പ്രബുദ്ധമല്ലാത്ത തെരഞ്ഞെടുപ്പ് പ്രചാരണം

രാഷ്ട്രീയ പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന മലയാളികളുടെ പ്രബുദ്ധതയുടെ യാഥാര്‍ത്ഥ്യം ഏറ്റവും പുറത്തുവരുക തെരഞ്ഞെടുപ്പു വേളകളിലാണ്. ക്രിക്കറ്റ് മത്സരങ്ങളില്‍ കാണുന്ന പക്വതയും മാന്യതയും പോലും അപ്പോള്‍ കാണില്ല, അതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് ധരിച്ചവര്‍ പോലും നിരാശരായിരിക്കുകയാണ്. വാസ്തവത്തില്‍ കേരളരൂപീകരണത്തിനുശേഷം ഏറ്റവും പക്വവും രാഷ്ട്രീയവും മാന്യവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സാധ്യതയാണ് ഇക്കുറി നിലവിലുള്ളത്. അതിനുള്ള കാരണം വളരെ ലളിതമാണ്. ഇവിടെ മുഖ്യമായി പോരാടുന്ന ഇരുമുന്നണികളും ഡെല്‍ഹിയിലെത്തിയാല്‍ ഒന്നിച്ചു കൈപൊക്കേണ്ടവരാണെന്നതു തന്നെ. അതേ സമയം ഇവിടെ പരസ്പരം […]

eee

രാഷ്ട്രീയ പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന മലയാളികളുടെ പ്രബുദ്ധതയുടെ യാഥാര്‍ത്ഥ്യം ഏറ്റവും പുറത്തുവരുക തെരഞ്ഞെടുപ്പു വേളകളിലാണ്. ക്രിക്കറ്റ് മത്സരങ്ങളില്‍ കാണുന്ന പക്വതയും മാന്യതയും പോലും അപ്പോള്‍ കാണില്ല, അതില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് ധരിച്ചവര്‍ പോലും നിരാശരായിരിക്കുകയാണ്.
വാസ്തവത്തില്‍ കേരളരൂപീകരണത്തിനുശേഷം ഏറ്റവും പക്വവും രാഷ്ട്രീയവും മാന്യവുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സാധ്യതയാണ് ഇക്കുറി നിലവിലുള്ളത്. അതിനുള്ള കാരണം വളരെ ലളിതമാണ്. ഇവിടെ മുഖ്യമായി പോരാടുന്ന ഇരുമുന്നണികളും ഡെല്‍ഹിയിലെത്തിയാല്‍ ഒന്നിച്ചു കൈപൊക്കേണ്ടവരാണെന്നതു തന്നെ. അതേ സമയം ഇവിടെ പരസ്പരം മത്സരിക്കാതേയും വയ്യ. അങ്ങനെ ചെയ്താല്‍ അത് സഹായിക്കുക ബിജെപിയെയായിരിക്കുമെന്ന് വ്യക്തം. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ഈ മത്സരം ശത്രുതാപരമല്ലാതാക്കാനെങ്കിലും പറ്റേണ്ടതല്ലേ? എന്നാലതല്ല സംഭവിക്കുന്നത്.
പണ്ടൊരു സിനിമയില്‍ മോഹന്‍ ലാല്‍ വരുമോ, വരും, വരാതിരിക്കില്ല എന്നു പറഞ്ഞ പോലെ രാഹുല്‍ വരുമോ, വരും, വരാതിരിക്കില്ല എന്നതാണല്ലോ നാലുദിവസമായി നടക്കുന്ന പ്രധാന തെരഞ്ഞെടുപ്പുചര്‍ച്ച. തീര്‍ച്ചായും അത്തരമൊരു ചിന്ത തന്നെ രാഷ്ട്രീയമായി ശരിയല്ല. ഉത്തരേന്ത്യക്കൊപ്പം ദക്ഷിണേന്ത്യയിലും രാഹുല്‍ മത്സരിക്കുന്നത് നല്ലതുതന്നെയാണ്. അത് പ്രവര്‍ത്തകരില്‍ ആവേശം സൃഷ്ടിക്കുമെന്നതും ശരിതന്നെ. മോദിയടക്കം പലരും രണ്ടിടങ്ങളില്‍ മത്സരിച്ചിട്ടുമുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയടക്കം ചൂണ്ടികാണിച്ചപോലെ കേരളത്തില്‍ വന്ന്, പ്രധാനമായും എല്‍ഡിഎഫിനോട് രാഹുല്‍ മത്സരിക്കുമ്പോള്‍ അതു രാജ്യത്തിനു നല്‍കുന്ന സന്ദേശം ശരിയായ ഒന്നായിരിക്കില്ല. രാഹുല്‍ മത്രിക്കേണ്ടത് പ്രധാന എതിരാളി ബിജെപി വരുന്ന സീറ്റിലാണ്. അതാകട്ടെ ദക്ഷിണേന്ത്യയില്‍ സാധ്യനമാകുക കര്‍ണ്ണാടകത്തിലാണ്. അതിനു പകരം വയനാട് ആലോചിച്ചതുതന്നെ തെറ്റ്. കേരളത്തിലെ തെരഞ്ഞെടുപ്പന്തരീക്ഷം മോശമാക്കാനും അത് കാരണമാകും.
അതേസമയം രാഹുല്‍ രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് രാഷ്ട്രീയമായി തെറ്റാണെങ്കിലും അതിനുള്ള അവകാശമുള്ളപ്പോള്‍ എല്‍ഡിഎഫിലെ പലരുടേയും പ്രതികരണം വളരെ മോശമായി എന്നു പറയാതെ വയ്യ. മുഖ്യമന്ത്രി കാണിച്ച മാന്യത പാര്‍ട്ടി സെക്രട്ടറി കോടിയേരി പോലും കാണിച്ചില്ല. അമേഠിയില്‍ തോല്‍വി ഭയന്നാണ് രാഹുല്‍ വരുന്നത്, കേരളത്തിലെ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസത്തിലെ കളിയാണിത് എന്നിങ്ങനെ പോയി അദ്ദേഹത്തിന്റെ വിമര്‍ശനം. അണികളാകട്ടെ പപ്പൂ എന്ന മോദിയുടെ വാക്കുകള്‍ ഏറ്റെടുത്തും രംഗത്തെത്തി.
വാസ്തവത്തില്‍ എന്താണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലുയരുന്ന ചോദ്യം. അത് വളരെ ലളിതമാണ്. എന്‍ഡിഎക്ക് സീറ്റ് കിട്ടാനുള്ള സാധ്യത വളരെ വിരളമായിരിക്കെ പ്രധാന ചോദ്യം ഏതു മുന്നണിക്കാണ് ബിജെപിയെ ഫലപ്രദമായി തടുക്കനാവുക എന്നതുതന്നെ. അക്കാര്യത്തില്‍ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവര്‍ രണ്ടഭിപ്രായം പറയുന്നു. തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാന്‍ ആര്‍ക്കും സാധ്യതയില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകളുള്ള പാര്‍ട്ടിയെയാരിക്കും രാഷ്ട്രപതി ക്ഷണിക്കുക, അതു ബിജെപിയാണെങ്കില്‍ ഏതു അധാര്‍മ്മിക മാര്‍ഗ്ഗമുപയോഗിച്ചും അവര്‍ ഭൂരിപക്ഷം ഉണ്ടാക്കും, അതിനാല്‍ കോണ്‍ഗ്രസ്സിനു പരമാവധി സീറ്റു ലഭിക്കണം എന്നാണ് ഒരു വാദം. മറുപക്ഷമാകട്ടെ വര്‍ഗ്ഗീയതയുടെ കാര്യത്തിലല്ലാതെ, സാമ്പത്തിക നിലപാടുകളുടേയും മറ്റേതൊരു വിഷയത്തിലെ നിലപാടുകളുടേയും കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒരേ നാണയത്തിന്റെ 2 വശങ്ങളാണെന്നും ഇടതുപക്ഷത്തിന്റെ സ്വാധീനമില്ലാത്ത യുപിഎ ഭരണം ജനവിരുദ്ധമാകുമെന്നും അതിനാല്‍ എല്‍ഡിഎഫിനെ വിജയിപ്പിക്കണമെന്നും വാദിക്കുന്നു. ഒന്നാം യുപിഎ ഭരണവും രണ്ടാം യുപിഎ ഭരണവും ഉദാഹരണമായവര്‍ ചൂണ്ടികാട്ടുന്നു. ഈ 2 നിലപാടുകളാണ് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്. എന്നാലതിനുപകരം വിജയിപ്പിച്ചാലും ബിജെപിയില്‍ പോകും, കോണ്‍ഗ്രസ്സ് മൃദുഹിന്ദുത്വ പാര്‍ട്ടിയാണ് തുടങ്ങിയ ആരോപണങ്ങള്‍ സഹായിക്കുക ബിജെപിയെയാണ്.
അതുപോലെതന്നെയാണ് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഈ തെരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടയാക്കി മാറ്റാന്‍ ശ്രമിക്കുന്നതും. പി ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി വരുന്ന വടകരയിലും കണ്ണൂരും കാസര്‍ഗോഡും ആ വിഷയമുയരുന്നത് സ്വാഭാവികം. മതഫാസിസത്തേക്കാള്‍ ഒട്ടും കുറവല്ല രാഷ്ട്രീയഫാസിസമെന്നതും ശരി. എന്നാലും ഈ തെരഞ്ഞെടുപ്പിലെ കേന്ദ്രവിഷയമായി മാറേണ്ടത് മതഫാസിസം തന്നെയാണ് എന്ന തിരിച്ചറിവാണ് ഇരു മുന്നണികള്‍ക്കും വേണ്ടത്.
മറ്റൊരു അനഭിലഷണീയ പ്രവണത ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ കുത്തക അവകാശപ്പെടലാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി കാണുന്നത് അതാണ്. ഉദാഹരണമായി സീറ്റുകളുടെ എണ്ണം നിര്‍ണ്ണായകമായതിനാല്‍ ബിജെപിയെ തറപറ്റിക്കാന്‍ തങ്ങള്‍ യുഡിഎഫിനു വോട്ടുചെയ്യുന്നു എന്ന്, എല്‍ഡിഎഫിനെ ഒന്നു വിമര്‍ശിക്കുക കൂടി ചെയ്യാതെ നിലപാടെടുത്ത വെല്‍ഫെയര്‍ പാര്‍്ട്ടിക്കെതിരെ നടക്കുന്ന സംഘടിത നീക്കം നോക്കുക. തങ്ങളെ പിന്തുണച്ചില്ല എന്ന ഒറ്റ കാരണത്താല്‍ അവരെ സംഘപരിവര്‍ക്കു തുല്ല്യരായും ഭീകരരായും ചിത്രീകരിക്കുന്നത് ഏതു രാഷ്ട്രീയമാണ്? ഫാസിസ്റ്റുകള്‍ കൊന്നുകളഞ്ഞവരുടെ ചിത്രങ്ങള്‍ വെച്ച് അവരെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്തപ്പോള്‍ അതിനുള്ള അവകാശം തങ്ങള്‍ക്കു മാത്രമാണെന്നവകാശപ്പെട്ടും ഇക്കൂട്ടര്‍ രംഗത്തെത്തി. കല്‍ബുര്‍ഗ്ഗിയും ഗൗരിലങ്കേഷും പന്‍സാരെയും ധബോല്‍ക്കറുമൊക്കെ ഏതെങ്കിലും പാര്‍ട്ടിയുടെ കുത്തകയോ..? അവരെല്ലാം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലെ രക്തസാക്ഷികളാണ്. തങ്ങളുമായി ഒരു ബനധവുമില്ലാത്ത മദര്‍ തേരസ മുതല്‍ രോഹിത് വെമുല വരെയുള്ളവരെ പല പരിപാടികള്‍ക്കും പ്രചരണത്തിനുപയോഗിക്കുന്നവരാണ് ഇതു പറയുന്നതെന്നതാണ് രസകരം. അവസാനമിതാ ഇന്നസെന്റിന്റെ ഹാസ്യാഭിനയം വിവാദമാകാത്ത കേരളത്തില്‍ രമ്യാഹരിദാസ് പാടുന്നത് വിവാദമായിരിക്കുന്നു. ഈ തര്‍ക്കങ്ങളെല്ലാം നടക്കുമ്പോള്‍ സന്തോഷിക്കുന്നതാരാണെന്നു വ്യക്തം.
മാന്യമായ രാഷ്ട്രീപ്രവര്‍ത്തനത്തിനുള്ള പക്വത മലയാളി ഇനിയും നേടിയിട്ടില്ല എന്നതാണ് പച്ചയായ യാഥാര്‍ത്ഥ്യം. അതു മറച്ചുവെച്ച് രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ്, ഇന്ത്യയില്‍ നമ്പര്‍ വണ്‍ എന്നൊക്കെ അവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. സ്വതന്ത്ര ഇന്ത്യ ദര്‍ശിച്ച ഏറ്റവും പ്രധാനപ്പെട്ട രണ്ടു രാഷ്ട്രീയ മുന്നേറ്റങ്ങളോട് മുഖം തിരിച്ചുനിന്നവരാണ് നാം. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിലും മണ്ഡല്‍ കമ്മീഷന്‍ കാലഘട്ടത്തിലും. ഇപ്പോളും രാജ്യമെങ്ങും അലയടിക്കുന്ന അംബേദ്കര്‍ രാഷ്ട്രീയത്തോട് നാം അകലം പാലിക്കുന്നു. ഈ സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഒരു സീറ്റും നേടില്ല എന്ന നമ്മുടെ ധാരണ തകര്‍ന്നാല്‍ പോലും അത്ഭുതപ്പെടേണ്ട. മലയാളിയുടെ പൊതുമനസ്സ് എന്താണെന്നു ശബരിമല സുപ്രിംകോടതി വിധിയുമായി ബന്ധപ്പെട്ട് നാം കണ്ടതാണ്. മിക്കവാറും പേരുടെയുള്ളില്‍ ഒരു കാവി ഒളിച്ചിരിക്കുന്നുണ്ടെന്നും വ്യക്തമായതാണ്. അതിനൊരു തുടര്‍ച്ചയുണ്ടാകുകയും ഒരുപക്ഷെ എന്‍ഡിഎ ഇവിടെ അക്കൗണ്ട് തുറക്കുകയും ചെയ്താല്‍ പോലും അല്‍ഭുതപ്പെടാനില്ല. അത്തരമൊരു സാഹചര്യത്തിനു സഹായകരമായ രീതിയിലാണ് യുഡിഎഫ് – എല്‍ഡിഎഫ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നു പറയാതെ വയ്യ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply