ഭക്ഷ്യസുരക്ഷാബില്‍ സ്വാഗതാര്‍ഹം : വൈവിധ്യങ്ങള്‍ കൂടി പരിഗണിക്കണം.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനോപകാരപ്രദമായ ബില്ലുകള്‍ പാസ്സാക്കുന്നതില്‍ എന്താണ് തെറ്റ്? ജനാധിപത്യത്തിന്റെ നിലനില്‍പ്പിനടിസ്ഥാനം വോട്ടല്ലേ? പാസ്സാക്കുന്ന ബില്ലുകള്‍ ബഹുഭൂരിപക്ഷത്തിനും ഗുണകരമാണോ എന്ന് നോക്കുകയാണ് വേണ്ടത്. ആ അര്‍ത്ഥത്തില്‍ കഴിഞ്ഞ ദിവസം ലോകസഭ പാസ്സാക്കിയ ഭക്ഷ്യസുരക്ഷാബില്ലിനെ സ്വാഗതം ചെയ്യേണ്ടിവരും. നിരവധി പരിമിതികള്‍ സ്വാഭാവികമായും ഉണ്ടാകും. എങ്കിലും വിവരാവകാശം, തൊഴിലുറപ്പ്, വിദ്യാഭ്യാസാവകാശം തുടങ്ങിയ നിരയിലെ അടുത്ത പടിയാണ് ഈ ബില്ല്. ഇവയെല്ലാം ഭംഗിയായി നടപ്പാക്കപ്പെടുന്നു എന്നുറപ്പു വരുത്തുകയും കൂടുതല്‍ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യുക എന്നതിലാണ് ജനങ്ങളുടെ ജാഗ്രത അനിവാര്യമാകേണ്ടത്. അതാണ് […]

wheat_food_security_bill

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനോപകാരപ്രദമായ ബില്ലുകള്‍ പാസ്സാക്കുന്നതില്‍ എന്താണ് തെറ്റ്? ജനാധിപത്യത്തിന്റെ നിലനില്‍പ്പിനടിസ്ഥാനം വോട്ടല്ലേ? പാസ്സാക്കുന്ന ബില്ലുകള്‍ ബഹുഭൂരിപക്ഷത്തിനും ഗുണകരമാണോ എന്ന് നോക്കുകയാണ് വേണ്ടത്. ആ അര്‍ത്ഥത്തില്‍ കഴിഞ്ഞ ദിവസം ലോകസഭ പാസ്സാക്കിയ ഭക്ഷ്യസുരക്ഷാബില്ലിനെ സ്വാഗതം ചെയ്യേണ്ടിവരും. നിരവധി പരിമിതികള്‍ സ്വാഭാവികമായും ഉണ്ടാകും. എങ്കിലും വിവരാവകാശം, തൊഴിലുറപ്പ്, വിദ്യാഭ്യാസാവകാശം തുടങ്ങിയ നിരയിലെ അടുത്ത പടിയാണ് ഈ ബില്ല്. ഇവയെല്ലാം ഭംഗിയായി നടപ്പാക്കപ്പെടുന്നു എന്നുറപ്പു വരുത്തുകയും കൂടുതല്‍ കൂടുതല്‍ വികസിപ്പിക്കുകയും ചെയ്യുക എന്നതിലാണ് ജനങ്ങളുടെ ജാഗ്രത അനിവാര്യമാകേണ്ടത്. അതാണ് ജനാധിപത്യത്തിന്റെ അന്തസത്ത.
ജനനം മുതല്‍ മരണം വരെ ഓരോരുത്തര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുന്ന ബില്ലാണിത്. രാജ്യസഭ കൂടി ഈ ബില്‍ പാസാക്കുന്നതോടെ രാജ്യത്ത് ഇനി പട്ടിണിമരണങ്ങള്‍ ഇല്ലാതാകുമെന്ന സര്‍ക്കാര്‍ നിലപാട് സത്യമായാല്‍ നന്ന്. അതുവരെയുള്ള അമിതാഘോഷങ്ങള്‍ക്ക് കാതോര്‍ക്കേണ്ടതില്ല. കാരണം നിയമങ്ങള്‍ പാസ്സാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ട് നടപ്പാക്കാനാണല്ലോ. നമ്മുടെ അനുഭവവും മറ്റൊന്നല്ല.
ഓരോ സംസ്ഥാനവും അവിടങ്ങളിലെ പ്രത്യേക സാഹചര്യങ്ങളനുസരിച്ച് തയ്യാറാക്കിയിട്ടുള്ള പദ്ധതികളെ ഈ ബില്‍ അട്ടിമറിക്കുമോ എന്ന സംശയം സ്വാഭാവികമായുമുണ്ട്. ഉദാഹരണമായി കേരളത്തില്‍ ഇപ്പോള്‍ ബിപിഎല്‍ വിഭാഗത്തിലുള്ള പലരും എപിഎല്ലിലാകും. ഒരാള്‍ക്ക് 5 കിലോ അരി എന്നു വരുമ്പോള്‍ പല കുടുംബങ്ങള്‍ക്കും ഇപ്പോള്‍ ലഭിക്കുന്ന അരിയുടെ അളവ് കുറയും തുടങ്ങിയവ. ഈ പ്രപശ്‌നം തൊഴിലുറപ്പ്, വിദ്യാഭ്യാസാവകാശം തുടങ്ങിയ വിഷയങ്ങളിലും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്ഥമായ വികസന സ്വാഭാവമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പല വകുപ്പുകളും തിരിച്ചടിയാകുന്നുണ്ട്. ഇന്ത്യയുടെ ഫെഡറല്‍ ഘടന അംഗീകരിച്ച് ബില്ലുകളും നിയമങ്ങളുമുണ്ടാക്കാത്തതാണ് പ്രശ്‌നം. ഏകമാനമായ വികസനമല്ല വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നതെന്ന് കാണാതെ നടപ്പാക്കുന്ന പദ്ധതികള്‍ വിചാരിച്ച ഫലം ചെയ്യില്ല എന്നതാണ് വസ്തുത. നാനാത്വത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ നാനാത്വമാണ് വേണ്ടത്.
2011 ഡിസംബറില്‍ കെ.വി. തോമസ് ആണ് ആദ്യമായി ഈ ബില്‍ ലോക്ഭയില്‍ അവതരിപ്പിച്ചത്. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കേന്ദ്രമന്ത്രിസഭയിലുള്ളപ്പോള്‍ അദ്ദേഹം നേതൃത്വംനല്‍കിയ മന്ത്രിസഭാ ഉപസമിതിയാണു ഭക്ഷ്യസുരക്ഷാ ബില്ലിന് ആദ്യത്തെ ഭേദഗതികള്‍ നിര്‍ദേശിച്ചത്. പിന്നീടു പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ഈ ബില്‍ പഠിച്ചു ഭേദഗതികള്‍ നിര്‍ദേശിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ഡോ. സി. രംഗരാജന്റെ നേതൃത്വത്തില്‍ നിയോഗിച്ച ഒരു സമിതിയും ബില്ലിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതിയാണു ഭക്ഷ്യസുരക്ഷാ ബില്ലിന്റെ ഉള്ളടക്കം ആകെ മാറ്റിമറിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്.
മെച്ചപ്പെട്ട പൊതുവിതരണ സംവിധാനമുള്ള കേരളം, തമിഴ്‌നാട്, കര്‍ണാടക, ഛത്തീസ്ഗഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ അവസ്ഥ തുടരാനും മറ്റു സംസ്ഥാനങ്ങളിലും റേഷന്‍ വിതരണം മെച്ചപ്പെടുത്താനും ശ്രമിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. നല്ലത്. അന്ത്യോദയ അന്നയോജനയില്‍പ്പെട്ടവര്‍ക്കും ദാരിദ്ര്യരേഖയുടെ താഴെയുള്ളവര്‍ക്കും ഭക്ഷണം ഉറപ്പാകും. രാജ്യത്തെ 120 കോടി ജനങ്ങളില്‍ 80 കോടി ജനങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ. സര്‍ക്കാറിന്റെ ഭക്ഷ്യസബ്‌സിഡി 1.32 ലക്ഷം കോടി രൂപയായി ഉയരുമെന്നെല്ലാമുള്ള അവകാശവാദങ്ങളുമുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷം ലഭിച്ച അരിവിഹിതത്തിന്റെ ശരാശരിയായ 14.25 ലക്ഷം ടണ്ണായിരിക്കും കേരളത്തിന്റെ വാര്‍ഷിക വിഹിതം. ഇതില്‍ അധിക വിഹിതമായി കേന്ദ്രം കണക്കാക്കുന്ന 4.25 ലക്ഷം ടണ്ണിനു പ്രത്യേക നിരക്കു ബാധകമാകും. ഇത് അരിക്ക് 8.30 രൂപ, ഗോതമ്പിന് 6.10 രൂപ എന്ന നിരക്കിലായിരിക്കും. 10 ലക്ഷം ടണ്‍ ധാന്യം മൂന്നു രൂപ (അരി), രണ്ടു രൂപ (ഗോതമ്പ്) പ്രകാരം ലഭിക്കും. ഇത് മോശമാണെന്നു പറയാനാകില്ല.
ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് അര്‍ഹരായവരും അല്ലാത്തവരും എന്ന രണ്ടുവിഭാഗങ്ങല്‍ ഇനി ഉണ്ടാവും. ഒരാള്‍ക്ക് മാസം അഞ്ചുകിലോ ഭക്ഷ്യധാന്യം ലഭിക്കും. അരിക്ക് കിലോയ്ക്ക് മൂന്നുരൂപ, ഗോതമ്പിന് രണ്ടുരൂപ, ചാമ, ബാജ്‌റ പോലുള്ള ധാന്യങ്ങള്‍ ഒരു രൂപ നിരക്കിലായിരിക്കും നല്‍കുക. അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബത്തിന് നിലവിലുള്ളപോലെ 35 കി.ഗ്രാം ഭക്ഷ്യധാന്യം നല്‍കും. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്ക് പ്രസവത്തിനുശേഷം ആറുമാസംവരേയും സമീപത്തെ അങ്കണവാടിയിലൂടെ ഭക്ഷണം ഉറപ്പുവരുത്തും. 14 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഭക്ഷണത്തിന് അവകാശമുണ്ടാവും.
2040 വരെ രാജ്യത്തു ഭക്ഷ്യോല്‍പാദനം കുറയില്ല എന്ന കണക്കുകൂട്ടലിലാണ് ഈ ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാലവര്‍ഷം ചതിക്കുകയും കൃഷി പാടേ തകരാറിലാവുകയും ചെയ്താല്‍ ഇതെല്ലാം തകരമെന്നത് വേറെ കാര്യം. പദ്ധതിക്ക് പണം കണ്ടെത്താന്‍ കര്‍ഷകര്‍ക്കുള്ള താങ്ങുവില മൂന്നുകൊല്ലത്തേക്ക് മരവിപ്പിക്കുമെന്ന ആശങ്ക വേണ്ടെന്ന് മന്ത്രി തോമസ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷമായി താങ്ങുവില മുകളിലോട്ടാണ്. ഇനിയും കാര്‍ഷിക വിലനിര്‍ണയ കമ്മീഷന്‍ നിശ്ചയിക്കുന്നതുപോലെ താങ്ങുവില തുടര്‍ന്നും നല്‍കുമെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. എങ്കില്‍ കര്‍ഷകര്‍ക്കും ഇതാശ്വാസമാകും. ഈ അര്‍ത്ഥങ്ങളില്‍ പൊതുവില്‍ സ്വാഗതാര്‍ഹമാണ് ഈ ബില്ലെന്ന് അംഗീകരിക്കേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply