ഫാസിസത്തെ തടയാന്‍ ഇന്ത്യക്ക് കഴിയും

കെ.വേണു ഫാസിസ്റ്റുകള്‍ക്ക് പല മുന്നേറ്റങ്ങളും നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യസമരത്തിലൂടെയും അതിന്‌ശേഷം രൂപപ്പെട്ട മതേതര ജനാധിപത്യ ഘടനയിലൂടെയും ഉരുത്തിരിഞ്ഞ പൊതുബോധത്തില്‍ ഫാസിസ്റ്റ് ഭീഷണിയെ തടഞ്ഞു നിര്‍ത്താനുള്ള സാദ്ധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് വലിയ വിപത്തിന്റെ നാളുകളാണെന്ന സൂചനകളാണ് നോട്ട് നിരോധനത്തിലൂടെയും കശാപ്പ് നിയന്ത്രണത്തിലൂടെയും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോഡിയും നല്‍കുന്നത്. അടിയന്തിരാവസ്ഥയിലൂടെ കടന്നുപോയ ഇന്ത്യന്‍ ജനാധിപത്യത്തിന് അതിനേക്കാള്‍ ഭീതിതമായ നാളുകളെയാണോ അഭിമുഖീകരിക്കേണ്ടി വരിക? അടിയന്തിരാവസ്ഥക്കാലം സൃഷ്ടിച്ചതില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഭീഷണിയാണ് ഇപ്പോള്‍ ഉയര്‍ന്നു […]

fffകെ.വേണു

ഫാസിസ്റ്റുകള്‍ക്ക് പല മുന്നേറ്റങ്ങളും നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യസമരത്തിലൂടെയും അതിന്‌ശേഷം രൂപപ്പെട്ട മതേതര ജനാധിപത്യ ഘടനയിലൂടെയും ഉരുത്തിരിഞ്ഞ പൊതുബോധത്തില്‍ ഫാസിസ്റ്റ് ഭീഷണിയെ തടഞ്ഞു നിര്‍ത്താനുള്ള സാദ്ധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്നത് വലിയ വിപത്തിന്റെ നാളുകളാണെന്ന സൂചനകളാണ് നോട്ട് നിരോധനത്തിലൂടെയും കശാപ്പ് നിയന്ത്രണത്തിലൂടെയും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോഡിയും നല്‍കുന്നത്. അടിയന്തിരാവസ്ഥയിലൂടെ കടന്നുപോയ ഇന്ത്യന്‍ ജനാധിപത്യത്തിന് അതിനേക്കാള്‍ ഭീതിതമായ നാളുകളെയാണോ അഭിമുഖീകരിക്കേണ്ടി വരിക?
അടിയന്തിരാവസ്ഥക്കാലം സൃഷ്ടിച്ചതില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഭീഷണിയാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ളത്. വിപുലമായ മതേതര ജനാധിപത്യാടിത്തറയുള്ള ഒരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തിന് താല്‍ക്കാലികമായി സംഭവിച്ച വ്യതിയാനമാണ് അടിയന്തരാവസ്ഥയിലേയ്ക്ക് നയിച്ചത്. അതുകൊണ്ടു തന്നെയാണ് അത് പിന്‍വലിക്കപ്പെട്ടതും. ഇപ്പോഴത്തെ ഭീഷണി ഉയരുന്നത് മതാധിഷ്ഠിത ഫാസിസ്റ്റ് നിലപാടു സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നാണ്. അതുകൊണ്ട് ഈ ഭീഷണി അതീവ ഗൗരവ സ്വഭാവമുള്ളതാണ്.

മതം രാഷ്ട്രീയത്തില്‍ നേരിട്ടിടപെടുകയാണ് മോഡി ഭരണത്തില്‍, അല്ലെങ്കില്‍ മതത്തിന്റെ പേര് അധികാരത്തിന് വേണ്ടി ഉപയോഗിക്കപ്പെടുകയാണ്. രാമജന്മഭൂമിയാണ് ഹൈന്ദവതയെ ഒന്നിപ്പിക്കാനും അധികാരത്തിലെത്താനും ആദ്യം ബി ജെ പിയും ആര്‍ എസ് എസും ഉപയോഗിച്ചത്. ബി ജെപിയുടെ രണ്ടാമൂഴത്തില്‍ ഗോമാതാവെന്ന സങ്കല്‍പമാണ് ഹൈന്ദവതയെ ഏകീകരിക്കാന്‍ സംഘപരിവാരം ആളിക്കത്തിക്കുന്നത്. യുക്തിഭദ്രതയില്ലാത്ത, ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം അടയാളങ്ങളും ആശയങ്ങളും ഉപയോഗിച്ച് അജണ്ടകള്‍ നടപ്പാക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത്?
മതാധിഷ്ഠിത ഫാസിസം ലക്ഷ്യം വെയ്ക്കുന്നത് ഇന്ത്യയെ ഒരു ഹിന്ദുമതരാഷ്ട്രമായി പ്രഖ്യാപിക്കുക എന്നതു തന്നെയാണ്. ഹിന്ദുമത വിശ്വാസത്തിന്റെ എല്ലാ വശങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ഹിന്ദുമത വിശ്വാസികളെ മുഴുവന്‍ രാഷ്ട്രീയമായി സംഘടിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ബാബറി മസ്ജിദും ഗോവധനിരോധവുമെല്ലാം ഹിന്ദുക്കളെ വര്‍ഗ്ഗീയമായി സംഘടിപ്പിക്കാനുള്ള ഉപാധികള്‍ മാത്രമാണ്. ഇന്ത്യന്‍ സമൂഹം മതവിശ്വാസങ്ങളുടെ കാര്യത്തില്‍ ഏറെ പിന്നോക്കാവസ്ഥയിലാണെന്നാണ് സമീപകാല സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നത് മധ്യകാലഘട്ടത്തില്‍ സാധാരണമായിരുന്നു. യൂറോപ്പിലെ അധികാരസിംഹാസനങ്ങളില്‍ കത്തോലിക്കാസഭ നേരിട്ട് ഇടപെട്ടു. പശ്ചിമേഷ്യയില്‍ ഇസ്ലാം മതത്തിന്റെയും നിയമസംഹിതകളുടെയും പേരില്‍ ഇന്നും രാജഭരണം നിലനില്‍ക്കുന്നു. ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ സംഘടിതവും കെട്ടുറപ്പുള്ളതുമാണ്. എന്നാല്‍ സംഘടിതമല്ലാത്ത, കേന്ദ്രീകൃത സംവിധാനമില്ലാത്ത ഒരു മതവിശ്വാസത്തെ ഒരു ബൃഹദ് രാഷ്ട്രത്തിന്റെ അധികാരം പിടിക്കാന്‍ സംഘപരിവാര്‍ ഉപയോഗിക്കുകയും അതില്‍ ഏറെക്കുറെ വിജയം കാണുകയും ചെയ്തു. നിലവിലെ ഇന്ത്യന്‍ ജനാധിപത്യസംവിധാനം നല്‍കുന്നത് അത്ര നല്ല സൂചനകളാണോ?
ഫ്യൂഡല്‍ കാലഘട്ടത്തില്‍ ലോകത്തിന്റെ എല്ലാ മേഖലകളിലും മതങ്ങളാണ് രാഷ്ട്രീയാധികാരത്തെ നിയന്ത്രിച്ചിരുന്നത്. യൂറോപ്പില്‍ മുതലാളിത്തം വളര്‍ന്നു വന്നതോടെ മതം ജനാധിപത്യ മതേതര രാഷ്ട്രീയത്തിന് വഴി മാറി കൊടുക്കേണ്ടിവന്നു. എന്നാല്‍ ഇസ്ലാം, ഹിന്ദു, ബുദ്ധമതങ്ങള്‍ മേധാവിത്വത്തിലുണ്ടായിരുന്ന ഏഷ്യന്‍ മേഖലകളില്‍ കൊളോണിയല്‍ മേധാവിത്വത്തിന്റെ ഫലമായി മുതലാളിത്തം തടയപ്പെടുകയും ഫ്യൂഡല്‍ അവസ്ഥയും മതമേധാവിത്വവും തുടരുകയും ചെയ്തു. രണ്ടാം ലോകയുധത്തോടുകൂടി കോളനികള്‍ സ്വതന്ത്രമായെങ്കിലും ആ രാജ്യങ്ങളില്‍ മുതലാളിത്തവല്‍ക്കരണവും ജനാധിപത്യവല്‍ക്കരണവും പല തലങ്ങളിലാണ്. അറബ് മേഖലയില്‍ ഫ്യൂഡല്‍ ഭരണവും മതമേധാവിത്വവും ശക്തമായി തുടരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പാകിസ്ഥാന്‍ മതമേധാവിത്വത്തിന് കീഴ്‌പെട്ടെങ്കിലും ഇന്ത്യയില്‍ മതേതര ജനാധിപത്യം നിലവില്‍ വന്നു. എങ്കിലും ഇന്ത്യയില്‍ ആ ശക്തികള്‍ ദുര്‍ബ്ബലരല്ല; മതപരമായ സംഘടനയേക്കാള്‍ മതവിശ്വാസത്തിന്റെ സ്വാധീനമാണ് പ്രധാനം. ജാതിവ്യവസ്ഥ മൂലം ദുര്‍ബ്ബലമായ ഹിന്ദുമതഘടനയെ ഒന്നിപ്പിക്കുന്ന ഘടകം വിശ്വാസപരമായ അടിത്തറയാണ്. അങ്ങനെ പുനരുജീവിപ്പിക്കാനാണ് മതഫാസിസ്റ്റുകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ജനാധിപത്യത്തിന്റെ ഉപ്പും ചോറും തിന്ന, അതിന്റെ എല്ലാവിധ സൗഭാഗ്യങ്ങളും അനുഭവിച്ച ഇന്ത്യന്‍ ജനത ഇപ്പോള്‍ ഭരണത്തിന്റെ നുകം ചുമലിലേറ്റുകയാണ്. ദേശസ്‌നേഹം ഒരു വശത്ത് ആളിക്കത്തിക്കുമ്പോള്‍ തന്നെ കോര്‍പ്പറേറ്റ് പ്രീണനം മറുവശത്ത് അതിരുവിട്ടുകൊണ്ടിരിക്കുന്നു. പ്രതിപക്ഷം തങ്ങളുടെ മുന്‍കാല ചെയ്തികളുടെ ജാള്യത്തില്‍ മുഖം കുനിച്ചിരുപ്പാണ്. രാഷ്ട്രീയ നേതൃത്വത്തെ തിരുത്തേണ്ട ജുഡീഷ്യറി കണ്ണുപൂട്ടിയിരിക്കുന്നു. എല്ലാ മാലിന്യങ്ങളെയും വലിച്ചുവാരി പുറത്തിടേണ്ട ഫോര്‍ത്ത എസ്റ്റേറ്റ് മുതലാളിത്തത്തിന്റെ പ്രീണനത്തില്‍ മനംമയങ്ങി. ഇനിയെവിടെനിന്നാണ് നമുക്ക് വെളിച്ചമെത്തുക?
ഇന്ത്യയിലെ പരമ്പരാഗത മതേതര ജനാധിപത്യ നേതൃത്വങ്ങള്‍ മതഫാസിസത്തെ നേരിടാന്‍ രാഷ്ട്രീയമായി സജ്ജരായിട്ടില്ല. പുതിയ നേതൃത്വങ്ങള്‍ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. അഖിലേന്ത്യാതലത്തില്‍ ഹിന്ദു മതാധിപത്യം രാഷ്ട്രീയമായി കേന്ദ്രീകരിക്കുന്നതിന് തടസ്സം നില്‍ക്കുന്ന ചില ആന്തരിക ഘടകങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിലുണ്ട്. ദക്ഷിണപൂര്‍വ്വേഷ്യയില്‍ ശക്തമായ ഭാഷാദേശീയ സമൂഹങ്ങള്‍ ഹിന്ദുമേധാവിത്വത്തിന് കീഴ്‌പ്പെടാന്‍ വിസമ്മതിക്കുന്നതു കാണാം. ചില ഉത്തരേന്ത്യന്‍ മേഖലകളില്‍ രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെടുന്ന ദളിത്- പിന്നോക്ക സാമൂഹ്യ വിഭാഗങ്ങള്‍ ഹിന്ദു സവര്‍ണ്ണ ഫാസിസത്തിനെതിരായി ചെറുത്തു നില്പ് ശക്തിപ്പെടുത്തുന്നുണ്ട്. ഇത്തരം വിഭാഗങ്ങളെയെല്ലാം ഒന്നിപ്പിക്കുന്നതിന് മതേതര ജനാധിപത്യശക്തികള്‍ക്ക് കഴിയത്തക്കവിധമുള്ള പുതിയ നേതൃത്വമാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന് ആവശ്യം.

ഫാസിസവും ഫാസിസ്റ്റുകളും ഉയര്‍ന്നുവരുന്നത് അതാതിടങ്ങളിലെ ജനങ്ങളുടെ പിന്തുണയോടെയാണെന്ന നിരീക്ഷണം ശരിയാണെന്ന് തോന്നുന്നു. പ്രമുഖ ഏകാധിപതികളെല്ലാം ജനാധിപത്യത്തിലൂടെ ഉയര്‍ന്നുവന്നവരുമാണ്. കേന്ദ്രത്തില്‍ നരേന്ദ്രമോഡി പ്രകടിപ്പിക്കുന്ന അത്രയില്ലെങ്കിലും കേരളത്തില്‍ പിണറായി വിജയനും അധികാരകേന്ദ്രീകരണത്തോട് മമത കാട്ടുന്നു. ജനാധിപത്യം എങ്ങനെയാണ് ഏകാധിപത്യ പ്രവണതയിലേക്ക് വഴിമാറുന്നത്?
ജനങ്ങളെ കബളിപ്പിക്കുന്നതില്‍ സമര്‍ത്ഥമായ നേതാക്കന്മാര്‍ക്ക് ഫാസിസത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചരിത്രം ആവര്‍ത്തിച്ച് തെളിയിച്ചിട്ടുണ്ട്. കരുത്തുറ്റ നേതാവെന്ന് സ്വയം പ്രകടിപ്പിക്കുന്നതില്‍ മോദി ഏറെ വിജയിച്ചിരിക്കുന്നു. മതാധിഷ്ഠിത ഫാസിസത്തെപ്പോലെ തന്നെ അപകടകരമാണ് കമ്യൂണിസ്റ്റു ഫാസിസവും. നേതാക്കളെക്കാള്‍ കമ്യൂണിസ്റ്റു പ്രത്യയശാസ്ത്രമാണ് ജനങ്ങളെ കബളിപ്പിക്കുന്നത്. അതിന്റെ ജനകീയ മുഖത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഏക പാര്‍ട്ടി സ്വേച്ഛാധിപത്യം ലോകം കണ്ടതില്‍ വെച്ച് ഏറ്റവും ഭീകരമായ ഫാസിസത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നു. മോദിയും പിണറായിയും രണ്ട് വ്യത്യസ്തതരം ഫാസിസങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്.

അടിയന്തിരാവസ്ഥ നാളുകളില്‍ ഇന്ത്യന്‍ മധ്യവര്‍ഗം കണ്ണടയ്ക്കുകയും സാധാരണക്കാരന്‍ നാവുയര്‍ത്തുകയും ചെയ്തു. നാലുപതിറ്റാണ്ടിപ്പുറം മധ്യവര്‍ഗം വടവൃക്ഷം പോലെ പടര്‍ന്നുകഴിഞ്ഞു. സാധാരണക്കാരന്‍ കൂടുതല്‍ ദുര്‍ബലമായി. എതിര്‍പ്പുകളും പ്രതിരോധങ്ങളും ഇനിയെവിടെനിന്നായിരിക്കും ഉയരുക?
പൊതുവില്‍ മധ്യവര്‍ഗ്ഗം ഫാസിസത്തെ പ്രതിരോധിക്കാന്‍ കെല്പുള്ളവരല്ലെന്ന് തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. പക്ഷേ, സാഹിത്യകാരന്മാരും കലാകാരന്മാരും ശാസ്ത്രജ്ഞന്മാരും എല്ലാം ഉള്‍പ്പെടുന്ന ബുദ്ധിജീവിവര്‍ഗ്ഗം സംഘടിതമായി രംഗത്തു വന്ന സന്ദര്‍ഭത്തില്‍ ഫാസിസ്റ്റുകള്‍ക്ക് പിന്‍വാങ്ങേണ്ടി വന്നത് കഴിഞ്ഞ നാളുകളില്‍ കണ്ടതാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ നാലു തൂണുകള്‍ തമ്മിലുള്ള പ്രതിപ്രവര്‍ത്തനം വേണ്ടത്രമല്ലെങ്കിലും അങ്ങിങ്ങ് തുറവികള്‍ സൃഷ്ടിക്കുന്നുണ്ട് എന്നത് കാണാതിരുന്നു കൂടാ.

പൗരാവകാശം ഇന്ത്യയില്‍ വ്യാപകമായി അടിച്ചമര്‍ത്തപ്പെടുകയാണ്. എതിര്‍ശബ്ദങ്ങള്‍ തുടച്ചുനീക്കപ്പെടുന്നു. കേരളത്തില്‍ വരെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ നടക്കുന്നു. കല്ലെറിയുന്ന നാട്ടുകാരനെ സൈന്യം ജീപ്പിന്റെ മുന്നില്‍ കെട്ടിവച്ചാണ് പ്രതിരോധം നടത്തുന്നത്. ഇതെല്ലാം ദേശസ്‌നേഹത്തിന്റെയും ജനാധിപത്യത്തിന്റെ മഹത്വം പറഞ്ഞും നിസാരമാക്കപ്പെടുകയാണ്. പൗരധര്‍മ്മം ഉണരുകമാത്രമാണ് ഏക പോംവഴിയെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായമുയരുന്നു. ഇതെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?
ഫാസിസ്റ്റുകള്‍ക്ക് പ്രകടമായ പല മുന്നേറ്റങ്ങളും നടത്താന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഇന്ത്യന്‍ വോട്ടര്‍മാരില്‍ 40 ശതമാനത്തില്‍ താഴെ മാത്രമേ അവര്‍ക്ക് വോട്ടു ചെയ്തിട്ടുള്ളു എന്ന വസ്തുത പ്രധാനപ്പെട്ട സംഗതിയാണ്. സ്വാതന്ത്ര്യസമരത്തിലൂടെയും അതിനു ശേഷവും ഇവിടെ അടിത്തറ പാകപ്പെട്ട മതേതര ജനാധിപത്യഘടനയ്ക്ക് ഇപ്പോഴും ഗൗരവമേറിയ പരുക്കുകള്‍ പറ്റിയിട്ടില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ വിപുലമായ ഏകീകരണത്തിലൂടെ ഫാസിസ്റ്റു ഭീഷണിയെ തടഞ്ഞു നിര്‍ത്താനുള്ള സാധ്യത ഇന്ത്യന്‍ സമൂഹത്തിന് മുന്നില്‍ തുറന്നു കിടക്കുന്നുണ്ട്. ഭൂരിപക്ഷം ജനങ്ങളും ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന ജനാധിപത്യാനുകൂല നിലപാടിനെ ഏകീകരിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ള നേതൃത്വങ്ങള്‍ ഉയര്‍ന്നു വരുമെന്ന് പ്രതീക്ഷിക്കാം. പ്രതിസന്ധിഘട്ടങ്ങളില്‍ ചരിത്രം പലപ്പോഴും ഇടപെടുന്നത് അങ്ങനെയാണ്.

ശാന്തം മാസിക

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply