ബിഷപ്പ്‌ പൗലോസ്‌ മാര്‍ പൗലോസ്‌ – ഒരോര്‍മ്മ

(ബിഷപ്പ്‌ പൗലോസ്‌ മാര്‍ പൗലോസിന്റെ 16-ാം ചരമവാര്‍ഷികദിനത്തില്‍ ഒരനുസ്‌മരണകുറിപ്പ്‌ – ഡേവീസ്‌ വളര്‍ക്കാവ്‌) ഏറെക്കാലം നീണ്ടുനിന്ന തൃശൂരിലെ ചുമട്ടുതൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ ബിഷപ്പ്‌ പൗലോസ്‌ മാര്‍ പൗലോസിന്റെ പങ്ക്‌ വളരെ വലുതായിരുന്നു. ആ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ വളരെയേറെ പേര്‍ അദ്ദേഹത്തെ ബഹുമാനിയ്‌ക്കാന്‍ ആരംഭിച്ചിരുന്നു. അക്കാലത്ത്‌ ഒരു ദിവസം യുക്തിവാദസംഘത്തിന്റെ യോഗത്തിലേയ്‌ക്ക്‌ അദ്ദേഹം വരികയും താന്‍ ഒരു സംവാദത്തിന്‌ തയ്യാറാണെന്ന്‌ പ്രഖ്യാപിയ്‌ക്കുകയും അദ്ദേഹവുമായി പരിചയപ്പെടണമെന്ന്‌ എന്റെ ആഗ്രഹം പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും ചെയ്‌തു. ആയിടയ്‌ക്ക്‌ മലയാളത്തിലുള്ള അദ്ദേഹത്തിന്റെ […]

download(ബിഷപ്പ്‌ പൗലോസ്‌ മാര്‍ പൗലോസിന്റെ 16-ാം ചരമവാര്‍ഷികദിനത്തില്‍ ഒരനുസ്‌മരണകുറിപ്പ്‌ – ഡേവീസ്‌ വളര്‍ക്കാവ്‌)

ഏറെക്കാലം നീണ്ടുനിന്ന തൃശൂരിലെ ചുമട്ടുതൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ ബിഷപ്പ്‌ പൗലോസ്‌ മാര്‍ പൗലോസിന്റെ പങ്ക്‌ വളരെ വലുതായിരുന്നു. ആ ഒരൊറ്റ സംഭവത്തിന്റെ പേരില്‍ വളരെയേറെ പേര്‍ അദ്ദേഹത്തെ ബഹുമാനിയ്‌ക്കാന്‍ ആരംഭിച്ചിരുന്നു. അക്കാലത്ത്‌ ഒരു ദിവസം യുക്തിവാദസംഘത്തിന്റെ യോഗത്തിലേയ്‌ക്ക്‌ അദ്ദേഹം വരികയും താന്‍ ഒരു സംവാദത്തിന്‌ തയ്യാറാണെന്ന്‌ പ്രഖ്യാപിയ്‌ക്കുകയും അദ്ദേഹവുമായി പരിചയപ്പെടണമെന്ന്‌ എന്റെ ആഗ്രഹം പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും ചെയ്‌തു.
ആയിടയ്‌ക്ക്‌ മലയാളത്തിലുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്‌തകം `മാര്‍ക്‌സിയന്‍ മതവിമര്‍ശനം’ എന്ന പേരില്‍ തിരുവല്ലയില്‍നിന്നും ഇറങ്ങുന്നു എന്നൊരു പരസ്യം കണ്ടു. വൈകാതെ ഞാന്‍ നേരിട്ട്‌ അരമനയിലെത്തുകയും അദ്ദേഹത്തിന്റെ കയ്യില്‍നിന്നുതന്നെ പുസ്‌തകത്തിന്റെ ഒരു പ്രതി വാങ്ങുകയും ചെയ്‌തു. വിവിധ വിഷയങ്ങളെക്കുറിച്ച്‌ ഏറെനേരെ അദ്ദേഹവുമായി സംസാരിയ്‌ക്കാനുള്ള അവസരം എനിയ്‌ക്കന്ന്‌ ലഭിച്ചു. ശാസ്‌ത്രത്തിന്റെ പരിമിതികള്‍, ഉപഭോഗസംസ്‌കാരം സൃഷ്ടിക്കുന്ന കെടുതികള്‍ തുടങ്ങി ഏറെ വൈവിധ്യമാര്‍ന്നതായിരുന്നു അന്നത്തെ സംഭാഷണ വിഷയങ്ങള്‍. പുസ്‌തകത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായം എത്രയും പെട്ടെന്ന്‌ അറിയിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചാണ്‌ അദ്ദേഹം യാത്രയാക്കിയത്‌. ആ നിര്‍ദ്ദേശം ശിരസാ വഹിച്ചുകൊണ്ട്‌ പുസ്‌തകം പഠിച്ചുതീര്‍ന്ന ഉടനെ ഞാന്‍ ബിഷപ്പിനെ ചെന്നുകണ്ട്‌ എന്റെ അഭിപ്രായമറിയിച്ചു. അദ്ദേഹത്തെപ്പോലൊരാള്‍ ഇടതുപക്ഷത്തിനനുകൂലമായ നിലപാടെടുക്കുന്നത്‌ ശക്തമായ എതിര്‍പ്പിന്‌ കാരണമാകില്ലേ എന്നൊരു സംശയം എനിയ്‌ക്കുണ്ടായിരുന്നു. ഞാനത്‌ അദ്ദേഹത്തിന്റെ മുന്നില്‍ മുന്നില്‍ അവതരിപ്പിച്ചു. സഭയ്‌ക്കുള്ളില്‍നിന്നാണ്‌ ഏറ്റവും ശക്തമായ എതിര്‍പ്പെന്ന്‌ അദ്ദേഹം തുറന്ന്‌ സമ്മതിച്ചു. `ഫിലോസഫേഴ്‌സ്‌ ഹാവ്‌ ഓണ്‍ലി ഇന്റര്‍പ്രറ്റഡ്‌ ദ വേള്‍ഡ്‌. അവര്‍ ഡ്യൂട്ടി ഈ ടു ചേഞ്ച്‌ ഇറ്റ്‌” എന്ന വാചകത്തിന്‌ ആ പുസ്‌തകത്തില്‍ കൊടുത്ത പരിഭാഷ ജീവസ്സുറ്റതായില്ല എന്നു ഞാന്‍ അഭിപ്രായപ്പെടുമ്പോള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചത്‌ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ചെറിയ കാര്യങ്ങള്‍പോലും അദ്ദേഹം ചെലുത്തുന്ന ശ്രദ്ധ, ചെയ്യുന്നതെന്തും കുറ്റമറ്റതായിരിയ്‌ക്കണമെന്നുള്ള അദ്ദേഹത്തിന്റെ താല്‍പര്യം ഇവയെല്ലാം അദ്ദേഹത്തോടുള്ള എന്റെ ആദരവിനെ ഇരട്ടിപ്പിച്ചു.
ജീവിതത്തിലുടനീളം അദ്ദേഹം പുലര്‍ത്തിയ ലാളിത്യമായിരുന്നു. അന്നെന്നെ ആകര്‍ഷിച്ച മറ്റൊരു ഘടകം. ഒരു മരക്കട്ടില്‍, പായ്‌, വിരി, കൊതുവല ഇവയായിരുന്നു കേരളത്തിലെ സമ്പന്നമായ ഒരു മഠത്തിന്റെ ഉറക്കത്തിനുള്ള ചമയങ്ങള്‍ !
നിരവധി തവണ അടുപ്പിച്ച്‌ അദ്ദേഹത്തെ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും ക്രമേണ അതിലൊരു വിടവ്‌ വന്നു. പതിനഞ്ചു വര്‍ഷത്തെ വിടവിനുശേഷം ഞാനദ്ദേഹത്തെ കാണുന്നത്‌ 1997 ലാണ്‌. പാഠഭേദത്തിലെ നാരായണന്‍ മാസ്റ്ററുടെ മകന്റെ കല്യാണമായിരുന്നു സന്ദര്‍ശം. തൃശൂരില്‍നിന്നും ഗുരുവായൂരിലേയ്‌ക്ക്‌ ബിഷപ്പിനെ കൊണ്ടുപോകാനുള്ള ചുമതല എനിയ്‌ക്കായിരുന്നു. എന്നെ കണ്ടിട്ടദ്ദേഹത്തിന്‌ മനസ്സിലായില്ല. കാറില്‍ കയറിയതിനുശേഷം ഞാന്‍ സ്വയം പരിചയപ്പെടുത്തുകയും പഴയ ഓര്‍മ്മകള്‍ പങ്കുവയ്‌ക്കുകയും ചെയ്‌തപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിച്ചു. എം.എം. തോമസ്‌ തന്റെ ലേഖനങ്ങളില്‍ ധാര്‍മ്മികതയ്‌ക്ക്‌ ഊന്നല്‍ കൊടുക്കുമ്പോള്‍ ബിഷപ്പിന്റെ ലേഖനങ്ങള്‍ ഊന്നുന്നത്‌ സാമൂഹികതയിലാണ്‌ എന്ന സുചിന്തിതമായ ഒരഭിപ്രായം എനിയ്‌ക്കുണ്ടായിരുന്നു. പറഞ്ഞ ഉടനെത്തന്നെ അദ്ദേഹം അത്‌ ശരിവച്ചു. അത്തരമൊരാഭിമുഖ്യത്തിനു കാരണം തന്നെ രൂപപ്പെടുത്തിയ സാഹചര്യമാണെന്നും ഭാവിയില്‍ ധാര്‍മ്മികതയ്‌ക്ക്‌ ഊന്നല്‍ നല്‍കാന്‍ ശ്രമിയ്‌ക്കാമെന്നും അദ്ദേഹം സമ്മതിച്ചു. അഭിപ്രായങ്ങളെ ഇത്രയും സഹിഷ്‌ണുതയോടെ സ്വീകരിക്കുകയും നേരിടുകയും ചെയ്‌ത മറ്റൊരു വ്യക്തിയേയും ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല.
`പാഠഭേദം’ ബിഷപ്പിന്റെ കന്നിപുസ്‌തകം ഇറക്കാന്‍ ഒരുങ്ങുന്ന സമയമായിരുന്നു അത്‌. പാഠഭേദത്തെകുറിച്ച്‌ അദ്ദേഹത്തിന്‌ മതിപ്പായിരുന്നുവെങ്കിലും എന്റെ കൂടി അഭിപ്രായം ആരായാനുള്ള സന്മനസ്സ്‌ അദ്ദേഹം കാണിച്ചു. ആ പുസ്‌തകത്തിനുവേണ്ടി പഴയ ലേഖനങ്ങള്‍ ശേഖരിയ്‌ക്കാന്‍ അദ്ദേഹം വിഷമിച്ചതിനെക്കുറിച്ചും പറഞ്ഞു. `പൗലോസ്‌ മാര്‍ പൗലോസിന്റെയും എം.എം. തോമസിന്റെയും ചിന്തകളുടെ താരതമ്യപഠനം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന അദ്ദേഹത്തിന്റെ ഒരടുത്ത പരിചയക്കാരന്‍ ഒരു ദിവസം എല്ലാ ലേഖനങ്ങളും വാങ്ങിക്കൊണ്ടുപോയത്രെ. പുസ്‌തകമിറക്കാനായി അവ തിരിച്ചു വാങ്ങിയപ്പോള്‍ പകുതിയേ ഉണ്ടായിരുന്നുള്ളൂ. ഉള്ളതിന്റെ തന്നെ അവസ്ഥ പരിതാപകരവും. അടിയന്തിരാവസ്ഥയെ ബിഷപ്പ്‌ എതിര്‍ത്തപ്പോള്‍ `ഈ ബിഷപ്പിന്‌ ഭ്രാന്തുണ്ടോ? എന്ന്‌ ഇന്ദിരാഗാന്ധി ചോദിച്ചിരുന്നല്ലോ? പ്രസിദ്ധമായ ഈ സംഭവത്തിന്റെ ന്യൂസ്‌ പേപ്പര്‍ കട്ടിംഗ്‌സും നഷ്ടപ്പെട്ടവയില്‍ ഉണ്ടായിരുന്നു. വളരെയധികം കഷ്ടപ്പെട്ടിട്ടാണ്‌ നഷ്ടപ്പെട്ട ലേഖനങ്ങളുടെ പ്രതികള്‍ വീണ്ടും സമാഹരിച്ചത്‌.
വിവാഹത്തിനുശേഷം, മടക്കയാത്രയില്‍ അട്ടപ്പാടിയിലെ `ഇക്കോഫാമി’ന്റെ പ്രവര്‍ത്തകരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. വളരെ ലാഘവത്തോടെയായിരുന്നു ബിഷപ്പ്‌ സംസാരമാരംഭിച്ചത്‌. സദ്യയെക്കുറിച്ചും പാചകക്കാരനായ അമ്പിസ്വാമിയുടെ കൈപ്പുണ്യത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. സദ്യ അദ്ദേഹം ശരിയ്‌ക്കും ആസ്വദിച്ചതായി തോന്നി. കുറച്ചു കഴിഞ്ഞപ്പോള്‍ ചര്‍ച്ച ഗൗരവമുള്ള വിഷയങ്ങളിലേയ്‌ക്ക്‌ കടന്നു. ചൈന മുതലാളിത്തത്തിലേയ്‌ക്കുള്ള പാതയിലാണെന്നും വാഷിംഗ്‌ടണും ടോക്യോവിനും ബീജിങ്ങും അടിസ്ഥാനപരമായി ഒരുപോലെ ഉപഭോഗസംസ്‌കാരത്തിന്റെ പിടിയിലമര്‍ന്നിരിയ്‌ക്കുകയാണെന്നും ഗ്രാമങ്ങള്‍ ഭീകരമാംവിധം ദരിദ്രമായിക്കൊണ്ടിരിയ്‌ക്കുകയാണെന്നും തന്റെ ചൈനാ സന്ദര്‍ശനത്തെക്കുറിച്ച്‌ സ്‌മരിക്കവേ അദ്ദേഹം പറഞ്ഞു.
ബിഷപ്പിന്റെ `സ്വാതന്ത്ര്യമാണ്‌ ദൈവം’ എന്ന പുസ്‌തകത്തിന്റെ പ്രകാശനദിവസം, തൃശൂരില്‍ ഓട്ടോറിക്ഷാ സര്‍വ്വീസ്‌ ആരംഭിച്ചതിന്റെ രജതജൂബിലി ആഘോഷപരിപാടികളുടെ സ്വാഗതസംഘത്തിലേയ്‌ക്ക്‌ രക്ഷാധികാരിയായി അദ്ദേഹത്തെ ക്ഷണിയ്‌ക്കാന്‍ ചെന്നപ്പോള്‍ അരമനയില്‍വച്ച്‌, തിരുവല്ലായിലെ പെണ്ണമ്മഭവനത്തിലെ കൂടിച്ചേരലില്‍വച്ച്‌ അങ്ങനെ നിരവധി തവണ അദ്ദേഹത്തെ കാണാനും അടുത്തിടപഴകാനും എനിയ്‌ക്കവസരമുണ്ടായിട്ടുണ്ട്‌. എന്നെ സംബന്ധിച്ചിടത്തോളം അവയെല്ലാം ഒരുപോലെ അവിസ്‌മരണീയങ്ങളാണെങ്കിലും അസാധാരണമായ ആ വ്യക്തിത്വത്തിന്റെ ചില വശങ്ങള്‍ അനാവരണം ചെയ്യുന്ന രണ്ടു സംഭവങ്ങള്‍ മാത്രം ഞാനിവിടെ കുറിച്ചിടാം.
`സ്വാതന്ത്ര്യമാണ്‌ ദൈവം’ എന്ന പുസ്‌തകത്തിന്റെ പ്രകാശന ദിവസം. ഞാന്‍ പ്രകാശന പരിപാടിയുടെ ബോര്‍ഡ്‌ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി അവിടേയ്‌ക്ക്‌ വന്ന അദ്ദേഹം `ഇതും വശമാണോ?’ എന്ന നൈസര്‍ഗ്ഗികമായ പുഞ്ചിരിയോടെ ചോദിച്ചു.
തിരുവല്ലായിലെ പെണ്ണമ്മ ഭവനത്തിലെ കൂടിച്ചേരല്‍. `പാഠഭേദ’ത്തിന്റെ പ്രതിനിധിയായാണ്‌ ഞാനതില്‍ പങ്കെടുത്തത്‌. അതുകൊണ്ട്‌ എനിയ്‌ക്ക്‌ ഒരു ചെറുപ്രസംഗം നടത്തേണ്ടിവന്നു. ബിഷപ്പും അതില്‍ പങ്കെടുത്തിരുന്നു. തിരക്കൊഴിഞ്ഞപ്പോള്‍ അദ്ദേഹം എന്റെ അടുത്തുവന്നു പറഞ്ഞു. “പ്രസംഗകനാണെന്ന്‌ അറിഞ്ഞിരുന്നില്ല. നന്നായി” എന്ന്‌. നിസ്സാരമായ ഈ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്‌ കവലറയില്ലാതെ അഭിനന്ദിയ്‌ക്കാനും പ്രോത്സാഹിപ്പിക്കാനും തയ്യാറാവുന്ന വലിയൊരു വ്യക്തിത്വത്തെയാണ്‌. തുറന്ന ആ പ്രകൃതമായിരിയ്‌ക്കണം ഒരിയ്‌ക്കലും മറക്കാനാവാത്ത വിധത്തില്‍ അദ്ദേഹത്തെ എന്റെ മനസ്സില്‍ പ്രതിഷ്‌ഠിച്ചത്‌.
തൃശൂരിലെ ഡ്രൈവര്‍മാരുടെ സാംസ്‌കാരിക സംഘടനയായ `സാരഥി’യിലെ അംഗങ്ങളെ ബിഷപ്പുമായി പരിചയപ്പെടുത്തണമെന്ന്‌ ഞാന്‍ ആഗ്രഹിച്ചിരുന്നു. വിദേശയാത്ര കഴിഞ്ഞ്‌ വന്നാല്‍ ഏതു ദിവസം സൗകര്യമാണെന്ന്‌ അദ്ദേഹം അറിയിക്കുകയും ചെയ്‌തിരുന്നു. പക്ഷേ അത്‌ നടന്നില്ല. തൃശൂരിലെ ഓട്ടോക്കാര്‍ക്ക്‌ വലിയൊരു നഷ്ടമാണെന്ന്‌ ഞാന്‍ കരുതുന്നു.
ബിഷപ്പിന്റെ നിര്യാണത്തിലുള്ള അനുശോചനം ഒരു `സംഭവ’ മായിരുന്നു. ഞങ്ങള്‍, ഓട്ടോറിക്ഷക്കാര്‍ മൃതദേഹത്തില്‍ റീത്ത്‌ വയ്‌ക്കുകയും കറുത്ത ബാഡ്‌ജ്‌ ധരിക്കുകയും ചെയ്‌തു. സമീപകാലത്ത്‌, ആരുടെയും നിര്‍ബന്ധമില്ലാതെ ഓട്ടോറിക്ഷക്കാര്‍ സഹകരിച്ച ഏക സംഭവം അതായിരിയ്‌ക്കുമെന്ന്‌ തോന്നുന്നു. ഫുട്‌പാത്ത്‌ കച്ചവടക്കാര്‍, ചുമട്ടുതൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുമുള്ളവര്‍ സ്വമേധയാ അവരവരുടെ രീതിയില്‍ അനുശോചനത്തില്‍ പങ്കെടുക്കുന്നത്‌ കാണാമായിരുന്നു. അദ്ദേഹവുമായി അടുത്ത പരിചയമുള്ള എന്നെപ്പോലെയുള്ളവര്‍ക്ക്‌ നഷ്ടബോധം തോന്നുന്നത്‌ സ്വാഭാവികം. ഒരു പരിചയവുമില്ലാത്തവര്‍ക്കുപോലും ബിഷപ്പ്‌ സ്വന്തം ആളാണെന്ന്‌, തങ്ങളിലൊരുവനാണെന്ന്‌ തോന്നിയിരുന്നു. എന്ന ഒരൊറ്റ വസ്‌തുതകൊണ്ടു തന്നെ അദ്ദേഹം കേരളത്തിലെ മറ്റു സംസ്‌കാരിക നായകന്മാരില്‍നിന്നും വ്യതിരിക്തനാവുന്നു.

(1998ല്‍ പ്രസിദ്ധീകരിച്ച `അപ്പം സമത്വം സ്വാതന്ത്ര്യം’ എന്ന പുസ്‌തകത്തില്‍നിന്ന്‌)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply