ഫൂലേക്ക് പിന്‍ഗാമിയായി അംബേദ്കര്‍… ഗുരുവിനോ?

ഹരികുമാര്‍ ആഗസ്റ്റ് 21 അയ്യങ്കാളിയുടേയും 22 നാരായണഗുരുവിന്റേയും ജന്മദിനം. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച കേരളത്തിനെന്തുപറ്റി? മഹാത്മാ ഫൂലേക്ക് അംബേദ്കറെ പോലുള്ള പിന്‍ഗാമിയുണ്ടായപ്പോള്‍ നാരായണഗുരുവിന് അതുണ്ടായില്ല എന്നതാണ് കേരളം നേരിടുന്ന പ്രശ്‌നമെന്ന് ലേഖകന്‍ കേരളം ശക്തമായ വേലിയിറക്കത്തില്‍. സാമൂഹ്യനവോത്ഥാനം കൊണ്ടുവന്ന മുഴുവന്‍ മുന്നേറ്റങ്ങളും ഈ വേലിയിറക്കം തിരിച്ചുകൊണ്ടുപോയിരിക്കുന്നു. എല്ലാ പ്രതിലോമശക്തികളും അതിശക്തമായി തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു ശക്തിക്കും ഒരു പ്രസ്ഥാനത്തിനും അതില്‍ വേവലാതിയില്ലെന്നതാണ് കൗതുകകരം. അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രമുള്ള […]

download

ഹരികുമാര്‍

ആഗസ്റ്റ് 21 അയ്യങ്കാളിയുടേയും 22 നാരായണഗുരുവിന്റേയും ജന്മദിനം. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച കേരളത്തിനെന്തുപറ്റി? മഹാത്മാ ഫൂലേക്ക് അംബേദ്കറെ പോലുള്ള പിന്‍ഗാമിയുണ്ടായപ്പോള്‍ നാരായണഗുരുവിന് അതുണ്ടായില്ല എന്നതാണ് കേരളം നേരിടുന്ന പ്രശ്‌നമെന്ന് ലേഖകന്‍
കേരളം ശക്തമായ വേലിയിറക്കത്തില്‍. സാമൂഹ്യനവോത്ഥാനം കൊണ്ടുവന്ന മുഴുവന്‍ മുന്നേറ്റങ്ങളും ഈ വേലിയിറക്കം തിരിച്ചുകൊണ്ടുപോയിരിക്കുന്നു. എല്ലാ പ്രതിലോമശക്തികളും അതിശക്തമായി തിരിച്ചു വന്നു കൊണ്ടിരിക്കുന്നു. എന്നിട്ടും ഒരു ശക്തിക്കും ഒരു പ്രസ്ഥാനത്തിനും അതില്‍ വേവലാതിയില്ലെന്നതാണ് കൗതുകകരം.
അയിത്തത്തിനും അനാചാരത്തിനുമെതിരെ എകെജിയുടെ നേതൃത്വത്തില്‍ ശക്തമായ മുന്നേറ്റം നടന്ന ചരിത്രമുള്ള തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് പ്രസാദം കൈയ്യിലും മറ്റുള്ളവര്‍ക്ക് നിലത്തും കൊടുക്കുന്നു എന്ന വാര്‍ത്ത. ഇത്തരമൊരു അയിത്തം കേരളത്തിലെമ്പാടും നടക്കുന്നുണ്ട്. നമ്മുടെ ക്ഷേത്രങ്ങളില്‍ കാലാകാരന്മാര്‍ക്ക് ജാതിയുടെ പേരില്‍ തങ്ങളുടെ കലോപാസന സമര്‍പ്പിക്കാന്‍ അവസരം നിഷേധിക്കുന്ന സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കുകയാണല്ലോ. ഞെരളത്ത് ഹരിഗോവിന്ദനു മറുപടി നല്‍കാന്‍ ഇനിയും നമുക്കാവുന്നില്ലല്ലോ. ലോകപ്രശസ്തമായ തൃശൂര്‍ പൂരം കമ്മിറ്റിയില്‍ പിന്നോക്കക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടികാട്ടി വെള്ളാപ്പിള്ളി രംഗത്തു വന്നിരുന്നു. ദളിതന്റെ കഥ പറയാനില്ലല്ലോ. അന്യമതസ്ഥര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശത്തെ കുറിച്ച് ഇനിയും നമുക്ക് എന്ന് ചിന്തിക്കാനാവും? ഗുരുവായൂര്‍ അമ്പലനടയില്‍ പാടണമെന്ന യേശുദാസിന്റെ ആഗ്രഹം ഈ ജന്മം സഫലമാകാന്‍ പോകുന്നില്ല.
അടുത്തയിടെ ഫെയ്‌സ് ബുക്കില്‍ കണ്ട ഒരു ചോദ്യവും ഉത്തരവും ഇങ്ങനെ. പഴയ ചില നടിമാരുടെ പേരു പറയൂ… ശാരദ, ഷീല, അംബിക, ശ്രീദേവി, ജയഭാരതി, ശ്രീവിദ്യ.. പുതിയതോ…. മഞ്ജു വാര്യര്‍, സംയുക്തവര്‍മ്മ, ശാലുമേനോന്‍, മഞ്ജുപിള്ള, നവ്യാനായര്‍, ശ്വേതാമേനോന്‍, ……. എവിടെ നിന്നാണ് ഈ വാലുകള്‍ വന്നത്്? എന്തേ ഈ വാലുകളില്‍ പുലയത്തിയും പറയത്തിയും ഇല്ലാത്തത്? നേരത്തേയും ഇങ്ങനെയായിരുന്നല്ലോ? ഇഎംഎസ് നമ്പൂതിരിപ്പാടും സി അച്യൂതമേനോനും ഉണ്ടായിരുന്ന മന്ത്രിസഭയില്‍ ചാത്തന്‍ മാഷ്, ചാത്തന്‍ പുലയന്‍ എന്ന പേര്‍ വെച്ചില്ലല്ലോ. പി കെ വാസുദേവന്‍ നായരും എം എന്‍ ഗോവിന്ദന്‍ നായരും പി ഗോവിന്ദപിള്ളയുമൊക്കെ മരണംവരെ വിപ്ലവകാരികളായിരുന്നല്ലോ.
എന്താണ് കേരളത്തിനു സംഭവിച്ചത്? സംഭവിക്കുന്നത്? നാരായണഗുരുവും വിടിയും അയ്യങ്കാളിയുമൊക്കെ ഉഴുതുമറിച്ച നവോത്ഥാനത്തിന്റെ വിത്തുകള്‍ക്കെന്തു സംഭവിച്ചു? ഉത്തരം ഇതുമാത്രം. മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലേക്ക് അംബേദ്കര്‍ എന്ന പിന്‍ഗാമിയുണ്ടായപോലെ കേരളത്തില്‍ നാരായണഗുരുവിനു പിന്‍ഗാമിയുണ്ടായില്ല. പകരമുണ്ടായത് ഇഎംഎസ്. വിടി നിശബ്ദനാകുകയും ഇഎംഎസ് വാചാലനാകുകയും ചെയ്തു. അയ്യങ്കാളി വെറും ഗുണ്ടയായി. ഇഎംഎസിന്റെ പ്രസിദ്ധമായ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അയ്യങ്കാളിക്ക് ഒരു വരിപോലും ലഭിച്ചില്ല. എന്നിട്ടോ? തോപ്പില്‍ ഭാസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തില്‍ ചിത്രീകരിച്ചപോലെ മാലയെന്ന ദളിത് പെണ്‍കുട്ടിയില്‍ നിന്ന് ഞാന്‍ മുന്നില്‍ നില്‍ക്കാമെന്ന് പറഞ്ഞ് കേശവപ്പിള്ള ചെങ്കൊടിയേറ്റുവാങ്ങി. അതിന്റെ അനന്തരഫലമാണ് യുപിയില്‍ മായാവതിയെപോലുള്ള ദളിത് സ്ത്രീ മുഖ്യമന്ത്രിയായിട്ടും കേരളത്തില്‍ അതു സങ്കല്പിക്കാന്‍ പോലുമാകാത്തത്. തങ്ങള്‍ക്കിനി ദത്തുപുത്രന്മാര്‍ വേണ്ടെന്നു പറഞ്ഞു രംഗത്തെത്തിയ സി കെ ജാനുവിനെ നമ്മള്‍ ഒതുക്കി മൂലക്കിരുത്തിയത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ദളിത് സാഹിത്യവും ദളിത് ഉണര്‍വ്വുകളും സജീവമാകുമ്പോള്‍ കേരളത്തില്‍ അതില്ലാത്തത്. ശിവഗിരിയില്‍ മോഡിയും കൊടുങ്ങല്ലൂരിലെ എസ്എന്‍ഡിപി നാരായണഗുരു അനുസ്മരണത്തില്‍ ശശികലടീച്ചറും മുഖ്യ അതിഥികളാകുന്നത്. ഗുരുവിനെ ചില്ലുകൂട്ടില്‍ തളച്ചത്. മുത്തങ്ങയിലേയും ചങ്ങറയിലേയും അരിപ്പയിലേയും ഭൂസമങ്ങള്‍ക്കെതിരെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ട്. ഒപ്പം ഡിഎച്ച്ആര്‍എമ്മിനും ഗോത്രമഹാസഭക്കും.

സംവരണത്തിനൊഴികെ മറ്റൊന്നിനും ജാതി പറയാത്ത അവസ്ഥയിലേക്ക് ശരാശരി ദളിതനെ മാറ്റുന്നതില്‍ നാം വിജയിച്ചു. വിദ്യാഭ്യാസവും തൊഴിലുമുള്ള ദളിതരാകട്ടെ കഴിയുമെങ്കില്‍ ഉയര്‍ന്ന ജാതിയില്‍ നിന്നുള്ളവരെ വിവാഹം കഴിച്ചു. തുടര്‍ന്നവരുടേയും പിന്‍തലമുറയുടേയും ജീവിതം സവര്‍ണ്ണരും നാഗരികരുമായി. മിശ്രവിവാഹം പോലും പിന്തിരിപ്പനാകുന്ന അവസ്ഥ. തങ്ങളുടെ സമുദായത്തില്‍ നിന്ന് 10 ബിഎക്കാരെ കാണാന്‍ അയ്യങ്കാളി ആഗ്രഹിച്ചെങ്കില്‍ ആയിരകണക്കിനു പേരുണ്ടായിട്ടും ഗുണമില്ലാതായി. വര്‍ഗ്ഗസമരത്തിലൂടെ ജാതിപീഡനം അവസാനിക്കും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നീ മുദ്രാവാക്യങ്ങള്‍ ഫലത്തില്‍ ദളിതന് എതിരായി തീര്‍ന്നു. മുളയന്‍ മജിസ്‌ട്രേറ്റായാല്‍ എന്ന ചൊല്ലിന്റെ ശക്തി ദിനം പ്രതി വര്‍ദ്ധിക്കുന്നു. ദളിതരുടെ മതംമാറ്റത്തെ പ്രതിരോധിക്കാന്‍ രൂപപ്പെടുത്തിയെന്ന വിമര്‍ശനം നിലനില്‍ക്കുന്ന ക്ഷേത്രപ്രവേശന വിളംബരം മൂലം ദളിതര്‍ക്ക് സ്വന്തം ദൈവങ്ങളേയും നഷ്ടപ്പെട്ടു. അന്തിമമായി കേരളത്തില്‍ നടന്ന നവോത്ഥാന രാഷ്ട്രീയ മുന്നേറ്റങ്ങര്‍ ദളിതനും ആദിവാസിക്കും യാതൊരു ഗുണവുമുണ്ടാക്കിയില്ല എന്നതു ഉറക്കെ വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply