ഫാസിസം : നാം കണ്ണാടി നോക്കേണ്ടിയിരിക്കുന്നു.

സുരേഷ് നാരായണന്‍ ഇന്ത്യ വിഭജിക്കപ്പെടുകയും, ഹിന്ദു-മുസ്ലീം ഐക്യം എന്നുള്ള മരീചിക ഒരു ദുരന്തത്തില്‍ എത്തിച്ചേരുകയും ചെയ്ത 1948 ല്‍ തന്നെ ഫാസിസത്തിന്റെ ആദ്യത്തെ പ്രകടനം – അഥവാ ആക്രമണം – നമ്മുടെ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്. ഫാസിസം അങ്ങിനെയാണ് പ്രത്യക്ഷപ്പെടുക. മുസോളിനിയുടെ ഇറ്റലിയായാലും ഹിറ്റ്‌ലറുടെ ജര്‍മനിയായാലും ഉണ്ടാകുന്നത്, ആ രാഷ്ട്രങ്ങള്‍ അവയുടെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴാണ്. ഇന്ത്യ അതിന്റെ ഏറ്റവും വലിയ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു 1948-ല്‍. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തില്‍ തോളോടു തോള്‍ ചേര്‍ന്നു നിന്ന് പിറന്ന […]

modiസുരേഷ് നാരായണന്‍

ഇന്ത്യ വിഭജിക്കപ്പെടുകയും, ഹിന്ദു-മുസ്ലീം ഐക്യം എന്നുള്ള മരീചിക ഒരു ദുരന്തത്തില്‍ എത്തിച്ചേരുകയും ചെയ്ത 1948 ല്‍ തന്നെ ഫാസിസത്തിന്റെ ആദ്യത്തെ പ്രകടനം – അഥവാ ആക്രമണം – നമ്മുടെ രാജ്യത്ത് സംഭവിച്ചിട്ടുണ്ട്. ഫാസിസം അങ്ങിനെയാണ് പ്രത്യക്ഷപ്പെടുക. മുസോളിനിയുടെ ഇറ്റലിയായാലും ഹിറ്റ്‌ലറുടെ ജര്‍മനിയായാലും ഉണ്ടാകുന്നത്, ആ രാഷ്ട്രങ്ങള്‍ അവയുടെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുമ്പോഴാണ്.
ഇന്ത്യ അതിന്റെ ഏറ്റവും വലിയ അരക്ഷിതാവസ്ഥയെ അഭിമുഖീകരിക്കുകയായിരുന്നു 1948-ല്‍. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരത്തില്‍ തോളോടു തോള്‍ ചേര്‍ന്നു നിന്ന് പിറന്ന നാടിന് വേണ്ടി പോരാടിയ ലക്ഷോപലക്ഷം മനുഷ്യരുടെ ജീവിത പരിസരത്തിന് മുകളിലൂടെ പുതിയ ഒരു അതിര്‍ത്തി സ്ഥാപിക്കപ്പെട്ടു. അവരുടെ വയലുകളും ഗ്രാമങ്ങളും കീറിമുറിച്ച്, ഒരു ദശലക്ഷത്തില്‍ കൂടുതല്‍ മനുഷ്യരുടെ രക്തം കൊണ്ട് നിര്‍മിക്കപ്പെട്ട ഈ അതിര്‍ത്തി, ഒരു കോടിയോളം വരുന്ന മനുഷ്യരുടെ, സമകാലിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട പലായനത്തിന് സാക്ഷ്യം വഹിച്ചു. സ്വാതന്ത്ര്യം എന്ന സ്വപ്നം മാത്രം കണ്ടിരുന്ന ഇന്ത്യന്‍ പൊതുബോധം, രാഷ്ട്രം അതിന്റെ കെട്ടുറപ്പിലേക്ക് എത്തുന്നതിനു മുന്‍പുതന്നെ, 1947 ആഗസ്റ്റിനു ശേഷം, യാഥാര്‍ത്ഥ്യത്തിന്റെ വസ്തുതകള്‍ക്ക് മുന്നില്‍ പകച്ചുനിന്നു. സുന്ദരമായ സ്വപ്നത്തില്‍ നിന്ന് ഉണര്‍ന്ന ഒരു മനുഷ്യനെപ്പോലെ, ഒരു രാജ്യത്തിന്റെ പൊതുബോധം വസ്തുതകളുടെ, പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ലോകത്തേക്ക് എത്തുകയായിരുന്നു. ഇവിടെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഫാസിസ്റ്റ് ശക്തിപ്രകടനം രേഖപ്പെടുത്തപ്പെടുന്നത്. 1948, ജനുവരി 30 ന് ഗാന്ധിജി വധിക്കപ്പെട്ടു. ഗാന്ധിയുടെ വധം, ഒരു രാഷ്ട്രനേതാവിന്റെ വധമായി ചുരുക്കിക്കാണാന്‍ കഴിയുന്ന ഒന്നല്ല. ഇന്ത്യയില്‍ ശക്തിയാര്‍ജ്ജിച്ച് വളരാന്‍ സാധ്യതയുണ്ടായിരുന്ന ഒരു ദര്‍ശനത്തെ, ഒരു രാഷ്ട്രീയ തത്വശാസ്ത്രത്തെയാണ് ഈ ശക്തിപ്രകടനം ഉന്മൂലനം ചെയ്തത്.
ഫാസിസം ഒരു രാഷ്ട്രീയ തത്വസംഹിതയാണ്. എല്ലാവരും സമന്മാരല്ല എന്നും അതിജീവനശേഷിയുള്ളവരാണ് നിലനില്‌ക്കേണ്ടത് എന്നുമുള്ള ആശയം ഡാര്‍വിനിസത്തില്‍ നിന്നും കൈക്കൊണ്ട് രൂപപരിണാമം വരുത്തിയതാണ്. ജീവികള്‍ തുല്യരല്ല എന്നുള്ളത്, ജീവികളുടെ അതിജീവനശേഷി ഒരുപോലെയല്ല എന്നുള്ളത്, ഡാര്‍വിനിസത്തിന്റെ ശക്തമായ ആശയാടിത്തറയാണ്. എന്നാല്‍ ഇത് മനുഷ്യരില്‍ പ്രയോഗിക്കുമ്പോള്‍, അതിജീവനശക്തി കൂടുതലുള്ളവര്‍ അതിജീവിക്കുമെന്നുള്ള ആശയം പ്രതിലോമകരമാകുന്നു. ഇങ്ങനെ, നിലനില്‍ക്കുന്ന പല തത്വസംഹിതകളില്‍ നിന്നും സ്വാംശീകരിക്കുകയും പ്രതിലോമകരമായി മാറ്റിത്തീര്‍ക്കുകയും ചെയ്ത ആശയങ്ങളുടെ സംഹിതയാണ് ഫാസിസം. ഫാസിസം ഒരു നിശബ്ദ തത്വശാസ്ത്രമാണ്. ഒരു തരത്തിലുള്ള സംവാദങ്ങളും അത് അനുവദിക്കുന്നില്ല. അധികാരവും അനുസരണവുമാണ് ഫാസിസത്തിന്റെ രീതികള്‍.
അങ്ങിനെയുള്ള ഒരു രാഷ്ട്രീയ തത്വസംഹിതയ്ക്ക് ഗാന്ധിയുടെ തത്വസംഹിതയെ, അത് എത്രകണ്ട് കാല്പനികമായിരുന്നെങ്കില്‍ പോലും, ഉന്മൂലനം ചെയ്യാതിരിക്കുക അസാധ്യമായിരുന്നു. രാഷ്ട്രം അതിന്റെ ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സമയത്ത്, പൊതുബോധം ഏറ്റവും ശിഥിലീകൃതമായ കാലത്ത് തന്നെയാണ് ഫാസിസം അതിന്റെ ശക്തി പ്രകടിപ്പിക്കുക. കൃത്യസമയത്തു തന്നെ, ഇന്ത്യന്‍ ഫാസിസം ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും ഗാന്ധിയെ ഉന്മൂലനം ചെയ്യുകയും ചെയ്തു.
ഹിന്ദു എന്ന ബോധത്തെ ഇന്ത്യന്‍ പൊതുബോധത്തിലേക്ക് സന്നിവേശിപ്പിക്കുകയും ആ ബോധത്തെ പരിപോഷിപ്പിക്കുകയും വഴി അധികാര സംസ്ഥാപനം നടത്തുക എന്നതായിരുന്നു ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ തെരഞ്ഞെടുത്ത വഴി. എന്നാല്‍ ഇറ്റലിയിലും ജര്‍മനിയിലും സംഭവിച്ചതുപോലെ, വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കാനും അധികാരം കയ്യാളാനും മാത്രം ശക്തമല്ലായിരുന്നു ഇന്ത്യന്‍ ഫാസിസം അന്ന്. ഹിന്ദു സമൂഹം ഒരു മിഥ്യയാണ്, അങ്ങിനെയൊന്ന് നിലനില്‍ക്കുന്നില്ല എന്നതു തന്നെയായിരുന്നു പ്രധാന കാരണം. ബുദ്ധിസ്റ്റ് ഇന്ത്യയെ ആദിശങ്കരന്റെ നേതൃത്വത്തില്‍ നാമാവശേഷമാക്കിയത്, ഹിന്ദു സമൂഹമായിരുന്നില്ല, ബ്രാഹ്മണ്യമായിരുന്നു. ഈ അട്ടിമറിക്കു ശേഷം, ബ്രാഹ്മണ്യത്തിന് ബുദ്ധമതത്തിന്റെ തിരിച്ചുവരവ് പലപ്പോഴും ഒരു ഭീഷണിയായി നിലനിന്നിരുന്നു. ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായാണ് ജാതികളുടേയും ഉപജാതികളുടേതുമായ ഒരു ‘വിശാല സമൂഹം’ എന്ന ആശയം രൂപം കൊള്ളുന്നത്. അങ്ങിനെ സാങ്കേതികമായി രൂപം കൊണ്ട ഹിന്ദു സമൂഹം, ജാതികളുടേയും ഉപജാതികളുടേയും ഒരു കൂട്ടം മാത്രമാണ്. ഒരു സമൂഹം എന്ന നിലക്കുള്ള ജൈവികമായ പാരസ്പര്യമോ സൗഹാര്‍ദമോ ഈ സമൂഹഘടനയില്‍ നിലനില്‍ക്കുന്നില്ല. ഫാസിസം ഹിന്ദു മുസ്ലീം ലഹള സംഘടിപ്പിക്കുമ്പോളൊഴികെ, ഈ ‘വിശാല സമൂഹ’ത്തിലെ ജാതികള്‍ വിഘടിച്ചു തന്നെയാണ് നില്‍ക്കുന്നത്.
പില്‍ക്കാലത്ത്, വില്യം ജോനെസ് മുതല്‍ മാക്‌സ് മുള്ളര്‍ വരെയുള്ള ഓറിയെന്റലിസ്റ്റുകള്‍ ‘ഹിന്ദുസമൂഹം’ എന്ന സംജ്ഞ സാന്ദര്‍ഭികമായി പുനര്‍നിര്‍വചിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ഈ നിര്‍വചനങ്ങള്‍, ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയല്‍ സ്റ്റേറ്റിന്റെ നിര്‍മിതിയില്‍ വളരെ പ്രകടമായിരുന്നതായി കാണാം. 1947ല്‍ ‘സ്വതന്ത്ര ഇന്ത്യ’യുടെ നിര്‍മിതിയിലും ഈ സാമൂഹ്യ നിര്‍വചനങ്ങളുടെ സാന്നിദ്ധ്യം ഇഴചേര്‍ന്നിരിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. എന്നിട്ടും, ജാതികളും ഉപജാതികളുമായി ആയിരക്കണക്കിന് വരുന്ന ചെറു സംഘങ്ങളെ ഹിന്ദു എന്ന മേല്‍വിലാസത്തിലേക്കടുപ്പിക്കാന്‍, അവിടെ ഒന്നിച്ചു നിര്‍ത്താന്‍, ഇന്ത്യന്‍ ഫാസിസം പണിപ്പെടുകയാണിപ്പോഴും.
അതേസമയം, ഇന്ത്യന്‍ പൊതുബോധത്തില്‍ ഒരു ശത്രുവിനെ സൃഷ്ടിക്കുന്നതില്‍ അത് വിജയിക്കുക തന്നെ ചെയ്തു. പാകിസ്ഥാന്‍ എന്ന രാജ്യത്തെ, ഇന്ത്യന്‍ പൊതുബോധം ശത്രുസ്ഥാനത്ത് നിര്‍ത്തി. ബ്രിട്ടീഷ് കൊളോണിയലിസം അവശേഷിപ്പിച്ച, ക്രിക്കറ്റായിരുന്നു ഈ ശത്രുവിന്റെ സാന്നിദ്ധ്യം ഊട്ടിയുറപ്പിക്കുവാന്‍ ഇന്ത്യന്‍ ഫാസിസം തെരഞ്ഞെടുത്ത വഴി.
വിഭജനത്തിന് ശേഷം അധികം വൈകാതെ തന്നെ, 1952 ഒക്‌ടോബര്‍ മാസത്തില്‍, ഒരു ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടത്താനും അതില്‍ ഇന്ത്യന്‍ ടീം ജയിക്കാനും അതുവഴി, രാഷ്ട്രത്തിന്റെ ശത്രുവിനെ കളിയിലും തോല്പിക്കണമെന്ന വൈകാരികത സൃഷ്ടിച്ചെടുക്കാനും ഫാസിസത്തിനായി. മാത്രവുമല്ല, തുടര്‍ന്ന് ഓരോ വര്‍ഷവും ആ വൈരം ഊട്ടിയുറപ്പിക്കുവാന്‍, ക്രിക്കറ്റ് എന്ന കൊളോണിയല്‍ കളി ഇന്ത്യന്‍ ഫാസിസത്തെ സഹായിച്ചു. കൂടാതെ, വിഭജനത്തില്‍ അവശേഷിച്ച, ഇപ്പോഴും ചറമൊലിക്കുന്ന ഒരു വൃണമായി കാശ്മിര്‍ നിലനിര്‍ത്താനും, ഇടയ്ക്കിടെ, ആവശ്യാനുസരണം ഉപയോഗിക്കാനും ഫാസിസത്തിന് കഴിഞ്ഞു. അങ്ങനെ ഒരു സമൂഹത്തെ ഫാസിസ്റ്റ് സമൂഹത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന്റെ ആദ്യപടി, സമൂഹത്തിന്റെ പൊതു ശത്രുവിനെ സൃഷ്ടിക്കല്‍ എന്നത്, ആയാസരഹിതമായി നടപ്പിലായി.
കൂടാതെ, പൊതുബോധത്തിന്റെ ചില കോണുകളിലെങ്കിലും, ഫാസിസത്തിന്റെ വിത്ത് വിതയ്ക്കാന്‍ ഈ മുന്നേറ്റങ്ങള്‍ക്ക് അന്നേ കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ബാല്യകാലത്തു തന്നെ പലപ്പോഴും ഫാസിസ്റ്റ് സ്വഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ ഭരണകൂടവും, അവ സ്വീകരിക്കാന്‍ പൊതുബോധവും തയ്യാറായിട്ടുണ്ട്. ഉദാഹരണത്തിന് 1960കളുടെ തുടക്കത്തില്‍ നടന്ന ഒരു സംഭവം പരിശോധിക്കാം. ഇന്ത്യ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് വേവലാതിപ്പെടുന്ന കാലം. ഗാന്ധിയുടെ പിന്‍മുറക്കാരായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭരണത്തിലാണ് മഹാരാഷ്ട്ര സംസ്ഥാനം. ഇന്ത്യയിലാദ്യമായി ഭക്ഷ്യക്ഷാമം എന്നന്നേക്കുമായി തുടച്ചുനീക്കിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. എങ്ങിനെയാണ് എന്നത് ഒരേ സമയം രസകരവും അതിനേക്കാള്‍ ഭീതിദവുമാണ്. എ.ആര്‍ ആന്തുലെ ആണ് മഹാരാഷ്ട്രയുടെ അന്നത്തെ നിയമകാര്യ മന്ത്രി. മഹാരാഷ്ട്ര നിയമസഭ 1963 നവംബര്‍ 11 ന് ഒരു പുതിയ നിയമം പാസാക്കി. ഭക്ഷ്യക്ഷാമം എന്ന വാക്ക് ഭരണപരമായ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ആ വാക്ക് ഇനി മുതല്‍ ഉപയോഗിക്കരുത് എന്നുമാണ് ആ നിയമത്തിന്റെ ഉള്ളടക്കം. The Maharasthra Deletion Of The Term ‘Famine’ (From Laws Applicable To The State) Act, 1963 എന്നു പേരിട്ട ഈ നിയമമായിരിക്കണം സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഫാസിസ്റ്റ് നിയമം.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഒരുപാട് ഫാസിസ്റ്റ് നിയമനിര്‍മാണങ്ങള്‍ നടന്നിട്ടുണ്ട്. ജനാധിപത്യത്തില്‍ എങ്ങിനെയാണ് ഫാസിസ്റ്റ് രീതികള്‍ കടന്നു കയറുന്നത് എന്ന സന്ദേഹത്തിന് ഇവിടെ പ്രസക്തിയുണ്ട്. ഇന്ത്യന്‍ ജനാധിപത്യം അഥവാ ലിബറല്‍ ഡെമോക്രസി കെട്ടിപ്പടുത്തിരിക്കുന്നത്, ഗാന്ധിയുടേയും നെഹ്രുവിന്റെയും പരസ്പര വിരുദ്ധമായ തത്വശാസ്ത്രങ്ങളുടെ അടിത്തറയിലാണ്. നേരത്തെ സൂചിപ്പിച്ച, ഓറിയെന്റലിസ്റ്റുകളുടെ ഹിന്ദുസമൂഹ നിര്‍വചനങ്ങള്‍ അംബേദ്കറുടെ ദര്‍ശനങ്ങളെ ഈ നിര്‍മിതിയില്‍ നിന്നും സാങ്കേതികമായി മാറ്റിനിര്‍ത്താനും സഹായിച്ചിട്ടുണ്ട്. ഇങ്ങനെ, നിര്‍മിതിയില്‍ തന്നെ ബലഹീനമായ ഒന്നായി വേണം ഇന്ത്യന്‍ ജനാധിപത്യത്തെ കാണാന്‍. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് നേരെ വിരുദ്ധമായ യൂറോപ്യന്‍ മോഡല്‍ വികസനത്തിലേക്കാണ് നെഹ്രു ഇന്ത്യയെ നയിക്കാന്‍ ശ്രമിച്ചത്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് പുസ്തകങ്ങളിലൂടെയും, ധരിക്കുന്ന ഖാദി വസ്ത്രങ്ങളിലൂടെയും, കാര്യാലയങ്ങളുടെ ചുമരില്‍ പ്രദര്‍ശിപ്പിച്ച ഗാന്ധി ചിത്രങ്ങളിലൂടെയും ധ്വനിപ്പിക്കുകയും, മൂലധനകേന്ദ്രീകൃതമായ വികസന മാതൃകകളെ പ്രായോഗികമായി സ്വീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉടനീളമുള്ളത്. ഇതിലേക്ക് കയറിക്കൂടാന്‍ ഫാസിസത്തിന് വളരെയെളുപ്പമാണ്.
1970കളുടെ തുടക്കത്തില്‍ ബംഗ്ലാദേശ് യുദ്ധത്തിന്റെ പരിണതഫലങ്ങള്‍ അനുഭവിക്കുകയായിരുന്നു ഇന്ത്യ. യുദ്ധച്ചെലവുകള്‍ ഖജനാവ് ഏതാണ്ട് കാലിയാക്കി കഴിഞ്ഞിരുന്നു. രാജ്യത്ത് ഭക്ഷ്യക്ഷാമം തലനീട്ടിത്തുടങ്ങി. നഗരങ്ങളിലും ഗ്രാമങ്ങളിലും സാമ്പത്തിക അസന്തുലിതാവസ്ഥ പെരുകിത്തുടങ്ങിയിരുന്നു. തുടര്‍ച്ചയായി രണ്ടുവര്‍ഷം മഴയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാകുകയും ചെയ്തതോടെ, രാജ്യത്ത് ഭക്ഷ്യ പ്രതിസന്ധി രുക്ഷമായി. ഇതേ കാലത്തു തന്നെ, 1973 ല്‍ ലോകത്തെ എക്കാലത്തേയും വലിയ എണ്ണവില വര്‍ദ്ധനയും ഉണ്ടായി. അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയില്‍ ഒറ്റയടിക്ക് നാലുമടങ്ങാണ് വര്‍ദ്ധിച്ചത്. ഇത് ഇന്ത്യയുടെ ജനജീവിതത്തെ സാരമായി ബാധിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇരുപത്തിരണ്ട് ശതമാനം വിലവര്‍ദ്ധനയാണ് ഉണ്ടായത്. ഈ അവസ്ഥകളെ കൈകാര്യം ചെയ്യുന്നതില്‍ ഭരണസംവിധാനം ദയനീയമായി പരാജയപ്പെട്ടു. അതേ സമയത്ത്, 1974 മേയ് 18 ന് ഇന്ത്യയുടെ ആറ്റമിക് എനര്‍ജി കമ്മീഷന്‍ രാജസ്ഥാനിലെ പൊക്‌റാനിലുള്ള ഭൂഗര്‍ഭ നിലയത്തില്‍ ആണവ സ്‌ഫോടനം നടത്തി ഭരണകൂടത്തിന്റെ ശക്തി പ്രകടനം നടത്തുകയുമുണ്ടായി.
ഇങ്ങനെ സൃഷ്ടിക്കെപ്പെട്ട ശൈഥില്യത്തിലേക്കാണ് സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ വലിയ ഫാസിസ്റ്റ് പ്രകടനം ഉണ്ടാകുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഒളിഞ്ഞിരിക്കുന്ന ഫാസിസം മറനീക്കി പുറത്തു വന്നു. 1975 ജൂണ്‍ 25-ാം തിയതി മുതല്‍ 1977 മാര്‍ച്ച് 21 വരെ നീണ്ടുനിന്ന ഇരുപത്തിയൊന്നു മാസക്കാലം ഇന്ത്യ പ്രകടമായ ഫാസിസ്റ്റ് ഭരണത്തിന്‍ കീഴിലായി എന്നാണ് അടിയന്തിരാവസ്ഥയുടെ ചരിത്രം നമുക്ക് മനസ്സിലാക്കി തരുന്നത്. ഈ ഫാസിസ്റ്റ് പ്രകടനം, പൊതുവേ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ എന്ന് അിറയപ്പെടുന്ന ഹിന്ദു മതതീവ്രവാദികളില്‍ നിന്നല്ല ഉണ്ടായത്, പകരം ഗാന്ധിയന്‍ തത്വസംഹിതകളുടെ പ്രയോക്താക്കള്‍ എന്ന് പുകഴ്‌പെറ്റ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നാണെന്നത് ഇന്ത്യയുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ 1970കളില്‍ തന്നെ, എത്രമാത്രം ഫാസിസ്റ്റുവല്‍കൃതമായിരുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതായത് ഏതാണ്ട് ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് സ്വതന്ത്ര ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് കടന്നുകയറാനും വ്യക്തമായ സ്വാധീനമുറപ്പിക്കാനും ഇന്ത്യന്‍ ഫാസിസത്തിന് കഴിഞ്ഞു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ശൈഥില്യം, ക്രമത്തിന് വേണ്ടിയുള്ള, വ്യവസ്ഥകള്‍ക്കുള്ള ആഗ്രഹം സൃഷ്ടിക്കും. അതുകൊണ്ടാണ്, അടിയന്തിരാവസ്ഥക്കാലത്ത് ജീവനക്കാര്‍ കൃത്യസമയത്ത് ഓഫീസിലെത്തുന്നതും, ട്രെയിനുകള്‍ കൃത്യമായി ഓടുന്നതും അടിയന്തിരാവസ്ഥയുടെ ഗുണഫലങ്ങളായി ഇന്ത്യന്‍ പൊതുബോധം സ്വീകരിച്ചത്. ജനസ്വാധീനമുള്ള പല പത്രമാധ്യമങ്ങളും ബുദ്ധിജീവികളും അക്കാലത്ത് ഈ ധാരണകളെ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ക്രമത്തിന് വേണ്ടിയുള്ള, ഈ ആഗ്രഹ സാഫല്യത്തിന്റെ സാധ്യത ഒരു ടോട്ടാലിറ്റേറിയന്‍ അധികാരവ്യവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു നമ്മുടെ പൊതുബോധം. സംവാദത്തേക്കാള്‍ അനുസരണയാണ് കരണീയം എന്ന ഫാസിസ്റ്റ് തത്വം നമ്മുടെ പൊതുബോധത്തിലാകെ പടരാന്‍ തുടങ്ങി. ഇങ്ങനെ, 1920കള്‍ മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ച ഫാസിസം ഇന്ത്യന്‍ പൊതുബോധത്തെ ക്രമേണ ആവേശിച്ചുകൊണ്ടിരുന്നു. സ്വതന്ത്ര ഇന്ത്യ ഫാസിസ്റ്റ് ഇന്ത്യ കൂടെയാണ് എന്ന് വെളിപ്പെടുകയായിരുന്നു.
1922 ല്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യത്തെ പൊതുപ്രഭാഷണത്തില്‍ മുസോളിനി ഫാസിസത്തെക്കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്. ‘ഫാസിസത്തിന് കോര്‍പറേറ്റിസം എന്ന പേരാണ് കൂടുതല്‍ ചേരുക. എന്തുകൊണ്ടെന്നാല്‍ അത് ഭരണകൂട അധികാരത്തിന്റെയും കോര്‍പറേറ്റ് അധികാരത്തിന്റെയും സങ്കലനമാണ്.’
ഫാസിസം എന്നത്, വര്‍ഗീയമോ വംശീയമോ ആയ വെറുപ്പില്‍ നിന്ന്, അത്തരം വിദ്വേഷങ്ങളില്‍ നിന്ന് ഉടലെടുക്കുന്നതോ അവയെ പ്രതിനിധീകരിക്കുന്നതോ ആണ് എന്ന ഒരു പൊതു ധാരണ രൂപപ്പെട്ടിട്ടുണ്ട്. ഫാസിസം ഏറ്റവും എളുപ്പത്തില്‍ വേരുപിടിക്കുക വര്‍ഗീയവും വംശീയവുമായ വിദ്വേഷങ്ങളുടെ മണ്ണിലാണ് എന്നതുകൊണ്ട്, ലോകത്ത് ഉണ്ടായിട്ടുള്ള എല്ലാ പ്രഖ്യാപിത ഫാസിസ്റ്റ് ഭരണകൂടങ്ങളും സ്ഥാപിക്കപ്പെട്ടത് അത്തരം വിദ്വേഷങ്ങളെ വളര്‍ത്തിക്കൊണ്ടാണ് എന്നത് ശരിയുമാണ്. പക്ഷേ ഫാസിസത്തിന്റെ പിതാവായ മുസോളിനിയുടെ, മേല്‍ സൂചിപ്പിച്ച വാക്കുകള്‍ വ്യക്തമാക്കുന്നത്, മൂലധനാധിഷ്ഠിതമായ അധികാരം തന്നെയാണ് ഫാസിസത്തിന്റെ കാതല്‍ എന്നുതന്നെയാണ്. സാമ്പത്തികമായ ഒരു ടോട്ടാലിറ്റേറിയന്‍ അധികാര വ്യവസ്ഥിതിയെ തന്നെയാണ് ഫാസിസം അര്‍ത്ഥമാക്കുന്നത്.
ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുസോളിനിയെ, എം.ഐ.5 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ബ്രിട്ടീഷ് മിലിറ്ററി ഇന്റലിജന്‍സ് വിഭാഗം ഇറ്റലിയിലെ യുദ്ധവിരുദ്ധരെ എതിര്‍ക്കാനും, യുദ്ധാനുകൂല ആശയങ്ങളുടെ പ്രചരണത്തിനും വേണ്ടി ആഴ്ചയില്‍ 6000 പൗണ്ട് (അക്കാലത്തെ 100 പൗണ്ട്) ശമ്പളത്തിന് നിയമിക്കുകയായിരുന്നു, 1917ല്‍. 1916 മുതല്‍ 1918 വരെ ബ്രിട്ടീഷ് മിലിറ്ററി ഇന്റലിജന്‍സ് വിഭാഗത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ സേവനമനുഷ്ടിച്ച, പിന്നീട് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ എയര്‍, ഫോറിന്‍ സെക്രട്ടറി തുടങ്ങി ഒട്ടേറെ ഉന്നതസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച സര്‍ സാമുവല്‍ ഹോരെ വെളിപ്പെടുത്തിയിട്ടുള്ളതാണ് ഇക്കാര്യം. ഇങ്ങനെ നിയമിക്കപ്പെട്ടതിന് ശേഷം രണ്ടുവര്‍ഷത്തിനകം തന്നെ ഇറ്റാലിയന്‍ ഫാസിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നു എന്നത് വെറുമൊരു യാദൃശ്ചിക സംഭവമായി കാണാന്‍ കഴിയില്ല. ഇത്, ഇറ്റാലിയന്‍ ഫാസിസം എന്നത് മുസോളിനിയുടെ മാത്രം സൃഷ്ടിയാകാനിടയില്ലെന്നും ആഗോളമൂലധന താത്പര്യങ്ങള്‍ ഫാസിസത്തിന്റെ നിര്‍മിതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നുമുള്ള സൂചനകളാണ് നല്‍കുന്നത്.
1977 ല്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ രാഷ്ടീയ ശൈഥില്യം അതിന്റെ പാരമ്യത്തിലെത്തിയിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ എതിര്‍ത്തിരുന്ന രാഷ്ട്രീയ സംഘടനകളുടെ ഒരു കൂട്ടായ്മയായി ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. 1951ല്‍ രൂപീകരിക്കപ്പെട്ട, ആര്‍.എസ്.എസിന്റെ പാര്‍ലിമെന്‌ററി പാര്‍ട്ടിയായ ഭാരതീയ ജന സംഘ് ആയിരുന്നു ഗാന്ധിയന്‍ സോഷ്യലിസ്റ്റ് ആദര്‍ശങ്ങളെ മുന്‍നിറുത്തി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെട്ടിരുന്ന ജനതാ പാര്‍ട്ടിയുടെ പ്രധാനഘടകങ്ങളിലൊന്ന് എന്നത് ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ ഫാസിസ്റ്റ് വത്കരണത്തിന്റെ തെളിവായി തന്നെ കാണാന്‍ സാധിക്കും. വളരെ പെട്ടന്നുതന്നെ, സോഷ്യലിസ്റ്റുകളുടെ ശക്തിയിലും എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകുകയും 1980ല്‍, ജനതാ പാര്‍ട്ടിയുടെ വലിയ ഒരു വിഭാഗം ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിക്കുകയും ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് കുടക്കീഴില്‍ അണിചേരുകയുമാണുണ്ടായത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ആഗസ്റ്റ് 11 ന്, അവശേഷിച്ച ജനതാ പാര്‍ട്ടി ബി.ജെ.പി യില്‍ ചേരുകയാണ് ഉണ്ടായത്. ഇന്ത്യയിലെ സോഷ്യലിസ്റ്റ് മൂവ്‌മെന്റ് മുഴുവനായും ഫാസിസ്റ്റുവത്കരിക്കപ്പെട്ടു എന്നാണ് ഇത് നല്‍കുന്ന സൂചന.
നേരത്തെ സൂചിപ്പിച്ചപോലെ, ഫാസിസം ഏറ്റവും എളുപ്പത്തില്‍ വേരുപിടിക്കുക വര്‍ഗീയവും വംശീയവുമായ വിദ്വേഷങ്ങളുടെ മണ്ണിലാണ് എന്ന് അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇന്ത്യ തെളിയിച്ചു. 1980കളില്‍ ഇന്ത്യയിലെമ്പാടും, അപൂര്‍വം ചില സംസ്ഥാനങ്ങളിലൊഴികെ, ഹിന്ദു മുസ്ലിം വര്‍ഗീയതയ്ക്ക് തീകൊളുത്താന്‍ ഫാസിസത്തിന് കഴിഞ്ഞു. 1980ലെ മൊറാദാബാദ് കലാപം മുതല്‍ 1989 ലെ ബഗല്‍പൂര്‍ കലാപം വരെ മാത്രം പതിനായിരത്തോളം മനുഷ്യര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്യുകയുമുണ്ടായി. 1980കളുടെ പകുതിയോടെ തന്നെ, ഈ കലാപങ്ങളുടെ ഭൂമികയിലേക്ക് വളരെ ശ്രദ്ധാപൂര്‍വം രാമജന്മ ഭൂമി എന്ന ആശയം പ്രതിഷ്ഠിക്കാനും പരിപോഷിപ്പിച്ചെടുക്കാനും ഇന്ത്യന്‍ ഫാസിസത്തിനായി.
1859ല്‍, ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണകൂടം ബാബ്‌റി മസ്ജിദിന് ചുറ്റും ഒരു വേലി കെട്ടുകയും, കിഴക്കേ ഗേറ്റിലൂടെ ഹിന്ദുക്കളും വടക്കേ ഗേറ്റുവഴി മുസ്ലീമുകളും അകത്തേക്ക് പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇങ്ങനെ തൊണ്ണൂറു വര്‍ഷക്കാലം ബാബറി മസ്ജിദ് പ്രശ്‌നം ഒരു കനലായി സൂക്ഷിക്കാനും ആവശ്യത്തിന് ആളിക്കത്തിക്കാനും ബ്രിട്ടീഷ് ഭരണകൂടത്തിനായി. പിന്നീട്, ഇന്ത്യാ-പാക് വിഭജനത്തിനും ഗാന്ധിയുടെ വധത്തിനും ശേഷം, 1949 ഡിസംബറില്‍ രാമന്‍, സീത, ലക്ഷ്മണന്‍ തുടങ്ങിയ ഹിന്ദു ദേവീദേവ•ാരുടെ വിഗ്രഹങ്ങള്‍ ഈ കെട്ടിടത്തിനകത്തുനിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വര്‍ഗ്ഗീയ സംഘര്‍ഷത്തിന്റെ സാധ്യത നിലനിന്നിരുന്നു. എന്നാല്‍ അന്നത്തെ നെഹ്രു ഗവണ്‍മെന്റ് ഉടന്‍ തന്നെ ഈ പരിസരം തര്‍ക്കഭൂമിയായി പ്രഖ്യാപിക്കുകയും ഗേറ്റുകള്‍ പൂട്ടിയിടുകയും ചെയ്തു. നാല്പതു വര്‍ഷം ഈ ഗേറ്റുകള്‍ അടഞ്ഞുകിടന്നു. 1989 ല്‍ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ഈ ഗേറ്റുകള്‍ വീണ്ടും തുറന്നുകൊടുത്തു. അങ്ങനെ, 80കളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ ഫാസിസം കെട്ടിപ്പടുത്തു കൊണ്ടുവന്ന വര്‍ഗീയ കലാപങ്ങള്‍ക്ക് പാരമ്യത്തിലെത്താനുള്ള വഴിയൊരുക്കിക്കൊടുക്കുന്നതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും തങ്ങളുടേതായ പങ്ക് വഹിച്ചു.
ഈ കലാപ പരമ്പരകൊണ്ട് ആര്‍ക്ക് എന്തു ഗുണമാണ് ഉണ്ടായതെന്ന് പരിശോധിക്കേണ്ടതാണ്. 1984 ലെ പൊതു തെരഞ്ഞെടുപ്പില്‍ 2 സീറ്റ് മാത്രം ലഭിച്ച ബി.ജെ.പി. 1996ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലിമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി. ഹിന്ദു ദേശീയത ഇന്ത്യന്‍ പൊതുബോധത്തില്‍ ആഴത്തില്‍ രേഖപ്പെടുത്തപ്പെട്ടു. മറുവശത്ത് ഇന്ത്യയുടെ സാമ്പത്തിക നയങ്ങളില്‍ പ്രധാനപ്പെട്ട മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദശാബ്ദം കൂടെയായിരുന്നു എണ്‍പതുകള്‍. മുതലാളിത്തത്തിന് അനുസരണമായ രീതിയില്‍ സാമ്പത്തിക നയങ്ങളെ പരിഷ്‌കരിച്ചതിന്റെ ഫലമാണ് എണ്‍പതുകളില്‍ ഇന്ത്യ സാക്ഷ്യം വഹിച്ച ഓഹരി വിപണിയുടെ പൊടുന്നനെയുള്ള വളര്‍ച്ച. ഈ പരിഷ്‌കാരങ്ങളുടെ ഫലം തന്നെയാണ് റിലയന്‍സ് എന്ന ആഗോള ഭീമന്റെ ഉദയവും. പിന്നീട് ദശാബ്ദത്തിന്റെ ഒടുവില്‍ ഹര്‍ഷദ് മേഹ്ത പോലുള്ള ഓഹരി കുംഭകോണക്കാരുടെ പിടിയിലേക്ക് ഓഹരി വ്യാപാരം താത്കാലികമായി ഒതുങ്ങിയെങ്കിലും വരാനിരിക്കുന്ന സാമ്പത്തിക ആഗോളീകരണത്തിനെ സ്വീകരിക്കാനുതകുന്ന രീതിയില്‍ ഇന്ത്യയെ സജ്ജമാക്കുകയായിരുന്നു ഇന്ത്യന്‍ ഭരണകൂടം.
ഫാസിസം വിതറിയിട്ട വര്‍ഗീയ കലാപങ്ങളുടെ വിത്തുകള്‍ തഴച്ചു വളരുന്നതിനിടയിലേക്ക് രാമജന്മഭൂമി എന്ന പ്രതിലോമകരമായ ആശയത്തെ വേരുപിടിപ്പിച്ച അതേ കാലത്തു തന്നെയാണ്, കൃത്യമായി പറഞ്ഞാല്‍ 1986ല്‍ തന്നെയാണ്, ഇന്ത്യയെ സാമ്പത്തികാടിമത്തത്തിലേക്ക് നയിച്ച, സാമ്പത്തിക ഉദാരവത്കരണത്തിലേക്ക് നയിച്ച ഉറൂഗ്വേ റൗണ്ട് നടക്കുന്നത്. ഇന്ത്യ ആഗോളീകരണ, സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ച 1992ല്‍ തന്നെയാണ് ലക്ഷക്കണക്കിന് കര്‍സേവകരെ അണിനിരത്തി ബാബറിമസ്ജിദ് പൊളിച്ചു കളയാന്‍ ഇന്ത്യന്‍ ഫാസിസത്തിന് കഴിഞ്ഞത്. ഉദാരവത്കൃത സാമ്പത്തിക നയങ്ങള്‍, അതിന്റെ സത്തയില്‍, ഭീമമായ മൂലധനത്തിന്റെ താത്പര്യങ്ങള്‍ക്കനുസൃതമായി, സാധാരണക്കാരുടെ ജീവനോപാധികളുടെ മേലുള്ള സാര്‍വത്രികമായ ആക്രമണമാണ്. അങ്ങനെ ബൃഹത്തായ ഒരാക്രമണ പദ്ധതി രാജ്യവ്യാപകമായി അനിവാര്യമായ പ്രക്ഷോഭങ്ങളില്‍ കലാശിക്കുമെന്ന് ആഗോളമൂലധന ശക്തികള്‍ക്ക് തിരിച്ചറിവുണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ക്കുള്ള സാധ്യതകളെ സമയാസമയങ്ങളില്‍ വഴിതിരിച്ചു വിടേണ്ടത്, അതുകൊണ്ട് തന്നെ, മൂലധനശക്തികളുടേയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും ആവശ്യമാണ്. ഇതിന് ഏറ്റവും യോജിച്ച മാരകായുധമാണ് ഹിന്ദുത്വം.
ഇന്ത്യയുടെ സാമ്പത്തിക ഉദാരീകരണത്തിനും ഗാട്ട്-ഡബ്ലിയു.ടി.ഒ കരാറില്‍ ഒപ്പുവയ്ക്കുന്നതിനും എതിരായി രാജ്യവ്യാപകമായി നടന്നിരുന്ന പ്രതിഷേധങ്ങളെ അപ്രസക്തമാക്കുകയാണ്, അല്ലെങ്കില്‍ അവയുടെ ഏകോപനമുണ്ടാകുന്നതിനെ തടയുകയാണ് ബാബറി മസ്ജിദ് പൊളിക്കലും തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപങ്ങളും ആയിരക്കണക്കിന് മനുഷ്യരുടെ ജീവനപഹരിക്കുന്നതിനും അവരെ പലായനം ചെയ്യിക്കുന്നതിനും പുറമെ ചെയ്തത്. 1980കള്‍ മുതല്‍ തന്നെ ആഗോള മൂലധനവും ഇന്ത്യന്‍ ഫാസിസവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ തുടങ്ങിയിട്ടുണ്ടെന്നതിന് മേല്‍ വിവരിച്ച സംഭവപരമ്പരകള്‍ സൂചന തരുന്നുണ്ട്. രാമജന്മഭൂമി കലാപങ്ങളിലൂടെ സ്വാഭാവികമായും ഉയര്‍ന്നു വന്ന മുസ്ലീം പ്രതിരോധത്തെ, മതതീവ്രവാദമായി വിലയിരുത്താനും, അങ്ങിനെതന്നെ വളര്‍ത്തിയെടുക്കാനും അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ മാധ്യമങ്ങളും ഫാസിസത്തെ സഹായിച്ചിരിക്കുന്നത് കാണാം. എണ്ണക്ക് വേണ്ടിയുള്ള കോര്‍പറേറ്റ് മത്സരങ്ങളിലും ആയുധ – യുദ്ധക്കച്ചവടങ്ങളിലും ഇസ്ലാമിക തീവ്രവാദം ഒരു ബലിയാടാണെന്ന് ആധുനിക ലോകചരിത്രം നമ്മെ മനസ്സിലാക്കി തരുന്നുണ്ട്. ഇത് ഇന്ത്യയിലെ ഫാസിസത്തിന്റെ മറ്റൊരു ഘട്ടമായി വിലയിരുത്തപ്പെടേണ്ടതാണ്. ഇന്ത്യന്‍ വര്‍ഗീയ ഫാസിസവും ആഗോള സാമ്പത്തിക ഫാസിസവും തമ്മില്‍ ലയിക്കുന്നത് ഈ ഘട്ടത്തിലാണ്. രാജ്യത്തിനെ, കോര്‍പറേറ്റ് സാമ്പത്തിക ശക്തികളുടെ താത്പര്യങ്ങള്‍ക്കനുസതമായി പരുവപ്പെടുത്തുകയായിരുന്നു ഇന്ത്യന്‍ ഫാസിസത്തിന്റെ പ്രാഥമിക ദൗത്യം.
1990കളില്‍ അദ്വാനിയുടെ രഥയാത്രയ്‌ക്കൊപ്പം, ഒരുപക്ഷെ അതിനേക്കാള്‍ വേഗത്തില്‍ ക്യാപിറ്റലിസത്തിന്റെ അശ്വമേധവും ഇന്ത്യയില്‍ വിജയപ്രദമായി. ആധുനിക ക്യാപിറ്റലിസം പ്രവര്‍ത്തിക്കുന്നത്, കോര്‍പറേഷനുകളും സ്വകാര്യവത്കരണവുമടങ്ങിയ പഴയ വൃത്തത്തിനകത്തല്ല എന്ന് നമുക്കറിയാം. ഉദാരവത്കൃത ഇന്ത്യയില്‍, അന്താരാഷ്ട്ര മൂലധനത്തിന് ഇന്ത്യയുടെ വാതായനങ്ങള്‍ തുറന്നുകൊടുത്ത 90കളുടെ ആദ്യപാദത്തില്‍, വലിയ കോര്‍പറേഷനുകളുടെ താത്പര്യത്തിനനുസരിച്ച് ഉള്ള ഒരു വിപണിയോ, അതിന് സാധ്യതയുള്ള സാമൂഹ്യാവസ്ഥയോ അല്ലായിരുന്നു ഉണ്ടായിരുന്നത്. ഇത് ഇന്ത്യയിലെ മാത്രം അവസ്ഥയല്ലായിരുന്നു. ഉറൂഗ്വേ റൗണ്ടിന്റെ ഫലമായി സാമ്പത്തിക വാതായനങ്ങള്‍ തുറന്നിട്ട എല്ലാ മൂന്നാംലോക രാഷ്ട്രങ്ങളിലും ഇതുതന്നെയായിരുന്നു അവസ്ഥ.
ഇത് പരിഹരിക്കുക എന്നത്, തങ്ങള്‍ക്കനുകൂലമായ ഒരു സാമൂഹ്യ പരിതസ്ഥിതി സൃഷ്ടിച്ചെടുക്കുക എന്നത്, ഏകമുഖമായ ഒരു പ്രവര്‍ത്തന പദ്ധതി ആയിരുന്നില്ല. ഈ സാമൂഹ്യ പരിവര്‍ത്തനത്തിന്റെ പല ധാരകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്, സാമൂഹ്യ ബന്ധങ്ങളില്‍ മാറ്റം വരുത്തുക എന്നതായിരുന്നു. സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കനുസരണമായി നിയമസംഹിതകളുടെ നിര്‍മാണവും ഭരണപരിവര്‍ത്തനവും നടത്തുക എന്ന ജനാധിപത്യ രീതിക്ക് വിപരീതമായി ഭരണകൂട താത്പര്യങ്ങള്‍ക്കനുസരിച്ച് സമൂഹത്തെ രൂപപ്പെടുത്തുക എന്നത് അടിസ്ഥാനപരമായി ഫാസിസ്റ്റ് ആശയമാണ്. ഇത്തരത്തിലുള്ള സാമൂഹ്യ പരിവര്‍ത്തനങ്ങള്‍, ഭരണകൂട താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള സമൂഹത്തെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍, മുസോളിനിയുടെ ഇറ്റലിയിലും ഹിറ്റ്‌ലറുടെ ജര്‍മനിയിലും ഉടനീളം നടന്നിട്ടുള്ളതായി ഫാസിസത്തിന്റെ ആദ്യകാല ചരിത്രം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ആദ്യകാലത്തെ ശ്രമങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇന്ന് സാങ്കേതികമായും സാമ്പത്തികമായും മികച്ച സാഹചര്യങ്ങള്‍ ഭരണകൂടത്തിനുള്ളതിനാല്‍ ഈ പരിഷ്‌കരണങ്ങളില്‍ മുന്‍കാലത്തെ അപേക്ഷിച്ച് ഫലപ്രാപ്തി കൂടുതലാണ്. സാമൂഹ്യ ബന്ധങ്ങളില്‍ മാറ്റം വരുത്താനുതകുന്ന രീതിയില്‍, വളരെ സുക്ഷ്മമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടി നിത്യോപയോഗ സാമഗ്രികളുടെ രൂപകല്പനയില്‍ പോലും നിതാന്ത ജാഗ്രത ഫാസിസത്തിനുണ്ട്.
ഉദാഹരണത്തിന് ശബ്ദത്തെ പുനരുത്പാദിപ്പിക്കുന്ന മ്യുസിക് പ്ലെയറുകളുടെ കാര്യമെടുക്കാം. കാലങ്ങള്‍ക്ക് മുമ്പ്, നമുക്കുണ്ടായിരുന്നത് ഗ്രാമഫോണുകളും കോളാമ്പി മൈക്കുകള്‍ എന്നറിയപ്പെടുന്ന ഉച്ചഭാഷിണികളുമാണ്. ഇവയുടെ രൂപകല്പന, ശബ്ദതരംഗങ്ങളെ പരമാവധി ദൂരെയുള്ള ആളുകളിലേക്ക് എത്തിക്കുന്നതിന് ഉതകുന്ന രീതിയിലായിരുന്നു. പിന്നീട് വന്ന Boxed Speakers ന് മുന്‍ ഉപകരണങ്ങളേക്കാള്‍ വളരെ ഭംഗിയായി ശബ്ദത്തെ പുനരുത്പാദിപ്പിക്കാനുള്ള കഴിവുകളുണ്ട്. എന്നാല്‍ ഇത് വ്യക്തമായ ശബ്ദവിന്യാസം ഒരു പരിമിതമായ സ്ഥലത്താണ് തരുന്നത്. പില്‍ക്കാലത്ത് ശബ്ദത്തെ ഏറ്റവും വ്യക്തവും മനോഹരവുമായി പുനരുദ്പാദിപ്പിക്കുവാന്‍ കഴിവുള്ള വലമറുവീില കളുടെ വികാസത്തോടെ ഒരാള്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലേക്ക് ശബ്ദവിന്യാസത്തെ ചുരുക്കുകയാണ് ചെയ്തത്. (ശബ്ദത്തിന്റെ ഈ ഫാസിസ്റ്റ് രൂപകല്പനയിലേക്ക് വെളിച്ചം വീശിയതിന് സംഗീതഞ്ജന്‍ ജോഫി ചിറയത്തിന് നന്ദി.) ഇത് സംഗീതാസ്വാദനത്തിന്റെ സാമൂഹിക സങ്കല്പത്തെ സൂക്ഷ്മമായ തലത്തില്‍ അഴിച്ചു പണിയുന്നുണ്ട്. സാധാരണ വീട്ടുപകരണങ്ങള്‍ മുതല്‍ ആധുനിക മൊബൈല്‍ ഫോണുകള്‍ വരെ ആയിരക്കണക്കിന് സാങ്കേതികവിദ്യാ നിര്‍മിതികളിലൂടെ സമൂഹത്തിന്റെ ജനാധിപത്യ രീതികള്‍ ഫാസിസത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ട്.
ദേശീയതയാണ് ഫാസിസത്തിന്റെ ഏറ്റവും ശക്തമായ മറ്റൊരു ഉപകരണം. ദേശീയത ഒരു രോഗമാണ് എന്നു പറഞ്ഞ മഹാകവി ടാഗോറിനെ ദേശീയകവിയാക്കി ഇന്ത്യന്‍ ജനാധിപത്യത്തിനെ നിര്‍മിതിയില്‍ തന്നെ ഫാസിസ്റ്റ് വത്കരിച്ച ചരിത്രമാണ് നമുക്കുള്ളത്. ദേശസ്‌നേഹത്തിന്റെ പരിപാലനമാണ് ആയുധവാഴ്ചയിലേക്കുള്ള കുറുക്കുവഴി. രാജ്യത്തിന് പുറത്തുള്ള ഒരു ശത്രു എന്നനിലയില്‍ നാം കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി പാകിസ്ഥാനെ നിലനിര്‍ത്തി പോരുന്നുണ്ട്. ഇതിന് നമ്മെ ഏറ്റവും കൂടുതല്‍ സഹായിച്ചിരിക്കുക, ഭാരത് മാതാ കീ ജയ് എന്ന, ഇന്ത്യ കണ്ടതിലേറ്റവും പ്രതിലോമകരമായ മുദ്രാവാക്യമാണ്. 90കളില്‍ ഇന്ത്യയുടെ മിലിറ്ററി, പോലീസ് തുടങ്ങിയ മര്‍ദ്ദനോപാധികള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന തുക നാലുമടങ്ങാണ് വര്‍ദ്ധിപ്പിച്ചത്. ഇത് പാകിസ്ഥാന്‍ എന്ന ശത്രുവിനെ ചെറുക്കാനുള്ള സൈന്യത്തിന്റെ ശാക്തീകരണമായാണ് പൊതുസമൂഹത്തില്‍ വിലയിരുത്തപ്പെടുക. എന്നാലിത്, സ്വന്തം ജനങ്ങള്‍ എവിടെയൊക്കെ പ്രതിഷേധിക്കുന്നുവോ അവിടെയെല്ലാം അവരെ അടിച്ചമര്‍ത്താനുള്ള ഉപാധിയായി, രാജ്യം മുഴുവന്‍ സൈന്യവിന്യാസം നടത്തുന്നതിനാണ് എന്ന് ഇന്ന് നമ്മള്‍ മനസ്സിലാക്കുന്നുണ്ട്.
ഇതിലുമേറെ അപകടകരമായത് ജനങ്ങളെ ആയുധീകരിക്കലാണ്. ഛത്തീസ്ഗഢിലെ സാല്‍വാ ജുദൂം എന്ന സംഘടനയുടെ കാര്യം തന്നെ എടുക്കാം. ബസ്തറിലേയും ദന്തേവാഡയിലേയും മാവോയിസ്റ്റുകളെ നേരിടാനായി, മഹേന്ദ്ര കര്‍മ എന്ന കോണ്‍ഗ്രസ് എം.എല്‍.എ യുടെ നേതൃത്വത്തിലുള്ള സാല്‍വാ ജുദൂമിനെ ഭരണകൂടമാണ് 2005 ല്‍ നിയോഗിക്കുന്നത്. ഈ സംഘടനയിലെ അംഗങ്ങള്‍ക്ക് ആയുധപരിശീലനം നല്‍കിയതും ആയുധങ്ങള്‍ നല്‍കിയതും ഇന്ത്യന്‍ ഭരണകൂടമാണ്. 2008 ല്‍ ബസ്തര്‍ മേഖലയില്‍ 600 ഗ്രാമങ്ങളില്‍ നിന്നായി, ആയുധ പരിശീലനം സിദ്ധിച്ച, സായുധരായ അമ്പതിനായിരത്തിലേറെ ആദിവാസികളാണ് 23 ക്യാമ്പുകളിലായി ഉണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഒരു സംഘം സ്‌പെഷ്യല്‍ പോലിസ് ഓഫീസര്‍മാരെയും ഇവരുടെ സഹായത്തിനും തുടര്‍ പരിശീലനത്തിനുമായി നിയോഗിച്ചിരുന്നു. ഇന്ത്യന്‍ ഭരണകൂടം ടാറ്റ, എസ്സാര്‍ എന്നീ കോര്‍പറേഷനുകളുമായി ബസ്തര്‍ മേഖലയിലെ ഖനനവുമായി ബന്ധപ്പെട്ട എം.ഒ.യു കള്‍ ഒപ്പിട്ടത് 2005 ല്‍ തന്നെ ആയിരുന്നു എന്നത് ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. സാല്‍വാ ജുദൂം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ സുപ്രീം കോടതി 2011 ജൂലൈ മാസത്തില്‍ ഈ സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും അതു പിരിച്ചുവിടണമെന്നും അവരുടെ കൈവശമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കണമെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്കു ശേഷം, 2015 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ബസ്തര്‍ മേഖലയില്‍ ഇരുപത്തിനാലായിരം കോടിരൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, മഹേന്ദ്ര കര്‍മയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ ചാവിന്ദ്ര കര്‍മയുടെ നേതൃത്വത്തില്‍ സാല്‍വ ജുദൂം 2 എന്ന പേരില്‍ ഈ സംഘടനയെ പുനരുജ്ജീവിപ്പിക്കുകയാണ്. 2015 മേയ് 25 ന് നിശ്ചയിച്ചിരുന്ന സംഘടനയുടെ ഉദ്ഘാടന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചിരിക്കുന്നു എങ്കിലും ഇരുപത്തിനാലായിരം കോടിരൂപയുടെ നിക്ഷേപത്തെ സംരക്ഷിക്കാന്‍ ഇവരല്ലാതെ മറ്റാരാണുള്ളത്. സാല്‍വാ ജുദൂമിന് ടാറ്റയും എസ്സാറുമായിരുന്നു സാമ്പത്തിക സഹായം ചെയ്തിരുന്നതെങ്കില്‍, സാല്‍വാ ജുദൂം 2 ന് ഇനിയും വരാനിരിക്കുന്ന എത്രയോ കോര്‍പറേഷനുകളായിരിക്കും സാമ്പത്തികസഹായം ചെയ്യുക.
ഹിറ്റ്‌ലറുടെ ജര്‍മനിയിലെ നാസി ഭരണകൂടം ആയുധപരിശീലനം നല്‍കി സൃഷ്ടിച്ചെടുത്ത ഹിറ്റ്‌ലര്‍ യൂത്ത് എന്ന സായുധ സംഘടനയുമായി അംഗബലത്തിലൊഴികെ കാര്യമായ വ്യത്യാസങ്ങള്‍ സാല്‍വ ജുദൂമിനില്ല. ഈ പരിപ്രേഷ്യത്തില്‍ തന്നെ വേണം നമ്മുടെ സ്‌കൂളുകളില്‍, 15 വയസ്സിന് താഴെയുള്ള കുട്ടികളെ പോലീസിംഗ് പഠിപ്പിക്കുന്ന, സ്റ്റുഡന്റ് പോലിസ് കേഡറ്റ്‌സ് എന്ന നവീന സങ്കേതത്തേയും കാണേണ്ടത്. ഇങ്ങനെ രാജ്യത്തെ പൗരന്‍മാരെ പരസ്പരം നിരീക്ഷിക്കാനും ഭരണകൂടത്തിന്റെ ചാരക്കണ്ണുകളായി നിരന്തരം മാറ്റിത്തീര്‍ക്കാനും ശ്രമിക്കുന്നത് ഫാസിസ്റ്റ് ഭരണകൂടമാണ്. അതോടൊപ്പം മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവിരാമം തുറന്നുവച്ച മനസ്സുമായി ഓരോ പൗരന്മാരും ഫാസിസ്റ്റുകളായി പരിവര്‍ത്തനം ചെയ്യപ്പെടുകയുമാണ്. ഫാസിസ്റ്റ് മനസ്സുള്ള ഒരു തലമുറയെ ഉത്പാദിപ്പിക്കുന്ന ലബോറട്ടറികളായി നമ്മുടെ വിദ്യാലയങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്.
ദില്ലി സര്‍വകലാശാലയിലെ ചരിത്രവിഭാഗം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന, എ.കെ.രാമാനുജന്‍ എഴുതിയ, Three hundred Ramayanas: five examples and three thoughts ont ranslations എന്ന പുസ്തകം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്, ആര്‍.എസ്.എസ്. കുടക്കീഴിലുള്ള ശിക്ഷാ ബചാവോ ആന്ദോളന്‍ കമ്മിറ്റിക്ക് വേണ്ടി, ഡോ.ദിനനാഥ് ബത്ര ദില്ലി ഹൈകോടതിയില്‍ പരാതി ഉന്നയിച്ചിരുന്നു. കോടതി നിയോഗിച്ച പരിശോധനാ കമ്മിറ്റി ഈ പ്രബന്ധത്തില്‍ വിവാദജനകമായി ഒന്നുമില്ല എന്ന് കണ്ടെത്തിയിട്ടും സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ പാഠ്യപദ്ധതിയില്‍ നിന്ന് ഈ പ്രബന്ധം നീക്കം ചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ നമ്മുടെ സര്‍വകലാശാലകളില്‍ നടക്കുന്നത് നമുക്കറിയാം. ഇവ സൂചിപ്പിക്കുന്നത്, ഉന്നത വിദ്യാഭ്യാസ രംഗത്തെ, നമ്മുടെ പാഠ്യപദ്ധതികളെ എത്രമാത്രം ഫാസിസം ബാധിച്ചിരിക്കുന്നത് എന്നാണ്. മേല്‍പറഞ്ഞ പരാതി ഉന്നയിച്ച ഡോ.ദിനനാഥ് ബത്രയുടെ ആറു പുസ്തകങ്ങള്‍ നിര്‍ബന്ധമായും കുട്ടികള്‍ പഠിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഗുജറാത്തിലെ 42000 സകൂളുകളില്‍ എത്തിച്ചിരിക്കുന്നത് ഇന്ത്യന്‍ ഫാസിസം തന്നെയാണ്.
ഇങ്ങനെ സൃഷ്ടിച്ചെടുക്കുന്ന മാനസികാടിമത്തത്തില്‍ നിന്നാണ് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ആഗോളമൂലധനം ഇന്ത്യയുടെ വിപണി വികസിപ്പിക്കുന്നത്. ഈ മാനസിക അടിമത്തം തന്നെയാണ് ഇന്ത്യയിലെ ജനങ്ങളുടെ പൊതുവിഭവങ്ങള്‍ കൊള്ളയടിക്കുന്നതിന് അവര്‍ക്ക് സഹായമേകുന്നത്.
Emancipate yourself from mental slavery (മാനസികമായ അടിമത്തത്തില്‍ നിന്ന് നിങ്ങളെ നിങ്ങള്‍ തന്നെ മോചിപ്പിക്കൂ) എന്ന് പാടിയത് ജമൈക്കന്‍ പാട്ടുകാരനായ ബോബ് മാര്‍ലി ആണ്. അടുത്തകാലത്ത് കേരളത്തിന്റെ ചിലഭാഗങ്ങളില്‍ ബോബ് മാര്‍ലിയുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങളും അദ്ദേഹത്തിന്റെ ബോബ് മാര്‍ലി ആന്റ് ദ വെയിലേര്‍സ് എന്ന ബാന്‍ഡിന്റെ ചിഹ്നമായി യുവാക്കള്‍ കൈകളില്‍ ധരിച്ചിരുന്ന പച്ചയും മഞ്ഞയും നിറത്തിലുള്ള ബാന്‍ഡ് തുടങ്ങിയവയും ധരിക്കുന്ന യുവതീയുവാക്കളെ കഞ്ചാവിന്റേയും മയക്കു മരുന്നിന്റേയും ഉപഭോക്താക്കള്‍ / കച്ചവടക്കാര്‍ എന്ന രീതിയില്‍ പോലീസ് വേട്ടയാടിയിരുന്നു. ഇതിനെ, മയക്കുമരുന്ന് ഉപയോഗം ഇല്ലായ്മ ചെയ്യാനുള്ള ഭരണകൂടത്തിന്റെ ആത്മാര്‍ത്ഥമായ ശ്രമമായാണ് കേരളത്തിലെ മാധ്യമങ്ങള്‍ പൊതുസമൂഹത്തിലേക്ക് അവതരിപ്പിച്ചത്. പ്രതിരോധത്തിന്റെ പാട്ടുകള്‍ പാടിയ മാര്‍ലിയെ (get up, stand up.. stand up for your rights, I shot the sherrif തുടങ്ങിയ പാട്ടുകള്‍ ഓര്‍ക്കാം) മയക്കുമരുന്ന് വ്യാപാരത്തിന്റെ പ്രതീകമായി ചിത്രീകരിക്കാന്‍, അഥവാ മാറ്റിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. ഇന്ത്യയിലെ മാധ്യമങ്ങളെ എല്ലാം തന്നെ നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്നത് സാമ്പത്തിക ഫാസിസമാണ് എന്നത് വ്യക്തമാണല്ലോ. കേരളത്തിലങ്ങോളമിങ്ങോളം നടന്നുകൊണ്ടിരിക്കുന്ന നൂറിലേറെ ക്വാറി വിരുദ്ധ സമരങ്ങള്‍, കല്യാണ്‍ സാരീസ് തൊഴിലാളികളുടെ സമരം, മലബാര്‍ ഗോള്‍ഡ് സമരം തുടങ്ങി എത്രയോ അനുഭവങ്ങള്‍ നമുക്കുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന ആഗോളഭീമന്‍ ഇന്ത്യയിലെ 27 മാധ്യമങ്ങളില്‍ 95 ശതമാനം ഓഹരി വാങ്ങിയത് ഈ അടുത്ത കാലത്താണ് എന്നത് സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്. ബോബ് മാര്‍ലി ചിഹ്നങ്ങള്‍ ധരിക്കുന്നതിനെതിരെ ഒരു പൊതു ബോധം വളര്‍ത്തുക എന്നത് പ്രതിരോധത്തിന്റെ ചിഹ്നങ്ങളെ സമൂഹത്തില്‍ നിന്ന് മാറ്റിക്കളയുക എന്ന സൂക്ഷ്മ പ്രക്രിയയുടെ ഭാഗമാണ്. അതോടൊപ്പം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പോലീസ് നടത്തുന്ന കഞ്ചാവ് – മയക്കുമരുന്ന് വേട്ട, വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയുമിടയില്‍ പോലീസ് സാന്നിദ്ധ്യം ഭരണകൂട നിരീക്ഷണം ഉറപ്പിക്കാനുള്ള ഒരു വഴിയും കൂടെയായി വേണം കാണാന്‍.
ഇന്ത്യയിലെ ഫാസിസത്തിന്റെ ചരിത്രത്തില്‍ ഉടനീളം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള ഏതു വെല്ലുവിളികളുടെ സന്ദര്‍ഭങ്ങളേയും തികഞ്ഞ നിസംഗതയോടെ അഭിമുഖീകരിച്ച ഇന്ത്യയിലെ ഇടതുപക്ഷ(?) പ്രസ്ഥാനങ്ങളെല്ലാം തന്നെ ഇന്ത്യന്‍ ഫാസിസത്തിന് അടിപ്പെട്ടിട്ടുണ്ടെന്ന് മേല്‍വിവരിച്ച വസ്തുതകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 90കള്‍ മുതല്‍ തന്നെ സാമ്പത്തിക ഫാസിസത്തിന് എതിരെയുള്ള സമഗ്രമായ പ്രക്ഷോഭങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന ദൗത്യമാണ് ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. അതുകൊണ്ടാണ് ഇന്ത്യയില്‍ സാമ്പത്തിക ഫാസിസം എതൊരു പുതിയ ഭരണപരിഷ്‌കാരം നടത്തുമ്പോഴും, അതിനെതിരെ നാമമാത്ര സമരങ്ങള്‍ പ്രഖ്യാപിച്ച് യഥാര്‍ത്ഥ പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അവര്‍ എല്ലായ്‌പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ശമ്പളം കൊടുത്ത് പൊതുപ്രവര്‍ത്തനം നടത്തുക എന്ന സാമ്പത്തിക ഫാസിസത്തിന്റെ നയം തന്നെ പ്രകടമായി സ്വീകരിക്കാനാണ് ഇന്ന് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുള്ളത്.
സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഫാസിസം സൂക്ഷ്മമായ അഴിച്ചുപണികള്‍ നടത്തുന്നുണ്ട്. ഇവയെല്ലാം നമ്മുടെ സമൂഹത്തെ മാറ്റിപ്പണിയുന്നുമുണ്ട്. അനുനിമിഷം മൂല്യങ്ങളെ പുനര്‍നിര്‍വചിക്കാന്‍ നമ്മുടെ പൊതുബോധം നിര്‍ബന്ധിതമാണ്. ആത്മാര്‍ത്ഥമായ പ്രതിരോധപ്രവര്‍ത്തനങ്ങളെ പോലും ഈ പുനര്‍നിര്‍വചനങ്ങള്‍ ആഴത്തില്‍ സൂക്ഷ്മമായി ബാധിക്കുന്നുണ്ട്. നമ്മുടെ പൊതുപ്രവര്‍ത്തകര്‍ (ആക്ടിവിസ്റ്റുകള്‍) ഫാസിസത്തിന്റെ ഈ അഴിച്ചുപണികളെ ഗൗനിച്ചിട്ടുണ്ടോ? അവരുടെ ലക്ഷ്യബോധങ്ങളെ ഈ അഴിച്ചുപണികള്‍ ബാധിച്ചിട്ടുണ്ടോ?
ഫാസിസം എന്നത്, വര്‍ഗീയമോ വംശീയമോ ആയ വെറുപ്പില്‍ നിന്ന്, അത്തരം വിദ്വേഷങ്ങളില്‍ നിന്ന് ഉടലെടുക്കുന്നതോ അവയെ പ്രതിനിധീകരിക്കുന്നതോ ആണ് എന്ന ധാരണ നമ്മുടെ ആക്ടിവിസ്റ്റുകള്‍ക്ക് ഉള്ളതായാണ് സമീപകാലത്തു നടന്ന പല സമരങ്ങളും പ്രതിഷേധങ്ങളും സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളുടേയും ജീവനോപാധികള്‍ക്ക് നേരെയുള്ള ഫാസിസത്തിന്റെ ബൃഹത്തായ ആക്രമണ പദ്ധതികളുടെ വഴിത്താരകളില്‍ നിന്ന് നമ്മുടെ പ്രതിഷേധങ്ങളെ അകറ്റി നിര്‍ത്താന്‍ ഫാസിസത്തിന് കഴിയുന്നുണ്ടെന്ന് നാം മനസ്സിലാക്കുന്നുണ്ടോ? പ്രണയം പോലും കമ്പോളവത്കരിക്കപ്പെട്ട (ഫാസിസ്റ്റ്‌വത്കരിക്കപ്പെട്ട) ഇക്കാലത്ത്, നമുക്ക്, രണ്ടു കമിതാക്കള്‍ ചുംബിക്കുന്നതിനെ മതതീവ്രവാദികള്‍ എതിര്‍ക്കുന്നത് ഫാസിസമാകുകയും അതിനെതിരെ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. മറുവശത്ത് നരേന്ദ്രമോഡി സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ നടത്തിയ, ഭൂമി ഏറ്റെടുക്കല്‍ നിയമവും തൊഴില്‍ പരിരക്ഷകളെ അട്ടിമറിക്കുന്ന പുതിയ തൊഴില്‍ നിയമവും അടക്കമുള്ള നിരവധി നിയമനിര്‍മാണങ്ങള്‍ ഫാസിസമാകാതിരിക്കുകയും അവയ്‌ക്കെതിരെ ഫാസിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? ഫാസിസത്തിന്റെ സാമൂഹ്യ പരിവര്‍ത്തനത്തിന് (സോഷ്യല്‍ എന്‍ജിനിയറിംഗ്) നമ്മള്‍ എത്രമാത്രം വിധേയരായിട്ടുണ്ട് എന്ന് ഇനിയെങ്കിലും പരിശോധിക്കേണ്ടിയിരിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply