പ്രശ്‌നം ഫെഡറലിസം ഇല്ലാത്തത്

കഴിഞ്ഞ രണ്ടുദിവസം സുപ്രിം കോടതിയില്‍ നിന്നുണ്ടായ 2 വിധികള്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരാണെന്ന ധാരണയാണല്ലോ ജനിപ്പിച്ചിട്ടുള്ളത്. അത് ശരിയാണുതാനും. മുല്ലപ്പെരിയാര്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിധികളാണ് വിവക്ഷിക്കുന്നത്. എന്നാല്‍ സുപ്രിംകോടതി വിധി പ്രസ്താവിക്കുക ഭരണഘടനാനുസൃതമായാണെന്നത് മറന്നുകൊണ്ടാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുന്നത്. മാറ്റം വേണ്ടത് അവിടെയാണ്. കൃത്യമായിപറഞ്ഞാല്‍ ഫെഡറല്‍ അല്ലാത്ത ഒരു സംവിധാനത്തില്‍ സ്വാഭാവികമായും ഇതാണ് സംഭവിക്കുക. കേന്ദ്രീകൃതമായ നമ്മുടെ ഭരണസംവിധാനത്തെ ഉടച്ചുവാര്‍ക്കാതെ ഇതിനു പരിഹാരമാകില്ല. കേരളത്തിന്റെ ഡാം സുരക്ഷാ നിയമം അസാധുവാക്കി ജലനിരപ്പ് […]

Mullaperiyar-dam-Newskerala

കഴിഞ്ഞ രണ്ടുദിവസം സുപ്രിം കോടതിയില്‍ നിന്നുണ്ടായ 2 വിധികള്‍ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കെതിരാണെന്ന ധാരണയാണല്ലോ ജനിപ്പിച്ചിട്ടുള്ളത്. അത് ശരിയാണുതാനും. മുല്ലപ്പെരിയാര്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിധികളാണ് വിവക്ഷിക്കുന്നത്. എന്നാല്‍ സുപ്രിംകോടതി വിധി പ്രസ്താവിക്കുക ഭരണഘടനാനുസൃതമായാണെന്നത് മറന്നുകൊണ്ടാണ് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയരുന്നത്. മാറ്റം വേണ്ടത് അവിടെയാണ്. കൃത്യമായിപറഞ്ഞാല്‍ ഫെഡറല്‍ അല്ലാത്ത ഒരു സംവിധാനത്തില്‍ സ്വാഭാവികമായും ഇതാണ് സംഭവിക്കുക. കേന്ദ്രീകൃതമായ നമ്മുടെ ഭരണസംവിധാനത്തെ ഉടച്ചുവാര്‍ക്കാതെ ഇതിനു പരിഹാരമാകില്ല.
കേരളത്തിന്റെ ഡാം സുരക്ഷാ നിയമം അസാധുവാക്കി ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി ഉത്തരവ് തന്നെ നോക്കുക. തീര്‍ച്ചയായും മുല്ലപ്പെരിയാറില്‍ അമിതമായ ഉത്ക്കണ്ഠ കേരളത്തിലെ പല വിഭാഗങ്ങളില്‍ നിന്നുമുണ്ടായിട്ടുണ്ട്. അത് പ്രശ്‌നത്തെ വഷളാക്കി. പുതിയ ഡാം എന്ന ഒറ്റ വിഷയത്തില്‍ കേരളം ഉറച്ചു നിന്നതും ശരിയായില്ല. വന്‍കിട ഡാമുകള്‍തന്നെ അപകടകരമാണല്ലോ. അതേസമയം ഇത്രയും പഴക്കമുള്ള ഡാമില്‍ ജലനിരപ്പ് ഉയര്‍ത്താമെന്ന ഉത്തരവ് നീതിയുക്തമാണെന്ന് പറയാനാകില്ല. അത് ഏകപക്ഷീയമാണ്.
ഇന്ത്യന്‍ അഖണ്ഡസംവിധാനത്തില്‍ കേരളം പാസ്സാക്കിയ ഡാം സുരക്ഷാ നിയമം റദ്ദാക്കിയതില്‍ അത്ഭുതമില്ല. ഭരണഘടനാപരമായി അതിനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ല. അത് പരിശോധിക്കാതെ എടുത്തുചാടുകയാണ് നിയമസഭ ചെയ്തത്. നമ്മുടെ ഭരണ സംവിധാനം അക്ഷരാര്‍ത്ഥത്തില്‍ ഫെഡറലാകാതെ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അത് നദികളുടെ വിഷയമായാലും ഡാമുകളുടെ വിഷയമായാലും മറ്റെന്തായാലും. ഡാമിന്റെ ദുര്‍ബലതയും കരാറിന്റെ കാലപ്പെഴക്കവും സുപ്രിംകോടതിയെ ബോധ്യപ്പെടുത്താന്‍ കേരളത്തിനു കഴിഞ്ഞില്ല എന്നുറപ്പ്. പക്ഷെ അതുമാത്രമല്ല വിഷയം. മുഖ്യപ്രശ്‌നം മുകളില്‍ പറഞ്ഞതാണ്. അതൊരിക്കലും ഉന്നയിക്കാത്ത, ശക്തമായ ഒരു പ്രാദേശിക പാര്‍ട്ടി പോലുമില്ലാത്ത, തികഞ്ഞ അഖണ്ഡതാവാദികളായ നാം മറുവശത്ത് സങ്കുചിതമായ രീതിയില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടുകയാണ് ചെയ്തത്. എല്ലാറ്റിനും പരിഹാരം പുതിയ ഡാം എന്ന കര്‍ശനമായ നിലപാട് തമിഴ്‌നാടിനെ ആശങ്കപ്പെടുത്തിയിരുന്നു. വെള്ളത്തിനും കൃഷിക്കുമെല്ലാം നമ്മേക്കാള്‍ പതിന്മടങ്ങ് പ്രാധാന്യം കൊടുക്കുന്നവരാണ് തമിഴര്‍. പുതിയ ഡാമല്ലാതെ മറ്റനവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതുപരിഗണിക്കാന്‍ പോലും നാം തയ്യാറായില്ല. അതു പറയുന്നവരെ തമിഴ് നാടിന്റെ ആളുകളായി മുദ്രയടിച്ചു. കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് അനാവശ്യമായ ഭീതി വിതച്ചു. അതോടെ തമിഴ് നാട് നിലപാട് കര്‍ക്കശമാക്കി. ഒത്തുതീര്‍പ്പിന്റെ സാധ്യതയും മങ്ങി. ഇപ്പോഴിതാ ഹര്‍ത്താല്‍. അതിലും യഥാര്‍ത്ഥ പ്രശ്‌നം ഉന്നയിക്കുന്നില്ല. അതുകൊണ്ട് ഒരു ഗുണവുമുണ്ടാകില്ല. ശത്രുത വളരുമെന്നല്ലാതെ. അതിലും നഷ്ടം നമുക്കായിരിക്കും.
2009ല്‍ നടപ്പാക്കിയ വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ലെന്ന സുപ്രീംകോടതി വിധിയിലും ഈ വിഷയമുണ്ട്. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ കുറച്ചുമാത്രമുള്ള ഉത്തരേന്ത്യയില്‍ ഈ വിധി പ്രസക്തമാണ്, എന്നാല്‍ കേരളത്തില്‍ അതെത്ര മാത്രം പ്രസക്തമാണ്? കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തന്നെ നിയന്ത്രിക്കുന്നത് ന്യൂനപക്ഷ സ്ഥാപനങ്ങളാണ്. ഇവിടെ ഈ വിധി നടപ്പാക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ എയ്ഡഡ് ആയാലും അണ്‍ എയ്ഡഡ് ആയാലും, അവ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചത്. ഇതോടെ, വിദ്യാഭ്യാസ അവകാശ നിയമം വ്യവസ്ഥചെയ്യുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കായുള്ള 25 ശതമാനം സംവരണം ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ല. മറ്റു സ്വകാര്യ സ്‌കൂളുകള്‍ അടക്കമുള്ള മുഴുവന്‍ സ്ഥാപനങ്ങളും 25 ശതമാനം സംവരണം ഉള്‍പ്പെടെ വിദ്യാഭ്യാസ അവകാശ നിയമം പൂര്‍ണമായി നടപ്പാക്കണം.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ പുതിയ നിയമനിര്‍മാണത്തിലൂടെ എടുത്തുകളയാന്‍ സാധ്യമല്ലെന്നാണ് സുപ്രിം കോടതി ഓര്‍മിപ്പിച്ചത്. അതില്‍ ശരിയുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളുടെ ഈ മേഖലയിലെ അവസ്ഥ വളരെ ദയനീയമാണല്ലോ. അവിടെ സംവരണം കൊടുക്കുന്നത് വിപരീതഫലം ചെയ്യും. എന്നാല്‍ ചരിത്രപരമായ കാരണങ്ങളാല്‍ കേരളത്തിന്റെ അവസ്ഥ വ്യത്യസ്ഥമാണ്. എന്നാല്‍ ഇന്ത്യക്ക് മുഴുവന്‍ ബാധകമാതുന്ന ഒറ്റവിധിയേ സുപ്രിംകോടതിക്ക് നല്‍കാനാവൂ. സ്വാശ്രയവിഷയത്തില്‍ മാനേജ്‌മെന്റുകളോട് കേസുകളിലെല്ലാം സര്‍ക്കാര്‍ തോല്‍ക്കാനും കാരണമിതാണ്.
ഇവിടേയും വിഷയം ഫെഡറലിസത്തിന്റേതാണ്. ഇന്ത്യയുടെ സങ്കീര്‍ണ്ണമായവും വൈവിധ്യവുമായ സാഹചര്യത്തില്‍ അവയെല്ലാം പരിഗണിക്കാത്ത ഇത്തരത്തിലുള്ള വിധികള്‍ വരാന്‍ കാരണം അതില്ലാത്തതാണ്. വിദ്യാഭ്യാസം സംസ്ഥാനസര്‍ക്കാരുകളുടെ പരിധിയില്‍ വരേണ്ട കാര്യമേയുള്ളു. ഇപ്പോള്‍തന്നെ വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രത്തിന്റെ പല നടപടികളും കേരളത്തിനു ഗുണകരമാകാത്തത്് ഇവിടത്തെ അവസ്ഥ മറ്റൊന്നാണ് എന്നതാണ്. ദുഖരമെന്നുപറയട്ടെ കാതലായ ഈ വിഷയം നാം ഉന്നയിക്കുന്നില്ല. മറുവശത്ത് മാതൃഭാഷ ഉള്‍പ്പെടെ ഒരു ഭാഷയും കുട്ടികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്ന വിധിയെ കുറ്റപ്പെടുത്തുന്നു. മാതൃഭാഷ മലയാളമല്ലാത്ത എത്രയോ ഭാഷാന്യൂനപക്ഷങ്ങള്‍ കേരളത്തിലുണ്ട്. അവരുടെ അവകാശവും സംരക്ഷിക്കപ്പെടേണ്ടേ? മൗലികവാദങ്ങളിലേക്ക് പോകാതെ യഥാര്‍ത്ഥ ഫെഡറലിസത്തിനുവേണ്ടി വാദിക്കുകയാണ് വേണ്ടത്.
വളരെ രസകരമായ മറ്റൊന്നുകൂടി ചൂണ്ടികാട്ടട്ടെ. എന്തേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍തന്നെ സിപിഎമ്മും കോണ്‍ഗ്രസ്സുമടക്കം ദേശീയ പാര്‍ട്ടികള്‍ എന്നു പറയുന്നവര്‍ തമിഴ് നാട്ടിലും കേരളത്തിലും വ്യത്യസ്ഥ നിലപാടെടുക്കുന്നു. എന്തേ അവര്‍ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല? അതുതന്നെ ഇന്ത്യ എന്താണെന്നതിനു തെളിവ്. അതംഗീകരിക്കാതെ മുന്നോട്ടുപോകുന്നത് സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കാനേ സഹായിക്കു…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply