പ്രതിഷേധങ്ങളും ധ്രുവീകരണമാകുന്നോ?

പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും അപകടകരമാകുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. പ്രതികരിച്ചില്ലെങ്കില്‍ എല്ലാവരും ഭീരുക്കളാകും. ഭീരുക്കളുടെ ശിരസ്സിനുമീതെ ഫാസിസത്തിന്റെ രഥമുരുളും. പ്രതികരിക്കുകയാണെങ്കിലോ, അപകടകരമായ രീതിയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടും. അത് ഗുണം ചെയ്യുന്നതും ഫാസിസ്റ്റുകള്‍ക്കുതന്നെ. അതാണ് സത്യത്തിലവര്‍ ആഗ്രഹിക്കുന്നത്. ബീഫുമായി ബന്ധപ്പെട്ട വിഷയം മാത്രം നോക്കുക. ഭക്ഷണസ്വാതന്ത്ര്യത്തിനുനേരെ പോലും കടന്നാക്രമണം നടത്തുന്നത് എന്തിനാണെന്നു വ്യക്തം. ഇവിടെ ബീഫ് ഒരുപകരണം മാത്രമാണ്. അതുമായി ബന്ധപ്പെട്ട എന്തു സംഭവിച്ചാലും അതിനെ തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്താനവര്‍ക്കു കഴിയുന്നു. അല്ലെങ്കില്‍ മാട്ടിറച്ചി കഴിച്ചയാളെ ഗോമാംസം കഴിച്ചെന്നാരോപിച്ച് തല്ലിക്കൊല്ലില്ലല്ലോ. […]

crows

പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും അപകടകരമാകുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നത്. പ്രതികരിച്ചില്ലെങ്കില്‍ എല്ലാവരും ഭീരുക്കളാകും. ഭീരുക്കളുടെ ശിരസ്സിനുമീതെ ഫാസിസത്തിന്റെ രഥമുരുളും. പ്രതികരിക്കുകയാണെങ്കിലോ, അപകടകരമായ രീതിയില്‍ വര്‍ഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടും. അത് ഗുണം ചെയ്യുന്നതും ഫാസിസ്റ്റുകള്‍ക്കുതന്നെ. അതാണ് സത്യത്തിലവര്‍ ആഗ്രഹിക്കുന്നത്.
ബീഫുമായി ബന്ധപ്പെട്ട വിഷയം മാത്രം നോക്കുക. ഭക്ഷണസ്വാതന്ത്ര്യത്തിനുനേരെ പോലും കടന്നാക്രമണം നടത്തുന്നത് എന്തിനാണെന്നു വ്യക്തം. ഇവിടെ ബീഫ് ഒരുപകരണം മാത്രമാണ്. അതുമായി ബന്ധപ്പെട്ട എന്തു സംഭവിച്ചാലും അതിനെ തങ്ങള്‍ക്കനുകൂലമായി ഉപയോഗപ്പെടുത്താനവര്‍ക്കു കഴിയുന്നു. അല്ലെങ്കില്‍ മാട്ടിറച്ചി കഴിച്ചയാളെ ഗോമാംസം കഴിച്ചെന്നാരോപിച്ച് തല്ലിക്കൊല്ലില്ലല്ലോ. ഗോമാംസമല്ല എന്നു ബോധ്യപ്പെട്ടിട്ടും ഒരു മാപ്പുപോലും പറയാനാരും തയ്യാറാകുന്നില്ലല്ലോ. മാത്രമല്ല, രാജ്യത്തെങ്ങും നടക്കുന്ന പ്രതിഷേധങ്ങളെ കടന്നാക്രമിക്കുന്നു. അതിലൂടെ രാജ്യത്തെ സാധാരണക്കാരുടെ വിശ്വാസങ്ങളെ സംഹാരപാതയിലേക്ക് തിരിച്ചുവിടുന്നു. സമൂഹത്തെ രണ്ടായി വിഭജിക്കുന്നു. എന്നും ഫാസിസത്തിന്റെ വളര്‍ച്ചക്കനുകൂലമായ മണ്ണാണത് എന്നവരുടെ തലച്ചോറുകള്‍ക്കറിയാം. അതിനാല്‍ തന്നെ പ്രതിഷേധങ്ങളേയോ ബീഫ് ഫെസ്റ്റിവലുകളേയോ അവര്‍ ഭയപ്പെടുന്നില്ല. മറിച്ച് പ്രോത്സാഹിപ്പിക്കുന്നു. ബീഫിനു ബദലായി പന്നിയെ പ്രതിഷ്ഠിച്ച് പ്രശ്‌നങ്ങള്‍ കൂടുതല്‍ തീഷ്ണമാക്കുന്നു.
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കു സമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് പൊതുവില്‍ പറയുന്നുണ്ടല്ലോ. അതൊരിക്കലും ശരിയല്ല. ്അതിനേക്കാളേറെ ഭയാനകമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാത്ത ഇന്നത്തെ അവസ്ഥ. കോടിതിവിധിയെ തുടര്‍ന്ന് രാജിവെക്കേണ്ട അവസ്ഥ വന്ന ഇന്ദിരാഗാന്ധി അധികാരത്തില്‍ തുടരാനും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തിപ്പെട്ടിരുന്ന പ്രക്ഷോഭങ്ങളെ നേരിടാനുമായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അവര്‍ക്കുപുറകില്‍ ശക്തമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രമൊന്നും പ്രവര്‍ത്തിച്ചിരുന്നതായി അരിയില്ല. എന്നാലിന്നതല്ല സ്ഥിതി. വര്‍ഗ്ഗീയതയുടേയും വെറുപ്പിന്റേയും അതിശക്തമായ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം അതിനുപുറകിലുണ്ട്. ഗാന്ധി മുതല്‍ കല്‍ബുര്‍ഗ്ഗി വരെയുള്ളവരെ കൊന്നൊടുക്കുകയും അതിനെ ന്യായീകരിക്കുകയും കൊലയാളികളെ ഉദാത്തവല്‍ക്കരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രം. ആരാധനാലയങ്ങള്‍ തകര്‍ക്കുകയും ഗര്‍ഭിണിയുടെ പോലും വയര്‍ കീറുകയും ഭക്ഷണത്തിന്റെ പേരില്‍ പോലും തല്ലിക്കൊല്ലുകയും ചെയ്യുന്ന പ്രത്യയശാസ്ത്രം. ക്ഷേത്രത്തില്‍ കയറിയതിന് കൊല്, എഴുത്തുകാരെ നിശബ്ദരാക്കുക, ഗായകര്‍ക്ക് വിലക്ക്, ദളിതുകളെ ചുട്ടെരിക്കുക തുടങ്ങി ഈ പട്ടിക നീളുന്നു.
ഇതെല്ലാം സംഭവിക്കുമ്പോള്‍ ഭരണകൂടത്തിന് ഒരു കടമയുണ്ടല്ലോ. ജനാധിപത്യരീതിയിലാണല്ലോ എന്തായാലും അവര്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ അത്തരമൊരു കടമ അവര്‍ നിര്‍വ്വഹിക്കുന്നില്ല. അതാണ് കാര്യങ്ങളെ കൂടുതല്‍ ഗൗരവപരമാക്കുന്നത്. ദാദ്രി സംഭവത്തിനു ഒമ്പതു ദിവസം കഴിഞ്ഞാണ് പ്രധാനമന്ത്രി വാ തുറന്നത്. അതാകട്ടെ രാഷ്ട്രപതിയുടെ പോലും പ്രതികരണത്തിനുശേഷം. അതാകട്ടെ സംഭവം പരാമര്‍ശിക്കുക പോലും ചെയ്യാതെ. സംഭവത്തിന് ഹിന്ദുക്കളും മുസ്ലിംകളും ഉത്തരവാദികളെന്ന മട്ടിലായിരുന്നു പ്രതികരണം. വളരെ തന്ത്രപരമായി ഹിന്ദുക്കളും മുസ്ലിംകളും പോരടിക്കുകയാണോ വേണ്ടത് അതോ ഒന്നിച്ചുനിന്ന് ദാരിദ്ര്യത്തെ നേരിടുകയാണോ വേണ്ടതെന്നായിരുന്നു മോദിയുടെ നിഷ്‌കളങ്ക ചോദ്യം. പ്രധാനമന്ത്രി പ്രസ്താവന നടത്തിയ ദിവസം തന്നെയാണ് ബീഫ് പാര്‍ട്ടി നടത്തിയ ജമ്മുകശ്മീരിലെ സ്വതന്ത്ര എം.എല്‍.എയെ നിയമസഭയില്‍ ബി.ജെ.പിക്കാര്‍ കൈയേറ്റം ചെയ്തത്. വേട്ടക്കാരേയും ഇരകളേയും ഒന്നായി കാണുന്ന ഫാസിസ്റ്റ് മനശാസ്ത്രമാണ് പ്രധാനമന്ത്രി ഉപയോഗിക്കുന്നത്. ബീഹാറിലെ ആദ്യ മൂന്ന് റാലികളിലും ഒന്നും പറയാതിരുന്ന മോദി അവസാന റാലിയിലാണ് പ്രതികരിച്ചത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കാന്‍ മോദി ആവശ്യപ്പെട്ടു. .ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ബഹുസ്വരതയും സഹിഷ്ണുതയും വലിച്ചെറിയരുതെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസ്താവനയുടെ അന്തസത്ത. അധികാരത്തിനുവേണ്ടിയുള്ള ചില വ്യക്തികളുടെ ആര്‍ത്തിയെ തൃപ്തിപ്പെടുത്താനുള്ള മുഖംമൂടിയായി മതത്തെ ഉപയോഗിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബഹുസ്വരതക്കും സഹിഷ്ണതക്കും നേരെയാണ് ഫാസിസം കടന്നാക്രമിക്കുന്നതെന്നും മതത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്നും മോദി മറച്ചുവെക്കുന്നു.
പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കേരളത്തിലേക്ക് വന്നാലും അവസ്ഥ വ്യത്യസ്ഥമല്ല എന്നു കാണാം. ഇവിടേയും ഓരോ സംഭവങ്ങള്‍ സൃഷ്ടിച്ച് അവയെ തങ്ങള്‍ക്കനുകൂലമായ ധ്രുവീകരണമാക്കി മാറ്റാന്‍ ഫാസിസ്റ്റുകള്‍ക്കു കഴിയുന്നു. വര്‍ഗ്ഗീയഫാസിസത്തെ തങ്ങളുടെ രാഷ്ട്രീയ ഫാസിസം കൊണ്ട് നേരിടാമെന്നു കരുതുന്ന ശക്തികളുടെ ഇടപെടല്‍ ഇവിടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കിര്‍ണ്ണമാക്കുന്നുണ്ട്. ഫാസിസത്തിനെതിരായ പ്രതിഷേധം നൈതികവും വര്‍ഗ്ഗീയധ്രുവീകരണത്തെ തടയുന്നതുമായിരിക്കണമെന്ന പ്രാഥമിക ചിന്തപോലും പലപ്പോഴും കാണുന്നില്ല.
കേരളവര്‍മ്മ കോളേജ് വിഷയം മികച്ച ഉദാഹരണമാണ്. ബീഫ് വിഷയം സജീവമായ ആദ്യഘട്ടത്തില്‍ ഓസ്മാനിയ സര്‍വ്വകലാശാലയിലാണ് ആദ്യമായി ഭീഫ് ഫെസ്റ്റിവല്‍ നടന്നത്. അതിനെ അന്ന് ഇടതുപക്ഷമടക്കം ആരും പിന്തുണച്ചില്ല. ഒരു തവണയോ രണ്ടുതവണയോ മാത്രം നടത്താവുന്ന ഒരു പ്രതിഷേധ രൂപം മാത്രമാണ് ബീപ് ഫെസ്റ്റിവല്‍. മൃഗാവകാശങ്ങള്‍ ഏറ്റവും സജീവമായി ചര്‍ച്ച ചെയ്യുന്ന കാലത്ത് രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കും ഫെസ്റ്റിവലിനും വേണ്ടി മൃഗങ്ങളെ കൊല്ലണോ എന്ന ചോദ്യം ഒന്ന്. അതിനേക്കാളുപരി ആവര്‍ത്തിച്ചുള്ള ഈ സമരരീതി വര്‍ഗ്ഗീയതയൊന്നുമില്ലാത്ത, സാധാരണ വിശ്വാസികളായ മനുഷ്യരെ പോലും പക്ഷം പിടിക്കുന്നതിലെത്തിക്കുന്നില്ലേ? അത്തരമൊരു ധ്രുവീകരമം ആരെയാണ് സഹായിക്കുക? മാത്രമല്ല, ഫാസിസത്തെ ഫാസിസം കൊണ്ട് അടിച്ചമര്‍ത്താമെന്നു കരുതുന്നതില്‍ എന്തര്‍ത്ഥം? കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളെപോലെ ചെങ്കോട്ടകളും കാവികോട്ടകളുമാണ് കേരളത്തിലെ പല വിദ്യാഭ്യാസസ്ഥാപനങ്ങളും. കേരളവര്‍മ്മയില്‍ തന്നെ ദശകങ്ങളായി എസ് എഫ് ഐ – എ ബി വി പി സംഘട്ടനമാരംഭിച്ചിട്ട്. ഇക്കുറിയും അതുണ്ടായല്ലോ. എന്തിനേറെ, ഫാസിസത്തിനെതിരെ പ്രതികരിക്കുമ്പോഴും രാഹുല്‍ ഈശ്വറിന്റെ കാറിനു നേരെ അക്രമം നടന്നല്ലോ.
പ്രബുദ്ധതയെ കുറിച്ചുള്ള ഇവരുടെ വാചാടോപങ്ങളില്‍ എന്തര്‍ത്ഥമാണുള്ളത്. ഒരു ദളിതനോ മുസ്ലിമോ അധ്യാപകരായി ഇല്ലാത്ത കലാലയമാണ് കേരളവര്‍മ്മ. ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ ദളിത് – ആദിവാസി സംഘടനകളുമായി എസ് എഫ് ഐ ഐക്യപ്പെടുമ്പോള്‍ ഇവിടെ അവരെയെല്ലാം ഐഡന്റിറ്റി പൊളിറ്റിക്‌സിന്റെ ഭാഗമായാണ് കാണുന്നത്. പ്രബുദ്ധമായ മറ്റൊരു കലാലയമെന്നു പറയപ്പെടുന്ന മഹാരാജാസില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാതായപ്പോള്‍ ആരും പ്രതികരിച്ചു കണ്ടില്ലല്ലോ.
ഫാസിസത്തിനെതിരായ സമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഇടതുപക്ഷത്തിനു കരുത്തില്ല എന്നതുതന്നെയാണ് പ്രധാനവിഷയം. വോട്ടുചോര്‍ച്ചയെ ഭയപ്പെട്ട് എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണവര്‍. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന് പ്രാധാന്യം കൊടു്കകുമ്പോള്‍ അത് സ്വാഭാവികം. ശ്രീകൃഷ്ണജയന്തി – വെള്ളാപ്പള്ളി വിവാദങ്ങള്‍ ഉദാഹരണങ്ങള്‍. ഒരു ഫാസിസത്തിന് മറ്റൊരു ഫാസിസം മറുപടിയല്ല എന്നും വിസ്മരിക്കരുത്. കഴിഞ്ഞ ദിവസം വരെ മറുപക്ഷത്തായിരുന്നവര്‍ പിറ്റേന്ന് ഈ പക്ഷത്താകുന്നതും സ്ഥാനാര്‍ത്ഥിയാകുന്നതും എന്തിന്റെ സൂചനയാണ്.
കേരളത്തിലെ എഴുത്തുകാരും ബുദ്ധിജീവികളും ഈ വിഷയങ്ങളില്‍ പ്രകടമാക്കുന്ന നിസ്സംഗതയും വിമര്‍ശിക്കപ്പെടേണ്ടതാണ്. ഭീരുത്വവും സ്ഥാനമാനങ്ങളും പുരസ്‌കാരങ്ങളുമാണ് പൊതുവിലവരെ നയിക്കുന്നത്. സാമൂഹ്യപ്രതിബദ്ധതയുണ്ടെന്നു വിശ്വസിക്കപ്പെടുന്ന എഴുത്തുകാരുടെ റോള്‍ എന്നും പ്രതിപക്ഷത്താകണമെന്നവര്‍ മറക്കുന്നു. അതിനിടയിലാണ് സാറാജോസഫിന്റേയും സച്ചിദാനന്ദന്റേയും മറ്റും ഇടപെടലുകള്‍ ചില പ്രതീക്ഷകളെങ്കിലും നല്‍കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply