ഫാഷിസ്റ്റ് കാലത്തെ പാരസ്പര്യങ്ങള്‍

കെ.കെ. ബാബുരാജ് ‘അമാനവ സംഗമം’ നമുക്ക് നടത്തേണ്ടി വരുന്നത് എറണാകുളത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യസംഗമത്തോടുള്ള ഒരു പ്രതിഷേധം അഥവാ വിയോജിപ്പ് എന്ന നിലയിലും കൂടിയാണ്. മേല്‍ജാതിക്കാരായ ആധുനികര്‍, ഇടതുപക്ഷ വരേണ്യര്‍, മുഖ്യധാര മാധ്യമ പ്രവര്‍ത്തകര്‍, ഫിലിം മേഖലയിലേയും മറ്റും സെലിബ്രേറ്റികള്‍ മുതലയാവര്‍ പങ്കെടുക്കുന്ന ആ കൂടിച്ചേരല്‍ ഉന്നയിക്കുന്ന ‘മനുഷ്യ സങ്കല്പം’ എന്നത് ചെറുക്കപ്പെടേണ്ടതായി നമ്മള്‍ കരുതുന്നു. മാത്രമല്ല ഇന്ത്യന്‍ സമൂഹത്തിലെ ഭരണവര്‍ഗ്ഗം കാണിക്കുന്ന ചില എക്‌സ്‌ക്ലൂഷനുകള്‍, ബഹിഷ്‌കരണങ്ങള്‍, പുറത്തുനിര്‍ത്തലുകള്‍ എന്നിവ ആ സമ്മേളനത്തിലും ഉണ്ടെന്നതിന്റെ പശ്ചാത്തലത്തിലുമാണ് […]

amanavaകെ.കെ. ബാബുരാജ്

‘അമാനവ സംഗമം’ നമുക്ക് നടത്തേണ്ടി വരുന്നത് എറണാകുളത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യസംഗമത്തോടുള്ള ഒരു പ്രതിഷേധം അഥവാ വിയോജിപ്പ് എന്ന നിലയിലും കൂടിയാണ്. മേല്‍ജാതിക്കാരായ ആധുനികര്‍, ഇടതുപക്ഷ വരേണ്യര്‍, മുഖ്യധാര മാധ്യമ പ്രവര്‍ത്തകര്‍, ഫിലിം മേഖലയിലേയും മറ്റും സെലിബ്രേറ്റികള്‍ മുതലയാവര്‍ പങ്കെടുക്കുന്ന ആ കൂടിച്ചേരല്‍ ഉന്നയിക്കുന്ന ‘മനുഷ്യ സങ്കല്പം’ എന്നത് ചെറുക്കപ്പെടേണ്ടതായി നമ്മള്‍ കരുതുന്നു. മാത്രമല്ല ഇന്ത്യന്‍ സമൂഹത്തിലെ ഭരണവര്‍ഗ്ഗം കാണിക്കുന്ന ചില എക്‌സ്‌ക്ലൂഷനുകള്‍, ബഹിഷ്‌കരണങ്ങള്‍, പുറത്തുനിര്‍ത്തലുകള്‍ എന്നിവ ആ സമ്മേളനത്തിലും ഉണ്ടെന്നതിന്റെ പശ്ചാത്തലത്തിലുമാണ് നമ്മള്‍ അതിനോട് വിയോജിക്കുന്നത്.
ഇന്ത്യയില്‍ ഫാഷിസം നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ്. ഫാഷിസം ആസന്നമായിരുന്നു എന്ന കാര്യത്തെ എല്ലാവരും അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പില്‍ ഉണ്ടായതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഇവിടെ അത് കാണപ്പെടുന്നത്. യൂറോപ്പില്‍ ഫാഷിസം ഒരു രാഷ്ട്രീയ പ്രക്രിയയായിട്ടാണ് ആരംഭിച്ചത്. അതേ പോലെയല്ല ഇവിടെ സംഭവിക്കുന്നത്. അതായത്, ഇവിടുത്തെ രാഷ്ട്രീയ സംഘടനകളെ നിരോധിച്ചും നേതാക്കന്മാരെ തടവറയിലിട്ടും അഭിപ്രായ സ്വാതന്ത്രത്തിനു കൂച്ചുവിലങ്ങിട്ടുമല്ല നമ്മുടെ നാട്ടില്‍ ഫാഷിസം വളരുന്നത്. മറിച്ച്, ചില മതസമൂഹങ്ങളെയും ജാതി സമൂഹങ്ങളെയും ഒറ്റതിരിച്ചുകൊണ്ട് സാമുദായികമായ അടിസ്ഥാനത്തിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ഈ എക്‌സ്‌ക്ലൂഷന്‍ കൂടുതലായും മുസ്ലീം ജനവിഭാഗങ്ങളോടും പിന്നീട് ദലിതരോടുമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നിട്ടും മുസ്ലീം സംഘടനകളെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും പുറത്തുനിറുത്തികൊണ്ടും ദലിതരിലെ ചില പ്രത്യേക ആള്‍ക്കാരെ ഇനം തിരിച്ചും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ ഉണ്ടാക്കുക എന്നതിനര്‍ത്ഥം, അത് പൊള്ളയായ, വരേണ്യമായ ഒരു ഇടപാട് എന്നത് മാത്രമാണ്.
ഇന്ത്യയില്‍, സംഘപരിവാര്‍ അധികാരത്തിലേറുമ്പോള്‍ നിലനില്‍ക്കുന്ന സാമൂഹിക വ്യവസ്ഥയെ അധികം ഉലക്കുന്ന വിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളാറില്ലെന്നത് ശ്രദ്ധേയമാണ്. ഇതേ സമയം മുസ്ലീം ജനസമൂഹത്തിന് സവിശേഷമായ ചില തകര്‍ച്ചകള്‍ രൂപപ്പെടുത്തുന്നുണ്ട്. അവരെ ഒറ്റപ്പെടുത്തുകയും പുറന്തള്ളുകയും ചെയ്യുന്നുണ്ട്. നാളെ നരേന്ദ്രമോദി സര്‍ക്കാര്‍ നിലംപതിച്ചാലും മുസ്ലീം സമൂഹത്തിന്റെ തകര്‍ച്ച തുടരുമെന്നതിനെയാണ് നാം ഫാഷിസമായി തിരിച്ചറിയേണ്ടത്. അവിടെയാണ് ഞാന്‍ ആദ്യം സൂചിപ്പിച്ച എക്‌സ്‌ക്ലൂഷന്‍ അല്ലെങ്കില്‍ ഒറ്റതിരിക്കല്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, ഫാഷിസത്തെ എതിര്‍ത്തുകൊണ്ടുള്ള ഏതൊരു സമരത്തിലും കൂട്ടായ്മയിലും അതിന്റെ കെടുതികള്‍ നേരിട്ട് അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നത് അനിവാര്യമാണ്.
എന്നാല്‍, നമ്മുടെ പുരോഗമന വീക്ഷണക്കാര്‍ മതത്തെയും ജാതിയെയുമൊക്കെ താഴ്ന്ന ഇടങ്ങളായി കാണുന്നവരാണ്. മുസ്ലീം മതമാണെങ്കില്‍ അവര്‍ക്ക് ആധുനികതക്ക് മുമ്പുള്ള അപരിഷ്‌കൃതരുടെ ഒരു ലോകമാണ്. അതിനാല്‍ ഫാഷിസ്റ്റ് വിരുദ്ധ കാംപെയ്‌നില്‍ മുസ്ലീം മതവുമായി ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കുകയെന്നത് അവര്‍ക്ക് അചിന്ത്യമാണ്. ഹിന്ദുത്വവാദികള്‍ എന്നു പറയപ്പെടുന്നവരും പുരോഗമനകാരികളും ബഹിഷ്‌കരണം എന്ന വിഷയത്തില്‍ പലപ്പോഴും ഒന്നിക്കുന്നവരാണെന്ന വസ്തുതയാണ് നമ്മളെ ആശങ്കപ്പെടുത്തത്.
ഇന്ത്യയില്‍ നിലനില്ക്കുന്ന ലിബറല്‍ ജനാധിപത്യത്തെ നയിക്കുന്നത് മതേതരഭരണവര്‍ഗ്ഗം’ എന്ന ഒരു ഉന്നത വിഭാഗമാണെന്നു നാം ഓര്‍ക്കണം. സംഘപരിവാര്‍ ഭരിച്ചാലും ഇടതുപക്ഷം ഭരിച്ചാലും മേല്‍പ്പറഞ്ഞ മതേതര ഭരണവര്‍ഗ്ഗത്തിന്റെ മേല്‍ക്കൈ നഷ്ടപ്പെടുകയില്ല. അതിനു കാരണം, ഇന്ത്യയിലെ ഹൈന്ദവ അധീശത്വ മനോഘടനയുടെ ഒരു ഭാഗമാണ് അവര്‍ എന്നതിനാലാണ്. അതായത്, മതേതരരായി സ്വയം പ്രഖ്യാപിച്ചിരിക്കുന്ന നമ്മുടെ ഭരണവര്‍ഗ്ഗം ഒരു വിധത്തിലും മതേതരരല്ല. മറിച്ച്, അവര്‍ തങ്ങളുടെ ഹൈന്ദവ ജാതി മേധാവിത്വത്തെ സമ്പുഷ്ടമാക്കി, ജനപ്രിയമാക്കി മാറ്റിയവരാണ്. കഴിഞ്ഞ അറുപത് എഴുപത് വര്‍ഷമായി ഇന്ത്യയെ ഭരിക്കുന്ന ഇവരുടെ ‘ഫിയര്‍ കോപ്ലംക്‌സാണ്’ മതം. മതമെന്നാല്‍, ഇസ്ലാമും ഇതരമതങ്ങളുമാണെന്നു തന്നെ വായിക്കണം. കാരണം, ഹൈന്ദവത ഒരു സാംസ്‌കാരിക സവിശേഷതയായും ദേശീയതയുടെ പ്രതിനിധാനമായും മാറ്റപ്പെട്ട ഒന്നാണ്. യൂറോപ്പില്‍ ക്രിസ്റ്റ്യാനിറ്റി ആധുനിക ഭരണകൂടങ്ങളെ പ്രത്യക്ഷമായി സ്വാധീനിക്കുന്നതില്‍ നിന്നും പിന്മാറിക്കൊണ്ട് പരോക്ഷമായി സ്വാധീനിക്കുന്നതിലേക്ക് വികസിച്ചിതിനു തുല്യമായ ഒരു സാഹചര്യം ഇവിടെയും ഉണ്ടായിട്ടുണ്ട്. അതിനാല്‍, മതത്തോടുള്ള നമ്മുടെ മതേതര ഭരണവര്‍ഗ്ഗത്തിന്റെ ശത്രുത ഒന്നാമതായി ഇസ്ലാമിനോടും രണ്ടാമതായി ക്രിസ്റ്റ്യാനിറ്റിയോടും മൂന്നാമതായി ബുദ്ധിസത്തോടും നാലാമതായി സിഖ് മതത്തോടും അത് കഴിഞ്ഞാല്‍ ദ്രാവിഡ – നാഗമതങ്ങളോടുമുള്ള ഒന്നാണ്. ഇവിടെയെങ്ങും ഹൈന്ദവത എതിര്‍സ്ഥാനത്ത് വരില്ലെന്നതാണ് വാസ്തവം. ഹൈന്ദവതയെയും ഇസ്ലാമടക്കമുള്ള അപരമതങ്ങളെയും ഒന്നായി കാണുന്ന നമ്മുടെ പുരോഗമന ചിന്ത പാളിച്ച നിറഞ്ഞതാണെന്ന കാര്യമാണ് ഇതിലൂടെ വെളിപ്പെടുന്നത്. മാത്രമല്ല, ഭൂരിപക്ഷ മത വര്‍ഗ്ഗീയതയും ന്യൂനപക്ഷ മതവര്‍ഗ്ഗീയതയും ഒന്നാണെന്നു പറയുന്നതിലൂടെ, മതവും സാംസ്‌കാരിക ദേശീയതയും വംശീയതയും ജാതിമേധാവിത്വവും ഭരണവര്‍ഗ്ഗ പദവികളും എല്ലാം കൂട്ടിക്കുഴക്കുന്ന വിചിത്രമായ സൈദ്ധാന്തികതയാണ് നമ്മുടെ പുരോഗമനപക്ഷം കയ്യാളുന്നത്. ഇതേ വിചിത്ര യുക്തികളുടെ തുടര്‍ച്ചയാണ് എറണാകുളത്ത് നടക്കുന്ന മനുഷ്യസംഗമം.
ഫാഷിസത്തിന് എതിരെ ഐക്യമുന്നണികള്‍ അത്യാവശ്യമാണ്. ഇന്ത്യയിലെ കോണ്‍ഗ്രസ്സ് മുതല്‍ വ്യവസ്ഥാപിത ഇടതുപക്ഷങ്ങള്‍ വരെയുള്ളവര്‍ ഇക്കാര്യത്തില്‍ ഐക്യപ്പെടുന്നുണ്ട്. എന്നാല്‍ അവരെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് ഹിന്ദുത്വം വളരുക തന്നെയാണ്. ഹിന്ദുത്വം ആവിഷ്‌ക്കരിക്കുന്ന തന്ത്രങ്ങള്‍ക്ക് മുമ്പില്‍ മേല്‍പ്പറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പിടിച്ചു നില്ക്കാനാവുന്നില്ല. അവരുടെ അണികളിലും നേതാക്കന്മാരിലും ഹിന്ദുത്വത്തിന് നല്ല സ്വാധീനശക്തിയുണ്ട്. ചെറിയൊരു കാറ്റൂതിയാല്‍ പല മുഖ്യധാര കക്ഷികളിലേയും ആള്‍ക്കാര്‍ ഹിന്ദുത്വ ബ്ലോക്കില്‍ എത്തുന്ന സ്ഥിതിയാണുള്ളത്. തിരഞ്ഞെടുപ്പുകളില്‍ മേല്‍പ്പറഞ്ഞ ഐക്യങ്ങള്‍ ചിലപ്പോള്‍ വിജയിച്ചാലും, ഹിന്ദുത്വം ഒരു പൊതുബോധമായി മാറുന്നതിനെ തടയാന്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളുടെ ഐക്യപ്പെടലുകള്‍ കൊണ്ട് കഴിയില്ലെന്നു ഉറപ്പാണ്.
മറ്റൊരു ഐക്യശ്രമമായി പലരും ഉന്നയിക്കുന്നത് ഇടതുപക്ഷ ബദലുകളെ പറ്റിയാണ്. ഇന്ത്യയിലെ ലിബറല്‍ മാര്‍ക്‌സിസ്റ്റുകളും തീവ്ര-വിമത ഇടതുപക്ഷവും ശുദ്ധ മതേതരത്വത്തിന്റെ ബാനറില്‍ ഒന്നിക്കുന്നതിനെ പറ്റിയുള്ള ഒരു സങ്കല്പമാണിത്. ഒരു റാഡിക്കല്‍ മൂവ്‌മെന്റിനെ കൊണ്ട് ഫാഷിസത്തെ തടയാമെന്നു പറയുന്നത്രയും അസംബന്ധം ലോകത്തെങ്ങും കാണാന്‍ കഴിയില്ല. വരേണ്യഭരണവര്‍ഗ്ഗം സുദീര്‍ഘവര്‍ഷങ്ങളായി ഉല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന നിരവധി പ്രതിലോമധാരകളില്‍ നിന്നുമാണ് ഫാഷിസം ഉടലെടുക്കുന്നതും വളര്‍ന്നു പന്തലിക്കുന്നതും. വിശാലമായ കീഴാള-ന്യൂനപക്ഷ-സ്ത്രീ മുന്നേറ്റങ്ങളിലൂടെയാണ് ഈ പ്രതിലോമധാരകള്‍ എതിര്‍പ്പെടേണ്ടത്. ഇത്തരം മുന്നേറ്റങ്ങളെ തിരിച്ചറിയാനോ അവയോട് സംവദിക്കാനോ റാഡിക്കല്‍ മൂവ്‌മെന്റുകള്‍ക്ക് കഴിയുന്നതല്ല. റാഡിക്കലിസത്തെ ഉപേക്ഷിച്ചു വൈവിധ്യങ്ങളോട് സഹവര്‍ത്തിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകേണ്ടതുണ്ട്.
ഫാഷിസത്തെ തടയാന്‍ ഐക്യമുന്നണികള്‍ വേണമെന്നു പറയുമ്പോള്‍, എല്ലാവരും വ്യവസ്ഥാപിത കക്ഷിരാഷ്ട്രീയ സംഘടനകള്‍ പറയുന്ന സവര്‍ണ്ണ മതേതര ചതുരകള്ളികളിലേയും തീവ്ര-വിമത ഇടതുപക്ഷ ദിവാസ്വപ്നങ്ങളിലേക്കും പിന്‍വലിയുന്നത് കാണാം. ഇവ മാത്രമാണോ സാധ്യത?
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ നവബുദ്ധിസ്റ്റുകളില്‍ നിന്നുമുണ്ടായ ഒരു മൂവ്‌മെന്റാണ് ദലിത്‌വാദം. മഹാരാഷ്ട്രയിലും ഇന്ത്യയിലെ മറ്റിടങ്ങളിലും തുടരുന്ന ജാതീയമര്‍ദ്ദനങ്ങള്‍, എല്ലായിടങ്ങളിലും മുസ്ലീംങ്ങള്‍ക്ക് എതിരെ ഉണ്ടായ വംശീയകലാപങ്ങള്‍, സ്ത്രീകളുടെ രണ്ടാംകിട പൗരത്വം, കാര്‍ഷിക ജനതയുടെ തകര്‍ച്ച, ഭരണകൂടസ്ഥാപനങ്ങളേയും മീഡിയായെയും പോപ്പുലര്‍കള്‍ച്ചറിനെയും കയ്യടക്കിയുള്ള സവര്‍ണ്ണതയുടെ സാംസ്‌ക്കാരിക അധീശത്വം, സാര്‍വ്വദേശീയമായി പാര്‍ശ്വവല്‍കൃതരും സ്ത്രീകളും നടത്തിയ മുന്നേറ്റങ്ങള്‍, അംബേദ്കറിന്റെയും വിവിധ ജാതിവിരുദ്ധസമരധാരകളുടെയും സ്വാധീനം എന്നിവയൊക്കെയാണ് ദലിത് വാദത്തിന് അടിത്തറയായത്. ഈ മൂവ്‌മെന്റാണ് ഇന്ത്യയില്‍ ആദ്യമായി ദലിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യമെന്ന പ്രോജക്ട് മുന്നോട്ട് വച്ചത്. ഇതാണ് ലിബറല്‍ ജനാധിപത്യത്തിനകത്ത് ഫാഷിസത്തെ തടയുന്ന ഏറ്റവും ഫലപ്രദമായ പദ്ധതി എന്ന് ഞാന്‍ കരുതുന്നു. മറ്റുള്ളതെല്ലാം ശരിയല്ലെന്നും കാലഹരണപ്പെട്ടതാണെന്നുമല്ല ഈ പറയുന്നതിനര്‍ത്ഥം. മറിച്ച,് 1950-60കളില്‍ ഗുജറാത്തില്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭണത്തോടുള്ള പ്രതിരോധത്തില്‍ നിന്നും ആരംഭിച്ച ഇന്ത്യയിലെ കീഴാള മൂവ്‌മെന്റുകള്‍ മുന്നോട്ടുവെച്ചിട്ടുള്ള രാഷ്ട്രീയ-പ്രത്യയശാസ്ത്ര സങ്കല്പനങ്ങളെ കാണത്ത ഏതൊരു ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയും സവര്‍ണതയുടെ അതിര്‍ത്തിവിട്ടുമാറില്ല എന്നാണ് പറയുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാ ഗവണ്‍മെന്റിനെ തകര്‍ത്തതും, വി.പി.സിംഗിനെ അധികാരത്തിലേറ്റിയതും, ഒട്ടനവധി സംസ്ഥാനങ്ങളിലെ ബ്രാഹ്മണരുടെ ഭരണകുത്തക അവസാനിപ്പിച്ചതും, വൈവിധ്യങ്ങളെ രാഷ്ട്രീയമായി ഉള്‍ക്കൊള്ളാന്‍ സന്നദ്ധമായതും മേല്പറഞ്ഞ ദലിത്-പിന്നോക്ക-ന്യൂനപക്ഷ ഐക്യമെന്ന പ്രോജക്ടിന്റെ ഫലമായാണ്. ഈ പ്രോജക്ടിന്റെ പ്രത്യക്ഷതയുടെ ഓരോ ഘട്ടത്തിലും ”ജാതി തിരിച്ചു വരുന്നു” എന്ന മുറവിളിയുയര്‍ത്തുകയായിരുന്നു ലിബറലുകള്‍ എന്നോര്‍ക്കണം. ഇവര്‍ക്കൊപ്പം നിന്ന ചരിത്രമാണ് വ്യവസ്ഥാപിത മാര്‍ക്‌സിസ്റ്റുകള്‍ക്കുള്ളത്.
ഇന്ന് ‘വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം’ എന്ന പുതിയ ചരിത്രഘട്ടത്തിലേക്ക് സാമൂഹിക ജനാധിപത്യം മാറിയിരിക്കുകയാണ്. വൈവിധ്യങ്ങള്‍ എന്നുപറയുമ്പോള്‍, അതില്‍ മതങ്ങളും ജാതികളും വിശ്വാസവും വിശ്വാസരാഹിത്യവുമെല്ലാം ഉള്‍ക്കൊള്ളുന്നു എന്ന തിരിച്ചറിവാണ് നമ്മളില്‍ പലര്‍ത്തും ഇല്ലാതെ പോകുന്നത്. ഫാഷിസത്തിന് എതിരെ വേണ്ടത് ഏകപക്ഷീയമായ രാഷ്ട്രീയ സമരങ്ങള്‍ മാത്രമല്ല, അനവധിയായ ജീവിതസമരങ്ങള്‍ കൂടിയാണെന്ന് നാമോര്‍ക്കണം. ദൈനംദിന ജീവിതത്തിലൂടെ കടന്നു പോകുന്ന നീതിയുടേയും ധാര്‍മ്മികതയുടേയും പ്രശ്‌നങ്ങള്‍ ഉള്ളടങ്ങുന്ന സമരമണ്ഡലമാണ് അതിനുള്ളത്. ജീവിതത്തിന്റെ ജൈവനാരുകള്‍കൊണ്ട് നമ്മള്‍ പരസ്പ്പരം ബന്ധപ്പെടേണ്ടവരാണെന്ന ബോധ്യമാണ് ആ സമരത്തിന്റെ ശക്തി.. ഇത്തരം പാരസ്പര്യങ്ങള്‍ സാധ്യമാകുന്നതിലൂടെയാണ് ഫാഷിസം തോല്പിക്കപ്പെടുക.
ഇന്ത്യയിലെ സവര്‍ണ്ണ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം പരമ്പരാഗതമാണ്. കാലാകാലമായി അധികാരം പങ്കിടുന്നതിന്റെ ഭാഗമായി അവര്‍ക്ക് നല്ല സ്വയം ബോധ്യങ്ങളുണ്ട്. അവരുടെ അധികാരം ചോദ്യം ചെയ്യപ്പെടുന്നതിലേക്ക് നയിക്കുന്ന ഏതൊരു ചെറുചലനത്തെയും മുന്‍കൂട്ടി കാണാന്‍ ഈ പരമ്പരാഗത ബന്ധങ്ങള്‍ അവരെ സഹായിക്കുന്നുണ്ട്. അതിനാലാണ് മണ്ഡല്‍ കമ്മീഷന്‍ സമരഘട്ടത്തില്‍ സവര്‍ണ്ണരായ ബി.ജെ.പി.ക്കാരും മാര്‍ക്‌സിസ്റ്റുകാരും ഒന്നിച്ചത്. എന്നാല്‍ കീഴാള വിഭാഗങ്ങളുടെ അകത്തെ ബന്ധങ്ങളും ന്യൂനപക്ഷവിഭാഗങ്ങളോട് അവര്‍ക്കുള്ള ബന്ധവും പരമ്പരാഗതമല്ല. അത് ഇനിയും ഉണ്ടാക്കിയെടുക്കേണ്ട, പാരസ്പര്യത്തിന്റെ പ്രശ്‌നമണ്ഡലമായി നിലനില്‍ക്കുകയാണ്. അതിനുള്ള നിരന്തര പരിശ്രമത്തില്‍ നാം ഒന്നിക്കേണ്ടതുണ്ട്.
ഇസ്ലാം മതത്തെ അകറ്റിമാറ്റി കൊണ്ട് വൈവിധ്യങ്ങളെ പറ്റി ആര്‍ക്കെങ്കിലും ചിന്തിക്കാനാവുമോ? ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമായ ഭക്തി പ്രസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഉണര്‍ച്ചകള്‍ ഇസ്ലാം മതത്തിന്റേതാണെന്നാണ് ഗെയ്ല്‍ ഓം വെദ്ത് പറയുന്നത്. ബാബ്‌റി മസ്ജിദിന് ശേഷമുള്ള ഇന്ത്യയിലെ മുസ്ലീം ജനതയിലെ മാറ്റങ്ങളെ അപ്പാടെ മതപുനരുത്ഥാന ശക്തികളുടെ ശക്തിപ്പെടല്‍ എന്ന ഒറ്റ വാക്കില്‍ ഒതുക്കിയിരിക്കുകയാണ് നമ്മുടെ ഇടതുപക്ഷ വരേണ്യര്‍. അവരുടെ ഏകപക്ഷീയതയാണ് അമാനവ സംഗമത്തിലൂടെ നമ്മള്‍ ഇളക്കി മാറ്റുന്നത്.
അമാനവ സംഗമം എന്ന സംജ്ഞയ്ക്ക് ചില പ്രത്യേകതകള്‍ ഉണ്ട്. മനുഷ്യര്‍ എന്ന വാക്കിനെ പരമാവധി പൂര്‍ണതയില്‍ എത്തിക്കാനാണല്ലോ ക്ലാസിക്കല്‍ കാലഘട്ടം മുതല്‍ ആധുനികതവരെയും എല്ലാവരും ശ്രമിച്ചത്. ആ പൂര്‍ണതയോട് കലഹിക്കുന്ന ഒരു വാക്കാണ് അമാനവര്‍. എന്നാല്‍ മനുഷ്യര്‍ നിര്‍മ്മിച്ചിട്ടുള്ള എല്ലാറ്റിനോടുമുള്ള കലഹമായി ആരും ഇതിനെ തെറ്റിധരിക്കേണ്ടതില്ല. അതായത്, ബ്രാഹ്മണിസം മുതല്‍ സാമ്രാജ്യത്വം വരെയുള്ള അധികാരകേന്ദ്രീകരണങ്ങള്‍ ഉണ്ടാക്കിയിട്ടുള്ള; ”സാര്‍വ്വലൗകിക സത്യവാദങ്ങ”ളായി നിലനില്‍ക്കുന്ന ”യൂണിവേഴ്‌സലുകളോടാണ ്” നാം കലഹിക്കുന്നത്. എന്നാല്‍ മനുഷ്യരില്‍ നിന്നുള്ള ഒരു പിന്‍മടക്കമായി ഈ കലഹങ്ങളെ ചിത്രീകരിക്കാനാണ് പലരും ശ്രമിക്കുന്നത്. ഇതിലൂടെ അമാനവര്‍ എന്ന പദത്തെ ഒരു ”ഹൊറര്‍” വാക്കാക്കി മാറ്റാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. സ്വത്വവാദത്തിനെതിരെ വ്യവസ്ഥാപിത ശക്തികള്‍ ഇപ്രകാരമുള്ള പൊതുബോധമുയര്‍ത്തുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ‘സ്വത്വവാദ’ മായി അറിയപ്പെടുന്ന മൂവ്‌മെന്റുകളാണ് ”ഹൊററുകള്‍” വേണ്ടെന്ന് വിളിച്ചു പറഞ്ഞത്. 1960-70കളില്‍ ഉണ്ടായ പുതുജനാധിപത്യരാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു കാര്യമാണ് സ്വത്വവാദം. അതാണ് ‘സാമ്രാജത്വം തുലയട്ടെ’ ‘യുദ്ധങ്ങള്‍ വേണ്ട’ ‘വംശീയതകള്‍ പാടില്ല’ ‘ലിംഗാതിപത്യം വേണ്ട’ മുതലായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും; കോടിക്കണക്കിന് ജനങ്ങളെ അധികാര ശക്തികള്‍ക്ക് എതിരെ തിരിച്ചതും. സ്വത്വവാദങ്ങളെ ‘ഹൊറായി’ ചിത്രീകരിക്കുന്നവര്‍ തന്നെയാണ് അധികാരപരമായ യൂണിവേഴ്‌സലുകളെ നിഷേധിക്കുന്ന അമാനവര്‍ എന്ന വാക്കിനെയും ദുര്‍വ്യാഖ്യാനം ചെയ്യുന്നത് എന്ന് കരുതിയാല്‍ മതി.
അമാനവര്‍ എന്ന പദത്തെ ഇപ്രകാരം തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതുപോലെ അതിന് പ്രലോഭനീയമായ ഒരു വശവും കൂടെ ഉണ്ടെന്നു കാണണം. പലരുടെയും റാഡിക്കല്‍ നിലപാടുകളെയും വ്യക്തിവാദ വീക്ഷണങ്ങളെയും പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിയുന്ന ഒരു പ്രലോഭനീയത ഈ വാക്കിലുണ്ട്. അത്തരം പ്രലോഭനീയതകളെ നമ്മള്‍ ബോധപൂര്‍വ്വം ഉപേക്ഷിക്കണം. കാരണം, റാഡിക്കല്‍ നിലപാട് എന്നത് മുകളില്‍ നിന്നുള്ള ഒരു കാഴ്ച്ചപ്പാടാണ.് അതിനൊരിക്കലും തത്വചിന്തയുടെ കീഴ്‌നിലങ്ങളെയും ചരിത്രത്തിന്റെ അവഗണിത മേഖലകളെയും ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ല.
ഇതേസമയം, വ്യക്തിവാദ നിലപാട് കീഴില്‍ നിന്നുള്ള ഒരു നോട്ടമാണ്. അതിന് സമൂഹത്തെയും ചരിത്രത്തെയും വിശ്വാസത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇത് രണ്ടും അല്ലാത്ത ഒരു നിലപാടില്‍ നിന്നുമാണ് നമ്മള്‍ അമാനവര്‍ എന്ന സംജ്ഞ ഉന്നയിക്കുന്നത്. ”നമ്മള്‍ പരസ്പരം നോക്കുന്നവരാകുക.” എന്ന് ബെല്‍ഹുക്‌സ് എന്ന ആഫ്രോ അമേരിക്കന്‍ എഴുത്തുകാരി സൂചിപ്പിക്കുകയുണ്ടായി. ഈ നിലപാടില്‍ നിന്നുകൊണ്ട് നമ്മള്‍ പരസ്പരം ‘നോക്കുകയും’ ‘കേള്‍ക്കുകയും’ ചെയ്താല്‍ തീര്‍ച്ചയായും നമ്മുടെ അപൂര്‍ണതകളാവാം; ‘അമാനവത’യാവും മുമ്പില്‍ വരിക. അത് പുതു വൈജ്ഞാനിക അന്വേഷണങ്ങളായി, പുതുജനാധിപത്യ സമരങ്ങളായി, പുതു ഫെമിനിസങ്ങളായി, പുതു കീഴാളകര്‍ത്തൃത്വങ്ങളായി, പുതു നൈതീകതയായി, പുതു പ്രകൃതിവാദമായി, പുതു ചരിത്രദര്‍ശനങ്ങളായി എല്ലായിടത്തും പടരുകയാണ്.
എറണാകുളത്ത് നടക്കുന്ന മനുഷ്യസംഗമം സവര്‍ണ്ണ തൃഷ്ണകളെ കെട്ടുകാഴ്ചയാക്കിയാണ് മാധ്യമശ്രദ്ധ നേടിയത്. എന്നാല്‍ നമ്മുടെ കൂടിച്ചേരല്‍ കീഴാളമായ അവസ്ഥകളെ ഉള്‍ക്കൊണ്ട്, അനാര്‍ഭാടമായി, സവര്‍ണ തൃഷ്ണയ്ക്ക് പുറത്തു സംഭവിച്ച ഒന്നാണ്. ഇതാവണം ചരിത്രം എന്നു തോന്നുന്നു.

(ഡിസംബര്‍ 20 ന് കോഴിക്കോട് നടന്ന അമാനവ സംഗമത്തില്‍ നടത്തിയ പ്രസംഗത്തെ സംക്ഷിപ്തമാക്കി പുതുക്കിയെഴുതിയത്.)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply