ഫാസിസവല്‍ക്കരണം ഇന്ത്യയില്‍

സച്ചിദാനന്ദന്‍ ഹിന്ദുമതത്തിന് ഒരു പ്രവാചകനോ മതഗ്രന്ഥമോ ഇല്ല. എന്നാല്‍ അവയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൃഷ്ണനെ പ്രവാചകനും ഭഗവത് ഗീതയെ മതഗ്രന്ഥവുമാക്കാനാണ് നീക്കം. ബ്രഹ്മം എന്ന പുരോഗമനസങ്കല്‍പ്പം പോലും പിന്നീട് മതസങ്കല്‍പ്പമായി. അങ്ങനെ ഒരു സെമിറ്റിക് മതമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിനായി നിരവധി വിഭാഗങ്ങളെ പുറത്താക്കണം, ശത്രുപക്ഷത്തുനിര്‍ത്തണം. ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, ഈശ്വരവിശ്വാമില്ലാത്തവര്‍, ലൈംഗികന്യൂനപക്ഷങ്ങള്‍, ബുദ്ധ, ജൈന, ചാര്‍വ്വാക, സാംഖ്യ തുടങ്ങിയ ധാരകള്‍, ഇസ്ലാം, പാഴ്‌സി പോലുള്ള മതങ്ങള്‍ എന്നിങ്ങനെപോകുന്നു ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്നവര്‍. എല്ലാ വൈവിധ്യങ്ങളും തുടച്ചുമാറ്റപ്പെടുന്നു. ഉദാഹരണമായി നൂറുകണക്കിനു […]

fffസച്ചിദാനന്ദന്‍

ഹിന്ദുമതത്തിന് ഒരു പ്രവാചകനോ മതഗ്രന്ഥമോ ഇല്ല. എന്നാല്‍ അവയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൃഷ്ണനെ പ്രവാചകനും ഭഗവത് ഗീതയെ മതഗ്രന്ഥവുമാക്കാനാണ് നീക്കം. ബ്രഹ്മം എന്ന പുരോഗമനസങ്കല്‍പ്പം പോലും പിന്നീട് മതസങ്കല്‍പ്പമായി. അങ്ങനെ ഒരു സെമിറ്റിക് മതമുണ്ടാക്കാന്‍ ശ്രമിക്കുന്നു. അതിനായി നിരവധി വിഭാഗങ്ങളെ പുറത്താക്കണം, ശത്രുപക്ഷത്തുനിര്‍ത്തണം. ന്യൂനപക്ഷങ്ങള്‍, ദളിതര്‍, ആദിവാസികള്‍, ഈശ്വരവിശ്വാമില്ലാത്തവര്‍, ലൈംഗികന്യൂനപക്ഷങ്ങള്‍, ബുദ്ധ, ജൈന, ചാര്‍വ്വാക, സാംഖ്യ തുടങ്ങിയ ധാരകള്‍, ഇസ്ലാം, പാഴ്‌സി പോലുള്ള മതങ്ങള്‍ എന്നിങ്ങനെപോകുന്നു ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്നവര്‍. എല്ലാ വൈവിധ്യങ്ങളും തുടച്ചുമാറ്റപ്പെടുന്നു. ഉദാഹരണമായി നൂറുകണക്കിനു രാമായണങ്ങളുടെ വൈവിധ്യങ്ങള്‍ നിരാകരിച്ച് തുളസീദാസന്റെ രാമായണം മാത്രമാണ് ശരിയെന്നു സ്ഥാപിക്കുന്നു.
ഹിന്ദുമഹാസഭയുടെ രൂപീകരണത്തോടെയാണ് ഈ പ്രക്രിയ സജീവമായത്. ലാലാ ലജപതിറായിയെ പോലുള്ള അതിന്റെ നേതാക്കളെ ദേശീയനേതാക്കളായി ചിത്രീകരിക്കുന്നതുതന്നെ ശരിയല്ല. അരവിന്ദന്റെ ദുര്‍ഗ്ഗാപൂജയും തിലകന്റെ ഗണപതി ആരാധനയുമൊക്കെ ദേശീയപ്രസ്ഥാനത്തിന് ഹൈന്ദവമുഖമുണ്ടാക്കി. സവര്‍ക്കര്‍ വരുന്നതോടെ ഈ പ്രക്രിയ കൂടുതല്‍ ശക്തമായി. പിന്നെ ഗോള്‍വാള്‍ക്കര്‍. ഹിന്ദുരാഷ്ട്രമെന്ന ലക്ഷ്യത്തിനായി വളര്‍ത്തിയെടുത്ത മുസ്ലിം വിരുദ്ധതയാണ് ഗാന്ധിവധം വരെയെത്തിയത്. പിന്നെയത് ജനസംഘം, ബിജെപി… ഇപ്പോള്‍ ഒറ്റക്ക് അധികാരത്തില്‍. മറുവശത്ത് സമാന്തരമായി രാഷ്ട്രീയത്തിന്റെ ഹിന്ദുവല്‍ക്കരണമെന്നും ഇന്ത്യയുടെ ഹൈന്ദവവല്‍ക്കരണമെന്നും പരസ്യമായി പ്രഖ്യാപിക്കുന്ന വിശ്വഹിന്ദു പരിഷത്തും.
ഏതു ഫാസിസ്റ്റുകളേയുംപോലെ നുണപ്രചരണം തന്നെയാണ് ഹൈന്ദവഫാസിസ്റ്റുകളും നടത്തികൊണ്ടിരിക്കുന്നത്. ഏതാനും ഉദാഹരണം മാത്രം ചൂണ്ടികാണിക്കാം. മുസ്ലിം ഭരണകാലത്ത് ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെട്ടു, ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് എത്രയോ തെളിയി്കപ്പെട്ടതാണ്. രാമജന്മഭൂമിയെ കുറിച്ചുള്ള അവകാശവാദത്തിനും യാതൊരടിത്തറയുമില്ല. പിന്നെ മതപരിവര്‍ത്തനത്തെ കുറിച്ചുള്ള പ്രചരണം. മനുഷ്യരായി പോലും അംഗീകരിക്കപ്പെടാതിരുന്നവരായിരുന്നു മതം മാറിയതെന്ന വസ്തുതയാണ് അവര്‍ മൂടിവെക്കുന്നത്. സദാചാരപരമായി ഇവരുടെ പ്രചരണങ്ങള്‍ക്ക് കാമസൂത്രം മുതല്‍ ക്ഷേത്രങ്ങളിലെ ചുമര്‍ചിത്രങ്ങള്‍ വരെ മറുപടി പറയും.
ഈ നുണപ്രചരണങ്ങള്‍ മാത്രമല്ല, ഹിന്ദുത്വത്തിനു വളരാന്‍ പറ്റിയ നിരവധി സാഹചര്യങ്ങളും ഇവിടെ നിലനിന്നിരുന്നു. പൂര്‍ത്തിയാകാത്ത മുതലാളിത്ത വിപ്ലവം, ദേശീയപ്രസ്ഥാനത്തിനുണ്ടായിരുന്ന ഹൈന്ദവമുഖം, വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട കാര്‍ഷിക കലാപങ്ങള്‍, വിഭജിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയം, നെഹ്‌റുവിനുശേഷം കോണ്‍ഗ്രസ്സില്‍ ശക്തമായ മൃദുഹിന്ദുത്വം തുടങ്ങിയവയൊക്കെ ഉദാഹരണങ്ങള്‍. ബോധപൂര്‍വ്വമായ വര്‍ഗ്ഗീയകലാപങ്ങളാണ് പലയിടത്തും സൃഷ്ടിക്കപ്പെടുന്നത്. ഗുജറാത്തിലും മുസാഫര്‍ നഗറിലും നടന്നത് മറക്കാറായില്ലല്ലോ. ബീഹാറില്‍ പക്ഷെ സര്‍ക്കാരിന്റെ ബോധപൂര്‍വ്വമായ ഇടപെടലുകള്‍ മൂലം അത് വിജയിച്ചില്ല. 2007-2008 കാലത്തുനടന്ന പൊട്ടിത്തെറികള്‍ക്കു പുറകിലെല്ലാം ആരായിരുന്നു എന്ന് ഇന്ന് വ്യക്തമാണ്. ഗുജറാത്തിന്റെ വികസനത്തെ കുറിച്ചുള്ള പ്രചരണങ്ങളെല്ലാം കള്ളമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 1500 കോടി ഡോളര്‍ നല്‍കിയാണ് ഇത്തരം നുണപ്രചരണങ്ങള്‍ നടത്തി സ്വന്തം ഇമേജ് മോദി സൃഷ്ടിച്ചത്. ഇപ്പോള്‍ പറയുന്നത് ചിന്തിക്കുന്ന എല്ലാവരും പാക്കിസ്ഥാനില്‍ പോകണമെന്നാണ്. എങ്കില്‍ പാക്കിസ്ഥാന്‍ ഏഷ്യയുടെ തലസ്ഥാനനഗരമാകുന്ന കാലം വിദൂരമാകില്ല.
ഫാസിസത്തിന്റെ ആദ്യഇര മുസ്ലിമുകളും മറ്റ് ന്യൂനപക്ഷങ്ങളുമാണ്. പിന്നെ കലാകാരന്മാരും എഴുത്തുകാരും. കഴിഞ്ഞില്ല, മേധ, ടീസ്റ്റ, ആനന്ദ് പട്വര്‍ദ്ധന്‍ തുടങ്ങിയ സാമൂഹ്യപ്രവര്‍ത്തകര്‍, എന്‍ ജി ഒകള്‍, ചരിത്രകാരന്മാര്‍, ശാസ്ത്രീയ ചിന്താഗതിക്കാര്‍ എന്നിങ്ങനെ പട്ടിക നീളുന്നു. അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളും ശാസ്ത്രമെന്ന പേരില്‍ വ്യാഖ്യാനിക്കപ്പെടുന്നു. വിദ്യാഭ്യാസ – ചരിത്ര – സാംസ്‌കാരിക സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കപ്പെടുന്നു. അതിനിടയില്‍ നടന്ന എഫ് ടി ടി ഐ, പെരുമാള്‍ മുരുകന്‍, കല്‍ബുര്‍ഗ്ഗി സംഭവങ്ങളാണ് സാംസ്‌കാരിക രംഗത്തുനിന്ന് പ്രതിഷേധങ്ങളുയരാന്‍ കാരണമായത്.
ആരും എപ്പോള്‍ വേണമെങ്കിലും രാജ്യദ്രോഹികളെന്നു മുദ്ര കുത്തപ്പെടാവുന്ന കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അരുന്ധതി റോയ്, ബിനായക് സെന്‍, കോവന്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങള്‍. ഇത്തരമൊരു കാലത്ത് ജനാധിപത്യത്തിന്റെ പുനര്‍നിര്‍വചനം പ്രസക്തമാവുകയും ജനാധികാരത്തെ സംബന്ധിച്ച ധാരണകള്‍ വിപുലമാവുകയും വേണം. ജനങ്ങളെ നിയന്ത്രിക്കുന്നതിനാണ് ഭരണകൂടം ഉത്ഭവിച്ചതുതന്നെ. ജനാധിപത്യം എന്നത് കേവലഭൂരിപക്ഷത്തിന്റെ ന്യൂനപക്ഷത്തെ അടക്കി ഭരിക്കുന്നതല്ല. സാമൂഹികസമത്വം ഇല്ലാത്തിടത്തോളം ജനാധിപത്യം അര്‍ഥവത്താവില്ല. ഭരണഘടനയിലെ പരമാധികാരം, സെക്കുലര്‍, സോഷ്യലിസ്റ്റ്, ജനാധിപത്യം എന്നതിനു പകരം പരതന്ത്ര, മതാധിപത്യ, മുതലാളിത്താനുകൂല, ഫാസിസ്റ്റനുകൂല രാഷ്ട്രമാക്കി മാറ്റാനാണ് ശ്രമം നടക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വത്തില്‍ പ്രധാനം മതത്തെ നോക്കാതെയുള്ള അതിന്റെ ധാര്‍മികതയാണ്. അത് മതഗ്രന്ഥങ്ങളെയല്ല അടിസ്ഥാനമാക്കുന്നത്. മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്നു. ദൈവവിശ്വാസമില്ലാത്തവരെയും വിശ്വാസബഹുലകളെയും അത് മാനിക്കുന്നു. ജനാധിപത്യത്തിന്റെ മൗലികതയാണ് മതേതരത്വം. ഒരു പൊതു നിയമമാണ് അവിടെ ജനതയെ നയിക്കുക. അവിടെ മതങ്ങള്‍ക്ക് തുല്യതയുണ്ടാവും. വിവിധ ജീവിതങ്ങളുടെ തുല്യത അംഗീകരിക്കപ്പെടുമ്പോള്‍ രാഷ്ട്രം മതേതരമാകും. എന്നാലിന്ന് പ്രചരിപ്പിക്കപ്പെടുന്ന ഹിന്ദുത്വത്തിലൂന്നുന്ന ദേശീയത ഇതെല്ലാം തകര്‍ക്കുന്നു. അതാകട്ടെ കോര്‍പ്പറേറ്റുകളുമായി കൈകോര്‍ത്ത്, കൃത്യമായ സാമ്പത്തിക ലക്ഷ്യങ്ങളോടു കൂടിയതാണുതാനും. മോദ്ി – അദാനി ബന്ധം മുതല്‍ ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ ക്ച്ചവടം പാടില്ല എന്ന നിലപാടുവരെ പരിശോധിച്ചാല്‍ ഇതു വ്യക്തമാണ്.
അതിനിടയില്‍ ഇവിടെ ഫാസിസമാണോ അല്ലയോ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ സജീവമാകുകയാണല്ലോ. അതേ കുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും ഫാസിസത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് ഉംബര്‍േട്ടാ ഏകോ പറയുന്ന ചില ലക്ഷണങ്ങള്‍ ചൂണ്ടികാട്ടാം. പാരമ്പര്യത്തെ കുറിച്ച് അന്ധമായ ആരാധന, ഇനിയൊന്നും കണ്ടെത്താനില്ല എന്ന പ്രചരണം, ആധുനികതയോടുെ ശാസ്ത്രത്തോടുമെല്ലാം തിരസ്‌കാരം, എഴുത്തുകാരേയും ബുദ്ധിജീവികളേയും സംശയം, മധ്യവര്‍ഗ്ഗങ്ങളെ പ്രലോഭിപ്പിക്കല്‍, വൈവിധ്യങ്ങളോടുള്ള ഭയം, ശത്രുവിന്റെ ശക്തിയെ പെരുപ്പിച്ചുകാണല്‍, ദേശത്തെ പുനര്‍നിര്‍വ്വചിച്ച് അപരരെ സൃഷ്ടിക്കല്‍, പ്രതിഷേധങ്ങളെ ഗൂഢാലോചനയായി കാണല്‍, സമാധാനത്തോട് വിദ്വഷം, പൗരുഷത്തിലുളള വിശ്വാസം, ദുര്‍ബ്ബലരെ പുച്ഛം, മരണാരാധന, തങ്ങളുടേതാണ് പൊതു ഇച്ഛ എന്ന പ്രചരണം, എല്ലാറ്റിനേയും കറുപ്പോ വെളുപ്പോ ആയി ചിത്രീകരിക്കുക എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍. ന്യൂനപക്ഷ വര്‍ഗ്ഗീയതക്ക് ഏറിവന്നാല്‍ രാഷ്ട്രത്തെ വിഭജിക്കാന്‍ കഴിയും. എന്നാല്‍ ഭൂരിപക്ഷവര്‍ഗ്ഗീയതയാണ് ഫാസിസത്തിന്റെ അടിത്തറ. അതു തിരിച്ചറിയുന്നതും പ്രധാനമാണ്.

ജനനീതി സാഹിത്യ അക്കാദമിയില്‍ സംഘടിപ്പിച്ച ഫാസിസവും പ്രതിരോധവും എന്ന വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply