ബിരിയാണിയുടെ ഭക്ഷണരാഷ്ട്രീയം

ജിഫിന്‍ ജോര്‍ജ് ക്രാഫ്റ്റിന്റെ മനോഹാര്യത കൊണ്ടും കഥാതന്തു കൊണ്ടും ഹൃദയത്തില്‍ തട്ടിയ കഥയായി സന്തോഷ് ഏച്ചിക്കാനം ബിരിയാണി പാചകം ചെയ്‌തെടുത്തിട്ടുണ്ട്. സന്തോഷ് വിളമ്പിയ ബിരിയാണിയെന്ന ചെറുകഥാമെനു വായിച്ചശേഷം എത്ര നന്നായുണ്ടാക്കിയാലും എരിവും പുളിയും പോരെന്നു പരാതിപ്പെടുന്ന നിരൂപകമലയാളികള്‍ രംഗത്തുള്ളപ്പോള്‍, അവരതിന്റെ രുചി ആസ്വദിച്ചതു പതിവു മസാലയിനങ്ങളായ ബീഫു രാഷ്ട്രീയം, അന്യസംസ്ഥാനതൊഴിലാളി പ്രശ്‌നം, ഭക്ഷണപ്രശ്‌നം തുടങ്ങിയ പതിവു മധ്യവര്‍ഗ്ഗ ബുദ്ധിജീവി രുചികളുടെ കൂട്ടുകളിലായിരുന്നു. ഇത്തരത്തിലുള്ള ദം ബിരിയാണി നിരൂപണങ്ങള്‍ക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍, ബൗദ്ധികനിലവാരം എന്നിവ പര്യാപ്തമാണുതാനും. അതിനപ്പുറം […]

bbbജിഫിന്‍ ജോര്‍ജ്
ക്രാഫ്റ്റിന്റെ മനോഹാര്യത കൊണ്ടും കഥാതന്തു കൊണ്ടും ഹൃദയത്തില്‍ തട്ടിയ കഥയായി സന്തോഷ് ഏച്ചിക്കാനം ബിരിയാണി പാചകം ചെയ്‌തെടുത്തിട്ടുണ്ട്. സന്തോഷ് വിളമ്പിയ ബിരിയാണിയെന്ന ചെറുകഥാമെനു വായിച്ചശേഷം എത്ര നന്നായുണ്ടാക്കിയാലും എരിവും പുളിയും പോരെന്നു പരാതിപ്പെടുന്ന നിരൂപകമലയാളികള്‍ രംഗത്തുള്ളപ്പോള്‍, അവരതിന്റെ രുചി ആസ്വദിച്ചതു പതിവു മസാലയിനങ്ങളായ ബീഫു രാഷ്ട്രീയം, അന്യസംസ്ഥാനതൊഴിലാളി പ്രശ്‌നം, ഭക്ഷണപ്രശ്‌നം തുടങ്ങിയ പതിവു മധ്യവര്‍ഗ്ഗ ബുദ്ധിജീവി രുചികളുടെ കൂട്ടുകളിലായിരുന്നു. ഇത്തരത്തിലുള്ള ദം ബിരിയാണി നിരൂപണങ്ങള്‍ക്ക് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍, ബൗദ്ധികനിലവാരം എന്നിവ പര്യാപ്തമാണുതാനും. അതിനപ്പുറം മലയാളി നീങ്ങുന്നുമില്ല.
ബീഫു കഴിക്കാത്തവനും കല്യാണത്തിന് ഊണു വെക്കുന്നവനും സവര്‍ണ്ണഹിന്ദുവും കോഴിബിരിയാണിയും നെയ്‌ച്ചോറും വെക്കുന്നവര്‍ മുസ്ലീമും കപ്പയും ഇറച്ചിയും വെച്ചാലവന്‍ നസ്രാണിയും മുതിര അവര്‍ണ്ണനും. ഇതൊക്കെ പോയിചട്ട് പൊറോട്ടയും കന്നുകാലിയിറച്ചിലും കഴിച്ചാല്‍ കേരള കോണ്‍ഗ്രസും കട്ടന്‍ചായയും പരിപ്പുവടയും കമ്യൂണിസ്റ്റുമായി ഭക്ഷണത്തിനു മതരാഷ്ട്രീയ ബ്രാന്‍ഡുകള്‍ നല്‍കിയ നാടാണ് കേരളം. നമ്മുടെ കലയും സാഹിത്യവും അത്തരം ഭക്ഷണപാനിയങ്ങളെ സിംബലുകളാക്കി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മറുവശത്ത് വിശപ്പിനെക്കുറിച്ച് എഴുതുമ്പോഴാകട്ടെ കാരൂരിന്റെ പൊതിച്ചോറിലും എം.പി. നാരായണ പിള്ളയുടെ കള്ളനിലും ടി.വി.കൊച്ചുബാവയുടെ ഇറച്ചിയിലുമെല്ലാം വിശപ്പിന്റെയും വേദനയെയും അന്നം വാങ്ങിക്കാനുള്ള ജീവിതസമരങ്ങളെയും അടയാളപ്പെടുത്തി. പക്ഷേ ഇവ രണ്ടും ചേര്‍ത്ത് കൃത്യമായ ഭക്ഷണ രാഷ്ട്രീയത്തില്‍ പാചകം ചെയ്‌തെടുത്തതിനാലാവാം ബിരിയാണി ചിലര്‍ക്ക് അരുചികരമായ വെറുമൊരു കഥയായി മാറിയത്.
വിശപ്പ് അനുഭവിക്കാത്തവനെ സംബന്ധിച്ചിടത്തോളം അതെന്നും ഭാവനാപൂര്‍ണ്ണമായ, ഹൃദ്യമായൊരു കെട്ടുകഥയാണ്. അതൊരു വലിയ കഥയുമല്ല. വിശപ്പിനെ തന്നെ വീണ്ടും അവതരിപ്പിച്ചാല്‍ സൂതനമായി ഒന്നും പറയാനില്ലാതെ പോകുമായിരുന്ന കഥ കലന്തന്‍ ഹാജിയുടെ വീടിനു വെളിയിലെ പിന്നാമ്പുറത്തേക്കു ബാക്കിയായ ബിരിയാണി അരി കുഴിയുണ്ടാക്കി മൂടാന്‍ വിധിക്കപ്പെട്ട ഗോപാല്‍ യാദവിലൂടെ പറഞ്ഞതില്‍ കൃത്യമായൊരു ഭക്ഷണരാഷ്ട്രീയം തികച്ചും സൂക്ഷ്മമായി കഥാകൃത്ത് അവതരിപ്പിക്കുന്നുണ്ട്. പതിവു മസാലകളും വികാരങ്ങളും നിറച്ചു രുചികരമെങ്കിലും ആശയമടക്കം വയറ്റില്‍ കയറിയാല്‍ ബൗദ്ധികശരീരത്തിനു ക്ഷമേല്‍പ്പിക്കുന്ന തീവ്രരാഷ്ട്രീയത്തിന്റെ യാഥാര്‍ത്ഥ്യമാണത്. കേവലമായ നിരൂപണങ്ങളിലും കഴമ്പില്ലാത്ത വിമര്‍ശനങ്ങളിലും ഒതുക്കാതെ കഥയുടെ നഖശിഖാന്തം വായിച്ചു തീര്‍ന്ന് മടക്കി വെച്ചും വീണ്ടും വായിക്കാവുന്നിടത്താണ് ആ അനുഭവമുണ്ടാകൂ.
ഇവിടെ കഥയുടെ സൂഷ്മതയും സ്ഥൂലതയും ഒരേ സമയം കാണാം. ഭക്ഷണത്തിന്റെ ജാതിയെക്കുറിച്ചും പരാമര്‍ശിച്ച സന്തോഷിന്റെ മുന്‍കഥയായ പന്തിഭോജനത്തില്‍ ഭക്ഷണത്തിലെ ജാതി കേവലം സ്പര്‍ശനം മാത്രമായിരുന്നു. ഇവിടെയതു നെഞ്ചത്തു ചവിട്ടലായി. പട്ടിണിക്കുമുമ്പില്‍ യാതൊരു മാധ്യസ്ഥത്തിനും കഥാകാരന്‍ തയ്യാറായതുമില്ല. കഥാതന്തു കിട്ടിയപ്പോള്‍ അത്രമേല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വീണുപോകാന്‍ തന്റെ പതിവ് ഒത്തുതീര്‍പ്പുകള്‍ മാറ്റി സന്തോഷ് ഇറങ്ങിച്ചെല്ലുന്നു. പുഞ്ചിരി കുലീനമായ കള്ളമാണെന്നും നഞ്ചുകീറി നേരിനെ കാട്ടാനുമയാള്‍ പുറപ്പെടുന്നു.
കഥയുടെ ഓരോ ഖണ്ഡികയും പൊളിറ്റിക്കലായ സ്‌പേസിലേക്കു പോകുന്നുണ്ടിവിടെ. ഭക്ഷണത്തിലൂടെ ആ രാഷ്ട്രീയം വ്യക്തമായി പ്രതിനിധാനം ചെയ്യപ്പെടുന്നു. കലന്തന്‍ ഹാജിയെന്ന ധനാഢ്യനു നാലു ഭാര്യമാരും മക്കളുമുണ്ട്. അമേരിക്കയിലായ മകന്റെ ബാംഗ്ലൂരില്‍ വച്ചു നടത്തിയ വിവാഹത്തിന്റെ റിസപ്ഷനാണ് ബസുമതിയുടെ ബിരിയാണിയായി നാട്ടില്‍ വിളമ്പുന്നത്. അരിയെത്തുന്നത് പഞ്ചാബില്‍ നിന്നാണ്. സമ്പത്തിനു കൊണ്ടുവരാന്‍ കഴിയാത്ത ഭക്ഷണമൊന്നും ലോകത്തിലില്ല. കാരണം ഭക്ഷണമെന്നത് ആഗോളീകരണകാലത്ത് അത് ഉണ്ടാക്കുന്നവന്റേതിനെക്കാള്‍ വാങ്ങുന്നവന്റെയും വില്‍ക്കുന്നവന്റെയും കൈകളിലാണ്. മലയാളി ഇന്ത്യയുടെ ഭക്ഷണഭൂപടത്തില്‍ കാണപ്പെടുന്നതും ആ സ്‌പേസിലാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അരി വാങ്ങുകയാണ് നാം ചെയ്യുന്നത്. ഇവിടെ ഉണ്ടാക്കുകയല്ല. അന്നാദാതാവായ കര്‍ഷകനാകട്ടെ നെല്ലുല്‍പാദനം ഒട്ടും ലാഭകരമല്ലാതെ നഷ്ടത്തിന്റെ കണക്കുകള്‍ കൂട്ടിക്കൂട്ടി കയറില്‍ തൂങ്ങുന്നു. കര്‍ഷക തൊഴിലാളി നിലനില്‍പ്പിനായി സാമ്പത്തിക സന്നദ്ധതയുള്ള മഹാനഗരങ്ങളിലേക്കോ ഇങ്ങളിലേക്കോ ചേക്കേറുന്നു. ഇവിടെ ഭക്ഷണത്തെ കഴിക്കാനുള്ള ഉത്പന്നം എന്നതിനേക്കാള്‍ വില്‍ക്കാനുള്ള ഉത്പന്നമായിട്ടാണ് കാണുന്നത്. നമ്മുടെ തിന്നാനുള്ള ആഗ്രഹത്തിനുമേല്‍ വിപണി കൈകടത്തുന്നു. ഭക്ഷണം പോലും സാമ്പത്തികാധികാരത്തിനു കീഴിലാകുന്ന, വിവേചനാവസ്ഥയുടെ ആവിഷ്‌ക്കാരമാണ്. ബിരിയാണി.ഗോപാല്‍ യാദവ് എന്ന ബീഹാറുകാരന്‍ ദരിദ്ര്യനാരായണന്മാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമീണ ഇന്ത്യയുടെ പ്രതിനിധിയാണ്. ബസുമതിയുടെ അരി തന്റെ ചില്ലിക്കാശിനു താങ്ങാനാവാത്ത ഒന്നാണയാള്‍ക്കെപ്പോഴും. കറന്‍സികളാണ് നാം എന്തു ഭക്ഷിക്കണമെന്നു തീരുമാനിക്കുന്നത്. പി. സായ്‌നാഥിന്റെ എല്ലാവരും ഒരു വരള്‍ച്ചയെ ഇഷ്ടപ്പെടുന്നു.(Everynody doves a good draught) എന്ന ഗ്രന്ഥത്തില്‍ അഞ്ചു രൂപയ്ക്ക് പ്രതിഫലത്തില്‍ പണിയെടുക്കുന്ന ദരിദ്രനായ ഗ്രാമീണന്റെ ചിത്രം വരച്ചിടുന്നുണ്ട്. കറന്‍സികളില്‍ ദരിദ്രനായ കര്‍ഷകനിവിടെ ബസുമതിയുടെ മരി കിട്ടാക്കനിയാകുന്നു. വിശപ്പു മൂലം മരിച്ച അയാളുടെ മകള്‍ എല്ലാ ഭക്ഷണവും കീഴടക്കി വച്ചിരിക്കുന്ന സാമ്പത്തികാധികാര ശക്തികള്‍ക്കു മുന്നില്‍ മാനവികതയുടേതായ ഭക്ഷ്യ സമത്വത്തെക്കുറിച്ച് കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
സ്വയം ഉപജീവനാര്‍ത്ഥം ഗ്രാമം വിട്ടുപോന്നസാധുവായ ബീഹാറിക്ക് സ്വന്തം സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ടു. ജാര്‍ഖണ്ഡായി മാറിയ വിവരം അറിയുന്നില്ല. ഭക്ഷണം തേടിയുള്ള യാത്രയില്‍ അയാള്‍ മഹാഭാരതത്തില്‍ അധികാരം വരച്ചിടുന്ന അതിരുകളെ അറിയുന്നില്ല. കലന്തന്‍ ഹാജിയുടെ പേരക്കുട്ടിയുടെ വല്യറിവിന് അപ്പുറമാണ് ഭക്ഷണസമ്പാദനത്തിന് അതിരുകളില്ലെന്ന ഗോപാല്‍ യാദവിന്റെ തിരിച്ചറിവ്. മറുവശത്ത് കൊട്ടിക്കളയുന്ന ബിരിയാണിയുടെ ബസുമതി അരിയില്‍ ഭക്ഷണധൂര്‍ത്തിന്റെ രാഷ്ട്രീയമാണുള്ളത്. അത് സംഘിയുടെ രാഷ്ട്രീയമല്ല. മുസ്ലീമിന്റെ വീട്ടില്‍ സംഭവിച്ചതുപോലെ കോട്ടയംകാരന്‍ നസ്രാണിയുടെ വീട്ടിലും രവിപിള്ളയുടെ കല്യാണത്തിനും മലബാറിലെ സമ്പന്നനായ തിയ്യന്റെ വീട്ടിലോ സംഭവിക്കാമല്ലോ. പക്ഷേ മുസ്ലീം അവതരണത്തില്‍ സൂഷ്മമായി നോക്കിയാലതിന്റെ സ്‌പേസ് കാണാനാകും. കറങ്ങുന്ന കറന്‍സിയായ സമ്പത്ത് ഒരു കാലത്ത് നായരില്‍ നിന്നു നസ്രാണിയിലേക്കും നസ്രാണിയില്‍ നിന്നു മുസ്ലീമിലേക്കും മതപരമായി വര്‍ഗ്ഗീകരിച്ചു നോക്കുമ്പോള്‍ എത്തിച്ചേരുന്നു. ആഗോളീകരണാനന്തരം സാമ്പത്തിക ശക്തിയായ ഇസ്ലാം, ഗള്‍ഫ് കുടിയേറ്റം കൊണ്ടും, ജനകീയാസൂത്രണത്തെക്കാളും വൈറ്റ് കോളറിനെക്കാളും, എങ്ങനെയും സമ്പാദിക്കാനുള്ള പ്രായോഗിക വഴികള്‍ മാത്രമാണുള്ളത്. ഇവിടെ ലളിതജീവിതവും സൂഫിസത്തിലദിഷ്ഠിതമായ പാരമ്പര്യവുമുള്ള ഇസ്ലാം സമ്പത്തിന്റെ കുത്തൊഴുക്കില്‍ ആസംബരം നിറഞ്ഞ ജീവിതം നയിക്കുന്നു. തികച്ചും മെറ്റീരിയലൈസ് ചെയ്യപ്പെട്ട മതമാണിത്. കേരളത്തിലെ മിക്ക വ്യവസായികളും വ്യാപാരികളും (യൂസഫലി, വികെസി, അഹമ്മദ്, ആസാദ് മൂപ്പന്‍) അടങ്ങിയ മുസ്ലീം സമൂഹം തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ പെറ്റി ബൂര്‍ഷ്വാസികള്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് വിധേയനു പ്രമേയമായ സക്കറിയായുടെ ഭാസ്‌ക്കരപ്പട്ടേലരും എന്റെ ജീവിതവുമെന്ന കഥയില്‍ പട്ടേലര്‍ക്കു വിധേയനായ തൊമ്മിക്കുഞ്ഞില്‍ അവതരിപ്പിക്കപ്പെട്ടത് കുടിയേറ്റത്തിന്റെ രാഷ്ട്രീയവും അധികാരത്തില്‍ ബലതന്ത്രങ്ങളും ആണെങ്കില്‍ അത് ഗോപാല്‍ യാദവിലെത്തുമ്പോള്‍ പരിണമിക്കുന്നത് ഭക്ഷണത്തിന്റെ രാഷ്ട്രീയവും സാമ്പത്തീകാവികാരത്തിന്റെ ധനതന്ത്രങ്ങളുമായിട്ടാണ് കുറഞ്ഞ കൂലിക്കു ജോലി ചെയ്യാനായിട്ടാണ്. അന്യസംസ്ഥാന തൊഴിലാളിയായ ഗോപാല്‍ യാദവ് എത്തിച്ചേരുന്നത്. പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി വയനാട്ടില്‍ നിന്നും വരും എന്നതിന്റെ പുതിയ വേര്‍ഷനാണു കഥയിലുടനീളം കാണുക. സമ്പന്നനായ കലന്തന്‍ ഹാജിയുടെ വീട്ടിലേക്കാണ് പഞ്ചാബില്‍ നിന്നും ബസുമതിയെത്തുന്നത്. ഗോപാല്‍ യാദവും കലന്തന്‍ ഹാജിയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കഥാപാത്രങ്ങളുമെല്ലാം ആ പണത്തിനായി എത്തിയവരാണ്.
കേരളത്തില്‍ സമ്പന്നനായ ആഘോഷങ്ങളില്‍ വിളമ്പുന്ന ഓരോ ബിരിയാണിക്കും ഇത്തരം ആയിരം ഭക്ഷണ രാഷ്ട്രീയ കഥകള്‍ പറയാനുണ്ടാകും. ചൂഷിതനോടൊപ്പം പക്ഷം പിടിക്കുകയും അതില്‍ ചൂഷണം ചെയ്യുന്നവന്റെ ഭാഗത്തു കൂടി കഥ നില്‍ക്കുകയും തികച്ചും നിഷ്പക്ഷത പുലര്‍ത്തുന്ന ഒന്നാണ് സമ്പന്നരായ മലയാളികള്‍. ബിരിയാണിക്ക് ദമില്ലെന്നും, നെയ്യും ചിക്കന്‍ പീസും കൂടുതല്‍ വേണമെന്നും ആവശ്യപ്പെടുന്ന പ്രതിനായകത്വപക്ഷമാണത്. അത് എല്ലാം പിന്നാമ്പുറത്തു മുടുന്ന ശിഥിലമായ വ്യവസ്ഥയുടെ പക്ഷമാണ്. തികഞ്ഞ ലൈംഗികബോധത്തോടെയാണ് ഗോപാല്‍ യാദവിന്റെ മകളെപ്പറ്റി കലന്തന്‍ ഹാജിയുടെ കൊച്ചുമകന്‍ തിരക്കുന്നത്. വാട്ട്‌സാപ്പിന്റെ ലോകത്തു നിന്നിറങ്ങി വരാന്‍ അവന്‍ പാടുപെടുന്നുണ്ട്.
കഥാന്ത്യത്തില്‍ വീടിനു പിന്നില്‍ കൊട്ടുന്ന ബസുമതി അരിയുടെ ഭക്ഷണരാഷ്ട്രീയകഥ നമുക്കു മുന്നില്‍ പങ്കുവെക്കുന്നത് എന്തും വിലകൊടുത്തു വാങ്ങുകയും. മൂക്കു മുട്ടെ തിന്നുകയും ചെയ്യുന്ന മലയാളിയുടെ മുഖം കൂടിയാണ്. ഇത്തരം ചില രേഖപ്പെടുത്തലുകള്‍ കഥയുടെ പൂര്‍ണ്ണതയില്‍ പതിവുബിംബങ്ങളെ തകര്‍ക്കുകയും എന്താണോ യാഥാര്‍ത്ഥ്യത്തിന് ഉപരിയായ അതീതയാഥാര്‍ത്ഥ്യം അതിനെ അനുഭവവേദ്യമാക്കുകയും ചെയ്യുന്നുണ്ട്. ആധുനീകോത്തര കഥകളുടെ പറഞ്ഞുപോകലിനും വ്യത്യസ്തമായ കഥാപരിസരത്തിനും അപ്പുറം ഭക്ഷണത്തിന്റെ സൂഷ്മവും കൃത്യവുമായ രാഷ്ട്രീയം ഒരു ചെറിയ ക്യാന്‍വാസില്‍ വരയ്ക്കുകയും തിരച്ചും പരിചിതമായ കഥാപരിസരത്തില്‍ നിന്നു നൂതന്ത്വം പുലര്‍ത്തുകയും ചെയ്ത കഥാതന്തുവുമാണ് ബിരിയാണിയുടെ വിജയം. ബിരിയാണി ഓരോ വായനക്കാരനും കൊടുക്കുന്നുണ്ട്. സാമ്പത്തികാധികാരത്തിന്റെ കാട്ടുനീതിയില്‍ അരക്ഷിതനാകുന്ന, ദരിദ്രനാകുന്ന ഇന്ത്യയിലെ ഓരോ ഭാരതിയന്റെയും കഥ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply