ഫാസിസം വരുന്ന വഴി

ഒരു സമൂഹത്തിലേക്ക് ഫാസിസം കടന്നു വരുന്നതെങ്ങിനെയെന്നതിന് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് നിരവധി നിഗമനങ്ങളും. അവയില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം ഇവയാണ്. എല്ലാറ്റിനേയും കറുപ്പ്, വെളുപ്പ് എന്നീ രണ്ടറകളാക്കി ഒതുക്കുക, മുഴുവന്‍ ജനങ്ങളുടേയും പ്രാതിനിധ്യം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുക. ഇതു രണ്ടും കുറച്ചുദിവസങ്ങളായി നിരന്തരമായി കേരളത്തില്‍ നാം കാണുന്നു. സോളാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകള്‍ മാത്രം കണ്ടാല്‍ മതി ഇതു ബോധ്യപ്പെടാന്‍. ഇരുവിഭാഗങ്ങളും ചേര്‍ന്ന് ഞങ്ങള്‍, അല്ലെങ്കില്‍ നിങ്ങള്‍ എന്ന രണ്ടു സാധ്യതകളിലേക്ക് എല്ലാ പ്രശ്‌നങ്ങളേയും ചുരുക്കുന്നു. […]

Untitled-1

ഒരു സമൂഹത്തിലേക്ക് ഫാസിസം കടന്നു വരുന്നതെങ്ങിനെയെന്നതിന് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് നിരവധി നിഗമനങ്ങളും. അവയില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം ഇവയാണ്. എല്ലാറ്റിനേയും കറുപ്പ്, വെളുപ്പ് എന്നീ രണ്ടറകളാക്കി ഒതുക്കുക, മുഴുവന്‍ ജനങ്ങളുടേയും പ്രാതിനിധ്യം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടുക. ഇതു രണ്ടും കുറച്ചുദിവസങ്ങളായി നിരന്തരമായി കേരളത്തില്‍ നാം കാണുന്നു. സോളാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകള്‍ മാത്രം കണ്ടാല്‍ മതി ഇതു ബോധ്യപ്പെടാന്‍. ഇരുവിഭാഗങ്ങളും ചേര്‍ന്ന് ഞങ്ങള്‍, അല്ലെങ്കില്‍ നിങ്ങള്‍ എന്ന രണ്ടു സാധ്യതകളിലേക്ക് എല്ലാ പ്രശ്‌നങ്ങളേയും ചുരുക്കുന്നു. ഇരുകൂട്ടര്‍ക്കും തങ്ങള്‍ ശരിയും മറുപക്ഷം തെറ്റുമാണ്. മറ്റൊരു സാധ്യതയും ഇവര്‍ അംഗീകരിക്കുന്നില്ല. അതുപോലെയാണ് തങ്ങളുടെ അഭിപ്രായം മൊത്തം ജനങ്ങളുടേതാണെന്ന ഇവരുടെ അവകാശവാദം. ജനത്തിനെ ആണയിട്ടാണ് ഇരുകൂട്ടരും തങ്ങളുടെ അഭിപ്രായങ്ങള്‍ പടച്ചുവിടുന്നത്.
ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ആരംഭിച്ചിരിക്കുന്ന പ്രതിരോധസമരവും അതിനെ നേരിടാനുള്ള സര്‍ക്കാര്‍ നടപടികളും. താല്‍ക്കാലികമായി ആരു ജയിച്ചാലും ദീര്‍ഘകാലത്തേക്ക് പരിശോധിച്ചാല്‍ കേരളരാഷ്ട്രീയത്തിന്റേയും കേരളീയ സമൂഹത്തിന്റേയും ഫാസിസവല്‍ക്കരണമായിരിക്കും ഇതിന്റെ ഫലം. ഒപ്പം അരാഷ്ട്രീയവല്‍ക്കരണവും.
ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ സംഘടിക്കാനും, സമരം ചെയ്യാനും ഉള്ള അവകാശം ഏത് പാര്‍ട്ടിക്കും ലഭ്യമായിരിക്കണം . പക്ഷെ ‘മുഖ്യമന്ത്രി രാജിവെക്കും വരെ ഭരണം സ്തംഭിപ്പിക്കാന്‍’ ഉള്ള നീക്കം ജനാധിപത്യപരമാണെന്നു പറയാനാകില്ല. അറബ് വസന്തം പോലെയുള്ള സമരം എന്നൊക്കെ തോമസ് ഐസക്കും മറ്റും പറയുമ്പോള്‍ അത് ജനാധിപത്യത്തിനായുള്ള പോരാട്ടമായിരുന്നു എന്ന് മറക്കരുത്. ഇവിടെ ജനാധിപത്യമല്ല നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നുമില്ല. അവരുടെ ആവശ്യം ഒന്നുമാത്രം. സോളാര്‍ തട്ടിപ്പുകേസില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രി രാജിവെക്കുക. സര്‍ക്കാര്‍ രാജിവെക്കണെമന്നുപോലും അവരാവശ്യപ്പെടുന്നില്ല. സമരത്തിനു നേതൃത്വം കൊടുക്കുന്നതാകട്ടെ ലാവ്‌ലിന്‍ കേസില്‍ ആരോപിതനായ പിണറായി വിജയനും. പ്രതിപക്ഷ നേതാവ് വിഎസ് പോലുമല്ല. ഈ മുന്നേറ്റത്തിന്റെ പ്രധാന അടിത്തറയാകട്ടെ സദാചാരപരമാണ് താനും. സാമ്പത്തികമോ രാഷ്ട്രീയമോ ആയ കാരണങ്ങള്‍ രണ്ടാമത്തേതാണ്. പെട്രോള്‍ വില വര്‍ധനയ്‌ക്കോ കൂടംകുളം , കാതികൂടം, ടോള്‍ പോലെയുള്ള ജനകീയ പ്രശ്‌നങ്ങള്‍ക്കോ ഉള്ളതില്‍ അധികം പ്രാധാന്യം ഒന്നും സരിതാ തട്ടിപ്പിനുണ്ടോ? ടിടി ശ്രീകുമാര്‍ ചൂണ്ടികാട്ടിയപോലെ കേരളത്തിലെ ദളിത്, ആദിവാസി ഭൂപ്രശ്‌നം പരിഹരിക്കാതെ ഭരണം തുടരാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഈ സമരമെങ്കിലോ? അതുണ്ടാകില്ലല്ലോ. ഈ സാഹചര്യത്തില്‍ തികച്ചും കയ്യൂക്കിന്റെ ഭാഷയില്‍, മുഴുവന്‍ ജനാധിപത്യ സംവിധാനങ്ങളേയും വെല്ലുവിളിച്ച് നടക്കുന്ന ഉപരോധം വരാന്‍ പോകുന്ന ഇതേ ദിശയിലുള്ള സമരങ്ങള്‍ക്ക് മുന്നോടിയായിരിക്കും.
ഇതിനേക്കാള്‍ ഭീകരമാണ് മറുവശം. എല്‍ഡിഎഫ് സമരത്തെ നേരിടാന്‍ അതിനേക്കാള്‍ ഫാസിസ്റ്റ് ആയ നയങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സമരം അക്രമാസക്തമാവാന്‍ ഇടയുണ്ട് എന്ന കാരണം പറഞ്ഞ് കേരളത്തിലെ ജനാധിപത്യ ഭരണകൂടം ഇന്നോളം സ്വീകരിക്കാത്ത രീതിയിലുള്ള നടപടികളാണ് സര്‍ക്കാരിന്റേത്. കേന്ദ്ര സേനയെ വിളിക്കുക, ഹോട്ടലുകളിലും എന്തിന് വീടുകളിലും ആരേയും താമസിപ്പിക്കില്ല എന്ന് പ്രഖ്യാപിക്കുക, പൊതു കക്കൂസുകളും മൂത്രപ്പുരകളും അടച്ചിടുക, ഭക്ഷണം പാചകം ചെയ്യാന്‍ അനുവദിക്കാതിരിക്കുക, സമരക്കാരെ വഴിയില്‍ തടയുക തുടങ്ങിയ നടപടികള്‍ ജനാധിപത്യ വിശ്വാസികളെ ഞെട്ടിക്കുന്നവ തന്നെ. ഇത് ഭരണകൂട ഭീകരതയല്ലാതെ മറ്റെന്താണ്? വരും കാല ജനകീയ സമരങ്ങളേയും ഇതുപോലെ നേരിടാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയും എന്നിടത്താണ് ഈ മുന്നൊരുക്കങ്ങള്‍ ഫാസിസവല്‍ക്കരണത്തിലേക്ക് നയിക്കുമെന്ന് നാം ആശങ്കപ്പെടേണ്ടത്. ചുരുക്കത്തില്‍ ഇരു മുന്നണികളും ചേര്‍ന്ന് ജനാധിപത്യ സംവിധാനത്തെയാണ് കൊല ചെയ്യുന്നത്. അതാകട്ടെ കോടികളുടെ ചിലവിലും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വസ്തുതകളെ വിശകലനം ചെയ്യാന്‍ പോലും ഇരുകൂട്ടരും തയ്യാറല്ല.
തീര്‍ച്ചയായും ഈ ഘട്ടത്തില്‍ സ്വയം മാറി നില്‍ക്കുക എന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കേണ്ടത്. സ്വന്തം മുന്നണിയിലേയും ഭൂരിപക്ഷവും സത്യത്തില്‍ അതാണ് ആഗ്രഹിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അത്തരമൊരു തീരുമാനം ഇന്നെങ്കിലും വന്നാല്‍ അതായിരിക്കും ജനാധിപത്യത്തെ ശക്തിപ്പെടുത്തുക. കേരളത്തിലും ഇന്ത്യയിലും ഇതിന് നിരവധി ഉദാഹരണങ്ങളുണ്ട്.

വാല്‍ക്കഷ്ണം : ഏതാനും വര്‍ഷം മുമ്പ് ആദിവാസികള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനശ്ചിത കാലസമരം നടത്തിയപ്പോള്‍ അവര്‍ നഗരത്തെ വൃത്തികേടാക്കി എന്നാരോപിച്ചവരാണ് ഇരുമുന്നണികളും എന്ന് ഈയവസരത്തില്‍ ഓര്‍ക്കുന്നത് നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply