ഫാസിസത്തിനെതിരേ ഉയരുന്ന മുദ്രാവാക്യം , രോഹിത് വെമുല അമര്‍ രഹേ

ജോബി മാത്യു (ഹൈദരാബാദ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സില്‍ ഗവേഷകനാണു ലേഖകന്‍) ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രതിഭകളെ സൃഷ്ടിക്കേണ്ട സര്‍വകലാശാലകള്‍ ഗവേഷകരുടെ അന്തകരായി മാറുന്ന ദുരന്തമാണ് സമകാലീന ഇന്ത്യയില്‍ സംഭവിക്കുന്നത്. സ്വയംഭരണാധികാരമുള്ള സര്‍വകലാശാലകളില്‍ കടന്നുകയറി രാഷ്്രടീയ അജന്‍ഡകള്‍ നടപ്പാക്കാന്‍ സ്‌റ്റേറ്റും അതിന്റെ സംവിധാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു. വ്യത്യസ്തമായ ചോദ്യങ്ങളും അന്വേഷണങ്ങളും രൂപപ്പെടുമ്പോള്‍ അതിനോടു സംവദിക്കാതെ ചോദ്യങ്ങളെത്തന്നെ തമസ്‌കരിക്കുന്ന പ്രവര്‍ത്തനമാണ് സര്‍വകലാശാലകളില്‍ ബി.ജെ.പിയും സംഘപരിവാറും നടത്തുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ ഇത്തരം […]

rohith

ജോബി മാത്യു
(ഹൈദരാബാദ് സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സില്‍ ഗവേഷകനാണു ലേഖകന്‍)

ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രതിഭകളെ സൃഷ്ടിക്കേണ്ട സര്‍വകലാശാലകള്‍ ഗവേഷകരുടെ അന്തകരായി മാറുന്ന ദുരന്തമാണ് സമകാലീന ഇന്ത്യയില്‍ സംഭവിക്കുന്നത്. സ്വയംഭരണാധികാരമുള്ള സര്‍വകലാശാലകളില്‍ കടന്നുകയറി രാഷ്്രടീയ അജന്‍ഡകള്‍ നടപ്പാക്കാന്‍ സ്‌റ്റേറ്റും അതിന്റെ സംവിധാനങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു.
വ്യത്യസ്തമായ ചോദ്യങ്ങളും അന്വേഷണങ്ങളും രൂപപ്പെടുമ്പോള്‍ അതിനോടു സംവദിക്കാതെ ചോദ്യങ്ങളെത്തന്നെ തമസ്‌കരിക്കുന്ന പ്രവര്‍ത്തനമാണ് സര്‍വകലാശാലകളില്‍ ബി.ജെ.പിയും സംഘപരിവാറും നടത്തുന്നത്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനായ രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ ഇത്തരം ഇടപെടലുകളുടെയും സവര്‍ണ ഫാസിസ്റ്റ് ഗൂഢാലോചനകളുടെയും ഫലമാണെന്ന കാര്യത്തില്‍ സംശയമില്ല. സംഘപരിവാര്‍ രാഷ്്രടീയത്തിന്റെ അജണ്ടകളോടു വിയോജിക്കുന്നവരെയെല്ലാം ദേശവിരുദ്ധരും ജാതിവാദികളും തീവ്രവാദികളുമായി മുദ്രകുത്തുന്നു.
ദേശസ്‌നേഹികള്‍, ദേശവിരുദ്ധര്‍ എന്നീ കാറ്റഗറികള്‍ സൃഷ്ടിച്ച് എതിരഭിപ്രായങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും ഇല്ലാതാക്കുന്നു. വധശിക്ഷയെ എതിര്‍ത്തുസംസാരിച്ചാല്‍ പോലും ദേശവിരുദ്ധരെന്നു വിളിക്കപ്പെടും. ഹൈദരാബാദ് സര്‍വകലാശാലയെ ദേശവിരുദ്ധരുടെ കേന്ദ്രമായി വ്യഖ്യാനിക്കുന്നതിലൂടെ ദളിത്,പിന്നോക്ക, മുസ്ലീംന്യൂനപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ മേലെ കടിഞ്ഞാണിടാനാണു ശ്രമം.
ദേശം, ദേശരാഷ്ട്രം, ദേശീയത എന്നീ സംജ്ഞകളെ വ്യാഖ്യാനിക്കുകയും പുതിയധാരണകള്‍ രൂപപ്പെടുത്തുകയുമാണ് സര്‍വകലാശാലകളിലെ ബൗദ്ധിക ഇടപെടലുകളിലൂടെ സംഭവിക്കുന്നത്. ഇതില്‍നിന്നു ഭിന്നമായി തങ്ങള്‍ എന്തു പഠിക്കണം, വായിക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ പൗരന്റെ അവകാശങ്ങളാണു ഹനിക്കപ്പെടുന്നത്. ഹിന്ദുത്വ സംഘരാഷ്ട്രീയം അധികാരത്തിലെത്തിയതു മുതല്‍ ഉന്നതവിദ്യഭ്യാസസ്ഥാപനങ്ങളെ ലക്ഷ്യംവയ്ക്കുന്നുണ്ട്. ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാനെ മാറ്റിയതും യോഗ്യത ഇല്ലാത്തവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്ത് തിരുകിക്കയറ്റിയതും ഇതിന്റെ ഭാഗമാണ്. അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രം പറയുന്ന ദളിത് വിദ്യാര്‍ഥി സംഘടനകളെ ഇല്ലാതാക്കുക എന്നതും സംഘപരിവാറിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ഇരുപതു വര്‍ഷമായി ദളിത് രാഷ്ട്രീയത്തിന് ആഴത്തില്‍ വേരോട്ടമുള്ള ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കാമ്പസിനെ ഇവര്‍ ഉന്നംവയ്ക്കുന്നതും ഇതിനുവേണ്ടിത്തന്നെ.
അംബേദ്കറൈറ്റ് രാഷ്്രടീയം സിദ്ധാന്തീകരണത്തിലും പ്രയോഗത്തിലും പ്രബലമായി നിലനില്‍ക്കുന്ന ഒരിടമാണ് ഹൈദരാബാദ് സര്‍വകലാശാല. ഇതാണ് അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനെ ഹിന്ദുത്വശക്തികളുടെ കണ്ണിലെ കരടാക്കിയത്. ദളിത് രാഷ്്രടീയം മാത്രമല്ല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ക്യാമ്പസിലെ വിദ്യാര്‍ഥികളുടെ ദൈനംദിനപ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്നത് പരിവാര്‍പ്രസ്ഥാനങ്ങള്‍ക്കും അതിനോട് ചായ്‌വുള്ള സര്‍വകലാശാലയ്ക്കും ദഹിക്കുന്നില്ല. ദളിത് വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ രാഷ്ട്രീയവും മറ്റു ബൗദ്ധിക ഇടപെടലുകളും സ്വതന്ത്രമായി നിര്‍വഹിക്കുവാന്‍ കഴിഞ്ഞിരുന്ന കാമ്പസ് ആയിരുന്നു ഇത്. അധികൃതര്‍ ഒറ്റപ്പെടുത്തലുകള്‍ തുടരുമ്പോഴും ദളിത് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തുടരാന്‍ കഴിയുന്നത് അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ സംഘബോധം കൊണ്ടാണ്. ഈ രാഷ്ട്രീയഭൂമികയെ ഇല്ലാതാക്കാനാണു സംഘപരിവാര്‍ രാഷ്ട്രീയം ശ്രമിക്കുന്നത്. പതിമൂന്നു വര്‍ഷം മുമ്പ് ചീഫ് വാര്‍ഡന്‍ ആയിരുന്നപ്പോള്‍ പത്തു ദളിത് വിദ്യാര്‍ഥികളെ പുറത്താക്കിയ പ്രഫസര്‍ അപ്പാറാവുവിനെ ഇപ്പോള്‍ വൈസ് ചാന്‍സലറായി നിയമിച്ചതും ഈ ലക്ഷ്യം മുന്നില്‍വച്ചാണ്. ജാതിഉന്മൂലന രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്താല്‍ മാത്രമേ ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്നതിനാലാണ് ബി.ജെ.പി. ഇത്തരം ആളുകളെ സര്‍വകലാശാലയുടെ തലപ്പത്ത് കൊണ്ടുവരുന്നത്.
കഴിഞ്ഞ എട്ടു വര്‍ഷത്തിനുള്ളില്‍ ആറു ദളിത് വിദ്യാര്‍ഥികളാണ് ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവിതം അവസാനിപ്പിച്ചത്. പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദളിത്, ആദിവാസി വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയിട്ടുണ്ടെങ്കിലും ഇവിടെ ഇതൊരു തുടര്‍സംഭവം ആകുകയാണ്.
മറ്റു സര്‍വകലാശാലകളില്‍നിന്നു വ്യത്യസ്തമായി അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടം ഉള്ളിടത്താണ് ദളിത് വിദ്യാര്‍ഥികള്‍ക്ക് ജീവനൊടുക്കേണ്ടി വരുന്നത്. സര്‍വകലാശാല അക്കാദമിക് ഇടം മാത്രമല്ല, ജാതിവെറി നിലനില്‍ക്കുന്ന ഒരിടം കൂടിയാണ്. ഒരു ദളിത് വിദ്യാര്‍ത്ഥി ഇവിടെ പ്രവേശിക്കുന്നതു മുതല്‍ അയാളുടെ മെരിറ്റ് അളക്കപ്പെടുന്നത് ജാതിയുമായി ബന്ധപ്പെട്ടാണ്. ദളിത് വിദ്യാര്‍ഥിക്ക് മെരിറ്റ് ലിസ്റ്റില്‍ പ്രവേശനം ലഭിച്ചാല്‍ അദ്ഭുതപ്പെടുന്നവരാണ് ഇവിെട ഭരണ പദവിയിളിലിരിക്കുന്നവര്‍. മറ്റു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളില്‍നിന്നും വ്യത്യസ്തമായി ആറുമാസം കൂടുമ്പോള്‍ ഗവേഷകരുടെ പ്രോഗ്രസ് പരിശോധിച്ചു കൊണ്ടുള്ള ഡോക്ടറല്‍ കമ്മറ്റികള്‍ ഇവിടെ നിര്‍ബന്ധവുമാണ്.
സര്‍വകലാശാല പറയുന്ന സമയത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അഡ്മിഷന്‍ റദ്ദാകും. അപ്പോള്‍ ആ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ നിന്നും പുറത്തു പോകണം എന്നാണു നിയമം. പലപ്പോഴും ഇത്തത്തില്‍ പുറത്താക്കപ്പെടുന്നതു ദളിത്, പിന്നോക്ക വിദ്യാര്‍ഥികളാണ്. ഗവേഷകരുടെ ഗൈഡിനെ തീരുമാനിക്കുന്നതിലും ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക് നിശ്ചയിക്കുന്നതിലുമെല്ലാം ജാതിബോധം പ്രകടമാണ്. ഇത്തരമൊരു സ്ഥലത്തു മെരിറ്റിനെപ്പറ്റിയുള്ള പൊതുധാരണ തകര്‍ത്ത് രോഹിതിനെപ്പോലെയുള്ള മികച്ച വിദ്യാര്‍ഥികള്‍ ഉയര്‍ന്നുവരുന്നത് സര്‍വകലാശാലയുടെ ജാതിബോധത്തെ അസ്വസ്ഥതപ്പെടുത്തും എന്നതില്‍ സംശയമില്ല.
രോഹിത് വെമുല പ്ലാന്റ് സയന്‍സില്‍ ഇടകഞ എഋഘഘഛണടഒകജ ഉം സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഡഏഇ ഖഞഎ ഉം ലഭിച്ച മിടുക്കനായ വിദ്യാര്‍ഥി ആയിരുന്നു. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. രോഹിതിന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളുടെ തുടക്കം മുസാഫിര്‍ നഗര്‍ ബാകി ഹേ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ്. മറ്റു സര്‍വകലാശാലകളില്‍ ഹിന്ദു ഫാസിസ്റ്റ് സംഘടനകള്‍ തടസപ്പെടുത്തിയ പ്രദര്‍ശനം ഇവിടെ വിജയകരമായി നടത്തിയിരുന്നു. തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകനായ സുശീല്‍ കുമാര്‍ എ.എസ്.എ തെമ്മാടികള്‍ ഗുണ്ടായിസത്തെപ്പറ്റി സംസാരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് എഴുതി.
ഇതേക്കുറിച്ചു രോഹിത് അടക്കമുള്ള എ.എസ്.എ പ്രവര്‍ത്തകര്‍ സര്‍വകലാശാലാ സെക്യൂരിറ്റി ഓഫീസറുടെ സാന്നിധ്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. സുശീല്‍ ക്ഷമാപണം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തുകൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചതായിരുന്നു. എന്നാല്‍ പിറ്റേന്നു രാവിലെ സുശീല്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും തന്നെ മര്‍ദിച്ചെന്നാരോപിച്ച് ഇപ്പോള്‍ പുറത്താക്കപ്പെട്ട അഞ്ചു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരേ കേസ് കൊടുക്കുകയും ചെയ്തു. സര്‍വകലാശാലാ കമ്മിറ്റി വിഷയം അന്വേഷിച്ചെങ്കിലും എ.എസ്.എ പ്രവര്‍ത്തകര്‍ക്കെതിരേ ഒരു തെളിവും ലഭിച്ചില്ല. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സുശീല്‍ കുമാര്‍ താന്‍ ഭീകരമായി മര്‍ദിക്കപ്പെട്ടു എന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് പ്രാദേശിക ബി.ജെ.പി. പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങി.
സുശീല്‍ കുമാറിന്റെ അമ്മയും സഹോദരനും ബി.ജെ.പി. പ്രവര്‍ത്തകരാണ്. ഇവരുടെ സ്വാധീനമാണ് ബന്ധാരു ദത്താത്രേയ എന്ന കേന്ദ്രമന്ത്രിയെ ഈ വിഷയത്തിലേക്ക് എത്തിച്ചത്. വധശിക്ഷയ്‌ക്കെതിരേ നടത്തിയ പരിപാടി ദേശവിരുദ്ധമാണ്, ഹൈദരാബാദ് സര്‍വകലാശാല ദേശവിരുദ്ധതയുടെ കേന്ദ്രമായിമാറുന്നു എന്നൊക്കെകാണിച്ച് ദത്താത്രേയ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കത്തയച്ചു. സര്‍വകലാശാല ഒരു സ്വയംഭരണധികാര സ്ഥാപനം ആയിരിക്കെയാണ് പുറത്തുനിന്നുള്ള ഈ ഇടപെടല്‍. സുശീല്‍ കുമാറിനു മര്‍ദനമേറ്റിട്ടിെല്ലന്നും ആശുപത്രിയില്‍ അപ്പന്റിക്‌സിനുള്ള ശസ്ത്രക്രിയയാണു നടത്തിയതെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഒകേ്ടാബര്‍ മൂന്നിനു പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും സുശീലിനു മര്‍ദനറ്റേിട്ടില്ലെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാനവശേഷി മന്ത്രാലയത്തിന്റെ അജണ്ട നടപ്പിലാക്കാന്‍ തുനിഞ്ഞിറങ്ങിയ യൂണിവേഴ്‌സിറ്റി ഈ റിപ്പോര്‍ട്ട് പൂഴ്ത്തി.
കേന്ദ്രത്തിന്റെ സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി സര്‍വകലാശാല ഒരു ഉപസമിതി രൂപീകരിച്ചു. നിരപരാധികളായ രോഹിത് വെമുല, ദോന്ത പ്രശാന്ത്, സുങ്കണ്ണ, വിജയ് കുമാര്‍, ശേഷു ശേമ്മഗുട എന്നീ ദളിത് ഗവേഷകരെ ഹോസ്റ്റലില്‍നിന്നു പുറത്താക്കി. രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്നു വിലക്കി. ക്യാമ്പസില്‍ സാമൂഹ്യ ബഹിഷ്‌കരണത്തിനും അയിത്തത്തിനും ഇരയാവുകയായിരുന്നു ഇവര്‍. ദളിത് ഘെറ്റോ എന്ന അര്‍ഥത്തില്‍ യൂണിവേഴ്‌സിറ്റിയിലുള്ള തുറന്ന സ്ഥലത്ത് ടെന്റു കെട്ടി ജനുവരി നാലുമുതല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടു ഇവര്‍ സമരത്തില്‍ ആയിരുന്നു. എ.ബി.വി.പി. ഒഴികെയുള്ള എല്ലാ വിദ്യാര്‍ഥി സംഘടനകളും ചേര്‍ന്ന് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ജോയിന്റ് ആക്ഷന്‍ കമ്മറ്റി രൂപികരിക്കുകയും ചെയ്തു.
പുറത്താക്കപ്പെട്ട രോഹിത് വി.സിക്ക് എഴുതിയ കത്തില്‍, ദളിത് വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ കൊടുക്കുമ്പോള്‍ പത്തു മില്ലിഗ്രാം സോഡിയം ആസിഡ് കൊടുക്കുക്കുക, അല്ലെങ്കില്‍ ദളിത് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ മുറികളില്‍ കയറുകള്‍ എത്തിച്ചു കൊടുക്കുക എന്നു പറഞ്ഞിരുന്നു. ഇതില്‍നിന്നു വ്യക്തമാവുന്നത്, രോഹിതിന്റേതു വെറും ആത്മഹത്യ അല്ലെന്നും സര്‍വകലാശാലയും ബി.ജെ.പിയും ചേര്‍ന്നു നടത്തിയ ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ കൊലപാതകം’ ആണെന്നുമാണ്.
സ്മൃതി ഇറാനി ഉള്‍പ്പടെയുള്ളവര്‍ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് രോഹിതിന്റെ ആത്മഹത്യാക്കുറിപ്പില്‍ പ്രത്യേക പരാമര്‍ശങ്ങള്‍ ഇല്ലെന്നാണ്. രോഹിത് എഴുതിയ കത്തിനെക്കുറിച്ച് ഇവര്‍ ബോധപൂര്‍വം മൗനംപാലിക്കുന്നു. രോഹിതിന്റെ മൃതദേഹം സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണിക്കാതെ തിടുക്കത്തില്‍ പോലീസ് ദഹിപ്പിക്കുകയാണുണ്ടായത്. എസ്.സി/എസ്.ടി. അട്രോസിറ്റി ആക്റ്റ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടും വി.സിയെയും മന്ത്രിയെയും അറസ്റ്റുചെയ്യാന്‍ തയാറായിട്ടില്ല. പകരം രോഹിത് ദളിത് വിഭാഗത്തില്‍ പെട്ട ആളല്ലെന്നു തെളിയിക്കാനാണ് ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത്.
രോഹിതിന്റെ മരണത്തിനു കാരണക്കാരായ വൈസ് ചാന്‍സലര്‍ അപ്പാറാവു, കേന്ദ്രമന്ത്രി ബന്ധാരു ദത്താത്രേയ, എ.ബി.വി.പി നേതാവ് സുശീല്‍ കുമാര്‍ എന്നിവര്‍ക്കെതിരേ എസ്.സി/എസ്.ടി. അട്രോസിറ്റി ആക്റ്റ് പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നിരാഹാരസമരത്തിലാണ്. രോഹിതിന്റെ കുടുംബത്തിന് അമ്പതു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലുള്ള ഒരാള്‍ക്കു ജോലി നല്‍കുക, സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍. എന്നാല്‍ ജനുവരി 21 ന് ചേര്‍ന്ന സര്‍വകലാശാലയുടെ പ്രത്യേക എക്‌സിക്യൂട്ടീവ് കമ്മറ്റി ഇവിടെ അസാധാരണമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍, സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളുടെ മേല്‍ എടുത്ത നടപടി അവസാനിപ്പിക്കുന്നു എന്ന് ഉത്തരവിറക്കി. ഇതില്‍നിന്നും സര്‍വകലാശാല പറയാന്‍ ശ്രമിക്കുന്നത് തങ്ങളുടെ നടപടി ശരിയായിരുെന്നന്നും ഖേദം പ്രകടിപ്പിക്കാന്‍ തയാറെല്ലന്നുമാണ്. ഈ നടപടിയെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി തള്ളി. ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഹിത്തിന്റെ മരണം ദേശീയതലത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ക്ക് എതിരായ അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന്റെ പ്രതിഫലനമായാണ് ഇതു കാണേണ്ടത്. സംഘ പരിവാറിന്റെ ഫാസിസ്റ്റ് ഇടപെടലുകള്‍ക്ക് എതിരായി ദളിത് പ്രസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ക്‌സിസ്റ്റുകളും ഗാന്ധിയന്മാരും സോഷ്യലിസ്റ്റുകളും ന്യൂനപക്ഷങ്ങളും അണിചേരുന്നത് ചില പ്രതീക്ഷകള്‍ നല്‍കുന്നതാണ്. ഇന്ത്യന്‍ സര്‍വകലാശാലകളെ ദളിത് വിദ്യാര്‍ഥികളുടെ ആത്മഹത്യാകേന്ദ്രങ്ങള്‍ ആക്കുന്ന സംഘ പരിവാറിന്റെ ഗൂഢശ്രമങ്ങളെ വച്ചുപൊറുപ്പിക്കില്ലെന്ന സന്ദേശമാണു രാജ്യമെങ്ങും കേള്‍ക്കുന്നത്. ‘രോഹിത് വെമുല അമര്‍ രഹേ’ എന്ന മുദ്രാവാക്യം സമൂഹത്തിലും സര്‍വകലാശാലകളിലും നിലനില്‍ക്കുന്ന ജാതിക്കോമരങ്ങള്‍ക്ക് എതിരേ കൂടിയാണ്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply