പ്രഭാവര്‍മ്മയുടെ വക്രീകരണം

ഹരികുമാര്‍ പ്രഭാവര്‍മ്മയെന്ന കവിയെന്നവകാശപ്പെടുന്ന വ്യക്തി ഇടക്കിടെ ചില രാഷ്ട്രീയലേഖനങ്ങള്‍ പടച്ചുവിടാറുണ്ട്. എന്താണു താന്‍ പറയാന്‍ ശ്രമിക്കുന്നതെന്നു വ്യക്തമാക്കാന്‍ ഒരിക്കലും അദ്ദേഹത്തിനു കഴിയാറില്ല. സിപിഎമ്മിനെ അന്ധമായി ന്യായീകരിക്കാനുള്ള ശ്രമത്തില്‍ കണ്‍മുന്നിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം മറന്നു പോകുന്നു. അല്ലെങ്കില്‍ അതു കാണാനുള്ള കണ്ണ് നഷ്ടപ്പെടുന്നു. ചരിത്രത്തിന്റെ വക്രീകരണം എന്ന തലക്കെട്ടില്‍ അടുത്തദിവസം ദേശാഭിമാനിയില്‍ അദ്ദേഹമെഴുതിയ ലേഖനം ഇതിനു തെളിവാണ്. നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട്് കെ വേണു എഴുതിയ ലേഖനത്തോടുള്ള പ്രതികരണമാണ് പ്രസ്തുതലേഖനം. ഒരാളുടെ നിലപാടിനെ വിമര്‍ശിക്കുമ്പോള്‍ ആ നിലപാട് […]

ppp

ഹരികുമാര്‍

പ്രഭാവര്‍മ്മയെന്ന കവിയെന്നവകാശപ്പെടുന്ന വ്യക്തി ഇടക്കിടെ ചില രാഷ്ട്രീയലേഖനങ്ങള്‍ പടച്ചുവിടാറുണ്ട്. എന്താണു താന്‍ പറയാന്‍ ശ്രമിക്കുന്നതെന്നു വ്യക്തമാക്കാന്‍ ഒരിക്കലും അദ്ദേഹത്തിനു കഴിയാറില്ല. സിപിഎമ്മിനെ അന്ധമായി ന്യായീകരിക്കാനുള്ള ശ്രമത്തില്‍ കണ്‍മുന്നിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം മറന്നു പോകുന്നു. അല്ലെങ്കില്‍ അതു കാണാനുള്ള കണ്ണ് നഷ്ടപ്പെടുന്നു.
ചരിത്രത്തിന്റെ വക്രീകരണം എന്ന തലക്കെട്ടില്‍ അടുത്തദിവസം ദേശാഭിമാനിയില്‍ അദ്ദേഹമെഴുതിയ ലേഖനം ഇതിനു തെളിവാണ്. നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട്് കെ വേണു എഴുതിയ ലേഖനത്തോടുള്ള പ്രതികരണമാണ് പ്രസ്തുതലേഖനം. ഒരാളുടെ നിലപാടിനെ വിമര്‍ശിക്കുമ്പോള്‍ ആ നിലപാട് സത്യസന്ധമായി അവതരിപ്പിച്ചു വിമര്‍ശിക്കുക എന്നതാണല്ലോ രാഷ്ട്രീയ മര്യാദ. ആദ്യമവ വളച്ചൊടിക്കുക, എന്നിട്ട് വളച്ചൊടിക്കപ്പെട്ട നിലപാടുകളെ വിമര്‍ശിക്കുക എന്ന സംവാദാത്മകമായ അന്തരീക്ഷം നശിപ്പിക്കുന്ന രീതിയാണ് പ്രഭാവര്‍മ്മ സ്വീകരിക്കുന്നത്.
വേണുവിനെ വിമര്‍ശിക്കുമ്പോള്‍ പലരും ചെയ്യുന്ന പോലെ ആദ്യമദ്ദേഹത്തെ അതിവിപ്ലവകാരിയായി അവതരിപ്പിക്കുക, അതിന്റെ അടിസ്ഥാനത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുക എന്നതാണ് പ്രഭാവര്‍മ്മയും സ്വീകരിച്ചിരിക്കുന്ന സമീപനം. എന്തുകൊണ്ട് താന്‍ നക്‌സല്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നു, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു, നടപ്പാക്കിയ സോഷ്യലിസത്തേക്കാള്‍ ബൂര്‍ഷ്വാജനാധിപത്യം എന്നാരോപിക്കപ്പെടുന്ന ഇവിടത്തെ ജനാധിപത്യസംവിധാനം എന്തുകൊണ്ട് ഭേദമാണ് എന്ന് കാല്‍നൂറ്റാണ്ടുമുമ്പ് കനത്ത ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യക്തിയാണ് വേണു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ സമാഹരിച്ച് മറ്റൊരു പുസ്തകം. ഇത്രയും കാലത്തിനിടയില്‍ എത്രയോ ലേഖനങ്ങള്‍.. അവയൊന്നും അറിയാതെ 25 വര്‍ഷത്തിനു മുമ്പത്തെ ഒരാളുടെ നിലപാടുവെച്ച് ഇപ്പോഴത്തെ അഭിപ്രായങ്ങളേയും വിമര്‍ശിക്കുക എന്ന രീതി എത്രയോ അപലപനീയമാണ്.
വര്‍ഗസമരരംഗത്ത് പാര്‍ലമെന്ററി പാതയെയും സമരമാര്‍ഗമായി ഉപയോഗിക്കാം എന്ന സിപിഐ എം നിലപാടിനെ നിരാകരിച്ച അതേ വ്യക്തിയാണ് പാര്‍ലമെന്ററി പാത മാത്രമാണ് ഏക ‘മോക്ഷമാര്‍ഗം’ എന്ന് തിരിച്ചറിഞ്ഞ് ഈ വിധം മാറിയതെന്നു പ്രഭാവര്‍മ്മ പറയുമ്പോള്‍ അതുതന്നെയല്ലേ വേണുവും പറയുന്നതെന്നു മറക്കുന്നു. വേണു അത് സത്യസന്ധമായി അവതരിപ്പിക്കുന്നു. സിപിഎം അക്ഷരാര്‍ത്ഥത്തില്‍ അടവുപരമായും തന്ത്രപരമായും അവതരിപ്പിക്കുന്നു. ആ വ്യത്യാസമല്ലേ ഉള്ളു..?
ഇതേ നിലപാടുവെച്ചുതന്നെ പ്രഭാവര്‍മ്മ ഉന്നയിക്കുന്ന വിമര്‍ശനങ്ങളെല്ലാം അദ്ദേഹം ഉയര്‍ത്തിപിടിക്കുന്ന സിപിഎമ്മിനെയാണ് തിരിച്ചു കുത്തുന്നത് എന്നതാണ് ഏറ്റവും വലിയ തമാശ. അതിതീവ്ര സാഹസികതയുടെ അഗ്‌നികുണ്ഡങ്ങളിലേക്ക് തന്റെ ഒപ്പമുണ്ടായിരുന്ന അപക്വ കൌമാരങ്ങളെ ഈയാംപാറ്റകളെപ്പോലെ പറത്തിവിട്ടിട്ട്, മനുഷ്യത്വം മരവിച്ച ഭേദ്യ അറകളിലേക്ക് തന്നില്‍ വിശ്വാസമര്‍പ്പിച്ച കുരുന്നു സഖാക്കളെ ഞെരിഞ്ഞമരാന്‍ വിട്ട വ്യക്തിയാണത്രെ വേണു. സിപിഐ എംഎല്‍ പ്രസ്ഥാനത്തിലുണ്ടായിരുന്ന ആരും ഒരു കാലത്തും ഇതു പറഞ്ഞിട്ടില്ല. കൃത്യമായ രാഷ്ട്രീയ നിലപാടോടെയാണ് അവരെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. ഈ വിഷയം എന്നും പറയുക സിപിഎംകാരാണ്. ഇതേ ലോജിക്ക് തിരിച്ചും പ്രയോഗിച്ചാലോ..? വാരികുന്തവും കയ്യില്‍ കൊടുത്ത് നൂറുുകണക്കിനുപേരെ വയലാറില്‍ കുരുതി കൊടുത്തതാരാണ്? 5 പേരെ കയ്യൂരില്‍.. കൂത്തുപറമ്പില്‍.. ഇപ്പോഴും കണ്ണൂരടക്കം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍, കലാലയങ്ങളില്‍….. ഇവരെയെല്ലാം കുരുതി കൊടുത്തത് ഇഎംഎസും എകെജിയും കൃഷ്ണപിള്ളയും മറ്റുമല്ലേ..?
കോണ്‍ഗ്രസിനെ എതിര്‍ക്കുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് തീവ്രത പോരാ എന്നു പറഞ്ഞ് അതിതീവ്ര വിപ്‌ളവ സാഹസികവാദങ്ങള്‍ മുന്നോട്ടുവച്ച പഴയ കെ വേണു പില്‍ക്കാലത്ത് കോണ്‍ഗ്രസിന്റെ മുന്നണിയുടെ ഭാഗമായതിനെ കുറിച്ച് പ്രഭാവര്‍മ്മ പറയുമ്പോള്‍ ബംഗാളിനെ മറക്കുന്നു. യുപിഎയെ മറക്കുന്നു. കേരളത്തിലും അധികം വൈകാതം ഉണ്ടാകാന്‍ പോകുന്ന സഖ്യത്തെ മറക്കുന്നു.
ഫാസിസത്തെ നേരിടാനുള്ള രാഷ്ട്രീയ അടിത്തറയുള്ളത് കോണ്‍ഗ്രസിനാണെന്നതാണ് വേണുവിന്റെ പുതിയ കണ്ടെത്തല്‍ എന്നും പ്രഭാവര്‍മ്മ പറയുന്നു. ഒരുഫാസിസത്തിന് മറ്റൊരു ഫാസിസത്തെ തടയാനാകില്ല എന്ന ആര്‍ക്കുമറിയാവുന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നായിരിക്കാം ആ നിലപാട്. അടിസ്ഥാനപരമായി ഏകപാര്‍ട്ടി ഭരണത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയധാരയെ പിന്തുടരുന്നവര്‍ക്ക് ജനാധിപത്യവാദികളാകാന്‍ കഴിയുമോ? അതുകൊണ്ടാണല്ലോ മുന്‍സോഷ്യലിസ്റ്റു രാഷ്ട്രങ്ങളിലെല്ലാം നടന് പ്രക്ഷോഭങ്ങളുടെ പ്രധാന ആവശ്യം ജനാധിപത്യമെന്നതായത്? കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയസംഘട്ടനങ്ങലിലെല്ലാം ഒരു ഭാഗത്ത് സിപിഎം ആകുന്നതിനു കാരണം മറ്റെന്താണ്? പാര്‍ട്ടി വി്ട്ടവരെ പോലും കൊന്നു കളയുന്നതിന്റെ രാഷ്ട്രീയവും ഈ ഫാസിസം തന്നെയല്ലേ..? വര്‍ഗ്ഗീയതയുടെ അടിസ്ഥാനത്തിലുള്ള ഫാസിസത്തെ തടയാന്‍ രാഷ്ട്രീയത്തിന്റെ പേരിലുള്ള ഫാസിസിത്തിനു കഴിയില്ല എന്ന് കേരളത്തില്‍ ബിജെപി ശക്തി പ്രാപിക്കുന്നതില്‍ നിന്നുതന്നെ വ്യക്തമല്ലേ..?? ഒരു ജന്മിയെ കൊന്നാല്‍ വിപ്ലവമുണ്ടാകുമെന്ന നിലപാടൊക്കെ നക്‌സലൈറ്റുകള്‍ എന്നേ തിരുത്തി. എന്നാല്‍ വ്യത്യസ്ഥരാഷ്ട്രീയക്കാരായതിനാല്‍ മാത്രം സാധാരണക്കാരെ കൊന്നാല്‍ വിപ്ലവമുണ്ടാകുമോ?
ഹിറ്റ്‌ലറുടെ ഫാസിസത്തെ തകര്‍ത്തതില്‍ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന പ്രഭാവര്‍മ്മ സ്റ്റാലിന്റെ ഫാസിസത്തെ കുറിച്ച് മിണ്ടാത്തതില്‍ അത്ഭുതമൊന്നുമില്ല. കാരണം അദ്ദേഹം വെച്ചിട്ടുള്ളത് ജനാധിപത്യത്തിന്റെ മഴവില്‍ കണ്ണാടിയല്ല, ചുവന്ന കണ്ണാടിയാണ് എന്നതുതന്നെ.
ഒരു കാലത്ത് രാജ്യത്ത് വലിയ ശക്തിയായിരുന്ന കോണഅ#ഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്നു പ്രഭാവര്‍മ്മ ചോദിക്കുമ്പോള്‍ സിപിഎമ്മിന്അവസ്ഥയോ എന്ന ചോദ്യം ചോദിക്കാന്‍ അഞ്ചുവയസ്സുകാരന്‍ മതി വേണു പ്രത്യാശയര്‍പ്പിക്കുന്ന കോണ്‍ഗ്രസ് കൂട്ടത്തോടെ പിരിഞ്ഞുപോയി ബിജെപിയില്‍ ലയിക്കുകയാണെന്നും പ്രഭാവര്‍മ്മ പറയുന്നു. ശരിയാകാം. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ബിജെപിക്കാര്‍ സിപിഎമ്മിലേക്കും സിപിഎമ്മുകാര്‍ ബിജെപിയിലേക്കും പോകുന്ന വാര്‍ത്തകള്‍ എന്നും പുറത്തുവരുമ്പോഴാണ് പ്രഭാവര്‍മ്മ ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസിന് ബിജെപി ആകാന്‍ ഒരു വിഷമവുമില്ല എന്നതുപോലെതന്നെയാണ് സിപിഎമ്മിന്റേയും അവസ്ഥ എന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ഗ്രസ് സര്‍ക്കാര്‍ നിഷ്‌ക്രിയത്വത്തിലൂടെ ബാബറി മസ്ജിദ് തകര്‍ക്കലിന് അരങ്ങൊരുക്കിക്കൊടുത്തിനെ കുറിച്ചും പ്രഭാവര്‍മ്മ പറയുന്നു. ബാബറി മസ്ജിദ് മ്യൂസിയമാക്കണമെന്നു ഇ എം എസ് ആവശ്യപ്പെട്ടത് പ്രഭാവര്‍മ്മ മറന്നെങ്കിലും മതേതരവാദികള്‍ മറക്കില്ല.
ഒരു കാര്യത്തില്‍ മാത്രം പ്രഭാവര്‍മ്മ വ്യത്യസ്ഥാനാണ്. സാധാരണ സിപിഎമ്മുകാര്‍ വേണുവിനെ ഈ രീതിയില്‍ വിമര്‍ശിക്കുമ്പോള്‍, പണ്ടത്തെ വേണുവിനോട് ബഹുമാനമുണ്ടായിരുന്നു എന്നു തട്ടിവിടാറുണ്ട്. രാഷ്ട്രീയക്കാരോടുള്ള ബഹുമാനം അവരുടെ നിലപാടുമായി ബന്ധപ്പെട്ടാണല്ലോ. എങ്കില്‍ ഈ ബഹുമാനമുണ്ടായിരുന്ന കാലത്ത് ഇവരെന്തുകൊണ്ട് അദ്ദേഹത്തോടൊപ്പം കൂടിയില്ല….? ഈ കപടത എന്തായാലും പ്രഭാവര്‍മ് പറയുന്നില്ല. അത്രയും നന്ന്… എന്നാല്‍ ഗൗരവപരമായ ഒരു വിഷയവും തന്റെ വക്രീകരണത്തില്‍ പ്രഭാവര്‍മ്മക്കു പറയാനില്ല എന്നതാണ് സത്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply