്പെട്ടത് എന്നതാണാണ് വൈരുദ്ധ്യം. മുഖ്യമായും ഉദ്ദേശിച്ചത് ഭൂപരിഷ്‌കണനിയമം തന്നെ. നടപ്പാക്കിയ പരിപാടികളില്‍ ഊറ്റം കൊണ്ട് തുടര്‍ച്ചയായി മറ്റൊന്നും ചെയ്യാതിരുന്നതുമൂലം അതിന്റെ ആത്യന്തികമായ ഫലം പരാജയമായിരുന്നു. അടിസ്ഥാനപരമായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായില്ലെങ്കില്‍ പരാജയം എന്നല്ലാതെ മറ്റെന്താണ് പറയുക? കാര്‍ഷികപരിഷ്‌കരണം മൂലം സംഭവിച്ചത് ഭൂമിയുടെ തുണ്ടുവല്‍ക്കരണം മാത്രമായിരുന്നു. മണ്ണില്‍ അദ്ധ്വാനിച്ചിരുന്ന യഥാര്‍ത്ഥ കര്‍ഷകര്‍ക്കായിരുന്നില്ലല്ലോ ഭൂമി ലഭിച്ചത്. മിക്കവാറുമത് ഇടനിലക്കാര്‍ക്കായിരുന്നു. അവര്‍ക്കാകട്ടെ കൃഷി പ്രധാനപ്പെട്ട ഒന്നായിരുന്നില്ല താനും. അപ്പോള്‍ പിന്നെ സംഭവിക്കേണ്ടതെന്തോ അതു സംഭവിച്ചു. കൃഷിഭൂമി തരിശിടല്‍, നികത്തല്‍, കളിമണ്ണെടുക്കല്‍, മണിമാളികളുയരല്‍ എന്നിങ്ങനെ കേരളം അതിവേഗം കുതിക്കുകയായിരുന്നു. ജനസാന്ദ്രതയും ഭൂമിലഭ്യതകുറവും പ്രവാസികളില്‍ നിന്നുള്ള പണപ്രവാഹവും അണുകുടുംബസംവിധാനവും മാര്‍ക്‌സിനു വേരോട്ടമുള്ള മണ്ണായിട്ടും അധ്വാനത്തോടുള്ള നിഷേധാത്മക മനോഭാവവും ഉപഭോഗസംസ്‌കാരവുമെല്ലാം ചേര്‍ന്ന പ്രതേക അവസ്ഥയില്‍ കൃഷിയില്‍ താല്‍പ്പര്യമില്ലാത്തവര്‍ ഭൂമി മറ്റു കാര്യങ്ങള്‍ക്കുപയോഗിക്കുകയല്ലാതെ മറ്റെന്തു ചെയ്യും? സ്വാഭാവികമായും അതാണ് ലാഭമെന്നവര്‍ ചിന്തിക്കാതിരിക്കുന്നതെങ്ങിനെ? അതിനിടയില്‍ യന്ത്രവല്‍ക്കരണത്തോടുള്ള നിഷേധാത്മക നിലപാടു കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി. വെട്ടിനിരത്തലിലൂടെ ഇതിനു പരിഹാരം കാണാമെന്ന ധാരണ മണ്ടത്തരമാണ്. മറുവശത്ത് തോട്ടം മേഖലയെ കാര്‍ഷിക പരിഷ്‌കരണത്തില്‍ നിന്നുതന്നെ നാം ഒഴിവാക്കുകയായിരുന്നു.
ഇത്തരമൊരവസ്ഥയില്‍ തമിഴ്‌നാടും ആന്ധ്രയുമൊക്കെയാണ് നമുക്ക് പച്ചക്കറികളും അരിയും മാംസവുമൊക്കെ തന്നത്. അപ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കേരളമെന്ന വലിയ മാര്‍ക്കറ്റ് കയ്യില്‍ ലഭിച്ചതോടെ തമിഴ് നാട്ടില്‍ പച്ചക്കറി കൃഷി വന്‍തോതില്‍ വളര്‍ന്നു. മുമ്പ് കേരളത്തില്‍ തൊഴില്‍ ചെയ്തു ജീവിച്ചവരില്‍ ബഹുഭൂരിഭാഗവും തിരിച്ചുപോയി കൃഷിയിലേര്‍പ്പെട്ടു. കൃഷിക്കാര്‍ക്കാവശ്യമായ സഹായങ്ങളൊക്കെ സര്‍ക്കാര്‍ ചെയ്തു കൊടുത്തു. സ്വാഭാവികമായും കൃഷിയുടെ വളര്‍ച്ചയുടെ ഭാഗമായി കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. (നമ്മള്‍ കാസര്‍കോടും മറ്റും എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചപോലെ) വിഷം കലര്‍ന്ന പച്ചക്കറിയുടെ ഉപഭോക്താക്കളായി നാം മാറി. പല വിദേശരാജ്യങ്ങളിലും പടര്‍ന്നു പന്തലിക്കുന്ന ഫയര്‍ ഡിലും നമുക്കന്യമായിരുന്നു. ഒരു ഉല്‍പ്പന്ന വാങ്ങുമ്പോള്‍ അതിനുപിന്നിലെ എതിക്‌സ് കൂടി പരിശോധിക്കാന്‍ നാം തയ്യാറായില്ല. കീടനാശിനികളുടെ അമിതോപയോഗമുണ്ടോ, തൊഴിലാലികള്‍ക്ക് മാന്യമായ കൂലി നല്‍കുന്നുണ്ടോ, ബാലവേലയുണ്ടോ, പരിസ്ഥിതി നശീകരണമുണ്ടോ എന്നൊന്നും പരിശോധിക്കാതെ ലാഭത്തില്‍ കിട്ടുന്ന എന്തും വാങ്ങുന്നവരാണല്ലോ നാം. (ചൈനീസ് ഉല്‍പ്പന്നങ്ങള്‍ മറ്റൊരുദാഹരണം) അങ്ങനെയാണ് തമിഴ്‌നാട് പച്ചക്കറികള്‍ നമ്മുടെ മാര്‍ക്കറ്റ് കീഴടക്കിയത്. കോഴിയിറച്ചി, മാട്ടിറച്ചി എന്നിവയുടെ കാര്യത്തിലും അവസ്ഥ സമാനം. ചെറുകിട സംരംഭകരെപോലും ബൂര്‍ഷ്വാസിയായി ആരോപിക്കുമ്പോള്‍ എങ്ങനെ കോഴികൃഷിക്കാരും കച്ചവടക്കാരും നിലനില്‍ക്കും? തങ്ങള്‍ക്കനുകൂലമായ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ തമിഴ് നാട്ടില്‍ നിന്നു വരുന്ന കോഴികളെ വാങ്ങി ചെറിയ മാര്‍ജിനില്‍ വില്‍ക്കുമാത്രമായി അവരുടെ തൊഴില്‍. നെല്‍പ്പാടങ്ങളെല്ലാം ഇല്ലാതായപ്പോള്‍ ആന്ധ്ര കര്‍ഷകരായി നമുക്കാശ്രയം. അവിടെ നിന്ന് അരി വാങ്ങി കുറഞ്ഞ വിലക്ക് വിറ്റ് കയ്യഠി വാങ്ങുമ്പോള്‍, അതിന്റെ വില കൊടുക്കാന്‍ സര്‍ക്കാരുകള്‍ മറന്നുപോയി. കോടികള്‍ കുടിശികയുള്ളപ്പോള്‍ അവരിനി അരി തരുമോ?
കാര്യങ്ങള്‍ ഇത്രേത്തോളമായിട്ടും ക്രിയാത്മകമായല്ല സര്‍്ക്കാരിന്റെ പ്രതികരണം. നമുക്ക് അരി തന്നി്‌ലെങ്കില്‍ ആന്ധ്രയിലെ കര്‍ഷകര്‍ക്കും പച്ചക്കറി തന്നില്ലെങ്കില്‍ തമിഴ് നാട്ടിലെ കര്‍ഷകര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ല എന്നും അവര്‍ മുട്ടുമടക്കുമെന്നുമാണ് പരോക്ഷമായി സര്‍ക്കാര്‍ പറയുന്നത്. ശരിയായ സമീപനമല്ല അത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള അവസരമായിട്ടെങ്കിലും ഇതിനെ മാറ്റുകയാണ് വേണ്ടത്. തീര്‍ച്ചയായും പച്ചക്കറി മേഖലയില്‍ ചെറിയ ഉണര്‍വുണ്ട്. നിരവധി പേര്‍ സ്വന്തം വീട്ടുവളപ്പില്‍ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. തോമസ് ഐസകിന്റെ നേതൃത്വത്തില്‍ സിപിഎം ഈ മേഖലയില്‍ സജീവമാകുന്നുണ്ട്. സര്‍ക്കാരും അതിനായി ശ്രമിക്കണം. സര്‍ക്കാരിനു ചെയ്യാവുന്ന നിരവധി കാര്യങ്ങളുണ്ട്. ഒറ്റ ഉദാഹരണം പറയാം. തെരുവിനിരുവശത്തുമുള്ള പുല്ലും മറ്റുചെടികളും വെട്ടിക്കളയുന്നതായി തൊഴിലുറപ്പു പദ്ധതി എന്ന പേരില്‍ വെറുതെ ധൂര്‍ത്തടിക്കുന്ന കോടികള്‍ ഈ മേഖലയിലേക്ക് തിരിച്ചുവിടണം. പച്ചക്കറി കൃഷി ചെയ്യുന്നതിനുളള വേതനമായി ആ തുക തിരി്ചചുവിടണം. അങ്ങനെയഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളുടെ വിപണനം നീതിയുക്തമാക്കമം. ഇത്തരത്തിലുള്ള ക്രിയാത്മക പരിപാടികള്‍ക്ക് തുടക്കമിടാനെങ്കിലും ഈ ഓണക്കാലത്ത് കഴിഞ്ഞില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: movements | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply