ഫാസിസ്റ്റു വിരുദ്ധതയുടെ രാഷ്ടീയത്തിലെ ശരികേടുകള്‍…

സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യസംവിധാനത്തിനും മതേതരത്വത്തിനുമെതിരെ നടത്തുന്ന അക്രമങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് ദശകങ്ങള്‍ക്കുമുമ്പെ പ്രതിജ്ഞയെടുത്ത ശക്തികള്‍ ആ ലക്ഷ്യത്തിലെത്താന്‍ കാര്യമായ പ്രതിബന്ധങ്ങള്‍ ഇനിയില്ല എന്ന ധാരണയിലാണ് ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഐക്യപ്പെട്ട് ഫാസിസത്തെ ശക്തമായി പ്രതിരോധിക്കുകയാണ് ജനാധിപത്യവിശ്വാസികളുടെ രാഷ്ട്രീയ കടമ. എന്നാല്‍ അതു നിര്‍വ്വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിനെതിരെ ഒന്നിച്ചുനിന്ന് പ്രതിരോധമുയര്‍ത്തുകയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിയന്തിര കടമ. അതിലവര്‍ എത്രത്തോളം വിജയിക്കുമെന്ന് […]

fff

സവര്‍ണ്ണ ഫാസിസ്റ്റ് ശക്തികള്‍ ജനാധിപത്യസംവിധാനത്തിനും മതേതരത്വത്തിനുമെതിരെ നടത്തുന്ന അക്രമങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന് ദശകങ്ങള്‍ക്കുമുമ്പെ പ്രതിജ്ഞയെടുത്ത ശക്തികള്‍ ആ ലക്ഷ്യത്തിലെത്താന്‍ കാര്യമായ പ്രതിബന്ധങ്ങള്‍ ഇനിയില്ല എന്ന ധാരണയിലാണ് ഫാസിസ്റ്റ് കടന്നാക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഐക്യപ്പെട്ട് ഫാസിസത്തെ ശക്തമായി പ്രതിരോധിക്കുകയാണ് ജനാധിപത്യവിശ്വാസികളുടെ രാഷ്ട്രീയ കടമ. എന്നാല്‍ അതു നിര്‍വ്വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിനെതിരെ ഒന്നിച്ചുനിന്ന് പ്രതിരോധമുയര്‍ത്തുകയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അടിയന്തിര കടമ. അതിലവര്‍ എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്നുകാണാം. ഒന്നിച്ചുനിന്നാല്‍ അത് സാധ്യമാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ അത്തരമൊരു ഐക്യപ്പെടലിന്റെ സാധ്യത വിരളമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. എങ്കിലും അതിനുള്ള ശ്രമങ്ങള്‍ തുടരുന്നു എന്നത് പ്രതീക്ഷ നല്‍കുന്നു.
തെരഞ്ഞെടുപ്പ് രാഷ്ട്രീയരംഗം പോലെ പ്രധാനമാണ് സാമൂഹ്യ – സാംസ്‌കാരിക മേഖലയിലെ പോരാട്ടങ്ങളും. അവിടേയും പക്ഷെ നിരാശ സമ്മാനിക്കുന്ന വാര്‍ത്തകള്‍ തന്നെയാണ് പുറത്തുവരുന്നത്. ഫാസിസം വന്നോ എന്നതുമുതല്‍ ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളില്‍ ആരൊക്കെയായി ഐക്യപ്പെടാമെന്നു വരെയുള്ള തര്‍ക്കങ്ങളാണ് മുറുകുന്നത്. ഇപ്പോഴിതാ രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തോടെ ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ പുതിയ അധ്യായം എഴുതിചേര്‍ത്ത എച്ച് സി യുവില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളും പ്രതീക്ഷാനിര്‍ഭരമല്ല. നീല്‍ സലാം – ലാല്‍ സലാം മുദ്രാവാക്യത്തോടെ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റേയും എസ് എഫ് ഐയുടേയും നേതൃത്വത്തില്‍ രൂപീകരിച്ച സാമൂഹ്യനീതിക്കായുള്ള മുന്നണി മികച്ച വിജയം നേടിയെങ്കിലും ഇരുവിഭാഗങ്ങളുമായുള്ള തര്‍ക്കം മുറുകിയിരിക്കുകയാണ്. എസ് ഐ ഓയോടുള്ള സമീപനമാണ് പ്രധാന തര്‍ക്കവിഷയം. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ എസ് ഐ ഒ പോലുള്ള മതാടിസ്ഥാനത്തിലുള്ള സംഘടനക്ക് ഒരു പങ്കുമില്ലെന്നും അവര്‍ ഏറെക്കുറെ എ ബി വി പിക്കു സമാനമാണെന്നുമാണ് എസ് എഫ് ഐ നിലപാട്. ദളിതരെപോലെ മുസ്ലിമുകളും ഫാസിസത്തിന്റെ ഇരകളായതിനാല്‍ എസ് ഐ ഒ പോലുള്ള സംഘടനകള്‍ക്കും പ്രസക്തിയുണ്ടെന്നാണ് എ എസ് എ നിലപാട്. തര്‍ക്കത്തിന്റെ തുടര്‍ച്ചയായി എസ് ഐ ഒക്കെതിരെന്ന മട്ടില്‍ മലയാളി എസ് എഫ് ഐക്കാര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ പ്രകടമായും മുസ്ലിംവിരുദ്ധ വംശീയ മുദ്രാവാക്യങ്ങള്‍ തന്നെയായിരുന്നു.
കേരളത്തില്‍ കുറച്ചുകാലമായി നടക്കുന്ന ചര്‍ച്ചകളുടെ ഭാഗംതന്നെയാണ് എസ് എഫ് ഐക്കാരുടെ മുദ്രാവാക്യം എന്നതു വ്യക്തം. ഏറെ കൊട്ടിഘോഷക്കപ്പെട്ട മനുഷ്യസംഗമകാലത്ത് ഈ തര്‍ക്കം രൂക്ഷമാകുകയും കോഴിക്കോട് സമാന്തരമായി അമാനവ സംഗമം നടക്കുകയും ചെയ്തിരുന്നു.
വാസ്തവത്തില്‍ മുസ്ലിമുകള്‍, ദളിതര്‍, എഴുത്തുകാരും ചിന്തകരും കലാകാരന്മാരും മാധ്യമക്കാരുമടങ്ങുന്ന ബുദ്ധിജീവികള്‍.. ഇവരാണ് സവര്‍ണ്ണഫാസിസത്തിന്റെ ‘പ്രധാന’ ഇരകള്‍.. മറ്റു വിഭാഗങ്ങള്‍ക്കെതിരായും അതിക്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇവരെയാണ് മുഖ്യമായും ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം. അപ്പോള്‍ അവരെ ഒഴിവാക്കി എന്തു ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമാണ് നടത്താനാകുക? ഏതു മതത്തില്‍ വിശ്വസിക്കാനും മതപ്രചരണങ്ങള്‍ നടത്താനുമൊക്കെ സ്വാതന്ത്ര്യമുള്ള ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ എന്നതാണ് ഇവിടെ മറന്നു പോകുന്നത്. തീര്‍ച്ചയായും ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ പേരിലായാലും അക്രമങ്ങള്‍ നടത്തുന്നവരെയാണ് ഒഴിവാക്കേണ്ടത്. എസ് ഐ ഒക്കെതിരെ അത്തരമൊരാപണം നിലവിലുണ്ടോ? വാസ്തവത്തില്‍ കേരളത്തിലെങ്കിലും അക്രമത്തിലൂടെ ഫാസിസ്റ്റുകളെ പ്രതിരോധിക്കാമെന്ന മൂഢവിശ്വാസം പുലര്‍ത്തുന്നത് എസ് എഫ് ഐയുടെ പിതൃസംഘടനയായ സിപിഎം അല്ലേ? ജനാധിപത്യപരമായും സമാധാനപരമായും മാത്രമെ ഫാസിസത്തിനെതിരായ ഐക്യമുന്നണി സാധ്യമാകൂ.
എല്ലാ സ്വത്വബോധങ്ങളും വൈവിധ്യങ്ങളും അവഗണിച്ച്, കീഴാള – മേലാള വ്യത്യാസങ്ങളും മാറ്റിവെച്ച് മനുഷ്യരായി വന്ന് ഫാസിസത്തെ പ്രതരോധിക്കുക എന്ന മനുഷ്യസംഗമത്തിലെ കാഴ്ചപ്പാടുതന്നെയാണ് ഇപ്പോഴും പലരും ഉയര്‍ത്തിപിടിക്കുന്നത്. വേട്ടക്കാരേയും ഇരകളേയും ഒരുപോലെ കാണുന്ന യാന്ത്രികനിലപാട്. ഇരകള്‍ക്ക് അതേകുറിച്ച് തുറന്നു പറയാനും ഫാസിസ്റ്റ് വിരുദ്ധ മുന്നണിയില്‍ അണിനിരക്കാനും അവസരം നിഷേധിച്ച്, അവര്‍ക്കായി മറ്റുള്ളവര്‍ സംസാരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? തമിഴ് കവിയത്രി മീനാ കന്ദസ്വാമി ഈ സമീപനത്തോട് പ്രതികരിച്ചു ചോദിച്ച ചോദ്യങ്ങള്‍ ിപ്പോഴുംപ്രസക്തമാണ്. ‘അധികാരത്തിന്റേയും കോര്‍പ്പറേറ്റുകളുടേയും പിന്‍ബലത്തിലൂടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കങ്ങളെ പോലെ മുസ്ലിം രാഷ്ട്രം സാധ്യമാണോ? മൗലികവാദത്തെ ഫാസിസമായി കണക്കാക്കാമോ? ഐഎസുകാരെപോലെയാണോ ഇന്ത്യയിലെ ജനാധിപത്യസംവിധാനത്തിനകത്തുനിന്നു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍’ ഹിന്ദു സവര്‍ണ്ണ സെക്യുലര്‍ ഇസ്ലാമോ ഫോബിയയുടെ ഭാഗമാണ് ഇത്തരം ബഹിഷ്‌കരണങ്ങളെന്നും അവര്‍ ആരോപിച്ചിരുന്നു. ഒരു മത വര്‍ഗീയതയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് മറ്റു മത വര്‍ഗീയതകള്‍ വളരുന്നത് എന്ന ലളിതമായ മറുവാദം ഉന്നയിക്കുന്നതുകൊണ്ട് എന്തുഗുണം? വര്‍ഷങ്ങള്‍ക്കുമുമ്പ് ബാബറി മസ്ജിദ് – മണ്ഡല്‍ കമ്മീഷന്‍ – കാശ്മീര്‍ പ്രശ്നങ്ങള്‍ രൂക്ഷമായപ്പോള്‍ തൃശൂരില്‍ സംഘടിപ്പിക്കപ്പെട്ട സവര്‍ണ്ണ ഫാസിസ്റ്റ് വിരുദ്ധ കണ്‍വെന്‍ഷന്‍ സമയത്തും ഈ വിഷയമുയര്‍ന്നിരുന്നു. ഇരകളായ മുഴുവന്‍ വിഭാഗങ്ങളേയും പങ്കെടുപ്പിക്കാനായിരുന്നു അന്ന് തീരുമാനിച്ചത്. പടിഞ്ഞാറില്‍ ഉദയം ചെയ്ത വെളുത്ത കത്തോലിക്ക യൂറോപ്യന്‍ പുരുഷനെ പ്രതിനിധീകരിക്കുന്ന ഹ്യൂമനെ പ്രതിനിധീകരിക്കുന്ന മനുഷ്യന്‍ എന്ന പദത്തിന്റെ അപര്യാപ്തതയും അന്നുതന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
എതിര്‍സ്വരങ്ങളെയും ഭിന്നസ്വരങ്ങളെയും ബലംകൊണ്ട് അടിച്ചമര്‍ത്തുക, മതന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രചരണം നടത്തുകയും അവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയും ചെയ്യുക, ബോധപൂര്‍വ്വം വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക, ചില വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന പശു ആരാധനയുടെ പേരില്‍ മുസ്ലീം, ക്രിസ്ത്യന്‍, ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടിയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭക്ഷണശീലങ്ങളെ വിലക്കുക, ലംഘിക്കുന്നവരെ പരസ്യമായി ആക്രമിക്കുക, ദലിത് വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ അഴിച്ചുവിടുക, യാഥാസ്ഥിതിക മതാശയങ്ങളെ വിമര്‍ശിക്കുന്ന സ്വതന്ത്രചിന്തകരെ വധിക്കുക, സംഗീത നിരോധനങ്ങളും പുസ്തകനിരോധനങ്ങളും നടപ്പിലാക്കുക, സ്വതന്ത്രവിദ്യാഭ്യാസശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലെല്ലാം മതമൗലികവാദ അജണ്ടകള്‍ നടപ്പിലാക്കുക… ഇങ്ങനെ ഒരുവശത്ത് വര്‍ഗ്ഗീയഭ്രാന്തരായ അവരുടെ വിവിധ ‘സേന’കള്‍ ഭക്ഷണം, വസ്ത്രം, എഴുത്ത,് മതാതീത പ്രണയങ്ങള്‍, സദാചാരം തുടങ്ങി വ്യക്തികളുടെ മൗലിക സ്വാതന്ത്ര്യത്തില്‍പ്പോലും ഇടപെടുകയും ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന സമയത്താണ് ഇരകളുടെ പാതിവ്രത്യം പരിശോധിക്കുന്ന സമീപനം എന്നതാണ് ആശങ്കാജനകം. ജന്‍ഡറിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള എല്ലാ സാമൂഹ്യവിവേചനങ്ങളും ഇല്ലാതാകണമെന്നു പറയുന്നത് അത്തരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നവരെ ഒഴിവാക്കാനുള്ള കാരണമായി മാറുന്നത് ആരെയാണ് സഹായിക്കുക എന്നു വ്യക്തം. അതുപോലെതന്നെ അത്തരം വിഭാഗങ്ങള്‍ക്കിടയിലെ നീതിനിഷേധങ്ങളുടെ പേരില്‍ അവരേയെല്ലാം ഫാസിസ്റ്റുകളെന്നു മുദ്രകുത്തുന്നതും…!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply