ഫാസിസത്തിന്റെ ദിനങ്ങളുടെ നാല്‍പ്പതാം വര്‍ഷം

ജനാധിപത്യം തടവിലാകുകയും നാവടക്കാനും പണിയെടുക്കാനും നിര്‍ബന്ധിതമായ ഫാസിസ്റ്റ് ദിനങ്ങളുടെ നാല്‍പ്പതാം വാര്‍ഷികമടക്കുമ്പോള്‍ ആ ദിനങ്ങള്‍ ആവര്‍ത്തി്കകുമോ എന്ന ആശങ്കയിലാണ് രാജ്യം. എന്ത് ഉദ്ദേശത്തിലായാലും എല്‍ കെ ്അദ്വാനി പോലും അത് പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് കേസിലെ വിധിയെതുടര്‍ന്ന് തന്റെ രാജി ആവശ്യപ്പെട്ട പ്രക്ഷോഭത്തിനിടയിലെ പ്രകോപനമായിരുന്നു ഇന്ദിരാഗാനന്ധിയെ ഫാസിസ്റ്റാക്കിയതെങ്കില്‍ ഇപ്പോഴതല്ല സ്ഥിതി. വളരെ ആസൂത്രിതമായി ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം. അടിയന്തരാവസ്ഥ വിരുദ്ധപ്രക്ഷോഭത്തിലൂടെ മാന്യത ലഭിച്ച പ്രസ്ഥാനമാണ് അതിനു നേതൃത്വം നല്‍കുന്നതെന്നത് ചരിത്രത്തിന്റെ വിരോധാഭാസം. അപ്പോഴും ഫാസിസവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യന്‍ […]

fffജനാധിപത്യം തടവിലാകുകയും നാവടക്കാനും പണിയെടുക്കാനും നിര്‍ബന്ധിതമായ ഫാസിസ്റ്റ് ദിനങ്ങളുടെ നാല്‍പ്പതാം വാര്‍ഷികമടക്കുമ്പോള്‍ ആ ദിനങ്ങള്‍ ആവര്‍ത്തി്കകുമോ എന്ന ആശങ്കയിലാണ് രാജ്യം. എന്ത് ഉദ്ദേശത്തിലായാലും എല്‍ കെ ്അദ്വാനി പോലും അത് പറഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് കേസിലെ വിധിയെതുടര്‍ന്ന് തന്റെ രാജി ആവശ്യപ്പെട്ട പ്രക്ഷോഭത്തിനിടയിലെ പ്രകോപനമായിരുന്നു ഇന്ദിരാഗാനന്ധിയെ ഫാസിസ്റ്റാക്കിയതെങ്കില്‍ ഇപ്പോഴതല്ല സ്ഥിതി. വളരെ ആസൂത്രിതമായി ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുകയാണ് കേന്ദ്രം. അടിയന്തരാവസ്ഥ വിരുദ്ധപ്രക്ഷോഭത്തിലൂടെ മാന്യത ലഭിച്ച പ്രസ്ഥാനമാണ് അതിനു നേതൃത്വം നല്‍കുന്നതെന്നത് ചരിത്രത്തിന്റെ വിരോധാഭാസം. അപ്പോഴും ഫാസിസവല്‍ക്കരണത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു കഴിയുമെന്നുതന്നെ പ്രതീക്ഷിക്കാം.

രാജ്യത്ത് അടിയന്തരാവസ്ഥ വരാനുള്ള സാധ്യതയുണ്ടെന്നാണ് ബി.ജെ.പി സ്ഥാപക നേതാവും അടിയന്തരാവസ്ഥ തടവുകാരനും മുന്‍ ആഭ്യന്തരമന്ത്രിയുമായ എല്‍.കെ അദ്വാനി പറഞ്ഞത്. നിലവിലെ രാഷ്ട്രീയ സാഹചര്യം അടിയന്തരാവസ്ഥ വീണ്ടും വരാവുന്ന പരുവത്തിലാണ്. ഭരണഘടനാപരവും നിയമപരവുമായ പരിരക്ഷ നല്‍കാതെ ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്ന ശക്തികള്‍ കൂടുതല്‍ ശക്തരാകുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. ഭാവിയില്‍ അടിയന്തരാവസ്ഥക്ക് സമാന തരത്തില്‍ പൗരസ്വാതന്ത്ര്യം നിഷേധിക്കാനുള്ള സാധ്യത തള്ളാനാകില്ല. പൗരസ്വാതന്ത്ര്യം വീണ്ടും എടുത്തുകളയില്ലെന്ന് കരുതാവുന്ന തരത്തില്‍ അടിയന്തരാവസ്ഥക്കുശേഷം രാജ്യം എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല എന്നും അദ്വാനി കൂട്ടിചേര്‍ത്തു. അതില്‍ അദ്വാനിക്കും ഉത്തരവാദിത്തമുണ്ടെന്നത് അവിടെ നില്‍ക്കട്ടെ. ജനാധിപത്യത്തോടും അതിന്റെ എല്ലാ വശങ്ങളോടുമുള്ള പ്രതിബദ്ധത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2015ലത്തെിയ ഇന്ത്യയില്‍ ജനാധിപത്യത്തിന് മതിയായ പരിരക്ഷയില്ല. ജര്‍മനിയില്‍ സംഭവിച്ചതുപോലെ ഒരു അടിയന്തരാവസ്ഥ മതിയായിരുന്നു മറ്റൊരു അടിയന്തരാവസ്ഥയില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍. അവിടെ ഹിറ്റ്‌ലറുടെ ഭരണം ഹിറ്റ്‌ലറുടെ പ്രവണതകള്‍ക്കെതിരായ ഒരു വ്യവസ്ഥയെ സൃഷ്ടിച്ചെടുത്തു. അങ്ങനെ ജര്‍മനി ബ്രിട്ടനേക്കാള്‍ ജനാധിപത്യ വ്യവസ്ഥയുള്ള രാജ്യമായി മാറി. എന്നാല്‍ ഇന്ത്യയിലത് സംഭവിക്കുന്നില്ല. ഏകാധിപത്യപ്രവണതകളുമായി ഏറ്റുമുട്ടേണ്ട ശക്തികളായ മാധ്യമങ്ങള്‍ ഇന്ന് കൂടുതല്‍ സ്വതന്ത്രമായിട്ടും ജനാധിപത്യത്തോടും പൗരാവകാശങ്ങളോടും പ്രതിബദ്ധതയില്ല.
അദ്വാനിയുടെ വാക്കുകള്‍ മോദിയുമായുള്ള ഗ്രൂപ്പിസം മാത്രമായി ചുരുക്കുന്നത് ശരിയല്ല. തനിക്കു കഴിയാവുന്നതിന്റെ പരമാവധി ശക്തിയിലാണ് അദ്വാനി ആശങ്ക പങ്കുവെച്ചിരിക്കുന്നത്. അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വര്‍ഷത്തില്‍ ജനാധിപത്യം വീണ്ടും വെല്ലുവിളി നേരിടുന്നുണ്ടോ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടതും പ്രതിരോധിക്കേണ്ടതും.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാനും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു രാജ്യത്ത് രണ്ടാം അടിയന്തരാവസ്ഥ സംജാതമാകുന്നതിന്റെ കാരണങ്ങളായി അഞ്ച് വസ്തുതകള്‍ അടുത്തയിടെ ചൂണ്ടിക്കാട്ടിയിരുന്നു. വികസന മുദ്രവാക്യമാണ് കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് ഉയര്‍ത്തിയത്. എന്നാലതുണ്ടാകുന്നില്ല. അതിനുപകരം സ്വച്ഛ ഭാരത്, ഘര്‍ വാപസി, സദ്ഭരണ ദിനം തുടങ്ങിയ ചെപ്പടി വിദ്യകളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മാര്‍ക്കണ്ഡേയ കട്ജു പറയുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളാകട്ടെ സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് രാജ്യത്തെ നയിക്കുന്നു. തൊഴിലില്ലായ്മയും പോഷകാഹാര കുറവും കര്‍ഷക ആത്മഹത്യയും ദാരിദ്ര്യവും വര്‍ദ്ധിച്ചു. അതിമാനുഷികനായ ഒരാള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം കൊണ്ടുവരും എന്ന മട്ടിലായിരുന്നു സാധാരണക്കാര്‍ സ്വപ്നം കണ്ടിരുന്നത്. അത് തകര്‍ന്നടിഞ്ഞു. കേന്ദ്രസര്‍ക്കാരിലുള്ള ഈ പ്രതീക്ഷാ നഷ്ടത്തിനൊപ്പം കടുത്ത സാമ്പത്തിക പരാധീനതകള്‍ കൂടിയാകുമ്പോള്‍ രാജ്യം മുഴുവന്‍ പ്രതിഷേധങ്ങളും സമരങ്ങളും വ്യാപകമാകും. ഇതിനെ നേരിടാന്‍ സര്‍ക്കാരിന് അടിയന്തിരാവസ്ഥയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളൊന്നുമുണ്ടാകില്ലെന്നും ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു.
കട്ജു പറഞ്ഞത് മുഖ്യമായും സാമ്പത്തികവിഷയങ്ങളാണ്. അത് സത്യത്തില്‍ അദ്ദേഹം പറയുന്നതിനേക്കാള്‍ ഭീകരമാണ്. യുപിഎ സര്‍ക്കാരിനേക്കാള്‍ ശക്തമാണ് മോദിയുടെ കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍. അതിന്റെ പ്രതീകമായി അദാനി മാറിയിരിക്കുന്നു. നമ്മുടെ ഖനിജസമ്പത്ത് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നു. പ്രതിഷേധിക്കുന്നവരെ മാവോയിസ്റ്റ് മുദ്രകുത്തി വേട്ടയാടുന്നു.
അതേസമയം അതിനേക്കാളെല്ലാം രൂക്ഷമാണ് കാവിവല്‍ക്കരണം ഉയര്‍ത്തുന്ന വെല്ലുവിളി. ഇന്ദിരാഗാന്ധിക്ക്് അത്തരമൊരു പ്രത്യയശാസ്ത്രത്തിന്റെ കവചം ഉണ്ടായിരുന്നില്ല എന്നോര്‍ക്കണം.
ഇന്ദിരാഗാന്ധിക്കെതിരായി ജെപിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തെ രണ്ടാം സ്വാതന്ത്ര്യമായി വിശേഷിപ്പിക്കുന്നവരുണ്ട്. അതില്‍ ശരിയുമുണ്ട്. പക്ഷെ തിരിഞ്ഞുനോക്കുമ്പോള്‍ സംഭവിക്കാന്‍ പാടില്ലായിരുന്ന രണ്ടുകാര്യങ്ങള്‍ അന്ന് നടക്കുകയുണ്ടായി. ഒന്ന് പ്രക്ഷോഭങ്ങളുടെ ഒരു ഘട്ടത്തില്‍ പട്ടാളത്തോടും പോലീസിനോടും സര്‍ക്കാരിനെ ധിക്കരിക്കാന്‍ നടത്തിയ ആഹ്വാനമായിരുന്നു.അത് നടന്നിരുന്നെങ്കില്‍് അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായിരുന്നു. രണ്ടാമത്തേത് ഗാന്ധിവധത്തിന്റെ പേരിലുണ്ടായിരുന്ന രാഷ്ട്രീയ അയിത്തത്തില്‍ നിന്ന് സംഘപരിവാര്‍ ശക്തികള്‍ മോചനം നേടിയെന്നതാണ്. ജനതാപാര്‍ട്ടിയില്‍ ജനസംഘം മുഖ്യഘടകമായി. അദ്വാനിയും വാജ്്‌പേയിയുമൊക്കെ മന്ത്രിമാരായി. തീര്‍ച്ചയായും അടിയന്തരാവസ്ഥക്കെതിര നക്‌സലൈറ്റുകളേയും സോഷ്യലിസ്റ്റുകളേയും പോലെ ജനസംഘവും ആര്‍എസ്എസുമൊക്കെ പൊരുതിയിരുന്നു. എന്നാല്‍ ജനതാപാര്‍ട്ടി പരീക്ഷണം കൊണ്ട് ഗുണമുണ്ടായത് അവര്‍ക്കു മാത്രമായിരുന്നു. എന്തൊക്കെ പറഞ്ഞാലും അത്രയും കാലം അധികാരത്തിന്റെ അടുത്തൊന്നുമെത്താന്‍ ജനസംഘത്തിനു കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ്സ് ഫലപ്രദമായി അതു തടഞ്ഞിരുന്നു. എന്നാലിന്നോ? അവരുടെ പിന്‍ഗാമികളായ ബിജെപി ഒറ്റക്ക് രാജ്യം ഭരിക്കുന്നു. മറ്റൊരടിയന്തരാവസ്ഥക്ക് അവര്‍ കളമൊരുക്കുമോ എന്ന ആശങ്ക വ്യാപകമാകുന്നു.
പടിപടിയായി തങ്ങളുടെ കാവിവല്‍ക്കരണ നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുകയാണ്. പ്രധാനമന്ത്രി പലപ്പോഴും നിശബ്ദനാണെങ്കിലും മറ്റു മന്ത്രിമാരും നേതാക്കളുമാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നത്. ഗോവധനിരോധനമായാലും പൂന ഫിലിം ഇന്‍സ്ടിട്യൂട്ടിലെ പുതിയ സംഭവവികാസങ്ങളായാലും ചെന്നൈ ഐ ഐ ടിയിലെ ദളിത് സംഘടനാ നിരോധനമായാലും മതത്തെ സംരക്ഷിക്കാന്‍ ഹിന്ദുസ്ത്രീകള്‍ കുറഞ്ഞത് നാല് കുട്ടികളെയെങ്കിലും നിര്‍ബന്ധമായും പ്രസവിക്കണമെന്നും അതിലൊരാളെ സൈന്യത്തിനും മറ്റൊരാളെ മതനേതാക്കള്‍ക്കും നല്കണമെന്ന നിലപാടായാലും മറ്റു മതസ്ഥരെ വന്ധ്യംകരണം നടത്തണമെന്ന ആവശ്യമായാലും സൂര്യനമസ്‌കാരം നടത്താന്‍ തയ്യാറാവാത്തവര്‍ അറബികടലില്‍ ചാടുകയോ പാക്കിസ്ഥിനില്‍ പോകുകയോ ചെയ്യണമെന്ന ആവശ്യമായാലും മുംബൈ നഗരത്തില്‍ പുതിയതായി നട്ടുവളര്‍ത്തുന്ന വൃക്ഷങ്ങള്‍ ഹിന്ദു പുരാണങ്ങളില്‍ ഉള്‍പ്പെട്ടവയായിരിക്കണമെന്നു ശിവസേനയുടെ ആവശ്യമായാലും നല്‍കുന്ന സൂചനയെന്താണ്? ചരിത്രപുസ്തകങ്ങളും വിദ്യാഭ്യാസവും കാവിവല്‍ക്കരിക്കുന്നു. ഈ പട്ടിക നീണ്ടുകൊണ്ടിരിക്കുകയാണ്. ജനാധിപത്യവും മതേതരത്വവും സോഷ്യലിസവുമൊക്കെ ഭരണഘടനയില്‍നിന്നുപോലും നീക്കം ചെയ്യാനുള്ള ശ്രമം നടക്കുന്നു. മറുവശത്ത് മന്ത്രിസഭയില്‍ തന്നെ മുഴുവന്‍ അധികാരവും മോദിയില്‍ കേന്ദ്രീകരിക്കുന്നു. പഴയ ഇന്ദിരാഗാന്ധിയേക്കാള്‍ ശക്തനാണ് ഇന്നു മോദി.
തീര്‍ച്ചയായും ചരിത്രം മോദിയില്‍ അവസാനിക്കുമെന്നോ ഇനി പ്രതീക്ഷിക്കാനൊന്നുമില്ല എന്നുമല്ല പറയുന്നത്. അത്തരത്തില്‍ ചലനാത്മകതയില്ലാത്ത ഒന്നല്ല ഇന്ത്യന്‍ ജനാധിപത്യം. അടിയന്തരാവസ്ഥയുടെ ഫാസിസ്റ്റ് ദിനങ്ങളുടെ കാലത്ത് ജനതാപാര്‍ട്ടി ഉടലെടുത്തതും ബാബറി മസ്ജിദ് കാലഘട്ടത്തില്‍ മണ്ഡല്‍ കമ്മീഷന്‍ രംഗത്തുവന്നതും അഴിമതിയുടെ ഇക്കാലത്ത് ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടതുമൊക്കെ നമ്മുടെ ജനാധിപത്യ വ്യവസ്ഥക്കകത്തെ പ്രതിരോധങ്ങളാണ്. ചരിത്രം ഇന്ദിരാഗാന്ധിയിലോ അദ്വാനിയിലോ അവസാനിക്കില്ല എന്നു പറഞ്ഞിരുന്നപോലെതന്നെയാണ് മോദിയിലും അവസാനിക്കില്ല എന്നു പറയുന്നത്. ഇ എം എസ് മുതല്‍ മായാവതി വരെയുള്ളവര്‍ മുഖ്യമന്ത്രിമാരായതും ചരിത്രത്തിന്റെ ഭാഗമാണ്. അതൊന്നും നാം മറക്കേണ്ടതില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് മോദിയേക്കാള്‍ ഭയാനകമായ രൂപത്തില്‍ രഥത്തിലേറി ഇന്ത്യന്‍ ജനാധിപത്യത്തിനു മീതെകൂടി യാത്രചെയ്ത അദ്വാനി ഇന്ന് മിതവാദിയായെന്നു പറയുന്നു. വാജ്‌പേയ് ഡീസെന്റാണെന്നും. മോദിയുടെ പ്രാക് രൂപമാണല്ലോ പട്ടേലും മറ്റും. മോദി സര്‍വ്വശക്തനാണെന്നു പറയുമ്പോള്‍ ബിജെപിക്കകത്തുതന്നെ മോദിക്കെതിരെ ശക്തമായ എതിര്‍പ്പുകള്‍ രൂപപ്പെടും. ആ വൈരുദ്ധ്യം ശക്തിപ്പെടുകയും ചെയ്യും. ഏകപാര്‍ട്ടി ഭരണങ്ങള്‍ അവസാനിച്ചതും പാര്‍ട്ടികള്‍ക്കകത്തുതന്നെ ഗ്രൂപ്പുകള്‍ ഉയര്‍ന്നു വരുന്നതും നല്ല പ്രവണതകളാണ്. ഇവയെല്ലാം ഫാസിസത്തിനെതിരെ ജനാധിപത്യം സ്വയം സൃഷ്ടിക്കുന്ന പ്രതിരോധങ്ങളാണ്. അവയൊന്നും പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഒരു മോദിക്കുമാകില്ല. പ്രത്യേകിച്ച് ഭരിക്കുന്ന മോദിക്ക്.
അപ്പോഴും അടിസ്ഥാനപരമായ വിഷയം ഇതാണ്. ജനാധിപത്യത്തെ എങ്ങനെ ഗുണപരമായി ഉയര്‍ത്താമെന്നതാണത്. ഭൂരിപക്ഷാഭിപ്രായമാണല്ലോ ജനാധിപത്യത്തില്‍ നടപ്പാക്കപ്പെടുക. ഭൂരിപക്ഷാഭിപ്രായം തെറ്റാവുകയും അക്രമാസക്തമാകുകയും മതാധിഷ്ഠിതമാകുകയുമൊക്കെ ചെയ്യുമ്പോള്‍ എന്തുചെയ്യും? ജനാധിപത്യപരമായി തന്നെ എങ്ങനെ അതിനെ പ്രതിരോധിക്കും? ജനലോക്പാലും വിവരാവകാശനിയമവും തിരിച്ചുവിളിക്കാനുള്ള അധികാരവും അധികാരവികേന്ദ്രീകരണവുമൊക്കെ ഒരു വശത്ത് ശക്തമാക്കുമ്പോള്‍ തന്നെ ഈ കാതലായ പ്രശ്‌നവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഗുണപരമായി ഉയരാത്ത ജനാധിപത്യസംവിധാനമാണ് പലപ്പോഴും ഫാസിസത്തിന് പരവതാനി വിരി്ക്കുന്നത്

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply